| Tuesday, 23rd January 2018, 6:51 pm

ട്രംപിനെതിരായ ഡെമോക്രാറ്റുകളുടെ ഈ വിജയം 5 ലക്ഷം ഇന്ത്യക്കാരുടേത് കൂടിയാണ്

കെ.ടി. കുഞ്ഞിക്കണ്ണന്‍

ലോകമെമ്പാടുമുള്ള മുതലാളിത്തവാദികളുടെ സ്വപ്നസ്വര്‍ഗമായ അമേരിക്കന്‍ സമ്പദ്ഘടനയും സാമൂഹ്യജീവിതവും കടന്നുപോകുന്നത് തീവ്രമായ സംഘര്‍ഷങ്ങളിലൂടെയും വിഷമാവസ്ഥയിലൂടെയുമാണ്. ഡൊണാള്‍ഡ്ട്രംപിന്റെ വംശീയവും കുടിയേറ്റ വിരുദ്ധവുമായ നിലപാടുകള്‍ക്കെതിരെ പ്രതിഷേധിച്ചുകൊണ്ടാണ് ഡെമോക്രാറ്റുകള്‍ സെനറ്റില്‍ ധനവിനിയോഗബില്‍ പാസാക്കുന്നതിന് തടസ്സം സൃഷ്ടിച്ചത്. ഇത് അമേരിക്കന്‍ സര്‍ക്കാരിന്റെ ഖജനാവ് പൂട്ടുന്ന സാമ്പത്തിക സ്തംഭനത്തിലേക്കാണ് ആ രാജ്യത്തെ എത്തിച്ചത്.

ഫെബ്രുവരി 19-വരെ ഒരു മാസത്തെ ചെലവിനുള്ള ബജറ്റിന് അംഗീകാരം നല്‍കാന്‍ ഉപരിസഭയായ സെനറ്റ് വിസമ്മതിച്ചു. സെനറ്റില്‍ ബജറ്റ് പാസാക്കാന്‍ 60 പേരുടെ വോട്ടുവേണം. എന്നാല്‍ 50 പേരുടെ പിന്തുണ നേടാന്‍ മാത്രമെ ട്രംപ് ഭരണകൂടത്തിന് കഴിഞ്ഞുള്ളൂ. 48 പേര്‍ ബില്ലിനെ എതിര്‍ത്ത് വോട്ടുചെയ്തു. അധോസഭയായ ജനപ്രതിനിധിസഭ 197-നെതിരെ 230 വോട്ടിന് ബജറ്റ് പാസാക്കി. എന്നാല്‍ ഉപരിസഭ ബജറ്റിന് അംഗീകാരം കൊടുത്തു.

വിചിത്രമായ വസ്തുത പാര്‍ലിമെന്റിന്റെ രണ്ട് സഭകളിലും ഭൂരിപക്ഷവും വൈറ്റ്ഹൗസിന്റെ നിയന്ത്രണവുമുണ്ടായിട്ടും ട്രംപ് സര്‍ക്കാരിന് ബജറ്റ് പാസാക്കാനായില്ല എന്നതാണ്. ട്രംപ് അധികാരമേറ്റെടുത്തതിനുശേഷമുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെയും സാമൂഹ്യരാഷ്ട്രീയ സംഘര്‍ഷങ്ങളുടെയും പ്രതിഫലനം കൂടിയാണ് ഈ സംഭവം. ഇന്നിപ്പോള്‍ ധനവിനിയോഗബില്‍ പാസാക്കാനും “ഷട്ഡൗണി”ന് പരിഹാരമുണ്ടാക്കാനും ട്രംപിന് കഴിഞ്ഞിട്ടുണ്ട്. അത് സാധ്യമായത് നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്കെതിരായി ട്രംപ് സ്വീകരിച്ച വംശീയ വിദ്വേഷ നടപടികള്‍ അവസാനിപ്പിക്കുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ടിക്കാര്‍ ഡെമോക്രാറ്റുകള്‍ക്ക് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ്.

റിപ്പബ്ലിക്കന്‍ പാര്‍ടിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സെനറ്റില്‍ ബില്ലിന് അനുകൂലമായി ഡെമോക്രാറ്റുകളും മറ്റ് അംഗങ്ങളും വോട്ടുചെയ്തത്. യു.എസ് ജനപ്രതിനിധിസഭയില്‍ 156-നെതിരെ 266 വോട്ടിന്റെ ഭൂരിപക്ഷം ധനവിനിയോഗബില്ലിന് ലഭിച്ചു. സെനറ്റില്‍ 18-നെതിരെ 81 വോട്ടുകള്‍ നേടിയാണ് ബില്ല് പാസായിരിക്കുന്നത്. ബില്ല് പാസായതിനുശേഷ് ട്രംപ് ട്വീറ്റ് ചെയ്തത് കുടിയേറ്റ വിഷയത്തില്‍ ഡെമോക്രാറ്റുകളുടെ നിലപാടും ഇടതുപക്ഷ താല്‍പര്യവുമാണ് ബില്ല് പാസാകുന്നതിന് തടസ്സമായതെന്നാണ്. ഡെമോക്രാറ്റുകളെ കുറ്റപ്പെടുത്തി “ഷട്ഡൗണ്‍” സംഭവത്തില്‍ ട്രംപിനും റിപ്പബ്ലിക്കന്‍ പാര്‍ടിക്കും രക്ഷപ്പെടാനാവില്ല.

ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നിലപാടുകളില്‍ ശക്തമായ പ്രതിഷേധമുള്ള റിപ്പബ്ലിക്കന്‍ സെനറ്റ് അംഗങ്ങളും ധനകാര്യബില്ലിനെതിരെ രംഗത്തുവന്നു എന്നതാണ് വസ്തുത. ട്രംപ് അധികാരത്തില്‍ വന്നതിനുശേഷം തീവ്രമായ വംശീയമായ നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്. അതിവലതുപക്ഷ നിലപാടുകളാണ് ട്രംപിന്റെ നയങ്ങളെ നിര്‍ണയിക്കുന്നത്. വര്‍ണവിദ്വേഷം, സ്ത്രീവിദ്വേഷം, മണ്ണിന്റെ മക്കള്‍ വാദം, അമിതാധികാരവാദം എന്നിവയെല്ലാം ഊന്നിക്കൊണ്ടുള്ള അക്രമോത്സുകമായ പ്രചാരണങ്ങളിലൂടെയാണ് ട്രംപ് അധികാരത്തിലെത്തുന്നത്.

കുടിയേറ്റക്കാരോടുള്ള എതിര്‍പ്പം സ്ത്രീകളോടും ന്യൂനപക്ഷങ്ങളോടും പൗരസ്വാതന്ത്ര്യങ്ങളോടുമുള്ള പുച്ഛവുമാണ് ട്രംപിന്റെ മുഖമുദ്ര തന്നെ. ഇതിനോട് ഇസ്‌ലാം വിരോധവും ചേര്‍ന്ന തീവ്രവലതുപക്ഷ അജണ്ടയാണ് ട്രംപിന്റെ രാഷ്ട്രീയം. ആംഗ്ലോസാംങ്ങ്സണ്‍ വര്‍ണവെറിയന്‍ ബോധത്തിലധിഷ്ഠിതമായ നവഉദാരവല്‍ക്കരണനയങ്ങളാണ് ട്രംപിസമെന്നത്. നവലിബറല്‍ നയങ്ങള്‍ സൃഷ്ടിച്ച ഉല്‍പാദന തകര്‍ച്ചയുടെയും തൊഴിലില്ലായ്മയുടെയും ജീവിതഭാരങ്ങളുടെയും സാഹചര്യത്തെ ഉപയോഗിച്ചാണ് ട്രംപ് തന്റെ രാഷ്ട്രീയ അജണ്ട രൂപപ്പെടുത്തിയത്. നവലിബറല്‍ മൂലധനം സൃഷ്ടിച്ച സാമൂഹ്യ വൈരുദ്ധ്യങ്ങളെയും അസന്തുലിതത്വങ്ങളെയും വംശീയ വിദ്വേഷത്തിലധിഷ്ഠിതമായ രാഷ്ട്രീയ അജണ്ടക്കാവശ്യമായരീതിയില്‍ ഉയര്‍ത്തിയെടുക്കുകയാണ് ട്രംപ് ചെയ്തത്.

“അമേരിക്കന്‍ സ്വപ്നം” എന്ന് വിശേഷിപ്പിക്കപ്പെടുന്ന നഷ്ടസൗഭാഗ്യത്തെ തീവ്രവലതുപക്ഷ നിലപാടുകളില്‍ നിന്നും ഉണര്‍ത്തിയെടുക്കുകയാണ് ട്രംപ് ചെയ്തത്. ചെയ്തുകൊണ്ടിരിക്കുന്നത്. ആഗോളതലത്തില്‍ തന്നെ തീവ്രവലതുപക്ഷ അജണ്ട ട്രംപിന്റെ അധികാരാരോഹണത്തോടെ ശക്തിയാര്‍ജ്ജിക്കുന്നതാണ് കണ്ടുകൊണ്ടിരിക്കുന്നത്. അമേരിക്കന്‍ ഭരണവര്‍ഗ നയങ്ങള്‍ ലോകത്തിനുമുകളിലും ആ രാജ്യത്തിനുമുകളിലും അടിച്ചേല്‍പ്പിച്ച അസമത്വങ്ങള്‍ തീക്ഷ്ണമായിക്കൊണ്ടിരിക്കുകയാണ്. അമേരിക്കയും ലോകവും സാമ്പത്തിക അസമത്വങ്ങളുടെ ഉല്‍ക്കണ്ഠാകുലമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്.

2008-ലാരംഭിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ലോക മുതലാളിത്ത രാജ്യങ്ങള്‍ക്കൊന്നും കഴിയുന്നില്ലെന്നുമാത്രമല്ല അത് അപരിഹാര്യമായി തുടരുകയാണ്. ട്രംപിന് വോട്ടുചെയ്ത ജനങ്ങള്‍ നവലിബറല്‍ ദുരിതങ്ങളില്‍ നിന്നുള്ള ആശ്വാസമാണ് പ്രതീക്ഷിച്ചത്. ട്രംപിന്റെ ഒരുവര്‍ഷത്തെ ഭരണം പ്രതിസന്ധി തീക്ഷ്ണമാക്കിയിരിക്കുന്നു. ട്രംപിന്റെ ഓരോ നടപടിയും പരിഹാസ്യവും പ്രശ്നങ്ങളെ കലുഷിതവുമാക്കുകയാണ്.

ലോസ്ഏഞ്ചലോസ് ടൈംസ് എഴുതിയതുപോലെ “പുതിയ പ്രസിഡന്റ് മൊത്തത്തില്‍ ശബ്ദവും ഗോഷ്ടിയുമായി മാറുമെന്ന്, അദ്ദേഹത്തിന്റെ ഏറ്റവും മോശപ്പെട്ട ചോദനകള്‍ക്കുള്ള തടയായി വൈറ്റ്ഹൗസില്‍ അദ്ദേഹത്തിന് ചുറ്റും നില്‍ക്കുന്നവര്‍ പ്രവര്‍ത്തിക്കുമെന്നും, പദവിയുടെ ഭയങ്കരമായ ഉത്തരവാദിത്വങ്ങള്‍ മൂലം പതം വന്നവനായി അദ്ദേഹം മാറുമെന്നുമുള്ള നേര്‍ത്ത പ്രതീക്ഷയും മറ്റ് ദശലക്ഷക്കണക്കിന് അമേരിക്കക്കാരെപോലെ ഞങ്ങളും ഒട്ടിനിന്നു……… അതിനുപകരം 70-ലേറെ ദിവസങ്ങള്‍ക്കുശേഷം-അദ്ദേഹം കാലാവധി പൂര്‍ത്തിയാക്കുന്നതിന് ഇനിയും ഏതാണ്ട് 1400 ദിവസം ബാക്കിയുണ്ട്-ഈ പ്രതീക്ഷകള്‍ അസ്ഥാനത്താണെന്നും കൂടുതല്‍ വ്യക്തമാകുകയാണ്.”

അധികാരമേറ്റെടുത്ത ട്രംപ് കുടിയേറ്റക്കാര്‍ക്കെതിരെയും സ്ത്രീകള്‍ക്കെതിരെയും മുസ്ലീങ്ങള്‍ക്കെതിരെയും തീവ്രവലതുപക്ഷ നിലപാടുകളില്‍ നിന്നുള്ള അക്രമണമാണ് നടത്തിയത്. പൗരാവകാശങ്ങളോടുള്ള അവജ്ഞയും ഇസ്ലാം ഭയവും അടിസ്ഥാനമാക്കി ട്രംപ് നടത്തിയ പ്രചാരണം അമേരിക്കയില്‍ പലയിടങ്ങളിലും വംശീയാക്രമണങ്ങള്‍ സൃഷ്ടിച്ചു. ട്രംപ് ഭരണത്തിന്റെ ഒരു വര്‍ഷക്കാലത്തിനിടയില്‍ കുടിയേറ്റക്കാര്‍ക്കുനേരെയുള്ള അക്രമങ്ങള്‍ മുന്‍കാലത്തേക്കാള്‍ വര്‍ദ്ധിച്ചു. ഒരു സോഫ്റ്റ്വെയര്‍ പ്രൊഫഷണല്‍ വെടിവെച്ച് കൊല്ലപ്പെട്ടതും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റതും ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ്. ഇന്ത്യക്കാര്‍, ആഫ്രോ അമേരിക്കക്കാര്‍, ലാറ്റിനമേരിക്കക്കാര്‍, മുസ്ലീങ്ങള്‍ എന്നിവര്‍ക്കുനേരെയുള്ള അക്രമണം അമേരിക്കയുടെ വിവിധഭാഗങ്ങളില്‍ നിന്നും റിപ്പോര്‍ട്ടുചെയ്യപ്പെടുന്നു.

ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെ തടഞ്ഞുകൊണ്ടുള്ള ഉത്തരവ് സാര്‍വദേശീയ സമൂഹം വിവാദപരമായി ചര്‍ച്ചചെയ്യപ്പെട്ടതാണ്. ആറ് അറബ് രാജ്യങ്ങള്‍ക്കാണ് വിസ നിഷേധിക്കുന്ന ഉത്തരവിറക്കിയത്. വലിയ പ്രതിഷേധത്തെ തുടര്‍ന്നാണ് ആ ഉത്തരവ് പിന്‍വലിക്കാന്‍ ട്രംപ് നിര്‍ബന്ധിതനായത്. അമേരിക്കയില്‍ പ്രൊഫഷണലുകള്‍ക്ക് എച്ച്1-ബി വിസ നല്‍കുന്നത് പരിമിതപ്പെടുത്തുന്ന നടപടിക്കാണ് ട്രംപ് ഒരുങ്ങിയത്. ഈയൊരു സാഹചര്യം അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന പല ഇന്ത്യന്‍ കമ്പനികളെയും ഇന്ത്യന്‍ തൊഴിലാളികളെയും അനിശ്ചിതാവസ്ഥയില്‍ എത്തിച്ചു. ഇപ്പോള്‍ അമേരിക്കയില്‍ 5 ലക്ഷത്തിലേറെ ഐ.ടി പ്രൊഫഷണലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഇന്ത്യന്‍ വംശജരായ തൊഴിലാളികള്‍ ട്രംപ് അധികാരത്തില്‍ വന്നതിനുശേഷം വലിയ അരക്ഷിതത്വമാണ് നേരിടുന്നത്. ആവശ്യമായ രേഖകളില്ലാതെ അമേരിക്കയില്‍ താമസിക്കുന്ന 8 ലക്ഷത്തോളം പേരെ കുടിയൊഴിപ്പിക്കുമെന്ന ഭീഷണിയാണ് ട്രംപ് മുഴക്കിയത്. ഇതിനെതിരെ അമേരിക്കകത്ത് ഉയര്‍ന്നുവരുന്ന പ്രതിഷേധത്തിന്റെ പ്രതിഫലനമാണ് ധനവിനിയോഗബില്ലിന്റെ വോട്ടെടുപ്പില്‍ കണ്ടത്. ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍മാരില്‍ ഒരു വിഭാഗവും ഈ കടുത്ത വംശീയ വിദ്വേഷ നടപടിയെ ചോദ്യം ചെയ്തുവെന്നതാണ് ആഹ്ലാദകരമായ കാര്യം.

രക്ഷിതാക്കള്‍ക്കൊപ്പം ആവശ്യമായ രേഖകളില്ലാതെ അമേരിക്കയില്‍ കുടിയേറിപ്പാര്‍ത്തവരെ മാര്‍ച്ച് 5-നകം കുടിയൊഴുപ്പിക്കുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനത്തിനെതിരെയാണ് ഡെമോക്രാറ്റുകള്‍ രംഗത്തിറങ്ങിയത്. കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിനുള്ള കാലാവധി നീട്ടിയാല്‍ മാത്രമെ ബജറ്റിന് അംഗീകാരം നല്‍കാന്‍ കഴിയൂവെന്ന നിലപാടാണ് ഡെമോക്രാറ്റുകള്‍ സ്വീകരിച്ചത്. ആംഗ്ലോസാങ്ങ്സണ്‍ വെള്ളമേധാവിത്വത്തിന്റെ പ്രതിനിധിയായ ട്രംപ് വിട്ടുവീഴ്ചക്ക് തയ്യാറാകാത്ത സാഹചര്യമാണ് ധനവിനിയോഗബില്ല് അംഗീകാരം നല്‍കുന്നതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഡെമോക്രാറ്റുകളെ നിര്‍ബന്ധിതമാക്കിയത്.

ഡെമോക്രാറ്റുകള്‍ ബില്ലിനെതിരെ വോട്ടുചെയ്തു. കുടിയേറ്റ ബില്‍ പരിഗണിക്കുന്ന വേളയിലെ കാലാവധി നീട്ടുന്ന കാര്യം ആലോചിക്കാനാവൂ എന്ന കടുത്ത നിലപാടിലായിരുന്നു ട്രംപ്. കഴിഞ്ഞ വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെ ബില്‍ സെനറ്റില്‍ പരാജയപെട്ടതോടെ ട്രഷറിയിലുള്ള പണമെടുത്ത് ചെലവഴിക്കാന്‍ കഴിയാത്ത അവസ്ഥയിലായി ട്രംപ് സര്‍ക്കാര്‍.

അമേരിക്കന്‍ ഭരണത്തിലും സമ്പദ്ഘടനയിലും വലിയ ആഘാതമുണ്ടാക്കുന്ന ഷട്ഡൗണ്‍ പ്രതിസന്ധിയില്‍ പിടിച്ചുനില്‍ക്കാനാവാതെ റിപ്പബ്ലിക്കന്മാര്‍ക്ക് ഡെമോക്രാറ്റുകളുമായി ചര്‍ച്ച ചെയ്ത് പ്രശ്നപരിഹാരം ഉണ്ടാക്കേണ്ടിവന്നു. കുടിയേറ്റക്കാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുമെന്നും ഉറപ്പ് നല്‍കേണ്ടിവന്നു. ഡെമോക്രാറ്റുകളുടെ വിജയമാണിത്. തീവ്രവലതുപക്ഷനയങ്ങള്‍ക്കെതിരായി അമേരിക്കകത്ത് വളര്‍ന്നുവരുന്ന ശക്തമായ പ്രതിഷേധത്തിന്റെ സൂചനകൂടിയാണ് ഈ സംഭവം. ഡെമോക്രാറ്റുകള്‍ ട്രംപിന്റെ വംശീയ വിദ്വേഷ നയങ്ങള്‍ക്കെതിരായി നടത്തുന്ന ചെറുത്തുനില്‍പ്പിന്റെ വിജയകരമായൊരു ചുവടാണ് കുടിയേറ്റപ്രശ്നത്തില്‍ ഉണ്ടായിരിക്കുന്നത്.

കെ.ടി. കുഞ്ഞിക്കണ്ണന്‍

സി.പി.ഐ.എം നേതാവും കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടറുമാണ് ലേഖകന്‍

We use cookies to give you the best possible experience. Learn more