കോഴിക്കോട്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകളുപയോഗപ്പെടുത്തി ചരിത്ര കാലങ്ങളില്‍ നിന്നുള്ള സെല്‍ഫി ഫോട്ടോകള്‍ നിര്‍മിച്ചിരിക്കുകയാണ് ജോ ജോണ്‍ മുള്ളൂര്‍ (Jyo John Mulloor) എന്ന കലാകാരന്‍. തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് ബി.ആര്‍.അംബേദ്കര്‍, മഹാത്മാ ഗാന്ധി എന്നിവരുള്‍പ്പെടെയുള്ള നേതാക്കളുടെ സെല്‍ഫി ചിത്രങ്ങള്‍ ജോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘പഴയ ഹാര്‍ഡ് ഡ്രൈവ് പരിശോധിച്ചപ്പോള്‍ എന്റെ സുഹൃത്തുക്കള്‍ അയച്ചുതന്ന ഭൂതകാലങ്ങളില്‍ നിന്നുള്ള അമൂല്യങ്ങളായ സെല്‍ഫികള്‍ കണ്ടുകിട്ടി,’ എന്ന തലക്കെട്ടോട് കൂടിയാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇന്റര്‍നെറ്റില്‍ തരംഗമായിരിക്കുകയാണ് ജോയുടെ ചിത്രങ്ങള്‍. നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ കലാകാരന് അഭിനന്ദനങ്ങളുമായെത്തുന്നത്.
‘എല്ലാ ചിത്രങ്ങളും മനോഹരമായിരിക്കുന്നു, ചെ, അംബേദ്കര്‍, ബോബ് എന്നിവയാണ് എന്റെ ഫേവറേറ്റ്‌സ്,’ ഒരാള്‍ ചിത്രത്തിന് കമന്റ് ചെയ്തു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സോഫ്റ്റ്‌വെയറായ മിഡ്‌ജേര്‍ണിയും (Midjourney) ഫോട്ടോഷോപ്പുമുപയോഗിച്ചാണ് താന്‍ ഈ ചിത്രങ്ങള്‍ തയ്യാറാക്കിയതെന്ന് ജോ പറയുന്നു.
സോവിയറ്റ് യൂണിയന്‍ നേതാക്കളായിരുന്ന ജോസഫ് സ്റ്റാലിന്‍, വ്‌ളാദിമര്‍ ലെനിന്‍, അമേരിക്കന്‍ മുന്‍ പ്രസിഡന്റ് എബ്രഹാം ലിങ്കണ്‍, ശാസ്ത്രജ്ഞനായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, ജമൈക്കന്‍ സംഗീതജ്ഞന്‍ ബോബ് മാര്‍ലി, കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയായ ചെ ഗുവേര, സാമൂഹ്യപ്രവര്‍ത്തകയായ മദര്‍ തെരേസ തുടങ്ങി നിരവധി പ്രശസ്തരുടെ സെല്‍ഫികളാണ് ജോ സൃഷ്ടിച്ചിരിക്കുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് സൃഷ്ടിക്കപ്പെട്ട ചിത്രങ്ങള്‍ നേരത്തെയും ഇന്റര്‍നെറ്റില്‍ തരംഗമായിരുന്നു. ജൂലിയന്‍ (julian ai art) എന്ന കലാകാരന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെയും ജര്‍മന്‍ മുന്‍ ചാന്‍സലര്‍ ആംഗെലാ മെര്‍ക്കലിന്റെയും ചിത്രങ്ങളാണ് വൈറലായത്. തങ്ങളുടെ റിട്ടയര്‍മെന്റിന് ശേഷം ഇരുവരും ഒരുമിച്ച് ബീച്ചില്‍ ചെലവഴിക്കുന്ന ചിത്രങ്ങളായിരുന്നു അത്.
Conent Hihlights: Artificial intellience use to generate Selfies from the past