പൗരത്വ പട്ടിക - ഉര്‍വശി ശാപവും ഉപകാരങ്ങളും.
Assam NRC
പൗരത്വ പട്ടിക - ഉര്‍വശി ശാപവും ഉപകാരങ്ങളും.
ഫാറൂഖ്
Wednesday, 8th August 2018, 2:29 pm

ആദ്യം ഉപകാരങ്ങള്‍ പറയാം, അതിനു 290 ലക്ഷത്തിന്റെ കണക്ക് പറയണം. പൗരത്വ പട്ടികകയില്‍ കയറിപ്പറ്റിയ ആസ്സാമിലെ മഹാ ഭാഗ്യവാന്മാരുടെ കണക്ക്. നമ്മുടെ ഇടുക്കിയിലെ ക്രിസ്ത്യാനികളെ പോലെയാണ് മിക്കവാറും അസ്സാമുകാര്‍. ഞാന്‍ കണ്ട ഇടുക്കിയിലെ മിക്ക ക്രിസ്ത്യാനികളും അവിടെ ജനിച്ചു വളര്‍ന്നവരാണ്, അവരുടെ മുത്തച്ഛനോ മുതുമുത്തച്ഛനോ ആയിരുന്നു കുടിയേറി വന്നവര്‍, പക്ഷെ എല്ലാവരും അവരെപ്പറ്റി പറയുക കുടിയേറ്റ കര്‍ഷകര്‍ അല്ലെങ്കില്‍ അനധികൃത കുടിയേറ്റക്കാര്‍ എന്നായിരിക്കും.

ആസ്സാമില്‍ സ്ഥിതി കുറെ ഭീകരമാണെന്നു മാത്രം. സ്‌കൂളില്‍ ചേര്‍ക്കുന്നിടത്തു, ആശുപത്രികളില്‍, തൊഴിലിടങ്ങളില്‍, പരീക്ഷകള്‍ക്ക്, എവിടെയും സ്വന്തം രാജ്യം ഏതാണെന്നു തെളിയിക്കേണ്ട നിര്‍ഭാഗ്യം ഓരോ ആസ്സാമിക്കും ഉണ്ട്. അതില്‍ ഹിന്ദു മുസ്ലിം സിഖ് ക്രിസ്ത്യന്‍ വ്യത്യാസമില്ല, ഹിന്ദി ബംഗാളി ആസ്സാമീസ് വ്യത്യാസവുമില്ല.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം വരെ കാര്യമായ ജനവാസമില്ലാത്ത പ്രദേശമായിരുന്നു ആസ്സാം, സ്വദേശികളായ കുറച്ചു ഗിരിവര്‍ഗക്കാര്‍ മാത്രമായിരുന്നു അവിടെയുള്ളത്, വേസ്റ്റ്‌ലാന്‍ഡ് എന്നായിരുന്നു ബ്രിട്ടീഷുകാര്‍ ആസ്സാമിനെ വിളിച്ചുരുന്നത് തന്നെ. പിന്നീട്, ഫലസമ്പുഷ്ടമായ പ്രദേശം എന്ന നിലയില്‍ ബ്രിട്ടീഷുകാര്‍ കാര്യമായ തോതില്‍ തേയില കൃഷി ആരംഭിക്കുകയും അതില്‍ പണിയെടുക്കാന്‍ വേണ്ടി ബംഗാള്‍, ബീഹാര്‍, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്ന് പാവങ്ങളെ കൊണ്ട് വരികയും ചെയ്തു.

 

ഇതില്‍ ഭൂരിഭാഗവും ബംഗാളികളായിരുന്നു, അതിന്റെ കാരണം ബംഗാളില്‍ അക്കാലങ്ങളില്‍ നില നിന്നിരുന്ന ഭീകരമായ പട്ടിണിയും വെള്ളപ്പൊക്കങ്ങളും, അതോനോടനുബന്ധിച്ചുള്ള പകര്‍ച്ച വ്യാധികളും കൂട്ട മരണങ്ങളും ആയിരുന്നു. അതിനു ശേഷം ഇന്ത്യാ വിഭജന കാലത്തു ബംഗ്ലാദേശില്‍ ( അന്ന് പാകിസ്ഥാന്റെ ഭാഗം ) നിന്ന് ഭീകരമായ അതിക്രമങ്ങള്‍ നേരിട്ട ഹിന്ദുക്കള്‍ വലിയതോതില്‍ ബംഗാളിലേക്കും ആസ്സാമിലേക്കും പലായനം ചെയ്യുകയും ചെയ്തു .

ആസ്സാമിന്റ കുടിയേറ്റ ചരിത്രം അവസാനിക്കുന്നില്ല. 1971 ലെ ബംഗ്ലാദേശ് യുദ്ധ സമയത്തു ഏകദേശം ഒരു കോടി അഭയാര്‍ത്ഥികളാണ് ഇന്ത്യയിലേക്ക് വന്നത്. പിന്നീട് ഇന്ദിരഗാന്ധിയും മുജീബ് റഹ്മാനും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരം മിക്കവരും തിരിച്ചു പോയെങ്കിലും കുറേപേര്‍ ഇന്ത്യയില്‍ തുടര്‍ന്നു, ഭൂരിഭാഗവും ബംഗാളിലും ആസ്സാമിലും. ബംഗ്ലാദേശിലെ സാമ്പത്തിക സ്ഥിതി വളരെ മോശമായി തുടര്‍ന്ന എഴുപതുകളിലും എണ്‍പതുകളിലും വളരെ പേര്‍ ഇന്ത്യയിലേക്ക് വന്നിട്ടുണ്ടാകും , കൃത്യമായ കണക്കുകളില്ല.

കണക്കുകളില്ലാത്തതിന്റെ പ്രധാന കാരണം അതിര്‍ത്തിയുടെ നീളമാണ്. നാലായിരത്തില്‍പരം കിലോമീറ്റര്‍ നീളമുള്ള ഇന്ത്യ ബംഗ്ലാദേശ് ബോര്‍ഡര്‍ ലോകത്തില്‍ തന്നെ നാലാമത്തേതാണ്. ഇതില്‍ എണ്ണൂറ്റി അമ്പതു കിലോമീറ്റെര്‍ ആസ്സാമിലും. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ദൂരം ആകെ അഞ്ഞൂറില്‍ ചില്ലാനം കിലോമീറ്റര്‍ മാത്രമേ ഉള്ളൂ എന്ന് മനസ്സിലാക്കിയാല്‍ ഈ അതിര്‍ത്തിയുടെ വ്യാപ്തി മനസ്സിലാവും. ഈ അതിര്‍ത്തി സ്വാഭാവികമായി ഭൂമിശാസ്ത്രപരമായുണ്ടായുള്ള അതിര്‍ത്തിയല്ല , മനുഷ്യ നിര്‍മിത അതിര്‍ത്തിയാണ്. കൃത്യമായി പറഞ്ഞാല്‍ 1947 ല്‍ റാഡ്ക്ലിഫ് എന്ന സായിപ്പ് സ്വന്തം വീട്ടിലിരുന്നു വരച്ചുണ്ടാക്കിയ അതിര്‍ത്തി. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന പുസ്തകം വായിച്ചവര്‍ക്ക് കാര്യങ്ങള്‍ കൃത്യമായി മനസ്സിലാകും

 

മനുഷ്യ നിര്‍മിത അതിര്‍ത്തികള്‍ക്കൊരു പ്രശ്‌നമുണ്ട്. ഒരേ കുടുംബത്തില്‍ പെട്ടവര്‍, സുഹൃത്തുക്കള്‍, തലമുറകളുടെ ബന്ധമുള്ളവര്‍ ഒക്കെ അതിര്‍ത്തിയുടെ രണ്ടു ഭാഗത്തായിചിതറും. പക്ഷെ അവര്‍ ബന്ധങ്ങള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കും, അങ്ങോട്ടും ഇങ്ങോട്ടും പോയും വന്നും ഇരിക്കും, കാലങ്ങളോളം. പ്രത്യേകിച്ച്, ഒരു ഭാഗത്തു താരതമ്യേന കൂടുതല്‍ തൊഴില്‍അവസരങ്ങള്‍ ഉണ്ടെങ്കില്‍ ആ ഭാഗത്തേക്ക് കൂടുതല്‍ പേര്‍ വരും. അങ്ങനെ ബംഗ്ലാദേശില്‍ നിന്ന് 1971 നു ശേഷവും ഒട്ടേറെ പേര്‍ വന്നിട്ടുണ്ട്.

തൊണ്ണൂറുകള്‍ക്കു ശേഷം ബംഗ്ലാദേശ് സാമ്പത്തിക രംഗത്ത് ശക്തമായതോടെ ഇന്ത്യയിലേക്കുള്ള സാമ്പത്തിക ഉന്നമനം തേടിയുള്ള പ്രവാഹം ഏതാണ്ടില്ലാതായതായി കരുതാം. 2022 ഓട് കൂടി ബംഗ്ലാദേശിന്റെ പ്രതിശീര്‍ഷ വരുമാനം ഇന്ത്യയെക്കാളും കൂടുമെന്നാണ് കണക്ക്. ഇപ്പോള്‍ തന്നെ ബംഗ്ലാദേശിന്റെ മാനുഷിക വികസന സൂചികകള്‍ മിക്കവാറും ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ മേലെയാണ്.

ഒരു പാവപ്പെട്ട ബംഗ്ലാദേശിക്ക് ഇന്ത്യയിലുള്ള ജോലി സാദ്ധ്യതയേക്കാള്‍ കൂടുതല്‍ ഇപ്പോള്‍ ധാക്കയിലുണ്ട്. ജമാഅതെ ഇസ്ലാമി പോലുള്ള വംശീയആക്രമണങ്ങള്‍ നടത്തിയിരുന്ന സംഘടനകളെ സര്‍ക്കാരും ജനങ്ങളും ഒരു പോലെ നേരിടാന്‍ തുടങ്ങിയതോടെ ഹിന്ദു അഭയാര്‍ഥികളുടെ ഇന്ത്യയിലേക്കുള്ള പ്രവാഹം നിന്നിട്ടുണ്ട്. നിരവധി ജമാഅത്തെ ഇസ്ലാമി നേതാക്കളെയാണ് അടുത്ത കാലത്തു ജയിലിലടക്കുകയോ തൂക്കി കൊല്ലുകയോ ചെയ്തത് .

 

ഈ ചരിത്രങ്ങള്‍ക്കിടയില്‍ ഭൂമിശാസ്ത്രം മറന്ന് പോകരുത്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തില്‍ വീടുകളില്‍ ഭിക്ഷ യാചിക്കാന്‍ എല്ലാ കൊല്ലവും വരുന്ന ഒരു വിഭാഗം ഉണ്ടായിരുന്നു, ആസ്സാമിലെ വെള്ളപ്പൊക്കത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവര്‍. ഹിമാലയത്തില്‍ നിന്ന് കുത്തിയൊഴുകി വരുന്ന പല നദികളുണ്ട് ആസ്സാമില്‍. ബ്രഹ്മപുത്ര, ബാരാക് എന്നിവയാണ് പ്രധാനം. എല്ലാ വര്‍ഷവും ഭീകരമായ തോതില്‍ ഈ പുഴകള്‍ കവിഞ്ഞൊഴുകും.

അസ്സാമിലെ വെള്ളപ്പൊക്കം കേരളത്തിലെ വെള്ളപ്പൊക്കം പോലെയല്ല, വെള്ളപ്പൊക്കം കൊണ്ടുണ്ടാകുന്ന മണല്‍ കൂമ്പാരങ്ങള്‍ ആ പ്രദേശങ്ങളെ കൃഷിക്കും ജീവിതത്തിനും യോഗ്യമല്ലാതാക്കി തീര്‍ക്കും, പത്തു മുതല്‍ ഇരുപതു വര്‍ഷത്തോളമെടുക്കും ഈ പ്രദേശങ്ങള്‍ പഴയതു പോലെയാവാന്‍. ആസ്സാമില്‍ നാല്‍പതു ശതമാനത്തോളം പ്രദേശങ്ങള്‍ ഇങ്ങനെ പലപ്രാവശ്യം മാറി മറിഞ്ഞവയാണ്. അതിനിടയില്‍ പലപ്പോഴായുണ്ടായ ഭൂകമ്പങ്ങള്‍, കൊടുങ്കാറ്റുകള്‍ തുടങ്ങി നമ്മള്‍ കേരളീയര്‍ക്ക് സങ്കല്‍പ്പിക്കാന്‍ പറ്റാത്തത്ര പ്രാവശ്യം വീടും ജീവിക്കുന്ന പ്രദേശങ്ങളും ഇട്ടെറിഞ്ഞു പുതിയ സ്ഥലങ്ങളിലേക്ക് ചേക്കേറിയവരാണ് അസ്സാംകാര്‍. ഇവരോടാണ് തങ്ങളുടെ മുത്തച്ഛന്മാരും മുതുമുത്തച്ഛന്മാരും ജീവിച്ചിരുന്നതിന്റെ രേഖകള്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.

കേരളത്തിലെ ഞാന്‍ പഠിച്ച സ്‌കൂളില്‍ ഏകദേശം എല്ലാവരുടെയും ജനനതിയ്യതി മെയ് 31, മെയ് 30 , ജൂണ്‍ 1 എന്നൊക്കെയായിരുന്നു. ഇത്രയും പേര്‍ ഒരേ ദിവസം ജനിച്ചതല്ല. ആര്‍ക്കും ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതു കൊണ്ട് ഹെഡ്മാസ്റ്റര്‍മാര്‍ സൗകര്യപ്രദമായ ഒരു തീയതി സ്വയം എഴുതുന്നതാണ്. എന്റെ സുഹൃത്തുക്കളില്‍ പലര്‍ക്കും മുത്തശ്ശന്റെയോ മുത്തശ്ശിയുടെയോ പേര് അറിയില്ല, മുതമുത്തശ്ശന്റെ പേര് ആര്‍ക്കും അറിയില്ല.

 

1957 നു മുമ്പ് കുറച്ചു ജന്മികള്‍ ഒഴിച്ച് ആര്‍ക്കും ഭൂമി ഉണ്ടായിരുന്നില്ല. 1970 നു മുന്‍പ് റേഷന്‍ കാര്‍ഡ് വ്യാപകമായിരുന്നില്ല. പ്രത്യേകിച്ച് കുടിയേറ്റങ്ങളൊന്നും നടക്കാത്ത, നൂറ്റാണ്ടുകളായി ഒരേ സ്ഥലത്തു ജീവിക്കുന്ന കേരളത്തില്‍ എത്ര പേര്‍ക്ക് 50 കൊല്ലം മുമ്പ് നമ്മുടെ മുതു മുത്തച്ഛന്മാര്‍ ഇവിടെ താമസിച്ചതിന്റെ രേഖ ഹാജരാക്കാന്‍ പറ്റും? അതാലോചിക്കുമ്പോഴാണ് 2.90 കോടി ആളുകള്‍ ആസ്സാമില്‍ പൗരത്വം തെളിയിച്ചു എന്നത് നമ്മെ അത്ഭുത പെടുത്തുന്നത്. അവരെ ഇനി ആരും അനധികൃത കുടിയേറ്റക്കാര്‍ എന്ന് വിളിക്കില്ല. ധൈര്യമായി സര്‍ക്കാര്‍ ഓഫീസുകളിലും പോലീസ് സ്റ്റേഷനുകളിലും കയറി ചെല്ലാം. ജോലിക്ക് അപേക്ഷിക്കാം, വിവാഹം രജിസ്റ്റര്‍ ചെയ്യാം, കുഞ്ഞുങ്ങളെ സ്‌കൂളില്‍ചേര്‍ക്കാം. അവര്‍ക്കിപ്പോള്‍ രേഖയുണ്ട്, സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒപ്പിട്ടു നല്‍കിയ പത്തരമാറ്റ് രേഖ, ആര്‍ക്കും എവിടെ നിന്നും ഇന്റര്‍നെറ്റ് വഴി പരിശോധിക്കാവുന്നത്.

ഇനി ബാക്കി 40 ലക്ഷം പേരുടെ കാര്യം. ഇത്രയും പേര്‍ പുറത്തായത് ഫൈനല്‍ ഡ്രാഫ്റ്റില്‍ നിന്നാണ്. ഡ്രാഫ്റ്റ് ഫൈനല്‍ ആവില്ല, ഫൈനല്‍ ഡ്രാഫ്റ്റും. ഏതോ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഇട്ട പേരായിരിക്കും, അതാണീ വൈരുധ്യം. ഏതായാലും ഇതിനു മുമ്പും ഒരു ഡ്രാഫ്റ്റ് ഉണ്ടായിരുന്നു. അതില്‍ ഇല്ലാത്ത ഭൂരിപക്ഷം ഇപ്പോഴത്തെ ലിസ്റ്റില്‍ ഉണ്ട്. ഇപ്പോള്‍ ഉള്ള ഡ്രാഫ്റ്റില്‍ ഉള്‍പെടാത്തവര്‍ക്ക് അടുത്ത ലിസ്റ്റില്‍ കയറാന്‍ പറ്റും.

1951 ലെ സെന്‍സസിലോ 1971 ലെ വോട്ടേഴ്സ് ലിസ്റ്റിലോ പെട്ട എല്ലാവരുടെയും പിന്‍ തലമുറക്ക് അടുത്ത ലിസ്റ്റില്‍ കയറാന്‍ പറ്റും. ആസ്സാമില്‍ ആദ്യം പറഞ്ഞ പല കാരണങ്ങള്‍ കൊണ്ട് ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് നീങ്ങേണ്ടി വന്നവര്‍ക്കാണ് പ്രധാനമായി പാരമ്പര്യം കണ്ടു പിടിക്കാന്‍ കഴിയാതെപോയത്. ഇപ്പോഴത്തെ ഡ്രാഫ്റ്റില്‍ കുടുംബത്തിലെ ആരെങ്കിലും ഉണ്ടെങ്കില്‍ മറ്റുള്ളവര്‍ക് ഇനി അവര്‍ കൊടുത്ത അതേ കുടുംബ ചാര്‍ട്ട് സമര്‍പ്പിച്ചാല്‍ മതിയാകും. ഇപ്പോള്‍ നമ്മള്‍ കേള്‍ക്കുന്ന മിക്കവാറും പരാതികള്‍ അതോടെ ഇല്ലാതാവും.

 

ബംഗാളില്‍ നിന്നും ബിഹാറില്‍ നിന്നും കുടിയേറിവര്‍ക്ക് അവരവരുടെ സംസ്ഥാനങ്ങളില്‍ നിന്നുള്ള പാരമ്പര്യ രേഖകള്‍ കിട്ടുന്ന മുറക്ക് അതും സമര്‍പ്പിക്കാം. നേപ്പാളില്‍ നിന്ന് വന്നവര്‍ക്കു അവരുടെ എംബസ്സികളിലൂടെ ഫാമിലി ചാര്‍ട് ലഭിച്ചേക്കും, ബുദ്ധിമുട്ടാണെങ്കിലും. വരാന്‍ പോകുന്ന ലിസ്റ്റ് ഫൈനല്‍ ലിസ്റ്റ് ആണെന്ന് പറയുന്നുണ്ടെങ്കിലും അതും ഫൈനല്‍ അല്ല എന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ പെടാത്തവര്‍ക്ക് ഫോറിന്‍ ട്രിബ്യൂണ്‍, അത് കഴിഞ്ഞു ഹൈക്കോടതി, അത് കഴിഞ്ഞു സുപ്രീം കോടതി എന്നിവയില്‍ പോകാം. ഡി.എന്‍.എ ടെസ്റ്റ് പോലുള്ള ആധുനിക രീതികള്‍ക്കായി അപേക്ഷ കൊടുക്കാം .

ഏതായാലും ഇതെല്ലാം കഴിയുമ്പോഴും കുറെ പേര്‍ പുറത്തുണ്ടാവും. അഞ്ചു ലക്ഷത്തില്‍ താഴെ എന്നാണ് ആസ്സാം ഒരു പാട് കാലമായി നിരീക്ഷിക്കുന്ന ശേഖര്‍ ഗുപ്ത പറയുന്നത്, ചില മലയാളി നിരീക്ഷകര്‍ പറയുന്നത് എട്ട് ലക്ഷത്തിനടുത്ത് എന്നാണ്. നമുക്ക് വലിയ സംഖ്യ തന്നെയെടുക്കാം, എട്ട് ലക്ഷം. ഈ എട്ടു ലക്ഷത്തില്‍ നാല് ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ തന്നെ മാപ്പു കൊടുത്തതിനു ശേഷം പൗരന്മാരാക്കും. കാരണം ഹിന്ദു, ബുദ്ധ, സിഖ്, ജെയിന്‍ മതങ്ങളില്‍ പെട്ട കുടിയേറ്റക്കാര്‍ക്ക് പൗരത്വം കൊടുക്കാനുള്ള ബില്ല് മോഡി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കുകയാണ്, കടുത്ത എതിര്‍പ്പ് ആസ്സാമീസ് വംശജര്‍ക്കിടയില്‍നിന്നും ഉയരുന്നുണ്ടെങ്കിലും ഇത് നടപ്പാവാനാണ് വഴി. എട്ടു ലക്ഷത്തില്‍ പകുതി പേര്‍ അങ്ങനെ രക്ഷപ്പെടും.

ബാക്കി നാല് ലക്ഷം പേര്‍. അവരെ ബംഗ്ലാദേശിലേക്ക് അയക്കുമെന്ന് ബി.ജെ.പി ക്കാര്‍ പറഞ്ഞു നടക്കുന്നുണ്ടെങ്കിലും ഇന്ത്യ ബംഗ്ലാദേശിനോട് അങ്ങനെ ഒരു ആവശ്യം ഉന്നയിച്ചിട്ടില്ല എന്ന് മാത്രമല്ല, കഴിഞ്ഞയാഴ്ച നടന്ന ഇന്ത്യ-ബംഗ്ലാദേശ് അംബാസ്സഡര്‍മാരുടെ യോഗത്തില്‍ ഇന്ത്യ ഭാവിയിലും അത്തരം ഒരു ആവശ്യം ഉന്നയിക്കില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ കാരണമാണ് രസകരം, ഇന്ത്യക്ക് ഒരു രാജ്യവുമായും അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുന്നതിനായി ഒരു കരാറും ഒപ്പിടുന്നത് പ്രായോഗികമല്ല.

 

അമേരിക്കയില്‍ അനധികൃത കുടിയേറ്റത്തില്‍ ഇന്ത്യക്കാര്‍ രണ്ടാമതാണ്, കാനഡ, ബ്രിട്ടണ്‍, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവയില്‍ ഏറ്റവും കൂടുതല്‍ അനധികൃത കുടിയേറ്റക്കാര്‍ ഉള്ളത് ഇന്ത്യയില്‍ നിന്നാണ്. അത് കൊണ്ടാണ് കഴിഞ്ഞ യു.കെ സന്ദര്‍ശനത്തിനിടയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി അവരുടെ നിര്‍ബന്ധമുണ്ടായിട്ടും അത്തരം ഒരു കരാറില്‍ നിന്ന് പിന്മാറിയത്. ഇന്തോനേഷ്യ, മലേഷ്യ, ദക്ഷിണാഫ്രിക്ക, ട്രാന്‍സാനിയ തുടങ്ങിയ രാജ്യങ്ങളിലെ രാഷ്ട്രീയക്കാര്‍ ഇന്ത്യന്‍ വംശജര്‍ക്കെതിരെ കാര്യമായ വിദ്വേഷ പ്രചാരണം നടത്തുന്നുണ്ട്.

സോഷ്യല്‍ മീഡിയ യുഗത്തില്‍ വിദ്വേഷ രാഷ്ട്രീയം എത്രത്തോളും ഗുണം ചെയ്യുമെന്ന് ഇപ്പോഴത്തെ ഇന്ത്യന്‍ ഗവണ്‍മെന്റിനു ആരും പറഞ്ഞു കൊടുക്കണ്ട കാര്യമില്ല. അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ പുറത്താക്കണമെന്ന് ബംഗ്ലാദേശില്‍ വരെ ആവശ്യം ഉയരുന്നുണ്ട്, ചിരിപ്പിക്കാന്‍ പറഞ്ഞതല്ല, റിസര്‍വ് ബാങ്കിന്റെ കണക്ക് പ്രകാരം ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്കുള്ള റെമിറ്റന്‍സ് ഒരു ബില്യണ്‍ ഡോളറിനു മേലെയാണ്

നാല് ലക്ഷത്തിലേക്ക് തിരിച്ചു വരാം. ഇന്ത്യന്‍ ഗവര്‍മെന്റ് മിക്കവാറും ചെയ്യാന്‍ പോകുന്നത് അവര്‍ക്ക് പത്തോ ഇരുപതോ വര്‍ഷത്തേക്ക് വര്‍ക്ക് പെര്‍മിറ്റ് കൊടുക്കുക എന്നതാണ്. അവരുടെ ജീവിതം ഇപ്പോഴുള്ളതിനേക്കാളും മെച്ചമാകാനേ അത് ഉപകരിക്കൂ. ഇപ്പോള്‍ അവരുടെ ജീവിതം ഏതായാലും നരകമാണ്. ഒരു രേഖയും ഇല്ലാത്തതു കൊണ്ട് തുച്ഛമായ കൂലിക്കു ജോലി ചെയ്ത് പൊലീസുകാരെ പേടിച്ചു ജീവിക്കുന്നവരാണവര്‍. വര്‍ക്ക് പെര്‍മിറ്റ് ലഭിച്ചാല്‍ പോലീസുകാരെയോ നാട്ടുകാരെയോ പേടിക്കാതെ ജോലി ചെയ്തു ജീവിക്കാം, കല്യാണം കഴിക്കാം, കുട്ടികളുണ്ടായാല്‍ അവര്‍ക്ക് ഇന്ത്യന്‍ പൗരത്വം സ്വാഭാവികമായും ലഭിക്കുകയും ചെയ്യും.

 

ഇനി ശാപത്തിന്റെ കാര്യം പറയാം – ലോകത്തിലെ ഏറ്റവും ക്രൂരമായ ഹിറ്റ്‌ലര്‍ ഭരണകൂടം പോലും സ്വന്തം നാട്ടുകാരോട് സര്‍ക്കാര്‍ ഓഫീസിനു മുമ്പില്‍ വരി വരിയായി നിന്ന് പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. ലോകത്തിലെങ്ങും അനധികൃതമായോ അധികൃതമായോ ജീവിക്കുന്ന ( ഈ രണ്ടു വാക്കുകള്‍ തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല വിദ്വേഷ രാഷ്ട്രീയക്കാര്‍ക്ക് സംശയമുള്ളവര്‍ ഡൊണാള്‍ഡ് ട്രംപിന്റെ പ്രസംഗങ്ങള്‍ കേട്ടാല്‍ മതി ) ഇന്ത്യക്കാരോട് അതാതു നാട്ടുകാര്‍ എങ്ങനെ പെരുമാറണമെന്ന് നമ്മള്‍ തന്നെ കാണിച്ചു കൊടുക്കുകകയാണ്.

പിന്‍കുറിപ്പ് : പശുവിനെ പറ്റി പറയാതെ ഒന്നും പൂര്‍ത്തിയാവില്ല ഇന്ത്യയില്‍. അതിര്‍ത്തിയുടെ ബംഗ്ലാദേശ് ഭാഗത്തു നൂറു കണക്കിന് ഇറച്ചി സംസ്‌കരണ ഫാക്ടറികളാണ് കഴിഞ്ഞ മൂന്നാലു വര്‍ഷമായി ഉയര്‍ന്നു വന്നിരിക്കുന്നത്. ലക്ഷക്കണക്കിന് ബി.എസ്.എഫുകാര്‍ കാവല്‍ നില്‍ക്കുന്ന അതിര്‍ത്തിയിലൂടെ പതിനായിരക്കണക്കിന് പശുക്കളാണ് ബംഗ്ലാദേശിലേക്ക് പോകുന്നത്. ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും സര്‍ക്കാരുകള്‍ അറിഞ്ഞു കൊണ്ട് നാട്ടുകാരെ പൊട്ടന്മാരാക്കുന്ന ഈ പശു കടത്തില്ലായിരുന്നെങ്കില്‍ കൃഷിക്കാര്‍ അഴിച്ചു വിടുന്ന കറവ വറ്റിയ പശുക്കളെ കൊണ്ട് ഇന്ത്യന്‍ ഗ്രാമങ്ങള്‍ എന്നേ നിറഞ്ഞേനേ.

ഫാറൂഖ്
ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ