ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇക്കഴിഞ്ഞ ശ്രീലങ്കന്‍ പര്യടനമാണ് സന്ദര്‍ഭം. ആതിഥേയ ടീമിന്റെ പേസ് ബൗളര്‍ എറിഞ്ഞ അത്രയൊന്നും മോശമല്ലാത്ത ഒരു പന്ത്. ക്രീസില്‍ നിലയുറപ്പിച്ച ബാറ്റ്‌സ്മാന്റെ അത്യന്തം അനായാസമായ ഒരു സ്‌ട്രോക്ക്.
കളി വിശാരദന്മാരുടെ ഭാഷ കടം കൊണ്ട് പറഞ്ഞാല്‍ എഫര്‍ട്ട്‌ലെസ്സ് സ്‌ട്രൈക്ക്. ബൗളര്‍ക്കും സൈറ്റ് സ്‌ക്രീനിനും മുകളിലൂടെ പന്ത് ഗ്യാലറിയിലേക്ക് പറന്നു. കാണികളുടെ കയ്യിലെത്തി അല്‍പ്പനേരം വിശ്രമിച്ചു. അതെ, ഒരു പടു കൂറ്റന്‍ സിക്‌സര്‍ തന്നെ. മനോഹരമായ ആ കാഴ്ച വാക്കുകളിലൂടെ പകര്‍ത്താന്‍ ടെലിവിഷന്‍ കമന്റേറ്റര്‍ ഉപയോഗിച്ച വാക്കാണ് ഗഗന്‍ ചുംബി സിക്‌സര്‍. ആകാശം ഉമ്മവച്ച ആറ് .
പറഞ്ഞ് വരുന്നത് ഇന്ത്യയുടെ ഇളം നീല ജഴ്‌സിയില്‍ നാല്‍പ്പത്തിയഞ്ചാം നമ്പറിനുടമയായ രോഹിത് ശര്‍മ്മയെ കുറിച്ചാണ്. മുകളില്‍ വിവരിച്ച ആകാശം ചുംബിച്ച “6”അടി വീരന്‍. ക്രീസില്‍ നിലയുറപ്പിച്ചാല്‍ പിന്നെ പുറത്താക്കാന്‍ എതിര്‍ ടീം പാട് പെടേണ്ടി വരുന്ന മികവിനുടമ.
നിലവിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും പ്രതിഭാധനനായ ബാറ്റ്‌സ്മാന്‍. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ സച്ചിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച രണ്ട് ബാറ്റ്‌സ്മാന്‍മാരില്‍ ഒരാള്‍. ഏകദിനത്തില്‍ രണ്ട് തവണ വീതം ഡബിള്‍ സെഞ്ച്വറിയും നൂറ്റമ്പതും പിന്നിട്ട കളിക്കാരന്‍. ഈ കലണ്ടര്‍ വര്‍ഷം മാത്രം 5 സെഞ്ച്വറിയും ആയിരത്തിലധികം റണ്‍സും അടിച്ചുകൂട്ടിയ ഓപ്പണിങ്ങ് ബാറ്റ്‌സ്മാന്‍. എന്നിട്ടും വാഴ്ത്ത് പാട്ടുകള്‍ക്കധികമൊന്നും പാത്രമാകാത്ത പ്രതിഭ.
ക്രിക്കറ്റ് ആത്യന്തികമായി ഒരു വിനോദോപാധി കൂടിയാണ്. കളിയില്‍ ഭ്രമിച്ച് കാണാനിരിക്കുന്നവരെ രസിപ്പിച്ച് പിടിച്ച് കെട്ടുന്നൊരു വിനോദം. സച്ചിന് ശേഷം ഏറെ രസിപ്പിച്ച ക്രിക്കറ്റ് താരമാരെന്ന ചോദ്യമുയര്‍ന്നാല്‍ വ്യക്തിപരമായി ഒരൊറ്റ ഉത്തരമേയുള്ളൂ. രോഹിത് ശര്‍മ്മ.
ക്രീസില്‍ നിലയുറപ്പിച്ചാല്‍ എത്ര അനായാസമായാണ്, സ്റ്റൈലന്‍ സ്‌ട്രോക്കുകളുതിര്‍ത്ത് രോഹിത് കളം വാഴുന്നത്. കഴിഞ്ഞ ശ്രീലങ്കന്‍ പര്യാടനം തന്നെ നോക്കൂ. ഒരു വശത്ത് സഹ ഓപ്പണര്‍ അജിങ്ക്യ രഹാനെ പന്ത് അതിര്‍ത്തി കടത്താന്‍ എടുക്കുന്ന എഫര്‍ട്ട് തെളിഞ്ഞ് കാണുമ്പോള്‍ അനായാസമായ ഒരു തഴുകലിലൂടെ പന്തിനെ അതിര്‍ത്തിക്കപ്പുറത്തേക്ക് പായിക്കുന്നു രോഹിത്. ഇത്രയേറെ ഈസിയായും പന്ത് നിലം തൊടാതെ പറപ്പിക്കാമെന്ന് പഠിപ്പിക്കുന്ന തരത്തിലുള്ള ഷോട്ടുകള്‍. ക്ലാസ്സും പവ്വറും സമന്വയിക്കുന്ന, അതിശയപ്പെടുത്തുന്ന അനായാസമായ ഷോട്ടുകള്‍.
അപാരമായ ടൈമിഗും ബാലന്‍സും, പവ്വറും ഷോട്ടുകളുടെ വൈവിദ്ധ്യവും, അനായാസമായ സ്‌ട്രോക്ക് പ്ലെയുമാണ് രോഹിതിന്റെ പ്രത്യേകതകളെന്ന് തോന്നുന്നു. അനായാസമെന്ന് തോന്നുന്ന സ്‌ട്രോക്കുകളുതിര്‍ക്കുമ്പോള്‍ തന്നെ അതിലൊളിപ്പിച്ച പവ്വര്‍ പന്ത് അതിര്‍ത്തി കടന്ന് പറക്കുമ്പോഴാണ് പലപ്പോഴും തിരിച്ചറിയാറ്.
ബൗളറെയും ബോളിനെയും ഒരു പോലെ കൊല്ലുന്ന പുള്‍ ഷോട്ടുകള്‍, കവിതപോലെ മനോഹരമായ കവര്‍ ഡ്രൈവുകള്‍, ഫ്രണ്ട് ഫൂട്ടിലും ബാക്ക് ഫൂട്ടിലും ഷോട്ടുകള്‍ പായിക്കാനുള്ള മിടുക്ക്, ഷോട്ട്പിച്ച്, ഫുള്‍ ലെഗ്ത് ബോളുകള്‍ നേരിടുന്നതിലെ വൈദഗ്ധ്യം, രോഹിതിന്റെ പ്ലസ്സ് പോയന്റുകള്‍ ഇതൊക്കെ തന്നെയാണ്.
കരിയറിന്റെ തുടക്കത്തില്‍ ഏറെ വിമര്‍ശനമേറ്റ് വാങ്ങിയ താരമാണ് സച്ചിന്റെ നാട്ടില്‍ നിന്ന് തന്നെയുള്ള രോഹിത്. പ്രതിഭയേറെ ഉണ്ടായിട്ടും അതിനോട് നീതി പുലര്‍ത്തുന്ന പ്രകടനം പുറത്തെടുക്കാനാവുന്നില്ല എന്നായിരുന്നു മുഖ്യ വിമര്‍ശനം.
നന്നായി കളിക്കുമ്പോഴും അനാവശ്യ ഷോട്ടുകള്‍ കളിച്ച് വിക്കറ്റ് വലിച്ചെറിയുക പതിവാക്കുക, സ്ഥിരത പുലര്‍ത്താനാവുന്നില്ല, വിക്കറ്റിനിടയിലെ ഓട്ടത്തില്‍ ഏറെ മോശം, ഇങ്ങിനെ പോണു മുബൈക്കാരന്റെ മേല്‍ സ്ഥിരമായി ആവര്‍ത്തിക്കുന്ന മറ്റ് പോരായ്മകള്‍.
ഇതെല്ലാം ഏറെക്കുറെ ശരിയുമായിരുന്നു. ഏതായാലും കാലവും അനുഭവവും രോഹിത്തിന്റെ കളിയിലും മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. ഈ വര്‍ഷത്തെ മിന്നും ഫോം അത് തന്നെയാണ് സൂചിപ്പിക്കുന്നത്. 5 സെഞ്ച്വറിയും ആയിരത്തിലധികം റണ്‍സും. കൂടാതെ കലണ്ടര്‍ വര്‍ഷം ഏകദിനത്തില്‍ ഏറ്റവുമധികം സിക്‌സറുകള്‍ പറത്തിയതും മറ്റാരുമല്ല. 33 തവണയാണ് ഈ വര്‍ഷം രോഹിതിന്റെ ബാറ്റില്‍ നിന്ന് പന്ത് അതിര്‍ത്തിക്കപ്പുറത്തേക്ക് നിലം തൊടാതെ പറന്നത്. ഇനിയങ്ങോട്ടും എതിരാളികളെ അടിച്ച് പറത്തി രാജ്യത്തിന്റെ വിജയങ്ങളില്‍ നിര്‍ണ്ണായക പങ്ക് വഹിക്കാന്‍ ഇന്ത്യയുടെ 6 അടി വീരന് സാധിക്കട്ടെ.