| Tuesday, 29th November 2016, 3:32 pm

ഹെമിങ്‌വേയുടെ കിഴവന്‍ ക്യൂബയുടെ കാസ്‌ട്രോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബാഹ്യ അധിനിവേശ ശക്തികളുടെ മുട്ടുമടക്കലിന് ശേഷം, ക്യൂബയെന്ന ചെറുതോണിയുമായി കാസ്‌ട്രോ വീണ്ടും തുഴയെറിഞ്ഞു. 628 തവണ ആ അമരക്കാരനെ ഉന്മൂലനം ചെയ്യാന്‍ ബാഹ്യശക്തികള്‍ ശ്രമിച്ചെങ്കിലും, പരാജയമായിരുന്നു ഫലം. ആ സമത്വ ഭൂമികളുടെ അമരക്കാരന്‍ പോയി മറഞ്ഞെങ്കിലും ഏതു കൊടും കാറ്റിനെയും തരണം ചെയ്യാനും അതിജീവിക്കാനുള്ള ഊര്‍ജവും വിശ്വാസവുമായി ക്യൂബയെന്ന രാഷ്ട്രം മുന്നോട്ടു പോകുക തന്നെ ചെയ്യും.


ഹെമിങ്‌വേക്കു ആരാധ്യ പുരുഷരായിരുന്നു ഫിഡല്‍ കാസ്‌ട്രോയും ചെഗുവേരയും. എണ്ണം പറഞ്ഞ ഒത്തുചേരലുകളെ ഇവര്‍ തമ്മില്‍ ഉണ്ടായിരിന്നുവെങ്കിലും സാഹസികതയുടെ കാര്യത്തില്‍ മൂവരും ഒരേ ദിശയില്‍ സഞ്ചരിച്ചവര്‍ ആയിരുന്നു. യുദ്ധകാലഘട്ടത്തില്‍ ആംബുലന്‍സ് ഡ്രൈവറായി ജോലി ചെയ്തിരുന്നു ഹെമിങ്‌വേ, ഒരു സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങള്‍ ആകെ മാറ്റിമറിച്ച ചെഗുവേരയുടെ വിപ്ലവ പോരാട്ടങ്ങള്‍, ബാറ്റിസ്റ്റക്കെതിരെയുള്ള കാസ്‌ട്രോയുടെ പോരാട്ടങ്ങള്‍ മൂവരെയും ഒരേ രാഷ്ട്രീയ ആശയങ്ങള്‍ പുലര്‍ത്തികൊണ്ട് ഒരുമിപ്പിച്ചു നിര്‍ത്തുകയായിരുന്നു.

എന്നാല്‍ ഹെമിങ്‌വേ കൂടുതല്‍ ശ്രദ്ധിച്ചതും നിരീക്ഷിച്ചതും ഫിഡല്‍ കാസ്‌ട്രോയെന്ന വിപ്ലവ നക്ഷത്രത്തെ തന്നെയായിരുന്നു. ഏക ലോക ധ്രുവത്വാശയമെന്ന ക്യൂബയെയും ലാറ്റിന്‍ അമേരിക്കയെയും ലോകത്തെയും മോചിപ്പിക്കാന്‍ കഴിവുള്ള ഒരു വിപ്ലവകാരനായി കാസ്‌ട്രോയെ ഹെമിങ്‌വേ കണ്ടു.

അത്തരത്തിലുള്ള ചേതോവികാരത്തിന്റെ സാഹിത്യാവിഷ്‌കാരമായിരുന്നു കിഴവനും കടലുമെന്ന ഹെമിങ്‌വേയുടെ നോവല്‍. ഏര്‍ണസ്റ്റ് ഹെമിങ്‌വേയുടെ കിഴവനും കടലും എന്ന നോവല്‍ ധീരനായ ഒരു മത്സ്യത്തൊഴിലാളിയുടെ നിശ്ചയ ധാര്‍ട്യത്തിന്റെ കഥയാണെങ്കിലും അതിനുള്ളില്‍ അതിശയിപ്പിക്കുന്ന നിരന്തര പോരാട്ടത്തിന്റെ ധീരോത്തമായ മറ്റൊരു യുവാവിന്റെ, ഫിഡല്‍ കാസ്‌ട്രോയെന്ന ധീരനായ നേതാവിന്റെ യഥാര്‍ത്ഥ ജീവിതം കൂടിയുണ്ട്.

നോവലില്‍ സാന്റിയാഗോ എന്ന മധ്യ വയസ്സന്‍ തന്റെ ചെറുതോണിയില്‍ ചൂണ്ടയില്‍ കൊളുത്തിയ ട്യൂണ മത്സ്യങ്ങളുമായി വിശാലമായ വെള്ളി ചിതറുന്ന ക്യൂബന്‍ കടലിലേക്ക് ഒരു വമ്പന്‍ സ്രാവിനെ വേട്ടയാടാന്‍ പോകുന്നു. അഭിമാനത്തിന്റെ കൊടുമുടി നേടാനോ വ്യര്‍ത്ഥമായ പ്രശംസയ്‌ക്കോ വേണ്ടിയായിരുന്നില്ല ആ സാഹസം.

നിരന്തരമായി അനുഭവിക്കുന്ന പട്ടിണിയില്‍ നിന്ന് മോചനം പിന്നെ ഏതവസ്ഥയിലും ഭയത്തിന്റെ അഗാധതയിലേക് വീണുപോകാതിരിക്കാന്‍ വെമ്പുന്ന മനസിന്റെ നിതാന്ത പരിശ്രമം. ആഴ്ചകളോളം ആ ക്യൂബന്‍ നീലിമയില്‍ വിയര്‍ത്തിട്ടും നിരാശയുടെ വേദനിപ്പിക്കുന്ന സൂര്യ രശ്മികള്‍ തോളില്‍ പടരുന്നത് മാത്രമായിരുന്നു സാന്റിയാഗോയുടെ സമ്പാദ്യം.

കടലും കരയും ഉപേക്ഷിച്ച ഒരു കിഴവന്റെ ദുഃഖം മനസ്സിലാക്കിയിരുന്നത് മനോളിന് ആയിരിന്നു. പല തവണ മനോലിനെ സാന്റിയാഗോ തന്റെ കൂടെ കടലില്‍ പോകുന്നതിനു വിലക്കുന്നുണ്ടെങ്കിലും മനോളിന് അത് ചെവി കൊല്ലുന്നില്ല. ഞാന്‍ ഭാഗ്യമില്ലാത്ത മത്സ്യ തൊഴിലാളിയാണെന്നു പറയുമ്പോഴും മനോലിന് പ്രീതികരിക്കുന്നതു ഭാഗ്യം പോയി തുലയട്ടെ എന്ന് പറഞ്ഞാണ്.

മനോലിന്‍ മാത്രമാണ് നിരാശയുടെ നിര്‍നിലാ ലോകത്തു ഏകനായി ഇരിക്കുന്ന ആ കിഴവന് പ്രത്യാശയുടെ കിരണങ്ങള്‍ പ്രചോദനമായി നല്‍കുന്നത്. എങ്കിലും തീരാദേശവാസികളുടെ സമ്മര്‍ദ്ദം ചെലുത്തലില്‍ മനോലിനും നിസ്സഹായനാകുന്നു. തന്റെ കൂടെ സ്ഥിരമായി സഹായത്തിനു വരുന്ന മനോളിന്‍ എന്ന ബാലനെ രക്ഷിതാക്കള്‍ വിലക്കുന്നത് ഈ പ്രേരണയുടെ ഫലമായാണ് .

എങ്കിലും കാറ്റിനോടും കടല്‍ പറവകളോടും ഇടക്കിടക്ക് കടലിന്റെ ഉപരിതലത്തേക്ക് ഉയര്‍ന്നു വരുന്ന ചെറു മത്സ്യങ്ങളോടും തന്റെ ജീവിതത്തെകുറിച്ച് വേവലാതിപെട്ടുകൊണ്ടു അയാള്‍ വീണ്ടും വീണ്ടും തുഴയെറിയുന്നു. നീണ്ട ദിവസങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ അയാളുടെ ചൂണ്ടയില്‍ ക്യൂബന്‍ കടല്‍ കണ്ടതിലേറ്റവും വലിയ സ്രാവ് കൊളുത്തുന്നു.

മണിക്കൂറുകളുടെ പ്രയത്‌നത്തിലൊടുവില്‍ സാന്റിയാഗോ അതിനെ കീഴടക്കുന്നു. തന്റെ ചെറിയ തോണിയേക്കാളും വലുപ്പമുണ്ടായിരുന്ന സ്രാവിനെ കടലിലൂടെ തന്നെ കേറ്റി വലിച്ചു കരയിലേക്ക് യാത്ര തിരിക്കുന്ന സാന്റിയാഗോ വീണ്ടും സ്രാവുകളുടെ ആക്രമണത്തിന് ഇരയാവുന്നു.

ഇത്തവണ താന്‍ കെട്ടി വലിക്കുന്ന ആ വമ്പന്‍ സ്രാവിനെയാണ് മറ്റു സ്രാവുകള്‍ ലക്ഷ്യം വെക്കുന്നത്. തുടരെയുള്ള ആക്രമണങ്ങളില്‍ പതറാതെ സാന്റിയാഗോ കൈയിലുള്ള ആയുധവുമായി തിരിച്ചും ആക്രമിക്കുന്നു. ഒടുവില്‍ തളര്‍ന്നു കരയിലെത്തുമ്പോഴേക്കും ആ സ്രാവിന്റെ അസ്ഥികൂടം മാത്രം അവശേഷിക്കുന്നു. ഭാഗ്യമില്ലാത്തവനെന്നു പുച്ഛിച്ചു തള്ളിയ തീരദേശവാസികളുടെമുന്‍പില്‍ ആ കിഴവന്‍ ഒരുമഹാനായ മത്സ്യതൊഴിലാളിയാവുന്നു.

കാസ്‌ട്രോയും ഹെമിംങ്‌വേയും

എന്നാല്‍ ഈ നോവല്‍ വെളിപ്പെടുത്തുന്നത് ലാറ്റിന്‍ അമേരിക്കയില്‍ വിപ്ലവം വിതച്ച മറ്റൊരു യുവാവിന്റെ കഥയാണ്. വിപ്ലവങ്ങളുടെ വിപ്ലവമായി കണക്കാക്കുന്ന ക്യൂബന്‍ വിപ്ലവത്തിലെ ചുവന്ന നക്ഷത്രം ഫിഡല്‍ കാസ്‌ട്രോ. കിഴവനായി ഹെമിംഗ്‌വേ ചിത്രീകരിക്കുന്നതും ഫിഡല്‍ കാസ്‌ട്രോയെയാണ് .

വിശാലമായ ക്യൂബന്‍ കടല്‍ ഈ ലോകം തന്നെയാവുമ്പോള്‍, അതില്‍ മഥിച്ചു ഉല്ലസിക്കുന്ന സ്രാവ് ഏക ലോക ധ്രുവത്തിന്റെ ദ്രംഷ്ട്ടങ്ങള്‍ പേറുന്ന അമേരിക്കയാവുന്നതില്‍ യാതൊരു സങ്കോചവും വേണ്ട. ഹെമിങ്‌വേ തന്റെ അനശ്വര സൃഷ്ടിയിലൂടെ രൂപപ്പെടുത്തിയ രാഷ്ട്രീയം ഏതൊരു അധിനിവേശത്തിനെയും ചെറുക്കന്‍ കഴിവുള്ള ഒരു നേതാവിന്റെ ത്യാഗപൂര്‍ണവും ധീരോദാത്തവുമായ പ്രയത്‌നങ്ങളുടെ രാഷ്ട്രീയമായിരുന്നു.

ബാഹ്യ അധിനിവേശ ശക്തികളുടെ മുട്ടുമടക്കലിന് ശേഷം, ക്യൂബയെന്ന ചെറുതോണിയുമായി കാസ്‌ട്രോ വീണ്ടും തുഴയെറിഞ്ഞു. 628 തവണ ആ അമരക്കാരനെ ഉന്മൂലനം ചെയ്യാന്‍ ബാഹ്യശക്തികള്‍ ശ്രമിച്ചെങ്കിലും, പരാജയമായിരുന്നു ഫലം. ആ സമത്വ ഭൂമികളുടെ അമരക്കാരന്‍ പോയി മറഞ്ഞെങ്കിലും ഏതു കൊടും കാറ്റിനെയും തരണം ചെയ്യാനും അതിജീവിക്കാനുള്ള ഊര്‍ജവും വിശ്വാസവുമായി ക്യൂബയെന്ന രാഷ്ട്രം മുന്നോട്ടു പോകുക തന്നെ ചെയ്യും.

( ദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ സൗത്ത് ഏഷ്യന്‍ സ്റ്റഡീസില്‍ ഗവേഷകനാണ് ലേഖകന്‍ )

We use cookies to give you the best possible experience. Learn more