| Thursday, 14th February 2019, 5:35 pm

മോഹന്‍ലാല്‍, താഴെപ്പറയുന്നവയില്‍ ഏത് പ്രതിച്ഛായയാണ് നിങ്ങള്‍ക്ക് നഷ്ടപ്പെട്ടത്?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്ന ഒരു ടെലിവിഷന്‍ പരസ്യത്തില്‍ അഭിനയിച്ചതിന് ഖാദി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ശോഭനാ ജോര്‍ജ് നടത്തിയ പരസ്യ പരാമര്‍ശങ്ങള്‍ തനിക്കു മാനഹാനിയുണ്ടാക്കിയെന്നാരോപിച്ച് മോഹന്‍ലാല്‍ ഖാദി ബോര്‍ഡില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുകയാണ്. ഈയൊരു നോട്ടീസുകൊണ്ട് തകര്‍ന്നുപോകാന്‍ മാത്രം എന്ത് പ്രതിച്ഛായയാണ് മോഹന്‍ലാല്‍ എന്ന വ്യക്തിക്കുള്ളത്.

ശരിയാണ്, മോഹന്‍ലാല്‍ അഭിനേതാവെന്ന നിലയില്‍ ഏറെ പ്രശസ്തി നേടിയിട്ടുണ്ട്. എന്നാല്‍ വ്യക്തിയെന്ന നിലയില്‍ സമൂഹത്തിന് മോഹന്‍ലാലില്‍ നിന്ന് പഠിക്കാനായി എന്താണ് ഉണ്ടായിട്ടുള്ളത്?

2012 ജൂണില്‍ വീട്ടിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത് മോഹന്‍ലാല്‍ മറന്നു കാണില്ല. ആ റെയ്ഡിന്റെ ഭാഗമായുള്ള നികുതി വെട്ടിപ്പു കേസുകളില്‍ നിന്നും പിഴയടച്ചു രക്ഷപ്പെട്ടെങ്കിലും അതിന്റെ ബാക്കി പത്രമായി ഇപ്പോഴും നിലനില്‍ക്കുന്ന ഒരു കേസുണ്ട്. നിയമവിരുദ്ധമായി ആനക്കൊമ്പ് കൈവശം വെച്ചെന്ന കേസ്. മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ നിന്നാണ് ആ ആനക്കൊമ്പുകള്‍ കണ്ടെടുത്തത്. ആ കേസില്‍ മോഹന്‍ലാലിനെ രക്ഷിക്കാന്‍ വനംവകുപ്പ് ഇടപെട്ടതിന്റെ സി.എ.ജി റിപ്പോര്‍ട്ടും അടുത്തിടെ പുറത്തുവന്നിരുന്നു.

ALSO READ: ശോഭനാ ജോര്‍ജ്ജ് അപകീര്‍ത്തിപ്പെടുത്തി; 50 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മോഹന്‍ലാല്‍

മുപ്പത്തിയഞ്ച് വര്‍ഷം കൊണ്ട് സമ്പാദിച്ച പേരും പ്രശസ്തിയും ഒരൊറ്റ രാത്രികൊണ്ട് തകര്‍ത്ത “ലാലിസം” എന്ന മ്യൂസിക് ബാന്റിന്റെ ആദ്യ പരിപാടി ഓര്‍മ്മയുണ്ടോ. മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിമിന്റെ ഭാഗമായി ലൈവ് മ്യൂസിക് ബാന്റെന്ന അവകാശവാദത്തോടെ രണ്ടു കോടി രൂപ കൈപ്പറ്റി റെക്കോര്‍ഡ് ചെയ്ത പാട്ടിന് ചുണ്ടനക്കി പ്രേക്ഷകരെ പറ്റിച്ചപ്പോഴുണ്ടായിരുന്നില്ലേ ഈ പ്രതിച്ഛായ പ്രശ്നം? രണ്ട് കോടി തിരിച്ചുകൊടുത്തതുകൊണ്ടൊന്നും തീരുന്നതല്ല അന്നുണ്ടാക്കിയ നാണക്കേട്. ആരും മറന്നിട്ടുമില്ല.

സഹപ്രവര്‍ത്തകയായ പെണ്‍കുട്ടി ക്രൂരമായി ആക്രമിക്കപ്പെട്ടപ്പോള്‍ പ്രതിസ്ഥാനത്തുണ്ടായിരുന്ന നടന് സംരക്ഷണമൊരുക്കിയ മോഹന്‍ലാലിനെയും കേരളീയര്‍ മറന്നിട്ടില്ല. “അവള്‍ക്കൊപ്പം, അവനുവേണ്ടി പ്രാര്‍ത്ഥിക്കുന്നു” എന്ന ആ നിലപാടും.

സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട വിഷയം ചര്‍ച്ചയായ എ.എം.എം.എ എക്സിക്യുട്ടീവ് കമ്മിറ്റിക്കുശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യശരങ്ങളുയരുമ്പോള്‍ വേദിയിലിരുന്ന് താങ്കള്‍ വരച്ച ആ ചിത്രം ഈ പ്രതിച്ഛായയുടേതായിരുന്നോ?

മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എയുടെ പ്രസിഡന്റാണ് മോഹന്‍ലാല്‍. സംഘടനയില്‍ അംഗമായിരുന്ന നടിയെ ക്രൂരമായി ആക്രമിച്ച കേസില്‍ പ്രതിസ്ഥാനത്തുള്ള നടനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ച കേരളീയ മനസാക്ഷിയെ ഞെട്ടിച്ച ഒന്നായിരുന്നു. ആ തീരുമാനം കൈക്കൊണ്ട ആണ്‍കൂട്ടത്തിന്റെ തലവനായി തന്നെയാണ് മോഹന്‍ലാലിനെ ചരിത്രം അടയാളപ്പെടുത്തുക. എന്ത് സാങ്കേതികത പറഞ്ഞ് അതിനെ ന്യായീകരിച്ചാലും…

മോഹന്‍ലാല്‍ രഞ്ജിനിയെ ഓര്‍ക്കുന്നുണ്ടോ. പ്രിയദര്‍ശന്‍, മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങിയ എക്കാലത്തേയും സൂപ്പര്‍ഹിറ്റ് ചിത്രമായ, ചിത്രത്തില്‍ താങ്കള്‍ക്കൊപ്പം അഭിനയിച്ച നടിയാണ് രഞ്ജിനി. താങ്കളുടെ ആരാധകക്കൂട്ടം സോഷ്യല്‍ മീഡിയയില്‍ അവരെ ബോഡീഷെയിം ചെയ്തപ്പോള്‍ മിണ്ടാതിരുന്നതാണോ അങ്ങയുടെ പ്രതിച്ഛായ.

ALSO READ: മാപ്പ് പറയേണ്ട ആവശ്യമില്ല; മോഹന്‍ലാല്‍ അയച്ച വക്കീല്‍ നോട്ടീസിനെ നിയമപരമായി നേരിടുമെന്ന് ശോഭനാ ജോര്‍ജ്

2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ടുനിരോധനം പ്രഖ്യാപിച്ചതിനു പിന്നാലെ ആ മാസം 21ന് താങ്കളൊരു ബ്ലോഗ് എഴുതിയത് ഓര്‍ക്കുന്നുണ്ടോ. മറ്റെല്ലാ കാര്യങ്ങളും മാറ്റിവെച്ച് ബാങ്കിനു മുമ്പില്‍ ക്യൂ നില്‍ക്കാന്‍ നിര്‍ബന്ധിതരായ പാവപ്പെട്ടവരെ നോക്കി “ബീവറേജിലും സിനിമാ തിയ്യേറ്ററിലും പരാതികളില്ലാതെ വരിനില്‍ക്കുന്നവരല്ലേ ഇതിനുവേണ്ടി അല്‍പസമയം വരിനില്‍ക്കാന്‍ ശ്രമിക്കുന്നതില്‍ കുഴപ്പമില്ല”യെന്ന് നിര്‍ദ്ദയം പറയാനുള്ള മനസുണ്ടല്ലോ…

സഹപ്രവര്‍ത്തകയെ ലൈംഗികമായി ആക്രമിച്ച ബിഷപ്പിനെതിരെ നടപടിയാവശ്യപ്പെട്ട് കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തിയ ഐതിഹാസിക സമരത്തെക്കുറിച്ച് ചോദിച്ചുപോയ മാധ്യമപ്രവര്‍ത്തകനോട് “നിങ്ങള്‍ക്ക് നാണമുണ്ടോ ഇങ്ങനെ ആവശ്യമില്ലാത്ത കാര്യം ചോദിക്കാന്‍, നല്ല കാര്യം പറയുമ്പോള്‍” എന്നു പറഞ്ഞ് കോപാകുലനായപ്പോള്‍ പ്രതിച്ഛായയെക്കുറിച്ച് മറന്നതായിരുന്നോ…

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടപ്പോള്‍ കിട്ടിയ പോസിറ്റീവ് എനര്‍ജിയെക്കുറിച്ച് താങ്കള്‍ നെടുനീളന്‍ കുറിപ്പു തന്നെയെഴുതിയിട്ടുണ്ട്. എന്നാല്‍ അദ്ദേഹം അധികാരത്തിലെത്തിയശേഷം ഇന്ത്യയില്‍ നടന്ന ആസൂത്രിത ആള്‍ക്കൂട്ട കൊലപാതകങ്ങളെക്കുറിച്ച് ഒരുവരിപോലും താങ്കളുടേതായി കണ്ടിട്ടില്ല.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more