അമേരിക്കന്‍ ധാര്‍ഷ്ട്യത്തിന് തിരിച്ചടിയേല്‍ക്കുമ്പോള്‍
Middle East
അമേരിക്കന്‍ ധാര്‍ഷ്ട്യത്തിന് തിരിച്ചടിയേല്‍ക്കുമ്പോള്‍
പി കെ നിയാസ്
Thursday, 28th December 2017, 2:34 am

അധിനിവേശ ജറൂസലമിനെ ഇസ്രായില്‍ തലസ്ഥാനമായി പ്രഖ്യാപിക്കുകയും അമേരിക്കന്‍ എംബസി അവിടെക്ക് മാറ്റാന്‍ ഉത്തരവിടുകയും ചെയ്ത യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നടപടിക്കെതിരെ യെമനും തുര്‍ക്കിയും ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ കൊണ്ടുവന്ന പ്രമേയം ഒമ്പതിനെതിരെ 128 വോട്ടുകള്‍ക്ക് പാസ്സായത് അമേരിക്കന്‍ ഹുങ്കിനെതിരായ ലോക രാജ്യങ്ങളുടെ ശക്തമായ പ്രതികരണമായാണ് വിലയിരുത്തപ്പെടുന്നത്. ഡിസംബര്‍ 18ന് യു.എന്‍ രക്ഷാസമിതിയില്‍ ഇതേ വിഷയത്തില്‍ മുഴുവന്‍ അംഗരാജ്യങ്ങളുടെയും എതിര്‍പ്പ് നേരിടേണ്ടി വന്ന അമേരിക്കക്ക് മൂന്നു ദിവസത്തിനകം ഡിസംബര്‍ 21ന് പൊതു സഭയില്‍ രണ്ടാമത്തെ പ്രഹരമേറ്റു.

അര നൂറ്റാണ്ടായി തുടരുന്ന ജറൂസലമിലെ ഇസ്രായില്‍ അധിനിവേശം അന്താരാഷ്ട്ര സമൂഹം അംഗീകരിച്ചിട്ടില്ല. ജറൂസലമില്‍നിന്ന് പിന്മാറാന്‍ 1967-ല്‍ രക്ഷാസമിതി പാസാക്കിയ 242-ാം നമ്പര്‍ പ്രമേയം ഇസ്രായില്‍ പാലിച്ചില്ലെന്നു മാത്രമല്ല, ജറൂസലം തലസ്ഥാനമായി പ്രഖ്യാപിച്ച് 1980-ല്‍ നിയമം പാസ്സാക്കി.. പ്രസ്തുത നടപടി 478-ാം നമ്പര്‍ പ്രമേയത്തിലൂടെ നിയമവിരുദ്ധമാണെന്ന് യു.എന്‍ പ്രഖ്യാപിച്ചെങ്കിലും ഇസ്രായില്‍ വഴങ്ങിയില്ല.

1967-ലെ യുദ്ധത്തില്‍ പിടിച്ചെടുത്ത പ്രദേശങ്ങളില്‍നിന്ന് ഇസ്രായില്‍ പിന്മാറുകയും കിഴക്കന്‍ ജറൂസലം ആസ്ഥാനമായി സ്വതന്ത്ര രാഷ്ട്രം രൂപംകൊള്ളുകയും ചെയ്യുന്ന ഒരു ദിനം ഫലസ്തീനികള്‍ ഏറെക്കാലമായി സ്വപ്നം കാണുന്നു. എന്നാല്‍ ജറൂസലം ഇസ്രായിലിന്റെ അവിഭാജ്യ ഭാഗമാണെും അതേക്കുറിച്ച ചര്‍ച്ച പോലുമില്ലെന്നാണ് ഇസ്രായില്‍ നിലപാട്. ലോക നിയമങ്ങളെ വെല്ലുവിളിക്കുന്ന ഇസ്രായില്‍ നടപടിയെ വെള്ളപൂശുകയാണ് ജറൂസലം പ്രഖ്യാപനത്തിലൂടെ ട്രംപ് ചെയ്തത്.

Image result for jerusalem voting

 

ലോബിയിംഗല്ല, പരസ്യ ഭീഷണി

ട്രംപിന്റെ അപകടകരമായ ചെയ്തി വന്‍ പ്രതിഷേധത്തിന് ഇടവെയ്ക്കുമെന്നും വിഷയം യു.എന്നില്‍ ഉന്നയിക്കപ്പെടുമെന്നും അമേരിക്കന്‍ ഭരണകൂടത്തിന് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ വിവിധ രാജ്യങ്ങളെ ഒപ്പം നിര്‍ത്താന്‍ ചരിത്രത്തില്‍ ഇന്നു വരെ കേട്ടിട്ടില്ലാത്ത ലോബിയിംഗാണ് യു.എന്നില്‍ അമേരിക്ക നടത്തിയത്. യു.എന്നില്‍ ലോംബിയിംഗ് നടക്കാറുണ്ട്. എന്നാല്‍ തങ്ങളോടൊപ്പം നിന്നില്ലെങ്കില്‍ കടുത്ത ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്ന തരത്തിലുള്ള ഭീഷണികള്‍ പതിവില്ല.

ജറൂസലം വിഷയത്തില്‍ അറബ്, മുസ്‌ലിം രാജ്യങ്ങള്‍ കൊണ്ടുവരുന്ന പ്രമേയത്തെ അനുകൂലിച്ചു വോട്ടു ചെയ്യരുതെന്ന ഭീഷണിയാണ് ട്രംപും യു.എന്നിലെ അമേരിക്കന്‍ സ്ഥാനപതി നിക്കി ഹാലെയും നല്‍കിയത്. ഇതിനകം ലോകത്തിനും അമേരിക്കന്‍ ജനതക്കും തലവേദനയായി മാറിയ ട്രംപ് അന്താരാഷ്ട്ര മര്യാദ പാലിക്കാന്‍ പോലും തയ്യാറാല്ലെന്നതിന്റെ സൂചനയായാണ് ലോക രാജ്യങ്ങള്‍ ഈ ഭീഷണിയെ കണ്ടത്.

ഒന്നാമതായി ഐക്യരാഷ്ട്ര സഭയുടെയും അതുവഴി അന്താരാഷ്ട്ര സമൂഹത്തിന്റെയും പ്രഖ്യാപിത നിലപാടിനെതിരാണ് ജറൂസലമിനെ തലസ്ഥാനമായി പ്രഖ്യാപിക്കുകയും യു.എസ് എംബസി തെല്‍ അവീവില്‍നിന്ന് ജറൂസലമിലേക്ക് മാറ്റുകയും ചെയ്യുമെന്ന അമേരിക്കന്‍ പ്രഖ്യാപനം. രണ്ടാമതായി, ജനാധിപത്യത്തെയും അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തെയും വെല്ലുവിളിക്കുന്നതായി ഡോണാള്‍ഡ് ട്രംപിന്റെ നടപടി. ഇവ രണ്ടും അംഗീകരിക്കാനാവില്ലെന്ന ലോകരാജ്യങ്ങളുടെ വികാരമാണ് പൊതു സഭയില്‍ കണ്ടത്.

Image result for trump jerusalem announcement

 

യു.എന്നില്‍ തങ്ങളുടെ ചൊല്‍പടിക്ക് നില്‍ക്കാന്‍ ചെറിയ രാജ്യങ്ങളോട് മാത്രമല്ല അമേരിക്ക സ്വരം കടുപ്പിക്കാറുള്ളത്. 2002ല്‍ ഇറാഖിനെ ആക്രമിക്കാനുള്ള പ്രമേയത്തെ യു.എന്‍ രക്ഷാസമിതിയില്‍ പിന്തുണക്കില്ലെന്ന് വ്യക്തമാക്കിയതിന് വീറ്റോ അധികാരമുള്ള ഫ്രാന്‍സിനെതിരെ അന്നത്തെ പ്രസിഡന്റ് ജോര്‍ജ് ഡബ്ലിയു ബുഷ് വ്യാപകമായ പ്രചാരണം അഴിച്ചുവിട്ടിരുന്നു. അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറാണ് പ്രമേയത്തിന് സമ്മര്‍ദ്ദം ചെലുത്തിയത്. ബുഷ് അതിനെ പിന്തുണക്കുകയും ചെയ്തു. എന്നാല്‍ പരാജയപ്പെടുമെന്ന് ഉറപ്പായതോടെ പ്രമേയം പിന്‍വലിക്കുകയായിരുന്നു.

അമേരിക്കക്കും ഇസ്രായിലിനും പുറമെ പ്രമേയത്തെ ഏതിര്‍ത്ത് വോട്ടു ചെയ്തത് വെറും ഏഴു രാജ്യങ്ങളാണ്. അവയാകട്ടെ, ലോക ഭൂപടത്തില്‍ ഏറെയൊന്നും ശ്രദ്ധിക്കപ്പെടാത്ത ബനാന റിപ്പബ്ലിക്കുകളാണ്. അമേരിക്കയുടെ കണ്ണൂരുട്ടലില്‍ അവര്‍ ഭയപ്പെടാന്‍ കാരണമുണ്ട്. ഈ രാജ്യങ്ങള്‍ പലതും യു.എസ് സഹായം പറ്റുന്നവയാണ്. അതിനാല്‍ നിലനില്‍പിന്റെ പ്രശ്‌നമുണ്ട്. അമേരിക്കയെ എല്ലായ്‌പ്പോഴും പിന്തുണക്കാറുള്ള കാനഡ, ഓസ്‌ട്രേലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പോലും ഇത്തവണ സഹായത്തിനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്.

കാനഡയും ചെക്ക് റിപ്പബ്ലിക്കും ഹംഗറിയുമൊക്കെ അമേരിക്കക്ക് അനുകൂലമായി നില്‍ക്കുമെന്നായിരുന്നു വോട്ടെടുപ്പിനു തലേന്ന് ചില രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നത്. എന്നാല്‍ പ്രസ്തുത രാജ്യങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ആരോടൊപ്പവുമില്ല എന്ന് ഇതിനെ വ്യഖ്യാനിക്കാമെങ്കിലും മറ്റു സന്ദര്‍ഭങ്ങളില്‍ വിട്ടുനില്‍ക്കുന്നത് പോലെയല്ല ഈ നിലപാട് എന്നതാണ് യാഥാര്‍ഥ്യം.

 

Image result for nikki haley jerusalem voting

നിക്കി ഹാലെ

വാഷിംഗ്ടണിന് ഏറ്റവും നിര്‍ണായകമായ ഒരു ഘട്ടത്തില്‍, ലോകത്തിനു മുന്നില്‍ ട്രംപും അമേരിക്കയും നാണംകെടുന്ന സന്ദര്‍ഭത്തിലാണ് പിന്തുണ നല്‍കാതെ ഈ 35 രാഷ്ട്രങ്ങള്‍ വിട്ടുനില്‍ക്കുന്നത്. അത് അമേരിക്കയുടെ വെല്ലുവിളിക്കും ധിക്കാരത്തിനുമെതിരായ നീക്കമായി തന്നെ വിലയിരുത്തണം. കാരണം, ഈ രാജ്യങ്ങളെല്ലാം ഫലസ്തീന് എതിരെയാണെന്ന് പറയാനും പറ്റില്ല.

ഇവയില്‍ കുറെ രാജ്യങ്ങള്‍ മുമ്പ് ജനറല്‍ അസംബ്ലിയില്‍ ഫലസ്തീന്‍ രാഷ്ടത്തിന് അനുകൂലമായി വോട്ടു ചെയ്തിട്ടുണ്ട്. എന്തിനധികം, പ്രമേയത്തെ എതിര്‍ത്ത് വോട്ടു ചെയ്ത ഹോണ്ടുറാസ് 2011ല്‍ സ്വതന്ത്ര ഫലസ്തീനെ അംഗീകരിക്കുകയും 2013 മേയില്‍ നയതന്ത്ര ബന്ധം സ്ഥാപിക്കുകയും ചെയ്തതാണ്. ചിലി കഴിഞ്ഞാല്‍ ലാറ്റിനമേരിക്കയില്‍ ഏറ്റവുമധികം ഫലസ്തീനികളുള്ള രാജ്യം കൂടിയാണ് ഹോണ്ടുറാസ്.

അതിനാല്‍, ജറൂസലം വിഷയത്തില്‍ അമേരിക്കക്ക് അനുകൂലമായി നില്‍ക്കുക വഴി ഹോണ്ടുറാസ് തത്വത്തില്‍ തങ്ങളുടെ നിലപാടില്‍ വെള്ളം ചേര്‍ക്കുകയാണ് ചെയ്തത്. കാരണം, ജറൂസലമിനെ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കന്‍ നടപടിയെ പിന്തുണക്കുകയെന്നാല്‍ ഫലസ്തീന്‍ രാഷ്ട്രത്തിന്റെ സ്ഥാപനത്തെ എതിര്‍ക്കുകയാണെന്നര്‍ഥം. ഗ്വാട്ടിമാലയുടെ കാര്യത്തിലും ഇതാണവസ്ഥ.

നയതന്ത്ര ബന്ധം സ്ഥാപിച്ചില്ലെങ്കിലും 2013 ഏപ്രിലില്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചിട്ടുണ്ട് ഗ്വാട്ടിമാല. അതുപോലെ, രക്ഷാസമിതിയില്‍ നടന്ന വോട്ടെടുപ്പില്‍ അമേരിക്കയെ എതിര്‍ത്തിരുന്ന യുക്രൈന്‍ വോട്ടിംഗില്‍ പങ്കെടുത്തതു പോലുമില്ല.

Image result for trump and netanyahu

 

അമേരിക്കയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മുസ്്‌ലിം രാജ്യങ്ങള്‍ ഈ വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ചു. ഇസ്രായില്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം അമേരിക്കന്‍ സഹായം പറ്റുന്ന ഈജിപ്തും ജോര്‍ദാനും വാഷിംഗ്ടണൊപ്പം നിലയുറപ്പിച്ചില്ല. ഈ വിഷയത്തില്‍ ഏതെങ്കിലും മുസ്‌ലിം രാജ്യം വിട്ടുനില്‍ക്കുന്നതു പോലും ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കുമായിരുന്നു. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ ബോസ്‌നിയ ഹെര്‍സഗോവിന മാത്രമാണ് വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നത്. എന്നാല്‍ ആഗോള മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപറേഷനില്‍ (ഒ.ഐ.സി) ബോസ്‌നിയ ഇതുവരെ പൂര്‍ണാംഗമായിട്ടില്ല.

വീറ്റോ എന്ന വില്ലന്‍

യു.എന്നിന്റെ ഏറ്റവും വലിയ പരാജയം രക്ഷാസമിതിയിലെ അഞ്ച് രാഷ്ട്രങ്ങള്‍ക്കുള്ള വീറ്റോ അധികാരമാണ്. ഈ വീറ്റോ പ്രയോഗമാവട്ടെ, അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രമേ നീതിയുടെയും ന്യായത്തിന്റെയും അടിസ്ഥാനത്തില്‍ നടപ്പാക്കപ്പെടാറുള്ളൂ. നേരത്തെ ഇറാഖിലും ഇപ്പോള്‍ സിറിയ, യെമന്‍ തുടങ്ങിയ രാജ്യങ്ങളിലും ഭീകരമായ യുദ്ധങ്ങള്‍ അനന്തമായി തുടരാന്‍ കാരണം വീറ്റോ അധികാരമുള്ള രാജ്യങ്ങളുടെ അന്യായമായ ഇടപെടലുകളാണ്. രക്ഷാസമിതിയില്‍ പാസ്സാക്കപ്പെടുന്ന പ്രമേയങ്ങള്‍ക്ക് മാത്രമാണ് നിയമസാധുത.

ജറൂസലം വിഷയത്തില്‍ രക്ഷാസമിതിയിലെ 14 രാജ്യങ്ങളും ഒറ്റക്കെട്ടായി അമേരിക്കന്‍ നിലപാടുകള്‍ക്കെതിരെ രംഗത്തുവന്നിട്ടും പ്രമേയത്തെ വീറ്റോ ചെയ്്ത് ലോക നിലപാടിനെ തള്ളുകയായിരുന്നു അമേരിക്ക. ഇസ്രായിലുമായി ബന്ധപ്പെട്ട മിക്കവാറും എല്ലാം പ്രമേയങ്ങളും പരിഗണനക്കെടുമ്പോള്‍ വീറ്റോ ചെയ്യുകയോ വിട്ടുനില്‍ക്കുകയോ ചെയ്യുന്ന നിലപാടാണ് ഇത:പര്യന്തം അമേരിക്ക സ്വീകരിച്ചു പോന്നിരുന്നത്.

Image result for trump veto

 

എന്നാല്‍ തിങ്കളാഴ്ചത്തെ രക്ഷാസമിതി പ്രമേയം അമേരിക്കയുടെ ഒറ്റപ്പെടലിലാണ് അവസാനിച്ചത്. യു.എന്‍ പൊതു സഭയില്‍ പാസ്സാക്കുന്ന പ്രമേയങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം നടപ്പാക്കാനുള്ള വ്യവസ്ഥ ഇല്ലെങ്കിലും വിഷയത്തില്‍ ലോക രാജ്യങ്ങളുടെ പൊതു നിലപാട് പ്രതിഫലിപ്പിക്കാന്‍ ്അത് സഹായകമാകും. അതിനാല്‍ വ്യാഴാഴ്ച 128 രാഷ്ട്രങ്ങള്‍ അമേരിക്കക്ക് എതിരെ വോട്ടു ചെയ്തത് ലോകത്തിനു മുന്നില്‍ വാഷിംഗ്്ടണിനെ പൂര്‍ണമായും ഒറ്റപ്പെടുത്തി. നാലു ദിവസത്തിനിടയില്‍ രണ്ടു തവണ ലോക വേദിയില്‍ അമേരിക്ക തോല്‍ക്കുന്നത് ചെറിയ കാര്യമല്ല.

ഇന്ത്യന്‍ നിലപാട്

ജറൂസലം വിഷയത്തില്‍ ഇന്ത്യ സ്വീകരിച്ച നിലപാട് പ്രശംസനീയമാണ്. ഫലസ്തീനൊപ്പം എന്നും നിലകൊണ്ട രാഷ്്ട്രമാണ് നമ്മുടേത്. ഇസ്രായേലുമായി 1992ല്‍ നയതന്ത്ര ബന്ധം സ്ഥാപിച്ചതോടെ ഇന്ത്യയുടെ നിലപാടില്‍ അറബ് രാജ്യങ്ങള്‍ക്ക് സംശയം വന്നുവെന്നത് നേരാണ്. കേന്ദ്രത്തില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള സംഘ്പരിവാര്‍ സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ ഇന്ത്യയുടെ ഇസ്രായില്‍ ബാന്ധവം ശക്തിപ്പെടുകയും നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടെ അത് പാരമ്യത്തിലെത്തുകയും ചെയ്തു. പുതിയ സാഹചര്യത്തില്‍ അമേരിക്കയെയും ഇസ്രായിലിനെയും പിണക്കുന്ന നിലപാട് ഇന്ത്യ സ്വീകരിക്കില്ലെന്നും വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുമെന്നുമാണ് പൊതുവെ കരുതപ്പെട്ടിരുന്നത്.

എന്നാല്‍, എല്ലാവരെയും ഞെട്ടിച്ച് ഫലസ്തീനികളുടെ വികാരത്തിനൊപ്പംനിന്ന് പതിറ്റാണ്ടുകളായി മുറുകെപ്പിടിക്കുന്ന സ്വതന്ത്ര ഫലസ്തീന്‍ എന്ന പ്രഖ്യാപിത നിലപാട് വ്യക്തമാക്കുകയാണ് ഇന്ത്യ ചെയ്തത്. സുബ്രഹ്മണ്യന്‍ സ്വാമി പോലെയുള്ള ഇസ്രായേല്‍ അനുകൂലികളും സംഘ്പരിവാറിലെ ചില നേതാക്കളും സ്വാഭാവികമായും ഇന്ത്യയുടെ നിലപാടിനെതിരെ രംഗത്തുവന്നിട്ടുണ്ട്. എന്തുകൊണ്ട് മോഡിയുടെ ഫലസ്തീന്‍ നയം ഇങ്ങനെയായി എന്നതിനു പിന്നില്‍ രാഷ്ട്രീയമുണ്ടെന്നത് മറ്റൊരു കാര്യം.

 

 

ഇന്ത്യയുടെ നിലപാടിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്ത അസമിലെ ഓള്‍ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് നേതാവ് ബദ്‌റുദ്ദീന്‍ അജ്മലിനോട്, നന്ദിയുണ്ടെന്നും ഇനി നിങ്ങള്‍ ബി.ജെ.പിക്ക് വോട്ടുചെയ്യില്ലേയെന്നും മറുപടി നല്‍കിയ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ വാചകങ്ങളില്‍ അത് പ്രതിഫലിക്കുന്നുണ്ട്.

ട്രംപിനും നെതന്യാഹുവിനുമൊപ്പം സഞ്ചരിക്കുന്ന മോദി സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തുമെന്ന് ശുഭാപ്തി വിശ്വാസികള്‍ പോലും കരുതിയിട്ടുണ്ടാവില്ല. എന്നാല്‍, അറബ് രാജ്യങ്ങള്‍ക്കിടയിലെ വിശ്വാസ്യത നിലനിര്‍ത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ചേടത്തോളം അനിവാര്യമാണ്. സമാധാന ചര്‍ച്ചകളില്‍ ഇനി അമേരിക്കക്ക് സ്ഥാനമില്ലെന്ന് ഫലസ്തീനികള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ക്ക് പ്രശ്‌നത്തില്‍ സജീവമായി ഇടപെടാന്‍ സാധിക്കുമെന്ന് ചിന്തിക്കുന്നവര്‍ അറബ് ലോകത്തുണ്ടെന്നതും വിസ്മരിക്കാനാവില്ല.

ട്രംപിന്റേത് വാചോടാപം

അമേരിക്കക്ക് എതിരെ വോട്ടുചെയ്ത രാജ്യങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തലാക്കുമെന്ന ട്രംപിന്റെ പ്രസ്താവന ജോര്‍ദാന്‍ പോലുള്ള യു.എസിന്റെ സുഹൃദ് രാജ്യങ്ങള്‍ കാര്യമാക്കുന്നില്ല. സ്ഥിരതയുള്ള ജോര്‍ദാന്‍ മേഖലയില്‍ അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് അനിവാര്യമാണെന്ന് വാഷിംഗ്ടണിന് നല്ല ബോധ്യമുണ്ടെന്നാണ് ഒരു ജോര്‍ദാന്‍ മന്ത്രി പ്രതികരിച്ചത്.

On fire: Palestinian Christians in Bethlehem, the birthplace of Jesus, burned pictures of President Donald Trump on Tuesday to protest his anticipated recognition of Jerusalem as Israel

 

പ്രതിവര്‍ഷം 120 കോടി ഡോളറാണ് ജോര്‍ദാന് അമേരിക്ക നല്‍കിവരുന്ന സഹായം. 130 കോടി ഡോളര്‍ വാര്‍ഷിക സൈനിക സഹായം ലഭിക്കുന്ന ഈജിപ്താകട്ടെ, മേഖലയില്‍ ഇസ്രായിലുമായുള്ള ഇടപെടലുകളില്‍ അമേരിക്കക്ക് പാലമായി വര്‍ത്തിക്കുന്ന രാജ്യമാണ്.

ഇസ്‌ലാമിസ്റ്റുകളെ അധികാരത്തില്‍നിന്ന് അകറ്റാന്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുര്‍സിയുടെ നേതൃത്വത്തിലുള്ള പ്രഥമ ഈജിപ്ഷ്യന്‍ സര്‍ക്കാറിനെ അട്ടിമറിക്കുന്നതിന് പട്ടാള മേധാവിയായിരുന്ന അല്‍ സീസിക്ക് പൂര്‍ണ പിന്തുണ നല്‍കിയത് അമേരിക്കയും മേഖലയിലെ ചില അറബ് രാജ്യങ്ങളുമായിരുന്നു.

ഇസ്രായിലുമായി അതിര്‍ത്തി പങ്കിടുന്ന സീനായിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ ഈജീപ്തിനെന്നതു പോലെ ഇസ്രായിലിനും ഭീഷണിയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ കൈറോയെ കയ്യൊഴിയാന്‍ വാഷിംഗ്ടണിന് സാധ്യവുമല്ല. അതേസമയം, തലതിരിഞ്ഞ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് കുപ്രസിദ്ധനായ ട്രംപ് ഇരു രാജ്യങ്ങള്‍ക്കുമുള്ള സാമ്പത്തിക സഹായങ്ങള്‍ നിര്‍ത്തലാക്കിയാലും അത് താല്‍ക്കാലികമാവാനേ തരമുള്ളൂ. ചുരുക്കത്തില്‍ ജറൂസലം പ്രഖ്യാപനത്തിലൂടെ അമേരിക്ക ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ടിരിക്കുന്നു. തീരുമാനം മാറ്റുക മാത്രമാണ് ട്രംപിനു മുന്നിലുള്ള ഏക മാര്‍ഗം.