17 വര്‍ഷത്തിനിപ്പുറവും ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമിയെന്ന ലക്ഷ്യത്തിന് അടുത്തുപോലുമെത്താതെ ആദിവാസി പുനരധിവാസ വികസന മിഷന്‍
Land Rights
17 വര്‍ഷത്തിനിപ്പുറവും ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമിയെന്ന ലക്ഷ്യത്തിന് അടുത്തുപോലുമെത്താതെ ആദിവാസി പുനരധിവാസ വികസന മിഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th March 2018, 2:08 pm

ഭൂരഹിതരായ ആദിവാസികള്‍ക്ക് അഞ്ചുവര്‍ഷത്തിനുള്ളില്‍ ഭൂമിയെന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ രൂപം കൊണ്ട ആദിവാസി പുനരധിവാസ വികസന മിഷന്‍ പ്രവര്‍ത്തനമാരംഭിച്ച് 17 വര്‍ഷത്തിനിപ്പുറവും ലക്ഷ്യം കാണാനായില്ലെന്ന് കണക്കുകള്‍. ഭൂരഹിതരായ 70% പേര്‍ക്കും ഭൂമി ലഭിച്ചിട്ടില്ലെന്നാണ് ആദിവാസി പുനരധിവാസ വികസന മിഷന്റെ ഭൂമി വിതരണത്തിന്റെ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.

ആദിവാസി പുനരധിവാസ വികസന മിഷന്‍ 2002ല്‍ നടത്തിയ കണക്കെടുപ്പില്‍ ഭൂരഹിതരായ 27491 കുടുംബങ്ങളെ കണ്ടെത്തിയിരുന്നു. ഒരേക്കറില്‍ താഴെ ഭൂമിയുള്ള 30981 കുടുംബങ്ങളെയും കണ്ടെത്തിയിരുന്നു. എന്നാല്‍ മിഷന്‍ രൂപം കൊണ്ട് 17 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ 7719 കുടുംബങ്ങള്‍ക്ക് 9737.99 ഏക്കര്‍ ഭൂമി മാത്രമാണ് വിതരണം ചെയ്തിട്ടുള്ളത്.

സി.കെ ജാനുവിന്റെ നേതൃത്വത്തില്‍ ഗോത്രമഹാസഭ സെക്രട്ടറിയേറ്റിനു മുമ്പില്‍ നടത്തിയ പട്ടിണി സമരത്തെ തുടര്‍ന്നാണ് 2001 ഒക്ടോബര്‍ ഒമ്പതിന് സംസ്ഥാന സര്‍ക്കാര്‍ ആദിവാസി പുനരധിവാസ വികസന മിഷന്‍ രൂപീകരിച്ചത്. ഭൂരഹിതര്‍ക്ക് ഒരേക്കര്‍ മുതല്‍ അഞ്ചേക്കര്‍ ഭൂമി വരെ നല്‍കുമെന്നായിരുന്നു വാഗ്ദാനം.


Also Read: “ചൂഴ്ന്നെടുത്ത വത്തക്ക പോലെ മുലയും കാണിച്ച് നടക്കുകയാണ്” ;ഫാറൂഖ്‌ കോളേജിലെ പെണ്‍കുട്ടികളെ അപമാനിച്ച് അധ്യാപകന്‍ സംസാരിക്കുന്നതിന്റെ ഓഡിയോ പുറത്ത്


പ്രഖ്യാപിത ലക്ഷ്യങ്ങള്‍:

ആദിവാസി കുടുംബങ്ങളുടെ, പ്രത്യേകിച്ച് ഭൂരഹിതരായ ഒരേക്കറില്‍ കുറവ് ഭൂമിയുള്ളവരുമായ ആദിവാസികളുടെ സാമ്പത്തികവും സാമൂഹികവും സര്‍വ്വതോന്മുഖവുമായ വികസനം ഉറപ്പാക്കുക.

ഭൂരഹിതരായ ആദിവാസി കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യാനായി കൃഷിക്കുപയുക്തമായ ഭൂമി നിക്ഷിപ്തവനഭൂമിയടക്കം കണ്ടെത്തുകയും പ്രസ്തുതഭൂമി ലഭ്യതയനുസരിച്ച് ഒരേക്കറില്‍ കുറയാതെയും അഞ്ചേക്കറില്‍ കൂടാതെയും അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യുക.

പുനരധിവസിക്കപ്പെടുന്ന കുടുംബങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കിക്കൊണ്ട് സംസ്ഥാനത്തെ ആദിവാസി കുടുംബങ്ങളുടെ സര്‍വ്വതോന്മുഖ വികസനത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് പ്ലാനിങ് ബോര്‍ഡിനെ സഹായിക്കുകയും പത്താം പഞ്ചവത്സരക്കാലത്ത് അതിന്റെ നടത്തിപ്പില്‍ ഭാഗഭാഗാക്കുകയും ചെയ്യുക.

ആദിവാസികള്‍ക്കുള്ള വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ആദിവാസികളെയും അവരുടെ സന്നദ്ധ സംഘടനകളെയും പ്രേരിപ്പിക്കുക.

പട്ടിക വര്‍ഗ പ്രദേശങ്ങള്‍ ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തുക

വയനാട് ജില്ലക്കാര്‍ക്കായി മറ്റു ജില്ലകളിലും അനുയോജ്യ ഭൂമി കണ്ടെത്തുക


Must Read: കേരളത്തിന്റെ ശുദ്ധജലം വറ്റി തീരുന്നു; വരണ്ടില്ലാതാകുന്ന ശാസ്താംകോട്ട കായല്‍


2014 ജൂലൈ 9 മുതല്‍ സെക്രട്ടറിയേറ്റു പടിക്കല്‍ ആദിവാസികള്‍ നടത്തിയ നില്‍പ്പുസമരത്തില്‍ നിന്ന്‌

എന്നാല്‍ ഈ നയപ്രഖ്യാപനം പ്രഖ്യാപനമായി തന്നെ നിലനില്‍ക്കുകയാണെന്നാണ് ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന നാരായണന്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞത്. “നയങ്ങളില്‍ മാത്രമേയുള്ളൂ. പ്രാവര്‍ത്തികമായില്ല. പ്രഖ്യാപിച്ചിട്ട് ആദിവാസികളെ സ്വാധീനിക്കുകയെന്നതു മാത്രമാണ് നടക്കുന്നത്.

പട്ടയം ലഭിച്ച പലര്‍ക്കും ഭൂമി ലഭിക്കാത്ത കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിക്ഷിപ്ത വനഭൂമി പതിച്ചു നല്‍കിയവര്‍ക്കാകട്ടെ പട്ടയം നല്‍കിയിട്ടുമില്ല. പല ജില്ലകളിലും ഒരേക്കറില്‍ കുറഞ്ഞ ഭൂമി മാത്രമാണ് പല കുടുംബങ്ങള്‍ക്കും ലഭിച്ചതെന്നും ആദിവാസി നേതാക്കള്‍ പറയുന്നു.

“അട്ടപ്പാടിയിലൊക്കെ ചിലര്‍ക്ക് ഭൂമി കൊടുത്തത് കൈവശരേഖ മാത്രമേ കൊടുത്തിട്ടുളളൂ പട്ടയം കൊടുത്തിട്ടില്ല. സര്‍ക്കാറിന്റെ രേഖകളില്‍ ഭൂമി കൊടുത്തുവെന്നുണ്ടാവും. എന്നാല്‍ അവര്‍ക്കത് ഉപയോഗിക്കാന്‍ പറ്റാത്ത സ്ഥിതിയുണ്ടെന്നാണ് മനസിലാക്കാന്‍ ആയത്.” നാരായണന്‍ പറയുന്നു.

ഭൂമി കണ്ടെത്താനുള്ള ബുദ്ധിമുട്ടാണ് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്നതെന്നാണ് പട്ടിക വര്‍ഗ വികസന വകുപ്പ് നല്‍കുന്ന വിശദീകരണം. “റവന്യൂ ഭൂമി കണ്ടെത്തിയതില്‍ പല കയ്യേറ്റങ്ങളുമുണ്ടായിരുന്നു, അതൊഴിപ്പിക്കുന്നതിലെ പ്രശ്‌നങ്ങള്‍, കണ്ടെത്തിയ ഭൂമിയില്‍ പലതും അനുയോജ്യമല്ലാത്ത പ്രശ്‌നങ്ങള്‍, വനഭൂമി വിട്ടുകിട്ടുന്നതിനുള്ള നിയമതടസങ്ങള്‍, ഇതെല്ലാം വന്നപ്പോള്‍ ആഗ്രഹിച്ച തരത്തില്‍ എല്ലാവര്‍ക്കും ഭൂമി കൊടുക്കാന്‍ കഴിഞ്ഞില്ല. ” എന്നാണ് പട്ടിക വര്‍ഗ വികസന വകുപ്പിലെ ഓ.ജെ ജോണ്‍ പറഞ്ഞത്.

കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ഭൂമി വിതരണം നടന്നത്. 3937 കുടുംബങ്ങള്‍ക്ക് 3813.37 ഏക്കര്‍ ഭൂമിയാണ് കണ്ണൂരില്‍ വിതരണം ചെയ്തത്. വയനാട്ടില്‍ ഇതുവരെ വിതരണം 997 കുടുംബങ്ങള്‍ക്ക് 2526.60 ഏക്കര്‍ ഭൂമിയാണ്. തിരുവനന്തപുരത്ത് ഒരാള്‍ക്കു പോലും ഭൂമി വിതരണം ചെയ്തിട്ടില്ലെന്നും കണക്കുകളില്‍ നിന്നു വ്യക്തമാകുന്നു.