“” അംബേദ്കര്‍ പറഞ്ഞതുപോലെ വിവാഹവും സ്വത്തവകാശവുമൊന്നും ആര്‍ട്ടിക്കിള്‍ 25ഉം 26ഉം പ്രകാരം സംരക്ഷിക്കപ്പെടേണ്ട മതപരമായ അനുഷ്ഠാനങ്ങളുടെ ഭാഗമല്ല. ഒരു ഭരണാഘടനാധിഷ്ഠിത മതേതര ജനാധിപത്യസംവിധാനം എന്ന നിലയില്‍ പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും പൗരരേയും സമൂഹത്തേയും മതത്തിന്റേയും ആചാരങ്ങളുടെയും ഇരുണ്ട ഇടനാഴികളില്‍ തളച്ചിടാന്‍ ഉള്ള ശ്രമങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതാാണ്. ഇസ്‌ലാമിക നിയമങ്ങളില്‍ മാത്രമല്ല മറ്റിടങ്ങളിലേക്കും നവീകരണത്തിന്റെ പ്രകാശം കടന്നു ചെല്ലുവാന്‍ ഈ വിധി കാരണമാകട്ടെ.
മുത്തലാഖുമായിബന്ധപ്പെട്ട സുപ്രീം കോടതി വിധി ശ്രദ്ധിക്കപ്പെടുന്നത് 3:2 അനുപാതത്തില്‍, “തലാഖ് ഉല്‍ ബിദ്ദത്ത്” അസാധുവാണെന്നു കണ്ടെത്തി എന്നതുകൊണ്ടല്ല, അത്തരം ഒരു വിധിയിലേക്കെത്താന്‍ ന്യായാധിപര്‍ ചൂണ്ടിക്കാട്ടിയ കാരണങ്ങളാലാണ് ശ്രദ്ധേയമാകുന്നത്.
എന്തുകൊണ്ടെന്നാല്‍ 2002ല്‍ തന്നെ മുത്തലാഖിന് നിയമസാധുതയില്ലെന്ന് സുപ്രീം കോടതി വിധിച്ചിരുന്നതാണ്. ഷാമിം ആര കേസില്‍. ആര്‍ട്ടിക്കിള്‍ 141 പ്രകാരം അതാണ് രാജ്യത്തെ നിയമം. ഇപ്പോഴത്തെ വിധിയില്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ നിയമ വിദഗ്ദ്ധര്‍ ഉറ്റു നോക്കിയിരുന്ന വിഷയം സുപ്രീം കോടതി എതു മാര്‍ഗേണയാണ് മുത്തലാഖ് വിഷയം തീര്‍പ്പാക്കുക എന്നതാണ്.
ഒരു മതപരമായ ആചാരം ആര്‍ട്ടിക്കിള്‍ 25 പ്രകാരം ഭരണഘടന സംരക്ഷണം നല്‍കുന്ന മതാനുഷ്ഠാന സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുമോ എന്ന് പരിശോധിക്കുക എന്നതാണ് ആദ്യ മാര്‍ഗം. രണ്ടാമത്തെ രീതി ഈ ആചാരം ഭരണഘടനാ വിരുദ്ധമാണൊ, മൗലീകാവകാശങ്ങളെ ലംഘിക്കുന്നുണ്ടോ എന്നീ കാര്യങ്ങള്‍ പരിശോധിക്കലാണ്.
ഇത്തരത്തില്‍ ഭരണഘടനാതത്വങ്ങളുമായി ക്രോഡീകരിക്കാത്ത വ്യക്തിനിയമങ്ങളെ മാറ്റുരച്ചു നോക്കാനാകില്ലെന്ന 1951ലെ ബോംബേ ഹൈക്കോടതി വിധി (The State Of Bombay v-s Narasu Appa Mali on 24 July, 1951) ആണ് പൊതുവെ പിന്തുടര്‍ന്നു പോരുന്നത്.
അതുകൊണ്ടു തന്നെ കോടതിയുടെ മുന്നില്‍ 3 മാര്‍ഗങ്ങളാണ് ഉണ്ടായിരുന്നത്. (1)മുത്തലാക്ക് ഇസ്‌ലാമിന്റെ അഭിവാജ്യമായ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമാണോ എന്നു നോക്കുക, (2) മുത്തലാഖ് ക്രോഡീകൃത വ്യക്തി നിയമത്തിന്റെ ഭാഗമാണോ എന്ന കാര്യം പരിഗണിച്ച്, ആണെങ്കില്‍ അത് ഭരണഘടനാ വിരുദ്ധമാണോ എന്നു പരിശോധിക്കുക (3) ക്രോഡീകരിക്കപ്പെടാത്ത വ്യക്തി നിയമങ്ങള്‍ മൗലീകാവകാശലംഘനമാണോ എന്ന കാര്യം അന്വേഷിക്കാന്‍ കഴിയില്ല എന്ന നരസു അപ്പ വിധി പുനപരിശോധിച്ച്, മുത്തലാഖ് വ്യക്തിനിയമത്തിന്റെ ഭാഗമാണെങ്കില്‍ പോലും അതിന്റെ ഭരണഘടനാ സാധുത പരിശോധിക്കുക.
ഇതില്‍ ആദ്യമാര്‍ഗമാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് സ്വീകരിച്ചത്. ലളിതവും ഹൃസ്വവുമായ തന്റെ വിധിന്യായത്തില്‍ മുത്തലാഖ് ഇസ്‌ലാമിന്റെ അഭിവാജ്യപ്രമാണമല്ലെന്നും യഥര്‍ത്ഥത്തില്‍ ഖുറാന്‍ മുന്നോട്ടു വയ്ക്കുന്ന മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും സ്ഥാപിക്കുകയാണ് അദ്ദേഹം ചെയ്തത്.
നടപടിക്രമങ്ങളും മറ്റും ശരീഅത്ത് ആക്ടിന്റെ സെക്ഷന്‍ 2ല്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നതുകൊണ്ടായിരിക്കാം, മുത്തലാഖ്, ക്രോഡീകൃത വ്യക്തിനിയമത്തിന്റെ ഭാഗമല്ല എന്ന അഭിപ്രായമാണ് അദ്ദേഹത്തിന്റേത്.
ജസ്റ്റിസ് ആര്‍.എഫ് നരിമാനും ജസ്റ്റിസ് ഉദയ് ഉമേഷ് ലളിതും രണ്ടാമത്തെ വഴിയാണ് തെരെഞ്ഞെടുത്തത്. മുത്തലാഖിന്റെ നിയമ സാധുതയുടെ ഉറവിടം മുസ്‌ലിം വ്യക്തി നിയമമായതുകൊണ്ടു തന്നെ നടപടിക്രമങ്ങള്‍ വിശദീകരിച്ചിട്ടുണ്ടോ എന്നതിനപ്പുറം മുത്തലാഖ് മുസലിം വ്യക്തി നിയമത്തിന്റെ ഭാഗമാണ് എന്നാണ് ജസ്റ്റിസ് നരിമാന്‍ എഴുതുന്നത്.
അതുകൊണ്ട് തീര്‍ച്ചയായും ആര്‍ട്ടിക്കിള്‍ 13(1) പ്രകാരം മൗലിക അവകാശങ്ങളുടെ ലംഘനം ഇല്ലെങ്കില്‍ മാത്രമേ നിയമത്തിന് നിലനില്‍പ്പൊള്ളൂ. ആ പശ്ചാത്തലത്തില്‍ നിയമത്തിന് മുന്നില്‍ തുല്യത ഉറപ്പു നല്കുന്ന അര്‍ട്ടിക്കിള്‍ 14നു വിരുദ്ധമാണെന്ന് അദ്ദേഹം സ്ഥാപിക്കുന്നു. ഇതിനായി, സ്വേച്ഛത (arbtirariness)സമത്വ സങ്കല്‍പ്പത്തിനെതിരാണെന്നും എതൊരു നിയമവും സ്വേച്ഛതയ്ക്ക്കു കാരണമാകുമെങ്കില്‍ അത് ആര്‍ട്ടിക്കിള്‍ 14ന്റെ ലംഘനമാണെന്നും നിരവധി മുന്‍കാല വിധികളും നിയമതത്വബോധനങ്ങളും ഉദ്ധരിച്ച് അദ്ദേഹം സ്ഥാപിക്കുന്നു.
പഞ്ചായത്തു മെമ്പര്‍മാര്‍ക്ക് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത നിശ്ചയിച്ച വിധി മുതല്‍ അവസാനമായി പാന്‍കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള നിയമഭേദഗതി ശരിവച്ച വിധി വരെ തെറ്റായിരുന്നുവെന്ന് പറയുന്നുണ്ട് അദ്ദേഹം. നിയമ വൈഞ്ജാനിക മേഖലയിലേക്ക് ഈ കേസ് നല്‍കുന്ന് ഏറ്റവും വലിയ സംഭാവന നരിമാന്റെ പ്രബന്ധമായിരിക്കും.
മുത്തലാഖ് ക്രോഡീകൃത വ്യക്തി നിയമത്തിന്റെ ഭാഗമാണ് എന്ന് അംഗീകരിച്ചതോടെ മൂന്നാമത്തെ സാഹചര്യത്തിലേക്ക് കടക്കേണ്ട ആവശ്യം അദ്ദേഹത്തിനുണ്ടായിരുന്നില്ല. എങ്കിലും മറ്റൊരു ഘട്ടത്തില്‍ നരസു അപ്പ വിധി ന്യായം പരിശോധിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു വക്കുന്നുണ്ട്.
ജസ്റ്റിസ് എസ് അബ്ദുള്‍ നസീറിനുകൂടി വേണ്ടി ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ എഴുതിയ വിധിന്യായമാണ് ഞെട്ടിപ്പിക്കുന്നത്. മുത്തലാഖ് അനിവാര്യമായും ഇസ്‌ലാമിക മത വിശ്വാസത്തിന്റെ ഭാഗമാണ്. അതുകൊണ്ട് ആര്‍ട്ടിക്കിള്‍ 25 പ്രകാരം സംരക്ഷിക്കപ്പെടേണ്ടതാണ്. മതം എന്നാല്‍ വിശ്വാസമായതുകൊണ്ടു തന്നെ അതില്‍ യുക്തിയിലും സമത്വത്തിലും അധിഷ്ഠിതമായ ഒരു സമീപനം സ്വീകരിക്കുക സാധ്യമല്ല.
ഇതില്‍ പല പ്രശ്‌നങ്ങളും കണ്ടെത്താനായേക്കാമെങ്കിലും കോടതിക്ക് അതില്‍ ഇടപെടാന്‍ കഴിയില്ല, കാരണം വ്യക്തി നിയമങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണ്. ഭരണഘടനയുടെ മൂന്നാം അനുച്ഛേദത്തില്‍ ഉള്‍പ്പെടുത്തി ഒരു മൗലികാവകാശമെന്ന നിലയില്‍ സംരക്ഷിക്കണം; ആയതിനാല്‍ അത് റദ്ദാക്കാനോ, അതിനെതിരെ ഒരുത്തരവ് പുറപ്പെടുവിക്കാനോ ഈ കോടതിയ്ക്കു സാധിക്കില്ല. കാരണം മൗലീക അവകാശങ്ങളെ സംരക്ഷിക്കാനാണ് ഹനിക്കാനല്ല ഭരണഘടനാ കോടതികള്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്.
മാത്രവുമല്ല മറ്റ് മൗലികാവകാശങ്ങള്‍ നില നില്‍ക്കുന്നത് ഭരണകൂടവുമായി ചേര്‍ത്തു വായിക്കുമ്പോഴാണ്. എന്നാല്‍ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് തന്നെയും മുത്തലാഖിലെ പ്രശ്‌നങ്ങള്‍കൂടി പരിഗണിച്ച് നിക്കാഹ് നാമ പരിഷ്‌കരിക്കാമെന്നു പറയുകയും, ഗവണ്മെന്റ് മുത്തലാക്കിന് എതിരായ നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന സാഹച്ര്യത്തില്‍ 6 മാസത്തേക്ക് മുത്തലാക്ക് സ്റ്റേ ചെയ്യുന്നു.
ഈ കാലയളവിനുള്ളില്‍ ഇക്കാര്യത്തില്‍ ഒരു നിയമ നിര്‍മാണം നടത്താന്‍ ആര്‍ട്ടിക്കിള്‍ 142 പ്രകാര്യം ആവശ്യപ്പെടുന്നു. ഇപ്പറഞ്ഞ കാലയളവിനുള്ളില്‍ നിയമനിര്‍മാണ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ടെങ്കില്‍ അതു പൂര്‍ത്തിയാകും വരെ സ്റ്റേ നീളും, അല്ലെങ്കില്‍ ഈ സ്റ്റേ അവസാനിക്കും. ഇതാണ് വിധി.
മതവും ഭരണഘടനാ തത്വങ്ങളും ഭരണഘടനാപരമായ ധാര്‍മികതയും സംബന്ധിച്ചുള്ള നിയമ തത്വസംഹിതകളുടെ ചരിത്രപരമായ പരിണാമഗതിക്ക് എതിരാണ് ഈ വാദങ്ങള്‍. വിധിയില്‍ പറയുന്നത് വ്യക്തി നിയമങ്ങള്‍ മൗലിക അവകാശങ്ങളാണ് എന്നാണ്.
യഥാര്‍ഥത്തില്‍ ആര്‍ട്ടിക്കിള്‍ 25ന്റെ സംരക്ഷണം കിട്ടുക വ്യക്തികള്‍ക്കാണ്, നിയമങ്ങള്‍ക്കല്ല. ഒരു വ്യക്തിയ്ക്ക് മത വിശ്വാസവുമായി മുന്നോട്ടു പോകാനുള്ള അവകാശത്തിനാണ് സംരക്ഷണം, മത നിയമങ്ങള്‍ക്കല്ല. മത സ്ഥാപനങ്ങള്‍ക്ക് ഒരു വ്യക്തിയുടെ പൗരാവകാശങ്ങള്‍ ഹനിക്കാന്‍ കഴിയുമെന്നും അതിനെ ചോദ്യം ചെയ്യാനാവില്ല എന്നും ഉള്ള ഒരു അവസ്ഥ വന്നാല്‍ മതേതര ജനാധിപത്യ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ്.
എന്തു തന്നെയായാലും 3:2 ഭൂരിപക്ഷത്തില്‍, ഒരുമിച്ച് തലാഖ് ചൊല്ലി ഉടന്‍ വിവാഹമോചനം സാധ്യമാക്കുന്ന “തലാഖ് ഉല്‍ ബിദ്ദത്” റദ്ദാക്കപ്പെട്ടു കഴിഞ്ഞു. (3 മാസം സമയമെടുത്തുള്ള തലാഖ് ഇപ്പോഴും അനുവദനീയമാണ്). 1937ലെ ക്രോഡീകൃത മുസ്‌ലിം വ്യക്തി നിയമങ്ങളുടെ ഭാഗമാണോ മുത്തലാഖ് എന്ന കാര്യത്തില്‍ വ്യക്തതയില്ല.
ജസ്റ്റിസ് കുര്യന്‍ ജോസഫും, ഖെഹാറും, നസീറും എതിരഭിപ്രായക്കാരാണെന്നു തോന്നുന്നു. എന്നിരുന്നാലും മുത്തലാഖ് ഇസ്‌ലാമികാചാരങ്ങളുടെ അഭിവാജ്യ ഘടകമല്ല എന്ന കാര്യത്തില്‍ ഭൂരിപക്ഷ സമവായമുണ്ട്.
ഭരണഘടനാ നിര്‍മാണ വേളയില്‍ വ്യക്തി നിയമങ്ങള്‍ അനുവദിക്കുന്നതിലെ അപകടങ്ങളെക്കുറിച്ച് അംബേദ്ക്കര്‍ പറഞ്ഞു: “”ഈ രാജ്യത്തിന്റെ മതപരമായ ധാരണകള്‍ അതി വിശാലമാണ്. ജനനം മുതല്‍ മരണം വരെ എല്ലാം മതവുമായി ബന്ധപ്പെട്ടു കിടക്കുന്നു.
വ്യക്തി നിയമങ്ങള്‍ അനുവദിച്ചു കൊടുക്കുകയാണെങ്കില്‍, മതപരമല്ലാത്തതൊന്നും ഇവിടെയില്ല, നമുക്ക് സമൂഹ്യകാര്യങ്ങളില്‍മുന്നോട്ടു പോകുവാനാകില്ല. അത്തരമൊരവസ്ഥ അംഗീകരിക്കാനാകില്ല. അതുകൊണ്ടു തന്നെ മതവിശ്വാസത്തിന്റെ അഭിവാജ്യ ഘടകങ്ങളായ ആചാരാനുഷ്ഠാനങ്ങളിലേക്കു മാത്രമായി മതത്തിന്റെ നിര്‍വചനം ചുരുക്കുന്നതിനായിരിക്കണം നമ്മുടെ ശ്രമം.
“” അംബേദ്കര്‍ പറഞ്ഞതുപോലെ വിവാഹവും സ്വത്തവകാശവുമൊന്നും ആര്‍ട്ടിക്കിള്‍ 25ഉം 26ഉം പ്രകാരം സംരക്ഷിക്കപ്പെടേണ്ട മതപരമായ അനുഷ്ഠാനങ്ങളുടെ ഭാഗമല്ല. ഒരു ഭരണാഘടനാധിഷ്ഠിത മതേതര ജനാധിപത്യസംവിധാനം എന്ന നിലയില്‍ പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും പൗരരേയും സമൂഹത്തേയും മതത്തിന്റേയും ആചാരങ്ങളുടെയും ഇരുണ്ട ഇടനാഴികളില്‍ തളച്ചിടാന്‍ ഉള്ള ശ്രമങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതാാണ്. ഇസ്‌ലാമിക നിയമങ്ങളില്‍ മാത്രമല്ല മറ്റിടങ്ങളിലേക്കും നവീകരണത്തിന്റെ പ്രകാശം കടന്നു ചെല്ലുവാന്‍ ഈ വിധി കാരണമാകട്ടെ.