കണ്ണില്‍ച്ചോരയില്ലാത്ത വിവേചനം; ആശങ്കയിലാകുന്ന അഭയാര്‍ത്ഥി ജീവിതം 
Assam NRC
കണ്ണില്‍ച്ചോരയില്ലാത്ത വിവേചനം; ആശങ്കയിലാകുന്ന അഭയാര്‍ത്ഥി ജീവിതം 
ഫ്രാന്‍സിസ് സിമി നസ്‌റേത്ത്
Thursday, 2nd August 2018, 6:16 pm

ആസാമിലെ 40 ലക്ഷം പേരെ പുറത്തുനിര്‍ത്തിക്കൊണ്ട് ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പുറത്തുവന്നു. 1971-മുതല്‍ എന്ന പ്രത്യേകിച്ച് ലോജിക്ക് ഒന്നും ഇല്ലാത്ത ഒരു വര്‍ഷം അതിര്‍വരമ്പായി നിശ്ചയിച്ച് കണ്ണില്‍ച്ചോരയില്ലാത്ത വിവേചനങ്ങള്‍ക്കും പറിച്ചെറിയലിനും വേദിയൊരുങ്ങുന്നു.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ അധികം പേര്‍ ചര്‍ച്ച ചെയ്യാത്ത, ഓര്‍ക്കാത്ത ഒരു കൂട്ടക്കൊലയാണു നെല്ലീ കൂട്ടക്കൊല. ആസാമിലേയ്ക്ക് കുടിയേറിപ്പാര്‍ത്ത 40 ലക്ഷം ബംഗാളികള്‍ക്ക് വോട്ടവകാശം കൊടുക്കാന്‍ 1983-ല്‍ ഇന്ദിരാഗാന്ധി തീരുമാനമെടുത്തു. ആള്‍ ആസാം സ്റ്റുഡന്റ്‌സ് യൂണിയനും ആസാമിലെ ഒട്ടുമിക്ക രാഷ്ട്രീയ പാര്‍ട്ടികളും തിരഞ്ഞെടുപ്പു പട്ടികയില്‍ നിന്ന് ബംഗാളികളുടെ പേരു നീക്കിയിട്ട് മതി വോട്ടിങ്ങ് നടത്തുന്നത് എന്ന നിലപാടെടുത്തു.

എന്നാല്‍ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ തിരഞ്ഞെടുപ്പുമായി മുന്നോട്ടു പോയി. 1983 ഫെബ്രുവരി 18-നു ആയിരക്കണക്കിനു ആസാമികള്‍ – പ്രധാനമായും “മികിര്‍”, “ബോറോ”, “ലാലുങ്ങ്”, “തിവ” എന്നീ ആദിവാസി ഗ്രൂപ്പുകളും കുറച്ച് ആസാമി ഹിന്ദുക്കളും – “ആസ്സാം നീണാല്‍ വാഴട്ടെ” എന്ന മുദ്രാവാക്യവുമായി മുസ്‌ലീങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന 14 ഗ്രാമങ്ങള്‍ വളഞ്ഞു.

6 മണിക്കൂര്‍ നീണ്ടുനിന്ന കൂട്ടക്കൊലയില്‍ സര്‍ക്കാര്‍ കണക്ക് 2000 പേര്‍ കൊല്ലപ്പെട്ടു എന്നാണ്. പിന്നീട് മൂന്നാഴ്ച്ചയോളം ആസാമില്‍ തദ്ദേശീയരല്ലാത്തവര്‍ക്കു നേരെ ആക്രമണം നടന്നു.  അനൗദ്യോഗിക കണക്കുകള്‍ 10,000 പേര്‍ വരെ കൊല്ലപ്പെട്ടു എന്ന് അനുമാനിക്കുന്നു. ചതുപ്പുകള്‍ നിറഞ്ഞ നിലങ്ങളില്‍ പുരുഷന്മാര്‍ക്ക് ഓടിരക്ഷപെടാന്‍ പറ്റി, കൊല്ലപ്പെട്ടതില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമായിരുന്നു. 14 ഗ്രാമങ്ങളില്‍ കൂട്ടക്കൊല നടന്നെങ്കിലും അഭയാര്‍ത്ഥികളെ പാര്‍പ്പിച്ചത് നെല്ലീ എന്ന ഗ്രാമത്തിലായിരുന്നു.

 

പല കാരണങ്ങള്‍ കൊണ്ടും ഇന്ത്യന്‍ അയല്‍ സംസ്ഥാനങ്ങളായ ആസാം, ബംഗാള്‍ എന്നിവയെക്കാള്‍ ദരിദ്രമായിരുന്നു ബംഗ്ലാദേശ്. ഇവിടെ നിന്നും ബംഗാളിലേക്കും ആസാമിലേയ്ക്കും കുടിയേറ്റം ഉണ്ടായിട്ടുണ്ട്, അതുപോലെ ബംഗാളില്‍ നിന്നും ആസാമിലേക്ക് കുടിയേറ്റവും ഉണ്ടായി. ആസാമിലെ തദ്ദേശീയ ജനത (പ്രധാനമായും വിവിധ ആദിവാസി ട്രൈബുകള്‍) ഈ കുടിയേറ്റത്തെ എതിര്‍ത്തു. തദ്ദേശീയവാദം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഉപയോഗിച്ചു. 1961-ലെയും 1971-ലെയും രണ്ട് കാനേഷുമാരികള്‍ക്ക് ഇടയ്ക്ക് ആസാമിലെ ജനസംഖ്യ 34% വര്‍ദ്ധിച്ചു എന്നും ഇത് കുടിയേറ്റം മൂലമാണെന്നും കണക്കാക്കുന്നു.

ആസാമിലെയും  മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും ഗോത്രവര്‍ഗ്ഗക്കാരുടെ അവസ്ഥ കേരളത്തിലെ ആദിവാസികളുടേതു പോലെയല്ല. ജനസംഖ്യയില്‍ ഒരു നല്ല ശതമാനം വരുന്ന ഇവര്‍ സാമൂഹികമായും സാമ്പത്തികമായും കേരളത്തിലെ ആദിവാസികളെക്കാള്‍ വളരെ മുന്നിലാണ്. അഭയാര്‍ത്ഥികള്‍ മിക്ക രാജ്യങ്ങളെയും എന്നത് പോലെ ഇന്ത്യയുടെയും ചരിത്രത്തിന്റെ ഭാഗമാണ്.

ദില്ലി, കല്‍ക്കത്ത പോലെയുള്ള വന്‍ നഗരങ്ങള്‍ അഭയാര്‍ത്ഥികളെ സ്വാംശീകരിക്കുന്നു, വിവിധ ജനതകള്‍ ചേര്‍ന്ന് ഒരു “അവിയല്‍” സംസ്‌കാരവും പരസ്പരം ഇടകലര്‍ന്ന് ജീവിക്കുന്ന ജനതയും  രൂപപ്പെടുന്നു. പക്ഷേ ആസാമിലെ തദ്ദേശീയര്‍ ബംഗാളി / ബംഗ്‌ളാദേശി മുസ്‌ളീങ്ങളെ അംഗീകരിക്കുന്നില്ല, ഫലത്തില്‍ ബംഗാളി / ബംഗ്‌ളാദേശി കുടിയേറ്റക്കാരുടെ തുരുത്തുകള്‍ രൂപപ്പെടുന്നു. അവര്‍ മാത്രം തിങ്ങിപ്പാര്‍ക്കുന്ന ഗ്രാമങ്ങളുണ്ടാവുന്നു.

മനുഷ്യര്‍ അഭയാര്‍ത്ഥികളാവുന്നതിന് പല കാരണങ്ങളുണ്ട് – യുദ്ധക്കെടുതികൊണ്ട് അഭയാര്‍ത്ഥികളാകുന്ന പലസ്തീന്‍, സിറിയന്‍ ജനതയുടെ കഥകള്‍ നമ്മള്‍ സ്ഥിരം വായിക്കുന്നു. അതുപോലെ വംശവെറി കൊണ്ട് പലായനം ചെയ്ത രോഹിങ്ക്യകളെയും ശ്രീലങ്കന്‍ തമിഴരെയും നമുക്കറിയാം.

സാമ്പത്തിക കാരണം കൊണ്ട് അഭയാര്‍ത്ഥികളാകുന്നവരാണ് ബംഗ്‌ളാദേശികളും പല ആഫ്രിക്കന്‍ വംശജരും. ആഫ്രിക്കയിലെ കെടുതികളില്‍ നിന്ന് എങ്ങനെയും കടല്‍ കടന്ന് യൂറോപ്പിലെത്തി പുതിയ ജീവിതം തുടങ്ങാന്‍ ആയിരങ്ങള്‍ ശ്രമിക്കുന്നു. ഇവര്‍ക്ക് മിക്ക യൂറോപ്യന്‍ രാജ്യങ്ങളും അഭയം കൊടുക്കുന്നു. അഭയാര്‍ത്ഥികള്‍ക്ക് മാസാമാസം ധനസഹായവും ഒരു നിശ്ചിത കാലയളവിനു ശേഷം പൗരത്വവും നല്‍കുന്നു.

ഉദാഹരണത്തിന് ഇറ്റലിയില്‍ സ്റ്റേറ്റിന്റെ ധനസഹായം കിട്ടുന്ന അഭയാര്‍ത്ഥിക്ക് 10 വര്‍ഷം കഴിഞ്ഞും സ്റ്റേറ്റിന്റെ ധനസഹായം വേണ്ടാത്ത അഭയാര്‍ത്ഥിക്ക് 5 വര്‍ഷവും കഴിഞ്ഞ് പൗരത്വത്തിനു അപേക്ഷിക്കാം. ഈ അഞ്ചോ പത്തോ വര്‍ഷം കൊണ്ട് ഭാഷയും ജീവിതശൈലിയും ഉള്‍പ്പെടെ ഒരാളുടെ വേരുകള്‍ ആ രാജ്യത്ത് ആഴ്ന്നുകഴിയും.

അമേരിക്കയിലും യൂറോപ്പിനോട് സമാനമായ അവസ്ഥയായിരുന്നു, പല ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലുള്ളവരും നിയമപരമായും അല്ലാതെയും അമേരിക്കയിലെത്തിപ്പെടുന്നു, വര്‍ഷങ്ങള്‍ക്ക് ശേഷം പൗരത്വം നേടുന്നു. ലോകത്തെ മിക്ക വികസിത സര്‍ക്കാരുകളും അഭയാര്‍ത്ഥികളോട് അനുഭാവപൂര്‍ണ്ണമായ സമീപനമായിരുന്നു സ്വീകരിച്ചിരുന്നത്, കുറച്ചുകാലം മുന്‍പുവരെ.

അഭയാര്‍ത്ഥികളെ സ്വാഗതം ചെയതുകൊണ്ടുള്ള ബാനര്‍ കെട്ടിവെച്ച മാഡ്രിഡ് ടൗണ്‍ഹാള്‍

 

എന്നാല്‍ ഇന്ന് യൂറോപ്പിലെ തീവ്രവലതുപക്ഷം  അഭയാര്‍ത്ഥികളുടെ ജീവിതം ആശങ്കയിലാക്കുന്നു. ട്രമ്പിന്റെ അമേരിക്കയും അഭയാര്‍ത്ഥികള്‍ക്ക് നേരെ കടുത്ത നടപടികളിലേക്ക് കടക്കുന്നു. അനധികൃതമായി അതിര്‍ത്തി കടക്കുന്ന കുടുംബങ്ങളെ – മാതാപിതാക്കളെയും കുട്ടികളെയും വെവ്വേറെ തടവുകളിലാക്കുന്ന അമേരിക്കന്‍ നടപടി വലിയ വിമര്‍ശങ്ങള്‍ വിളിച്ചു വരുത്തിയിരുന്നു. ഇങ്ങനെ മാതാപിതാക്കളില്‍ നിന്നു പറിച്ചെടുത്ത രണ്ട് വയസ്സുള്ള ഒരു ഹോണ്ടുറന്‍ ബാലികയുടെ കരയുന്ന ചിത്രവും ട്രമ്പിന്റെ ചിത്രവും ചേര്‍ത്ത് റ്റൈം മാഗസിന്‍ അനശ്വരമായ ഒരു കവര്‍ ചിത്രം നിര്‍മ്മിച്ചത് ചുവടെ.

ആസ്സാമിലെ തദ്ദേശീയര്‍ തങ്ങളുടെ ഭാഷ സംസാരിക്കാത്ത, ബംഗ്‌ളാദേശികളെ എന്നും കടന്നുകയറ്റക്കാരായി കണ്ടു. ആസാമിലേക്ക് 19-ആം നൂറ്റാണ്ടു മുതല്‍ക്കേ കുടിയേറ്റം ഉണ്ടായിരുന്നു. പക്ഷേ 1979 ജൂണ്‍ 8-നു ആള്‍ ആസാം സ്റ്റുഡന്റ്‌സ് യൂണിയന്‍ എല്ലാ കുടിയേറ്റക്കാരെയും അഭയാര്‍ത്ഥികളെയും അറസ്റ്റ് ചെയ്യുക, പൗരത്വം ഇല്ലാതാക്കുക, നാടുകടത്തുക എന്ന് ആഹ്വാനം ചെയ്ത് 12 മണിക്കൂര്‍ ബന്ദ് നടത്തി.

പിന്നാലെ പിന്നീടുള്ള വര്‍ഷങ്ങളില്‍ അഭയാര്‍ത്ഥികളെ പുറത്താക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിയന്തര സമരങ്ങളും പ്രക്ഷോഭങ്ങളും സര്‍ക്കാരുമായുള്ള ചര്‍ച്ചകളും നടന്നു. അതിന്റെ ഫലമായി 1982-ല്‍ കേന്ദ്രസര്‍ക്കാരും ആസാം പ്രക്ഷോഭകാരികളുമായി ഉണ്ടാക്കിയ ഉടമ്പടി 1961-നു മുന്‍പ് ആസാമില്‍ എത്തിയവര്‍ക്ക് പൗരത്വം നല്‍കുക, 1961-നും 71-നും ഇടയ്ക്ക് എത്തിയവരുടെ കാര്യം പിന്നീട് തീരുമാനിക്കുക, 1971-നു ശേഷം എത്തിയവരെ നാടുകടത്തുക എന്ന തീരുമാനങ്ങളില്‍ എത്തിച്ചേര്‍ന്നു.

 

1961-നും 71-നും ഇടയ്ക്ക് എത്തിയവരുടെ കാര്യത്തിലുള്ള അവ്യക്തതയും ഒരാളുടെ പൗരത്വം നിശ്ചയിക്കുന്നതിലുള്ള നടപടി ക്രമങ്ങളിലെ പ്രശ്‌നങ്ങളും വീണ്ടും പ്രക്ഷോഭങ്ങള്‍ക്ക് വഴിവെച്ചു. ഒടുവില്‍ 1985 ആഗസ്റ്റ് 15-നു രാജീവ് ഗാന്ധി സര്‍ക്കാരും ആസാം പാര്‍ട്ടികളുമായി ഉടമ്പടിയില്‍ ഒപ്പുവെച്ചു.

1966-നും 1971-നും ഇടയില്‍ ഇന്ത്യയില്‍ എത്തിയവര്‍ക്ക് പത്ത് വര്‍ഷത്തേയ്ക്ക് പൗരത്വം നല്‍കരുത്, അതുകഴിഞ്ഞ് അവര്‍ക്ക് അപേക്ഷിക്കാം എന്ന് ഉടമ്പടി വ്യവസ്ഥ ചെയ്തു. 1966-നു മുന്‍പ് എത്തിയവര്‍ക്ക് ഉടനെ പൗരത്വം നല്‍കാനും തീരുമാനമായി. 1971-നു ശേഷം എത്തിയവരെ തിരിച്ചറിഞ്ഞ്, ഇവരുടെ പൗരത്വം ഇല്ലാതാക്കി ഇവരെ നാടുകടത്താനും തീരുമാനിച്ചു. ഇവ 1985-ല്‍ എടുത്ത തീരുമാനങ്ങളാണു.

ഇതിനു ശേഷം വന്ന സര്‍ക്കാരുകള്‍ 1990-കളിലും 2005 വരെയും ഈ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ശ്രമിച്ചില്ല. 2005-ല്‍ മന്മോഹന്‍ സിങ്ങ് സര്‍ക്കാര്‍ ദേശീയ സിറ്റിസണ്‍ രജിസ്റ്റര്‍ (ഇത് ആസാമിലെ പട്ടികയാണ്) തിരുത്താന്‍ ഉത്തരവിട്ടു. എന്നാലും 2005 മുതല്‍ 2015 വരെയുള്ള കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഈ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ പോയില്ല.

2012-ല്‍ വീണ്ടും ബോഡോകളും ബംഗാളികളും തമ്മില്‍ കലാപമുണ്ടായി, 70-ല്‍ പരം പേര്‍ കൊല്ലപ്പെട്ടു. 2015-ല്‍ സുപ്രീം കോടതി നാഷണല്‍ സിറ്റിസണ്‍ രജിസ്റ്റര്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഉത്തരവിട്ടു, 2016-ല്‍ ആസാമില്‍ ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തില്‍ വന്നു.

 

സുപ്രീം കോടതി ഈ പട്ടിക പൂര്‍ത്തിയാക്കാന്‍ സമയം നിശ്ചയിച്ചു. ഒന്നാം കരട് 2017 ഡിസംബറില്‍ സമര്‍പ്പിച്ചപ്പോള്‍ ആസാമിലെ മൊത്തം 3.3 കോടി ജനസംഖ്യയില്‍ 1.89 കോടിപ്പേരേ പട്ടികയിലുണ്ടായിരുന്നുള്ളൂ. വീണ്ടും സുപ്രീം കോടതി പുതുക്കി നിശ്ചയിച്ച തീയതിക്ക് ഒരു ദിവസം മുന്‍പാണു രണ്ടാമതും അന്തിമവുമായ കരടുപട്ടിക പ്രസിദ്ധീകരിച്ചത്. ഇതില്‍ 2.9 കോടിപ്പേര്‍ പൗരത്വത്തിനു യോഗ്യത നേടിയപ്പോള്‍ 40 ലക്ഷം പേര്‍ പുറത്തുനില്‍ക്കുന്നു. ഇനി അപ്പീല്‍ പ്രോസസും മറ്റും കൊണ്ട് കുറെപ്പേര്‍ കൂടി പട്ടികയിലെത്താം, എങ്കിലും ദശലക്ഷക്കണക്കിനു പേര്‍ അയോഗ്യരാക്കപ്പെടാനുള്ള സാദ്ധ്യതയുണ്ട്.

ഇപ്പോള്‍ 40 ലക്ഷം പേരാണ് പൗരത്വം തെളിയിക്കാന്‍ പറ്റാതെ ലിസ്റ്റിലുള്ളത്. അതായത് 1971-നു മുന്‍പ് ഇന്ത്യയില്‍ ഉണ്ടായിരുന്നു എന്ന് തെളിയിക്കാന്‍ പറ്റാത്തവര്‍. ഇതില്‍ എത്രയോ പേര്‍ രേഖകള്‍ നഷ്ടപ്പെട്ടവരും രേഖകള്‍ ഒരിക്കലും ഇല്ലാത്തവരും ആയിരിക്കും. ഇങ്ങനെ സര്‍ക്കാര്‍ രേഖകളുടെ പ്രശ്‌നം കൊണ്ട് പൗരത്വം നഷ്ടപ്പെടുന്നവര്‍ നില്‍ക്കട്ടെ, 1990-കളില്‍ ഒരാള്‍ ബംഗ്‌ളാദേശില്‍ നിന്ന് ആസാമിലേയ്ക്ക് കുടിയേറിയെങ്കിലോ? അനധികൃത കുടിയേറ്റം എന്നുതന്നെയിരിക്കട്ടെ. അനധികൃത കുടിയേറ്റക്കാരെ നോക്കു.

അയാളുടെ ജീവിതത്തിന്റെ ഇരുപത് – മുപ്പത് – നാല്‍പ്പത് വര്‍ഷം പിന്നിട്ട ഇടം. അത്രയും വേരുകള്‍. കുടുംബം, കുട്ടികള്‍, സൗഹൃദങ്ങള്‍, തൊഴില്‍, പരിചിതമായ വഴികള്‍.. ഇതെല്ലാം ഇരുപതോ മുപ്പതോ കൊല്ലം മുന്‍പ് അനധികൃതമായി ഈ രാജ്യത്ത് എത്തി എന്നതിന്റെ പേരില്‍ പറിച്ചു കളയേണ്ടതാണോ?

പത്തോ പന്ത്രണ്ടോ വര്‍ഷം ഗള്‍ഫില്‍ ജീവിച്ച് പിന്നെ തിരിച്ച് നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് പോലും നാട് ഒരു അപരിചിത്രഗ്രഹമായി തോന്നുന്നുണ്ട്. പിന്നെ ഇവരെ വിദൂരമായ ഒരു ഓര്‍മ്മപോലും അല്ലാത്ത ബംഗ്‌ളാദേശിലേയ്ക്ക് തിരിച്ചുവിടുന്നത് എന്ത് നീതിയാണ്?. ഏതെങ്കിലും യൂറോപ്യന്‍ രാജ്യമായിരുന്നെങ്കില്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ പൗരത്വം നല്‍കിയേനെ.

 

തദ്ദേശീയവാദം ഒരു വലിയ റേസിസ്റ്റ് കളിയാണ്. ഒരു സ്ഥലത്ത് ജനിച്ചത്, അല്ലെങ്കില്‍ അപ്പൂപ്പന്‍ ഒരു സ്ഥലത്ത് ജനിച്ചത് അവിടെ അഞ്ചോ പത്തോ കൊല്ലം താമസിക്കുന്ന ആളെക്കാള്‍ തനിക്കു കൂടുതല്‍ അവകാശങ്ങള്‍ തരുന്നു എന്ന വാദം, അതായത് പുതുതായി വന്നയാള്‍ പ്രശ്‌നക്കാരനാണെന്നും താന്‍ ഒറിജിനല്‍ ദേസി ആണെന്നും ഉള്ള വാദം റേസിസമാണ്.

കേരളത്തിലും ഇതേ പ്രശ്‌നം വരും. കേരളത്തില്‍ ജീവിക്കുന്ന ബംഗാളിയെയോ ബിഹാറിയെയോ അപേക്ഷിച്ച് ഇവിടെ ജനിച്ചു വളര്‍ന്ന മലയാളിക്ക് എന്തോ അവകാശങ്ങള്‍, എന്തോ കൊമ്പ് കൂടുതലുണ്ടെന്ന ചിന്ത – ഇത് അവരുടെ നാടല്ല എന്ന ചിന്ത – ഇതേ സങ്കുചിത പ്രാദേശികവാദമാണ്.

ബംഗ്‌ളാദേശ് നാല്‍പ്പത് ലക്ഷം പോയിട്ട് പത്തുലക്ഷത്തെപ്പോലും തിരിച്ച് എടുക്കാന്‍ പോകുന്നില്ല. ബംഗ്‌ളാദേശി പൗരനായിരുന്നെന്ന് ഇവര്‍ എങ്ങനെ തെളിയിക്കും? പൗരത്വം ഇല്ലാത്തതുകൊണ്ട് റേഷന്‍ കാര്‍ഡും ആധാറും സര്‍ക്കാരാശുപത്രിയും അടക്കം അടിസ്ഥാന കാര്യങ്ങള്‍ പോലും നിഷേധിക്കാനും ഇവരെ വേട്ടയാടാനും സര്‍ക്കാരുകള്‍ക്ക് എളുപ്പമായിരിക്കും.

 

അഭയാര്‍ത്ഥികള്‍ ഭൂരിപക്ഷവും മുസ്‌ളീങ്ങളാണ് എന്നത് സര്‍ക്കാരിനു ഒരു വലിയ ഘടകമായിരിക്കും. ഇപ്പോള്‍ത്തന്നെ ബംഗ്‌ളാദേശി അഭയാര്‍ത്ഥികളെ വെടിവെച്ചുകൊല്ലണം എന്ന് തെലുങ്കാനയിലെ ബി.ജെ.പി. എം.എല്‍.എ രാജാസിങ്ങ് ആഹ്വാനം ചെയ്തുകഴിഞ്ഞു.

അഭയാര്‍ത്ഥികളെ പുറത്താക്കാന്‍ നോക്കുമ്പൊഴും ഇതില്‍ ഹിന്ദു അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം കൊടുക്കും എന്ന് മോദി പറയുന്നുണ്ട്. പുറമേ നോക്കിയാല്‍ ബംഗ്‌ളാദേശിലും മറ്റ് രാജ്യങ്ങളിലും പീഢനം അനുഭവിക്കുന്ന ഹിന്ദുക്കളെ സഹായിക്കാനാണെന്ന് തോന്നുമെങ്കിലും അതുപോലെ പീഢനം അനുഭവിക്കുന്ന അഹമ്മദിയ മുസ്‌ളീങ്ങള്‍, ബോറകള്‍, തുടങ്ങിയ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ഇതേ വാഗ്ദാനം വെച്ചുനീട്ടിയിട്ടില്ല എന്നും ഓര്‍ക്കണം.

ലക്ഷക്കണക്കിനു പേരെ വലിയ കെടുതിയിലേക്കും പട്ടിണിയിലേക്കും അരക്ഷിതാവസ്ഥയിലേക്കും മരണത്തിലേക്കും തള്ളിവിടാനുള്ള സാദ്ധ്യത ഈ പൗരത്വ രജിസ്റ്റര്‍ ഉണ്ടാക്കുന്നുണ്ട്. പത്തുലക്ഷത്തിന് താഴെ വരുന്ന രോഹിങ്ക്യകള്‍ നേരിട്ട ദുരിതങ്ങളെക്കാള്‍ ഭീകരമായിരിക്കും ആസാമില്‍ നടക്കാന്‍ പോകുന്ന ദുരിതങ്ങള്‍.

മനുഷ്യര്‍ ഈ 40 ലക്ഷം എന്നു പറയുന്ന ഒരു സംഖ്യയല്ല. ഓരോരുത്തരും ഓരോ ജീവിതങ്ങളാണ്. നമുക്ക് കുടിയേറേണ്ട അവസ്ഥ വന്നില്ല, അവര്‍ക്ക് ആ അവസ്ഥവന്നു. മനുഷ്യരുടെ വേരുകള്‍ പിഴുതുകളയുന്നത് ചരിത്രത്തില്‍ സമാനതകളില്ലാത്ത ക്രൂരതയായിരിക്കും. പൗരത്വരേഖകളില്ലാത്തവരെയും ഇന്ത്യയിലേക്ക് കുടിയേറിയവരെയും സ്വാംശീകരിക്കുകയാണ് വേണ്ടത്.