|

വാനോളം വളരുന്ന കെ.എസ്.എഫ്.ഇ ചിട്ടികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കേരളത്തിന്റെ സ്വന്തം ഫിനാന്‍ഷ്യല്‍ സൂപ്പര്‍ മാര്‍ക്കറ്റാണ് കെ.എസ്.എഫ്.ഇ. 100 ശതമാനം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ധനകാര്യ സ്ഥാപനമെന്നതും നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ ഉറപ്പുണ്ട് എന്നതുമാണ് കെ.എസ്.എഫ്.ഇക്ക് ലഭിക്കുന്ന സ്വീകാര്യതയുടെ സുപ്രധാന ഘടകം. 1969 നവംബര്‍ ആറിന് തുടക്കം കുറിച്ച കെ.എസ്.എഫ്.ഇ ആരംഭിച്ചതു മുതല്‍ ലാഭമുണ്ടാക്കുന്ന കേരളത്തിലെ പ്രധാനപ്പെട്ട ഒരു പൊതുമേഖലാ സ്ഥാപനം കൂടിയാണ്.

സംസ്ഥാനത്തൊട്ടാകെ 680 ലേറെ ശാഖകള്‍ ഉള്ളതും സംഘടിത ചിട്ടി മേഖലയുടെ 70 ശതമാനത്തിലേറെയും കൈകാര്യം ചെയ്യുന്നു എന്നതും നിക്ഷേപകര്‍ കെ.എസ്.എഫ്.ഇ തെരഞ്ഞെടുക്കുന്നതിനുള്ള കാരണങ്ങളാണ്. നിക്ഷേപക വൈവിധ്യവല്‍ക്കരണത്തിനായി പ്രത്യേക ആസ്തി വിഭാഗമായി ചിട്ടി പ്രയോജനപ്പെടുത്തുമ്പോള്‍ പരിഗണിക്കുന്ന പ്രധാന സ്ഥാപനവും കെ.എസ്.എഫ്.ഇ തന്നെയാണ്.

നിക്ഷേപ വൈവിധ്യവല്‍ക്കരണത്തിനും സാമ്പത്തിക അച്ചടക്കത്തിനുമുള്ള മികച്ചൊരു മാര്‍ഗമായാണ് കെ.എസ്.എഫ്.ഇ ചിട്ടികളെ ജനങ്ങള്‍ പരിഗണിക്കുന്നത്.

സാമ്പത്തികമായുണ്ടാവുന്ന പല വ്യതിയാനങ്ങളില്‍ നിന്നും നിക്ഷേപങ്ങളുടെ പരിരക്ഷ ഉറപ്പാക്കാന്‍ ചിട്ടി ഫണ്ടുകളുടെ സവിശേഷ സ്വഭാവവും സ്ഥിരതയും മിക്കവാറും സഹായകമാണെന്നതാണ് പ്രസക്തമായ കാര്യം. പരിരക്ഷ ഉറപ്പാക്കാന്‍ കഴിയുന്നു എന്നുള്ളത് കൊണ്ടുതന്നെ ചിട്ടി ഫണ്ടുകളെ ഒരു പ്രത്യേക ആസ്തി വിഭാഗമായി കണക്കാക്കാന്‍ കഴിയും. അതനുസരിച്ച് നിക്ഷേപങ്ങള്‍ ചിട്ടി ഫണ്ടുകളിലേക്ക് വൈവിധ്യവല്‍ക്കരിക്കുകയും ചെയ്യാം.

നിങ്ങളുടെ നിക്ഷേപലക്ഷ്യങ്ങളും നഷ്ടസാധ്യതകള്‍ സഹിക്കുന്നതിനുള്ള കഴിവും പരിഗണിച്ച് മുന്നോട്ടു കൊണ്ടു പോകാവുന്ന മികച്ചൊരു പദ്ധതിയാണ് ചിട്ടി. 55 വര്‍ഷത്തെ സാമ്പത്തിക സേവനങ്ങള്‍ കൊണ്ടുതന്നെ കെ.എസ്.എഫ്.ഇ അതിന്റെ സുരക്ഷിതത്വം തെളിയിച്ചിട്ടുള്ളതുമാണ്. അതുകൊണ്ടുതന്നെ ചിട്ടികളെന്നത് ആസ്തി വകയിരുത്തലിനും വൈവിധ്യവല്‍ക്കരണത്തിനും സഹായകവുമാണ്.

സര്‍ക്കാരിന്റെ ശക്തമായ നിയന്ത്രണത്തിലാണ് ചിട്ടി നടത്തിപ്പ് എന്നതുകൊണ്ടുതന്നെ മറ്റ് നിക്ഷേപങ്ങള്‍ പോലെ വിപണി അധിഷ്ഠിതമായല്ല ചിട്ടിയുടെ വരുമാനം. ഉറപ്പായും ലഭിക്കുന്ന വരുമാനവും മിക്കവാറും എല്ലാ സാമ്പത്തിക പ്രശ്‌നങ്ങളില്‍ നിന്നും പരിരക്ഷയും ചിട്ടികള്‍ക്കുണ്ട്. ഒരു ആസ്തി വിഭാഗമെന്ന നിലയില്‍ ചിട്ടി ഫണ്ടുകളുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നതും ഈ പരിരക്ഷ തന്നെയാണ്.

ചിട്ടികളുടെ മറ്റൊരാകര്‍ഷണം അതിന്റെ മത്സരാധിഷ്ഠിതമായ പലിശ നിരക്കുകളാണ്. പലപ്പോഴും ചിട്ടിപ്പണമായി നല്‍കേണ്ടത് പരമ്പരാഗത വായ്പകളേക്കാള്‍ കുറഞ്ഞ പലിശയാണെന്നതിനാല്‍ തന്നെ നിയന്ത്രണങ്ങള്‍ക്കു വിധേയമല്ലാത്ത മറ്റ് സാമ്പത്തിക പദ്ധതികളെ അപേക്ഷിച്ച് ഇവ സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യുന്നു.

സ്റ്റോക്ക് മാര്‍ക്കറ്റുകള്‍, റിയല്‍ എസ്റ്റേറ്റുകള്‍, മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍, സ്വര്‍ണ വായ്പകള്‍, ബോണ്ടുകള്‍ തുടങ്ങിയവയ്ക്കെല്ലാം ബദല്‍ മാര്‍ഗമായി പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്ന ഉപാധികൂടിയാണ് ചിട്ടികള്‍.

ചിട്ടികളെ ഒരേസമയം വായ്പയായും നിക്ഷേപമായും പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നതാണ് ഇവയുടെ മറ്റൊരാകര്‍ഷണം. സമ്പാദിക്കാന്‍ കഴിയുന്നതിനോടൊപ്പം തന്നെ പണത്തിന് ആവശ്യം വന്നാല്‍ വായ്പയായി പ്രയോജനപ്പെടുത്താനും സാധിക്കുന്നു. നിക്ഷേപകരുടെ സാമ്പത്തിക ആവശ്യങ്ങളും സാഹചര്യങ്ങളും അനുസരിച്ച് ഇതു പ്രയോജനപ്പെടുത്താനാവും.

സ്ഥിരമായി പണമടക്കുന്ന ഈ പദ്ധതിയിലൂടെ സാമ്പത്തിക അച്ചടക്കത്തിനും സമ്പാദ്യ ശീലം വളര്‍ത്തുന്നതിനും വഴിയൊരുക്കുകയും ചെയ്യും. ചിട്ടിപ്പണത്തില്‍ നിന്നും തവണകളില്‍ നിന്നോ ടി.ഡി.എസ് അഥവാ (ടാക്സ് ഡിഡക്ടഡ് സോഴ്സ്) പിടിക്കുന്നില്ല എന്നതും മറ്റൊരു നേട്ടമാണ്.

പലപ്പോഴായും ആലോചനയില്‍ വന്നിട്ടുള്ള കാര്യമായിരിക്കാം ഭവന വായ്പയാണോ ചിട്ടിയാണോ നല്ലത് എന്ന ചോദ്യം. സ്വന്തമായൊരു വീട് എന്നത് ഏതൊരു മനുഷ്യന്റെയും ജീവിതാഭിലാഷങ്ങളിലൊന്നാണ്. അത്തരമൊരു സ്വപ്‌നത്തെ ഭവന വായ്പ എടുക്കുന്നതിലൂടെ ഭാരമാക്കണോ വേണ്ടയോ എന്നത് ശ്രദ്ധേയമാണ്.

ഭവന വായ്പകളെ സംബന്ധിച്ച് വിപണിയിലെ വ്യതിയാനങ്ങളും പലിശ നിരക്കിലെ വര്‍ധനവും ബാങ്കുകളില്‍ നിന്നുള്ള ഇ.എം.ഐ വര്‍ധിക്കാന്‍ ഇടയാക്കും. ഭവന വായ്പകളെ സംബന്ധിച്ച് വളരെ കുറഞ്ഞ പലിശയായിരിക്കും കെ.എസ്.എഫ്.ഇ ചിട്ടികള്‍ നല്‍കുന്നതെന്നും പ്രത്യേകത തന്നെ.

അതേസമയം ഭവന വായ്പകള്‍ക്കുള്ള ചാഞ്ചാട്ടങ്ങള്‍ ചിട്ടിയെ ബാധിക്കുന്നില്ല എന്നുമാത്രമല്ല, ബാങ്ക് വായ്പകള്‍ ദീര്‍ഘകാല സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമ്പോള്‍ ചിട്ടി ഹ്രസ്വകാലത്തേക്കാവും ബാധ്യതയുണ്ടാക്കുക. ചിട്ടിയില്‍ ക്രെഡിറ്റ് സ്‌കോറുകള്‍ പരിഗണിക്കുന്നില്ല എന്നതും ചിട്ടിക്ക് ജാമ്യം വയ്ക്കുന്ന വസ്തു തുടര്‍ജാമ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനാകുമെന്നതും ശ്രദ്ധേയമാണ്.

അതേസമയം സാമ്പത്തിക വിപണിയുടെ പല സാധ്യതകളും ഉപയോഗപ്പെടുത്തുന്ന സ്‌കീമുകളാണ് മ്യൂച്വല്‍ ഫണ്ടും ആര്‍.ഡി അഥവാ റിക്കറിംഗ് ഡെപ്പോസിറ്റുമെല്ലാം. ഇവയെ കുറിച്ച് കേള്‍ക്കുമ്പോള്‍ തന്നെ മ്യൂച്വല്‍ ഫണ്ടാണോ ചിട്ടിയോണോ ആര്‍.ഡിയാണോ സുരക്ഷിതം എന്ന ചോദ്യം ഉയര്‍ന്നുവന്നെന്നിരിക്കാം. ഇവയിലെ നഷ്ടസാധ്യതകളെന്നത് മ്യൂച്വല്‍ ഫണ്ടുകളില്‍ വലുതും ആര്‍.ഡിയിലും ചിട്ടികളിലും ചെറുതുമാണ്. എന്നാല്‍ ആര്‍.ഡികള്‍ക്ക് റിട്ടേണ്‍ കുറവാണ്. ചിട്ടി സമ്പാദ്യത്തിനായും വായ്പയ്ക്കായും പ്രയോജനപ്പെടുത്താം എന്നുള്ളപ്പോള്‍ മ്യൂച്വല്‍ ഫണ്ടുകളും ആര്‍.ഡികളും സമ്പാദ്യത്തിനു മാത്രമേ പ്രയോജനപ്പെടുത്താന്‍ കഴിയൂ.

കേരളത്തിന്റെ സ്വന്തം ഫിനാന്‍ഷ്യല്‍ സൂപ്പര്‍മാര്‍ക്കറ്റായി കണക്കാക്കുന്ന കെ.എസ്.എഫ്. ഇയുടെ സേവനങ്ങള്‍ ചിട്ടികളില്‍ മാത്രം ഒതുങ്ങുന്നവയല്ല. ഡെപ്പോസിറ്റ് സ്‌കീമുകള്‍, ഗോള്‍ഡ് ലോണുകള്‍, പേഴ്സണല്‍ ലോണുകള്‍, ചിട്ടി, ചിട്ടി ലോണുകള്‍, വാഹന വായ്പകള്‍, ഹൗസിങ് ലോണുകള്‍, കണ്‍സ്യൂമര്‍ ലോണുകള്‍ എന്നിങ്ങനെ വാനോളം വളരാന്‍ നിരവധി പദ്ധതികള്‍ കെ.എസ്.എഫ്.ഇയിലൂടെ ലഭ്യമാണ്.

CNTENT HIGHLIGHTS: Article on KSFE chits