| Sunday, 15th October 2017, 1:47 pm

സ്രാവിനെ കൊന്ന് സൂപ്പുണ്ടാക്കുന്നവര്‍ ഓര്‍ക്കേണ്ടത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കടലില്‍ നിന്നും സ്രാവിനെ പിടിച്ച് ജീവനുള്ളപ്പോള്‍ത്തന്നെ അവയുടെ എല്ലാ ചിറകുകളും മുറിച്ചെടുത്ത് തിരികെ ജീവനോടെ കടലിലേക്കുതന്നെ വിടുക. ചിറകുകള്‍ നഷ്ടപ്പെട്ട് നീന്താനാവാതെ ശ്വാസംമുട്ടിയോ രക്തംവാര്‍ന്നോ മറ്റു ശത്രുക്കളുടെ പിടിയില്‍പ്പെട്ടോ പതിയെ വളരെ ദാരുണമായ അവസ്ഥയില്‍ കൊല്ലപ്പെടുക. പലപ്പോഴും അനേകം ദിവസത്തെ കഷ്ടപ്പാടിനൊടുവിലാണു അവ ചാവുക.

സ്രാവുകളെ മൊത്തം കരയിലേക്കുതന്നെ കൊണ്ടുവരിക എന്നുവച്ചാല്‍ അവയുടെ വലിപ്പവും ഭാരവും കാരണം കപ്പലില്‍ അധികമൊന്നും ചിറകുകള്‍ ശേഖരിക്കാന്‍ പറ്റാത്തതിനാലാണ് ലാഭകരമായ ചിറകുകള്‍ മാത്രം മുറിച്ചെടുത്ത് ബാക്കി 98 ശതമാനത്തോളം ഭാരം വരുന്ന സ്രാവിന്റെ ശരീരം മുഴുവന്‍ കടലില്‍ ഉപേക്ഷിക്കുന്നത്.

ചൈനയിലും മറ്റു ചില കിഴക്കനേഷ്യന്‍ രാജ്യങ്ങളിലും സ്രാവിന്റെ ചിറകുകൊണ്ടുള്ള സൂപ്പിനു വലിയ ഡിമാന്റാണ്. ഇതിനായിട്ടാണ് ചിറകുകള്‍ ശേഖരിക്കുന്നത്. 10 കോടി മുതല്‍ 20 കോടി വരെ സ്രാവുകളെയാണ് ഇങ്ങനെ ചിറകുകള്‍ക്കു മാത്രമായി വര്‍ഷം തോറും കൊല്ലുന്നത്.

പലരാജ്യങ്ങളിലും നിരോധിച്ചിട്ടുള്ള ഈ പരിപാടി ഇന്നും അനുസ്യൂതം തുടരുന്നു. അഞ്ചു ലക്ഷം ടണ്‍ ചിറകുകളാണത്രേ ഓരോ വര്‍ഷവും ഇങ്ങനെ ശേഖരിക്കുന്നത്.

വളരെ പതിയെമാത്രം വളരുകയും പ്രായപൂര്‍ത്തിയെത്തുകയും ചെയ്യുന്ന സ്രാവുകള്‍ പ്രജനനത്തിന് ശേഷി കൈവരിക്കണമെങ്കില്‍ ഏതാണ്ട് 30 വര്‍ഷങ്ങള്‍ എടുക്കുമെന്നതിനാല്‍ ഇത്തരം കൂട്ടക്കുരുതികള്‍ അവയുടെ വംശങ്ങള്‍ക്കുതന്നെ കടുത്ത ഭീഷണി ഉയര്‍ത്തുന്നു.

വര്‍ഷം ഒന്നോരണ്ടോ കുട്ടികള്‍ മാത്രമേ പലസ്രാവുകള്‍ക്കും ഉണ്ടാവുകയുമുള്ളൂ. സ്രാവുകളുടെ വലിപ്പം വര്‍ഷംകഴിയുംതോറും കുറഞ്ഞുവരുന്നതായി മുക്കവര്‍ പറയുന്നതിനു കാരണം ഇതാണ്. ഒരു പാത്രം സൂപ്പിന് 100 ഡോളര്‍ വരെ വിലയുള്ള ഈ വിഭവം വിശേഷാവസരങ്ങളില്‍ തങ്ങളുടെ സമ്പത്തുകാണിക്കാനായിട്ടാണ് പലപ്പോഴും ആതിഥേയര്‍ ഉപയോഗിക്കുന്നത്.

ഭക്ഷ്യശൃംഖലയിലെ ഇരപിടിയന്മാരിലെ ഏറ്റവും മുകളില്‍ നില്‍ക്കുന്ന സ്രാവിന്റെ എണ്ണത്തില്‍ ഉണ്ടാകുന്ന ഏതു കുറവും കടലിലെ ജീവന്റെ നിലനില്‍പ്പിനുതന്നെ ഭീഷണിയാണ്. അമേരിക്കയുടെ കിഴക്കന്‍ തീരങ്ങളില്‍ സ്രാവുകളുടെ എണ്ണത്തില്‍ കുറവുവന്നപ്പോള്‍ ഷെല്‍ഫിഷുകളുടെയും എണ്ണം വന്‍തോതില്‍ കുറഞ്ഞു. ഷെല്‍ഫിഷുകള്‍ വെള്ളത്തിന്റെ ശുദ്ധിനിലനിര്‍ത്തുന്നതില്‍ വലിയ പങ്കുവഹിക്കുന്നവരാണ്.

സ്രാവുകള്‍ ഇല്ലാതായപ്പോള്‍ അവ ആഹരിക്കുന്ന മറ്റു ജീവികള്‍ പെരുകുകയും അവ ഷെല്‍ഫിഷുകളെ കൂട്ടത്തോടെ തിന്നുതീര്‍ക്കുകയും ചെയ്തതാണ് ഇതിനു കാരണം. അതുപോലെ പെരുകുന്ന മറ്റു ജീവികള്‍ മല്‍സ്യസമ്പത്തിനെപ്പോലും വളരെവേഗത്തില്‍ തിന്നുതീര്‍ക്കുന്ന അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ഒരു ചുറ്റികത്തലയന്‍ സ്രാവ് തന്റെ ജീവിതകാലത്ത് പരിസ്ഥിതിയ്ക്ക് നല്‍കുന്ന സംഭാവനകള്‍ ഏതാണ്ട് 16 ലക്ഷം ഡോളറിനടുത്തു വരുമെന്നാണ് കണക്ക്, അപ്പോഴാണ് കേവലം 200 ഡോളറിനായി മനുഷ്യന്‍ അവയെ കൊന്നുകളയുന്നത്. കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ പല സ്രാവുവംശങ്ങളുടെയും എണ്ണത്തില്‍ 80 ശതമാനത്തിലേറെ കുറവു വന്നിട്ടുണ്ട്. പലതരം സ്രാവുകളും വംശനാശഭീഷണിയുടെ വക്കിലാണുതാനും.

പലരാജ്യങ്ങളിലെയും സംരക്ഷിതസമുദ്രമേഖലകളിലും ഇത്തരം സ്രാവുവേട്ട നടക്കുന്നതു ചിത്രീകരിച്ചിട്ടുണ്ട്. അതിലൊന്നില്‍ കടലിന്റെ അടിത്തട്ടില്‍ അനങ്ങാന്‍ പോലുമാവാതെ ചിറകുമുറിക്കപ്പെട്ടസ്രാവുകള്‍ ജീവന്‍ നഷ്ടപ്പെടാതെ കിടക്കുന്നത് രേഖപ്പെടുത്തിയിട്ടുണ്ട്.

ധാരാളം നിയന്ത്രണങ്ങളും നിയമങ്ങളുമുള്ളപ്പോള്‍പ്പോലും ഇതില്‍നിന്നും കിട്ടുന്ന കൊള്ളലാഭവും വലിയതോതിലുള്ള ആവശ്യവും സ്രാവുവേട്ടയ്ക്ക് ഒരു വലിയ ഓര്‍ഗനൈസ്ഡ് ക്രൈമിന്റെ സ്വഭാവങ്ങള്‍ നല്‍കിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ചിറകുകള്‍ സ്‌പെയിനില്‍ നിന്നും ഹോങ്കോങ്ങിലേക്കാണ് എത്തുന്നത്.

ചിറകിനായി സ്രാവുകളെ കൂട്ടക്കൊല ചെയ്യുന്നവരില്‍ നോര്‍വേ, ബ്രിട്ടന്‍, ഫ്രാന്‍സ്, പോര്‍ചുഗല്‍, ഇറ്റലി എന്നിവര്‍ തൊട്ടുതാഴത്തെ സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. ഹോങ്കോങ്ങിലാണ് ആകെയുള്ള സ്രാവുചിറകിന്റെ 50 മുതല്‍ 80 ശതമാനവും ഉപയോഗിക്കുന്നത്.

പലരാജ്യങ്ങളും ചിറകിനുമാത്രമായി സ്രാവുകളെ കൊല്ലുന്നതും ചിറകുകള്‍ സൂക്ഷിക്കുന്നതും നിരോധിച്ചിട്ടുണ്ട്. സ്രാവുചിറകുസൂപ്പ് ലഭിക്കുന്ന ചൈനയിലെ ഹോട്ടലുകളില്‍ നിന്നും പ്രസിദ്ധ ആസ്‌ത്രേലിയന്‍ പരിസ്ഥിതിപ്രവര്‍ത്തകനായിരുന്ന സ്റ്റീവ് ഇര്‍വിന്‍ ഇറങ്ങിപ്പോകുമായിരുന്നു.

സുഖമായി ഈ ലോകത്തില്‍ ജീവിക്കാന്‍ വേണ്ട എല്ലാ സൗകര്യങ്ങളും നല്‍കിയിട്ടും മനുഷ്യര്‍ അവന്റെ നൈമിഷികസുഖങ്ങള്‍ക്കായി മറ്റെല്ലാ ജീവികളെയും ഇല്ലാതാക്കുന്നു, അതുവഴിതന്റെ തന്നെ നിലനില്‍പ്പ് അപകടത്തിലാണെന്നു മനസ്സിലാവുമ്പോഴേക്കും തിരിച്ചുവരാനാവാത്ത ഒരു ഘട്ടത്തില്‍ എത്തിയിരിക്കും. ഒരേയൊരു സ്പീഷിസ് ഭൂമുഖത്തുനിന്ന് ഇല്ലാതായാല്‍ ബാക്കി എല്ലാ ജീവികളും സുഖമായി ജീവിച്ചേക്കും. ദുഃഖകരമായ വസ്തുത ആ സ്പീഷിസ് മനുഷ്യന്‍ ആണെന്നുള്ളതാണ്.

Latest Stories

We use cookies to give you the best possible experience. Learn more