ലോക്സഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയ ഫാസിസ്റ്റു ശക്തികള്‍ വീണ്ടും അധികാരത്തില്‍ വരാതിരിക്കാന്‍ കോണ്‍ഗ്രസിനു വോട്ടു ചെയ്യണമെന്ന് പരോക്ഷമായി ആഹ്വാനം ചെയ്ത ഇമാമുമാരൊക്കെ ഇപ്പോള്‍ മുസ്‌ലീങ്ങളുടെ സുരക്ഷയേക്കുറിച്ച് വേവലാതിപ്പെട്ട് കൂട്ടപ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കുകയാണ്.
റമദാന്‍ നോമ്പുകാലമായതിനാല്‍ ഇപ്പോള്‍ എല്ലാ ദിവസവും അതിന് അവസരമുണ്ട്. പ്രത്യേക നോമ്പുകാല ഉദ്ബോധനങ്ങളിലൊക്കെ തെരഞ്ഞെടുപ്പു ഫലത്തിനു ശേഷം രാജ്യത്തിന്റെ സ്ഥിതി എന്ത് എന്നത് കടന്നുവരുന്നു. നോമ്പ് തുടങ്ങിയ ശേഷമാണ് തെരഞ്ഞെടുപ്പു ഫലം വന്നത്. ‘ജനങ്ങളോടു വിവേചനം കാണിക്കാത്ത ഭരണാധികാരികളെ നല്‍കി അനുഗ്രഹിക്കേണമേ’ എന്ന മുന്‍ പ്രാര്‍ത്ഥന, ഫലം വന്നതോടെ ‘ ഭരണാധികാരികള്‍ക്ക് സല്‍ബുദ്ധി കൊടുക്കേണമേ’ എന്നും ‘ജനങ്ങളോടു വിവേചനം കാണിക്കുകയും അക്രമികളെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്താല്‍ അവരെ നീ ശിക്ഷിക്കണേ നാഥാ’ എന്ന തരത്തിലുമായി മാറിയിട്ടുണ്ട്.
മോദിഭരണത്തിന്റെ രണ്ടാം വരവില്‍ മുസ്ലീങ്ങളാകെ ഭയത്തിലായിരിക്കുന്നു എന്നാണ് ഈ പ്രാര്‍ത്ഥനകളിലൂടെ ഇവര്‍ ചൂണ്ടിക്കാണിക്കാന്‍ ശ്രമിക്കുന്നത്. പക്ഷേ, സമുദായം പ്രാര്‍ത്ഥനയ്ക്ക് ഒപ്പം നിന്ന് ആമീന്‍ പറയുന്നു എന്നല്ലാതെ ഈ പേടിവാദം അതേവിധം പങ്കുവയ്ക്കുന്നില്ല. നോക്കാം, വരട്ടെ, സ്വന്തം രാജ്യത്തു നിന്ന് ഓടിപ്പോകാന്‍ സാധിക്കില്ലല്ലോ എന്നാണ് സാധാരണക്കാരായ ഏതു മുസ്ലിമും പറയുന്നത്.
ഇടതുമുന്നണി ഭരിക്കുന്ന കേരളത്തില്‍ ഫാസിസ്റ്റുകള്‍ക്ക് അഴിഞ്ഞാടാന്‍ അവസരമില്ല എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. മറ്റു പല സംസ്ഥാനങ്ങളിലെയും മുസ്ലീങ്ങളുള്‍പ്പെടെയുള്ള ന്യൂനപക്ഷ സമുദായങ്ങളുടെ സാധാരണ സൈ്വരജീവിതം മാത്രമല്ല മതേതര നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നവരുടെ നിലനില്‍പ്പും രാജ്യത്തിന്റെ ജനാധിപത്യ,മതേതര അടിത്തറ തന്നെയും അപകടത്തിലാകാന്‍ ഇടയുണ്ട് എന്ന പൊതുവായ ഉത്കണ്ഠ പങ്കുവയ്ക്കുന്നവരാണ് ബഹുഭൂരിപക്ഷവും.
അത് സ്വാഭാവികമാണ്. അങ്ങനെ മാത്രമേ കാര്യങ്ങളെ ശരിയായി മനസ്സിലാക്കുന്നവര്‍ക്ക് ചിന്തിക്കാന്‍ കഴിയുകയുള്ളു. പക്ഷേ, കേരളത്തിലെ മുസ്‌ലിം സമുദായത്തിന് ഔദ്യോഗികമായും അനൗദ്യോഗികമായും നേതൃത്വം നല്‍കുന്നവര്‍ക്ക് കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാന്‍ കഴിയുന്നില്ല എന്ന വല്ലാത്തൊരു ദുരവസ്ഥ നിലനില്‍ക്കുന്നു. വാളെടുത്തവരെല്ലാം വെളിച്ചപ്പാടാകുന്നു എന്നു പറയുന്നതുപോലെ മൈക്കു കിട്ടുന്നവരെല്ലാം നയിക്കുന്നവരായി മാറുന്ന ദുരവസ്ഥ. അവര്‍ ഇപ്പോഴും ഏതെങ്കിലും അറ്റത്തെ വൈകാരിക നിലപാടുകളിലാണുള്ളത്. നരേന്ദ്ര മോദി ഭരണം വീണ്ടും വരാതിരിക്കാന്‍ കേരളത്തിലും കോണ്‍ഗ്രസിന് വോട്ടു ചെയ്യണം എന്ന് പറയാതെ പറഞ്ഞ് വിശ്വാസികളെ കുഴപ്പത്തിലാക്കി; എന്നിട്ടിപ്പോള്‍ കേരളത്തിന്റെ സുരക്ഷിതത്വത്തില്‍ നിന്നുകൊണ്ട് രാജ്യത്തെ മുസ്‌ലീങ്ങളുടെ സ്ഥിതി എന്താകും എന്ന് അന്തംവിട്ട് വേവലാതിപ്പെടുന്നു. ബി.ജെ.പിയല്ല കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണമാണ് രാജ്യത്തു വരാന്‍ പോകുന്നത് എന്ന ഉറപ്പുകൊടുത്ത് യു.ഡി.എഫിനെ പിന്തുണയ്ക്കാന്‍ മുസ്ലീങ്ങളെ ശക്തിയായി പ്രേരിപ്പിച്ചു. അതുവഴി സമുദായത്തെ തെറ്റായ തീരുമാനത്തിലെത്തിച്ചു ചതിച്ചു.
ബാബരി പള്ളി പൊളിക്കാന്‍ നിശ്ശബ്ദം നരസിംഹറാവു സര്‍ക്കാര്‍ കൂട്ടു നിന്നപ്പോള്‍ പോലും കോണ്‍ഗ്രസുമായുള്ള സഖ്യം വിടാന്‍ തയ്യാറാകാതിരുന്ന മുസ്‌ലിം ലീഗിന്റെ കാര്യമല്ല പറയുന്നത്. മോദി വന്നാലും ആരു വന്നാലും പൊന്നാനിക്കും മലപ്പുറത്തിനും അപ്പുറം അവരുടെ കാഴ്ച എത്തില്ല. പക്ഷേ, യു.ഡി.എഫിനു വേണ്ടി ഇറങ്ങി പ്രവര്‍ത്തിച്ചവരും വോട്ടു മറിച്ചവരും വേറെയുണ്ട്.
അറിഞ്ഞോ അറിയാതെയോ അതിനൊപ്പം നിന്നുകൊടുത്ത് കോണ്‍ഗ്രസ് അനുകൂല ആഹ്വാനങ്ങള്‍ നടത്തിയവരുമുണ്ട്. അവരെക്കുറിച്ചാണ് പറയുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിനു പിന്തുണ പ്രഖ്യാപിച്ച് അവരുടെ സ്‌ക്വാഡുകളെ മണ്ഡലങ്ങളിലേക്ക് അയച്ചു. എസ്.ഡി.പി.ഐ പത്ത് മണ്ഡലങ്ങളില്‍ മാത്രം മല്‍സരിച്ച് ബാക്കിയുള്ളിടത്ത് യു.ഡി.എഫിനു വേണ്ടി നിശ്ശബ്ദപ്രചാരണം നടത്തുകയും ബാക്കി പത്തില്‍ വോട്ടു മറിക്കുകയും ചെയ്തു.
2014ലും ഈ തെരഞ്ഞെടുപ്പിലും അവര്‍ക്കു കിട്ടിയ വോട്ടിലെ വ്യത്യാസം നോക്കിയാല്‍ അത് വ്യക്തമാകും. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനൊപ്പം നിന്ന കേരളത്തിലെ മുസ്ലീങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ വന്‍ തോതില്‍ യു.ഡി.എഫിന് അനുകൂലമായി വോട്ടു ചെയ്തത് അവരുടെ കൂടി തെറ്റിദ്ധരിപ്പിക്കലിന്റെ ഫലമായാണ്. ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തുന്ന തീരുമാനമെടുക്കരുത് എന്ന് ആവശ്യപ്പെട്ടത് അബ്ദുന്നാസിര്‍ മഅ്ദനി മാത്രമാണ്. പക്ഷേ, മഅ്ദനിയുടെ ആഹ്വാനത്തിന് ഇപ്പോള്‍ പണ്ടത്തെ സ്വാധീനമില്ല. 2004ല്‍ കോയമ്പത്തൂര്‍ ജയിലില്‍ നിന്ന് മഅ്ദനി പുറപ്പെടുവിച്ച ആഹ്വാനത്തിന് കേരളത്തിലെ മുസ്ലിം തീരുമാനത്തെ വന്‍തോതില്‍ സ്വാധീനിക്കാന്‍ കഴിഞ്ഞിരുന്നു. അന്നാണ് ഇടതുമുന്നണി ഇരുപതില്‍ പതിനെട്ടു സീറ്റും നേടിയതും ലീഗ് മഞ്ചേരിയില്‍ ( ഇന്നത്തെ മലപ്പുറം ലോക്സഭാ മണ്ഡലം) തോറ്റതും.
ഇപ്പോള്‍ രാജ്യഭരണം വീണ്ടും മോദിയുടേതുതന്നെയാവുകയും കോണ്‍ഗ്രസ് ഒരു ശക്തിയേ അല്ലാതായി മാറുകയും ചെയ്തപ്പോള്‍ കേരളത്തിലെ മുസ്ലിം സമുദായം പശ്ചാത്തപിക്കുകയാണ്. പറ്റിപ്പോയ അബദ്ധമോര്‍ത്തും പെട്ടുപോയ ചതിക്കുഴി ഓര്‍ത്തും. കോണ്‍ഗ്രസിനു വോട്ടു ചെയ്തതിനും അതുവഴി ഇടതുപക്ഷത്തിന്റെ പരാജയത്തിനു കാരണക്കാരായി മാറിയതിനും പരിഹാരമില്ലാത്ത അവസ്ഥ.
2014ലെ നാല്‍പത്തിനാല് സീറ്റില്‍ നിന്ന് എട്ടു സീറ്റുകള്‍ മാത്രം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ കോണ്‍ഗ്രസിന് മോദിക്കെതിരേ പ്രതിപക്ഷ നേതൃത്വത്തിലെത്താന്‍ പോലും കഴിയാത്ത സ്ഥിതി. പോകട്ടെ, അതൊക്കെ ജനാധിപത്യത്തില്‍ സംഭവിക്കാവുന്നതുതന്നെ. തോറ്റവര്‍ ജയിച്ചു വരാം, ജയിച്ചവര്‍ നാളെ ഒന്നുമല്ലാതെയാകാം. പക്ഷേ, തോല്‍വിക്കു പിന്നാലെ നടക്കുന്ന രാജി നാടകവും അകത്തും പുറത്തും തുടരുന്ന ‘അനുനയിപ്പിക്കല്‍’ കൂത്തുകളുമോ.
അതുകണ്ട് അമ്പരന്ന്, നെഞ്ചില്‍ കൈവച്ച് നില്‍ക്കുകയാണ് കോണ്‍ഗ്രസിനു വോട്ടു ചെയ്തവര്‍. ഈ പാര്‍ട്ടിക്കാണല്ലോ നിര്‍ണായകമായ വോട്ടു നല്‍കി അബദ്ധം ചെയ്തതു നാഥാ എന്നൊരു വിലാപവും കേള്‍ക്കുന്നില്ല; ഉത്തരവാദിത്തത്തോടെ പെരുമാറി ഫാസിസ്റ്റുകള്‍ക്കെതിരേ രാജ്യത്തെ ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ അരയും തലയും മുറുക്കി ഇറങ്ങുന്നതിന് ഇവര്‍ക്ക് സദ്ബുദ്ധി കൊടുക്കണേ എന്ന പ്രാര്‍ത്ഥനയും കേള്‍ക്കുന്നില്ല.
അവരുടെ പ്രലോഭനത്തില്‍ പെട്ടുപോയതിന്റെ ജാള്യതയും ഒരു കാരണമായിരിക്കാം. രാജ്യത്തിന്റെ വടക്കിനെയും തെക്കിനെയും ഒരുപോലെ കാണാനാണ് എന്നു പറഞ്ഞാണ് രാഹുല്‍ ഗാന്ധി അമേഠിക്കു പുറമേ വയനാട്ടിലും വന്ന് മല്‍സരിച്ചത്. അതു വിശ്വസിച്ച് അദ്ദേഹത്തെ വന്‍ ഭൂരിപക്ഷത്തിനു വിജയിപ്പിച്ചു. പക്ഷേ, വയനാട്ടില്‍ രാഹുല്‍ ഗാന്ധി കുതിക്കുന്നു എന്ന വാര്‍ത്ത വന്നുകൊണ്ടിരുന്നപ്പോള്‍ത്തന്നെ വന്ന മറ്റൊരു വാര്‍ത്ത ചെറിയ തോതിലൊന്നുമല്ല ഞെട്ടിച്ചത്: അമേഠിയില്‍ രാഹുല്‍ പിന്നില്‍. കുറച്ചുകൂടി കഴിഞ്ഞപ്പോള്‍ കാര്യം വ്യക്തമായി. രാഹുല്‍ തോറ്റിരിക്കുന്നു. പറ്റിപ്പോയല്ലോ ചതി എന്ന് വയനാട് മണ്ഡലം തലയില്‍ കൈവച്ചത് അപ്പോഴാണ്. അപ്പോള്‍ ‘രാഹുല്‍ തരംഗ’ത്തില്‍ ഇരുപത് മണ്ഡലങ്ങളിലും ഇടതുപക്ഷം വീണുകൊണ്ടിരിക്കുകയായിരുന്നു. അവസാന ലാപ്പില്‍ ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാനെതിരേ കോണ്‍ഗ്രസിനുള്ളിലെ പാര വന്നതുകൊണ്ടുമാത്രം അവിടെ ഫലം വേറെയായി.
ഫാസിസ്റ്റുകള്‍ അഴിഞ്ഞാടിയപ്പോള്‍ അതിനെതിരേ പാര്‍ലമെന്റിലും പുറത്തും ശക്തമായി വിരല്‍ ചൂണ്ടുകയും പാര്‍ലമെന്റില്‍ മോദി ഭരണത്തെ പ്രതിരോധത്തിലാക്കുകയും ചെയ്തതില്‍ ഇടതുപക്ഷം വഹിച്ച പങ്ക് രാജ്യം കണ്ടതാണ്. കുറച്ചുപേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു അവര്‍. പക്ഷേ, ഇന്ത്യ എന്ന ആശയം നിലനില്‍ക്കണമെന്നും മതേതരത്വവും ജനാധിപത്യവും തകരരുത് എന്നും ഉറച്ച നിലപാടുള്ളവരായിരുന്നു.
ആ വീറ് വീണ്ടും ഉണ്ടാകണമെങ്കില്‍, ന്യൂനപക്ഷങ്ങള്‍ക്കും ദളിതുകള്‍ക്കുമെതിരേ, രാജ്യത്തിന്റെ ജനാധിപത്യ മതേതര മുഖത്തിന് അടിയേല്‍പ്പിച്ച് ആക്രമണങ്ങള്‍ ഉണ്ടാകുന്നത് തടയാന്‍ പ്രതിരോധത്തിന്റെ കോട്ട തീര്‍ക്കാന്‍ കഴിയണമെങ്കില്‍ ഇടതുപക്ഷത്തിന്റെ കരുത്ത് ചോരാതെ നില്‍ക്കണമായിരുന്നു. എല്ലാവരെയും വിശ്വാസത്തിലെടുക്കുന്ന ഭരണമുണ്ടാകും എന്ന വാക്ക് തെറ്റിച്ച് രണ്ടാം മോദി സര്‍ക്കാര്‍ ഒന്നാം മോദി സര്‍ക്കാരിന്റെ തനിപ്പകര്‍പ്പായിക്കൂടായ്കയില്ല. ഭൂരിപക്ഷം അന്നത്തേക്കാള്‍ കൂടുതലായതുകൊണ്ട് എന്തും ചെയ്യാനുള്ള അനുമതിപത്രമാണ് തെരഞ്ഞെടുപ്പു വിജയം എന്നതരത്തില്‍ അവര്‍ പ്രവര്‍ത്തിക്കാനും ഇടയുണ്ട്. അധികാരമേറ്റിട്ടേയുള്ളു. മോദിയുടെ ലെഫ്റ്റനന്റ് അമിത് ഷായുമുണ്ട് ആഭ്യന്തര മന്ത്രിയായി സര്‍ക്കാരിന്റെ തലപ്പത്ത്.
എല്ലാവരെയും വിശ്വാസത്തിലെടുത്ത് പ്രജകളില്‍ ആരോടും വിവേചനം കാണിക്കാതെ ഭരണത്തുടര്‍ച്ചയോട് ‘ടീം മോദി’ പ്രതിബദ്ധത കാണിക്കുമെങ്കില്‍ നല്ലത്. രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും അഭിവൃദ്ധിക്കും സമാധാനമാണ് വേണ്ടത്. ഭരണഘടനയോടും പാര്‍ലമെന്റിനോടും കൂറു പുലര്‍ത്താന്‍ അധികാരത്തിലുള്ളവര്‍ക്ക് സാധിച്ചാല്‍ രാജ്യത്തു സമാധാനമുണ്ടാവുകതന്നെ ചെയ്യും. ഒന്നാം ഭരണകാലത്തെപ്പോലെ പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ടക്കൊലകളാണ് ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തിന്റെ മുഖമുദ്രയെന്ന രീതി അവസാനിപ്പിച്ചാല്‍ സ്വസ്ഥതയുണ്ടാകും രാജ്യത്ത്. പക്ഷേ, മോദി അധികാരമേല്‍ക്കുന്നതിനു മുമ്പേതന്നെ പുറത്തു വന്ന അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ രാജ്യത്തെ ഞെട്ടിച്ചിരിക്കുന്നു. ഇങ്ങനെയാണോ ഇവര്‍ മുന്നോട്ടു പോകാന്‍ ഉദ്ദേശിക്കുന്നത് എന്ന അലോസരപ്പെടുത്തുന്ന ചോദ്യം ഉയരുന്നു.
അത്തരം സാഹചര്യങ്ങളില്‍ പ്രത്യാശയോടെയൊന്നു നോക്കാനോ സമീപിക്കാനോ ആരുണ്ട് എന്ന ചോദ്യമാണ് മുസ്ലീങ്ങള്‍ നേരിടുന്നത്; ക്രിസ്ത്യാനികളെ അസ്വസ്ഥരാക്കുന്നത്, ദളിതുകള്‍ക്കു മുന്നിലുള്ളത്. രാജ്യത്ത് എവിടെ ജനാധിപത്യവും മതേതരത്വും അപകടത്തില്‍പ്പെട്ടാലും ഓടിയെത്താന്‍ ഇടതുപക്ഷ എം.പിമാരുണ്ടായിരുന്നു.
2004ല്‍ അറുപത്തിരണ്ട് പേരുണ്ടായിരുന്നപ്പോഴും 2014ല്‍ പതിനോന്നു പേരുണ്ടായിരുന്നപ്പോഴും തങ്ങളെ വേണ്ടിടത്ത് തങ്ങളുണ്ട് എന്ന് അവര്‍ ഉറപ്പു വരുത്തിയിരുന്നു. പാര്‍ലമെന്റില്‍ അടിയന്തര പ്രമേയമായും ചോദ്യമായും ചര്‍ച്ചകളിലെ ഇടപെടലായും ഇറങ്ങിപ്പോക്കായുമൊക്കെ അവര്‍ ആ പ്രതിബദ്ധതയടെ തീപ്പൊരി കെടാതെ നിലനിര്‍ത്തി. ബംഗാളിലും ത്രിപുരയിലും പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങള്‍ ഇടതുപക്ഷത്തെ താല്‍ക്കാലികമായി ദുര്‍ബലമാക്കിയിരിക്കുന്നു.
കേരളമാണ് ഇപ്പോള്‍ ശക്തിദുര്‍ഗമായി തല ഉയര്‍ത്തി നില്‍ക്കുന്നത്. പുതിയ പാര്‍ലമെന്റില്‍ രാജ്യത്തിന്റെ പ്രതീക്ഷയായി മാറേണ്ടത് കേരളത്തില്‍ നിന്നുള്ള ഇടതുപക്ഷ എം.പിമാരായിരുന്നു. അതിനു കെല്‍പ്പുള്ളവരായിരുന്നു പതിവുപോലെ അവരുടെ ഇരുപത് സ്ഥാനാര്‍ത്ഥികളില്‍ ഭൂരിഭാഗവും. കേരളത്തിന് അക്കാര്യത്തില്‍ സംശയമുണ്ടായിരുന്നുമില്ല. കേരളം ഭരിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിനെതിരേ മൂന്നാം വര്‍ഷത്തിലും ഭരണവിരുദ്ധ വികാരത്തിന്റെ പൊടിപോലും ഉണ്ടായിരുന്നില്ല കണ്ടുപിടിക്കാന്‍. മാത്രമല്ല, ഓഖി, മഹാപ്രളയം, ശബരിമല യുവതി പ്രവേശന വിഷയം തുടങ്ങി കേരളത്തെ പിടിച്ചുലച്ച വിഷയങ്ങളില്‍ നട്ടെല്ലുള്ള സര്‍ക്കാരിന്റെ സാന്നിധ്യവും കേരളം അറിഞ്ഞു.
എന്നിട്ടും ഇടതുപക്ഷം തോറ്റുപോയി. ഇരുപതില്‍ പത്തൊമ്പത് സീറ്റിലും വിജയിച്ചത് യു.ഡി.എഫ്. മോദിവിരുദ്ധ തരംഗം സൃഷ്ടിച്ചതിന്റെ ക്രെഡിറ്റ് നേടാന്‍ ശ്രമിച്ച് പരിഹാസ്യരാവുകയാണ് അവര്‍. യഥാര്‍ത്ഥത്തില്‍ അവരല്ല ഇടതുപക്ഷമാണ് ഫാസിസ്റ്റിവിരുദ്ധ മതേതര മണ്ണൊരുക്കിയത്. മെയ്യനങ്ങാതെ കൊയ്യുക മാത്രമാണ് യുഡിഎഫ് ചെയ്തത്. അതാണു സത്യം. അതുകൊണ്ട് കൈയും കലാശവും കാട്ടി കോണ്‍ഗ്രസിന് വോട്ടു വാങ്ങിക്കൊടുത്തവര്‍ക്ക് ഇനിയും അവസരമുണ്ട്. ഇടതുപക്ഷത്തിന്റെ പാര്‍ലമെന്റിലെ സാന്നിധ്യം ഈ വിധം ദുര്‍ബലപ്പെടുത്തിയതില്‍ സമുദായത്തിന്റെ പശ്ചാത്താപം വളരെ വലുതാണ് എന്ന് മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്.
അതിനു കേരളത്തിലെ സാധാരണക്കാരായ മുസ്ലീങ്ങളോടും ക്രിസ്ത്യാനികളോടുമൊക്കെ സംസാരിച്ചു നോക്കണം. പറ്റിപ്പോയത് എന്താണ് എന്നും അതിനു കാരണക്കാര്‍ ആരാണെന്നും അവര്‍ തുറന്നു പറയും. ചെയ്തുപോയ അബദ്ധം തിരിച്ചറിഞ്ഞാല്‍ പരിഹാരശ്രമങ്ങളാണ് വേണ്ടത്; തിരുത്തല്‍ ശ്രമങ്ങള്‍. അത് എങ്ങനെയാകണം എന്ന് കൂട്ടായി തീരുമാനിക്കാം.