പാംഓയില്‍ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. വര്‍ഷംതോറും ഏതാണ്ട് ഒരു കോടി ടണ്‍. നമ്മള്‍ ഉപയോഗിക്കുന്ന പല ഉല്‍പ്പന്നങ്ങളിലും പലതോതില്‍ പാംഓയില്‍ അടങ്ങിയിട്ടുണ്ട്.
ഷാമ്പൂ, സോപ്പ്, ടൂത്‌പേസ്റ്റ്, സൗന്ദര്യവര്‍ദ്ധകഉല്‍പ്പന്നങ്ങള്‍, പലതരം ഭക്ഷണപദാര്‍ത്ഥങ്ങള്‍, വീടുവൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ എന്നിങ്ങനെ പല നിത്യോപയോഗസാധനങ്ങളിലും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ പാംഓയില്‍ ചേര്‍ക്കുന്നുണ്ട്. ഉയര്‍ന്ന ചൂടില്‍ പാചകം ചെയ്യാന്‍ ഉത്തമമാണ് പാംഓയില്‍.
ഓയില്‍ പാം എന്ന പനയുടെ കായയുടെ പുറംതോടില്‍ നിന്നാണ് പാംഓയില്‍ ഉണ്ടാക്കുന്നത്. (കുരുവിന്റെയുള്ളിലെ തേങ്ങപോലുള്ള ഭാഗം കൊണ്ട് ഉണ്ടാക്കുന്ന എണ്ണയ്ക്ക് പാം കെര്‍ണല്‍ ഓയില്‍ എന്നാണ് പറയുന്നത്.) ലോകത്തേറ്റവും ഉപയോഗിക്കുന്ന സസ്യഎണ്ണയും പാംഓയില്‍ ആണ്.
ഒരേ വിസ്തൃതിയുള്ള സ്ഥലത്ത് സൊയാബീനോ കടുകോ അല്ലെങ്കില്‍ സൂര്യകാന്തിയോ തെങ്ങോ കൃഷിചെയ്താല്‍ കിട്ടുന്നതേക്കാള്‍ 10 ഇരട്ടി എണ്ണയാണ് പാംഓയില്‍ കൃഷി ചെയ്താല്‍ കിട്ടുന്നത് എന്നത് ഇതിനെ വളരെ പ്രിയങ്കരമാക്കുന്നു. സസ്യഎണ്ണ കൃഷിചെയ്യുന്ന ഇടങ്ങളില്‍ അഞ്ചുശതമാനം മാത്രം പ്രദേശത്ത് കൃഷി ചെയ്യുന്ന പാംഓയില്‍ ആകെ സസ്യഎണ്ണകളുടെ 38 ശതമാനവും സംഭാവന ചെയ്യുന്നു.
ഇന്തോനേഷ്യയും മലേഷ്യയും കൂടിയാണ് ലോകത്തെ 85 ശതമാനം പാംഓയിലും ഉല്‍പ്പാദിപ്പിക്കുന്നത്. 15 ലക്ഷത്തോളം ചെറുകിടകര്‍ഷകര്‍ ഇന്തോനേഷ്യയില്‍ എണ്ണപ്പനക്കൃഷി ചെയ്യുമ്പോള്‍ അഞ്ചുലക്ഷത്തിലേറെ ആളുകള്‍ മലേഷ്യയില്‍ നേരിട്ടും മറ്റനവധി ആള്‍ക്കാര്‍ അനുബന്ധമായും ഈ കൃഷിയുടെ ഗുണഭോക്താക്കളാണ്.
ഇപ്പോള്‍ത്തന്നെ കേരളത്തിന്റെ വിസ്താരത്തിന്റെ ഒന്നരമടങ്ങ് വ്യാപ്തിയില്‍ ആണ് ഇന്തോനേഷ്യയില്‍ എണ്ണപ്പനക്കൃഷി, അത് ഇനിയും ഇരട്ടിപ്പിക്കാനാണ് ഇന്തോനേഷ്യയുടെ തീരുമാനം. വലിയ വരുമാനം നല്‍കുന്ന ഈ നാണ്യവിള ധാരാളം ആള്‍ക്കാര്‍ക്ക് ജോലിനല്‍കുന്നതു കൂടാതെ കര്‍ഷകരുടെ ജീവിതനിലവാരം നന്നായി ഉയര്‍ത്താനും സഹായിച്ചു.
2008 ല്‍ 5 കോടി ടണ്ണോളം ഉല്‍പ്പാദിപ്പിച്ച പാംഓയിലിന്റെ ആവശ്യകത 2020 ആവുമ്പോഴേക്കും ഇരട്ടിയും 2050 ആവുമ്പോഴേക്കും മൂന്നിരട്ടിയും ആവുമെന്നാണ് നിരീക്ഷണങ്ങള്‍.
Read more: ബ്ലൂ വെയ്‌ലും ബര്‍ട്രന്റ് സോബ്രിസ്റ്റും പിന്നെ സോഷ്യല്‍ ഡാര്‍വിനിസവും
ഇങ്ങനെ ലക്ഷക്കണക്കിനു ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുകയും കിഴക്കേഷ്യയിലെ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ പോഷിപ്പിച്ചു നിലനിര്‍ത്തുകയും ചെയ്യുന്ന പാംഓയില്‍ പലതരത്തിലും ഭൂമിയിലെ ജീവനുതന്നെ ഭീഷണിയാവുന്നത് എങ്ങനെയാണ്?
ആമസോണും മധ്യആഫിക്കയിലെ ഘാനപ്രദേശങ്ങളും കഴിഞ്ഞാല്‍ ലോകത്തേറ്റവും മൂല്യമുള്ള മഴക്കാടുകള്‍ ഉള്ളത് ഇന്തോനേഷ്യ-മലേഷ്യ മേഖലകളിലാണ്. പാംഓയില്‍ കൃഷിക്കായി അവിടങ്ങളിലെ മഴക്കാടുകള്‍ അങ്ങനെതന്നെ തുടച്ചുനീക്കപ്പെടുകയാണ്. കേരളത്തിന്റെ ഇരട്ടി വ്യാപ്തിയിലാണ് ഇന്തോനേഷ്യയില്‍ മാത്രം മഴക്കാടുകള്‍ പാം ഓയിലിനായി വഴിമാറുന്നത്.
സസ്യജന്തുവൈവിധ്യങ്ങളുടെ അദ്ഭുതകലവറയാണ് ഇവിടം. ബോര്‍ണിയോവിലെ കുട്ടിയാനകള്‍, സുമാത്രയിലെ ആനകള്‍, കടുവകള്‍, കണ്ടാമൃഗങ്ങള്‍, രണ്ടുതരം ഒറാങ്ങുട്ടാന്മാര്‍ എന്നിവ ഗുരുതരമായ വംശനാശഭീഷണിയില്‍ എത്തിക്കഴിഞ്ഞു. കുട്ടികളെക്കൊണ്ട് പണിയെടുപ്പിക്കുന്നതും ആള്‍ക്കാര്‍ക്ക് മുന്‍കൂറായി പണംകടംകൊടുത്ത് കടക്കാരാക്കി അടിമകളാക്കി അവരെക്കൊണ്ട് പണിയെടുപ്പിക്കുന്നതുമെല്ലാം ഇവിടങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
2009-11 കാലത്തുമാത്രം ഇന്തോനേഷ്യയിലെ കാടുകള്‍ നാലിലൊന്ന് പാം ഓയിലിനായിത്തന്നെ നശിപ്പിക്കപ്പെട്ടു എന്നാണു കണക്കുകള്‍. സുന്ദ്രകടുവകള്‍ എന്നറിയപ്പെടുന്ന ബാലി കടുവകളും ജാവ കടുവകളും നേരത്തെതന്നെ വംശനാശം വന്നുകഴിഞ്ഞവയാണ്. ഇനി അക്കൂട്ടത്തില്‍ ബാക്കിയുള്ളത് സുമാത്രന്‍ കടുവയാണ്. ഇനി അവ ആകെയുള്ളതാവട്ടെ അഞ്ഞൂറെണ്ണത്തില്‍ത്താഴെയും.
പാംഓയിലിനായി വെട്ടിനശിപ്പിക്കപ്പെടുന്നത് ഇവയുടെ ആവാസവ്യവസ്ഥയാണ്. കാളിമന്താന്‍ പ്രദേശത്തുള്ള ആദിമനിവാസികളും ഒറാങ്ങുട്ടാന്മാരും ഈ വികസനത്തെ അതിജീവിക്കാന്‍ പാടുപെടുകയാണ്. ലക്ഷക്കണക്കിനു വര്‍ഷംകൊണ്ടു രൂപപ്പെട്ട ഉഷ്‌മേഖലാമഴക്കാടുകള്‍ താല്‍ക്കാലികലാഭത്തിനായി നശിപ്പിക്കുന്നത് മനുഷ്യന്റെ നിലനില്‍പ്പിനുഭീഷണിതന്നെയാണ്.
ആയിരത്താണ്ടുകള്‍ പഴക്കമുള്ള കാടുകള്‍ പലപ്പോഴും കാര്‍ബണ്‍ സംഭരണികളാണ്. ഈ കാടുകളുടെ നിലത്തുള്ള പീറ്റ് എന്നറിയപ്പെടുന്ന കല്‍ക്കരിയാവുന്നതിനുമുന്‍പുള്ള വസ്തു മറ്റുതരത്തിലുള്ള മണ്ണുള്ള മഴക്കാടുകളേക്കാള്‍ 28 മടങ്ങ് കാര്‍ബണ്‍ സംഭരിക്കാന്‍ ശേഷിയുള്ളതാണ്. ഒരു ഹെക്ടര്‍ പീറ്റ് ഫോറസ്റ്റ് തോട്ടമായി മാറ്റുമ്പോള്‍ 6000 ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് ആണ് അന്തരീക്ഷത്തിലേക്ക് പുറംതള്ളുന്നത്. ഈ കാര്‍ബണ്‍ ലോകത്താകമാനം പുറംതള്ളുന്ന ഹരിതഗൃഹവാതകങ്ങളുടെ നാലുശതമാനത്തോളം വരും. ചതുപ്പുപോലുള്ള കാടുകളിലെ പീറ്റിന് 60 അടി വരെ കനം ഉണ്ടാവും.
ഇവ തോട്ടങ്ങളാക്കി മാറ്റാനായി തീകത്തിക്കുമ്പോള്‍ പുറത്തുവരുന്ന പുക 2013ല്‍ അയല്‍രാജ്യങ്ങളായ സിംഗപ്പൂരിലും മലേഷ്യയിലും പോലും വന്‍ പാരിസ്ഥിതികപ്രശ്‌നങ്ങള്‍ ഉണ്ടാക്കി. നാട്ടില്‍ മുഴുവന്‍ നിറഞ്ഞ പുക ആയിരക്കണക്കിനാളുകളെ ആശുപത്രിയിലാക്കി, സ്‌കൂളുകള്‍ അടച്ചു, ഇതിനെ മറികടക്കാന്‍ കൃത്രിമമഴപെയ്യിക്കാന്‍ 100 ടണ്‍ ഉപ്പാണ് ഇന്തോനേഷ്യക്കാര്‍ മേഘങ്ങളില്‍ വിതറിയത്.
ഒക്കെയടങ്ങി ആറുമാസത്തിനുശേഷം വീണ്ടും തീയിട്ടപ്പോള്‍ 50000 ത്തോളം ആള്‍ക്കാര്‍ക്ക് പിന്നെയും ചികില്‍സ തേടേണ്ടിവന്നു. ഇങ്ങനെ പോയാല്‍ 2020 ആവുമ്പോഴേക്കും ഒറാങ്ങുട്ടാന്മാരും 30 വര്‍ഷം കൊണ്ട് സുമാത്രന്‍ ആനകളും ഇല്ലാതാവുമെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു.
പാംഓയില്‍ നിര്‍മ്മാണശാലകളില്‍ നിന്നും ബഹിര്‍ഗമിക്കുന്ന മീഥേന്‍ ആണ് മറ്റൊരു ഭീഷണി. ഇതിനൊപ്പം പാംഓയിലിന്റെ ലാഭത്തില്‍ മനസ്സുവച്ച ബ്രസീലും രംഗത്തെത്തിയതോടെ ആമസോണ്‍ വനങ്ങളും വന്‍തോതില്‍ പാംഓയിലിനായി നശിപ്പിക്കപ്പെടും എന്ന് ഉറപ്പായിക്കഴിഞ്ഞു.
ലോകത്തെ വന്‍കമ്പനികളെല്ലാം മാര്‍ക്കറ്റുചെയ്യുന്ന ഭക്ഷ്യവസ്തുക്കള്‍ക്കാവട്ടെ സൗന്ദര്യവര്‍ദ്ധകവസ്തുക്കള്‍ക്കാവട്ടെ, പാംഓയിലിന്റെ ആവശ്യകത നാള്‍തോറും വര്‍ദ്ധിച്ചുകൊണ്ടാണിരിക്കുന്നത്. അതിനൊപ്പം ബയോഡീസല്‍ നിര്‍മ്മാണത്തിനും പാംഓയില്‍ ഉപയോഗിക്കുന്നതും കൂടുതല്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഈ ലാഭകരമായ വിള വ്യാപിച്ചുകൊണ്ടിരിക്കാന്‍ കാരണമാവുന്നു.
മിക്കതും കന്യാവനങ്ങള്‍ നശിപ്പിച്ചുകൊണ്ടാണ് എന്നുള്ളതാണ് ഇതിന്റെ ദുരന്തം. ഇപ്പോഴത്തെ രീതിയില്‍ തുടര്‍ന്നാല്‍ ഇന്തോനേഷ്യയിലെ കാടുകള്‍ മുഴുവന്‍ 2022 ആവുമ്പോഴേക്കും തീരുമെന്നതാണ് അവസ്ഥ. നമ്മള്‍ നിത്യേന ഉപയോഗിക്കുന്ന പകുതിയോളം വസ്തുക്കളില്‍ ഒരുതരത്തില്‍ അല്ലെങ്കില്‍ വേറൊരുതരത്തില്‍ പാംഓയില്‍ അടങ്ങിയിരിക്കുന്നുണ്ട്.
വലിയലാഭമുള്ള, പലതരം മണ്ണുകളില്‍ കൃഷിചെയ്യാവുന്ന ധാരാളം ഉപയോഗങ്ങളുള്ള മറ്റൊന്നിനും പകരം വയ്ക്കാനാവാത്തത്ര ഗുണങ്ങളുള്ള പലനാടുകളിലെയും ജനങ്ങളുടെ പട്ടിണി മാറ്റിയ ജീവിതനിലവാരം ഉയര്‍ത്തിയ ഒരു അദ്ഭുതവിളയാണ് പാംഓയില്‍.
ആരോഗ്യത്തിനും തകരാറുണ്ടാക്കാത്ത പാംഓയിലിന്റെ ഉപയോഗം 2000 ത്തിനുശേഷം അമേരിക്കയില്‍ ആറുമടങ്ങാണ് വര്‍ദ്ധിച്ചത്. ഇതിനുപകരം വേറെയേതുവിള സസ്യഎണ്ണയുടെ ആവശ്യത്തിനു കൃഷിചെയ്താലും ഇതിലേറെ സ്ഥലം വേണ്ടിവരും താനും. ഇതൊക്കെയാണ് വസ്തുതകള്‍. ഇന്ത്യയാണ് ഏറ്റവും വലിയ പാംഓയില്‍ ഉപഭോക്താവ്. ആട്ടേ നിങ്ങള്‍ ഇതിനെതിരെ എന്തു ചെയ്യാന്‍ പോകുന്നു?
♦ ഇന്ത്യയിലെ സസ്യഎണ്ണയുടെ വില പിടിച്ചുനിര്‍ത്താന്‍ പാംഓയില്‍ ഇറക്കുമതി അനിവാര്യമാണ്. അല്ലെങ്കില്‍ മറ്റു ഭക്ഷ്യഎണ്ണകളുടെ വില കുതിച്ചുയരുകയും കാര്യങ്ങള്‍ കൈവിട്ടുപോവുകയും ചെയ്യും. ഉള്ളിവിലകൂടി ഭരണം നഷ്ടപ്പെട്ട ഭരണാധികാരികള്‍ അതിനു മുതിരാനിടയില്ല.
♦ എണ്ണപ്പന കൃഷി ചെയ്യുന്നതില്‍ യാതൊരു തെറ്റുമില്ല. ചെലവുകുറഞ്ഞ മികച്ച ഭക്ഷ്യഎണ്ണയാണ് അതു പ്രദാനം ചെയ്യുന്നത്. കുഴപ്പം അതിനായി കൂടുതല്‍ കാട് നശിപ്പിക്കുന്നതാണ്.
♦ മറ്റു സസ്യഎണ്ണകളെ അപേക്ഷിച്ച് ഒരു നിശ്ചിത ഇടത്ത് നിന്നു ലഭിക്കുന്ന വിളവ് പാംഓയിലിന് എത്രയോ മടങ്ങാണ്. ആള്‍ക്കാരുടെ എണ്ണം കൂടുകയും ഭൂമിയുടെ വിസ്തൃതി കൂടാതിരിക്കുകയും ചെയ്യുമ്പോള്‍ മറ്റ് എണ്ണകള്‍ കൃഷി ചെയ്യുന്ന ഇടങ്ങള്‍ ഇതിലേക്ക് മാറുകയാവണം അഭികാമ്യം.
♦ കേരളത്തിലെ നാണ്യവില ആവശ്യത്തിനു കൃഷി ചെയ്യുന്ന പലകൃഷിയിടങ്ങളും ചായ, റബര്‍ എന്നിവ, (തെങ്ങുപോലും) പനക്കൃഷിയ്ക്കായി മാറ്റാവുന്നതാണ്. റബര്‍ നഷ്ടമാണെന്ന് പറഞ്ഞ് നട്ടംതിരിയുന്ന കര്‍ഷകര്‍ക്ക് അതു താങ്ങായേക്കും.
♦ ഇപ്പോഴുള്ള പാംഓയില്‍ ഉപഭോഗം മുഴുവന്‍തന്നെ ഭീമമായ ഇറക്കുമതിയില്‍ക്കൂടി ആയതിനാല്‍ വിദേശനാണ്യം സംരക്ഷിക്കാനും ഇത് ഉപകരിച്ചേക്കും.
♦ കുടുതല്‍ സ്ഥലങ്ങളിലും കൂടുതല്‍ രാജ്യങ്ങളിലും ഇത് കൃഷി ചെയ്യുമ്പോള്‍ വിലയെപ്പറ്റി റിസ്‌ക് ഉണ്ടായേക്കാം, അത് എല്ലാ കാര്യങ്ങള്‍ക്കും ഉണ്ട്.
♦ ഇവിടെ നമ്മള്‍ എണ്ണപ്പനക്കൃഷി ചെയ്യുമ്പോള്‍ മലേഷ്യയില്‍ നഷ്ടപ്പെടുന്ന കാടിന്റെ വിസ്താരത്തില്‍ കുറവുവരും, അങ്ങനെ അതൊരു പരിസ്ഥിതിസൌഹൃദപദ്ധതിയും ആവും.
♦ ഏകവിളയുടെ എല്ലാ പ്രശ്‌നങ്ങളും ഉള്ളപ്പോഴും ഒരു ചായത്തോട്ടത്തേക്കാള്‍ എന്തുകൊണ്ടും മികച്ചതാവും പനത്തോട്ടം. ഒന്നുമല്ലെങ്കിലും അവയും മരമാണല്ലോ.
♦ ഇപ്പോള്‍ത്തന്നെ കേരളത്തില്‍ എണ്ണപ്പനക്കൃഷി ധരാളമുണ്ട്. അവ ചെയ്യുന്നവരോട് അഭിപ്രായം ചോദിച്ച് അതിന്റെ ലാഭനഷ്ടവിപണിപ്രശ്‌നങ്ങള്‍ നേരിട്ടു പഠിക്കാവുന്നതാണ്.
♦ ഞാന്‍ പാംഓയില്‍ ലോബിയുടെ ആളല്ല. വസ്തുതകളും ശാസ്ത്രീയതയും മാത്രമാണ് എന്റെ വിഷയം. തെങ്ങൊന്നും എനിക്ക് ഒരു വികാരമൊന്നുമല്ല. (ഈ തെങ്ങുപോലും പണ്ട് കേരളത്തില്‍ ചകിരിക്കായാണ് കൃഷി ചെയ്തിരുന്നത്)