| Friday, 25th August 2017, 3:15 pm

ഇന്ത്യന്‍ ടീമിന്റെ ജെഴ്‌സിയും എമിറേറ്റ്‌സ് വിമാനക്കമ്പനിയുടെ പുതപ്പും തമ്മിലുള്ള ബന്ധമെന്താണ്?

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്ലാസ്റ്റിക്കുകള്‍ പലതരം ഉണ്ട്. പല ആവശ്യങ്ങള്‍ക്കും പലതരം പ്ലാസ്റ്റിക്കുകള്‍ ആണ് ഉപയോഗിക്കുന്നത്. ചിലവ പൂര്‍ണ്ണമായും പുനരുപയോഗിക്കാവുന്നവ ആണ്. ചിലത് അതിനു കഴിയാത്തതും. ഓരോതരം പ്ലാസ്റ്റിക്കിനേയും അവയെ പുനരുപയോഗിക്കാനുള്ള കഴിവനുസരിച്ച് വേര്‍തിരിച്ചിട്ടുണ്ട്.

ഇതില്‍ ഏറ്റവും നന്നായി പുനരുപയോഗം ചെയ്യാവുന്നവയാണ് പെറ്റ് (PET) എന്നറിയപ്പെടുന്ന പോളിഎതിലീന്‍ ടെറെഫ്താലേറ്റ്. പെട്രോളിയത്തില്‍ നിന്നുമാണ് ഇത് ഉണ്ടാക്കുന്നത്. കാര്‍ബണും ഹൈഡ്രജനും ഓക്‌സിജനും മാത്രം അടങ്ങിയിട്ടുള്ള പെറ്റ് നൂറുശതമാനവും പുനരുപയോഗിക്കാവുന്ന വസ്തുവാണ്. പെറ്റ് കൊണ്ട് ധാരാളം ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാം.

നന്നായി ഈടുനില്‍ക്കുന്ന ഭാരം കുറഞ്ഞ ഇവ ബോട്ടുകളുടെ പായ, സോളാര്‍ സെല്ലുകളുടെ കട്ടികുറഞ്ഞ ഫിലിം, കൃത്രിമനൂലുകള്‍ ഉണ്ടാക്കുന്ന പോളിഎസ്റ്റര്‍, ഭക്ഷണവസ്തുക്കള്‍ സൂക്ഷിക്കാനുതകുന്ന പാത്രങ്ങള്‍, ദ്രാവകങ്ങള്‍ സൂക്ഷിക്കാവുന്ന കുപ്പികള്‍ എന്നിവയെല്ലാം ഉണ്ടാക്കാനാണ് പ്രധാനമായി ഉപയോഗിക്കുന്നത്.

പെറ്റ് ആണ് കോളകളും ബോട്ടില്‍ഡ് വാട്ടറും നിറയ്ക്കാനുള്ള കുപ്പികള്‍ ഉണ്ടാക്കുന്ന വസ്തു. വൈദ്യുതരോധിയായും ഒപ്റ്റിക്കല്‍ ഉപകരണങ്ങള്‍ ഉണ്ടാക്കാനും താപചാലകമായും നല്ല ബലമുള്ള പലതരം വസ്തുക്കള്‍ ഉണ്ടാക്കാനും ഇതുപയോഗിക്കുന്നു. വളരെയേറെക്കാലം ഈടുനില്‍ക്കുന്നതിനാല്‍ തീരെക്കുറഞ്ഞചെലവില്‍ പലതരം ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാന്‍ ഇവ മികച്ചതാണ്.

എന്നാല്‍ ഇവ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത് ഒറ്റത്തവണ ഉപയോഗിച്ചശേഷം വലിച്ചെറിയാനുള്ള വെള്ളക്കുപ്പികള്‍ ഉണ്ടാക്കാനാണെന്നത് വലിയ ദുര്യോഗമാണ്. എന്നിട്ടോ അത് ആയിരത്താണ്ടുകള്‍ ദ്രവിക്കാതെ ദഹിക്കാതെ മണ്ണിനെയും ഭൂമിയിലെ ജീവനേയും അപകടത്തിലാക്കി നിലകൊള്ളുന്നു.

പൂര്‍ണ്ണമായും പുനരുപയോഗിക്കാവുന്നതാണെങ്കിലും വളരെച്ചെറിയൊരു ശതമാനം പെറ്റ് ബോട്ടിലുകള്‍ മാത്രമേ പുനരുപയോഗിക്കുന്നുള്ളൂ. 5000 കോടി പെറ്റ് ബോട്ടിലുകളാണ് അമേരിക്കക്കാര്‍ മാത്രം ഒരു വര്‍ഷം ഉപയോഗിക്കുന്നത്. ഇതില്‍ വെറും 23 ശതമാനമാണ് പുനരുപയോഗിക്കുന്നത്. അതായത് 3800 കോടി വെള്ളക്കുപ്പികള്‍ മാലിന്യമായി മാറുന്നു.

ഇവയ്ക്കുമാത്രം ഏതാണ്ട് 100 കോടി ഡോളര്‍ വില വരും. അമേരിക്കയില്‍ മിക്കയിടത്തും ടാപ്പില്‍ നിന്നും കിട്ടുന്ന വെള്ളവും ബോട്ടിലുകളില്‍ കിട്ടുന്ന വെള്ളവും ശുദ്ധിയുടെ കാര്യത്തില്‍ തുല്യമാണ്. പല പരീക്ഷണങ്ങളിലും രണ്ടും തമ്മിലുള്ള വ്യത്യാസം പോലും കണ്ടുപിടിക്കാന്‍ പറ്റാറില്ല.

ടാപ്പുവെള്ളത്തെ അപേക്ഷിച്ച് കുപ്പിവെള്ളത്തിന്റെ വില 2800 മടങ്ങാണ്. പലയിടത്തും ടാപ്പുവെള്ളം തന്നെയാണ് ഇവര്‍ ഫില്‍ട്ടര്‍ ചെയ്തു കുപ്പിയിലാക്കുന്നതും. ലോകത്തിന്റെ നാലര ശതമാനം മാത്രമുള്ള ഈ ജനതയാണ് കുപ്പിവെള്ളത്തിന്റെ 60 ശതമാനവും ഉപയോഗിക്കുന്നതും അവയിലെ നാലില്‍ മൂന്നും വെയ്സ്റ്റായി പ്രകൃതിയിലേക്ക് തള്ളിവിടുന്നതും.

വലിയതോതില്‍ ഉള്ള ഊര്‍ജ്ജമാണ് ഓരോ കുപ്പിയും ഉണ്ടാക്കാന്‍ വേണ്ടിവരുന്നത്. അതു കൂടാതെ ഒരിടത്തുനിന്നും മറ്റൊരിടത്തേക്കു കൊണ്ടുപോകാനുള്ള ചെലവുകള്‍ വേറെയും. അമേരിക്കയില്‍ ഒരു വര്‍ഷം ഉപയോഗിക്കുന്ന വെള്ളക്കുപ്പികള്‍ ഉണ്ടാക്കാന്‍ വേണ്ടിവരുന്ന ഊര്‍ജ്ജം കൊണ്ട് പത്തുലക്ഷം കാറുകള്‍ ഒരു വര്‍ഷം ഓടിക്കാന്‍ കഴിയും. എന്നാലോ ഈ കുപ്പിയില്‍ കിട്ടുന്ന വെള്ളം അത്രയ്ക്കങ്ങു മെച്ചമാണോ? അല്ലതാനും.

അതിലും പ്ലാസ്റ്റിക്കിന്റെ അംശം അരിച്ചിറങ്ങിയിരിക്കും. പ്രകാശത്തിന്റെ സാന്നിധ്യത്തില്‍ വിഘടിക്കുന്ന പെറ്റ് വെയില്‍കൊണ്ട് ഇരിക്കുന്ന വെള്ളക്കുപ്പികളിലെ വെള്ളത്തെ കൂടുതല്‍ അപകടകാരിയാക്കുന്നു. പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ഇതു ധാരാളമാണ്. വലിയ പാരിസ്ഥിതികപ്രശ്‌നമാണ് ഈ കുപ്പികള്‍ ഉണ്ടാക്കുന്നത്.

ദിനംതോറും തീര്‍ന്നുകൊണ്ടിരിക്കുന്ന പെട്രോളിയമാണ് ഇതിന്റെ അസംസ്‌കൃതവസ്തു. ഒരിക്കല്‍ ഉണ്ടാക്കിക്കഴിഞ്ഞാല്‍പ്പിന്നെ നശിക്കാതെ കാലങ്ങളോളം കിടക്കുന്ന ഇവ കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ വരെ ഉണ്ടാക്കാന്‍ ശേഷിയുള്ളതാണ്. ഇക്കാരണങ്ങളാല്‍ പലയിടത്തും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചിട്ടുണ്ട്.

മറ്റു പ്ലാസ്റ്റിക്കുകളില്‍ നിന്നും വിഭിന്നമായി നൂറുശതമാനം റീസൈക്കിള്‍ ചെയ്യാവുന്ന വെള്ളക്കുപ്പികള്‍ വളരെക്കുറവ് മാത്രമേ പുനരുപയോഗിക്കുന്നുള്ളൂ. വലിയൊരു ഭാഗം അങ്ങനെതന്നെ ഉപേക്ഷിക്കപ്പെടുന്നു, അവയാകട്ടെ കറങ്ങിത്തിരിഞ്ഞ് മിക്കവാറും കടലിലും എത്തി കാലാകാലത്തോളം അവിടത്തെ ജീവികള്‍ക്ക് ഭീഷണിയായി നിലകൊള്ളുകയും ചെയ്യുന്നു.

ഈ കുപ്പികളെ പുനരുപയോഗിച്ചാല്‍ വീണ്ടും കുപ്പികള്‍, കൃത്രിമ നൂലുകള്‍, പരവതാനികള്‍, തലയിണകള്‍, പാക്കിംഗ് സാധനങ്ങള്‍, കളിപ്പാട്ടങ്ങള്‍ എന്നിവയെല്ലാം ഉണ്ടാക്കാന്‍ യോഗ്യമാണ്. ഇങ്ങനെ റീസൈക്കിള്‍ ചെയ്ത പെറ്റ് ബോട്ടിലുകള്‍ ഉപയോഗിച്ചാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ യൂണിഫോമും എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ വിതരണം ചെയ്യുന്ന കമ്പിളിയും ഉണ്ടാക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more