ഹോക്ക് ഐ/ വിബീഷ് വിക്രം
ആള് ചില്ലറക്കാരനല്ല. ഒരേ സമയം നാലിലധികം കായിക സംഘടനയുടെ തലപ്പത്ത് വിരാജിക്കുന്നവനാണ്. ഐ.പി.എല്‍ ടീമുടമസ്ഥന്‍, തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട്. തമിഴ്‌നാട് ഗോള്‍ഫ് ഫെഡറേഷന്‍ പ്രസിഡണ്ട്. ഓള്‍ ഇന്ത്യ ചെസ്സ് ഫെഡറേഷന്‍ പ്രസിഡണ്ട്. പിന്നെ രാജ്യത്തെ പണം കൊണ്ടും ജനകീയത കൊണ്ടും വല്യേട്ടനായ കായികയിനത്തിന്റെ തലവനും.
ഇതൊന്നും കൊണ്ടും തീരുന്നില്ല വിശേഷണം. ആള്‍ക്കെതിരെ സുപ്രീം കോടതിയില്‍ ഒരു പരാതി നിലവിലുണ്ട്. ബി.സി.സി.ഐ പ്രസിഡണ്ടായിരിക്കെ ഐ.പി.എല്‍ ടീമുടമസ്ഥനായതിലെ വിരോധാഭാസം ചൂണ്ടികാണിച്ച് കൊണ്ടുള്ളത്.
അടുത്തിടെ സി.ബി.ഐയുടെ കയ്യില്‍ നിന്നും കിട്ടി ഒരു നോട്ടീസ്. ആന്ധ്രപ്രദേശിലെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗ് മോഹന്‍ റെഡ്ഡിയുടെ കമ്പനികളില്‍ ഇദ്ദേഹത്തിന്റെ കമ്പനിക്കുള്ള നിക്ഷേപത്തെകുറിച്ച് വിശദീകരിക്കാന്‍ നേരിട്ട് ഹാജരാകാനാണ് സി.ബി.ഐ നോട്ടീസയച്ചിരിക്കുന്നത്.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലിലാണിപ്പോള്‍ ജഗന്‍. കൂടാതെ മരുമകന്‍ കോഴകേസില്‍ അറസ്റ്റിലായ ചരിത്രവും കൊട്ടിഘോഷിക്കാനുണ്ട്.
ഇതില്‍ സംശയത്തിന്റെ നിഴലുകള്‍ ഇദ്ദേഹത്തിലേക്കും നീളുന്നുണ്ട്. ഇങ്ങിനെ കഥകളേറെ ക്രഡിററിലുള്ള എന്‍ ശ്രീനിവാസനെന്ന പുണ്യാളന്‍ അദ്ധ്യക്ഷനായ കമ്മറ്റിയാണ് ശ്രീശാന്തിന് ക്രിക്കറ്റില്‍ നിന്ന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
ഐ.പി.എല്‍ ഒരു ടൂര്‍ണ്ണമെന്റ് മാത്രമാണെന്ന് ബി.സി.സി. ഐ പറയുന്നുണ്ട്. അന്താരാഷ്ട്രമത്സരങ്ങളില്‍ നിന്നും തീര്‍ത്തും വിഭിന്നമായ ഒരു ടൂര്‍ണ്ണമെന്റ്. അതിലുയര്‍ന്ന കോഴ വിവാദത്തിന്റെ പേരില്‍ ഇനി ക്രിക്കറ്റേ കളിക്കാന്‍ പാടില്ലെന്ന് വിലക്കേര്‍പ്പെടുത്തിയ ബി.സി.സി.ഐയുടെ നടപടിയാണ് ചോദ്യം ചെയ്യപ്പെടുന്നത്.
പണ്ട് ഇതേ ഐ.പി.എല്ലില്‍, മത്സരശേഷം ശ്രീശാന്തിന്റെ മുഖത്തടിച്ച ഹര്‍ഭജന്‍ സിങിനെ ആ സീസണിലെ ശേഷിച്ച മത്സരങ്ങളില്‍ നിന്ന് വിലക്കുകയാണ് ബി.സി.സി.ഐ ചെയ്തത്. അല്ലാതെ അന്താരാഷ്ട്ര മത്സരങ്ങളില്‍ വിലക്കേര്‍പ്പെടുത്താന്‍ ശുപാര്‍ശ നല്‍കിയതൊന്നുമില്ല. ഹര്‍ഭജന്‍ ചെയ്തത് അന്താരാഷ്ട്ര നിയമം അനുസരിച്ചാണെങ്കില്‍ ഗുരുതരമായ തെറ്റ് തന്നെയായിരുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം കോടതി അവസാന വിധി പറയുന്നത് വരെ അയാള്‍ കുറ്റാരോപിതന്‍ മാത്രമാണ്.
ശ്രീശാന്തുള്‍പ്പെട്ട ഒത്തുകളി വിവാദത്തെ കുറിച്ചുള്ള കേസന്വേഷിച്ചതൊരു ഏകാംഗ കമ്മീഷന്‍. ആദ്ദേഹം പ്രതികളെന്ന് ആരോപിക്കുന്നവരോട് ചോദിച്ചു കുറ്റം ചെയ്തിട്ടുണ്ടോ. സ്വാഭാവികമായും മറുപടിയെത്തി. ഇല്ല. നിരപരാധികളാണ്. തെറ്റൊന്നും ചെയ്തിട്ടില്ല.
പിന്നെ ചോദിച്ചത് കേസന്വേഷിച്ച പോലീസിനോട്. ആദ്യം മുതല്‍ക്കെ പ്രതികളെന്നാരോപിക്കപ്പെടുന്നവര്‍ നൂറല്ല ഇരുനൂറ് ശതമാനം തെറ്റ്കാരാണെന്ന് വേണ്ടത്ര തെളിവുകളുടെ പിന്‍ബലമില്ലാതെ ആക്രോശിച്ച് കൊണ്ടിരിക്കുന്നവരോട്.
പിടിവിട്ട് പോകുമെന്ന് കണ്ടപ്പോള്‍ പിടികൂടിയവരെ പിടികിട്ടാപുള്ളികളായി പുറം ലോകം കാണിക്കാതെ അകത്തിടാന്‍ ശ്രമിച്ചവര്‍. തീര്‍ന്നു. കമ്മീഷന്റെ തെളിവെടുപ്പ്. വിധി പുറപ്പെടുവിക്കാന്‍ പിന്നെ അധികം സമയമെടുത്തില്ല. വിലക്ക്. ആജീവനാന്ത വിലക്ക്. അപ്പീലിനൊന്നും പോവാന്‍ പറ്റില്ല. പരമോന്നത കായിക സംഘടനയുടെ പരമോന്നത കമ്മറ്റിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. അനുഭവിച്ച് തന്നെ തീര്‍ക്കണം.
ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ഒരാളെ പിടികൂടി അറസ്റ്റ് ചെയ്ത് കുറച്ച് ദിവസം ലോക്കപ്പിലിട്ടാലൊന്നും അയാള്‍ പ്രതിയാവില്ല. പ്രതിയെന്ന് ആരോപിക്കപ്പെടുന്ന വ്യക്തി മാത്രമാണ്. തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി അവസാന വിധി പറയുന്നത് വരെ അയാള്‍ കുറ്റാരോപിതന്‍ മാത്രമാണ്.
——————————————————–
ഇവിടെ ബി.സി.സി.ഐയെ വില്ലനെന്ന് വിളിക്കാന്‍ കാരണമുണ്ട്. പൂര്‍വ്വകാല ചരിത്രം തന്നെ. അത് ശരിക്ക് പഠിച്ചിരുന്നെങ്കില്‍ ഏകാംഗ കമ്മീഷനും മൂന്നംഗ കമ്മിറ്റിയും ശ്രീനി അപ്പോസ്തലനും തിടുക്കപ്പെട്ട് ആജീവനാന്ത വിലക്കെന്ന തീരുമാനത്തിലെത്തില്ലായിരുന്നു.
[]ശ്രീശാന്തിനെയും ഈ ഗണത്തില്‍ പെടുത്താം. ശ്രീശാന്ത് തെറ്റ് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് തെളിവുകള്‍ പരിശോധിച്ച് കോടതിയാണ് പറയേണ്ടത്. ഇന്ത്യന്‍ നിയമവ്യവസ്ഥ പ്രകാരം കോടതിയാണ് അവസാന വാക്ക്്്്.
ഇന്ത്യയിലെ നിയമവ്യവസ്ഥിതിയുടെ കാലതാമസം എല്ലാവര്‍ക്കുമറിയാവുന്നതാണ്. സമയമെടുക്കും. ശ്രീശാന്തിനിപ്പോള്‍ 30 വയസ്സ്. തെറ്റുകാരനല്ലെന്ന് കോടതി വിധിച്ചാല്‍ ബി.സി.സി.ഐ എന്ത് ചെയ്യും.
ശ്രീശാന്തിന് നഷ്ടപ്പെട്ട യൗവ്വന തീക്ഷ്ണമായ (ഇത്് കുറച്ച് കൂടിയാലും കുഴപ്പമാണ്, അത്‌കൊണ്ടാണല്ലോ ആപത്ത്് കാലത്തും അധികമാരെയും കൂടെ കാണാത്തത്) നല്ല കാലങ്ങള്‍ തിരിച്ച് നല്‍കുമോ?
പഴയ സിനിമകളിലെ സ്ഥിരം കഥാസന്ദര്‍ഭവും നായകന്റെ ഡയലോഗുമാണ് ഓര്‍മ്മ വരുന്നത്. തന്റെ പ്രിയപ്പെട്ടവരെ ഇല്ലാതാക്കിയ വില്ലനെ മര്‍ദ്ദിച്ചവശനാക്കി കാലപുരിക്കയക്കാനൊരുങ്ങുകയാണ് നായകന്‍.
അപ്പോ വില്ലന്‍ താഴ്മയോടെ അപേക്ഷിക്കുന്നു. എന്നെ കൊല്ലരുത്, പ്ലീസ്സ്. ഞാനെന്ത് വേണമെങ്കിലും തരാം. നായകന്‍ ഉടനെ ചോദിക്കുന്നു. അങ്ങിനെയെങ്കില്‍ എനിക്കു നഷ്ടപ്പെട്ട ഭാര്യയെ തിരിച്ചുതരാന്‍ പറ്റോ? മകളെ തിരിച്ച് തരാന്‍ പറ്റോ? നിസ്സംഗനായി കരയുന്ന വില്ലന്‍. കഥകഴിക്കുന്ന നായകന്‍.
ഇത് സിനിമയിലെ കഥ. ഇവിടെ അതൊന്നും പ്രാവര്‍ത്തികമാകില്ല. കാരണം കുറ്റാരോപിതന്‍ തന്നെ പറയുന്നു. വില്ലനുമായി താരതമ്യം ചെയ്യുമ്പോള്‍ താനൊരു ചെറു മീനാണെന്ന്. സ്ഥിരമായി തന്നെ മാത്രം വേട്ടയാടുന്ന വമ്പന്‍ സ്രാവുമായി തട്ടിച്ച് നോക്കുമ്പോള്‍ താനെത്ര നിസ്സാരന്‍. ചെറുവിരലനക്കാന്‍ പോലും കഴിയാത്തവന്‍. നേരിട്ടുള്ള പോരിനിറങ്ങാനൊന്നും തനിക്ക് ശേഷിയില്ലെന്നും.
കാരണം ഒത്തുകളി തന്നെ. അന്ന് സംഭവത്തെകുറിച്ച് അന്വേഷണം നടത്തിയ ഇന്ത്യയിലെ തന്നെ പേര് കേട്ട പോലീസ് ഏജന്‍സിയുടെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. സമഗ്രമായ അന്വേഷണത്തിന് ഏജന്‍സി ശുപാര്‍ശ ചെയ്യുന്നുണ്ട്. അത് മുഖവിലക്കെടുക്കാതെ അന്നുമിത് പോലെ തിടുക്കപ്പെട്ട് താരങ്ങളെ സസ്‌പെന്‍ഡ് ചെയ്യുകയാണുണ്ടായത്. എന്നിട്ടൊടുക്കമെന്തായി.
അന്നത്തെ പ്രതികളായ അസഹറുദ്ദീനും ജഡേജയും തങ്ങളുടെ നിരപരാധിത്വം തെളിയിക്കാനായി കോടതിയെ സമീപിച്ചു. രണ്ട് പേരും കുറ്റവിമുക്തരാക്കപ്പെട്ടു. വിലക്ക് നീങ്ങി. ജഡേജ നാല്‍പത്തിമൂന്നാം വയസ്സില്‍ വീണ്ടും പാഡ് കെട്ടിയിറങ്ങിയിട്ടുണ്ട്. അസഹര്‍ പരിശീലകന്‍ ആകാനൊരുങ്ങുന്നുവെന്ന് കേള്‍ക്കുന്നു. ഇതിലെ ഏറ്റവും സംശയാസ്പദമായ വസ്തുത പിന്നീട് കേസ് കോടതിയിലെത്തിയില്ലെന്നതാണ്. അന്നത്തെ ക്യാപ്റ്റനാണ് കോഴ വിവാദത്തില്‍ അകപ്പെട്ടത്. എന്നിട്ടുമെന്തേ സമഗ്രമായ അന്വേഷണത്തിന് ബി.സി.സി.ഐ മുതിരാതിരുന്നത്.
ഇന്ത്യന്‍ ക്രിക്കററിലെ കോഴ ഇടപാടുകളെ കുറിച്ച് വാര്‍ത്ത വരുമ്പോള്‍ നിജസ്ഥിതി അന്വേഷിച്ച് പുറത്ത് കൊണ്ട് വരേണ്ടത് ബി.സി.സി.ഐയുടെ കടമയല്ലേ.
കഥ തീര്‍ന്നില്ല. 2011-2012 സീസണിലെ ഐ.പി.എല്ലിനെ ചുറ്റിപറ്റിയുമുയര്‍ന്നു കോഴ വിവാദം. ഇന്ത്യന്‍ ക്രിക്കറ്റില്‍ കോഴയും ഒത്തുകളിയും വ്യാപകമാവുന്നുവെന്ന് വാര്‍ത്ത നല്‍കിയത് പ്രമുഖ ഇംഗ്ലീഷ് പത്രമായ സണ്‍ഡേ ടൈസ്.
ഉടനടി വന്നു ബിസിസിഐയുടെ നിഷേധക്കുറിപ്പ്. എന്നാല്‍ കുറച്ച് മാസങ്ങള്‍ക്കു ശേഷം ഇന്ത്യാ ടി.വി ചാനല്‍ തെളിവ് സഹിതം സണ്‍ഡേ ടൈംസിലെ വാര്‍ത്തയുടെ നിജസ്ഥിതി പുറത്ത് കൊണ്ട് വന്നു.
ദാ വരുന്നു ബി.സി.സി.ഐയുടെ വിലക്ക്. അന്താരാഷ്ട്ര മത്സരം പോലും കളിക്കാത്ത അഞ്ച് പ്രാദേശിക താരങ്ങളെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഈ കേസിലും വിശദമായ അന്വേഷണത്തിലേക്ക് ബി.സി.സി.ഐ നീങ്ങിയില്ല.
ഇന്ത്യന്‍ ക്രിക്കററിലെ കോഴ ഇടപാടുകളെ കുറിച്ച് വാര്‍ത്ത വരുമ്പോള്‍ നിജസ്ഥിതി അന്വേഷിച്ച് പുറത്ത് കൊണ്ട് വരേണ്ടത് ബി.സി.സി.ഐയുടെ കടമയല്ലേ. ക്രിക്കറ്റിനെ കോഴപണത്തിന്റെ പാപക്കറകളില്‍ നിന്ന് മുക്തമാക്കേണ്ട ബാധ്യത ബി.സി.സി. ഐക്കില്ലേ.
ഇത് സംബന്ധിച്ച് ഒരു സമഗ്രമായ അന്വേഷണത്തിന് എന്തേ ഇത് വരെ ബി.സി.സി.ഐ മുതിരുന്നില്ല? പിന്നിലുള്ള വമ്പന്‍ സ്രാവുകളുടെ പേരുകള്‍ പുറത്ത് വരുമെന്ന് ഭീതി മൂലമാണോ? ഒരു സാധാരണ ക്രിക്കറ്് പ്രേമിയുടെ സംശയങ്ങള്‍ സംശയങ്ങളായി തന്നെ നിലനില്‍ക്കുന്നു.