ലെനിനിന്റെ നേതൃത്വത്തില്‍ നടന്ന മൂന്നാം കോമിന്റേണ്‍ (മൂന്നാം കമ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍) ആണ് ഐക്യമുന്നണി എന്ന ഒരാശയം മുന്നോട്ട് വെക്കുന്നത്. ഒന്നാം ലോകയുദ്ധാനന്തരഘട്ടത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളിലുടനീളം രൂപം കൊണ്ട സാമ്പത്തിക- രാഷ്ട്രീയ പ്രതിസന്ധി മറികടക്കാനായി ഫാസിസ്റ്റ്-സ്വേച്ഛാധിപത്യ പ്രസ്ഥാനങ്ങള്‍ രൂപീകരിക്കപ്പെടുകയും പുരോഗമന പ്രസ്ഥാനങ്ങള്‍ക്കെതിരെ കടുത്ത ആക്രമങ്ങളഴിച്ചു വിടുകയും ചെയ്ത ഘട്ടത്തിലായിരുന്നുവത്. എന്നാല്‍ ഇറ്റാലിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അതംഗീകരിച്ചില്ല.
തങ്ങള്‍ പിളര്‍ന്നുമാറിയ അതേ സോഷ്യലിസ്റ്റു പാര്‍ട്ടിയുമായി ഒരൈക്യമുന്നണിയെന്ന നിലപാട് പാര്‍ട്ടിയുടെ സ്വതന്ത്രമായ അസ്തിത്വത്തെ ഇല്ലാതാക്കുമെന്നായിരുന്നു അവരുടെ വാദം. അവര്‍ ഫാസിസത്തെയും മറ്റു ബൂര്‍ഷ്വാപ്രസ്ഥാനങ്ങളെയും ഒരേപോലെ തുലനംചെയ്തു. ബോര്‍ഡിഗയുടെ “”ഇടതുപക്ഷമെന്നു”” വിളികൊണ്ട രാഷ്ട്രീയ ലൈനിന്റെ ഉളളടക്കം അതായിരുന്നു. അന്റോണിയോ ഗ്രാംഷിയും ഈ ഘട്ടത്തില്‍ ബോര്‍ഡിഗക്കൊപ്പമായിരുന്നു. ഇടതുപക്ഷഗ്രൂപ്പുകള്‍ക്കിടയില്‍പ്പോലും സഹകരണം രൂപപ്പെടുത്താന്‍ ഇറ്റാലിയന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല.
ഈ ഭിന്നിപ്പുകള്‍ക്കിടയിലൂടെ 1922 ഒക്ടോബറില്‍ ഒന്നാം ലോകയുദ്ധം സൃഷ്ടിച്ച സാമ്പത്തികവും രാഷ്ട്രീയവുമായ പ്രതിസന്ധി മുതലെടുത്ത് മുസ്സോളിനി റോമിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുകയും അധികാരം പിടിച്ചെടുക്കുകയും ചെയ്തു. 1926-ല്‍ മുസ്സോളിനിക്കെതിരെ വധശ്രമം നടന്നെന്നാരോപിച്ച്് രാജ്യം മുഴുവന്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. മുഴുവന്‍ പ്രതിപക്ഷപാര്‍ട്ടികളെയും നിരോധിച്ചുകൊണ്ട് മുസ്സോളനി കറകളഞ്ഞ ഫാസിസ്റ്റ് ഭരണത്തിലേക്കു നീങ്ങി. ഇറ്റാലിയന്‍ കമ്യൂണിസ്സ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയും പാര്‍ലിമെറ്റില്‍ പ്രതിപക്ഷനേതാവും ആയിരുന്ന ഗ്രാംഷി അടക്കമുള്ളവരെ ജയിലിലടച്ചു. ഇറ്റാലിയന്‍ രാഷ്ട്രീയത്തില്‍ നിന്ന് നിര്‍ണ്ണായക സ്വാധീനമുണ്ടായിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി പിന്നീടിന്നേവരെ പൂര്‍വ്വസ്ഥിതിയിലെത്തിയിട്ടില്ല.
ജര്‍മ്മന്‍ പാര്‍ട്ടി കൂറേക്കൂടി “ആത്മവിശ്വാസ”ത്തോടെയാണ് ഐക്യമുന്നണിയെ തള്ളിക്കളഞ്ഞത്. ഇറ്റലിയല്ല ജര്‍മ്മനി, വ്യവസായികവിപ്ലവം പൂര്‍ത്തീകരിച്ച രാജ്യമാണ്. പൂര്‍ണ വളര്‍ച്ചയെത്തിയ തൊഴിലാളി വര്‍ഗമാണ് ഇവിടെയുള്ളത്. അതുകൊണ്ട് ഇവിടെ ഫാസിസം വിജയകൊടി നാട്ടില്ല. സോഷ്യല്‍ ഡമോക്രറ്റുകളുമായി യാതൊരു സഹകരണവും ഉണ്ടായിക്കൂടായെന്ന കടുത്ത നിലപാടും അവര്‍ പിന്‍തുടര്‍ന്നു. കാരണം സോഷ്യല്‍ ഡമോക്രറ്റുകള്‍ ബ്യൂഷ്വാസിയുടെ മറ്റൊരു പതിപ്പാണ്.
ഈ രണ്ട് ചേരിക്കും ഇടയിലൂടെയാണ് ഹിറ്റ്ലര്‍ കുറഞ്ഞപിന്തുണയോടുകൂടി അധികാരത്തില്‍ വരുന്നത്. ലോകത്തിലെ ഏറ്റവും വലിയ വംശഹത്യയായിരുന്നു പിന്നീട് നാം കണ്ടത്. പാര്‍ലമെന്റ് മന്ദിരം തീയിട്ട് അതിന്റെ ഉത്തരവാദിത്തം കമ്മ്യൂണിസ്റ്റുകാരില്‍ ആരോപിച്ച് കമ്മ്യൂണിസ്റ്റുകാരെ ഹിറ്റ്ലര്‍ തുടച്ചുനീക്കി. മാര്‍ക്സ് വിപ്ലവത്തിന് പാകമായ മണ്ണ് എന്ന് പറഞ്ഞ ജര്‍മ്മനിയിലെ പാര്‍ട്ടിയുടെ ഇപ്പോഴത്തെ അവസ്ഥയെന്താണ്?
ഫാസിസത്തിന്റെ മൂര്‍ത്ത സാഹചര്യങ്ങളെ വസ്തുനിഷ്ഠമായി തിരിച്ചറിയുന്നതില്‍ കമ്യൂണിസ്റ്റുകാര്‍ക്ക് പിഴവു സംഭവിച്ചിരുന്നില്ലായെങ്കില്‍ ഇന്ന് ലോകത്തിന്റെ രാഷ്ട്രീയ ഭൂപടം മറ്റൊന്നാകുമായിരുന്നു. ചരിത്രത്തില്‍നിന്ന് നമ്മള്‍ ഒരു പാഠവും പഠിക്കുന്നില്ലന്നാണൊ? ഇന്ത്യന്‍ ഭരണകൂടം ഫാസിസ്റ്റായിട്ടില്ലന്നാണ് ഇപ്പോഴും നിങ്ങള്‍ പറയുന്ന ന്യായം. അത് വരെ കാത്തിക്കുകയാണെങ്കില്‍ ഇറ്റലിയിലേയും ജര്‍മ്മനിയിലേയും പാര്‍ട്ടിയുടെ അനുഭവം പോലെതന്നെ തെറ്റ് തിരുത്താന്‍ ഒന്നും ബാക്കിയുണ്ടാവില്ല.
ഫാസിസം മറ്റേതെങ്കിലും പാര്‍ട്ടിയുടേയോ മതത്തിന്റേയോ ജനാധിപത്യവിരുദ്ധതയോട് ചേര്‍ത്ത് വായിക്കേണ്ട ഒന്നല്ല. പൊതുസമൂഹത്തേയും ഭരണകൂടത്തേയും പ്രത്യക്ഷമായും പ്രച്ഛന്നമായും നിര്‍ണയിക്കാനും നിയന്ത്രിക്കാനും കഴിയുന്ന പ്രത്യായശാസ്ത്രമാണത്. അധുനിക ജീവിതം ആര്‍ജ്ജിച്ച എല്ലാ ജനാധിവത്യ സങ്കല്‍പങ്ങളുടേയും ശത്രുവാണത്.
ജനാധിപത്യം സംരക്ഷിക്കാന്‍ ഏറ്റവും ബാധ്യതയുള്ള വര്‍ഗം തൊഴിലാളി വര്‍ഗമാണ്. ബൂര്‍ഷ്വാ ജനാധിപത്യം പരിമിതമായെങ്കിലും തൊഴിലാളിയെ പഴയ കൂലിയടിമയില്‍നിന്ന് സ്വയം നിര്‍ണയാവകാശമുള്ള പൗരനാക്കി മാറ്റുന്നുണ്ട്. അതുകൊണ്ടാണ് ജനാധിപത്യം ഭീഷണി നേരിടുമ്പോള്‍ അതിന്റെ കൊടി ഉയര്‍ത്തിപിടിക്കാനുള്ള ബാധ്യത തൊഴിലാളി വര്‍ഗത്തിനുണ്ടെന്ന് ലെനിന്‍ ആവര്‍ത്തിച്ച് പറഞ്ഞത്. ജനാധിപത്യമാണ് വര്‍ഗരാഷ്ട്രീയത്തിന് പ്രവര്‍ത്തിക്കാനുള്ള മണ്ണ്.
കോണ്‍ഗ്രസ്സും ബി ജെ പിയും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണെ യുക്തിരാഹിത്യത്തിന്റെ മുകളില്‍ നിങ്ങള്‍ പടുത്തുയര്‍ത്താന്‍ ശ്രമിക്കുന്ന വഷളന്‍ തീസ്സിസുകള്‍ ജനാധിപത്യത്തിന് ചിതയൊരുക്കലാകുമെന്ന് വൈകിയേ തിരിച്ചറിയൂ എന്ന് വാശിപിടിക്കരുത്. തിരുത്താന്‍ പിന്നീട് ചിലപ്പോള്‍ സാവകാശം കിട്ടിയെന്നുവരില്ല. നിങ്ങള്‍ തൊഴിലാളി കര്‍ഷക ഐക്യങ്ങള്‍ കെട്ടിപ്പെടുത്തൂ, ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തൂ അനിവാര്യമാണത്. അതോടൊപ്പം ഇന്നെത്തെ അടിയന്തിര ഭീഷണി തിരിച്ചറിയണമെന്ന് മാത്രമാണ് ഓര്‍മ്മിപ്പിക്കുന്നത്.
കേരളത്തിന്റെ സുരക്ഷിത തുരുത്തില്‍ നിന്ന് ദയവുചെയ്ത് ഇന്ത്യയെ കാണാതെയിരിക്കണം. കോണ്‍ഗ്രസ്സുമായി സഹകരിച്ചാല്‍ അണികളെ എങ്ങനെ ബോധ്യപ്പെടുത്തും എന്നാണെങ്കില്‍ നിങ്ങള്‍ ഒന്നോര്‍ക്കുക അവരുടെ രാഷ്ട്രീയ ബോധത്തെ അപഹസിക്കരുത്. ഒരു ഹിതപരിശോധന നടത്തില്‍ മാത്രംമതി അവര്‍ എങ്ങിനെ ചിന്തിക്കുന്നുവെന്ന് മനസ്സിലാകും. എന്നാലും മൂര്‍ത്തസാഹചര്യം ബോധ്യപ്പെടാത്ത ചിലരുണ്ടാകും. അവടെ രാഷ്ട്രീയ നിരക്ഷരതയാവരുത് ഒരു രാഷ്ട്രീയ രേഖയുടെ അടിത്തറ. സഖാക്കള്‍ ചുരുങ്ങിയത് അഞ്ചാം കോമിന്റേണില്‍ ദിമിത്രോവ് അവതരിപ്പിച്ച ഫാസിസത്തിനെതിരെ ഐക്യമുന്നണി എന്ന തീസിസ്സെങ്കിലും വായിക്കണം.