ഒറിജിനലിനെ വെല്ലുന്ന ആര്‍ട്ട് ഡയറക്ഷന്‍ കൊണ്ട് നിരവധി പ്രശംസകള്‍ നേടിയ സിനിമകളായിരുന്നു കഴിഞ്ഞ മാസമിറങ്ങിയ ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയസും. ഇതുവരെ കാണാത്ത രീതിയില്‍ വരിക്കാശ്ശേരി മനയെ പ്രേക്ഷകര്‍ക്ക് കാണിച്ചു തന്ന ജ്യോതിഷ് ശങ്കറും, ഒറിജിനല്‍ ഗുണാ കേവിനെ വെല്ലുന്ന തരത്തിലുള്ള ഗുഹ പെരുമ്പാവൂരില്‍ പുനഃസൃഷ്ടിച്ച അജയന്‍ ചാലിശ്ശേരിയും മലയാള സിനിമക്ക് അഭിമാനമായി മാറിയിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ തങ്കമണി സിനിമയിലെ സെറ്റ് പ്രേക്ഷകര്‍ക്ക് ഒട്ടും സെറ്റാകാതെ പോയി.
1986ല്‍ കേരളത്തെ പിടിച്ചുകുലുക്കിയ തങ്കമണി സംഭവത്തെ ആസ്പദമാക്കിയാണ് രതീഷ് രഘുനന്ദന്‍ ഈ ചിത്രം ഒരുക്കിയത്. യഥാര്‍ത്ഥ സംഭവത്തില്‍ ഒരല്പം ഫിക്ഷനും കൂടി ഉള്‍പ്പെടുത്തിയതാണ് സിനിമയുടെ കഥ. എന്നാല്‍ കെട്ടുറപ്പില്ലാത്ത തിരക്കഥയും, നായകനടക്കം എല്ലാ ആര്‍ട്ടിസ്റ്റുകളുടെയും മോശം പ്രകടനവും തങ്കമണിയെ ഈ വര്‍ഷത്തെ ഏറ്റവും മോശം സിനിമകളിലൊന്നാക്കി മാറ്റി. ടെക്‌നിക്കല്‍ മേഖലയിലും സിനിമ അമ്പേ പരാജയമായിരുന്നു. സിനിമയില്‍ കുറച്ചു കാലത്തിനുള്ളില്‍ വന്ന മാറ്റങ്ങളെപ്പറ്റി ബോധമില്ലാത്ത ഒരുകൂട്ടം ആളുകള്‍ ചേര്‍ന്നൊരുക്കിയ സിനിമ എന്നേ തങ്കമണി കണ്ട പ്രേക്ഷകര്‍ പറയൂ.
1896, 2010 ഈ രണ്ട് കാലഘട്ടങ്ങളിലായാണ് സിനിമയുടെ കഥ നടക്കുന്നത്. പഴയ മോഡല്‍ ക്വാളിസ് കാറും നോക്കിയയുടെ കുറച്ച് പഴയ ഫോണും കൊണ്ട് 2010 നെ പുനഃസൃഷ്ടിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ 1986ലെ ഗ്രാമത്തെ സെറ്റിട്ടപ്പോള്‍ അടിമുടി കൃത്രിമത്വം മുഴച്ചുനില്‍ക്കുകയായിരുന്നു. ആളുകള്‍ക്ക് ഇരിക്കാനുള്ള കലുങ്കും, ഗ്രാമത്തിലെ കടകളും എല്ലാം പഴയാതണെന്ന് കാണിക്കാന്‍ വേണ്ടി ഉണ്ടാക്കിയതാണെന്ന് ഒറ്റനോട്ടത്തില്‍ മനസിലാകും.
സിനിമയുടെ അവസാന ഭാഗത്ത് ഹൈറേഞ്ച് സീനില്‍ കാണിക്കുന്ന മൂടല്‍മഞ്ഞ് ഗ്രാഫിക്‌സ് കൊണ്ട് സൃഷ്ടിച്ചതാണെന്ന് സിനിമയെക്കുറിച്ച് യാതൊരു അറിവുമില്ലാത്തവര്‍ക്ക് പോലും മനസിലാകും. ഇന്റര്‍വെലിന് മുമ്പുള്ള ഫൈറ്റ് സീക്വന്‍സ് കാണിക്കുന്ന ലൊക്കേഷനിലെ അറേഞ്ച്‌മെന്റുകള്‍ കാണുമ്പോള്‍ 90കളില്‍ നിന്ന് ഇതിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് വണ്ടി കിട്ടിയില്ലേ എന്ന് ചിന്തിച്ചുപോകും. അത്രക്ക് ആര്‍ട്ടിഫിഷ്യല്‍ ആയിരുന്നു അറേഞ്ച്‌മെന്റുകള്‍. പഴയകാല നസീര്‍ ജയന്‍ സിനിമകളില്‍ കാണുന്ന പോലെ തലങ്ങും വിലങ്ങും അടുക്കിവെച്ച വീപ്പകള്‍, തുറസ്സായ ഒരു റബ്ബര്‍ തോട്ടത്തില്‍ കൊണ്ടുവെച്ചത് പറ്റേ അബദ്ധം എന്നേ പറയാനാകൂ.
യാതൊരു ഹോംവര്‍ക്കുകളും ചെയ്യാതെ, സിനിമ മാറിയത് അറിയാത്ത ഒരുകൂട്ടം ആളുകള്‍ ഒന്നിച്ച് ചേര്‍ന്ന് പടച്ചുവിട്ട വികലമായ ഒരു സിനിമ എന്നേ തങ്കമണിയെ പറയാനാകൂ. കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ വന്ന് ഏറ്റവും വലിയ ദുരന്തമായി മാറിയ ബാന്ദ്രക്ക് പിന്നാലെ ദിലീപിന്റെ അടുത്ത പരാജയമായ് മാറാനാണ് തങ്കമണിയുടെ വിധി.
Content Highlight: Artificial art direction of Thankamani movie