ബംഗാളില്‍ നിന്ന് സി.പി.ഐ.എം വാര്‍ത്തകളുണ്ട്; 2014ലേതല്ലയെന്നു മാത്രം
FB Notification
ബംഗാളില്‍ നിന്ന് സി.പി.ഐ.എം വാര്‍ത്തകളുണ്ട്; 2014ലേതല്ലയെന്നു മാത്രം
ശ്രീജിത്ത് ദിവാകരന്‍
Saturday, 11th May 2019, 10:45 am

പശ്ചിമബംഗാളില്‍ സി.പി.ഐ.എം വോട്ടുകള്‍ ബി.ജെ.പിയിലേയ്ക്ക് ഒഴുകുന്നുവെന്ന വാര്‍ത്ത മനോരമയില്‍ കണ്ടു. ബുദ്ധദേബ് ഭട്ടാചാര്യ ഗണശക്തിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ നിന്ന് ചിലഭാഗങ്ങള്‍ ചൂണ്ടിക്കാണിച്ച്, ബി.ജെ.പിക്ക് ഇടതുപക്ഷത്തിന്റെ പഴയ വോട്ടര്‍മാരില്‍ നിന്ന് വോട്ടുകള്‍ പോകാനുള്ള സാധ്യതകളെ കുറിച്ച് ലേഖനം ദ വയറില്‍ കണ്ടു, കണക്കുകള്‍ തെളിവായി വന്നിട്ടില്ല എന്ന് പറഞ്ഞ് തന്നെയാണ് ലേഖനം. അതിന്റെ ചുവട് പിടിച്ച് മലയാളത്തില്‍ ധാരാളം റിപ്പോര്‍ട്ടുകള്‍ വന്നു.

കേരളത്തിലെ തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയിലേയ്ക്ക് കൂറുമാറുന്നതിനെ പ്രതിരോധിക്കാന്‍ പശ്ചിമബംഗാളില്‍ സി.പി.ഐ.എമ്മിന് നേരത്തേ വോട്ട് ചെയ്തവര്‍ കൂട്ടത്തോടെ ബി.ജെ.പി ചെയ്യുന്നതായുള്ള വാര്‍ത്തകള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുമുണ്ടായി. എവരി വണ്‍ ലവ്സ് എ ഗുഡ് ഡ്രൗട്ട് എന്ന് പറയുന്നത് പോലെ മാധ്യമലോകത്ത് എവരിബഡി ലവ്സ് എ ഗുഡ് ആന്റി ലെഫ്റ്റ് സ്റ്റോറി.

എന്തായാലും ഈ വാര്‍ത്തകള്‍ വളരെ ഉപരിപ്ലവമായ ഒരു കാഴ്ച തരുന്നത് മാത്രമാണ് എന്നാണ് എനിക്ക് തോന്നുന്നത്.

ഒരാഴ്ചയായി പശ്ചിമബംഗാളില്‍ യാത്ര ചെയ്യുകയായിരുന്നു. 2014-ലെ ലോകസഭ തിരഞ്ഞെടുപ്പിന് ശേഷം കൊല്‍ക്കത്തയില്‍ പോയിട്ടുണ്ടെങ്കിലും സ്വഭാവികമായും ഉള്‍ഗ്രാമത്തില്‍ യാത്ര ചെയ്തിരുന്നില്ല. 2014-ല്‍ യാത്ര ചെയ്യുമ്പോള്‍ സി.പി.ഐ.എമ്മിന്റെ സ്ഥിതി പശ്ചിമബംഗാളില്‍ ദയനീയമായിരുന്നു. കൊല്‍ക്കത്തയില്‍ ചുമരെഴുത്തുകള്‍ പോലും കുറവ്. നന്ദിഗ്രാമിലും സിംഗൂരിലുമൊന്നും പൊടിപോലുമില്ല കണ്ടുപിടിക്കാന്‍.

പഴയ കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളായ മൂര്‍ഷിദാബാദിലും ദിനാജപൂരിലും മാല്‍ഡയിലും ഒക്കെയായിരുന്നു നാമമാത്രമായെങ്കിലും സി.പി.ഐ.എമ്മിനേയും ഇടതുപക്ഷത്തേയും കണ്ടത്. പ്രതീക്ഷിച്ചിരുന്നത് പോലെ പഴയ ചെങ്കോട്ടയായ തെക്കന്‍ പശ്ചിമബംഗാളില്‍ നിന്ന് ഒരു സീറ്റ് പോലും ലഭിച്ചില്ല. കൊല്‍ക്കത്ത മുകള്‍ ഭാഗത്തുള്ള വടക്കന്‍ പശ്ചിമബംഗാളിലെ റായ്ഗഞ്ച്, മൂര്‍ഷിദാബാദ് മേഖലകളില്‍ നിന്നാണ് സീറ്റുകള്‍ ലഭിച്ചത്.

എന്നിട്ടും 2014-ല്‍ 29.71 ശതമാനമായിരുന്നു ഇടതുപക്ഷത്തിന്റെ വോട്ട്. 34 സീറ്റ് ലഭിച്ച തൃണമൂലിലേയ്ക്കാള്‍ പത്ത് ശതമാനത്തില്‍ താഴെമാത്രം വ്യത്യാസം. ബി.ജെ.പിക്കപ്പോള്‍ 17 ശതമാനം വോട്ടുണ്ട്. പത്ത് ശതമാനത്തില്‍ താഴെയാണ് വോട്ട് ലഭിച്ചതെങ്കിലും കോണ്‍ഗ്രസിന് 4 സീറ്റുകള്‍ ലഭിച്ചു. 2016-ലെ നിയമസഭ തിരഞ്ഞെടുപ്പ് ആയപ്പോഴേയ്ക്കും കോണ്‍ഗ്രസിനൊപ്പം മത്സരിച്ചിട്ടും ഇടതുപക്ഷത്തിന്റെ വോട്ട് 26 ശതമാനമായി കുറഞ്ഞു. കോണ്‍ഗ്രസിന് മൂന്ന് ശതമാനത്തോളം അധികം വോട്ടും ലഭിച്ചു. ഈ സ്ഥിതിയില്‍ നിന്ന് വന്‍ തോതില്‍ ഇടതുപക്ഷത്തിന്റെ വോട്ടിങ് ശതമാനം കുറയുക മാത്രമാണെങ്കിലേ ഇടതുപക്ഷത്ത് നിന്ന് -മലയാള മാധ്യമ ഭാഷയില്‍ സി.പി.ഐ.എമ്മില്‍ നിന്ന്- ബി.ജെ.പിയിലേയ്ക്കുള്ള വോട്ടൊഴുക്കിന്റെ കണക്ക് ശരിയാവുകയുള്ളൂ.

തൃണമൂലിനെതിരെ ബി.ജെ.പി ഉയര്‍ന്ന് വരുമ്പോള്‍ കോര്‍വോട്ടര്‍മാരില്‍ നിന്ന് ചോര്‍ച്ചയുണ്ടാകാതിരിക്കാനുള്ള ശ്രമമാണ് സി.പി.ഐ.എം പൊതുവേ നടത്തുന്നത്. ഈ തിരഞ്ഞെടുപ്പില്‍ സീറ്റുകളല്ല, പാര്‍ട്ടി അടിത്തറ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് മുഹമ്മദ് സലിം അടക്കമുള്ള നേതാക്കള്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഈ പ്രതിഭാസത്തിന്റെ സാധ്യതയെ ചൂണ്ടിക്കാണിക്കുകയാണ് ബുദ്ധദേബ് ഭട്ടാചാര്യയുടെ അഭിമുഖം പോലും.

പക്ഷേ ഇത്തവണ സ്ഥിതി കണ്ടിടത്തോളം വിഭിന്നമാണ്. നന്ദിഗ്രാമില്‍ പന്ത്രണ്ട് വര്‍ഷത്തിന് ശേഷം വന്‍ റാലി നടത്തി സി.പി.ഐ.എം. പാര്‍ട്ടി ഓഫീസ് വീണ്ടും തുറന്നു. നന്ദിഗ്രാം ബസ്്സ്റ്റാന്‍ഡിനരികില്‍ ചെറുതായിട്ടാണെങ്കിലും രാഷ്ട്രീയ വിശദീകരണ യോഗം നടത്തി. മേദിനിപൂര്‍ എന്ന മിഡ്നാപൂരില്‍ നന്ദിഗ്രാമിന് ശേഷം സി.പി.ഐ.എമ്മിന്റെ ഒരു പ്രവര്‍ത്തനവും തൃണമൂല്‍ കോണ്‍ഗ്രസ് അനുവദിച്ചിട്ടില്ല.

പശ്ചിമബംഗാളിലെ മന്ത്രിയും ഒരുകാലത്ത് തൃണമൂലിലെ രണ്ടാമനും ആയിരുന്ന സുവേന്ദു അധികാരി, പിതാവും കാന്തി എം.പിയുമായ ശിശിര്‍ അധികാരി, സഹോദരനും താംലൂക്ക് എം.പിയുമായ ദിവ്യേന്ദു അധികാരി എന്നിവരാണ് പ്രാദേശിക ഭരണം. ഒരുത്തനേയും കാലു കുത്താന്‍ അനുവദിച്ചിട്ടില്ല, ഈ കാണുന്നത് സി.പി.ഐ.എമ്മുകാരന്റെ വീടായിരുന്നു, ഞങ്ങള്‍ കത്തിച്ചു കളഞ്ഞു, എന്നിങ്ങനെയുള്ള സന്തോഷപ്രകടനങ്ങളായിരുന്നു 2014-ല്‍ അവിടെ കേട്ടത്.

2016-ലെ നിയമസഭ തിരഞ്ഞെടുപ്പ്, തുടര്‍ന്നുണ്ടായ പഞ്ചായത്ത് തിരഞ്ഞെടുപ്പ് എന്നിവയില്‍ പരിപൂര്‍ണ്ണമായും തൃണമൂല്‍ അക്രമമായിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മിക്കവാറും ഇടങ്ങളില്‍ എതിരാളികളാരെയും നാമനിര്‍ദ്ദേശ പത്രിക നല്‍കാന്‍ പോലും അനുദവിച്ചില്ല. എന്നിട്ടും ധൈര്യപ്പെട്ട് നാമനിര്‍ദ്ദേശം നല്‍കിയവരെ വീട്ടില്‍ കയറി വെട്ടിക്കൊന്നു, തീവച്ച് കൊന്നു. ഇടത്പക്ഷക്കാരെ മാത്രമൊന്നുമല്ല. ജാദവ്പൂര്‍ മണ്ഡലത്തിന്റെ ഭാഗമായ ഭാംഗറില്‍ പവര്‍ഗ്രിഡ് ഭൂമി ഏറ്റെടുക്കലിനെതിരെയുളള പ്രദേശിക സമിതിയായ ജാമി കമ്മിറ്റിയുടെ സ്ഥാനാര്‍ത്ഥിയുടെ സഹോദരനായ ഹാഫിസുള്‍ മൊല്ലയെ വെടിവെച്ച് കൊന്നത് തൃണമൂല്‍ മുന്‍ എം.എല്‍.എയായ അറബുള്‍ ഇസ്ലാമാണ്. ഇയാളെ കുറച്ച് കാലം സസ്പെന്‍ഡ് ചെയ്ത് തൃണമൂല്‍ തിരകെയെടുത്തു. നാമനിര്‍ദ്ദേശ പത്രിക നല്‍കാന്‍ തൃണമൂല്‍ അനുവദിക്കാതിരുന്നതിനാല്‍ ജില്ലാ വരണാധികാരിക്ക് വാട്്സ്അപിലൂടെ ജാമി കമ്മിറ്റി അംഗങ്ങള്‍ നല്‍കിയ നാമനിര്‍ദ്ദേശ പത്രിക അംഗീകരിക്കാന്‍ കോടതി ഉത്തരവിട്ടത് അന്ന് വലിയ വാര്‍ത്തയായിരുന്നു.

സംസ്ഥാനത്തുടനീളം ബി.ജെ.പി കോടാനുകോടികള്‍ മുടക്കിയുള്ള വന്‍ പ്രചാരണമാണ് നടത്തുന്നത്. ബാങ്കുര, പുരുലിയ തുടങ്ങിയ, ജംഗിള്‍ മഹല്‍ എന്നറിയപ്പെടുന്ന, ട്രൈബല്‍ മേഖലകളില്‍ ബി.ജെ.പിക്ക് വലിയ സ്വാധീനമുണ്ടാക്കാന്‍ പറ്റിയത് തൃണമൂല്‍ ഗുണ്ടകളോട് അടിച്ച് നില്‍ക്കാന്‍ ജാര്‍ഖണ്ഡില്‍ നിന്ന് ആയുധങ്ങളുള്‍പ്പെടെ സംഘത്തിനെ ഇറക്കിയതുകൊണ്ടാണ്. പലയിടങ്ങളിലും അതുകൊണ്ട് ഇത്തവണ മത്സരസ്വഭാവമെങ്കിലും വന്നിട്ടുണ്ട്. സി.പി.ഐ.എമ്മിന് നേരെയുള്ള സ്ഥിരം അക്രമം അവസാനിപ്പിച്ച് അവര്‍ ബി.ജെ.പിക്ക് നേരെ തിരിഞ്ഞിട്ടുണ്ട്.

കൊല്‍ക്കത്തയില്‍ കോളേജ് വിദ്യാര്‍ത്ഥികളോട് തിരഞ്ഞെടുപ്പിനെ കുറിച്ച് ചോദിക്കുമ്പോള്‍ ‘ഓ, ദിസീസ് ദീദീകി ഇലാക. നൊ ബഡി ഡെയര്‍ റ്റു റ്റോക്’ എന്നായിരുന്നു മറുപടി. തൃണമൂല്‍ സൃഷ്ടിച്ച ഭയത്തെ പണം കൊണ്ടും മസില്‍ കൊണ്ടും ബി.ജെ.പി നേരിടുകയാണ്. ഇതില്‍ ആകൃഷ്ടരായ കുറച്ച് പേരുണ്ട്. സി.പി.ഐ.എമ്മിന്റെ ഒരു കാലത്തെ മസില്‍ പവറിനെ തൃണമൂല്‍ അതേ നാണയത്തില്‍ തിരിച്ചടിച്ചപ്പോള്‍ സന്തോഷത്തോടെ തൃണമൂലിനൊപ്പം പോയ അതേ ജനവിഭാഗമാണ് ഇപ്പോള്‍ ബി.ജെ.പിയിലേയ്ക്ക് പോകുന്നത്.

ഇതില്‍ കോണ്‍ഗ്രസുകാരുണ്ട്. മാര്‍ച്ചില്‍ വരെ കോണ്‍ഗ്രസിന്റെ ദക്ഷിണ ദിന്‍ജാപൂര്‍ ഡി.സി.സി അധ്യക്ഷനായിരുന്ന ആളാണ് ഇപ്പോള്‍ ഡയമണ്ട് ഹാര്‍ബറില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി. തൃണമൂലില്‍ നിന്ന് പോയവരുണ്ട്. തൃണമൂല്‍ എം.എല്‍.എയും പ്രദേശിക ഗുണ്ടയുമായ അര്‍ജുന്‍ സിങ്ങാണ് ബാരക്പൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി, ബിഷ്ണുപൂരിലെ നിലവിലുള്ള തൃണമൂലിന്റെ എം.പി സൗമിത്രഖാന്‍ ബി.ജെ.പിയില്‍ ചേര്‍ന്ന് അവിടെ നിന്ന് തന്നെ മത്സരിക്കുന്നു. 24 പര്‍ഗാനാസ്, മേദിനിപൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ എത്രയോ മുസ് ലീങ്ങള്‍ പരസ്യമായി ബി.ജെ.പിക്ക് പിന്‍തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് നേതൃ തലത്തിലുള്ള തീരുമാനങ്ങളൊ ആശയപരമായ യോജിപ്പോ ഒന്നുമല്ല, താത്കാലികമായി തൃണമൂലിനോടുള്ള പ്രതികാരമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ പശ്ചിമബംഗാളിലെ കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേയ്ക്ക് ഒഴുക്ക്, മുസ്‌ലീല്‍ നിന്ന് ബി.ജെ.പിയിലേയ്ക്ക് ഒഴുക്ക്, സി.പി.ഐ.എമ്മില്‍ നിന്ന് (ഇടത്പക്ഷത്ത് നിന്നല്ല) ബി.ജെ.പിയിലേയ്ക്ക് ഒഴുക്ക് എന്നിങ്ങനെയുള്ള സ്റ്റോറികള്‍ സൃഷ്ടിക്കാം. പക്ഷേ അതില്‍ പ്രത്യേകിച്ച് കാര്യമൊന്നെുമില്ല.

ഒഴുക്കുണ്ടായിരുന്നു, അത് ബി.ജെ.പിയിലേയ്ക്കല്ല, തൃണമൂലിലേയ്ക്കാണ്. അങ്ങനെയാണല്ലോ തൃണമൂല്‍ പശ്ചിമബംഗാള്‍ പൂണ്ടടക്കം പിടിച്ചത്. ഇപ്പോള്‍ 25 ശതമാനത്തോളം കോര്‍ വോട്ടര്‍മാര്‍ മാത്രമായി നില്‍ക്കുന്ന ഇടത്പക്ഷത്തില്‍ നിന്ന് മാത്രം ബി.ജെ.പിയിലേയ്്ക്ക് ഒരൊഴുക്കുമില്ല. തൃണമൂലിനും കോണ്‍ഗ്രസിനും ഇടത്പക്ഷത്തിനും വോട്ട് ചെയ്തുകൊണ്ടിരുന്ന ഹിന്ദുക്കളും മുസ്‌ലീങ്ങളുമെല്ലാം ഇത്തവണ കുറച്ച് ശതമാനം ബി.ജെ.പിക്ക് ചെയ്തേക്കും. അത് ഒന്നില്‍ നിന്ന് ഒന്നിലേയ്ക്കുള്ള നീരൊഴുക്കല്ല. അതങ്ങനെ ചിത്രീകരിച്ചാല്‍ വായനാസുഖം ഉണ്ടാകുമെങ്കിലും.

 

 

ശ്രീജിത്ത് ദിവാകരന്‍
മാധ്യമ പ്രവര്‍ത്തകന്‍, ഡൂള്‍ന്യൂസ് മുന്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍. പത്ര, ദൃശ്യ മാധ്യമങ്ങളിലായി 19 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. മാതൃഭൂമി ന്യൂസ്, മീഡിയ വണ്‍ ടി.വി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.