| Saturday, 23rd February 2019, 8:54 pm

പാകിസ്ഥാനും സൗദിയും പിന്നെ ഇന്ത്യയും

നാസിറുദ്ദീന്‍

1947 ആഗസ്റ്റ് 11, അതായത് പാകിസ്ഥാന്‍ ഉണ്ടാവുന്നതിന്റെ മൂന്ന് ദിവസം മുമ്പ്, മുഹമ്മദലി ജിന്ന കറാച്ചിയിലെ ഭരണഘടനാ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തില്‍ ഇങ്ങനെ പറഞ്ഞു,

“നിങ്ങള്‍ സ്വതന്ത്രരാണ്. നിങ്ങള്‍ക്ക് അമ്പലത്തില്‍ പോകാനുള്ള സ്വതന്ത്രമുണ്ട്. നിങ്ങള്‍ക്ക് പള്ളിയില്‍ പോകാനോ അല്ലെങ്കില്‍ മറ്റ് ഏതെങ്കിലും രീതിയിലുള്ള ആരാധനാലയത്തില്‍ പോകാനോ ഉള്ള സ്വാതന്ത്രം പാക്കിസ്ഥാന്‍ എന്ന ഈ രാജ്യത്തുണ്ട്. നിങ്ങള്‍ ഏതെങ്കിലും മതത്തിലോ ജാതിയിലോ വിഭാഗത്തിലോ പെട്ടവരാവാം – അതിന് ഒരു സ്റ്റേറ്റിന്റെ വ്യവഹാരവുമായി ഒരു ബന്ധവുമില്ല”

ജിന്ന വിഭാവനം ചെയ്ത രാജ്യ സങ്കല്‍പത്തില്‍ മതത്തിന്റെ സ്ഥാനം എന്താണെന്ന് ഇതില്‍ നിന്ന് വ്യക്തമാണ് (കൗതുകകരമായ കാര്യം ജിന്നയുടെ മറ്റെല്ലാ പ്രസംഗങ്ങളുടെയും ശബ്ദരൂപം പാകിസ്ഥാന്‍ റേഡിയോ ശേഖരത്തില്‍ ഉണ്ടെങ്കിലും ഇത് മാത്രം ഇല്ല, ഔദ്യോഗിക രേഖകളില്‍ പ്രസംഗം ഉണ്ടെങ്കിലും). അതിലത്ഭതമില്ല. ജിന്ന എന്ന വ്യക്തിയെ മതം ഒരു നിലക്കും സ്വാധീനിച്ചിരുന്നില്ല. നമസ്‌കരിക്കാത്ത, മദ്യപിക്കുന്ന, പാശ്ചാത്യ വേഷ ഭൂഷാദികളോടും ജീവിതത്തോടും കടുത്ത പ്രതിപത്തി പുലര്‍ത്തിയ ആളായിരുന്നു ജിന്ന. ലാഹോറില്‍ വെച്ച് 1940 ല്‍ പാകിസ്ഥാന്‍ രൂപികരണമെന്ന ആശയം അവതരിപ്പിച്ച പ്രസംഗത്തില്‍ സദസ്യര്‍ വലിയ തോതില്‍ ഉറുദുവിനായി മുറവിളി കൂട്ടിയപ്പോഴും ജിന്ന ഇംഗ്ലീഷില്‍ പ്രസംഗം തുടര്‍ന്നു.

ജിന്നയുടെ വ്യക്തി ജീവിതത്തില്‍ മാത്രമല്ല രാജ്യത്തെ സംബന്ധിച്ച വീക്ഷണത്തിലും മതത്തിന് പരിമിതമായ സ്ഥാനങ്ങളേ ഉണ്ടായിരുന്നുള്ളൂവെന്നത് യാഥാര്‍ത്ഥ്യം. താന്‍ അധികാരത്തില്‍ നിന്ന് പൂര്‍ണമായി മാറ്റപ്പെടുമെന്ന ഘട്ടത്തിലാണ് ജിന്ന മതത്തെ കൂട്ടു പിടിച്ച് വിഭജന വാദമുന്നയിക്കുന്നതും പിന്നീട് രാജ്യം സ്ഥാപിക്കുന്നതും. ജിന്നയും പിന്നീട് വന്ന സൈനിക ഭരണാധികാരികളും പലപ്പോഴും മാതൃകയായി കണ്ടതും മുസ്തഫാ അതാ തുര്‍ക്കിന്റെ തുര്‍ക്കിയും ഹബീബ് ബുര്‍ഗൈബയുടെ ടുണീഷ്യയും ഷായുടെ ഇറാനുമെല്ലാമായിരുന്നുവെന്ന് ഐജാസ് അഹമ്മദിനെ പോലുള്ള പലരും നിരീക്ഷിച്ചിട്ടുണ്ട്. ഇവര്‍ വ്യക്തി ജീവിതത്തില്‍ മതരഹിത ജീവിതം നയിക്കുന്നവരായിരുന്നുവെന്ന് മാത്രമല്ല, തങ്ങളുടെ രാജ്യങ്ങളില്‍ മതത്തിന്റെ സ്വാധീനം പരമാവധി ഇല്ലാതാക്കാന്‍ ശ്രമിച്ച തീവ്ര മതേതര വാദികളുമായിരുന്നു.

പാശ്ചാത്യ മാതൃകയിലുള്ള ആധുനികവല്‍ക്കരണമാണ് രാജ്യപുരോഗതിക്കുള്ള ഒറ്റമൂലിയെന്നതായിരുന്നു ഇവരുടെ ലോകവീക്ഷണത്തിന്റെ മര്‍മ്മം. ഇത് പലപ്പോഴും കടുത്ത സാമ്പത്തിക അസമത്വമുണ്ടാക്കുകയും അതുവഴി ഭാവിയിലെ അതീവ ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് വിത്ത് പാകുകയും ചെയ്തു. അതിഭീകരമായ സാമ്പത്തിക അസമത്വവും വിദേശ മൂലധന ശക്തികളുടെ നിര്‍ബാധ ഇടപെടലും മുഖമുദ്രയാക്കിയ അസന്തുലിത “വികസനം” ആയിരുന്നു അയൂബ് ഖാന്‍ ഭരണത്തിന്റെ സവിശേഷത. വിദേശ മൂലധനത്തെ മാത്രം ആശ്രയിച്ചുള്ള അയ്യൂബ് ഖാന്റെ വികസനം അതിസമ്പന്നരെ ആകാശത്തോളം ഉയര്‍ത്തി, ദരിദ്രരെ പടുകുഴിയിലാക്കി. രാജ്യത്തെ വ്യവസായ മേഖലയുടെ മൂന്നില്‍ രണ്ട് ഭാഗവും ബാങ്കിംഗ് മേഖലയുടെ നാലില്‍ മൂന്ന് ഭാഗവും വെറും 20 കുടുംബങ്ങളുടെ കയ്യിലായി ! ഈ അസന്തുലിത വികസനത്തിന്റെ ഇരയായ ബംഗ്ലാദേശ് അവസരം മുതലെടുത്ത ഇന്ത്യയുടെ പിന്തുണയോടെ വേറിട്ട് പോയി.

ബംഗ്ലാദേശ് യുദ്ധത്തിലെ സമഗ്ര പരാജയവും രാജ്യം പകുതിയായി ചുരുങ്ങിയതും പാക് നേതൃത്വത്തെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. സാമ്പത്തിക, സാമൂഹിക, മത ഘടകങ്ങള്‍ പാകിസ്ഥാനെ പെട്രോ ഡോളറിനോട് കൂടുതല്‍ അടുപ്പിച്ചു. ഇസ്രായേലുമായുള്ള യുദ്ധത്തിലെ പരാജയവും മറ്റുമായി ജമാല്‍ അബ്ദുല്‍ നാസര്‍ പ്രതിനിധാനം ചെയ്ത അറബ് ദേശീയത വന്‍ തിരിച്ചടി നേരിട്ടതാണെങ്കില്‍ സൗദി നേതൃത്വത്തിലുള്ള രാജ ഭരണ കൂടങ്ങളെ അറബ്, മുസ്‌ലിം ലോകത്തെ അവശേഷിക്കുന്ന ശക്തിയാക്കി.

അറബ് ലോകം എന്നാല്‍ ഫലത്തില്‍ സൗദിയുടെ നേതൃത്വത്തിലുള്ള രാജഭരണങ്ങളിലൂടെ അടയാളപ്പെടുത്താന്‍ തുടങ്ങി. പാക് നേതാക്കളും ഈ മാറ്റമുള്‍ക്കൊണ്ടു. സുള്‍ഫിക്കറലി ഭൂട്ടോയെന്ന ആധുനികതയുടേയും മതേതരത്വത്തിന്റെയും അല്‍പ സ്വല്‍പം ഇടത് ചായ്വിന്റെയും പേരില്‍ അറിയപ്പെട്ടിരുന്ന പാക് പ്രസിഡന്റ് വഹാബി ആശയങ്ങളുടെ കാവലാള്‍മാരായ അല്‍ സഊദുമായി പ്രത്യേക ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചു. അതും ഫൈസല്‍ രാജാവെന്ന താരതമ്യേന കൂടുതല്‍ വഹാബി, ഇസ്‌ലാമിസ്റ്റ് ആശയങ്ങളോട് അടുത്ത സൗദി ഭരണാധികാരിയുടെ കാലഘട്ടത്തില്‍. അതിന്റെ പ്രാരംഭ ഘട്ടം മുതല്‍ തന്നെ പാകിസ്ഥാന്‍ സൗദിയുമായി നല്ല ബന്ധം സ്ഥാപിച്ചിരുന്നെങ്കിലും ബംഗ്ലാദേശ് യുദ്ധാനന്തരം ഇത് കൂടുതല്‍ ശക്തമായി. ബംഗ്ലാദേശ് യുദ്ധം പാക് ഭരണാധികാരികളുടെ ആഭ്യന്തര, വൈദേശിക നയങ്ങളെ അടിസ്ഥാനപരമായി മാറ്റിയതായി ഐജാസ് അഹമ്മദിനെ പോലുള്ളവര്‍ വിലയിരുത്തുന്ന ഈ സാഹചര്യം പ്രധാനമാണ്.

പാക്-സൗദി ബന്ധം ഇരുകൂട്ടരും പരമപ്രധാനമായി കണ്ടതായിരുന്നു. 77 തൊട്ട് 2001 വരെയുള്ള 35 വര്‍ഷക്കാലം നിര്‍ണായകമായ സൗദി ഇന്റലിജന്‍സിന്റെ മേധാവിയും പിന്നീട് അമേരിക്കയിലെ സൗദി അമ്പാസിഡര്‍ അടക്കമുള്ള വിദേശകാര്യത്തിലും നിര്‍ണായക പദവികള്‍ വഹിച്ചയാളാണ് ഫൈസല്‍ രാജാവിന്റെ മകനായ തുര്‍കി ബിന്‍ ഫൈസല്‍. അദ്ദേഹം ഒരിക്കല്‍ അഭിപ്രായപ്പെട്ടത് “ഒരു പക്ഷേ ലോകത്ത് രണ്ട് രാജ്യങ്ങള്‍ക്കിടയിലുള്ള ഏറ്റവും മികച്ച ബന്ധങ്ങളിലൊന്ന് ” എന്നായിരുന്നു. അതില്‍ തീര്‍ച്ചയായും ശരിയുണ്ട്. കാരണം ആ ബന്ധം പരസ്പരാശ്രിതത്വത്തിന്റേതാണ്.

പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം സൗദി നല്‍കുന്ന സാമ്പത്തിക സഹായങ്ങളും പെട്രോള്‍, വ്യാപാര കരാറുകളും വലിയൊരു ആശ്വാസമാണ്. തിരിച്ച് മുസ്ലിം ലോകത്തെ ഒരേയൊരു ആണവായുധ ശക്തിയും പ്രൊഫഷണല്‍ ആര്‍മിയുമായ പാകിസ്ഥാനെ സൗദി തങ്ങളുടെ സുരക്ഷാ താല്‍പര്യങ്ങളുടെ സംരക്ഷണാര്‍ത്ഥം ഏറെ പരിഗണനയോടെ കാണുന്നു. പാക് സൈന്യവും സൗദി സൈന്യവുമായി അടുത്ത ബന്ധമുണ്ട്. അതില്‍ പരിശീലനവും പാക് ആയുധങ്ങളുടെ വമ്പിച്ച ഇടപാടുകളും നേരിട്ടുള്ള സൈനിക നടപടികളുമെല്ലാം ഉള്‍പ്പെടും. യമനുമായുള്ള സൗദി അതിര്‍ത്തി സംരക്ഷിക്കുന്നതില്‍ 60 കള്‍ക്ക് ശേഷം പാക് സൈന്യത്തിന്റെ സജീവ ഇടപെടലുകളുണ്ട്. ദേശീയ അസംബ്ലിയില്‍ വെച്ച ഔദ്യോഗിക റിപ്പോര്‍ട്ട് ഉദ്ധരിച്ച് “ഡോണ്‍” പത്രം പറയുന്നത് സൗദിയാണ് പാക് ആയുധങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താവെന്നാണ്. ഇറാന്‍-ഇറാഖ് യുദ്ധ സമയത്തും സൗദി അതിര്‍ത്തിയില്‍ പാക് സൈന്യത്തെ വിന്യസിച്ചിരുന്നു. 1200 ലധികം പാക് സൈനികര്‍ സൗദി സേനയെ പരിശീലിപ്പിക്കാനായി സൗദിയിലുണ്ടെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്.

ഭൂട്ടോക്ക് ശേഷം വന്ന സിയാഉല്‍ ഹഖ് ഈ ബന്ധം കൂടുതല്‍ ശക്തമായി തുടര്‍ന്നു. ബംഗ്ലാദേശ് യുദ്ധത്തിലെ പരാജയത്തിന്റെ മറ്റൊരു ഫലം പാക് നേതാക്കള്‍ ( സൈന്യമുള്‍പ്പെടെ) തങ്ങള്‍ക്ക് ഭീഷണി ആയേക്കാവുന്ന രണ്ട് രാജ്യങ്ങളെ എങ്ങനെ നേരിടണമെന്ന കാര്യത്തിലെടുത്ത സമീപനമാണ്. ഇന്ത്യയുടെയും അഫ്ഗാന്റെയും ആഭ്യന്തര കാര്യത്തില്‍ കൂടുതല്‍ ശക്തമായി ഇടപെടാനുള്ള നീക്കങ്ങളാരംഭിച്ചു. അഫ്ഗാനില്‍ ആദ്യം ഗില്‍ബുദ്ധീന്‍ ഹിക്മത്യാറെ പോലുള്ളവരെയും പിന്നീട് താലിബാനെയും ഉപയോഗിച്ചു. ഇന്ത്യയിലാണെങ്കില്‍ പഞ്ചാബ്, കാശ്മീര്‍ വിഘടനവാദങ്ങളെ നേരിട്ട് നിയന്ത്രിച്ചു. സമാന്തരമായി സൈന്യത്തേയും ഐ.എസ്.ഐ യും കൂടുതല്‍ കരുത്തുറ്റതാക്കി. ജനാധിപത്യം പേരിലും സൈന്യാധിപത്യം ഫലത്തിലും ആയതിനാല്‍ സൈനിക താല്‍പര്യങ്ങള്‍ക്കനുസരിച്ച് മാത്രം രാജ്യം നീങ്ങി. അഫ്ഗാന്‍ പ്രശ്‌നത്തിലൂടെ സി.ഐ.എ- ഐ.എസ്.ഐ – സൗദി അച്ചു തണ്ട് രൂപപ്പെട്ടു വന്നു. സുള്‍ഫിക്കര്‍ അലി ഭൂട്ടോക്ക് സൗദിയുമായുള്ള ബന്ധം കൂടുതലും പ്രായോഗിക രാഷ്ട്രീയ, നയതന്ത്ര ബന്ധങ്ങളുടെ ഭാഗമായിരുന്നെങ്കില്‍ സിയക്കത് മതപരം കൂടിയായിരുന്നു. സൗദി പണവും അമേരിക്കന്‍ താല്‍പര്യവും പാക് സൈന്യവുമെല്ലാം ചേര്‍ന്ന് ഫലത്തില്‍ മേഖലയെ തീവ്ര മതാശയക്കളുടെ വിളനിലമാക്കി മാറ്റി. അങ്ങേയറ്റം അപകടകരമായ ഈ കളി പിന്നീടുള്ള പതിറ്റാണ്ടുകളില്‍ പാകിസ്ഥാനെ തകര്‍ത്തു. അതിന്റെ ദുരന്ത ഫലങ്ങള്‍ ഇപ്പോഴും അനുഭവിക്കുന്നു.

ഈ സാഹചര്യത്തിലാണ് ഇമ്രാന്‍ ഖാന്‍ ഭരണത്തിലേറുന്നത്. സ്വാര്‍ത്ഥ അഴിമതി താല്‍പര്യങ്ങളില്‍ നിന്ന് മുക്തമാണെന്നതാണ് ഇമ്രാനെ മറ്റുള്ള പല പിന്‍ഗാമികളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. വലിയ സൈദ്ധാന്തികാടിത്തറയോ ദീര്‍ഘ വീക്ഷണമോ ഇല്ലാത്തത് കൊണ്ട് താല്‍ക്കാലിക പരിഹാരങ്ങളിലും തന്ത്രങ്ങളിലുമാണ് താല്‍പര്യം. സൈനിക ഭരണമല്ലെങ്കിലും സൈന്യത്തിന്റെ താല്‍പര്യം പൂര്‍ണമായി സംരക്ഷിച്ചു കൊണ്ടാണ് നീങ്ങുന്നത്. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്ക് താല്‍ക്കാലികാശ്വാസമാവാനെങ്കിലും സൗദി സാമ്പത്തിക സഹായത്തിന് സാധിക്കുമെന്നാണ് കണക്ക് കൂട്ടല്‍. കേവല “സഹായം” എന്നതിലുപരിയായി പക്വവും സ്ഥാപനവല്‍ക്കരിക്കപ്പെട്ടതുമായ “തന്ത്രപരമായ ബന്ധം” എന്ന നിലക്ക് പാക്- സൗദി ബന്ധം വികസിച്ചു കഴിഞ്ഞതായി പാക്- സൗദി ബന്ധത്തെ ആഴത്തില്‍ വിശകലനം ചെയ്യുന്ന കമാല്‍ ആലം വിലയിരുത്തുന്നുണ്ട്. ഇപ്പോള്‍ ഒപ്പു വച്ച വ്യാപാര കരാറുകള്‍ അതിന്റെ സൂചനകളാണ്. 20 ബില്യന്‍ ഡോളറിനടുത്താണ് കരാറുകളുടെ വ്യാപ്തിയെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചൈന-പാക് വ്യാപാര ഇടനാഴി പദ്ധതികളില്‍ സൗദി കൂടി പങ്കാളിയാവുമെന്ന് പാകിസ്ഥാനിലെ സൗദി അമ്പാസിഡറും പറഞ്ഞിട്ടുണ്ട്.

മുഹമ്മദ് ബിന്‍ സല്‍മാനെ സംബന്ധിച്ചിടത്തോളം പാക് ബന്ധവും സന്ദര്‍ശനവും അതീവ പ്രാധാന്യമുള്ളതായിരുന്നു. ഓരോ നിമിഷവും അധികാരമോ ജീവനോ നഷ്ടപ്പെടുമോയെന്ന ഭീതിയില്‍ കഴിയുന്ന അല്‍ സഊദ് ഭരണാധികാരികളുടെ പരമ്പരാഗത പിടിവള്ളിയായ പാകിസ്ഥാന്‍ (സൈന്യം) മാത്രമല്ല മുഹമ്മദിന് ഈ ബന്ധം. ഖഷോഗ്ജി ബന്ധവും യമന്‍ യുദ്ധവും വഴി വലിയ തോതില്‍ പാശ്ചാത്യ ലോകത്ത് നഷ്ടപ്പെട്ട സ്വീകാര്യതക്ക് പകരം വെക്കാന്‍ പുതിയ തുറകള്‍ തേടേണ്ടതുണ്ട്. വന്‍ സൈനിക ശേഷിയും കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഒരേ പോലെ അനുഭവിക്കുന്ന പാകിസ്ഥാന്‍ ഈ ബദലുകളില്‍ നിര്‍ണായകമാണ്. പാക്കിസ്ഥാന്‍ ഒരു നിലക്കും ഖത്തര്‍-ഇറാന്‍ പക്ഷത്തേക്ക് ചായാതെ നോക്കേണ്ടതും അനിവാര്യമാണ്.

മുഹമ്മദിന്റെ നഷ്ടപ്പെട്ട ഇമേജ് തിരിച്ച് പിടിക്കാനുള്ള കൃത്യമായ പി.ആര്‍ ഓപറേഷന്‍ കൂടിയായിരുന്നു സന്ദര്‍ശനം. വന്‍ താരപരിവേഷത്തോടെ സ്വീകരിച്ചാനയിച്ച മുഹമ്മദിന് മറ്റൊര് നേതാവിനും കിട്ടാത്ത സ്വീകരണമാണ് കിട്ടിയത്. തലസ്ഥാന നഗരിയില്‍ അവധി പ്രഖ്യാപിക്കാനും രാജ്യം കണ്ടിട്ടില്ലാത്ത രീതിയിലുള്ള സുരക്ഷ ഒരുക്കാനും പാകിസ്ഥാന്‍ തയ്യാറായി (ചെലവായ കാശ് സൗദി കൊടുക്കുമെന്ന് പറഞ്ഞത് മറ്റൊരു തമാശ). പ്രോട്ടോകോള്‍ തെറ്റിച്ച് ഇമ്രാന്‍ നേരിട്ട് ഡ്രൈവ് ചെയ്താണ് മുഹമ്മദിനെ ഔദ്യോഗിക വസതിയിലേക്ക് കൊണ്ട് പോയത്. സൗദിയിലെ പാക് പ്രവാസികളുടെ കാര്യം ഇമ്രാന്‍ “വികാര ഭരിതനായി” സൂചിപ്പിച്ചപ്പോള്‍ ” ഞാന്‍ പാകിസ്ഥാന്റെ റിയാദിലെ അമ്പാസഡറെന്ന നിലയില്‍ സാധ്യമായ പരിഹാരം കാണും”” എന്നായിരുന്നു മുഹമ്മദിന്റെ മറുപടി.

അതി സങ്കീര്‍ണമായ മേഖലയില്‍ കൃത്യമായ ബാലന്‍സിംഗിന്റെ നയതന്ത്രമാണ് ഇംറാനും സൈന്യവും പയറ്റാന്‍ നോക്കുന്നത്. ചൈനയുമായി വ്യാപാര, നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുമ്പോള്‍ പകരമായി ഉയിഗൂര്‍ മുസ്‌ലീങ്ങള്‍ക്ക് നേരെയുള്ള കൊടിയ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് നേരെ കണ്ണടക്കുന്നു. സൗദിയുമായുള്ള സാമ്പത്തിക, വ്യാപാര ബന്ധത്തിന് പകരമായി സൈനിക സഹായം നല്‍കുകയും ഖഷോഗ്ജി, യമന്‍ വധം പോലുള്ള വിഷയങ്ങള്‍ അവഗണിച്ച് മുഹമ്മദിന് സ്തുതി പാടുകയും ചെയ്യുന്നു. ആയിരം കിലോമീറ്ററോളം അതിര്‍ത്തി പങ്കിടുന്ന ഇറാനുമായി ഉടക്കാതിരിക്കാന്‍ സൗദി-ഇറാന്‍ പ്രശ്‌നത്തില്‍ നിഷ്പക്ഷ നിലപാടെടുക്കുന്നു. ഖത്തര്‍ പ്രശ്‌നത്തിലും അങ്ങനെ തന്നെ. യമനിലെ സഖ്യസേനയുടെ ഭാഗമാവാനുള്ള ക്ഷണം നിരസിച്ചെങ്കിലും സൗദിക്കകത്ത് യമന്‍ അതിര്‍ത്തി കാക്കുന്നു.

ഈ കറകളഞ്ഞ പ്രായോഗിക നയതന്ത്രമാണ് ഇംറാനും സൈന്യവും വിഭാവനം ചെയ്യുന്നത്. സൈനിക മേധാവികള്‍ നിരന്തരമായി ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും പാക്കേജിന്റെ ഭാഗമായ സൈനിക ബന്ധങ്ങള്‍ ഉറപ്പിക്കുകയും ചെയ്യുന്നുണ്ട്. അഫ്ഗാനിലാണെങ്കില്‍ താലിബാനുമായി നിര്‍ണായക ചര്‍ച്ച നടക്കുന്ന അവസരത്തില്‍ അമേരിക്കക്ക് പാകിസ്ഥാനെ അനിവാര്യമാണ്. പക്കിസ്ഥാനെ മാറ്റി നിര്‍ത്തുന്ന ഏതെങ്കിലും ഒരു പരിഹാരം അഫ്ഗാനില്‍ സാധ്യമല്ല. ഈ സാഹചര്യത്തില്‍ കാശ്മീര്‍ പ്രശ്‌നത്തിന്റെ പേരില്‍ ഇന്ത്യ പാകിസ്ഥാനെതിരെ എന്തെങ്കിലും കനത്ത നടപടിക്ക് മുതിരുമെന്ന് പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല. പെട്രോ ഡോളര്‍ എന്ന കെടാന്‍ പോവുന്ന തീ ആളിക്കത്തിക്കാന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ നോക്കുമ്പോള്‍ അതില്‍ നിന്ന് കിട്ടുന്നതെടുക്കാനാണ് ഇമ്രാന്റെ ശ്രമം.

നാസിറുദ്ദീന്‍

Latest Stories

We use cookies to give you the best possible experience. Learn more