ചോരയില്‍ പിറക്കുന്ന ദൈവരാജ്യങ്ങള്‍
Opinion
ചോരയില്‍ പിറക്കുന്ന ദൈവരാജ്യങ്ങള്‍
ഷിജു. ആര്‍
Wednesday, 28th February 2018, 5:36 pm

ഒരേ വിശുദ്ധ കൃതി.. ഒരേ പ്രവാചകന്‍… ഒരേ ദൈവം… എപ്പോഴും പൊട്ടാവുന്ന ഒരു തോക്കിന്‍ കുഴലിന്റെ കാഞ്ചിയില്‍ കൈ വച്ചവനും അതിനു മുന്‍പില്‍ കയ്യുയര്‍ത്തി മരണം കാത്തിരിക്കുന്നവനും ചുണ്ടില്‍ വിറയ്ക്കുന്നത് ഒരേ ഫാത്വിഹ.. അതായിരുന്നു സിറിയ.. ആ ന്യായം പറഞ്ഞാണ് കിറുക്കും ദുര്‍മോഹവും ചേര്‍ന്ന സാമ്രാജ്യത്വം ഇന്ന് സിറിയയ്ക്ക് മേല്‍ തീമഴ പെയ്യുന്നത്.

ഏകാധിപതികളും അഴിമതിക്കാരുമായ ഭരണാധികാരികളുടെ ദശാബ്ദങ്ങള്‍ നീണ്ട ദുര്‍ഭരണങ്ങള്‍ തൂത്തെറിഞ്ഞ “അറബ് വസന്ത”ത്തിനു ശേഷം പിറവികൊണ്ട ലോകങ്ങള്‍ കൂടുതല്‍ ഇരുണ്ടതായിരുന്നു. ആനന്ദത്തിന്റെ, നിര്‍വൃതികളുടെ, അനുഭൂതികളുടെ മതം റദ്ദ് ചെയ്യപ്പെട്ടു.
കൂടുതല്‍ കൂടുതല്‍ അനുസരിപ്പിക്കലിന്റെ, അനുസരിക്കാത്തവരുടെ മരണം കൊണ്ട് ആനന്ദിക്കുന്ന മതമായി നാള്‍ക്കുനാള്‍. ആ മതം ഭരണകൂടങ്ങളായി…

സ്വാതന്ത്ര്യത്തിനു പൊരുതിയവരുടെ ലോകങ്ങള്‍ കൂടുതല്‍ മുള്ളുവേലികളും പത്താക്കകളും ചേര്‍ന്നു നിയന്ത്രിക്കുന്നതായി. “അടിമകളെ മോചിപ്പിക്കുന്ന യജമാനന് സ്വര്‍ഗം വാഗ്ദാനം ചെയ്ത ഒരു മനുഷ്യസ്‌നേഹിയുടെ പേരില്‍ ചാവാനും കൊല്ലാനും നടക്കുന്നവര്‍ ലൈംഗിക അടിമകളാക്കി വച്ച സ്ത്രീകളുടെ നിലവിളികള്‍… ലോക മോചനപ്പോരാട്ടത്തെ ത്വരിപ്പിച്ച അറബ് വസന്തം പിന്‍വാങ്ങുമ്പോള്‍ ഒരു ശരാശരി പട്ടണത്തിന്റെ ചിത്രമാണിത്. ഇതാണ് ഇന്നത്തെ സിറിയ….

 

സുന്നി, ഷിയാ, കുര്‍ദ് തുടങ്ങി മതത്തിന്റെ അകത്തും പുറത്തും നില്‍ക്കുന്ന സെക്ടുകള്‍ കൂടിച്ചേര്‍ന്നും തമ്മില്‍ കൊന്നും പുരോഗമിക്കുന്ന ഈ ആഭ്യന്തരകലാപം സിറിയയില്‍ മാത്രം അഭയാര്‍ഥികളാക്കിയത് 4.5മില്യണ്‍ ജനതയെയാണ്. കൊട്ടിയടയ്ക്കപ്പെട്ട വികസിത രാജ്യങ്ങളുടെ വാതിലുകള്‍ മുട്ടി വീണ്ടും അനിശ്ചിതത്വത്തിന്റെ കടലാഴങ്ങളില്‍ തുഴഞ്ഞു പോയ കൈവഞ്ചികള്‍.. മരിച്ചു വീണ കുഞ്ഞുങ്ങളെ കടലിലെറിഞ്ഞു, തിരയുടെ ചുഴികളില്‍ കിബ്ല കാണാതെ നടത്തിയ മയ്യത്ത് നിസ്‌കാരങ്ങള്‍… വെള്ള മണലില്‍ മുഖം പൂഴ്ത്തി വീണുറങ്ങിയ ഐലാന്‍ കുര്‍ദി..

ഈ ആഭ്യന്തര വൈരുദ്ധ്യങ്ങളിലാണ് സാമ്രാജ്യത്വത്തിന്റെ സൃഗാല ബുദ്ധി ഇടപെടുന്നത്. തമ്മില്‍ പൊരുതാന്‍ പല കാലത്ത് പല സെക്ടുകള്‍ക്ക് ആയുധവും കാരണവും നല്‍കി മൂര്‍ച്ച കൂട്ടുന്ന വൈരുദ്ധ്യങ്ങള്‍… തീവ്രവാദത്തെ തുടച്ചു നീക്കാനെന്ന പേരില്‍, ജനവാസ കേന്ദ്രങ്ങളില്‍ നടത്തുന്ന ബോംബാക്രമണങ്ങള്‍… തകര്‍ന്ന കെട്ടിടപ്പാളികളില്‍ വലിച്ചെടുക്കാന്‍ പോലും കഴിയാത്ത മനുഷ്യശരീരങ്ങള്‍..

ഇനി ഇന്ന് തകര്‍ത്തവരുടെ പാവകള്‍ നാളെ അധികാരമേല്‍ക്കും. തകര്‍ത്തവര്‍ തന്നെ എല്ലാം പുതുക്കിപ്പണിയാനുള്ള കരാറുകള്‍ ലഭിക്കും . ചോരക്കറ മാഞ്ഞു ചായംപുതച്ച കെട്ടിടങ്ങളിലും പതാകളിലുമിരുന്ന് അതിജീവിച്ച മനുഷ്യര്‍ അധ്വാനിച്ചു തുടങ്ങും. ഇന്നത്തെ ആക്രമണത്തിനും നാളത്തെ പുനര്‍നിര്‍മ്മാണത്തിനും കപ്പം കൊടുക്കാന്‍. സ്വന്തം കൂടപ്പിപിറപ്പുകളെ കൊന്നു തീര്‍ത്ത വ്യവസ്ഥയ്ക്ക് ചെലവിന് കൊടുക്കേണ്ടി വരുന്നവന്റെ ജീവിതത്തോളം ദയനീയമല്ല, ഒരു മരണവും.

പൊള്ളലില്‍, മുറിവുകളില്‍ വച്ചു കെട്ടാന്‍ തുണി പോലുമില്ലാതെ നിലവിളിക്കുന്ന കുട്ടികളടക്കം ഒന്നര ലക്ഷം മനുഷ്യര്‍ക്ക് അടിയന്തിരമായി മരുന്നും ഭക്ഷണവും എത്തിച്ചുകൊടുക്കണമെന്ന് ആംനെസ്റ്റിയുടെയും മനുഷ്യാവകാശ നിരീക്ഷകരുടെയും റിപ്പോര്‍ട്ടുകള്‍ മരുന്നിനും ഭക്ഷണത്തിനും കാത്തു നില്‍ക്കുന്ന സ്ത്രീ ശരീരങ്ങളില്‍ പുതിയ രാഷ്ട്രങ്ങള്‍ കാണുന്ന ലൈംഗികാധിനിവേശങ്ങള്‍.

സത്യത്തില്‍, രണ്ടാം ലോക മഹായുദ്ധത്തോടു കണക്കുകളില്‍ മുട്ടിനില്‍ക്കും, ഈ ആക്രമണം. അലെങ്കിലും രണ്ടാം ലോക യുദ്ധം കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ച, നവസാമ്രാജ്യത്വത്തിനു വേണ്ടിയുള്ള മൂന്നാം ലോക യുദ്ധത്തിന്റെ ഭാഗമാണിതും. ആരും ഓര്‍ക്കാറില്ലെങ്കിലും.

ഈ കുറിപ്പ് ആരംഭിച്ചിടത്തേക്ക് ഒന്നു പോവേണ്ടതുണ്ട്….. ഒരേ തോക്കിന്റെ രണ്ടറ്റങ്ങള്‍… അവരില്‍ ഒരാള്‍…. “ദൈവമേ….. എത്ര നിരപരാധികളുടെ….. ചോരയിലാണ് നീ നിന്റെ സ്വര്‍ഗം പണിയുന്നത്, ?