പലായനത്തിന്റേയും ഒറ്റപ്പെടലിന്റെയും ഒരു ഏകാന്ത കാലത്താണ് “വേറിട്ട കാഴ്ചകള്‍” എന്ന ശ്രീരാമേട്ടന്റെ പുസ്തകം ആദ്യമായി വായിക്കാന്‍ കൈയ്യിലെത്തപ്പെട്ടത്. അതിലെ കഥാപാത്രങ്ങള്‍ മിക്കവരും ലോക ചലനങ്ങള്‍ക്കും, അതിലെ കാപട്യ നിയമങ്ങള്‍ക്കുമനുസരിച്ച് ജീവിക്കാന്‍ അറിയാതെ, പരാജയപ്പെട്ടു പോയ കുറച്ചു പാവം മനുഷ്യരായിരുന്നു.
ആ കഥാപാത്രങ്ങളോട് വല്ലാത്തൊരു എംപതി പലപ്പോഴും തോന്നി. ആരില്‍ നിന്നോ വായിക്കാന്‍ കടം വാങ്ങിയ ആ പുസ്തകം തിരിച്ചു കൊടുക്കാന്‍ തോന്നാതെ എത്രയോ കാലം ബാഗില്‍ കൂടെ കൊണ്ടു നടന്നു.
വിവാഹം കൊണ്ട് കുടിയേറ്റക്കാരിയായി കുന്ദംകുളത്തെത്തിയ നാളുകളില്‍, തിരക്കാര്‍ക്കുന്ന നഗരവീഥിയിലൂടെ തലയെടുപ്പില്‍ നടന്നു പോകുന്ന ദീര്‍ഘകായനെ എവിടെയോ പരിചയമുണ്ടല്ലോ എന്ന മട്ടില്‍ നോക്കി നിന്നപ്പോള്‍ “അതാണ് നടനും, എഴുത്തുകാരനുമായ വി.കെ ശ്രീരാമന്‍ എന്നും, അദ്ദേഹത്തിന്റെ വീട്, ചെറുവത്താനി എന്ന അയല്‍ ഗ്രാമത്തിലാണെന്നും, ഒരിക്കല്‍ അവിടെ പോകാ”മെന്നും ഭര്‍ത്താവ് പറഞ്ഞു.
വൈശാലി സിനിമയിലെ വ്രതനിഷ്ഠയും ക്രൗര്യഗാംഭീര്യവുമുള്ള വിഭാണ്ഠക മഹര്‍ഷിയും, ഏഷ്യാനെറ്റിലെ നാട്ടുകൂട്ടങ്ങളുടെ ചാതുര്യമുള്ള അവതാരകനും, ഏകലോചനമെന്ന കോളം പത്രത്തിലെഴുതുന്ന എഴുത്തുകാരനുമൊക്കെ എന്റെ മനസിലേക്ക് പൊടുന്നനെ എത്തി നോക്കി ആ ദീര്‍ഘകായനോട് ചേര്‍ന്ന് നടന്നു പോയി.. പക്ഷേ “”വേറിട്ട കാഴ്ച” കളുടെ കഥാകാരനോട് തോന്നിയ മാനസികമായ ഒരടുപ്പം വളരെ വ്യത്യസ്തമായിരുന്നു.
നിറയെ കവുങ്ങിന്‍ തോപ്പുകളും, മാവും പ്ലാവും വേലിപ്പരുത്തിയും, വീടുകളുമൊക്കെ നിറഞ്ഞ ചെറുവത്താനിയുടെ ഗ്രാമ വീഥികളിലൂടെ വല്ലപ്പോഴും കടന്നു പോവുമ്പോള്‍ ഇവിടെ എവിടെ ആയിരിക്കും ശ്രീരാമേട്ടന്റെ വീട് എന്ന് മനസില്‍ വെറുതെ ചിന്തിച്ചിരുന്നു.
ചില വിവാഹങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കുമൊക്കെ ശ്രീരാമേട്ടനെ കാണുമ്പോള്‍ ഗീതേച്ചിയും കൂടെ കാണും.. മിക്ക സ്ഥലത്തും അവരെ ഒരുമിച്ചാണ് കാണുക. ഇളം നിറങ്ങളുള്ള കോട്ടണ്‍ സാരി തോളില്‍ വാരിയിട്ട്, വലിയ ചുവന്ന പൊട്ടിട്ട്, കൈയില്‍ കുപ്പിവളയും അലസമായി കോതിക്കെട്ടിയ മുടിയിലെ എണ്ണ മെഴുക്കിന്റെ ശാലീന മുഖത്തിളക്കവുമായി” ഭര്‍ത്താവിന്റെ നിഴല്‍ പോലെ ചേര്‍ന്നു നില്‍ക്കുന്ന അവരെ കാണാന്‍ നല്ല ചന്തമായിരുന്നു..
ദേവാസുരത്തിലെ നീലകണ്ഠനെ മാറ്റിമറിച്ച ഭാനുമതിയുടെ തനിപ്പകര്‍പ്പായാണ് നാട്ടുകാര്‍ ഗീതേച്ചിയെ കണ്ടിരുന്നത്… ശ്രീരാമേട്ടന്റെ മകന്‍ കിട്ടു എന്ന ഹരികൃഷ്ണനുമായി പരിചയമുണ്ടായിരുന്നെങ്കിലും, അവരെ രണ്ടു പേരേയും അകലെ നിന്ന് ആദരവോടെ കാണാനായിരുന്നു ഇഷ്ടം.
പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ കടന്നു വന്ന കാലത്ത് കുന്ദംകുളം സാംസ്‌കാരിക രംഗങ്ങളില്‍ ഇത്ര സജീവമായിരുന്നില്ല. എന്നാല്‍ ഇന്ന് കുന്ദംകുളത്ത് ശ്രീരാമേട്ടന്‍ മുന്‍കൈയ്യെടുത്ത് തുടങ്ങിയ റീഡേഴ്‌സ് ക്ലബ്ബ്, കഥകളി ക്ലബ്ബ്, ഫേസ് തുടങ്ങിയ കലാസാംസ്‌ക്കാരിക സംഘടനകള്‍ വളരെ നന്നായി പ്രവര്‍ത്തിച്ചു വരുന്നുണ്ട്.
സമൂഹത്തിന്റെ നാനാതുറയിലുള്ള തന്റെ സൗഹൃദങ്ങളെ കൂട്ടിപ്പിടിപ്പിച്ച് തമ്മില്‍ ചേര്‍ത്തിണക്കി നടുവില്‍ കുസൃതിയോടെ പതുങ്ങിയിരിക്കുന്ന ശ്രീരാമേട്ടനെയും, നിറ സ്‌നേഹവുമായി കൂടെ നില്‍ക്കുന്ന ഗീതേച്ചിയേയും വളരെ അടുത്തറിയാനും, ആ സ്‌നേഹക്കൂട്ടില്‍ ഒരു കണ്ണിയായി ചേര്‍ന്നിരിക്കാനും പില്‍ക്കാലത്ത് ഭാഗ്യമുണ്ടായി.
ഇടയ്ക്കിടെ ഗീതേച്ചിയും ശ്രീരാമേട്ടനും വീട്ടിലേക്ക് വിളിക്കും. തന്റെ മാതാപിതാക്കള്‍ മതിലുകള്‍ കെട്ടി വീടിനെ നാട്ടില്‍ നിന്നു തിരിച്ചു.. എന്നാല്‍ ഗീത മതില്‍ പൊളിച്ച് നാടിനെ വീടുമായി ചേര്‍ത്ത് നിര്‍ത്തി എന്ന് ശ്രീരാമേട്ടന്‍ എഴുതിയത് വായിച്ചിട്ടുണ്ട്.. പശുക്കുട്ടികള്‍ ഓടിക്കളിക്കുന്ന, നാട്ടു ചെമ്പരത്തികള്‍ പൂത്തുനില്‍ക്കുന്ന വഴിയാണ് ആ വീട്ടിലേക്ക് ചെന്നെത്തി നില്‍ക്കുന്നത്.
നമ്മള്‍ കടന്നു പോവുമ്പോള്‍ വഴിയിലുള്ള ഓരോ വീട്ടുകാരും സൗഹൃദത്തോടെ നോക്കി ചിരിക്കും. മതിലുകളോ ഗേറ്റോ ഇല്ലാത്ത വീട് ഒരു ആവാസവ്യവസ്ഥയാണ്.. വീട്ടു മുറ്റത്തെ മരത്തില്‍ അടുത്ത വീട്ടിലെ കുട്ടികള്‍ക്ക് ആടാന്‍ കെട്ടിയ ഊഞ്ഞാല്‍, വീട്ടിലേക്ക് വേരാഴ്ത്തി, വീടിന് കുടപിടിച്ചു നില്‍ക്കുന്ന വയസന്‍ ഇത്തിമരത്തിന്റെ പച്ചിലക്കൂടുകളിലെ കിളിച്ചിലപ്പുകള്‍, തൊടിയിലെ മന്ദാരപ്പടര്‍പ്പുകള്‍, കുളം,, അതിലെ ജലജീവികള്‍, മുളംകാട്, മാവുകള്‍,. ഔട്ട് ഹൗസിന് മീതേ പടര്‍ന്ന പിച്ചിയും അശോകച്ചെത്തിയും. ഔട്ട് ഹൗസിലെ പുസ്തക പ്രപഞ്ചം..!
ആ വീട്ടിലെത്തിയാല്‍ എന്റെ നാലു വയസുകാരന്‍ മകന്‍ പോലും മറ്റൊരാളാവും. പശുക്കിടാവിന് പിന്നാലെ ഓടാനും, കോഴിയെ പ്പിടിക്കാനും, മുറ്റത്തു കെട്ടി നില്‍ക്കുന്ന മഴവെള്ളത്തില്‍ കളിക്കാനും മറ്റും ഫ്‌ളാറ്റു ജീവിയായ അവന് എന്തൊരുത്സാഹമാണെന്നോ…!
മ്യൂസിയം പോലെ സൂക്ഷിച്ച വീട്ടിനുള്ളിലും വരാന്തയിലും രമണമഹര്‍ഷിയുടെ കോവിലന്റെ വി.കെ എന്നിന്റെ, സി.വി യുടെ ഒക്കെചിത്രങ്ങളുണ്ട്.. വീട്ടുമുറ്റത്ത് റോയ് ചൗധരിയുടെ പ്രതിമ, ശ്രീരാമേട്ടനും മറ്റാരൊക്കെയോ വരച്ച ചിത്രങ്ങള്‍.. എല്ലായിടത്തുമുള്ള ഒരു വീടല്ല ഈ വീട്.
അടുക്കളത്തളത്തിനോട് ചേര്‍ന്ന ഊണുമുറിയില്‍ ഒരിക്കലും വിരുന്നുകാരൊഴിയാത്ത ഒരു മാര്‍ബിള്‍ ടോപ്പ് ഊണുമേശയുണ്ട്. അതിനടുത്ത് കെട്ടിത്തൂക്കിയ പഴക്കുല..! സാധാരണക്കാര്‍ മുതല്‍ സാംസ്‌ക്കാരിക്ക നായകര്‍ വരെ അവിടെ നിന്നു ഭക്ഷണം കഴിച്ചു സന്തോഷത്തോടെ പോവാറുണ്ട്..
ഏകദേശം എല്ലാ ദിവസവും അവിടെ വിരുന്നുകാര്‍ ഉണ്ടാവും. നിറഞ്ഞ ചിരിയോടെ ഗൃഹലക്ഷ്മി മനസുനിറഞ്ഞ് വിളമ്പുന്ന ഭക്ഷണത്തിന്റെ രുചി ഒരിക്കല്‍ കഴിച്ചവര്‍ പിന്നീട് മറക്കില്ല.. ഗീതേച്ചി ഉണ്ടാക്കുന്ന പുട്ടിന്റേയും തക്കാളിക്കറിയുടേയും ചെമ്മീന്‍ റോസ്റ്റിന്റേയുമൊക്കെ രുചി എത്ര റെസിപ്പി വാങ്ങി ഉണ്ടാക്കി നോക്കിയിട്ടും എനിക്ക് കിട്ടിയിട്ടില്ല.
ശ്രീരാമേട്ടന്റെ ഓരോ ഇഷ്ടത്തേയും മുറുകെപ്പിടിച്ച്, കൂട്ടുനിന്ന്, സ്വയം ഉണ്ടാക്കിയെടുത്തൊരു സന്തുഷ്ട ലോകമാണ് ഗീതേച്ചിയുടേത് എന്ന് തോന്നിയിട്ടുണ്ട്… കൗതുകത്തോടെ അവരുടെ ജീവിത കഥ ചോദിച്ചറിഞ്ഞിട്ടുണ്ട്… ബി.എസ്.സി ഫസ്റ്റ് ക്ലാസില്‍ പാസായി കലാകാരനും ഉന്മാദിയുമായ ഒരാളെ പ്രണയിച്ച് വിവാഹം കഴിച്ചു ആ വലിയ തറവാട്ടില്‍ വരുമ്പോള്‍ അവര്‍ എട്ടും പൊട്ടും തിരിയാത്ത ഒരു കുട്ടി മാത്രമായിരുന്നു.
പിന്നീടങ്ങോട്ടുള്ള ജീവിതയാത്രയില്‍ നടന്നു തീര്‍ത്ത വഴികള്‍.. മധ്യേയുണ്ടായ ഭൂകമ്പങ്ങള്‍, മണ്ണിടിച്ചിലുകള്‍ ഉരുള്‍പൊട്ടലുകള്‍. കടലേറ്റങ്ങള്‍…മനസ് തകര്‍ന്നു പോയ അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. എങ്കിലും അദ്ദേഹത്തേക്കാള്‍ മികച്ചൊരാളെ, മനുഷ്യ സ്‌നേഹിയെ ഒരിടത്തും കാണാന്‍ പറ്റിയിട്ടില്ല.
ഏത് ഭ്രാന്തിലും, തന്നെ ചേര്‍ത്തു പിടിക്കുന്ന ആ ഇഷ്ടത്തോളം വലുത് ലോകത്ത് മറ്റൊന്നുമില്ല താനും. മനസിലെ ഊര്‍ജ്ജത്തിന്റെയും മുഖ പ്രസാദത്തിന്റെയും രഹസ്യം ഭര്‍ത്താവിനോടുള്ള തന്റെ ആരാധനയും പ്രണയവുമാണെന്ന് നുണക്കുഴി വിരിയിച്ച നാണച്ചിരിയോടെ അവര്‍ സമ്മതിച്ചു. ഏത് ചുഴിയിലും പുഴയിലും മുങ്ങിത്താഴാതെ തലയുയര്‍ത്തി നീന്തി അക്കരെയോളമെത്താന്‍ പറ്റിയത് ആ പരസ്പര വിശ്വാസമാണെന്നും…!
ഇന്നും അങ്ങനെ തന്നെ.. ശ്രീരാമേട്ടന്‍ എന്ന ക്ഷുബ്ധ ശാന്തസമുദ്രത്തിന്റെ സ്‌നേഹതീരമാണ് ഗീതേച്ചി..!
പുതുതലമുറയിലെ ഞാനടക്കമുള്ള ഭാര്യമാര്‍ക്ക് എത്രയോ കാര്യങ്ങളില്‍ ക്ഷമയും സഹനശേഷിയും കുറവാണ്. ഫെമിനിസ്റ്റാവാതെ, വീടിന് പുറത്ത് പോവാതെ, ഭര്‍ത്താവിന്റെ ഇഷ്ടങ്ങളെ ഒരു പടി കൂടി ഉയരത്തിലെടുത്ത് തന്റേതാക്കി, ലോകത്തെ വീട്ടിലേക്ക് കൊണ്ടുവന്ന, തന്റെ സന്തോഷങ്ങള്‍, സൃഷ്ടിച്ചെടുത്ത ഗീതേച്ചിയോട് ഒരുപാട് ബഹുമാനം ഉണ്ട്.
ജീവിതത്തില്‍, അവരോളം ബുദ്ധിമതിയും സദാ പ്രസന്നയും സുന്ദരിയുമായ മറ്റൊരു സ്ത്രീയെ ഞാന്‍ കണ്ടിട്ടേയില്ല.. നവംബര്‍ പതിന്നാലിന് അവരുടെ മുപ്പത്തി ഏഴാം വിവാഹ വാര്‍ഷികമായിരുന്നു.. കുടുംബം എന്നാല്‍ താനും പക്ഷിമൃഗാദികളും, വൃക്ഷങ്ങളും,സഹജീവികളും, പങ്കുവെയ്ക്കലും, കൂടിയ വിശാലമായ ഒരു ലോകമാണെന്ന് സമൂഹത്തെ കാണിച്ചു കൊടുക്കുന്ന ആ ദമ്പതികള്‍ മഹാ മാതൃക തന്നെയെന്ന കാര്യത്തില്‍ സംശയമേയില്ല