ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്ന ത്രിപുര
National Politics
ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്ന ത്രിപുര
ജുനൈദ് ടി.പി. തെന്നല
Monday, 13th December 2021, 5:23 pm
സംസ്ഥാനത്തെ വലിയ ദുരന്തം മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബാണ്. പക്ഷെ ആര്‍.എസ്.എസ്സുമായി നല്ല ബന്ധം സൂക്ഷിക്കുന്ന നേതാവ് എന്നതാണ് ബിപ്ലബിന് കേന്ദ്ര ബി.ജെ.പി നേതൃത്വം കല്‍പിച്ചു കൊടുക്കുന്ന അധിക യോഗ്യത.

ത്രിപുരയുടെ രാഷ്ട്രീയ ചരിത്രത്തെ 2018ന് മുന്‍പും ശേഷവും എന്ന് വേറിട്ട് അടയാളം വെക്കാന്‍ പാകത്തില്‍ ഭീകരമായ ഒരു രാഷ്ട്രീയ ക്രമത്തിലേക്കാണ് ഇപ്പോള്‍ സംസ്ഥാനം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ത്രിപുരയില്‍ ഇക്കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പി നേടിയ വിജയം ജനാധിപത്യത്തിന്റെ ബലഹീനതയും ഭൂരിപക്ഷാധിപത്യത്തിന്റെ വിജയവുമായി ചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ടതുണ്ട്.

ആകെയുള്ള 334 സീറ്റുകളില്‍ 319 സീറ്റുകളും നേടിയ ബി.ജെ.പിക്ക് 112 സീറ്റുകളില്‍ അവരുടെ നോമിനികളെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടാന്‍ മാത്രമുള്ള ഒരു ഏകാധിപത്യ സ്വഭാവം ത്രിപുരയില്‍ കൈവന്നിട്ടുണ്ട് എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത.

ജനങ്ങളെ പോളിംഗ് കേന്ദ്രങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കുകയും ബൂത്ത് കയ്യേറിയും പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്താണ് ഇങ്ങനെയൊരു മൃഗീയ ഭൂരിപക്ഷത്തിലേക്ക് ബി.ജെ.പി ഓടിക്കയറിയത്. ഇപ്പോഴും നിരവധി പാര്‍ട്ടി ഓഫീസുകള്‍ തകര്‍ക്കപ്പെടുകയും ഇടതുപക്ഷ പ്രവര്‍ത്തകര്‍ ശാരീരികമായി ആക്രമിക്കപ്പെടുകയും ചെയ്യുന്നുണ്ട്.

ബൂത്ത് പിടിച്ചടക്കിയും പ്രതിപക്ഷ പാര്‍ട്ടികളെ ഭീഷണിപ്പെടുത്തിയും വോട്ടര്‍മാരെ വോട്ട് ചെയ്യുന്നതില്‍ നിന്ന് വിലക്കിയും നേടിയ വിജയം, ജനാധിപത്യ രാഷ്ട്രീയ ക്രമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്ന് മാത്രമല്ല ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സംഘപരിവാര്‍ പരീക്ഷിക്കുന്ന ഭൂരിപക്ഷാധിപത്യ വര്‍ഗീയ രാഷ്ട്രീയ മാനിഫെസ്റ്റോയുടെ കലര്‍പ്പില്ലാത്ത പകര്‍ത്തെഴുത്ത് കൂടിയാണ്.

ബി.ജെ.പിയുടെ പാര്‍ട്ടി സംവിധാനങ്ങള്‍ക്ക് പുറമെ സംഘപരിവാറിന്റെ ബൗദ്ധിക മാനവവിഭവശേഷിയും സൈനിക-പൊലീസ് സേന അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെ നീതിയില്ലാത്ത നടപടികളും മൂലധനമായി സ്വീകരിച്ചാണ് ബി.ജെ.പി ജനാധിപത്യത്തെ പരസ്യമായി കശാപ്പ് ചെയ്യുന്നത്.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവകാശപ്പെട്ടതുപോലെ 81.5% ജനങ്ങളും സിവില്‍ ബോഡി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിരുന്നെങ്കില്‍ ത്രിപുരയില്‍ തെരുവിലൂടെ നടക്കാന്‍ പ്രയാസമായേനെ എന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗവും നാല് തവണ ത്രിപുര മുഖ്യമന്ത്രിയുമായിരുന്ന മണിക് സര്‍കാര്‍ പരിഹസിച്ചത് അത്രയും വലിയ കൃത്രിമം തെരഞ്ഞെടുപ്പില്‍ നടന്നു എന്നതിന്റെ സാക്ഷ്യപ്പെടുത്തലായിരുന്നു.

തെരഞ്ഞെടുപ്പിന് മുന്‍പേ തന്നെ സംസ്ഥാനത്ത് ന്യൂനപക്ഷക്കള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ആരംഭിച്ചിരുന്നു. നിരവധി മുസ്‌ലിം പള്ളികള്‍ക്ക് തീയിട്ടും മുസ്‌ലിം സ്ത്രീകളെ ബലാത്സംഗം ചെയ്തും ഗുജറാത്ത് മോഡല്‍ വംശീയ ഉന്മൂലനത്തിനാണ് ത്രിപുരയില്‍ സംഘപരിവാര്‍ അരങ്ങൊരുക്കുന്നത്. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ മണിക് സര്‍കാറിന് വരെ ഒന്നിലധികം തവണ സംഘപരിവാര്‍ പ്രവര്‍ത്തകരില്‍ നിന്ന് അക്രമങ്ങള്‍ നേരിടേണ്ടതായി വന്നു.

വലിയ പ്രിവിലേജുകള്‍ക്കിടയില്‍ ജീവിക്കുന്ന ഒരാള്‍ക്ക് ഇത്രയും വലിയ പ്രയാസം നേരിടേണ്ടി വരുന്നത് ആ സംസ്ഥാനത്തെ ക്രമസമാധാനം എത്രമാത്രം ദുര്‍ബലമാണ് എന്നതിന്റെ തെളിവ് കൂടിയാണ്. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന അക്രത്തിന്റെ പേരില്‍ പോലും ത്രിപുരയിലെ മുസ്‌ലിങ്ങള്‍ വേട്ടയാടപ്പെടുകയാണ്.

                                                                            മണിക് സര്‍കാര്‍

25 വര്‍ഷത്തെ തുടര്‍ച്ചയായ ഇടതുഭരണത്തില്‍ സ്വസ്ഥമായി ജീവിച്ചിരുന്ന ജനങ്ങള്‍ക്കിടയില്‍ നിന്നാണ് ഹിന്ദുത്വത്തിന്റെ വിഷവിത്തുകള്‍ പാകി ബി.ജെ.പി ഇപ്പോള്‍ നേട്ടം കൊയ്യുന്നത്. 2018 നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് 24 മണിക്കൂറിനകം തന്നെ ത്രിപുരയില്‍ കലാപം തുടങ്ങിയിരുന്നു.

ലെനിന്റെ പ്രതിമ വരെ ജെ.സി.ബി ഉപയോഗിച്ച് തകര്‍ത്തത് വലിയ വാര്‍ത്തയായിരുന്നു. അന്ന് ഇടതുപക്ഷ ഭരണവിരുദ്ധ വികാരത്തിന്റെ സ്വാഭാവിക പ്രതിഫലനമായി ചിത്രീകരിച്ചുകൊണ്ട് കേരളത്തിലെ കോണ്‍ഗ്രസ് പ്രൊഫൈലുകള്‍ പോലും ആഘോഷമാക്കിയ അക്രമങ്ങളില്‍, ഇന്ന് സ്വന്തം പാര്‍ട്ടിക്കാര്‍ പോലും ഇവരുടെ അക്രമങ്ങള്‍ക്ക് മുന്നില്‍ ദയനീയമായി കൈകൂപ്പേണ്ടി വരുമ്പോള്‍ മിണ്ടാതിരിക്കുകയാണ്.

ത്രിപുരയിലെ സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ ബി.ജെ.പി എം.എല്‍.എമാര്‍ക്കിടയില്‍ തന്നെ കലാപം നടക്കുന്നുണ്ട്. സുദീപ് റോയ് ബര്‍മന്റെ നേതൃത്വത്തില്‍ 7 വിമത എം.എല്‍.എമാര്‍ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നേരത്തെ തന്നെ രംഗത്തു വന്നിരുന്നു. തെരഞ്ഞെടുപ്പിന് മുന്‍പ് ത്രിപുരയില്‍ താലിബാന്‍ മോഡല്‍ ആക്രമണം നടത്തണമെന്ന പ്രസ്താവന നടത്തിയ ബി.ജെ.പി എം.എല്‍.എ അരുണ്‍ ചന്ദ്ര ഭൗമിക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി തന്നെ സര്‍ക്കാറിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

ആവര്‍ത്തിക്കുന്ന രാഷ്ട്രീയസംഘര്‍ഷം ബി.ജെ.പിയുടെയും പ്രധാനമന്ത്രി മോദിയുടെയും പ്രതിച്ഛായയും വിശ്വാസ്യതയും തകര്‍ക്കുമെന്നും ഉത്തര്‍പ്രദേശില്‍ ഉള്‍പ്പെടെ നടക്കാനിരിക്കുന്ന അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയെ ഇത് ദോഷകരമായി ബാധിക്കുമെന്നും ചൂണ്ടിക്കാണിച്ച് എം.എല്‍.എമാരായ സുദീപ് റോയ് ബര്‍മന്‍, ആശിഷ് സാഹ എന്നിവര്‍ വാര്‍ത്താസമ്മേളനവും നടത്തിയിരുന്നു.

                                                       സുദീപ് റോയ് ബര്‍മന്‍

എന്നാല്‍ ഇതിനോട് അനുഭാവപൂര്‍ണ്ണമായ നിലപാട് സ്വീകരിക്കാതെ, വിമത എം.എല്‍.എമാര്‍ എന്ന ടാഗൊട്ടിച്ച് ഇവരെ പഴയ തൃണമൂല്‍ എം.എല്‍.എമാര്‍ എന്ന രീതിയില്‍ അപരവല്‍ക്കരിക്കുകയും ചെയ്യുകയാണുണ്ടായത്. അക്രമങ്ങള്‍ക്ക് ഇന്ധനം നല്‍കുന്ന മുഖ്യമന്ത്രിയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ബി.ജെ.പി കേന്ദ്രനേതൃത്വവും സ്വീകരിച്ചത്.

ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണം ചൂണ്ടിക്കാണിച്ച് വിവരാവകാശ പ്രവര്‍ത്തകനായ സാകേത് ഗോഖലെ നേരത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ത്രിപുര ചീഫ് സെക്രട്ടറി കുമാര്‍ അലോകിനോടും പൊലീസ് ഡയറക്ടര്‍ ജനറല്‍ വി.എസ് യാദവിനോടും നാലാഴ്ചയ്ക്കുള്ളില്‍ നടപടിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു.

ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലും സര്‍ക്കാറിനെതിരെ നിരവധി കേസുകള്‍ നിലനില്‍കുന്നുണ്ട്. സുപ്രീംകോടതി അഭിഭാഷകന്‍ ഇത്തിഷാം ഹാഷ്മിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ അഡ്വ. പ്രശാന്ത് ഭൂഷന്റെ വാദം കേട്ട സുപ്രീംകോടതി കഴിഞ്ഞ 29ന് രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഇതുകൂടാതെ ദ വയര്‍ അടക്കമുള്ള സ്വതന്ത്ര ദേശീയ മാധ്യമങ്ങളും വിവിധ അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരുന്നു.

മുസ്‌ലിം പള്ളികള്‍ക്കെതിരെയുള്ള അക്രമം റിപ്പോര്‍ട്ട് ചെയ്തതിന്, വിശ്വഹിന്ദു പരിഷത്തിനെ അപകീര്‍ത്തിപ്പെടുത്തുന്ന വിധം വാര്‍ത്ത നല്‍കി എന്ന പരാതിയിന്മേല്‍ ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എച്ച്.ഡബ്ല്യു ന്യൂസിന്റെ രണ്ട് വനിതാ റിപ്പോര്‍ട്ടര്‍മാര്‍ക്കെതിരെയും കലാപശ്രമം നടത്തി എന്നാരോപിച്ച് യു.എ.പി.എ പ്രകാരം പൊലീസ് കേസെടുക്കുകയുണ്ടായി.

ഇക്കഴിഞ്ഞ മാസം മാത്രം അര ഡസനോളം പള്ളികളാണ് 5000ത്തോളം വരുന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ആക്രമിച്ച് നശിപ്പിച്ചത്. മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന ഈ ആക്രമങ്ങളില്‍ പൊലീസ് കാഴ്ചക്കാരായി നോക്കിനില്‍ക്കുന്ന സ്ഥിതിവിശേഷമാണ് സംസ്ഥാനത്തുള്ളതെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ അല്‍ജസീറ അവരുടെ റിപ്പോര്‍ട്ടറെ ഉദ്ധരിച്ചുകൊണ്ട് പ്രസിദ്ധപ്പെടുത്തിയിരുന്നു.

സംസ്ഥാനത്തെ മറ്റൊരു വലിയ ദുരന്തം മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബാണ്. ചരിത്രാബദ്ധങ്ങള്‍ കണക്കില്ലാതെ വിളിച്ചുപറയുന്ന കൂട്ടത്തില്‍ കഴിഞ്ഞ ഒക്ടോബറില്‍ പൊലീസ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയില്‍ ആഭ്യന്തരമന്ത്രി കൂടിയായ ബിപ്ലബ് കുമാര്‍ നടത്തിയ പ്രസ്താവന വലിയ വിവാദമായിരുന്നു.

”പൊലീസുകാര്‍ കോടതിയലക്ഷ്യം ഭയക്കേണ്ടതില്ല. അത്തരം കേസുകള്‍ ഞാന്‍ കൈകാര്യം ചെയ്യും. കോടതിക്ക് ഉത്തരവിടാം. പക്ഷേ അത് ആരാണ് പാലിക്കുക? പൊലീസ് എന്റെ അധികാരപരിധിയിലാണ്”, എന്നിങ്ങനെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന തരത്തില്‍ പ്രസംഗിച്ചിട്ട് പോലും രാജ്യത്തെ നിയമസംവിധാനങ്ങള്‍ നോക്കി നില്‍ക്കുകയാണ് ചെയ്തത്.

                                                                     ബിപ്ലബ് കുമാര്‍ ദേബ്

പാര്‍ട്ടിയില്‍ ബിപ്ലബിന്റെ നേതൃത്വത്തിന് വിമത എം.എല്‍.എമാരല്ലാതെ തന്നെ വലിയൊരു വിഭാഗത്തിന്റെയും അതൃപ്തിയുണ്ട്. പക്ഷെ ആര്‍.എസ്.എസ്സുമായി നല്ല ബന്ധം സൂക്ഷിക്കുന്ന നേതാവ് എന്നതാണ് ബിപ്ലബിന് കേന്ദ്ര ബി.ജെ.പി നേതൃത്വം കല്‍പിച്ചു കൊടുക്കുന്ന അധിക യോഗ്യത.

2023ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വര്‍ഗ്രീയധ്രുവീകരണ ശ്രമങ്ങളുടെ ഭാഗമായാണ് ഈ അക്രമങ്ങള്‍ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ഇത് സംഘപരിവാറിന്റെ മേജര്‍ പ്രൊജക്ടായി തന്നെ നടപ്പാക്കുന്ന പ്രവര്‍ത്തനപദ്ധതിയാണ്.

സംസ്ഥാനത്ത് ബി.ജെ.പിക്ക് അനുകൂലമായ ഒരു ഗ്രൗണ്ട് രൂപപ്പെടുന്നത് വരെ അക്രമങ്ങള്‍ തുടരും എന്ന് തന്നെയാണ് കരുതാനാവുക. വിശ്വഹിന്ദു പരിഷത്തും അവരുടെ യുവജന സംഘടനയായ ബജ്‌രംഗ് ദളുമാണ് മിക്ക അക്രമങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത്.

അതേസമയം ചില വലതുപക്ഷ പാര്‍ട്ടികളും മാധ്യമങ്ങളും ചേര്‍ന്ന്, ഇത് ഹിന്ദു-മുസ്‌ലിം കലാപമല്ലെന്നും പ്രാദേശിക രാഷ്ട്രീയപ്രശ്‌നമാണെന്നുമുള്ള ഒരു നരേറ്റീവിലേക്ക് വിഷയത്തെ വഴിതിരിച്ച് വിടാനുള്ള ശ്രമങ്ങളും കൊടിപിടിച്ച് നടത്തുന്നുണ്ട്. ഇത് കുടിയേറ്റക്കാരും തദ്ദേശീയരും തമ്മിലുളള പ്രശ്‌നമാണെന്നാണ് അവരുടെ വാദം.

സംസ്ഥാനത്തെ പ്രധാന പ്രാദേശിക പാര്‍ട്ടിയായ ‘ത്രിപുര പീപ്പിള്‍സ് ഫ്രണ്ട്’ അടക്കം ഈ വാദം ശക്തമായി ഉയര്‍ത്തുന്നുണ്ട്. മാത്രമല്ല അസം മോഡല്‍ പൗരത്വ പട്ടികയും പ്രസിദ്ധീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.

അതുകൊണ്ട് തന്നെ ഇത് ന്യൂനപക്ഷ വേട്ടയായി കാണാന്‍ പോലും ഇവര്‍ തയ്യാറാവുന്നില്ല എന്നതാണ് ഇപ്പോള്‍ വലിയ പ്രതിസന്ധിയായി നിലനില്‍ക്കുന്നത്. ഇത് ജനാധിപത്യം മാഞ്ഞുപോകുന്ന അത്യന്തം അപകടകരവും ദയനീയവുമായ ഒരവസ്ഥയിലേക്ക് ത്രിപുരയെ സംഘപവരിവാര്‍ പരിവര്‍ത്തനപ്പെടുത്തിയിരിക്കുന്നു എന്നതിന്റെ സാക്ഷ്യം കൂടിയാണ്.

കുടിയേറ്റ-വംശീയ പ്രശ്‌നങ്ങളും നക്‌സല്‍ സ്വാധീനവും വര്‍ധിച്ച് വരുന്ന നോര്‍ത്ത് ഈസ്റ്റ് ഭൂപടത്തില്‍, അശാന്തിയുടെ കത്തുന്ന കനലായി ത്രിപുര ജനാധിപത്യ ഇന്ത്യയുടെ നോവായി മാറുകയാണ്. അതുകൊണ്ട് തന്നെ 2023ല്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ജനാധിപത്യം തിരിച്ചുപിടിക്കാനുള്ള മതേതര-രാഷ്ട്രീയകക്ഷികളുടെ പോരാട്ടം കൂടിയാവും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Article on religious atrocities in Tripura under BJP rule

ജുനൈദ് ടി.പി. തെന്നല
ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ്