മലബാര്‍ കലാപം; കുമ്മനം പറയുന്നത് അറിവില്ലായ്മ കൊണ്ടല്ല, ആസൂത്രിതമാണ്
Daily News
മലബാര്‍ കലാപം; കുമ്മനം പറയുന്നത് അറിവില്ലായ്മ കൊണ്ടല്ല, ആസൂത്രിതമാണ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 12th October 2017, 5:18 pm

നാട്ടിലെ ധനാഢ്യരായ ജന്മിമാരാണ് മനുഷ്യരായി പരിഗണനയര്‍ഹിക്കുന്നത് എന്ന പൊതുതത്വം പേറുന്ന ഇംഗ്ലീഷ് മാദ്ധ്യമങ്ങള്‍ മുഖ്യമായും ഈ കലാപത്തെ മാപ്പിളമാരുടെ ലഹളയായി ചിത്രീകരിക്കാന്‍ ഇഷ്ടപ്പെട്ടു. ബ്രിട്ടീഷുകാരുടെ സൗമനസ്യം മതപരമായും വര്‍ഗ്ഗപരമായും ഒക്കെ ഉപയോഗപ്പെടുത്തിക്കൊണ്ടിരുന്ന മലയാള മനോരമയും നസ്രാണി ദീപികയും കിട്ടിയ അവസരം മുതലാക്കി മാപ്പിള വിരോധം പ്രചരിപ്പിച്ചു.


 

മലബാര്‍ കലാപം അഥവാ മാപ്പിള ലഹള ആദ്യത്തെ ജിഹാദ് പോരാട്ടമാണ് എന്ന പ്രസ്താവന അദ്ദേഹമായിട്ട് തുടങ്ങിയതല്ല. അതു പറയുന്നവര്‍ക്ക് തങ്ങളുടേതായ ന്യായങ്ങളുണ്ട്.തീര്‍ച്ചയായും അത് അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിന്റെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണ്.ഒരു പക്ഷേ വേങ്ങര തെരഞ്ഞെടുപ്പും ബി.ജെ.പിയുടെ വടക്കന്‍ പ്രദേശങ്ങളിലെ പ്രചാരണങ്ങളുമൊക്കെയാവാം ഇപ്പോള്‍ ഇത്തരത്തിലുള്ള ഒരു പ്രസ്താവനയ്ക്ക് കാരണം.

എന്നാല്‍ മാപ്പിള ലഹളയെ കുറിച്ച് അദ്ദേഹം ഇത്തരത്തിലെങ്കിലും ഓര്‍മ്മിപ്പിച്ചതിനാല്‍ ചിലത് പറയാതിരിക്കുന്നത് ശരിയല്ലല്ലോ. 1921ല്‍ നടന്നുവെന്ന് പറയപ്പെടുന്ന കലാപം ഇത്തരം കലാപങ്ങളിലെ അവസാനത്തെ മാത്രമായിരുന്നു. എന്നാല്‍ അതിന് വളരേയേറെ ശക്തിയുണ്ടായിരുന്നു എന്നതിനാല്‍ മാത്രമാണ് ഇതിനെ എടുത്തു പറയുന്നത്.

മാപ്പിളമാര്‍ ഭൂരിപക്ഷമുണ്ടായിരുന്ന ഏറനാട്ടിലും ശക്തമായ സ്വാധീനമുണ്ടായിരുന്ന വള്ളുവനാട്ടിലും അവര്‍ ദാരിദ്ര്യത്തിലും മറ്റും കഴിയുന്ന കര്‍ഷകക്കുടിയാന്മാര്‍ ആയിരുന്നു. അതിനാല്‍ തന്നെ ജന്മിമാരുമായിട്ടുണ്ടായിട്ടുള്ള പോരുകളൊക്കെ തന്നെ കൃഷിയും ഭൂമിയുമായി ബന്ധപ്പെട്ടായിരുന്നു. ഇവിടെ പത്തൊമ്പതാം നൂറ്റാണ്ടില്‍ തന്നെ ഇത്തരം പോരുകള്‍ നടന്നിരുന്നു. പള്ളിപ്പുറം കലാപം, കുളത്തൂര്‍ കലാപം, മട്ടന്നൂര്‍ കലാപം, മേലാറ്റൂര്‍ ലഹള എന്നിവയെല്ലാം തന്നെ മലബാറില്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ നടന്ന കലപാങ്ങളാണ്.

 

എന്നാല്‍ ഇതൊക്കെ ശുദ്ധമായ കര്‍ഷക കലാപമാണെന്നോ ബ്രിട്ടീഷ് സാമ്രാജ്യത്വ വിരുദ്ധ സമരമാണെന്നോ തെറ്റിദ്ധരിക്കരുത്. മുസ്‌ലീങ്ങളെ മതപരമായും വര്‍ഗ്ഗീയമായും ഐക്യപ്പെടുത്താനും ഇതിനിടയില്‍ ശ്രമം നടക്കുകയുണ്ടായിട്ടുണ്ട്. ഇവരെ ഉപയോഗിച്ച് ഹിന്ദു ജന്മികളെ തകര്‍ത്ത് ആ ഭൂമി കൂടി തട്ടിയെടുക്കാന്‍ മുസ്‌ലീം ധനിക വിഭാഗങ്ങള്‍ ശ്രമിച്ചിട്ടുമുണ്ട്.

മട്ടന്നൂര്‍ കലാപത്തിനിടയില്‍ സംഭവിച്ചത് ഒരുദാഹരണമാണ്. അതു പോലെ പള്ളിയാണ് പലപ്പോഴും മുസ്‌ലീം വിഭാഗങ്ങള്‍ക്ക് സംഘടിക്കാന്‍ താവളമായി മാറിയത് എന്നതും നിഷേധിക്കാന്‍ കഴിയുന്ന കാര്യമല്ല. വാരിയന്‍ കുന്നത്ത് അഹമ്മദ് ഹാജിയും സംഘവും നടത്തിയ നിര്‍ബന്ധിത മതപരിവര്‍ത്തന കഥകളും തള്ളിക്കളയാനാവുമോ എന്നതും സംശയമാണ്.

അതേ സമയം, ഹിന്ദു വരേണ്യവര്‍ഗ്ഗ ജന്മി വിഭാഗങ്ങളില്‍ നിന്ന് മുസ്‌ലീം കുടിയാന്മാര്‍ക്ക് ഉണ്ടായ ദുരിതം തന്നെയാണ് മുഖ്യമായും ഇത്തരം പകകള്‍ക്ക് കാരണമായത്. ജന്മികളെ സംരക്ഷിക്കാന്‍ ഇറങ്ങുന്നതും വെടിവെച്ചു കൊല്ലുന്നതും അന്ന് ബ്രിട്ടീഷ് പട്ടാളമായിരുന്നു.

മാപ്പിള ലഹള കഴിഞ്ഞ് രണ്ടു വര്‍ഷം കഴിഞ്ഞ് ഉണ്ടായ മാതൃഭൂമി പത്രത്തില്‍ നിന്ന് കെ.മാധവന്‍ വ്യക്തമാക്കിയതു പോലെ, മാപ്പിളമാരോട് ഹിന്ദുക്കള്‍ തിരിച്ചേറ്റുമുട്ടിയ ഒരു ചരിത്രവും എവിടെയുമില്ല. അതേ സമയം, ജന്മിമാര്‍ക്ക് വേണ്ടി ബ്രിട്ടീഷ് പട്ടാളത്തിന് മുസ്‌ലിം ലഹളക്കാരെ കാണിച്ചു കൊടുത്ത മറ്റു കീഴാള ഹിന്ദുക്കളെയും മുസ്‌ലീം ലഹളക്കാര്‍ കൊല്ലുകയുണ്ടായിട്ടുണ്ട്.

 

 

ഇത്തരത്തില്‍ മലബാര്‍ മേഖലയില്‍, വിശേഷിച്ച് തെക്കേ മലബാറില്‍ ജന്മിത്വത്തിനെതിരെയും അതിന്റെ ഭരണകൂടമായ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയും മാപ്പിളമാര്‍ തങ്ങളുടെ വിവിധ തരം കലാപങ്ങളിലൂടെ നേടിയെടുത്ത ഐക്യത്തിലൂടെ പ്രതിഷേധം വ്യാപകവും ശക്തവുമാക്കി. ഇത്തരത്തില്‍ നടത്തിയ ലഹളയുടെ ഫലമായി ഈ മേഖലകളില്‍ പലതിലും മാപ്പിളമാര്‍ ആധിപത്യം നേടിയെടുത്തു.

മലബാര്‍ കലാപം അടിച്ചമര്‍ത്തുന്നതിന് മുന്‍പ് ഏതാണ്ട് ആറുമാസക്കാലത്തോളം മാപ്പിളമാരുടെ അധീനതയിലായിരുന്നു ആ പ്രദേശങ്ങള്‍ മുഴുവന്‍. ഒടുവില്‍ മദ്രാസില്‍ നിന്ന് കൂടുതല്‍ പട്ടാളക്കാരെ ഇറക്കി മാപ്പിളമാരുടെ കലാപത്തെ ചോരയില്‍ മുക്കി ഒടുക്കുകയായിരുന്നു..

നമുക്ക് ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പറയുന്നത് ബ്രിട്ടീഷ് രേഖകള്‍ പ്രകാരം പന്തീരായിരത്തോളം മാപ്പിളമാര്‍ കൊല്ലപ്പെടുകയും ഒരു ലക്ഷത്തോളം പേര്‍ കാണാതാവുകയും ഏതാണ്ടത്രയും പേര്‍ നാടു കടത്തപ്പെടുകയും ചെയ്യപ്പെട്ടു എന്നാണ്.

“അന്നിരുപത്തൊന്നില്‍ നമ്മളിമ്മലയാളത്തില് ഒത്തുചേര്‍ന്നു വെള്ളയോടെതിര്‍ത്തു നല്ല മട്ടില്” എന്ന പാട്ട് 1944ല്‍ മലബാറിന്റെ വിപ്ലവകവികളിലൊരാളായ സഖാവ് കമ്പളത്ത് ഗോവിന്ദന്‍നായര്‍ എഴുതിയതിനാണ് ദേശാഭിമാനി വാരിക അന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ കണ്ടുകെട്ടിയത്. (സഖാവ് കമ്പളത്ത് ഗോവിന്ദന്‍ നായരുടെ ചരിത്രം സുഹൃത്തുക്കളും സഖാക്കളും വായിക്കണം…അതു പോലെ ഇപ്പോഴത്തെ ദേശാഭിമാനി വാരികയല്ല, അന്നത്തേത് എന്ന് സി.പി.എം സഖാക്കള്‍ മനസ്സിലാക്കുകയും വേണം!).

 

മാപ്പിളമാരുടെ രക്തസാക്ഷിത്വങ്ങളെ കുറിച്ച് അക്കാലത്ത് എ.കെ.ജി പറഞ്ഞത്, “നമ്മള്‍ പ്രസംഗിക്കുകയും ജയില്‍വാസമനുഭവിക്കുകയും ചെയ്തപ്പോഴേയ്ക്കും ധീരരാണെന്നവകാശപ്പെടുന്നുവെങ്കില്‍ ബ്രീട്ടീഷ് പീരങ്കികള്‍ക്ക് മുന്നില്‍ മാറു കാട്ടിക്കൊടുത്ത ഈ ചെറുപ്പക്കാരെ നാം എന്താണ് വിളിക്കേണ്ടി വരിക?” എന്നായിരുന്നു.

മലബാറില്‍ മരിച്ചുവീണ മാപ്പിളമാരെ ഓര്‍ക്കണം-എ.കെ.ജി. യുടെ പ്രസംഗം പൂര്‍ണരൂപം

മുസ്‌ലീങ്ങളെ ഇത്തരത്തില്‍ തങ്ങളുടെ ചൂഷണം ചെയ്തു കൊണ്ടിരുന്ന ജന്മികളെ സംരക്ഷിച്ചു കൊണ്ടിരുന്ന ബ്രിട്ടീഷുകാരോട് ഒറ്റക്കെട്ടായി പോരടിയ്ക്കാന്‍ എപ്രകാരമാണ് കഴിഞ്ഞത് എന്ന കാര്യം ശ്രദ്ധേയമാണ്. മതം തന്നെയായിരുന്നു അവരെ ഐക്യപ്പെടുത്തിയത്. അത്തരത്തില്‍ വലിയൊരു ഗുണാത്മകമായ വശം ഉണ്ടായിട്ടുണ്ട് എന്ന കാര്യം നിഷേധിക്കാനാവാത്തതാണ്.

ഖിലാഫത്ത് പ്രസ്ഥാനം അവരെ കൂടുതല്‍ ശക്തിപ്പെടുത്തിയതും മതത്തിന്റെ പിന്‍ബലത്തിലാണ്. സ്വാതന്ത്ര്യ സമരകാലത്ത് തിലകന്റെ കാലഘട്ടത്തില്‍ ഭഗവദ് ഗീതയും ഉയര്‍ത്തിപ്പിടിച്ച് തെരുവിലിറങ്ങിയിട്ടുള്ള ചരിത്രം ഇവിടത്തെ ദേശാഭിമാനികള്‍ക്കുണ്ട്. (ഇതിലൊന്നും ഇപ്പറഞ്ഞ ഹിന്ദുത്വ ശക്തികള്‍ ഇല്ല എന്നത് വിശേഷിച്ച് പറയേണ്ടതില്ലല്ലോ.)

എ.കെ.ജി

നേരത്തേ സൂചിപ്പിച്ചതു പോലെ ഇത്തരത്തില്‍ ജന്മിത്വത്തിനെതിരെയും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയും ഹിന്ദുക്കള്‍ക്ക് സംഘടിക്കാന്‍ കഴിയാതിരുന്നത് എന്താണെന്നത് വ്യക്തമാണ്. പരസ്പരം പോരടിച്ചു നില്‍ക്കുന്ന ബ്രാഹ്മണന്‍ നായരെയും നായര്‍ തിയ്യനെയും തിയ്യന്‍ പുലയനെയും ഇപ്പോള്‍ പോലും ആക്ഷേപിച്ചു കൊണ്ടിരിക്കുമ്പോള്‍ അന്ന് എന്തായിരുന്നു അവസ്ഥയെന്നത് ഊഹിക്കാവുന്നതാണ്.

ഇതിനാല്‍ തന്നെ ഹിന്ദു കീഴാള വിഭാഗങ്ങള്‍ക്ക് ഐക്യപ്പെട്ട് ഉയര്‍ന്നു വരാന്‍ തങ്ങളുടെ മത വിശ്വാസപരമായ പ്രത്യയശാസ്ത്രങ്ങള്‍ തന്നെ തടസ്സം നിന്നു. ജന്മിയ്ക്ക് വാഴക്കുല കാണിക്ക വെയ്ക്കുന്നതാണ് തന്റെ ജന്മദൌത്യമെന്നു കരുതുന്ന പ്രത്യയശാസ്ത്രം അഥവാ വിശ്വാസം ഇല്ലാതാവുന്നത് അയ്യങ്കാളിയുടെയും ശ്രീനാരായണഗുരുവന്റെയും ഒക്കെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങളും സോഷ്യലിസ്റ്റ് കോണ്‍ഗ്രസ്സ് കമ്മ്യൂണിസ്റ്റ് മുന്നേറ്റങ്ങളും ഒക്കെ കൊണ്ടായിരുന്നു.

ഒരു വശത്ത് ഖിലാഫത്ത് പ്രസ്ഥാനത്തിലൂടെയും കുടിയായ്മ പോരാട്ടങ്ങളിലൂടെയും സാമ്രാജ്യത്വ വിരുദ്ധ ചിന്തകള്‍ അക്കാലത്ത് മലബാറിലെ സാധാരണ മുസ്‌ലീങ്ങളില്‍ ശക്തിപ്പെടുകയുണ്ടായി. മറുവശത്ത് അവര്‍ നടത്തിയ കലാപങ്ങള്‍ മുഖ്യമായും ലക്ഷ്യം വെച്ചത് ഹിന്ദു സമുദായത്തെയായിരുന്നില്ല, മറിച്ച് ഹിന്ദുക്കളായ ജന്മികളെയും റവന്യൂ ഉദ്യോഗസ്ഥരെയും ബ്രിട്ടീഷ് പട്ടാളത്തിന് അവരെ ഒറ്റിക്കൊടുത്തെന്നു കരുതപ്പെടുന്ന ഇതര വിഭാഗങ്ങളെയും സര്‍വ്വോപരി ബ്രിട്ടീഷ് പട്ടാള ഭരണത്തെയും ആയിരുന്നു.

പൊതുവേ ഹിന്ദുക്കള്‍ക്കോ അവരുടെ സ്വത്തുക്കള്‍ക്കോ നേരെ ആക്രമണങ്ങള്‍ നടക്കുകയുണ്ടായിട്ടില്ല എന്നത് വസ്തുതയാണ്. ഇവിടെ ഹിന്ദുക്കള്‍ എന്നു വിവക്ഷിക്കപ്പെടുന്നത് ജന്മിമാര്‍ക്ക് പുറത്തു കഴിയുന്ന വിശാലമായ ഹിന്ദുക്കളെയാണ്. പക്ഷേ, ഇവരുടെ കാര്യം അന്നത്തെ മാദ്ധ്യമങ്ങള്‍ക്കോ മറ്റോ വിഷയമായിരുന്നില്ല.

സുരേന്ദ്ര ജെയിന്‍

നാട്ടിലെ ധനാഢ്യരായ ജന്മിമാരാണ് മനുഷ്യരായി പരിഗണനയര്‍ഹിക്കുന്നത് എന്ന പൊതുതത്വം പേറുന്ന ഇംഗ്ലീഷ് മാദ്ധ്യമങ്ങള്‍ മുഖ്യമായും ഈ കലാപത്തെ മാപ്പിളമാരുടെ ലഹളയായി ചിത്രീകരിക്കാന്‍ ഇഷ്ടപ്പെട്ടു. ബ്രിട്ടീഷുകാരുടെ സൗമനസ്യം മതപരമായും വര്‍ഗ്ഗപരമായും ഒക്കെ ഉപയോഗപ്പെടുത്തിക്കൊണ്ടിരുന്ന മലയാള മനോരമയും നസ്രാണി ദീപികയും കിട്ടിയ അവസരം മുതലാക്കി മാപ്പിള വിരോധം പ്രചരിപ്പിച്ചു.

മറുവശത്ത് ചന്ദ്രിക എന്ന പത്രവും മുസ്‌ലീങ്ങള്‍ക്ക് വേണ്ടിയെന്ന പേരില്‍ ഇല്ലാത്ത കഥകള്‍ മെനഞ്ഞു കൊണ്ടേയിരുന്നു. പട്ടാളക്കാര്‍ വെള്ള കുതിരപ്പുറത്തേറി മുസ്‌ലീം പെണ്ണുങ്ങളെ ആക്രമിക്കുന്നുവെന്നും ഹിന്ദുക്കളെ മാപ്പിളമാര്‍ ആക്രമിക്കുന്നുവെന്നു പറയുന്നത് നുണയാണെന്നും അടക്കം വാര്‍ത്തകള്‍ ഇറക്കി ശുദ്ധമായ വര്‍ഗ്ഗീയ വിഷം വമിപ്പിച്ചു കൊണ്ടിരുന്നു.

എന്നാല്‍ ഇതിനെയൊക്കെ മറികടന്ന ബ്രിട്ടീഷ് സാമ്രാജ്യത്വ വിരുദ്ധകാര്‍ഷിക കലാപമായി തന്നെ മലബാര്‍ കലാപം വികസിക്കുകയുണ്ടായി എന്നതാണ് ചരിത്രത്തില്‍ അതിന് മഹത്തായ സ്ഥാനം ലഭ്യമാക്കിയത്. മാപ്പിളമാര്‍ സംഘടിച്ച് ലഹളയുണ്ടാക്കിയതു കൊണ്ടു തന്നെയാണ് അതു സാദ്ധ്യമായത് എന്നതില്‍ നിന്നെങ്കിലും കുമ്മനവും ഹിന്ദുത്വ ശക്തികളും എന്തെങ്കിലും പഠിക്കുന്നുണ്ടെന്ന് കരുതാന്‍ വയ്യ.

കേരളത്തില്‍ ദളിത് പൂജാരിമാര്‍ക്ക് ക്ഷേത്രാചാരങ്ങള്‍ നന്നായി അറിയാം എന്ന കാര്യം പോലും മനസ്സിലാക്കാനുള്ള വകതിരിവ് വിശ്വഹിന്ദു പരിഷത്തിന്റെ നേതാവ് സുരേന്ദ്ര ജെയിനിന് ഇല്ലാതെ പോകുന്നത് അവരും ഹിന്ദുക്കള്‍ ആണെന്ന് കരുതാന്‍ കഴിയാത്തതു കൊണ്ടാണ്. കേരളത്തില്‍ മറ്റു ജാതിയില്‍ പെട്ടവരും ബ്രാഹ്മണരും ഒക്കെ പശുവിറച്ചി കഴിയ്ക്കുമെന്നത് അറിയാത്തതു കൊണ്ടല്ല, മറിച്ച് ദളിതന്‍ പൂജാരിയാകുന്നതിന്റെ വൈഷമ്യമാണ് ഇതിന് പിന്നില്‍ എന്നത് വ്യക്തമാണ്.

അതിനാല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ മാപ്പിളമാര്‍ നടത്തിയ വിശുദ്ധയുദ്ധം അഥവാ ജിഹാദ് ആണ് മലബാര്‍ കലാപമെന്ന അര്‍ത്ഥത്തില്‍ എടുക്കുന്നതാണ് ഗുണപരമായും വസ്തുനിഷ്ഠമായും ചരിത്രത്തോട് നിരക്കുന്നത്.