മണ്ണുമാന്തിക്കപ്പലിനെക്കുറിച്ച് പണ്ട് സ്‌കൂളില്‍ പഠിക്കുമ്പോള്‍ കേട്ടതാണ്.പിന്നെ അങ്ങനെയൊരു കാര്യത്തെപ്പറ്റി ഓര്‍ക്കേണ്ടി വന്നിട്ടേയില്ല. ഇപ്പോളിതാ അയല്‍വാസി വാസുവിന്റെ ചെറിയ മകന്‍ വന്ന് സംശയം ചോദിക്കുന്നു: അങ്കിള്‍, ഈ ഡ്രഡ്ജിങ്ങ് എന്നു വെച്ചാലെന്താ?
പയ്യന്റെ ചോദ്യത്തിന്റെ അര്‍ത്ഥം മനസ്സിലായില്ല മലയാളം മീഡിയത്തിലെ ഏഴാം ക്ലാസ്സുകാരന്റെ പുസ്തകത്തിലും പണ്ട് ഞാന്‍ പഠിച്ച പോലെ മണ്ണുമാന്തിക്കപ്പല്‍ എന്നു തന്നെയല്ലേ പഠിക്കാനുണ്ടാവുക? പിന്നെ ഇവനിത് എവിടുന്നു കിട്ടി എന്ന കൗതുകത്തിന് ചോദിച്ചപ്പോഴാണറിഞ്ഞത്, അവന്‍ ഇംഗ്ലീഷ് പത്രം വായിക്കാറുണ്ടെന്ന്.
അതിലൊരു വാര്‍ത്ത വായിച്ചു കിട്ടിയതാണത്രെ മലയാളം പത്രം മാത്രം വായിച്ചു പോരുന്ന നമ്മളെ പോലെയുള്ളവര്‍ അറിഞ്ഞിട്ടേയില്ലാത്ത ഒരു കാര്യം. ഇന്ത്യാ ഗവണ്‍മെന്റ് അതിന്റെ ഉടമസ്ഥതയിലുള്ള ഡ്രെഡ്ജിങ്ങ് കോര്‍പറേഷന്‍ കൈയ്യൊഴിയുകയാണ്. തൂക്കി വില്‍ക്കാന്‍ തീരുമാനിച്ച ഈ ഡ്രെഡ്ജിങ്ങ് കോര്‍പറേഷന്‍ എന്നു പറയുന്ന സ്ഥാപനം എന്തെടുക്കുന്ന സ്ഥാപനമാണ് എന്നാണ് അവനറിയേണ്ടത്.
മറുപടി ഒറ്റവാക്കില്‍ ഒതുക്കാം: മണ്ണ്. മണ്ണെടുക്കുന്ന സ്ഥാപനമാണല്ലോ അത്. മണ്ണുമാന്തി കപ്പലുകളുടെ ഉടമസ്ഥനാണ് വമ്പന്‍.
മണ്ണെന്ന ഒറ്റവാക്കിലുള്ള മറുപടി കേട്ടതും, അവനൊറ്റച്ചാട്ടം: അയ്‌നാണൊ മോഡീ ജീനെ കുറ്റം പറയുന്നത്?
ഏതാണ്ട് ഞാനെന്തോ കുറ്റം പറഞ്ഞമട്ടിലാണ് പയ്യന്റെ ഭാവം. എനിക്കൊന്നും മനസ്സിലായില്ല. അപ്പോഴാണ് അവന്‍ വിസ്തരിച്ചു പറയുന്നത്. അങ്ങനെയൊരു സ്ഥാപനം സ്വകാര്യ മുതലാളിമാരെ ഏല്‍പ്പിക്കുന്നത് മഹാപരാധമാണെന്ന് ഇംഗ്ലീഷ് പത്രത്തിലുണ്ടത്രെ!
തല്‍ക്കാലം പയ്യനെ പറഞ്ഞയച്ച് ഞാന്‍ ലൈബ്രറിയില്‍ ചെന്ന് നെറ്റില്‍ കയറി പത്രം നോക്കിയപ്പോഴല്ലേ കാര്യം മനസ്സിലായത്!
ലോകത്തെ മണ്ണുമാന്തിക്കമ്പനികളില്‍ വലുപ്പം കൊണ്ട് അഞ്ചാമനാണ് നമ്മുടെ ഡ്രെഡ്ജിങ് കോര്‍പറേഷന്‍. അതിന്റെ ഓഹരികളില്‍ ഏതാണ്ട് 27 ശതമാനം നേരത്തേ വിറ്റു തിന്നതു കൊണ്ട് ഇപ്പോള്‍ സര്‍ക്കാര്‍ വശമുള്ളത് 73 ശതമാനത്തിനടുത്താണ്. അതാണ് സ്വകാര്യവല്‍ക്കരിക്കാന്‍ പോവുന്നത്. വെറുതെ മണ്ണു മാന്തി മണ്ണപ്പം ചുടുകയല്ല, അതിന്റെ പണി. മറിച്ച് 7500 ലേറെ കിലോമീറ്റര്‍ കടല്‍ത്തീരമുള്ള നമ്മുടെ രാജ്യത്തെ നാവിക സേനക്ക് സുരക്ഷ ഒരുക്കുകയാണ്.
1976 ല്‍ വെറും 28 കോടി മുതല്‍ മുടക്കോടെ ആരംഭിച്ച ഈ സ്ഥാപനം വെച്ചടി വെച്ചടി ലാഭം കൂട്ടി വരികയായിരുന്നു. സേതുസമുദ്രം പദ്ധതിക്ക് ചെലവഴിച്ച കാശത്രയും വെള്ളത്തിലാവുകയായിരുന്നു അവിടെ ശ്രീരാമന്‍ കെട്ടിയ പഴയ മണ്‍ചിറ തകരാറിലാവുമെന്ന് പറഞ്ഞ് വര്‍ഗീയതാ വാദികള്‍ രംഗത്തിറങ്ങിയതോടെ. പദ്ധതി നിര്‍ത്തിവെച്ചപ്പോള്‍ ഡ്രെഡ്ജിങ്ങ് കോര്‍പറേഷന് വന്ന നഷ്ടം 578 കോടി. തര്‍ക്കം മൂത്ത് ഒടുക്കം സേതു സമുദ്രം കോര്‍പറേഷന്‍ 406 കോടി നല്‍കാമെന്ന് സമ്മതിച്ചതാണ്. എന്നാല്‍ ഗഡ്ഗരിയുടെ സര്‍ക്കാര്‍ കല്പിച്ചത് വെറും 167 കോടി കൊടുത്താല്‍ മതി എന്നാണത്രെ.
ഇങ്ങനെയൊക്കെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടം നഷ്ടത്തിലേക്ക് വീഴാതെ വര്‍ഷാവര്‍ഷം സര്‍ക്കാറിന് വന്‍ തുക ലാഭ വിഹിതം നല്‍കുന്ന സ്ഥാപനത്തെ തൂക്കി വില്‍ക്കുന്നതിന് എന്തു ന്യായം എന്നാണ് തൊഴിലാളി യൂനിയന്‍ ചോദിക്കുന്നത്.
ഈ പൊതുമേഖലാ സ്ഥാപനം പൂട്ടിക്കഴിഞ്ഞാല്‍ ലാഭാര്‍ത്തിയുമായി ഈ രംഗം കീഴടക്കാന്‍ സ്വകാര്യ കമ്പനികള്‍ തയാറാണ്. വല്ലാര്‍പാടം പദ്ധതിയുടെ അനുഭവം നമുക്കുണ്ട്. പാതി വഴിക്ക് പണി ഉപേക്ഷിച്ച് തടി തപ്പുന്ന ഇത്തരം സ്വകാര്യ കമ്പനികളെ വിശ്വസിക്കാനേ പറ്റില്ല എന്ന് പാര്‍ലമെന്റി സ്റ്റാന്റിങ് കമ്മിറ്റി ചൂണ്ടിക്കാട്ടിയതാണ്.
തന്ത്രപ്രധാനമായ ജോലികളാണ് ഈ പൊതുമേഖലാ സ്ഥാപനം ഏറ്റെടുക്കുന്നതും വര്‍ഷാവര്‍ഷം സര്‍ക്കാറിന് ലാഭവിഹിതം നല്‍കിപ്പോരുന്നതും .അങ്ങനെയുള്ള ഒരു സ്ഥാപനം പാട്ട വിലക്ക് തൂക്കിക്കൊടുത്താലോ? പറ്റില്ലെന്ന് പറയും കാര്യ വിവരമുള്ളവര്‍. അത്രയേ ചെയ്തുള്ളൂ ഡി.സി.ഐ നോണ്‍ എക്‌സിക്യൂട്ടീവ് യൂനിയന്‍.
മാത്രവുമല്ല, സര്‍ക്കാര്‍ സ്ഥാപനം അടച്ചു പൂട്ടുന്നതും കാത്ത് ഏറ്റെടുക്കാന്‍ ക്യൂവില്‍ മുന്നില്‍ നില്‍ക്കുന്നത് കേന്ദ്ര ഷിപ്പിങ്ങ് മന്ത്രി നിതിന്‍ ഗഡ്ഗരിയുടെ മകനാണ് എന്നാണ് കേള്‍വി. ഇതിനെതിരെ സി ഐ ടി യു യൂനിയര്‍ നവംബര്‍ 30 മുതല്‍ റിലേ നിരാഹാര സമരം ചെയ്യുകയാണ്. ആ വിവരം ഒരൊറ്റ മുഖ്യധാരാമലയാള പത്രത്തിലും വന്നതായി കണ്ടില്ല.
സെന്‍സേഷണലിസത്തിന് പിറകെ പോകാറുള്ള മാധ്യമങ്ങള്‍ക്ക് മസാലചേര്‍ത്ത് വിളമ്പാന്‍ പറ്റിയ ഒരു ദുരന്തകഥ കൂടി ഇതിന്റെ ഭാഗമായുണ്ട്. ഡ്രെഡ്ജിങ്ങ് കോര്‍പറേഷന്റെ വിശാഖപട്ടണത്തെ ആസ്ഥാനത്ത് ഇക്കഴിഞ്ഞ ഡിസംബര്‍ 4ന് 29 വയസ്സുകാരനായ എന്‍.വെങ്കിടേഷ് തന്റെ കമ്പനി സര്‍ക്കാര്‍ കൈയ്യൊഴിയുന്നുവെന്ന് കേട്ട് മനംനൊന്ത് ആത്മഹത്യ ചെയ്തതാണത്. ആത്മഹത്യാക്കുറിപ്പ് മോഡി സര്‍ക്കാറിനുള്ള കുറ്റപത്രമായി മാറി.
സര്‍ക്കാര്‍ ഈ നീക്കത്തില്‍ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ജീവനക്കാര്‍ നടത്തിയ പണി മുടക്കം ഡിസംബര്‍ 22 ന് അവസാനിച്ചതേയുള്ളൂ. അനിശ്ചിതകാല പണിമുടക്കിനുള്ള തയ്യാറെടുപ്പിലാണവര്‍.
കാര്യങ്ങള്‍ ഇത്രയൊക്കെയെത്തിയിട്ടും നമ്മളാരും അറിഞ്ഞതേയില്ല. നമ്മുടെ കുറ്റം.
എനിക്കതൊന്നുമല്ല വേവലാതി.വാസുവിന്റെ മകന്‍ എന്തിനാണ് അതിനെ ന്യായീകരിക്കുന്നത് എന്നതാണ് എന്നെ അലട്ടുന്നത്. ആരാണ് അവന്റെ ബോധത്തില്‍ വിഷം കലര്‍ത്തുന്നത്?