| Thursday, 18th January 2018, 8:40 pm

ഭാര്യയെ ഒന്ന് തല്ലുന്നതില്‍ തെറ്റില്ലെന്ന് പറയുന്ന ന്യായാധിപന്മാര്‍ വരെ, ഗാര്‍ഹിക പീഡനക്കേസുകളില്‍ സംഭവിക്കുന്നതെന്ത്?

അഡ്വ. പി.എം ആതിര

“”ഗാര്‍ഹിക പീഡനക്കേസുകള്‍ കൈകാര്യം ചെയ്യുന്ന മജിസ്ട്രേറ്റ്മാര്‍ക്ക് നല്‍കിയ സെന്‍സിറ്റിവൈസേഷന്‍ ട്രെയിനിംഗിനൊടുവില്‍ നല്‍കിയ ചോദ്യാവലിയില്‍ ഭാര്യയെ ഒരിക്കല്‍ അടിക്കുന്നത് ഗാര്‍ഹിക പീഡനമായി കണക്കാക്കാന്‍ കഴിയുമോ എന്ന ചോദ്യത്തോട് “ഭാര്യയെ ഒന്ന് തല്ലുന്നതിന് തെറ്റില്ല” എന്ന അഭിപ്രായം ഉള്ളവരായിരുന്നു 60% ലേറെ ന്യായാധിപര്‍.””- ഗാര്‍ഹിക പീഡനങ്ങളില്‍ നിന്നും സ്ത്രീയെ സംരക്ഷിക്കുന്ന നിയമം (Protection of Women from Domestic Violence Act, 2005) ന്റെ നടപ്പിലാക്കല്‍ സംബന്ധിച്ച് അതിന്റെ തുടക്കകാലത്ത് സംസ്ഥാനസര്‍ക്കാര്‍ എറണാകുളം ഹൈക്കോടതി പരിസരത്ത് സംഘടിപ്പിച്ച സെമിനാറിന് പങ്കെടുത്ത ഹൈക്കോടതി ജഡ്ജി പറഞ്ഞതാണിത്.

നാലാമത് ദേശീയ കുടുംബ ആരോഗ്യ സര്‍വ്വേയുടെ കണ്ടെത്തലായി വന്ന പത്രറിപ്പോര്‍ട്ട് നമ്മളെ അത്ര ഞെട്ടിക്കുകയൊന്നും വേണ്ട എന്നതിന്റെ ചെറിയ ഉദാഹരണമാണിത്. ഗാര്‍ഹിക പീഡനത്തെ 69% സ്ത്രീകളും 58% മലയാളി പുരുഷന്മാരും പിന്തുണയ്ക്കുന്നു എന്നും ഗാര്‍ഹിക പീഡനത്തെ അനുകൂലിക്കുന്നവരുടെ ദേശീയ ശരാശരി 52% ആണ് എന്നും പത്ര റിപ്പോര്‍ട്ടില്‍ പറയുന്നു. 10 വര്‍ഷം മുന്‍പത്തെ ഇതേ സര്‍വ്വേയേക്കാള്‍ ദേശീയ ശരാശരിയേക്കാള്‍ കൂടിയ കണക്കാണ് കേരളത്തിന്റേത് എന്നും സര്‍വ്വേ ഉദ്ധരിച്ച് വാര്‍ത്ത ചൂണ്ടിക്കാണിക്കുന്നു.

ഗാര്‍ഹിക പീഡനക്കേസുകള്‍ കൈകാര്യം ചെയ്യുന്ന മജിസ്ട്രേറ്റുമാര്‍ക്ക്, പുരുഷന്മാര്‍ ഭാര്യയെ തല്ലുന്നത് വലിയ തെറ്റൊന്നുമല്ലെന്ന് തോന്നുന്നുണ്ടെങ്കില്‍ അതിന്റെ തുടര്‍ച്ച കോടതി മുറികളിലും പ്രതിഫലിക്കുമല്ലോ. പരാതിക്കാരികളോട് ഓഫ് റെക്കോര്‍ഡായി കോടതി മുറികളില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍, അവരോട് ഉണ്ടായ സമീപനങ്ങള്‍ ഒക്കെ മിക്കപ്പോഴും അതേ മാനസികാവസ്ഥയുടെ പ്രതിഫലനങ്ങളായിരുന്നു. നിങ്ങളൊക്കെ ഒന്ന് സഹിക്കുകയും പൊറുക്കുകയും ചെയ്യാന്‍ തയ്യാറായാല്‍ തീര്‍ക്കാവുന്ന പ്രശ്നങ്ങളല്ലേ ഉള്ളൂ ഇതൊക്കെ, ഇതിനൊക്കെ കോടതിയുടെ വിലപ്പെട്ട സമയം അപഹരിക്കണമോ എന്ന നിലപാടുകള്‍.

എല്ലാ രാത്രിയും നിരന്തരം ഭര്‍ത്താവില്‍ നിന്നും പീഡനം ഏറ്റുവാങ്ങി പരാതിപ്പെടാന്‍ തയ്യാറായ 50 വയസ്സ് കഴിഞ്ഞ സ്ത്രീയോട് ഒരിക്കല്‍ കോടതി പറഞ്ഞത് “”സ്വന്തം ഭര്‍ത്താവില്‍ നിന്നല്ലേ, ആശുപത്രിയില്‍ കിടക്കേണ്ടി വന്നിട്ടൊന്നും ഇല്ലല്ലോ, ഇതൊക്കെ എല്ലാ വീട്ടിലും ഉണ്ട്. എന്റെ വീട്ടില്‍ വരെ. അതൊക്കെ കണ്ടില്ല എന്ന് കരുതി ഒഴിവാക്കിയാല്‍ തീരുന്ന പ്രശ്നങ്ങളേ ഉള്ളൂ”” എന്നാണ്. അച്ഛന്റെ അസ്വാഭാവിക മരണത്തിന് ഉത്തരവാദിയെന്ന കാരണത്താല്‍ ജയിലില്‍ കിടന്ന് തിരിച്ചു വരുന്ന ഭര്‍ത്താവിനെ വീട്ടില്‍ കയറ്റരുത് എന്ന ഉത്തരവിനായി കോടതിയെ സമീപിച്ച സ്ത്രീയോട് “അച്ഛനോ പോയി, ഇനി ഉള്ള ഭര്‍ത്താവിനെയും കേറ്റണ്ട എന്നൊക്കെ പറഞ്ഞാല്‍ നിങ്ങള്‍ടെ കാര്യം കഷ്ടാവില്ലേ” എന്നായിരുന്നു കരുതലോടെയുള്ള കോടതിയുടെ ചോദ്യം.

കഴിഞ്ഞ എട്ടുവര്‍ഷങ്ങളായി കേരളത്തില്‍ കോഴിക്കോട് പ്രവര്‍ത്തിച്ചു വരുന്ന ഒരു സര്‍വ്വീസ് പ്രൊവൈഡിംഗ് സെന്ററില്‍ കടന്നുപോയ നൂറുകണക്കിന് സ്ത്രീകളുടെ പ്രതികരണങ്ങളും ഗാര്‍ഹിക പീഡനകേസുകള്‍ കൈകാര്യം ചെയ്ത കോടതിമുറികളുടെ സ്വഭാവവും അറിയാവുന്ന ആര്‍ക്കും ഈ സര്‍വ്വേയിലെ പ്രതികരണം അത്ഭുതപ്പെടുത്തില്ലെന്നാണ് നിയമ രംഗത്തുള്ളവര്‍ തന്നെ പറയുന്നത്. എങ്കിലും ഇതിനുപയോഗിച്ചിരിക്കുന്ന രീതികള്‍, എങ്ങനെയാണ് ഈ ഡാറ്റയുടെ കണ്ടെത്തല്‍ എന്നത് വളരെ പ്രധാനമാണ്.

ദേശീയ കുടംബാരോഗ്യ സര്‍വ്വേ നാലാം റൗണ്ട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ഇന്ത്യയില്‍ ദേശീയാടിസ്ഥാനത്തില്‍ സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ലഭ്യമാകുന്ന ഏറ്റവും പ്രധാനപ്പെട്ട മാക്രോ ഡാറ്റ സോഴ്സുകൂടിയാണിത്. ഇതിന് മുമ്പ് 1980 കളില്‍ തുടങ്ങി മൂന്ന് തവണയാണ് ദേശീയാരോഗ്യ വകുപ്പും ബോംബേയിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപുലേഷന്‍ സ്റ്റഡീസും ചേര്‍ന്ന് സര്‍വ്വേ നടത്തുന്നത്. 2014 നടത്തിയ സര്‍വ്വേ ഫലമാണ് ഏറെ വൈകി ഇപ്പോള്‍ പുറത്തുവരുന്നത്.

സ്ത്രീകളുടെ പ്രത്യുല്പാദന ആരോഗ്യം, പൊതു ആരോഗ്യം എന്നിവയുടെ കണക്കുകള്‍ ശേഖരിക്കുകയാണ് സര്‍വ്വേയുടെ പ്രധാന ലക്ഷ്യം. മൂന്നാം റൗണ്ടിലാണ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം, ഗാര്‍ഹിക പീഡനം എന്നിവ പൊതുജനാരോഗ്യ പ്രശ്നമായി പരിഗണിച്ച് തുടങ്ങിയത്.

1993 ലെ യു.എന്‍ ജനറല്‍ അസംബ്ലി സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ നിര്‍വ്വചിച്ച് പറഞ്ഞത് “”Any act of gender based violence that results in or is likely to result in physical, sexual, or pychological harm or suffering to women, inclding threats of such acts, cocrcion or arbitlrary deprivation of libetry whether occuring in public or private life”” എന്നാണ്. 1994 ലെ വിയന്ന accord, 1995 ലെ ബീജിംഗ് പ്രഖ്യാപനം ഇവയൊക്കെ അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നത്. “”Domestic violence is undobtedly a human right issue and sorrow defferent to development”” എന്നാണ്. ഇതിനെ തുടര്‍ന്നാണ് ഇന്ത്യ CEDAW ഉടമ്പടിയില്‍ (The United Nations Committee on Convention on Elimination of all form of Descrimination against Women) ഒപ്പ് വെക്കുന്നത്. CEDAW പൊതുനിര്‍ദ്ദേശങ്ങള്‍ക്കകത്ത് ഒപ്പ് വെക്കുന്ന രാജ്യങ്ങള്‍ കുടുംബത്തിനകത്ത് സ്ത്രീ അനുഭവിക്കുന്ന പീഡനങ്ങള്‍ തടയാന്‍ രാഷ്ട്രങ്ങള്‍ നിയമനിര്‍മ്മാണം നടത്തണം എന്ന കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. (General Recommendation No XII 1984)

ഇന്ത്യന്‍ ഭരണഘടനയുടെ 14, 15, 21 അനുഛേദങ്ങളും ഗാര്‍ഹിക പീഡനം തടയുന്നതിനായുള്ള നിയമത്തിന്റെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്.

രാജ്യത്തെ വര്‍ദ്ധിച്ച് വന്നിരുന്ന ഗാര്‍ഹികാതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ പാര്‍ലമെന്റിനകത്തും പുറത്തും നിരവധി സ്ത്രീ സംഘടനകള്‍ നടത്തിയ സമരങ്ങള്‍ ബി.ജെ.പി ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ത്യന്‍ പാര്‍ലമെന്റിനകത്ത് എടുത്ത സമീപനം ഇവയുടെ ഒക്കെ ഭാഗമായിട്ടാണ് ഒന്നാം യു.പി.എ ഭരണകാലത്ത്, 2005 ല്‍ ഗാര്‍ഹിക പീഡനങ്ങളില്‍ നിന്നും സ്ത്രീയെ സംരക്ഷിക്കുന്ന നിയമം (Protection of Women from Domestic Violence Act, 2005) രാജ്യത്ത് നിലവില്‍ വരുന്നത്.

ഇങ്ങനെ ഒരു രാജ്യത്തിനകത്ത് കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദ്ദേശ പ്രകാരം എന്തിനാണ് ഇത്തരം ഉത്തരങ്ങള്‍ ലഭിക്കും വിധമുള്ള ചോദ്യങ്ങള്‍ തയ്യാറാക്കിയുള്ള ഒരു സര്‍വ്വേ എന്നത് സാമാന്യയുക്തിക്ക് നിരക്കാത്തതാണെന്ന വിമര്‍ശനം ഇതിനോടകം തന്നെ ഉയര്‍ന്നു കഴിഞ്ഞു. റിപ്പോര്‍ട്ടിലെ ഈ കണ്ടെത്തലുകള്‍ക്ക് നിരവധി പരിമിതികള്‍ ഉണ്ടെന്നും വിവിധ കോണുകളില്‍ നിന്നും വിമര്‍ശമനങ്ങളുണ്ട്. സര്‍വേയുടെ പരിമിതിയായി ചൂണ്ടിക്കാണിക്കപ്പെടുന്നവ താഴെപറയുന്നവയാണ്.

സര്‍വ്വേയില്‍ ചോദിച്ചിട്ടുള്ള ചോദ്യങ്ങള്‍ തന്നെ പ്രശ്നമാണ്. നിലവിലുള്ള ലോകത്തിന്റെ പൊതുബോധവുമായി ചേര്‍ന്ന് നില്‍ക്കുന്നവ. ഉദാഹരണത്തിന് അനുവാദമില്ലാതെ പുറത്തുപോയ ഭാര്യയെ തല്ലുന്നത് ശരിയോ എന്ന ചോദ്യം തന്നെ ചില അനുമാനങ്ങളില്‍ നിന്നാണ്. ഭാര്യ പുറത്ത് പോകുന്നതിന് ഭര്‍ത്താവിന്റെ അനുമതി വേണം പൊതുബോധം അംഗീകരിച്ചുകൊണ്ടാണ് അല്ലെങ്കില്‍ തല്ലാമോ തല്ലുരുതോ എന്ന ചോദ്യം. ഭര്‍ത്താവിനെ അനുസരിച്ചില്ലെങ്കില്‍ തല്ലാമോ എന്ന ചോദ്യത്തിനും അനുസരണ വേണം എന്ന തര്‍ക്കമില്ല. ഗാര്‍ഹിക പീഡനത്തെ കുറിച്ച് സര്‍വ്വേയില്‍ പങ്കെടുക്കുന്ന സ്ത്രീകളുടെ യഥാര്‍ത്ഥ അഭിപ്രായമറിയാന്‍ ഓപണ്‍ എന്‍ഡഡ് ആയ ചോദ്യങ്ങള്‍ വേണം. അല്ലാതെ യെസ് ഓര്‍ നോ ഉത്തരങ്ങളിലൂടെ കണ്ടെത്താനാവുന്നതല്ല അത്.

• എന്‍.എഫ്.എച്ച്.എസ്. വിഭജിത കണക്കുകള്‍ (സ്ട്രാറ്റിഫൈഡ് ഡാറ്റ) നല്‍കുന്നുണ്ട്. അവര്‍ തന്നെ വികസിപ്പിച്ച വെല്‍ത്ത് ഇന്‍ഡെക്സ് പരിമിതികളോടെയെങ്കിലും വര്‍ഗ്ഗാടിസ്ഥാനത്തിലുള്ള കണക്കുകള്‍ നല്‍കുന്നു. അതുപോലെ ജാതി, മതം തുടങ്ങിയ ഇതരഘടകങ്ങള്‍ കൂടി ലഭ്യമാണ്. സ്ത്രീകള്‍ എന്നത് ഒരു ഏക സ്വഭാവ വര്‍ഗം(ഹോമോജിനസ് കാറ്റഗറി) അല്ലല്ലോ. ജാതി, മത, വര്‍ഗ സ്വഭാവങ്ങള്‍ കൂടി ചേരുന്ന ഐഡന്റിറ്റി ആയതിനാല്‍ സര്‍വ്വേയില്‍ അത്തരം അഭിപ്രായം രേഖപ്പെടുത്തിയവര്‍ ഏത് വിഭാഗത്തില്‍ പെട്ട സ്ത്രീകള്‍ എന്നത് പ്രസക്തമാണ്.

എന്‍.എഫ്.എച്ച്.എസ് ഡാറ്റയുടെ പ്രധാനപരിമിതി ഒരു ജെന്‍ഡര്‍ അനാലിസിസ് അസാധ്യമാണ് എന്നതാണ്. ടോട്ടല്‍ സാംപിള്‍ സൈസിന്റെ ഇരുപത് ശതമാനത്തില്‍ താഴെയാണ് പുരുഷന്മാര്‍. അതുകൊണ്ട് സര്‍വ്വേയില്‍ പങ്കെടുത്ത പുരുഷന്മാരുടെ അഭിപ്രായത്തിന്റെ ശതമാനക്കണക്ക് തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണ്.

• കേരളത്തില്‍ ഈ സര്‍വ്വേ നടത്തിയതാര് എന്നത് പ്രധാനമാണ്. സര്‍വ്വേ നടത്തുന്നവരുടെ സാമൂഹ്യബോധ്യം, ചോദ്യം ചോദിക്കുന്ന രീതി, അവസരം (ഭര്‍ത്താക്കന്മാരുടെ സാന്നിധ്യത്തിലാണോ അല്ലെയോ) ഇതൊക്കെ സര്‍വ്വേ റിസള്‍റ്റിനെ ബാധിക്കുന്ന ഘടകങ്ങള്‍ ആണ്.

ഇത്തരം കാര്യങ്ങളൊക്കെ സര്‍വ്വേയുടെ പരിമിതിയായി ചൂണ്ടിക്കാണിക്കാമെങ്കിലും നമ്മുടെ പൊതുബോധ പ്രതിഫലനം സര്‍വ്വേ റിസള്‍റ്റിലുണ്ടോ എന്ന് നാം നമ്മോടെ തന്നെ ചോദിക്കേണ്ട ഉത്തരവാദിത്തം ഉണ്ടെന്ന അഭിപ്രായവും ഉയര്‍ന്നുവരുന്നു.

സാമൂഹ്യയാഥാര്‍ത്ഥ്യം എന്ത്?

PWDVACT ന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രൊട്ടക്ഷന്‍ ഓഫീസുകളിലും സര്‍വ്വീസ് പ്രൊവൈഡിംഗ് സെന്ററുകളിലും നൂറുകണക്കിന് സ്ത്രീകള്‍ പരാതിക്കാരായി പ്രതിദിനം എത്തുന്നുണ്ട് എന്നതാണ് കേരളത്തിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേരള സാമൂഹ്യക്ഷേമ ബോര്‍ഡിനു കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന 101 സര്‍വ്വീസ് പ്രൊവൈഡിംഗ് സെന്ററുകളില്‍ നിന്നുമുള്ള പ്രതിമാസ കണക്കുകള്‍ കേരള സര്‍ക്കാറിനു മുന്നിലും ഉണ്ട്. ഗാര്‍ഹികാതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായും പരാതിക്കാരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതായും തന്നെയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഗാര്‍ഹിക പീഡനപരാതികള്‍ തയ്യാറാക്കുന്ന അവസരത്തില്‍ പ്രാഥമികമായി ഒരു ചോദ്യാവലിയെ പരാതിക്കാരികള്‍ അഭിമുഖീകരിക്കേണ്ടതുണ്ട്. PWDVAct ന്റെ 12c1 അപേക്ഷ തയ്യാറാക്കുന്നതിന്റെ ഭാഗമായി DIR (Domestic Incident Report) ലെ ചോദ്യങ്ങളോടുള്ള പരാതിക്കാരികളുടെ പ്രതികരണം തന്നെ നമ്മുടെ പൊതുബോധം എത്രമാത്രം പിന്‍തിരിപ്പനാണ് എന്നതിന് സൂചനയാണ്. നിലനില്‍ക്കുന്ന ഗാര്‍ഹിക ഘടനയ്ക്കകത്ത് നിന്നുകൊണ്ട് DIR ലെ ചോദ്യങ്ങള്‍ പലതിനെയും നെറ്റി ചുളിച്ചുകൊണ്ടാണ് പരാതിപ്പെടാന്‍ നിര്‍ബ്ബന്ധിതരായ സ്ത്രീകളില്‍ മിക്കവരും നേരിട്ടത്.

അടി, ഇടി, ചവിട്ടല്‍, കുത്തല്‍, നുള്ളല്‍, മുടിപിടിച്ച് വലിക്കല്‍, അടിക്കാന്‍ ഓങ്ങല്‍ ഇവയൊക്കെയും ഗാര്‍ഹിക പീഡനത്തിലെ ശാരീരിക പീഡനഗണത്തില്‍ (Physical Violance) പെടുന്നു എന്നറിയുമ്പോഴത്തെ അങ്കലാപ്പ്. കുറ്റപ്പേര് വിളിക്കല്‍, സ്വഭാവദൂഷ്യം പറയല്‍, ആണ്‍കുട്ടിയെ പ്രസവിക്കാത്തതിന് കുറ്റം പറയല്‍, ജോലിക്ക് പോകാന്‍ സമ്മതിക്കാതിരിക്കല്‍, തുടങ്ങി സ്ത്രീയുടെ അന്തസ്സിനെ ഹനിക്കുന്ന എല്ലാതരം പെരുമാറ്റവും വാക്കുകൊണ്ടും വൈകാരികവുമായ പീഡനം എന്ന ഗണത്തില്‍ (Verbal and emotional violence) പെടുന്ന ഗാര്‍ഹികാതിക്രമങ്ങളാണ് എന്ന് വിശദീകരിക്കുമ്പോള്‍ ഉണ്ടാകുന്ന അത്ഭുതം.

മനപ്പൂര്‍വ്വം വീടിന്റെ വാടക കൊടുക്കാതിരിക്കല്‍, ദൈനംദിന ചിലവിനുള്ള തുക നല്‍കാതിരിക്കല്‍, സ്വന്തം ശമ്പളം/കൂലി സ്വയം ഉപയോഗിക്കാന്‍ സമ്മതിക്കാതിരിക്കല്‍, ഭര്‍തൃ വീട്ടിലെ ചില സാധനങ്ങള്‍ ഉപയോഗിക്കാന്‍ സമ്മതിക്കാതിരിക്കല്‍ (വാഷിംഗ് മിഷ്യനില്‍ അലക്കാന്‍, മിക്സി/ഗ്രൈന്ററില്‍ അരക്കാന്‍) ഉള്‍പ്പെടെ സാമ്പത്തിക പീഡന (Economic violence) പരിധിയില്‍ വരുമെന്നറിയുമ്പോഴത്തെ നെടുവീര്‍പ്പ്. നിര്‍ബ്ബന്ധപൂര്‍വ്വം ഉള്ള ലൈംഗിക ബന്ധം, ഇഷ്ടമല്ലാത്ത സമയത്ത് ഇഷ്ടമല്ലാത്ത രീതിയില്‍ ഉള്ള ലൈംഗികബന്ധം ഇവയൊക്കെ ലൈംഗിക പീഡനങ്ങളാണ് (Sexual Violence) എന്നറിയുമ്പോഴത്തെ നിസ്സഹായത, ആത്മനിന്ദ. പരാതിപ്പെടാനെത്തുന്ന സ്ത്രീകളുടെ പ്രതികരണമാണിത്.

Image result for domestic violence un

വെല്‍ഫയര്‍ ലെജിസ്ലേഷന്‍ എന്ന നിലയില്‍ ഉള്ള PWDVAct ന്റെ അന്തസ്സത്തയില്‍ നിന്നും പുറകോട്ട് പോയ കോടതി വിധികളാണ് അപ്പീല്‍ കോടതികളില്‍ നിന്നും ഉണ്ടായതെന്നും നിയമരംഗത്തുള്ളവര്‍ പറയുന്നു. Act നിര്‍വ്വചിച്ച “marriage like relationship,” “shared house hold” ഇവയില്‍ വെള്ളം ചേര്‍ക്കപ്പെട്ടു, താല്‍ക്കാലിക അടിയന്തിര ഉത്തരവുകളുടെ കാര്യത്തില്‍ വ്യാപകമായ നിഷേധാത്മക നിലപാടുകള്‍ കോടതികളില്‍ നിന്നും ഉണ്ടായി, 90 ദിവസത്തിനകം അന്തിമ തീര്‍ച്ച വരണം എന്ന മാനദണ്ഡങ്ങള്‍ ഭൂരിപക്ഷം കേസുകളിലും നടപ്പിലാക്കപ്പെട്ടില്ലെന്നും നിയമജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു

സ്ത്രീയുടെ അന്തസ്സ് നിലനിര്‍ത്തുന്ന ജനാധിപത്യഘടനയുള്ള കുടുംബം എന്നത് ആരോഗ്യകരമായ സമൂഹത്തിന് അനിവാര്യമായ ഒന്നാണ് അതിലേക്കുള്ള വഴിതെളിയിക്കുന്നതിനുള്ള മുഖ്യ ഉപാധിയായാണ് സ്ത്രീ സംരക്ഷണ നിയമങ്ങള്‍ നിലവില്‍ വന്നത്.

എന്നാല്‍ സ്ത്രീ സംരക്ഷണ നിയമങ്ങളെ ദുര്‍ബലപ്പെടുത്തുന്ന രീതിയിലാണ് സമീപകാല സംഭവങ്ങള്‍ ഉണ്ടായതെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നു. PWDVAct ഫലത്തില്‍ നിര്‍വീര്യമാക്കും വിധം ഉണ്ടായ കോടതി നടപടികള്‍, ഇന്ത്യന്‍ പീനല്‍ കോഡിലെ സ്ത്രീധന പീഡനത്തെ എതിര്‍ക്കുന്ന 498 (A) വകുപ്പിനെ ദുര്‍ബലപ്പെടുത്തിയത്, ഇതിനൊക്കെ ഉപരിയായി സ്ത്രീ സംരക്ഷണ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നു എന്ന വ്യാപകമായ മുറവിളികള്‍ ഇവയൊക്കെ കടുത്ത വെല്ലുവിളികളാണ് വിവിധ സ്ത്രീസംരക്ഷണ നിയമങ്ങളില്‍ ഉണ്ടാക്കിയതെന്നും വിലയിരുത്തപ്പെടുന്നു. ഈ സമീപനങ്ങള്‍ക്കെതിരെ സ്ത്രീ പക്ഷത്ത് നിന്നുകൊണ്ട് പൊതുസമൂഹം ആകെ നടത്തേണ്ടുന്ന ചെറുത്തു നില്‍പ്പുകള്‍ക്ക് പകരം നിലവിലുള്ള പൊതുബോധത്തെ ഊട്ടി ഉറപ്പിക്കാന്‍ മാത്രമേ ഇത്തരം സര്‍വ്വേകള്‍ക്കും അവയെ പ്രാധാന്യത്തോടെ അവതരിപ്പിച്ച മാധ്യമങ്ങള്‍ക്കും സാധിക്കൂവെന്നാണ് നിയമ രംഗത്തുള്ളവര്‍ പറയുന്നത്.

സര്‍വ്വീസ് പ്രൊവൈഡിംഗ് സെന്ററുകളില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം

(കേരള സംസ്ഥാന സാമൂഹ്യക്ഷേമ ബോര്‍ഡിന്റെ കണക്കുകള്‍)

കൊടിയ പീഡനങ്ങള്‍ സഹിക്കുന്നവരില്‍ എത്രയോ ചെറിയ ശതമാനമായിരിക്കും കോടതിയേയോ കൗണ്‍സിലറേയോ സമീപിക്കുന്നത്. പക്ഷേ അവരും ഗതികേടിന്റെ ഏറ്റവും അറ്റത്ത്, സഹനത്തിന്റെ അടിത്തട്ട് വരെ താണിട്ട് വരുന്നവരാണ്. മക്കളെ കരുതി, അന്തസ്സ്, കരുതി, തുടര്‍ജീവിതം, വഴിമുട്ടാതിരിക്കാന്‍ കോടതിയില്‍ കേസ് ആക്കരുത്. സംസാരിച്ച് തീര്‍ത്ത് തരണം എന്ന് ആവശ്യപ്പെടുന്ന പരാതിക്കാരികളില്‍ 75% ലേറെ വരുന്നവരാണ് ഏറെയും.

ശമ്പളത്തില്‍ നിന്നും ഒരു രൂപ പോലും സ്വന്തമായി ചെലവാക്കാന്‍ സമ്മതിക്കാത്ത ഭര്‍ത്താവിനെക്കുറിച്ച് പരാതി എനിക്കില്ല എന്ന് പറയുന്ന സര്‍ക്കാര്‍ ആസ്പത്രി നഴ്സുണ്ട്. “”എന്റെ ഒരു പൈസ പോലും എനിക്ക് വേണ്ട; അയാള്‍ എന്താന്ന് വെച്ചാല്‍ ചെയ്തോട്ടെ എന്നെ തല്ലാനും തെറിവിളിക്കാനും വരരുത്. എനിക്ക് പണം വേണ്ട ഇത്തിരി സമാധാനം മാത്രം മതി””- നീണ്ട 25 വര്‍ഷത്തിലധികം നഴ്സിങ് ജോലി ചെയ്ത സ്ത്രീയാണ് തന്റെ വരുമൊന്നും വേണ്ട, തല്ലുകൊളളാത്ത സാഹചര്യം ഉണ്ടായാല്‍ മതിയെന്ന് പറയുന്നത്.

“ഇത് എന്റെ ഭാര്യയാണെങ്കില്‍ അവളോട് എങ്ങനെ പെരുമാറണം എന്ന് ഞാന്‍ നിശ്ചയിക്കും അതില് നിങ്ങളും നിങ്ങളുടെ പുല്ല് നിയമവും വിചാരിച്ചാല്‍ ഒന്നും നടക്കില്ല” എന്ന ധാര്‍ഷ്ട്യം നിറഞ്ഞ ആണ്‍ യുക്തി എത്രയോ വിദ്യാസമ്പന്നരായ ഭര്‍ത്താക്കന്മാരില്‍ നിന്നും കേള്‍ക്കേണ്ടതായി വന്നിട്ടുണ്ട്. “ഭാര്യയുടെ സ്വര്‍ണ്ണത്തിനും പണത്തിനും ഭര്‍ത്താവല്ലാതെ മറ്റാരും അല്ല അവകാശി അത്, എനിക്കിഷ്ടമുള്ള പോലെ ചിലവാക്കും അതില്‍ അവളും നിങ്ങളും ഇടപെടേണ്ടതില്ല” എന്ന് വേറെ എത്രയോ ഭര്‍ത്താക്കന്മാര്‍.

അതി ക്രൂരമായ ശാരീരിക പീഢനങ്ങള്‍ ഭര്‍ത്താവില്‍ നിന്നും ഏറ്റുവാങ്ങേണ്ടി വന്ന പരാതിക്കാരിയെ സംരക്ഷണ ഉത്തരവ് കോടതിയില്‍ നിന്നും വാങ്ങി ഒരുമിച്ച് താമസിക്കുന്ന വീട്ടിലാക്കിയതിന് പിറ്റെ ദിവസം മഴുവിന്റെ വടിഭാഗം കൊണ്ട് അടികിട്ടി തലയില്‍ ഏഴ് സ്റ്റിച്ചുമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റായി. പ്രൊട്ടക്ഷന്‍ ഓര്‍ഡറിന്റെ ലംഘനത്തിന് പരാതി ബോധിപ്പിക്കുന്നതിനെക്കുറിച്ച് സൂചിപ്പിച്ച സമയത്ത് അവര്‍ ശബ്ദം താഴ്ത്ത പറഞ്ഞത് കുളിമുറിയില്‍ വീണു എന്നാണ് ഞാന്‍ ഡോക്ടറോടും പോലീസിനോടും പറഞ്ഞത് എന്നാണ്. അല്ലെങ്കില്‍ അദ്ദേഹത്തിന് ബുദ്ധി മുട്ടായാലോ എന്ന് കരുതിയത്രേ. നിരന്തരം ലൈംഗികവൈകൃതങ്ങള്‍ ഭര്‍ത്താവില്‍ നിന്നും ഏറ്റുവാങ്ങിയ സ്ത്രീ സ്വകാര്യഭാഗങ്ങളിലെ മുറിവ് ഡോക്ടറെ കാണിക്കാനോ DIR ല്‍ Sexual violence കോളം പൂരിപ്പിക്കാനോ സന്നദ്ധയായില്ല. “അത് ഞാന്‍ സഹിച്ചോളാം മാഡം, കുട്ടികളുടെ മുന്നില്‍ നിന്നും ഇത് ചെയ്യരുത് എന്നേ എനിക്കുള്ളൂ” എന്നായിരുന്നു മറുപടി.


*നിലവില്‍ പബ്ലിക് പ്രോസിക്യൂട്ടറും അഡീഷണല്‍ ഗവേണ്‍മെന്റ് പ്ലീഡറുമാണ് ലേഖിക. 

അഡ്വ. പി.എം ആതിര

പബ്ലിക് പ്രോസിക്യൂട്ടര്‍ & അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍, കോഴിക്കോട്

We use cookies to give you the best possible experience. Learn more