ഒപ്പീനിയന്‍: ടി.സി രാജേഷ്
ലോകത്തില്‍ സ്ത്രീകളുടെ ഏറ്റവും വലിയ കൂടിച്ചേരല്‍ എന്ന നിലയില്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡില്‍ പേരുവന്നിട്ടുള്ള പരിപാടിയാണ് ആറ്റുകാല്‍ പൊങ്കാല. തിരുവനന്തപുരം പോലൊരു നഗരത്തില്‍ ഈ ദിവസം 35 ലക്ഷം സ്ത്രീജനങ്ങള്‍ പൊങ്കാലയിടാന്‍ എത്തുന്നുവെന്നാണ് സംഘാടകരും വിശ്വാസികളും പറയുന്നത്. അതേപ്പറ്റിയുള്ള തര്‍ക്കങ്ങള്‍ അവിടെ നില്‍ക്കട്ടെ.
രൂക്ഷമായ മാലിന്യപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന തിരുവനന്തപുരം നഗരത്തെ ശാസ്ത്രീയമായി വൃത്തിയാക്കാനുള്ള പെടാപ്പാടിലാണ് നഗരസഭ. ഓരോ വര്‍ഷവും പൊങ്കാല കഴിയുമ്പോള്‍ പൊതുസ്ഥലത്ത് തള്ളപ്പെടുന്ന മാലിന്യത്തിന് കയ്യും കണക്കുമില്ല. ഇതില്‍ നല്ലൊരു ശതമാനം ഭക്ഷണം കഴിച്ചിട്ടും വെള്ളം കുടിച്ചിട്ടും ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് ഡിസ്‌പോസിബിളുകളാണ്.
ഇത് കത്തിക്കുന്നതും കുഴിച്ചിടുന്നതുമൊന്നും ശാസ്ത്രീയമായ സംസ്‌കരണ രീതികളല്ല. വൃത്തിയാക്കി റീസൈക്ലിംഗിനു നല്‍കുന്നതും അത്ര പ്രായോഗികമല്ല. ഈ സാഹചര്യത്തിലാണ് പൊങ്കാലയ്ക്ക് ഒരു ഗ്രീന്‍ പ്രോട്ടോക്കോള്‍ എന്ന ആശയം ഉടലെടുത്തത്. സിഡ്‌പോസിബിളുകളുടെയും കുപ്പിവെള്ളത്തിന്റെയും ഉപയോഗം പരമാവധി തടയുകയായിരുന്നു ലക്ഷ്യം. അതിനായി കേരള ശുചിത്വമിഷനും, ജില്ലാ ഭരണകൂടവും, ഭക്ഷസുരക്ഷാ കമ്മീഷണറേറ്റും ക്ഷേത്ര ഭരണസമിതിയും കോര്‍പ്പറേഷനോട് കൈകോര്‍ത്തു.
പൊങ്കാലയ്ക്ക് വരുന്ന സ്ത്രീജനങ്ങള്‍ ഭക്ഷണത്തിനും വെള്ളത്തിനുമായി കൈവശം സ്റ്റീല്‍ പ്ലേറ്റും ഗ്ലാസും കരുതണമെന്ന അഭ്യര്‍ത്ഥനയായിരുന്നു ആദ്യത്തേത്. അന്നദാനവും ശുദ്ധജലവിതരണവും നടത്തുന്നവര്‍ ആ പാത്രങ്ങളില്‍ അവ നല്‍കുക. കൊണ്ടുവരാത്തവര്‍ക്കായി സ്റ്റീല്‍ പ്ലേറ്റുകളും ഗ്ലാസുകളും സംഘാടകര്‍ കരുതുക. ഇതിനായി കോര്‍പ്പറേഷന്‍ പ്ലേറ്റും ഗ്ലാസും സംഭാവനയായി സ്വീകരിക്കുന്ന പദ്ധതി നടത്തി.
20,000ല്‍ പരം ഗ്ലാസും പ്ലേറ്റും ഇത്തരത്തില്‍ ലഭിച്ചു. അവ വിവിധ പോയിന്റുകളില്‍ എത്തിച്ചുകൊടുക്കുകയും ചെയ്തു. ഈ പാത്രങ്ങള്‍ തിരികെ ശേഖരിച്ച് അടുത്ത പൊങ്കാലയ്ക്കായി സൂക്ഷിക്കും. ഗ്രീന്‍ പ്രോട്ടോക്കോള്‍ ഇത്തവണ പൂര്‍ണ വിജയമായില്ലെങ്കിലും ഇത്തരമൊരു സന്ദേശം ആളുകളിലെത്തിക്കാനും വരും വര്‍ഷങ്ങളില്‍ പൂര്‍ണമായും മാലിന്യമുക്തമായ പൊങ്കാലയിലേക്ക് എത്തുകയെന്നതുമാണ് ഇത്തരമൊരു പ്രഖ്യാപനത്തിന്റെ ലക്ഷ്യം. അതിലേക്കുള്ള വഴി തുറക്കുന്നുവെന്നുതന്നെയാണ് പൊങ്കാല കാഴ്ച്ചകള്‍ പറയുന്നത്.
എല്‍.എം.എസ് ജംഗ്ഷനില്‍ നിന്ന് മണക്കാടുവരെ അഞ്ചുകിലോമീറ്ററോളം സഞ്ചരിച്ചു, ഗ്രീന്‍ പ്രോട്ടോക്കോള്‍ എത്രമാത്രം പ്രാവര്‍ത്തികമായെന്നറിയാന്‍. എസ്ബിഐയും യൂണിയന്‍ ബാങ്കും പല്‍പു മെമ്മോറിയല്‍ എസ്.എന്‍.ഡി.പി ശാഖായോഗവുമെല്ലാം സ്റ്റീല്‍ ഗ്ലാസിലാണ് വെള്ളം വിതരണം ചെയ്തത്. ചിലരൊക്കെ പാത്രമില്ലാത്തവര്‍ക്കുമാത്രം ഡിസ്‌പോസിബിള്‍ ഗ്ലാസുകളില്‍ വെള്ളവും ഭക്ഷണവും നല്‍കി. ആയുര്‍വേദ കോളജിനു മുന്നിലെ കല്യാണ്‍ ജൂവലറിക്കാര്‍ പ്ലാസ്റ്റിക് കവറിലാക്കിയ മില്‍മ സംഭാരമാണ് വിതരണം ചെയ്തത്.
അടുത്ത പേജില്‍ തുടരുന്നു
ആ കവറുകള്‍ ശേഖരിക്കാന്‍ മാര്‍ഗം വല്ലതുമുണ്ടോ എന്നു ചോദിച്ചപ്പോള്‍ മറുപടി ഉണ്ടായില്ല. ആ പരിസരത്തുമുഴുവന്‍ ചിതറിക്കിടക്കുകയാണ് ഉപയോഗിച്ചശേഷമുള്ള സംഭാരക്കവറുകള്‍. അതേസമയം ജയലക്ഷ്മി സില്‍ക്‌സിന്റെ പ്രവര്‍ത്തനത്തെ അഭിനന്ദിക്കാതെ വയ്യ. കുടിവെള്ളം ബക്കറ്റിലാക്കി രണ്ടു ഗ്ലാസുമായി അവര്‍ ജീവനക്കാരെ പൊങ്കാലക്കാര്‍ക്കടുത്തേക്ക് പറഞ്ഞയച്ചു.
ചെല്ലുന്നവര്‍ക്കെല്ലാം പുനരുപയോഗിക്കാവുന്ന ഗ്ലാസില്‍ വെള്ളം നല്‍കി. ഡിസ്‌പോസിബിള്‍ ഗ്ലാസ് ഉപയോഗിച്ചതേയില്ല. ഏറ്റവുമധികം വിഷമമുണ്ടാക്കിയത് പ്രസ് ക്ലബ്ബിനു മുന്നിലെ കാഴ്ച്ചയാണ്. അവിടെ ഡിസ്‌പോസിബിള്‍ ഗ്ലാസുകളിലാണ് വെള്ളം വിതരണം ചെയ്തുകൊണ്ടിരുന്നത്. പ്രസ് ക്ലബ്ബിനൊക്കെ പത്ത് സ്റ്റീല്‍ ഗ്ലാസ് സംഘടിപ്പിക്കാന്‍ വകുപ്പില്ലെന്നു പറഞ്ഞാല്‍ കഷ്ടമല്ലേ?
അട്ടക്കുളങ്ങര വരെ സ്ഥിതി ഏതാണ്ടൊക്കെ ക്ലീനായിരുന്നു. അതിനപ്പുറത്ത് വീണ്ടും മോശമായി. ഡിസ്‌പോസിബിളുകളുടെ ബഹളമായിരുന്നു പലയിടത്തും. എല്ലാവര്‍ക്കും അന്നദാനം നടത്തണം. എളുപ്പപ്പണി ചെയ്യുകയും വേണം. ചിലരൊക്കെ ഈ മാലിന്യപ്പാത്രങ്ങള്‍ ശേഖരിക്കാന്‍ മാര്‍ഗമുണ്ടാക്കി. പക്ഷേ, ശേഖരിച്ചിട്ടെന്തുചെയ്യുമെന്നു ചോദിച്ചാല്‍ കോര്‍പ്പറേഷന്‍ കൊണ്ടുപൊയ്‌കോളുമെന്നാണ് മറുപടി. അവരത് എന്തുചെയ്യുമെന്ന് ആര്‍ക്കുമറിയില്ല, അറിയേണ്ടതുമില്ല.
ഇതൊക്കെ കോര്‍പ്പറേഷന്റെ മാത്രം ബാധ്യതയാണല്ലോ. അട്ടക്കുളങ്ങരയില്‍ രാവിലെ 11 മണിയായപ്പോഴേ മാലിന്യം കുന്നുകൂടിക്കിടക്കുന്നത് കാണാമായിരുന്നു. തങ്ങള്‍ പ്ലാസ്റ്റിക് കപ്പുകളല്ല, പേപ്പര്‍ കപ്പുകളാണ് ഉപയോഗിക്കുന്നതെന്നാണ് ചിലര്‍ പറഞ്ഞ ന്യായം. അവയും പ്ലാസ്റ്റിക് കോട്ടിംഗ് ഉള്ള ഡിസ്‌പോസിബിളുകളാണെന്ന കാര്യം പലര്‍ക്കുമറിയില്ല.
നിവേദ്യം കഴിഞ്ഞ് വിശ്വാസികള്‍ മടങ്ങിയതോടെ കാര്യങ്ങള്‍ പഴയതുപോലായി. പലയിടത്തും ആളുകളെ തടഞ്ഞുനിറുത്തി വെള്ളംകുടിപ്പിച്ചു വിടാനായിരുന്നു സംഘടനകളുടെ ശുഷ്‌കാന്തി. അതത്രയും പ്ലാസ്റ്റിക് ഡിസ്‌പോസിബിള്‍ ഗ്ലാസുകളായിരുന്നു. റോഡില്‍ ആ ഗ്ലാസുകളത്രയും ചിതറിക്കിടപ്പുണ്ട്. തണ്ണിമത്തന്‍ കഷണങ്ങളാക്കിയും മറ്റും വിതരണം ചെയ്ത് പരിപാടിയുമായി സഹകരിച്ചവരുണ്ടെന്ന കാര്യവും വിസ്മരിക്കുന്നില്ല.
ആളുകള്‍ പരിപൂര്‍ണമായി സഹകരിച്ചാല്‍ മാത്രമേ ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രാവര്‍ത്തികമാക്കാനാകൂ. നിര്‍ബന്ധപൂര്‍വ്വം അത് അടിച്ചേല്‍പിക്കാന്‍ തല്‍ക്കാലം ആരും താല്‍പര്യപ്പെടുന്നില്ല. എന്തായാലും സന്ധ്യയോടെ നഗരം കഴുകി വൃത്തിയാക്കുന്ന പതിവ് ജോലിയില്‍ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗവും അനാമത്ത് തൊഴിലാളികളും വ്യാപൃതരാകുകയാണ്.
എല്ലാവര്‍ഷവും നഗരസഭ സ്തുത്യര്‍ഹമായ രീതിയില്‍ ഈ ജോലി ചെയ്യുന്നുണ്ട്. എന്തായാലും ഗ്രീന്‍ പ്രോട്ടോക്കോള്‍ ശ്രമങ്ങള്‍ പകുതിയിലേറെ വിജയിച്ചുവെന്നത് വാസ്തവമാണ്. ബാക്കി പകുതിയുടെ വിജയിക്കാതെപോയതിന്റെ ഉത്തരവാദികള്‍ അടുത്തവര്‍ഷത്തെ പൊങ്കാലയ്ക്കുമുമ്പെങ്കിലും സ്വയം വിലയിരുത്തല്‍ നടത്തുമെന്നു കരുതുന്നു.