| Tuesday, 23rd October 2018, 1:25 pm

തേജസ്: ഒരേസമയം ഭരണകൂടത്തിന്റെയും മാനേജ്മെന്റിന്റെയും ഇരകള്‍

യു.എം മുഖ്താര്‍

ഇത്തരം ഘട്ടത്തില്‍ നമ്മളാലോചിക്കേണ്ടത് എന്തുകൊണ്ടാണ് കേരളത്തില്‍ 0.1 ശതമാനം മാത്രം അംഗങ്ങളുള്ള ജമാഅത്തെ ഇസ്‌ലാമി “മാധ്യമം” പോലൊരു പൊതു സ്വീകാര്യതയുള്ള പ്രൊഫഷണല്‍ പത്രം ഇറക്കുമ്പോള്‍, സംസ്ഥാനവും കേന്ദ്രവും ഏറെക്കാലം ഭരിച്ച കോണ്‍ഗ്രസ്സിന് വീക്ഷണം പോലുള്ള തീര്‍ത്തും അണ്‍പ്രൊഫഷണലായ പത്രം പ്രസിദ്ധീകരിക്കാന്‍ മാത്രം കഴിയുന്നത് എന്നാണ്. ഉത്തരം, പത്രത്തിനുപിന്നിലുള്ള സംഘടനയുടെ വലിപ്പമല്ല മറിച്ച് മനോഭാവം ആണ് പ്രധാനം എന്നാണ്.

ശക്തമായ ഡെസ്‌കും ബ്യൂറോയും ഒപ്പം അഡ്മിനിസ്ട്രേഷനും പരസ്യവിഭാഗവും, ഈ നാലുടീമുകളെ സമര്‍ത്ഥമായി ഉപയോഗിക്കുന്ന മാനേജ്മെന്റ് ഇതാണ് ഒരുപത്രത്തിന്റെ വിജയം നിര്‍ണയിക്കുന്നത്. ഒരു ഫുട്ബോള്‍ മല്‍സരത്തില്‍ കളിക്കാരെ മികച്ച രീതിയില്‍ ഉപയോഗിക്കുന്ന തന്ത്രശാലിയായ കോച്ചിന്റെ സ്ഥാനമാണ് മാനേജ്മെന്റിനുള്ളത്. മാനേജ്മെന്റ് ദുര്‍ബലമാണെങ്കില്‍ അവര്‍ പ്രൊഫഷണല്‍ അല്ലെങ്കില്‍ ഡെസ്‌കും ബ്യൂറോയും അഡ്മിന്‍/മാര്‍ക്കറിങ് വിഭാഗങ്ങളും മികച്ചതായിട്ടും കാര്യമില്ല.

തേജസിന്റെ തുടക്കം

2006 ജനുവരിയില്‍ കോഴിക്കോട്ടു നിന്ന് പ്രസിദ്ധീകരണം തുടങ്ങുമ്പോള്‍ ഒരുകൂട്ടം പ്രൊഫഷനലുകളായിരുന്നു തേജസിന്റെ കരുത്ത്. കേരളത്തില്‍ മികച്ച 10 മാധ്യമപ്രവര്‍ത്തകരെ തെരഞ്ഞെടുത്താല്‍ അതിലൊരാളാവാന്‍ ശേഷിയുള്ള എന്‍.പി ചെക്കുട്ടിയെന്ന എക്സികുട്ടീവ് എഡിറ്ററായിരുന്നു നെടുംതൂണ്‍. 14 ബ്യൂറോകളിലും മികച്ച റിപ്പോര്‍ട്ടര്‍മാര്‍, ഡെസ്‌കില്‍ കഴിവുതെളിയിച്ച സബ് എഡിറ്റര്‍മാര്‍, അഡ്മിനിസ്ട്രേഷനിലും പരസ്യവിഭാഗത്തിലുമെല്ലാം പ്രൊഫഷനലുകളായിരുന്നു. പരസ്യങ്ങളും ഇഷ്ടംപോലെ കിട്ടി. സാങ്കേതികവിദ്യ അഭൂതപൂര്‍വമയ വളര്‍ച്ച കൈവരിച്ച ശേഷമുള്ള ആദ്യ പത്രം തേജസായിരുന്നു.

വേറിട്ട ലേ ഔട്ടും ശൈലിയും പ്രൊഫഷണലിസവും പെട്ടെന്ന് തേജസിനെ ആകര്‍ഷകമാക്കി. മുസ്‌ലിംകള്‍ക്കും ദലിതുകള്‍ക്കും സ്ത്രീകള്‍ക്കും ഏറ്റവുമധികം പ്രതിനിധ്യം കിട്ടിയ മാധ്യമതൊഴിലിടം കൂടിയായിരുന്നു തേജസ്. ഒരുവര്‍ഷം ഭംഗിയായി പോയി. അപ്പോഴേക്ക് ആദ്യം നിയമനം ലഭിച്ചവര്‍ക്ക് സ്ഥാനക്കയറ്റത്തിന്റെ സമയമായി. പല അര്‍ഹര്‍ക്കും സ്ഥാനക്കയറ്റം ലഭിക്കാതിരുന്നതോടെ കുറച്ചുപേര്‍ കൊഴിഞ്ഞുപോയി. ഒപ്പം എഡിറ്റോറില്‍ വിഭാഗത്തിന്റെ തലപ്പത്ത് സംഘടനാ നേതാക്കള്‍ വരികയും കൂടുതല്‍ ഇടപെടല്‍ തുടങ്ങുകയും ചെയ്തു. പത്രത്തിന്റെ ഗ്രാഫ് പിന്നീട് മേലേക്കു വന്നിട്ടില്ല.

പരസ്യം നിഷേധിക്കപ്പെടുന്നു

പ്രസിദ്ധീകരണം തുടങ്ങി എട്ടാംമാസം തന്നെ (2006 സപ്തംബര്‍) തേജസിന് സംസ്ഥാന സര്‍ക്കാരിന്റെ പരസ്യം ലഭിച്ചു. 2010 മെയ് 16 മുതല്‍ പരസ്യംനിലച്ചു. അടുത്തവര്‍ഷം സെപ്തംബര്‍ മുതല്‍ വീണ്ടും കിട്ടിക്കൊണ്ടിരുന്ന പരസ്യം 2012 ആഗസ്തില്‍ വീണ്ടും നിലച്ചു, പിന്നീട് എന്നന്നേക്കുമായും നിലച്ചു. പരസ്യം നിഷേധിക്കാനുണ്ടായ കാരണങ്ങള്‍ ക്രൂരമായ പരിഹാസങ്ങളായിരുന്നു.

തേജസിന്റെ കാര്യത്തില്‍ ആദ്യം പരസ്യം നിഷേധിക്കുകയും പിന്നീട് പരസ്യംനിഷേധിക്കാനുള്ള കാരണം “കണ്ടെത്തുകയും” ആണ് സര്‍ക്കാര്‍ ചെയ്തത്. തീവ്രവാദത്തെ തേജസ് പിന്തുണയ്ക്കുകയും പത്രത്തിന്റെ മറവില്‍ പോപുലര്‍ഫ്രണ്ട് മതമൗലികവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നുമായിരുന്നു സര്‍ക്കാരിന്റെ ആരോപണം.കേന്ദ്ര ആഭ്യന്തരവകുപ്പ് കേരള ആഭ്യന്തരവകുപ്പിനയച്ച കത്തിലാണ് പരസ്യം നിഷേധിക്കുന്നത് സംബന്ധിച്ച് പറയുന്നത്.

തേജസ് ദ്വൈവാരികയിലും പത്രത്തിലും മതസൗഹാര്‍ദം തകര്‍ക്കുന്ന തരത്തിലുള്ള പ്രകോപനപരമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതായി കണ്ടെത്തി എന്നു പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. “”ചില സംഘടനകളുടെ മതപരമായ അജണ്ടകള്‍ നടപ്പാക്കാനുള്ള പാന്‍ ഇസ്ലാമിക് ശൃംഖലയുടെ ഭാഗമായുള്ള പ്രസിദ്ധീകരണമാണ് തേജസ്. രാജ്യത്ത് മുസ്ലിംകളുടെ അവസ്ഥ, കശ്മീര്‍ പ്രശ്നം, ഇസ്രായേലുമായും അമേരിക്കയുമായുമുള്ള ഇന്ത്യയുടെ ബന്ധം എന്നീ വിഷയങ്ങളില്‍ പത്രം ദേശവിരുദ്ധമായ നിലപാടുകള്‍ സ്വീകരിക്കുന്നു”” എന്നും കത്തില്‍ പറയുന്നു.

“അപകടകരമായ” വാര്‍ത്തകള്‍

സര്‍ക്കാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ “തീവ്രവാദത്തെ പിന്തുണയ്ക്കുന്ന” പത്ത് വാര്‍ത്തകള്‍ അക്കമിട്ടുനിരത്തുകയും ചെയ്തു. എന്നാല്‍, ആ വാര്‍ത്തകള്‍ തെരഞ്ഞെടുത്ത രീതിയാവട്ടെ ക്രൂരമായ തമാശയായിരുന്നു. “തീവ്രവാദവാര്‍ത്തകള്‍” കണ്ടെത്താനായി ഒരുദിവസം തേജസിന്റെ തിരുവനന്തപുരം ബ്യൂറോയിലേക്ക് ഉദ്യോഗസ്ഥന്‍ വരികയും പത്ര റിപ്പോര്‍ട്ടറോട് കുറച്ചുപഴയ പത്രങ്ങള്‍ ചോദിക്കുകയും ചെയ്തു. റിപ്പോര്‍ട്ടര്‍ ആവട്ടെ അവസാനം ഇറങ്ങിയ രണ്ടുമാസത്തെ പത്രകെട്ടുകള്‍ കൊടുത്തു.

ഇതില്‍ നിന്ന് “അപകടകരമായ വാര്‍ത്തകള്‍” തെരഞ്ഞെടുത്തു കൊണ്ടുപോവുകയാണ് ഉദ്യോഗസ്ഥന്‍ ചെയ്തത്. തേജസിന് പരസ്യം നിഷേധിക്കുന്നതിലേക്കു നയിച്ച “അപകടകരമായ വാര്‍ത്തകള്‍” അടുത്തടുത്ത മാസങ്ങളിലായി എന്ന യാദൃശ്ചികത വന്നത് ഇങ്ങനെയാണ്. മറ്റുപത്രങ്ങളും നല്‍കിയ, ദേശീയമാധ്യമങ്ങളിലോ ഔദ്യോഗികവാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയിലോ വന്നതിന്റെ വിവര്‍ത്തനങ്ങളും അപകടം പിടിച്ച വാര്‍ത്തയില്‍ ഉള്‍പ്പെടും.

ലൗജിഹാദ് വിഷയത്തില്‍ വി.എച്ച്.പി ഇറക്കിയ ലഖുലേഖയെ കുറിച്ചുള്ള “പ്രകോപനം സൃഷ്ടിച്ച് വി.എച്ച്.പി ലഘുലേഖ” ലൗ ജിഹാദിനെതിരേ കെ.എം.വൈ.എഫ് കാംപയിന്‍ സംഘടിപ്പിക്കും, പാക് അണ്വായുധം സുരക്ഷിതമല്ലെന്ന യു.എസ് റിപോര്‍ട്ട് പാകിസ്താന്‍ നിഷേധിച്ചു, സാമൂഹികപ്രവര്‍ത്തകന്‍ ഹിമാന്‍ശു കുമാറിന്റെ ഛത്തീസ്ഗഡില്‍ ആദിവാസികള്‍ക്കു നേരെയുള്ള ക്രൂരതകള്‍ സംബന്ധിച്ചു നടത്തിയ പ്രസംഗം, വന്ദേമാതരം ആലപിക്കുന്നത് ഇസ്ലാമികവിരുദ്ധമാണെന്ന ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ പ്രസ്താവന, പശ്ചിമബംഗാളില്‍ ഡോക്യുമെന്ററി നിരോധിച്ചതുമായി ബന്ധപ്പെട്ട് ദി ഹിന്ദുവില്‍ വന്ന വാര്‍ത്തയുടെ വിവര്‍ത്തനം തുടങ്ങിയവയാണ് “വിധ്വംസക വാര്‍ത്താ പട്ടിക”യില്‍ ഉള്‍പ്പെട്ടത്.

അടച്ചുപൂട്ടാനുള്ള തീരുമാനം

സാധാരണ വാണിജ്യപരസ്യങ്ങള്‍ക്കു ലഭിക്കുന്നതിന്റെ എത്രയോ ഇരട്ടികുറവാണ് സര്‍ക്കാരിന്റെ പരസ്യങ്ങള്‍ക്കു ലഭിക്കാറുള്ളത്. അതിനാല്‍ ചിലവന്‍കിട പത്രങ്ങള്‍ പലപ്പോഴും സര്‍ക്കാര്‍ പരസ്യങ്ങള്‍ അവഗണിക്കാറാണ് ചെയ്യാറ്. സര്‍ക്കാര്‍ പരസ്യം കൊടുക്കുന്ന സ്പേസില്‍ വാണിജ്യപരസ്യം നല്‍കിയാല്‍ നാലിരട്ടിമുതല്‍ എട്ടിരട്ടി വരെ പണം ഉണ്ടാക്കാം. വാസ്തവം ഇങ്ങനെയായിരിക്കെ സര്‍ക്കാര്‍ പരസ്യം നിഷേധിച്ചുവെന്നത് പത്രം പൂട്ടാനുള്ള കാരണമല്ല.

തേജസിനു മുമ്പ് താഴുവീണ പത്രമാണ് വര്‍ത്തമാനം. സര്‍ക്കാര്‍ പരസ്യങ്ങളും വാണിജ്യ പരസ്യങ്ങളും ലഭിക്കാനും വര്‍ത്തമാനത്തിന് യാതൊരു തടസ്സവവും ഇല്ലായിരുന്നു. നടത്തിപ്പിലെ കെടുകാര്യസ്ഥത കൊണ്ട് മാത്രമാണ് വര്‍ത്തമാനം പൂട്ടിയത്. നേരത്തെ തേജസിന് ഗള്‍ഫ് നാടുകളിലും എഡിഷനുണ്ടായിരുന്നു. ഒന്നരവര്‍ഷം മുമ്പേ ഗള്‍ഫിലെ എഡിഷന്‍ തേജസ് പൂട്ടിയിരുന്നു. പരസ്യം ഇല്ലാത്തതാണ് അച്ചടി നിര്‍ത്തിയത് എന്ന മാനേജ്മെന്റിന്റെ ന്യായം സത്യമാണെങ്കില്‍ ഗള്‍ഫ് എഡിഷന്‍ എന്തുകൊണ്ട് പൂട്ടി എന്നതിന് മാനേജ്മെന്റ് വേറെ വിശദീകരണം നല്‍കേണ്ടിവരും.

ശമ്പളത്തില്‍ നിന്ന് നിശ്ചിത തുക ഞങ്ങള്‍ വിട്ടുനല്‍കാനും വേജ്ബോര്‍ഡ് നടപ്പാക്കുന്നത് നീട്ടുന്നതിനും തയ്യാറാണെന്നും ജീവനക്കാര്‍ അറിയിച്ചെങ്കിലും പൂട്ടാനുള്ള തീരുമാനത്തില്‍ നിന്ന് മാനേജ്മെന്റ് പിന്‍മാറിയില്ല. ജീവനക്കാര്‍ക്ക് മാന്യമായ ആനുകൂല്യങ്ങള്‍ നല്‍കുമെന്ന വാഗ്ദാനം മാത്രമാണ് മാനേജ്മെന്റ് മുന്നോട്ടുവച്ചത്. എന്നാല്‍ അതേതുവിധത്തിലാണെന്നതു സംബന്ധിച്ച് രേഖമൂലമോ വാക്കാലോ ഉള്ള ഒരു വിശദീകരണവുമില്ല.

തേജസ് അടച്ചുപൂട്ടുന്നില്ല, അച്ചടി നിര്‍ത്തുക മാത്രമാണ് ചെയ്യുന്നത്, ഓണ്‍ലൈന്‍ അപ്പടിനിലനിര്‍ത്തുമെന്നുമുള്ള പ്രഖ്യാപനങ്ങള്‍ വഞ്ചനാപരമാണ്. ഫലത്തില്‍ തേജസ് പൂട്ടുകതന്നെയാണ്. ഓണ്‍ലൈന്‍ ഇറങ്ങുന്നത് തേജസ് എന്ന പേരില്‍ തന്നെയാണെങ്കിലും അതു പുതിയ കമ്പനിയുടെ കീഴിലാണ്. പത്രത്തിലെ ചില സ്റ്റാഫുകളെ അതില്‍ നിയമിക്കുമെങ്കിലും പഴയ പ്രവര്‍ത്തിപരിചയം പോലുള്ള ഒരു ആനുകൂല്യങ്ങളും ലഭിക്കുകയുമില്ല.

പൂട്ടല്‍ തീരുമാനം രഹസ്യമാക്കിവച്ച് ജീവനക്കാരെ വഞ്ചിച്ചു

പത്രം അടച്ചുപൂട്ടാനുള്ള തീരുമാനം അവസാനം വരെ മറച്ചുവച്ചത് ജീവനക്കാരോടുള്ള കൊടും ക്രൂരതയാണ്. 20ന് കോഴിക്കോട് മീഞ്ചന്തയിലെ തേജസ് ആസ്ഥാനത്ത് മുഴുവന്‍ ജീവനക്കാരെയും വിളിച്ചുകൂട്ടിയാണ് തീരുമാനം പ്രഖ്യാപിച്ചത്. യോഗം വിളിച്ചത് അടച്ചുപൂട്ടുന്നത് പ്രഖ്യാപിക്കാനാവുമെന്ന് അഭ്യൂഹം പടര്‍ന്നെങ്കിലും തലേദിവസം വരെ പത്രം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ചുള്ള യോഗമാണ് എന്നാണ് മാനേജ്മെന്റ് അറിയിച്ചത്. എന്നാല്‍, ഡിസംബര്‍ 31ന് പത്രം അവസാന കോപ്പിയും അടിച്ച് നിര്‍ത്തുകയാണെന്ന് ഡയറക്ടര്‍ നാസറുദ്ദീന്‍ എളമരം പ്രഖ്യാപിച്ചതോടെ യോഗത്തിനെത്തിയ ജീവനക്കാര്‍ വൈദ്യുതാഘാതമേറ്റത് പോലെ ഏറെ നേരം മരവിച്ചിരുന്നുപോയി.

രണ്ടുവര്‍ഷം മുമ്പെങ്കിലും പത്രംപൂട്ടുന്നത് സംബന്ധിച്ച നടപടികള്‍ തുടങ്ങിയിട്ടുണ്ട്. മാനേജ്മെന്റിനും അഡ്മിനിസ്ട്രേഷന്‍ വിഭാഗത്തിനുമിടയിലെ കണ്ണിയായ പേഴ്സനല്‍ മാനേജറെ മാറ്റി സംഘടനക്കാരനായ പുതിയ ഡപ്യൂട്ടി ജനറല്‍ മാനേജറെ നിയമിച്ചാണ് പേപ്പര്‍ വര്‍ക്കുകള്‍ ചെയ്തുതുടങ്ങിയത്. തേജസിന്റെ ഒന്നാംനിലയിലെ കാബിനിലിരുന്ന് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഓരേ നടപടികള്‍ നീക്കുമ്പോഴും തൊട്ടടുത്ത കാബിനിലെ ജീവനക്കാരന്‍ പോലും ഇതറിഞ്ഞതുമില്ല. പൂട്ടല്‍ പ്രഖ്യാപനംകേട്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ ജീവനക്കാര്‍ പോലും മിഴിച്ചിരുന്നുപോയി.

വാര്‍ത്താസമ്മേളനം വിളിച്ചത് രണ്ടാമത്തെ ആഘാതം

പൂട്ടുന്നതിന് 68 ദിവസം മുമ്പ് പത്രസമ്മേളനം വിളിച്ചു പരസ്യമാക്കിയത് ജീവനക്കാരോടുള്ള മാനേജ്മെന്റിന്റെ രണ്ടാമത്തെ ക്രൂരതയായി. വാര്‍ത്താസമ്മേളനം വിളിക്കാതിരിക്കാന്‍ എങ്കിലും കരുണ കാട്ടണമെന്ന് ജീവനക്കാര്‍ അപേക്ഷിച്ചെങ്കിലും മാനേജ്മെന്റ് വഴങ്ങിയില്ല. മൂന്നുപേജ് വരുന്ന വാര്‍ത്താകുറിപ്പില്‍ ജീവനക്കാരെ കുറിച്ചോ അവരുടെ ഭാവിയെ കുറിച്ചോ ഒരുവരിപോലുമില്ല.

ഡിസംബര്‍ 31ന് പൂട്ടാനിരിക്കുന്ന പത്രത്തില്‍ നിന്നള്ള ഒരു മാധ്യമപ്രവര്‍ത്തകന്, അവന്‍/അവള്‍ പോവാന്‍ ആഗ്രഹിക്കുന്ന സ്ഥാപനത്തില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ക്കായി സമ്മര്‍ദ്ധംചെലുത്താനുള്ള അവസരമാണ് ഇതിലൂടെ തേജസ് മാനേജ്മെന്റ് ഇല്ലാതാക്കിയത്. മാധ്യമം പത്രം ഒരുകാലത്ത് ഒന്നിലധികം തവണ അടച്ചുപൂട്ടാന്‍ തീരുമാനിച്ച പത്രമാണ്. പൂട്ടലിന്റെ വക്കിലെത്തിയിരിക്കെ സൗദി അറേബ്യയില്‍ മലയാളം ന്യൂസ് എന്ന പത്രം ഇറങ്ങുന്നുണ്ടെന്നും താല്‍പ്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാമെന്നും മാധ്യമം മാനേജ്മെന്റ് ഡെസ്‌കില്‍ വച്ച് പ്രഖ്യാപിച്ച ചരിത്രമുണ്ട്. അതുകേട്ട് ഏതാനും ജീവനക്കാര്‍ അവിടെ പോവുകയും പിന്നീട് സാമ്പത്തികമായി നല്ലനിലയില്‍ എത്തുകയും ചെയ്തു.

അവസാന കോപ്പി അടിക്കുന്നതിന് ആറുമാസം മുമ്പെങ്കിലും ഓരോ ജീവനക്കാരെയും സ്വകാര്യമായി വിളിച്ച് പത്രം ഇനി ഏറെ കാലം ഉണ്ടാവില്ലെന്നും മികച്ച അവസരത്തിന് ശ്രമിക്കണമെന്നും പറഞ്ഞിരുന്നുവെങ്കില്‍ ജീവനക്കാരുടെ ഇപ്പോഴത്തെ ആഘാതം കുറയ്ക്കാനെങ്കിലും കഴിയുമായിരുന്നു. അത്തരത്തില്‍ മാന്യമായി പുനരധിവാസത്തിനുള്ള സമയവും സൗകര്യവും ജീവനക്കാര്‍ക്കു നല്‍കുന്നതിനു പകരം, അവസാന കാലത്ത് മറ്റുസ്ഥാപനങ്ങളിലേക്ക് പോവുന്ന ജീവനക്കാരെ മാനേജ്മെന്റ് തടയുകയും ചെയ്തു.

അടുത്തിടെ തുടങ്ങിയ തല്‍സമയം എന്ന പത്രത്തില്‍ രണ്ടുജീവനക്കാര്‍ക്ക് നിയമനം ലഭിച്ചെങ്കിലും തേജസ് മാനേജ്മെന്റ് തല്‍സമയം പത്രാധിപരെ വിളിച്ച് ഞങ്ങളുടെ ആളുകളെ എടുക്കരുത് നിങ്ങള്‍ വേറെ ആളുകളെ എടുക്കൂവന്ന് പറയുകയാണ് ചെയ്തത്. ജോലിനഷ്ടമായ മാധ്യമപ്രവര്‍ത്തകന്‍, കഴിഞ്ഞദിവസത്തെ ജീവനക്കാരുടെ യോഗത്തില്‍ മാനേജ്മെന്റിന്റെ ഈ ക്രൂരമായ നടപടി ചോദ്യംചെയ്തെങ്കിലും കൃത്യമായ ഉത്തരം ലഭിച്ചില്ല. വണ്‍ ഇന്ത്യ, സുപ്രഭാതം തുടങ്ങിയ സ്ഥാപനങ്ങളിലെ മേധാവികളെ വിളിച്ച് ഇനി ഞങ്ങളുടെ ജീവനക്കാരെ എടുക്കരുതെന്ന് തേജസ് മാനേജ്മെന്റ് ആവശ്യപ്പെടുകയുംചെയ്തു. അപ്പോഴൊക്കെയും ഒരുഭാഗത്ത് പത്രം പൂട്ടാനുള്ള നടപടിക്രമങ്ങള്‍ മുന്നോട്ടുകൊണ്ടുപോവുകയും ചെയ്തിരുന്നു.

“ഇര”പരിവേശത്തില്‍ അഭിരമിക്കുന്ന മാനേജ്മെന്റ്

പലകാരണങ്ങളാല്‍ അനിവാര്യമായ പതനത്തിലെത്തിയ തേജസ്, ഭരണകൂടം പരസ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് അടച്ചുപൂട്ടേണ്ടിവന്ന “ഇര” പരിവേശം സ്വയം എടുത്തണിയുകയാണ് ചെയ്തത്. അടച്ചുപൂട്ടലിന് പരസ്യനിഷേധം പോലെ തന്നെ കെടുകാര്യസ്ഥത മറ്റൊരു പ്രധാനകാരണമാണ്. തേജസ് തുടങ്ങി രണ്ടാംവര്‍ഷം പത്രത്തിലുണ്ടായിരുന്ന സംഘടനാ പ്രവര്‍ത്തകരല്ലാത്ത ജീവനക്കാര്‍ കൊഴിഞ്ഞുപോയി തുടങ്ങുകയും പത്രത്തിന്റെ ദൈനംദിനപ്രവര്‍ത്തനങ്ങളില്‍ സംഘടന പിടിമുറുക്കിവരികയും ചെയ്തതോടെ പതനം അനിവാര്യമാവുകയായിരുന്നു.

മുഴുസമയ ഊര്‍ജ്ജംചെലവഴിക്കേണ്ട മേഖലയാണ് പത്രം. എന്നാല്‍ സംഘടനയുടെ ദൈനംദിന കാര്യങ്ങളില്‍ സജീവമായി ഇടപെടുന്ന ശരാശരിക്കാരായ ആളുകളെ പത്രത്തിന്റെ പ്രധാന തസ്‌കിതയില്‍ ഇരുത്തി സ്വയം കുഴിതോണ്ടുകയായിരുന്നു തേജസ്. ഇരുന്ന ഇരിപ്പില്‍ ഒരാള്‍ തന്നെ പത്രത്തിലേക്ക് എഡിറ്റോറിയലും സംഘടനയുടെ വാര്‍ത്താകുറിപ്പും തയ്യാറാക്കുന്ന അവസ്ഥയുടെ സ്വാഭാവിക പരിണാമം. ഇത്തരത്തില്‍ യാതൊരു കഴിവുമില്ലാത്തവരെ ചുമതലപ്പെടുത്തിയതിനെത്തുടര്‍ന്നാണ് തേജസിന് ഗള്‍ഫ് എഡിഷന്‍ പൂട്ടേണ്ടിവന്നത്.

ഗള്‍ഫിലെ പത്രനടത്തിപ്പുകാരുടെ കഴിവുകേട് കാരണം ഇവിടെ നിന്ന് അങ്ങോട്ട് പണം കൊടുക്കേണ്ട അവസ്ഥവരെയുണ്ടായി. ഇത്തരം യാഥാര്‍ത്ഥ്യങ്ങളെല്ലാം മറച്ചുവച്ച് ഇരയുടെ കുപ്പായമണിഞ്ഞ് വാര്‍ത്താസമമ്മേളനം അവസാനിപ്പിച്ചതോടെ “ശഹീദ് തേജസ്” എന്ന് പ്രവര്‍ത്തകര്‍ കാംപയിനും തുടങ്ങി. മുതിര്‍ന്ന ജീവനക്കാരന്‍ പറഞ്ഞതാണ് ശരി, അവര്‍ക്ക് ഇരവാദം നടത്താന്‍ ഒരുവിഷയം കൂടി കിട്ടി.

യു.എം മുഖ്താര്‍

2006 മുതല്‍ 2014 വരെ തേജസില്‍ ജോലി ചെയ്തിരുന്ന ലേഖകന്‍ നിലവില്‍ സുപ്രഭാതം പത്രത്തിന്റെ ഡല്‍ഹി ബ്യൂറോ ചീഫാണ്

We use cookies to give you the best possible experience. Learn more