എന്താണ് തലാഖ്-ഇ-തഫ്‌വീസ് ?; ഭര്‍ത്താക്കന്‍മാരെ 'മൊഴി ചൊല്ലുന്ന' മുസ്‌ലിം നിയമം
Talaq-E-Tafweez
എന്താണ് തലാഖ്-ഇ-തഫ്‌വീസ് ?; ഭര്‍ത്താക്കന്‍മാരെ 'മൊഴി ചൊല്ലുന്ന' മുസ്‌ലിം നിയമം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th June 2018, 8:32 pm

കഴിഞ്ഞ ദിവസമാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള രണ്ടു സ്ത്രീകള്‍ ഭര്‍ത്താക്കന്മാരെ ഇസ്‌ലാമിക നിയമപ്രകാരം വിവാഹമോചനം ചെയ്തത്. മുത്തലാഖിനെതിരെയുള്ള ട്രിപ്പിള്‍ തലാഖ് ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മുന്നോട്ടുപോകുന്നതിനിടെയാണ് ബറേലിയില്‍ നിന്നുള്ള നിഷാ ഹമീദ്, യാസ്മീന്‍ എന്നിവര്‍ വിവാഹബന്ധം വേര്‍പെടുത്തിയത്. തലാഖ് ഇ തഫ്‌വീസ് പ്രകാരമായിരുന്നു ഇവരുടെ വിവാഹമോചനം.

ഇസ്‌ലാമിക കര്‍മശാസ്ത്രത്തില്‍ സാമാന്യ ധാരണയുള്ളവര്‍ക്കിടയില്‍ പോലും അത്ര പരിചയമില്ലാത്ത ഒരു പദമായിരുന്നു തലാഖ്-ഇ-തഫ്‌വീസ് എന്നത്. തലാഖ്-ഇ-തഫ്‌വീസ് പോലെ പൊതുസമൂഹത്തിന് അത്ര പരിചിതമല്ലാത്ത ചില വിവാഹമോചന രീതികള്‍ ഇസ്‌ലാമില്‍ നിലവിലുണ്ട്. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് വിവാഹമോചനം ചെയ്യാന്‍ അനുവദിക്കുന്ന വിധത്തിലുള്ളത്. ഇസ്‌ലാമിലെ വിവാഹമോചന രീതികളെക്കുറിച്ച് കൂടുതലറിയാം.

ALSO READ: ‘മലയാളികള്‍ ഇറച്ചി കഴിക്കരുത്…മീന്‍ കഴിച്ചാല്‍ മതി’; വിവാദ നിര്‍ദ്ദേശവുമായി വി.എച്ച്.പി

ഇസ്ലാം മതാചാരപ്രകാരം വിവാഹബന്ധം മൂന്നു തരത്തില്‍ വേര്‍പെടുത്താനാകും. ഭര്‍ത്താവ് ബന്ധം വേര്‍പെടുത്തുന്ന തലാഖ്, ഇലാ എന്നീ രീതികളും, ഉഭയകക്ഷി സമ്മതപ്രകാരമുള്ള മുബാറത്ത് എന്ന രീതിയുമല്ലാതെ, സ്ത്രീകള്‍ക്ക് മുന്‍കൈയെടുത്ത് ബന്ധം വേര്‍പെടുത്തുന്ന രീതികളും നിലവിലുണ്ട്. ലിയാന്‍, ഫസ്ഖ്, സിഹാര്‍, ഖുലാ, തലാഖ്-ഇ-തഫ്വീസ് എന്നിങ്ങനെ അഞ്ചു രീതികളില്‍ സ്ത്രീകള്‍ക്ക് വൈവാഹിക ബന്ധത്തില്‍ നിന്നും വിടുതല്‍ നേടാം.

 

ലിയാന്‍
ഭര്‍ത്താവ്, തന്നെ വ്യഭിചാരം ചുമത്തി അപമാനിക്കുകയോ തന്റെ കുഞ്ഞിന്റെ പിതൃത്വം നിഷേധിക്കുകയോ ചെയ്യുകയും, ആരോപണം തെറ്റാണെന്ന് തെളിയുകയും ചെയ്താല്‍ സ്ത്രീക്ക് വിവാഹമോചനം ആവശ്യപ്പെടാനും ലഭിക്കാനും ഇസ്‌ലാമിക നിയമപ്രകാരം അവകാശമുണ്ട്. ഈ രീതിയാണ് ലിയാന്‍.

ഫസ്ഖ്
ഇസ്‌ലാമിക കോടതിയില്‍ സ്ത്രീ വിവാഹമോചനത്തിനായി അപേക്ഷിക്കുന്ന രീതിയാണിത്. ഭര്‍ത്താവിനു തന്നോടുള്ള പെരുമാറ്റം മോശമാണെന്നും, ഭര്‍ത്താവെന്ന നിലയില്‍ ചെയ്യേണ്ട കടമകളൊന്നും ചെയ്തിട്ടില്ലെന്നും തെളിയിക്കാന്‍ സാധിച്ചാല്‍, സ്ത്രീക്ക് വിവാഹമോചനം ലഭിക്കും. ഇദ്ദാ കാലത്തിനിടയില്‍ ഉഭയകക്ഷി സമ്മതത്തോടെ വീണ്ടും ഒരുമിക്കാനുള്ള സൗകര്യവും ഈ രീതിയിലുണ്ട്. മഹര്‍ ഇനത്തില്‍ ബാക്കിയുള്ളത് ഭാര്യയ്ക്ക് കൊടുത്തു തീര്‍ക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

ALSO READ: പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് ഉപദ്രവിക്കുന്നു; ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല: നിയമസഭയില്‍ പൊട്ടിക്കരഞ്ഞ് ബി.ജെ.പി വനിത എം.എല്‍.എ

സിഹാര്‍
ഭര്‍ത്താവിന്റെ ഉമ്മയുമായോ, വിവാഹബന്ധം അനുവദനീയമല്ലാത്ത മറ്റേതെങ്കിലും സ്ത്രീയുമായോ ഭര്‍ത്താവ് തന്നെ തുല്യപ്പെടുത്തിയാല്‍ സ്ത്രീക്ക് വിവാഹമോചനത്തിന് ആവശ്യപ്പെടാവുന്ന രീതിയാണിത്. ഇത്തരം ഘട്ടങ്ങളില്‍ ഭര്‍ത്താവുമായുള്ള ലൈംഗികബന്ധത്തിന് വിസമ്മതിക്കാനുള്ള അധികാരവും മത നിയമങ്ങള്‍ പ്രകാരമുണ്ട്.

ചെയ്ത തെറ്റിനു ഭര്‍ത്താവ് പ്രായശ്ചിത്തം ചെയ്യുന്നതു വരെ മാത്രമേ സ്ത്രീയുടെ വിവാഹമോചന അപേക്ഷയ്ക്ക് സാധുതയുള്ളൂ. ഒരു മാസം നോമ്പു നോല്‍ക്കുന്നതോ, ഒരു അടിമയെ സ്വതന്ത്രനാക്കുകയോ ചെയ്താല്‍ ഭര്‍ത്താവ് പ്രായശ്ചിത്തം ചെയ്തതായി കണക്കാക്കും. തെറ്റു തിരുത്താന്‍ ഭര്‍ത്താവ് വിസമ്മതിക്കുന്ന പക്ഷം സ്ത്രീക്ക് നിയമപ്രകാരമുള്ള വിവാഹമോചന നടപടികളുമായി മുന്നോട്ടു നീങ്ങാം.

ഖുലാ
ഭാര്യ മുന്‍കൈയെടുത്ത് നടത്തുന്ന വിവാഹമോചനച്ചടങ്ങാണിത്. വിവാഹസമയത്ത് ലഭിച്ചിട്ടുള്ള മഹര്‍ തിരികെ കൊടുക്കണോ എന്ന് തീരുമാനിക്കാനുള്ള അധികാരവും ഭാര്യയ്ക്കാണ്.

തലാഖ്-ഇ-തഫ്‌വീസ്
ഇത്തരത്തിലുള്ള വിവാഹമോചനത്തില്‍ ഭാര്യ വിവാഹമോചനം നേടുകയല്ല, മറിച്ച് ഭര്‍ത്താവില്‍ നിന്നും സ്വയം ബന്ധം വേര്‍പെടുത്തുകയാണ് ചെയ്യുന്നത്. വിവാഹമോചനത്തിനായുള്ള നീക്കങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനുള്ള അധികാരം ഭാര്യയ്ക്ക് ഭര്‍ത്താവ് നല്‍കുകയാണ്. അതായത്, ബന്ധം വേര്‍പെടുത്താന്‍ മുന്‍കൈയെടുക്കാന്‍ ഭര്‍ത്താവ് ഭാര്യയെ ചുമതലപ്പെടുത്തുകയാണ്.

ALSO READ: ഫീസ് വര്‍ധനവ് ചോദ്യം ചെയ്തതിന് പ്രതികാരനടപടി വീണ്ടും: ശ്രീ ശ്രീ രവിശങ്കര്‍ വിദ്യാമന്ദിറില്‍ നിന്നും പുറത്താക്കിയ വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കാന്‍ ഉപവാസസമരം

പുരുഷന്‍ തന്റെ തീരുമാനപ്രകാരം നടത്തുന്ന വിവാഹമോചന സമ്പ്രദായങ്ങളാണ് പ്രചാരത്തിലുള്ളത്. അതുകൊണ്ടു തന്നെ ലോകത്തിനു കൂടുതല്‍ പരിചയവും മുത്തലാഖ് പോലുള്ള സാമ്പ്രദായിക വിധികളാണ്. തലാഖ് വഴിയും ഇലാ വഴിയും പുരുഷന് തന്റെ ഭാര്യയില്‍ നിന്നും മത നിയമങ്ങള്‍ പ്രകാരം വിവാഹമോചനം നേടാനാവും.

ഇസ്‌ലാമിലെ തലാഖ് മൂന്നു തരത്തിലാണ്:

തലാഖ്-ഇ-അഹ്സാന്‍: ഒറ്റവാചകത്തില്‍ ഭര്‍ത്താവ് ഭാര്യയ്ക്ക് വിവാഹമോചനം നല്‍കുന്നു. സ്ത്രീ തന്റെ ആര്‍ത്തവ കാലത്തല്ലാത്തപ്പോഴാണ് (തുഹ്ര്) തലാഖ് ചൊല്ലുക. ഇദ്ദാ സമയം കഴിയുന്നതുവരെ ഭര്‍ത്താവു കാത്തുനില്‍ക്കും. ഇദ്ദാ സമയത്ത് പിന്‍വലിക്കാവുന്ന ഈ തലാഖ് ഇദ്ദാ കഴിയുന്നതോടെ തിരിച്ചെടുക്കാനാവാത്തവിധം തീര്‍ച്ചപ്പെടുത്തിയതായി മാറുന്നു.

തലാഖ്-ഇ-ഹസന്‍: തലാഖ് മൂന്നു തവണ ചൊല്ലുന്നു. എന്നാല്‍, തുടര്‍ച്ചയായി വരുന്ന മൂന്നു തുഹ്ര് കാലങ്ങളിലാണ് ഈ മൂന്നു തലാഖ് ചൊല്ലലും നടക്കുക. മാസമുറയില്ലാത്ത സ്ത്രീകള്‍ ഉള്‍പ്പെടുന്ന വിഷയത്തിലാണെങ്കില്‍, 30 ദിവസത്തെ ഇടവേളയിലാണ് മൂന്നു തലാഖും ചൊല്ലേണ്ടത്. മൂന്നാമത്തെ തവണ തലാഖ് ചൊല്ലുന്നതിനിടയിലുള്ള സമയത്ത് എപ്പോള്‍ വേണമെങ്കിലും തീരുമാനം പിന്‍വലിക്കാനാകും. മൂന്നാം വട്ടം ചൊല്ലിക്കഴിഞ്ഞാല്‍, തലാഖ് നടപ്പില്‍ വന്നതായി കണക്കാക്കും.

തലാഖ്-ഇ-ബിദ്ദാത്: ബിദ്ദാത് എന്നാല്‍ നവീനമായതെന്നാണര്‍ത്ഥം. പേരു സൂചിപ്പിക്കുന്നതുപോലെത്തന്നെ, പൂര്‍ണമായും ഇസ്ലാമികമല്ലാത്ത തലാഖ് ആണിത്. പുരുഷാധിഷഠിത സമൂഹത്തിനുതകുന്ന രൂപത്തില്‍ ഉമയ്യ ഭരണകാലത്താണ് തലാഖ്-ഇ-ബിദ്ദാത് കൊണ്ടുവരുന്നത്. മുത്തലാഖ് എന്നറിയപ്പെടുന്ന, ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള വിവാഹമോചനരീതിയാണിത്.

ഒരേ തുഹ്ര് കാലത്തിനകത്തു തന്നെ തുടര്‍ച്ചയായി മൂന്നു തവണ “ഞാന്‍ നിന്നെ വിവാഹമോചനം ചെയ്യുന്നു” എന്നു പറഞ്ഞ് ബന്ധം വേര്‍പെടുത്താനുള്ള സൗകര്യം ഈ രീതി ഭര്‍ത്താക്കന്മാര്‍ക്ക് ചെയ്തു കൊടുക്കുന്നുണ്ട്.

ALSO READ: നിങ്ങള്‍ക്ക് അമ്മയെ വെല്ലുവിളിക്കാം; എന്നാല്‍ നിവൃത്തികേടിന്റെ പേരില്‍ അതിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരുണ്ട് ; അവരെ കൂടി രക്ഷപ്പെടുത്തണം; ഡബ്ല്യൂ.സി.സിയോട് ശാരദക്കുട്ടി

ഇദ്ദാ കാലഘട്ടവും ഈ തലാഖ് രീതിയില്‍ ബാധകമല്ല. മുത്തലാഖ് ഉച്ചരിക്കുന്ന അതേ നിമിഷം തന്നെ അത് റദ്ദു ചെയ്യാനാകാത്ത വിധം നടപ്പില്‍ വരുന്നു. ഒരിക്കല്‍ വിവാഹമോചിതയായ സ്ത്രീ മറ്റൊരു വിവാഹം കഴിച്ച് ആ ബന്ധവുമുപേക്ഷിച്ച ശേഷം മാത്രമേ നേരത്തെ വേര്‍പെടുത്തിയ ബന്ധത്തില്‍ തുടരാന്‍ സാധിക്കുകയുള്ളൂ എന്നാണ് ഇസ്‌ലാമിക നിയമം അനുശാസിക്കുന്നത്.

ഹലാല എന്നാണ് ഈ സമ്പ്രദായം അറിയപ്പെടുന്നത്. മുന്‍കൂട്ടി തീരുമാനിച്ചു നടത്തുന്ന ഹലാല പാപമായാണ് കരുതപ്പെടുന്നത്.

ഇലാ
ഇന്ത്യയില്‍ നിലവിലില്ലാത്ത ഇസ്‌ലാമിക വിവാഹമോചന രീതിയാണ് ഇലാ. തന്റെ ഭാര്യയുമായി ഇനിമേല്‍ ലൈംഗികബന്ധം പുലര്‍ത്തില്ലെന്ന് ദൈവം സാക്ഷിയായി പുരുഷന്‍ പ്രതിജ്ഞ ചെയ്യുന്ന രീതിയാണിത്. പ്രതിജ്ഞ ചെയ്തതിനു ശേഷം നാലു മാസക്കാലത്തേക്ക് ദമ്പതിമാര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്നാണ് അനുശാസനം. ഇദ്ദാ ആചരിക്കുകയും വേണം.

പ്രതിജ്ഞ കഴിഞ്ഞുള്ള നാലുമാസക്കാലത്തിനിടയില്‍ ദമ്പതിമാര്‍ ലൈംഗികബന്ധം പുനസ്ഥാപിക്കുന്നതിലൂടെ ഇലാ റദ്ദാക്കപ്പെടും. വാക്കാലുള്ള അറിയിപ്പു വഴിയും ഈ രീതിയില്‍ വിവാഹമോചനങ്ങള്‍ പിന്‍വലിക്കാനാകും.

WATCH THIS VIDEO:

ഡൂള്‍ന്യൂസ് വാട്‌സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്‌സാപ്പ് മെസേജ് അയക്കൂ