പലപ്പോഴും ക്യാന്‍സര്‍ എന്ന മാരകരോഗം അതിന്റെ അവസാനഘട്ടത്തിലായിരിക്കും നമ്മള്‍ അറിയുക. അതുകൊണ്ടു തന്നെ പലപ്പോഴും പല ചികിത്സകള്‍ നല്‍കിയിട്ടും രോഗികള്‍ മരണത്തിലേക്ക് പോകുന്നു. പക്ഷെ സര്‍വിക്കല്‍ കാന്‍സര്‍ മതിയായ സ്‌ക്രീനിംഗ് ടെസ്റ്റുകളിലൂടെ നേരത്തെ കണ്ടെത്തുവാനും തക്കസമയത്തു ചികില്‍സിക്കുവാനും, കൂടാതെ കുത്തിവെപ്പിലൂടെ പ്രതിരോധിക്കുവാനും സാധിക്കും.
എന്നിട്ടും എന്തുകൊണ്ട് നമ്മുടെ രാജ്യത്തു സ്ത്രീകളില്‍ സര്‍വിക്കല്‍ ക്യാന്‍സര്‍ ഇപ്പോഴും ധാരാളമായി കണ്ടുവരുന്നു? സര്‍വിക്കല്‍ ക്യാന്‍സറിനെ കുറിച്ചുള്ള അറിവില്ലായ്മ ആണോ അതിനു കാരണം? അതുകൊണ്ടു തന്നെ എല്ലാവരും വായിച്ചിരിക്കേണ്ട ഒന്നാണിത്.
ലോകത്തു അഞ്ചാമതായി ഏറ്റവുമധികം കണ്ടുവരുന്ന ക്യാന്‍സറാണ് ഗര്‍ഭാശയമുഖ ക്യാന്‍സര്‍(സര്‍വിക്കല്‍ കാന്‍സര്‍). ബ്രെസ്റ്റ് കാന്‍സര്‍ കഴിഞ്ഞാല്‍ ഇന്ത്യയില്‍ സ്ത്രീകളില്‍ രണ്ടാമതായി ഏറ്റവുമധികം കാണപ്പെടുന്ന കാന്‍സറാണിത്.
ലോകത്തു പ്രതിവര്‍ഷം മൂന്നു ലക്ഷം സ്ത്രീകള്‍ ഈ രോഗംകൊണ്ട് മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. മാത്രമല്ല അഞ്ചു ലക്ഷം പുതിയ കാന്‍സര്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുമുണ്ട്.
ഹ്യൂമന്‍ പാപിലോമ വൈറസാണ് (HPV) 77 ശതമാനം സര്‍വിക്കല്‍ കാന്‍സറിനും കാരണമാകുന്നത്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയാണ് കൂടുതലും ഈ വൈറസ് പകരുന്നത്. 80ശതമാനം സ്ത്രീകളിലും 50 വയസ്സാകുമ്പോള്‍ ഹ്യൂമന്‍ പാപിലോമ വൈറസ് അണുബാധ ഉണ്ടാകാം എന്നു പറയപ്പെടുന്നു.
70ശതമാനം സര്‍വിക്കല്‍ കാന്‍സറും HPV 16 ,HPV 18 എന്നീ വൈറസ് മൂലമാണ് ഉണ്ടാകുന്നത്. സര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ച് നമ്മുടെ നാട്ടില്‍ അവബോധം കുറവാണെന്നത് ഒരു വലിയ പ്രശ്‌നമാണ്. അതുകൊണ്ട് ഇത് തടയാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും പലര്‍ക്കുമറിയില്ല.
ആണുങ്ങളില്‍ ഇന്‍ഫെക്ഷന്‍ ഉണ്ടായാലും അത് കുറച്ചുദിവസം കഴിഞ്ഞാല്‍ മാറും. രോഗം മാറുന്നതിനു മുന്നേ ആണുങ്ങള്‍ infective ആണ്. ഇന്‍ഫെക്ഷന്‍ പകരാന്‍ ലിംഗയോനീബന്ധം നടക്കണമെന്നില്ല.
ലൈംഗികഭാഗങ്ങള്‍ തമ്മില്‍ ഉരസുന്നത് പോലും രോഗം സംക്രമിക്കാന്‍ കാരണമാകുന്നു. അതായത്, കോണ്ടത്തിനുപോലും റോള്‍ ഇല്ലെന്നു സാരം ! ഹോമോസെക്ഷ്വല്‍ ലൈംഗിക രീതികളിലും രോഗം പടരാം. പുരുഷന്മാരില്‍ തുടരെത്തുടരെയുള്ള HPV ഇന്‍ഫെക്ഷന്‍ ലിംഗമൂത്രനാളികളിലെ കാന്‍സറിലേക്കു നയിക്കുന്നു.
എന്നാല്‍ സ്ത്രീകളില്‍ ഈ ഇന്‍ഫെക്ഷന്‍ എത്തിയാല്‍ അത് പൂര്‍ണമായും മാറില്ല. പകരം, അത് ഗര്‍ഭാശയഗളത്തിലും ഗര്‍ഭാശയസ്തരത്തിലും യോനിയിലും ഉള്ള കോശങ്ങളെ ഇന്‍ഫെക്ട് ചെയ്തു ക്യാന്‍സറിലേക്കുള്ള മാറ്റങ്ങള്‍ക്ക് തുടക്കമിടുന്നു !
എച്ച്.പി.വി. വൈറസുകള്‍ സര്‍വിക്കല്‍ കാന്‍സറിനു മാത്രമല്ല മലദ്വാരത്തിലും, വായിലും,തൊണ്ടയിലും, പുരുഷലിംഗത്തിലും, യോനിയിലെ ക്യാന്‍സറിനും കാരണമായേക്കാം. സാധരണ 15 മുതല്‍ 20 വര്‍ഷം വരെ എടുക്കും അണുബാധമൂലം സര്‍വിക്കല്‍ ക്യാന്‍സര്‍ ഉണ്ടാവാന്‍.പക്ഷെ പ്രതിരോധശേഷി കുറഞ്ഞവരില്‍ അഞ്ചുമുതല്‍ 10 വര്‍ഷം കൊണ്ട് വരാം.
സര്‍വിക്കല്‍ കാന്‍സര്‍/ഗര്‍ഭാശയ അര്‍ബുദത്തില്‍ ആണ്‍പങ്കാളികളുടെ ലൈംഗിക സ്വഭാവത്തിനുള്ള പങ്ക് എന്ന പഠനം 1993ല്‍ ഐ.സി.എം.ആര്‍ ദല്‍ഹിയില്‍ ആണ് നടത്തിയത്.
പലപ്പോഴും, സര്‍വിക്കല്‍ കാന്‍സര്‍ എന്നത് ഒരുപാട് ലൈംഗിക പങ്കാളികള്‍ ഉള്ള സ്ത്രീകള്‍ക്ക് വരുന്നത് എന്ന രീതിയില്‍ വളച്ചൊടിക്കപ്പെട്ടിണ്ടോ എന്ന് സംശയമുണ്ട്.
Male sexual behavior in etiogenesis of cervical cancer എന്ന തലക്കെട്ടില്‍ ഉള്ള പഠനങ്ങളുടെ ദൗര്‍ലഭ്യം അതുകൊണ്ടുകൂടെയാണെന്നു തോന്നുന്നു. (ഗൂഗിള്‍ ചെയ്തതില്‍ വച്ചും, വായിച്ച പുസ്തകങ്ങളിലെ വിവരങ്ങള്‍ വച്ചുമുള്ള സ്റ്റേറ്റ്‌മെന്റ്)
ഒരേയൊരു ലൈംഗിക പങ്കാളി മാത്രം ഉള്ള സര്‍വിക്കല്‍ കാന്‍സര്‍ വന്ന സ്ത്രീകളുടെ ഭര്‍ത്താക്കന്മാരില്‍ ഐ.സി.എം.ആര്‍ നടത്തിയ പഠനം എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍ നോക്കുക.
• രണ്ടോ അതിലധികമോ ലൈംഗികപങ്കാളികള്‍ ഉള്ള പുരുഷന്മാരുടെ ഭാര്യമാരില്‍ കാന്‍സര്‍ റിസ്‌ക് കൂടുതല്‍. മൂന്നിലധികമെങ്കില്‍ റിസ്‌ക് കൂടുന്നു. വിവാഹത്തിന് മുന്‍പുള്ള ബന്ധങ്ങളെക്കാളും, വിവാഹത്തിനു ശേഷമുള്ള വിവാഹേതരബന്ധങ്ങളാണ് പ്രശ്‌നം കൂട്ടുന്നത്.
വിവാഹത്തിനു മുന്നേ കിട്ടുന്ന ഇന്‍ഫെക്ഷന്‍ ഭേദമായ ശേഷമാണ് വിവാഹമെങ്കില്‍/അടുത്ത പാര്‍ട്‌നര്‍ എങ്കില്‍ രോഗം പകരുന്നില്ല. പക്ഷേ, അതിനുശേഷമുള്ള പുരുഷനിലെ ഇന്‍ഫെക്ഷന്‍ ആ കാലയളവില്‍ അയാള്‍ക്കുള്ള എല്ലാ ലൈംഗികപങ്കാളികളിലേക്കും എത്തുന്നു.
• ലൈംഗികബന്ധത്തിന് മുന്‍പും ശേഷവും അഗ്രചര്‍മ്മം പുറകോട്ടു നീക്കി വൃത്തിയാക്കുന്നത് രോഗസംക്രമണം കുറക്കുന്നു എന്ന നിഗമനത്തില്‍ എത്തി.
• ഇരുപതു വര്‍ഷത്തിലധികം ബീഡി വലിച്ച ആണുങ്ങളുടെ പങ്കാളിക്ക് കാന്‍സര്‍ റിസ്‌ക് കൂടുന്നു.
• ജനിച്ചു ഒരു വയസ്സില്‍ താഴെയുള്ള കാലഘട്ടത്തില്‍ അഗ്രചര്‍മം ശസ്ത്രക്രിയയിലൂടെ നീക്കിയ പുരുഷന്മാരുടെ എണ്ണം പഠനത്തില്‍ വളരെ കുറവായിരുന്നു. ഈ പഠനം, അഗ്രചര്‍മഛേദനം HPV പടരുന്നത് കുറയുന്നു എന്ന് പറയുന്നു.
• പ്രസവശേഷമുള്ള ആറാഴ്ചകളില്‍ ലൈംഗികബന്ധത്തില്‍ നിന്നും മാറിനില്‍ക്കുന്നത് കാന്‍സര്‍ സാധ്യത കുറക്കുന്നു ഗര്‍ഭാശയ/ഗളസ്തരങ്ങള്‍ ആരോഗ്യകരമായ പൂര്‍വസ്ഥിതിയിലേക്ക് എത്തുന്നത് കാരണമാണിത്.
So what can we do ???
കുട്ടികള്‍ക്ക് മുഴുവന്‍ സേഫ് സെക്‌സ് പറഞ്ഞുകൊടുത്തത് കൊണ്ട് മാത്രമായോ ?
സേഫ് സെക്‌സ് എഡ്യുക്കേഷന്‍ കിട്ടാത്തവരില്‍/ലഭ്യമാക്കാന്‍ പറ്റാത്തവരില്‍ കാന്‍സര്‍ വന്നോട്ടെ എന്ന് വെക്കുമോ ?
സ്ത്രീയുടെയും പുരുഷന്റെയും ജീവിതക്രമം, ലൈംഗികസ്വഭാവങ്ങള്‍ എന്നിവ സ്ത്രീയുടെ ശരീരത്തിന് മാത്രമാണ് പോറലേല്‍പ്പിക്കുന്നെങ്കില്‍ അതിനെതിരെ നമ്മള്‍ പോരാടേണ്ടതല്ലേ ??
ചിലവുകൂടിയതാണെങ്കിലും, ഫലപ്രദമായ വാക്സിനുള്ളപ്പോള്‍ എന്തിന് രോഗം സ്‌ക്രീനിങ് മാത്രം പ്രോത്സാഹിപ്പിക്കുന്നു ??
പ്രകൃതിയുടെ സദാചാരപൊലീസിങ് ആണ് സെര്‍വിക്കല്‍ കാന്‍സര്‍. അത് തടയാന്‍ നമ്മള്‍ ശ്രമിക്കണം. പുരുഷനില്‍ ഒരു തവണ ഏല്‍ക്കുന്ന അണുബാധ പൂര്‍ണമായും മാറുമ്പോള്‍, സ്ത്രീയില്‍ ആദ്യതവണ ഏല്‍ക്കുന്ന ഇന്‍ഫെക്ഷന്‍ പോലും മാരകമായി മാറാനുതകുന്നു.
9-13 വയസ്സുള്ള കുട്ടികള്‍ക്കാണ് വാക്സിന്‍ നല്‍കേണ്ടത്. അത് രോഗത്തില്‍നിന്നും കൂടുതല്‍ സുരക്ഷ നല്‍കുന്നു. 45 വയസ്സുവരെ എടുക്കാവുന്ന വാക്സിനും ഉണ്ട്.
സ്ത്രീകളിലെ കാന്‍സര്‍ മരണകാരണങ്ങളില്‍ രണ്ടാമത്തേതാണ് സര്‍വിക്കല്‍ കാന്‍സര്‍ എന്ന് മറക്കാതിരിക്കുക. ഇന്ത്യയില്‍ ഒരു വര്‍ഷം ഒരുലക്ഷത്തിലധികം സ്ത്രീകളില്‍ ഗര്‍ഭാശയ കാന്‍സര്‍ സ്ഥിരീകരിക്കപ്പെടുന്നു, അറുപതിനായിരം സ്ത്രീകള്‍ ഈ കാന്‍സര്‍ കാരണം “കൊല്ലപ്പെടുന്നു”.
രോഗ ലക്ഷണങ്ങള്‍
• .ആര്‍ത്തവം ക്രമം തെറ്റുക
• ആര്‍ത്തവമില്ലാത്ത സമയങ്ങളില്‍ രക്തസ്രാവം ഉണ്ടാകുക.
• ലൈംഗിക ബന്ധത്തിന് ശേഷം രക്തം കാണുക.
• ക്ഷീണം,തൂക്കം കുറയുക,വിശപ്പില്ലായ്മ
• വെള്ളപോക്ക്.
• നടുവേദന
• ഒരു കാലില്‍ മാത്രം നീര് വരുക.
എങ്ങനെ രോഗം
വരാതെ നോക്കാം
1.ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ കോണ്ടം അല്ലെങ്കില്‍ മറ്റു സുരക്ഷിത മാര്‍ഗങ്ങള്‍ ഉപയോഗിക്കുക.
2.പുകയില ഉപയോഗം കുറയ്ക്കുക.
3.വൈറസിനെതിരായ കുത്തിവെപ്പ് എടുക്കുക.
4.കാന്‍സര്‍ കണ്ടെത്താന്‍ സ്‌ക്രീനിംഗ് ടെസ്റ്റുകള്‍ ചെയ്യുക.
രോഗനിര്‍ണയം.
നാലുതരം പരിശോധനകളാണ് പ്രധാനമായും രോഗനിര്‍ണയത്തിന് നിലവിലുള്ളത്.
1.പാപ്പ് സ്മിയര്‍ ടെസ്റ്റ്
2.എല്‍.ബി.സി.
3.എച്ച്.പി.വി. ടെസ്റ്റ്
4.വി.ഐ.എ (V.I.A)
ഇതില്‍ പാപ് സ്മിയര്‍ ടെസ്റ്റ് എന്നത് വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന പരിശോധനയാണ്. കേരളത്തില്‍ പല ആശുപത്രികളിലും സ്‌ക്രീനിങ്ങിനുള്ള സൗകര്യങ്ങളുണ്ട്. ഗര്‍ഭാശയമുഖത്തെ(cervix) കോശങ്ങള്‍ക്കു എന്തെങ്കിലും മാറ്റമുണ്ടോ ? കാന്‍സര്‍ ഉണ്ടോ ?ക്യാന്‍സര്‍ വരാന്‍ സാധ്യതയുണ്ടോ എന്നിവയെല്ലാം ഈ പരിശോധനയിലൂടെ അറിയുവാന്‍ സാധിക്കും. മാത്രവുമല്ല ചിലവു വളരെ കുറഞ്ഞതുമാണ്.
എല്ലാ സത്രീകളും ഈ പരിശോധന നടത്തണം. 30 വയസ്സ് മുതലെങ്കിലും രണ്ടോ മൂന്നോ വര്‍ഷമെങ്കിലും കൂടുമ്പോള്‍ സ്‌ക്രീനിങ് നടത്തുന്നത് നല്ലതാണ്. അതും പറ്റില്ലെങ്കില്‍ ഒരിക്കലെങ്കിലും ചെയ്യുക.
ചികിത്സ
• ക്രയോസര്‍ജറി
• സര്‍ജറി
• കീമോതെറാപ്പി
•റേഡിയോതെറാപ്പി
പരിഹാരം വാക്സിന്‍
ഗര്‍ഭാശയ മുഖ കാന്‍സര്‍ വരാതിരിക്കുവാനുള്ള പ്രധാന മാര്‍ഗം പ്രതിരോധ കുത്തിവെപ്പെടുക്കുക എന്നതാണ്. വാക്സിനുകള്‍ വളരെ ഫലപ്രദവുമാണ്. ലോകാരോഗ്യ സംഘടന ഈ കുത്തിവെപ്പ് നിര്‍ദേശിക്കുന്നുമുണ്ട്
ഇന്ത്യയില്‍ പ്രധാനമായും രണ്ടു തരം കുത്തിവെപ്പ് ലഭ്യമാണ്.
സെര്‍വിക്കല്‍ കാന്‍സറുള്ളവര്‍ ഈ കുത്തിവെപ്പ് എടുത്തിട്ട് പ്രയോജനമില്ല. പക്ഷെ സര്‍വിക്കല്‍ കാന്‍സര്‍ വരാതെയിരിക്കുവാന്‍ ഈ കുത്തിവെപ്പ് വളരെ സഹായിക്കുന്നു. അതുകൊണ്ട് ഒന്‍പതിനും പതിമൂന്ന് വയസ്സിനുമിടയില്‍ പ്രതിരോധ കുത്തിവെപ്പെടുക്കണമെന്നാണ് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നത്.
ഒരു പെണ്‍കുട്ടി ലൈംഗിക ബന്ധത്തില്‍ എര്‍പെടുന്നതിന് മുന്‍പ് തന്നെ ഈ കുത്തിവെപ്പെടുക്കുന്നതാണ് നല്ലത്. എങ്കിലും 26 വയസ്സ് വരെ കുത്തിവെപ്പ് എടുക്കാവുന്നതാണ്.
ആറു മാസത്തിനുള്ളില്‍ മൂന്നെണ്ണമായിട്ടാണ് ഇവ എടുക്കുന്നത്.വാക്സിനുകള്‍ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമല്ലെന്നത് ഒരു പ്രധാന പ്രശ്നമാണ്. വിലയും കൂടുതലാണ്. 2700 മുതല്‍ 3300 രൂപ വരെ വരും. ഡല്‍ഹി ഗവണ്മെന്റ് 2016 മുതല്‍ സൗജന്യമായി 13 വയസുള്ള പെണ്‍കുട്ടികള്‍ക്ക് വാക്സിന്‍ കൊടുത്തു വരുന്നു.അങ്ങനെ കൊടുക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് ദല്‍ഹി.
2016 മുതല്‍ 65 രാജ്യങ്ങളില്‍ കുത്തിവെപ്പ് നല്‍കിവരുന്നു എന്ന് ലോകാരോഗ്യ സംഘടന പറയുന്നു. മതിയായ സ്‌ക്രീനിങും കുത്തിവെപ്പും തക്ക സമയത്തുള്ള ചികിത്സയിലൂടെയും സര്‍വിക്കല്‍ ക്യാന്‍സര്‍കൊണ്ട് ഒരുപരിധി വരെയുള്ള മരണനിരക്ക് കുറയ്ക്കാവുന്നതാണ്.
ലോകാരോഗ്യ സംഘടന മുന്നോട്ടു വെയ്ക്കുന്ന ഈ കുത്തിവെപ്പ് തീര്‍ച്ചയായും നമ്മുടെ ജനങ്ങളിലേക്ക് എത്തേണ്ടതാണ്. അതിനു വേണ്ട നടപടി നമ്മുടെ സര്‍ക്കാര്‍ എടുക്കുമെന്ന് കരുതുന്നു.