എഴുത്തില്‍ ദലിത് കാരിക്കേച്ചറുകള്‍ മാത്രം കണ്ടുശീലിച്ച മലയാളി വായനക്കാര്‍ക്കു മുന്നില്‍ ദളിത് ജീവിതം പച്ചയായി അടയാളപ്പെടുത്തിയ ആദ്യ നോവല്‍ എന്ന നിലയിലായിരിക്കും “”മീശ”” മലയാള സാഹിത്യ ചരിത്രത്തില്‍ ഇടം നേടുക. മീശയെച്ചൊല്ലിയുള്ള വിവാദങ്ങളാകട്ടെ, ഒരു പൊതുതാത്പര്യ ഹര്‍ജിയോടുകൂടി സംസ്ഥാനതിര്‍ത്തികളെ ഭേദിച്ച് ഒരു ദേശീയ പ്രശ്നമായി മാറി. ഈ കേസില്‍ സുപ്രീം കോടതിയുടെ നിലപാട് ഒരു സ്വതന്ത്ര ജനാധിപത്യ റിപ്പബ്ലിക്ക് എന്ന നിലയില്‍ രാജ്യത്തിന്റെ ഭാവിയെത്തന്നെ ബാധിക്കുന്ന ഒന്നായിരിക്കുകയും ചെയ്യും.
പുസ്തകം നിരോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി തള്ളിക്കൊണ്ടുള്ള വിധി വന്നതില്‍ ആഹ്ലാദചിത്തരായ “ലിബറല്‍” സുഹൃത്തുക്കളെയാണ് എങ്ങും കാണാന്‍ കഴിയുന്നത്. ഒരു പുസ്തകം നിരോധിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഒരു റിട്ട് ആയി പരിഗണിച്ചുകൊണ്ട് വാദം കേട്ട് കേസിന്റെ മെറിട്ട് പരിശോധിച്ച് വിധി പറയാന്‍ കോടതിയ്ക്ക് എങ്ങനെ കഴിഞ്ഞു എന്ന ചോദ്യം ആരും ചോദിച്ചു കാണുന്നില്ല.
പുസ്തകം നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയല്ലല്ലോ, പുസ്തകം നിരോധിച്ചാല്‍ അതിനെതിരെയുള്ള ഹര്‍ജിയല്ലേ കോടതി പരിശോധിക്കേണ്ടത്? ഇത്തരം മൗലികാവകാശ ധ്വംസനങ്ങളെ പ്രതിരോധിക്കാനല്ലേ ആര്‍ട്ടിക്കിള്‍ 32 പ്രകാരം സുപ്രീം കോടതിയെ സമീപിക്കാന്‍ പൗരനും റിട്ട് പുറപ്പെടുവിക്കാന്‍ സുപ്രീം കോടതിയ്ക്കും ഭരണഘടന അധികാരം നല്കിയിരിക്കുന്നത്?
പുസ്തകം നിരോധിക്കുന്നതിനെ സംബന്ധിച്ചുള്ള നിയമവും ചട്ടങ്ങളും നിലനില്‍ക്കേ, കോടതിയ്ക്ക് ഗവണ്മെന്റിന്റെ അധികാരം ഏറ്റെടുത്തുകൊണ്ട് പുസ്തകം നിരോധിക്കണമോ വേണ്ടയോ എന്ന് തീരുമാനമെടുക്കാന്‍ കഴിയുമോ?
പുസ്തകം നിരോധിക്കുന്നതിനെക്കുറിച്ച് നിയമം എന്തു പറയുന്നുവെന്നു നോക്കാം. ക്രിമിനല്‍ പ്രൊസീജര്‍ കോഡ് (സി.ആര്‍.പി.സി.) സെക്ഷന്‍ 95 ലാണ് ഇത് പ്രതിപാദിച്ചിട്ടുള്ളത്. ഇതു പ്രകാരം ഒരു പുസ്തകത്തിലോ പത്രത്തിലോ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124എ( രാജ്യദ്രോഹം), 153എ (വിദ്വേഷ പ്രചാരണം), 153ബി (അശ്ലീല പ്രസിദ്ധീകരണം), 293(പ്രായപൂര്‍ത്തിയാകത്തവര്‍ക്ക് അശ്ലീല പുസ്തകം വില്ക്കാന്‍ ശ്രമിക്കുന്നത്), 295എ (മതവികാരം വൃണപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരം ശിക്ഷിക്കാന്‍ തക്കതായതെന്തെങ്കിലും ഉണ്ടെങ്കില്‍ കൃത്യമായ കാരണം കാണിച്ചുകൊണ്ട് ഒരു വിജ്ഞാപനം വഴി സംസ്ഥാന ഗവണ്മെന്റുകള്‍ക്ക് പുസ്തകത്തിന്റെ പ്രസിദ്ധീകരണം തടയുകയും കോപ്പികള്‍ പിടിച്ചെടുക്കുകയും ചെയ്യാം.
കോടതിയുടെ പങ്ക് വരുന്നത് സെക്ഷന്‍ 96-ലാണ്. ഇതുപ്രകാരം പുസ്തകം നിരോധിക്കാനുള്ള ഗവണ്മെന്റിന്റെ തീരുമാനത്തിനെതിരെ ഏതൊരു വ്യക്തിയ്ക്കും ഹൈക്കോടതിയെ സമീപിക്കാം. സെക്ഷന്‍ 95(2) പ്രകാരം ഹൈക്കോടതിയില്‍ ഒരു മൂന്നംഗ ബഞ്ച് ഈ കേസ് പരിശോധിച്ച് തീരുമാനമെടുക്കെണ്ടതാണ്.
അതായത്, പുസ്തകം നിരോധിക്കേണ്ടത് സംസ്ഥാന ഗവണ്മെന്റാണ്. നിരോധനം ഭരണഘടനാപരമാണോയെന്ന് പരിശോധിക്കേണ്ടത് കോടതിയും. സംസ്ഥാന ഗവണ്മെന്റ് പുസ്തകം നിരോധിച്ചിട്ടില്ലായെങ്കില്‍ പിന്നെ കോടതിയുടെ പരിശോധന എന്ന കാര്യം കടന്നു വരുന്നേയില്ല.
പ്രത്യേകം എടുത്തു പറഞ്ഞിട്ടുള്ള വകുപ്പുകള്‍ പ്രകാരം ശിക്ഷിക്കപ്പെടാവുന്നതാണെങ്കില്‍ മാത്രം കൃത്യമായി കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള വിജ്ഞാപനം വഴി നിരോധനം, പിന്നീട് ഈ നടപടി ഭരണഘടനാപരമാണോ എന്നുള്ള ഹൈക്കോടതിയുടെ മൂന്നംഗ ബഞ്ചിന്റെ പരിശോധന, ഇങ്ങനെ അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റങ്ങളെ പരമാവധി പരിമിതപ്പെടുത്തുന്ന രീതിയില്‍ രൂപം നല്കിയിട്ടുള്ള ഭരണഘടനാ പദ്ധതിയെ തകിടം മറിക്കുന്നതാണ് “മീശ” കേസിലെ സുപ്രീം കോടതി ഉത്തരവ്.
ഈ വിധിയോടുകൂടി പൊതു താത്പര്യ ഹര്‍ജി വഴി ഒരു പുസ്തകം നിരോധിക്കാന്‍ അവശ്യപ്പെടാന്‍ കഴിയും എന്ന സ്ഥിതി വന്നു ചേര്‍ന്നിരിക്കുന്നു. ജസ്റ്റിസ് ദീപക് മിശ്ര എഴുതിയ 30 പേജ് വരുന്ന വിധിന്യായത്തില്‍ മീശ നോവലിന്റെ ഇതിവൃത്തത്തെക്കുറിച്ച്, കഥാ സന്ദര്‍ഭങ്ങളെക്കുറിച്ച് ഒക്കെ വളരെ വിശദമായി പ്രതിപാദിക്കുന്നുണ്ട്. പിന്നീട് കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നു, “മീശ” എങ്ങനെ ഒരു സാഹിത്യകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യമാകുന്നു എന്നും, ജനാധിപത്യത്തില്‍ അഭിപ്രായ സ്വതന്ത്ര്യം എത്രമാത്രം വിലപ്പെട്ടതണെന്നും വൊള്‍ട്ടയറിന്റേതെന്നു പറയപ്പെടുന്ന സുപ്രസിദ്ധമായ ഉദ്ധരണിയുള്‍പ്പടെ ചേര്‍ത്ത് വിശദീകരിക്കുന്നു.
ഇതിന്റെ പ്രശ്‌നമെന്തെന്നാല്‍ പുസ്തകം കോടതി എന്തുകൊണ്ട് നിരോധിക്കുന്നില്ല എന്ന് വ്യക്തമാക്കുന്നതിലൂടെ, കോടതിയ്ക്ക് ഒരു പുസ്തകം എന്തുകാരണങ്ങള്‍ കൊണ്ടൊക്കെ നിരോധിക്കാം എന്നുകൂടി പറഞ്ഞു വയ്ക്കുന്നു. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം “അപകീര്‍ത്തി” എന്ന സംഗതികൂടി ഉത്തരവില്‍ കടന്നുവരുന്നു എന്നതാണ്. പുസ്തക നിരോധനത്തെ സംബന്ധിച്ച നിയമത്തില്‍ (സെക്ഷന്‍ 95) നിന്ന് ശ്രദ്ധാപൂര്‍വം ഒഴിവാക്കപ്പെട്ടിരുന്ന വകുപ്പാണ് സെക്ഷന്‍ 499. അതുകൊണ്ടുതന്നെ നിലവില്‍ ഒരാള്‍ക്ക് അപകീര്‍ത്തികരമാണ് എന്ന കാരണത്താല്‍ ഗവണ്‍മെന്റുകള്‍ക്ക് ഒരു പുസ്തകവും നിരോധിക്കുവാന്‍ കഴിയുമായിരുന്നില്ല. ഈ ഉത്തരവോടുകൂടി വിവിധ ഹൈക്കോടതികളും പുസ്തകം നിരോധിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികള്‍ കേള്‍ക്കേണ്ട സാഹചര്യമാണുള്ളത്. അപ്പോള്‍ “അപകീര്‍ത്തി”യും പരിഗണിക്കേണ്ടി വരും.
പുസ്തക നിരോധനം അവശ്യപ്പെട്ടുകൊണ്ട് പൊതു താത്പര്യ ഹര്‍ജികള്‍ പരിഗണിക്കുമെന്നും, കോടതിയ്ക്ക് പുസ്തകം നിരോധിക്കാമെന്നുമുള്ള സ്ഥിതി വന്നു ചേര്‍ന്നതോടെ രാജ്യമൊട്ടുക്കും ഹൈക്കോടതികളിലും സുപ്രീം കോടതിയിലും പുസ്തകനിരോധന ഹര്‍ജികളുടെ ഒരു പ്രളയമയിരിക്കും ഇനി ഉണ്ടാകാന്‍ പോകുന്നത്. പ്രത്യേകിച്ചും അസഹിഷ്ണുതയുടെ മൂലകങ്ങള്‍ അരങ്ങു വാഴുന്ന സമകാലിക സാമൂഹിക പരിസരത്തില്‍. ഇതിനെ നേരിടാന്‍ ചെറിയ എഴുത്തുകാര്‍ക്കും ചെറിയ പ്രസാധകര്‍ക്കും കഴിയുകയില്ല. കലാന്തരത്തില്‍ അഭിപ്രായ സ്വാതന്ത്രത്തിനു വലിയ ഭീഷണിയാണിതുയര്‍ത്താന്‍ പോകുന്നത്. “മീശ” വിധിയില്‍ സുപ്രീം കോടതി ആശങ്കപ്പെടുന്ന “ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഭയപ്പെടുത്തുന്ന സാമൂഹിക സാഹചര്യ”ത്തെ ശാശ്വതീകരിക്കുക എന്നതാണ് ഈ വിധിയുടെ അപ്രതീക്ഷിത ഫലം. സുപ്രീംകോടതി തന്നെ ജനാധിപത്യത്തിന്റെ സുരക്ഷാ വാതായനങ്ങളെന്നു വിശേഷിപ്പിച്ച പ്രതിരോധങ്ങളെയും വിയോജിപ്പുകളെയും ഇല്ലാതാക്കാനേ ഈ വിധി ഉപകരിക്കൂ.