എസ്സേയ്‌സ്/പി.എം ജയന്‍
വികനസനപദ്ധതി വരുന്നെന്ന് സര്‍ക്കാര്‍ പ്രചരിപ്പിക്കുക, ജനകീയ അനുവാദമില്ലാതെ ബലം പ്രയോഗിച്ചും രക്തം ചിന്തിയും ഭൂമി പിടിച്ചെടുത്ത് സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറുക. നന്ദിഗ്രാം മോഡലിലുള്ള ഈ വികനസരീതി കേരളത്തില്‍ അടിച്ചേല്‍പ്പിച്ചതിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഇന്നും മലയാളികള്‍ക്ക് കിനാലൂര്‍. കിനാലൂരിലെ പദ്ധതിപ്രദേശത്തേക്കുള്ള നാലുവരിപ്പാതയ്ക്കായി ജനവികാരം മാനിക്കാതെ ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചതാണ് പ്രശ്‌നത്തിന് തുടക്കം. ഭൂമി ഏറ്റെടുക്കലിനെതിരായ ജനരോഷത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തിയതോടെ കേരളീയ പൊതുസമൂഹം ഒന്നടങ്കം സര്‍ക്കാരിന്റെ കാടന്‍ സമീപനത്തിനെതിരായി.
സമരത്തില്‍ പങ്കെടുത്തവര്‍ കടുത്ത മര്‍ദ്ദനത്തിനിരയാകുകയും നിരവധി കേസുകളില്‍ പ്രതി ചേര്‍പ്പെടുകയും ചെയ്തു. നിക്ഷിപ്ത താല്‍പ്പര്യവുമായി കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഉയര്‍ത്തികൊണ്ടുവന്ന കിനാലൂര്‍ പദ്ധതി ജനകീയസമരം കത്തിപ്പിടിച്ചതിനെതുടര്‍ന്ന് ഉപേക്ഷിച്ച മട്ടാണിപ്പോള്‍. എങ്കിലും വികസന പ്രശ്‌നത്തോടുള്ള സര്‍ക്കാരിന്റെയും ജനങ്ങളുടേയും രാഷ്ട്രീയപാര്‍ട്ടികളുടേയും സമീപനം, പരിസ്ഥിതിയും വികസനവും തമ്മിലുള്ള പൊരുത്തവും പൊരുത്തക്കേടും എന്നിങ്ങനെ വിവിധ വശങ്ങളെക്കുറിച്ചുള്ള ചര്‍ച്ച കിനാലൂരിനുശേഷമാണ് പൊതുസമൂഹം ഏറ്റെടുത്തത് എന്ന് പറയാം.
കോഴിക്കോട് ജില്ലയിലെ പനങ്ങാട് പഞ്ചായത്തിലാണ് കിനാലൂര്‍ വ്യവസായ വികസന കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ മലേഷ്യന്‍ കമ്പനിയുടെ വന്‍ വ്യവസായ സമുച്ചയം വരുന്നുണ്ടെന്ന് പറഞ്ഞ് 26 കി.മീ ദൂരം വരുന്ന നാലുവരി പാത നിര്‍മ്മിക്കാന്‍ നടപടി തുടങ്ങിയതാണ് സമരത്തിന് നാന്ദിയായത്. 2010ല്‍ എല്‍.ഡി.എഫ് സര്‍ക്കാരിലെ വ്യവസായ മന്ത്രി എളമരം കരീമിന്റെ താല്‍പ്പര്യപ്രകാരമാണ് ഇവിടേക്കുള്ള നാലുവരിപ്പാതയ്ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ സര്‍വ്വെ തുടങ്ങിയത്. റോഡിനുവേണ്ടി മെയ് ആറിന് ഉദ്യോഗസ്ഥര്‍ സര്‍വ്വേ നടത്താനെത്തിയതോടെ പ്രദേശവാസികള്‍ അവരെ തടയുകയും അതിനെതുടര്‍ന്ന് സമരക്കാരെ അതിക്രൂരമായി പൊലീസ് നേരിടുകയുമായിരുന്നു.
സ്ത്രീകളും പിഞ്ചുകുട്ടികളും വൃദ്ധന്‍മാരുമടങ്ങുന്ന തദ്ദേശവാസികള്‍ക്കുനേരെ ഗ്രനേഡെറിയുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. ഇതിനു പന്നാലെ ശക്തമായ ലാത്തിചാര്‍ജ്ജും അരങ്ങേറിയതോടെ, മാധ്യമങ്ങള്‍ ജാഗ്രത പാലിച്ചതോടെ കേരളമൊന്നടങ്കം കിനാലൂരിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. കാര്യമായ പ്രകോപനമില്ലാതെയാണ് പോലീസ് സമരക്കാര്‍ക്കുനേരെ അന്ന് അഴിഞ്ഞാടിയത്. പ്രദേശത്തെ വീടുകളും അവിടങ്ങളില്‍ നിര്‍ത്തിയിട്ട വാഹനങ്ങളും തല്ലിത്തകര്‍ക്കപ്പെട്ടു. സംഭവമറിഞ്ഞ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ സര്‍വ്വെ നടപടി നിര്‍ത്തിവെക്കാനും പൊലീസിനെ പ്രദേശത്തുനിന്ന് പിന്‍വലിക്കാനുമുള്ള അടിയന്തിര ഉത്തരവിറക്കി. മുഖ്യമന്ത്രി ധൃതി പിടിച്ച് അത്തരമൊരു തീരുമാനം എടുത്തിരുന്നില്ലെങ്കില്‍ കിനാലൂര്‍ മറ്റൊരു നന്ദിഗ്രാമായി മാറുമായിരുന്നു.
സംഭവമറിഞ്ഞ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ സര്‍വ്വെ നടപടി നിര്‍ത്തിവെക്കാനും പൊലീസിനെ പ്രദേശത്തുനിന്ന് പിന്‍വലിക്കാനുമുള്ള അടിയന്തിര ഉത്തരവിറക്കി. മുഖ്യമന്ത്രി ധൃതി പിടിച്ച് അത്തരമൊരു തീരുമാനം എടുത്തിരുന്നില്ലെങ്കില്‍ കിനാലൂര്‍ മറ്റൊരു നന്ദിഗ്രാമായി മാറുമായിരുന്നു.
സി.പി. എമ്മിന്റെ കോഴിക്കോട് ജില്ലാനേതാക്കളുടെ പിന്തുണയില്‍ “കിനാലൂര്‍ വികസന സമിതി” എന്ന കമ്മിറ്റിയുണ്ടാക്കി സര്‍വ്വെ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ചിരുന്നു. കോഴിക്കോട് ജില്ലാ കെ.ഡി.സി ബാങ്ക് പ്രസിഡണ്ടും ജില്ലയിലെ സി.പി.എമ്മിന്റെ പ്രധാന നേതാവുമായ എം. മെഹബൂബ്, ഏരിയാ ലോക്കല്‍ സെക്രട്ടറിമാര്‍, ഡി.വൈ. എഫ്.ഐ നേതാക്കള്‍, പനങ്ങാട് പഞ്ചായത്ത് ഭരണസമിതിക്കാര്‍ എന്നിവര്‍ കൂട്ടമായി വന്ന് പോലീസ് അഴിഞ്ഞാട്ടത്തിനും സര്‍വ്വേയ്ക്കും കൂട്ടുനിന്നു. വീടുകളില്‍ കയറി ഭീഷണിപ്പെടുത്തിയും മറ്റും നാട്ടുകാരെ സര്‍വ്വേയ്ക്ക് അനുകൂലമാക്കാന്‍ ഇവര്‍ സമ്മര്‍ദ്ദം ചെലുത്തുകയുമുണ്ടായി.
കിനാലൂരില്‍ സ്ഥിതി ചെയ്തിരുന്ന കൊച്ചിന്‍ മലബാര്‍ റബ്ബര്‍ എസ്റ്റേറ്റിലെ കെ.എസ്.ഐ.ഡി.സി ഏറ്റെടുത്ത 270 ഏക്കര്‍ സ്ഥലത്ത് സി.ഐ.ഡി.ബി എന്ന മലേഷ്യന്‍ കമ്പനി ഒരു ഉപഗ്രഹ നഗരം സ്ഥാപിക്കുമെന്നും അതില്‍ ഗോള്‍ഫ് മൈതാനം, മസ്സാജ് സെന്റര്‍, ഹെല്‍ത്ത് ക്ലബ്ബ്, സ്വിമ്മിംഗ്പൂള്‍, നക്ഷത്ര ആശുപത്രി തുടങ്ങി സ്ഥാപനങ്ങള്‍ ആരംഭിക്കുമെന്നുമാണ് ആദ്യഘട്ടത്തില്‍ മന്ത്രി എളമരം കരീമും കൂട്ടരും പ്രചരിപ്പിച്ചത്. അതിനായി മലേഷ്യന്‍ മരാമത്ത് വകുപ്പുമന്ത്രി സ്വാമി വേലുവിനെയും സംഘത്തേയും 2007 സെപ്തംബര്‍ 10 ന് കോഴിക്കോട് സ്റ്റാര്‍ ഹോട്ടലില്‍ കൊണ്ടുവന്ന് കെ.എസ്.ഐ.ഡി.സി തലവന്‍ പി.എച്ച്. കുര്യന്‍ എം.ഒ.യു ഒപ്പിട്ടു.
കരാര്‍ പ്രകാരം ഉപഗ്രഹനഗരം സ്ഥാപിക്കണമെങ്കില്‍ കോഴിക്കോട് നിന്ന് ഏറ്റവും കുറഞ്ഞ ദൂരത്തില്‍ നാലുവരി സമര്‍പ്പിത പാതയും അതില്‍ മോണോ റെയിലും 30 മീറ്റര്‍ വീതിയില്‍ റോഡും കോഴിക്കോട് വിമാനത്താവളത്തിനടുത്ത് 50 ഏക്കര്‍ സ്ഥലവും ഡിമാന്റ് ചെയ്യപ്പെട്ടു. ഇതിനുവേണ്ടി വില്‍ബര്‍ സ്മിത്ത് എന്ന അമേരിക്കന്‍ കമ്പനിയെ കണ്‍സള്‍ട്ടന്‍സിയായി നിശ്ചയിച്ച് റോഡിന്റെ സാധ്യതാ പഠനം അതിവേഗത്തിലാക്കി. ആദ്യം പറഞ്ഞ ഉപഗ്രഹനഗര പദ്ധതി പിന്നീട് മലേഷ്യന്‍ ഹെല്‍ത്ത് സയന്‍സ് അക്കാദമിയുടെ എഡ്യൂസിറ്റിയും, മെഡി സിറ്റിയുമായി മാറി. മെഡിക്കല്‍ കോളജും നഴ്‌സിങ്ങ് കോളജും ഗുളിക ഫാക്ടറിയും ഐ.ടി. കേന്ദ്രവുമൊക്കെ സ്ഥാപിക്കുമെന്ന് മന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു.
റോഡിന്റെ സാധ്യതാ പഠന റിപ്പോര്‍ട്ടും എം.ഒ.യു അടക്കമുള്ള അനുബന്ധ രേഖകളും ജില്ലാ കലക്ടര്‍ കേരള മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചു. പദ്ധതികളുടെ പ്രഖ്യാപനത്തിലുണ്ടായ അവ്യക്തതയും അതിനു പിന്നിലെ റിയല്‍ എസ്റ്റേറ്റ് മാഫിയാ ബന്ധങ്ങളും ബോധ്യമായതോടെയാണ് റോഡ് സര്‍വ്വേ പ്രദേശവാസികള്‍ തടഞ്ഞത്.
സാധ്യതാ പഠനത്തിനും പദ്ധതി പ്രഖ്യാപനത്തിനും മുമ്പുതന്നെ ചേളന്നൂര്‍, കാക്കൂര്‍, നന്മണ്ട ഭാഗങ്ങളിലെ കുന്നുകള്‍ ദൂരദേശങ്ങളിലുള്ളവര്‍ വാങ്ങിക്കൂട്ടിയിരുന്നു. പദ്ധതി പ്രഖ്യാപിച്ചപ്പോഴേക്കും കുന്നുകള്‍ക്ക് തീ വിലയായി മാറി. കിനാലൂര്‍ പ്രദേശത്തെ ഭൂമി വില്‍പന കരാറുകള്‍ പൊടി പൊടിച്ചുവെന്ന് പറയാം.
അടുത്ത പേജില്‍ തുടരുന്നു
വില്‍ബര്‍ സ്മിത്തുകാര്‍ തയ്യാറാക്കി വ്യവസായ വകുപ്പിന് നല്‍കിയ സാധ്യതാപഠനമനുസരിച്ച് 26 കിലോമീറ്റര്‍ നീളത്തില്‍ കോഴിക്കോട് നഗരത്തിനടുത്ത് മാവിളിക്കടവിലെ 2 വരി ദേശീയ പാതയുടെ ബൈപാസില്‍ നിന്ന് 4 വരിയില്‍ കിനാലൂരിലേക്ക് പാതയുണ്ടാക്കണം. ഇതില്‍ 24 കിലോമീറ്ററും പുതിയ പാതയാണ്. കക്കോടി, ചേളന്നൂര്‍, കാക്കൂര്‍, നന്മണ്ട, ഉണ്ണികുളം, പനങ്ങാട് പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പാത 75 ശതമാനവും വയലുകളിലൂടെയാണ്. ഏകദേശം 625 ഏക്കറില്‍ 17 കിലോമീറ്റര്‍ സ്ഥലം വയലുകളും തണ്ണീര്‍ത്തടങ്ങളുമാണ്. അഞ്ച് – ആറ് മീറ്റര്‍ ഉയരത്തില്‍ മണ്ണിട്ട് നികത്തി മാത്രമേ റോഡ് വെട്ടാന്‍ കഴിയുകയുള്ളൂ.
മഴക്കാലത്ത് വെള്ളക്കെട്ടുകളുള്ള ഈ പ്രദേശങ്ങളില്‍ 1200 വീടുകളെങ്കിലും വെള്ളത്തിനടിയിലാവും. കക്കോടിക്കടുത്ത ഭൂവിതാനം താഴ്ന്ന സ്ഥലമായ മോരിക്കരയില്‍ 700 കുടുംബങ്ങളെയെങ്കിലും മാറ്റി താമസിപ്പിക്കേണ്ടിവരും. പ്രസ്തുത പ്രദേശത്ത് കുറ്റിയാടി പദ്ധതിയിലെ അണക്കെട്ടിലെ വെള്ളം തിരിച്ചുവിടുന്ന കനാലുകള്‍ വന്നുചേരുന്ന സ്ഥലവും പൂനൂര്‍ പുഴയിലെ വെള്ളം ഉയര്‍ന്നാല്‍ മഴക്കാലത്ത് രണ്ട്, മൂന്ന് മീറ്റര്‍ ഉയരത്തില്‍ വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലവുമാണ്. കൂടാതെ മേല്‍പറഞ്ഞ പാത കടന്നുപോകുന്ന സ്ഥലങ്ങളില്‍ 350 കുടുംബങ്ങളെയെങ്കിലും നേരിട്ട് കുടിയൊഴിപ്പിക്കേണ്ടിവരും. ഇതിനൊക്കെ പുറമെ നൂറുകണക്കിന് ജലവിതരണ പദ്ധതികള്‍, നീര്‍ച്ചാലുകള്‍, തോടുകള്‍, കിണറുകള്‍ എന്നിവ തകരാറിലാവും. നെല്‍വയല്‍ – നീര്‍ത്തട സംരക്ഷണ നിയമം നിലനില്‍ക്കുന്ന ഈ സംസ്ഥാനത്ത് ഇത്രയേറെ വയലുകള്‍ എന്തിനുവേണ്ടി നികത്താന്‍ പോകുന്നു എന്ന ചോദ്യത്തിന് മന്ത്രി എളമരം കരീമിനും സി.പി.എം നേതൃത്വത്തിനും കൃത്യമായ മറുപടിയില്ലായിരുന്നു. “വികസനമല്ലേ” വരുന്നത് പലരും വഴിമാറിക്കൊള്ളണമെന്ന പരോക്ഷഭീഷണിമാത്രമാണ് അവരില്‍ നിന്നുണ്ടായത്.
നിരവധി പേരുടെ വീടും സ്ഥലവും നഷ്ടപ്പെടുന്നതും പാരിസ്ഥിതിക ആഘാധവും ശ്രദ്ധയില്‍ പെട്ടതോടെ പ്രദേശത്തെ വിയോജിപ്പ് പ്രകടിപ്പിക്കാനായി പ്രാദേശികനേതൃത്വത്തില്‍ കൂട്ടായ്മ രൂപംകൊണ്ടു. മോരിക്കര ഭാഗത്ത് ദേവദാസ് മോരിക്കരയുടെ നേതൃത്വത്തില്‍ ആരംഭിച്ച ജനകീയ സമിതിയും പിന്നീട് കിനാലൂര്‍ വരെയുള്ള സമര സമിതികള്‍ നന്മണ്ടയിലെ റിട്ടയേര്‍ഡ് അധ്യാപകന്‍ കെ. റഹ്മത്തുള്ള മാസ്റ്ററുടെ നേതൃത്വത്തില്‍ ജനജാഗ്രതാ സമിതിയായും മാറി. ഇവര്‍ ശക്തമായ സമരപരിപാടികളുമായി പ്രശ്‌നത്തെ നാടിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവന്നു.
പ്രശ്‌നം ജില്ലാ കലക്ടറുടെ മുന്നിലുമെത്തി. കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ജനജാഗ്രതാസമിതി പ്രതിനിധികളെ ഭീഷണിപ്പെടുത്തുന്ന സമീപനമായിരുന്നു എടുത്തത്. ഇതോടെ പനങ്ങാട് പഞ്ചായത്തിലെ ഇടതുമുന്നണി ഘടക കക്ഷികള്‍ ഒഴികെയുള്ള യു.ഡി.എഫും, ബി.ജെ.പി യും, സോളിഡാരിറ്റിയും, സമാജവാദി ജനപരിഷത്തും കൂടിച്ചേര്‍ന്നുകൊണ്ട് ജനകീയ ഐക്യവേദിയായി സമരവേദി ശക്തിപ്പെടുത്തി.(സമരക്കാരെ അടിച്ചമര്‍ത്തുന്നതില്‍ നേതൃത്വം കൊടുത്ത മന്ത്രി എളമരം കരീമിന് ഇക്കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ പിന്തുണ കൊടുത്തതിന്റെ പേരില്‍ സോളിഡാരിറ്റിയെ ജനകീയ ഐക്യവേദിയില്‍ നിന്ന് ഇപ്പോള്‍ പുറത്താക്കി) കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരനും, സമാജവാദി ജനപരിഷത്ത് നേതാവ് അഫ്‌ളാത്തൂണ്‍, സുന്ദര്‍ലാല്‍ ബഹുഗുണ എന്നിവരെല്ലാം സമരസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് സമരത്തിന് വീര്യം പകര്‍ന്നു. ഇതിനു പുറമെ കേരളശാസ്ത്രസാഹിത്യ പരിഷത്തും വിവിധ രീതിയില്‍ സമരത്തിന് പിന്തുണ നല്‍കി.
2500 കോടി മുതല്‍മുടക്കി 15,000 പേര്‍ക്ക് പ്രത്യക്ഷമായും അത്രയും പേര്‍ക്ക് പരോക്ഷമായും തൊഴില്‍ എന്ന പരസ്യവുമായാണ് നാലുവരിപ്പാതയ്ക്കായി മന്ത്രി എളമരവും സംഘവും രംഗത്തിറങ്ങിയത്. എന്നാല്‍ മലേഷ്യക്കാരനുമായി ഉണ്ടാക്കിയ എം.ഒ.യു 2008 ല്‍ കാലാവധി കഴിഞ്ഞ വിവരം മറച്ചുവെച്ചുകൊണ്ടാണ് വീണ്ടും നാലുവരിക്കായി വ്യവസായമന്ത്രിയും മറ്റും രംഗത്തെത്തിയതെന്ന പിന്നീട് വെളിപ്പെട്ടു.
ജനജാഗ്രതാ സമിതിയും കേരളശാസ്ത്രസാഹിത്യ പരിഷത്തും മുന്നോട്ട് വെച്ച ബദല്‍ റോഡ് നിര്‍ദ്ദേശവും ഇവര്‍ മുഖവിലക്കെടുത്തില്ല. സി.പി.എം അനുഭാവികള്‍ അടക്കമുള്ള ശാസ്ത്രസാഹിത്യപരിഷത്ത് മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ ഗൗനിച്ചില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഭാവി സാധ്യതകള്‍കൂടി കണക്കിലെടുത്ത് കിനാലൂരിലേ കൊച്ചിന്‍-മലബാര്‍ എസ്‌റ്റേറ്റ് വക ഭൂമി പൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുക്കണം, ഇതിനിടയില്‍ ഇവിടെ എസ്റ്റേറ്റില്‍ നടന്ന അനധികൃതകൈമാറ്റങ്ങള്‍ റദ്ദാക്കണം, വ്യവസായകേന്ദ്ര-എസ്റ്റേറ്റ് ഗേറ്റ്-എസ്റ്റേറ്റ്മുക്ക്-താമരശ്ശേരി ചുങ്കം ആയിരിക്കും ഏറ്റവും അനുയോജ്യമായ റോഡ്(ബദല്‍ റോഡ്‌നിര്‍ദ്ദേശം), പുതിയ റോഡിനുള്ള ഏതൊരു നീക്കവും വിശദമായ പരിസ്ഥിത ആഘാതപത്രിക തയ്യാറാക്കി പൊതുജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്തതിനുശേഷമേ പാടുള്ളൂ എന്നിവയായിരുന്നു പരിഷത് സര്‍ക്കാരിനു മുമ്പാകെ വെച്ചത്. ഇതൊന്നും മുഖവിലയക്കെടുക്കാതെ സര്‍ക്കാര്‍ പിന്നീടും അതേ തീരുമാനത്തില്‍ ഉറച്ചുനിന്നു.
വലിയ തോതില്‍ ഭൂമി അക്വസിഷന്‍ വേണ്ടതല്ലാത്തതും പ്രതിഷേധങ്ങള്‍ കുറഞ്ഞതുമായ ബദല്‍റോഡ് നിര്‍ദ്ദേശം അവഗണിച്ചതും എം.ഒ.യു പുതുക്കാത്തതുമൊക്കെ കാണിക്കുന്നത് റിയല്‍ എസ്റ്റേറ്റുകാര്‍ക്ക് ഭൂമിയുടെ വില വര്‍ധിപ്പിക്കാനായി നടത്തിയ അടവാണ് നാലുവരിപ്പാത നിര്‍മ്മാണമെന്നാണ്. നാലുവരിപ്പാത വരുന്നതോടെ കുന്നുകളിടിച്ചും വയല്‍ നികത്തിയും ഭൂമി കച്ചവടം നടത്തിയും പലര്‍ക്കും കമ്മീഷനായി ലക്ഷങ്ങള്‍ കൈവശപ്പെടുത്താം. സി.പി എമ്മിന്റെ ഉത്തരവാദിത്തപ്പെട്ട നേതാക്കളടക്കം കിനാലൂരിലെ റിയല്‍ എസ്റ്റേറ്റ് കച്ചവടത്തില്‍ പങ്കാളിയയിട്ടുണ്ടെന്ന് പാര്‍ട്ടിതന്നെ പിന്നീട് കണ്ടെത്തിയതുമാണ്.
കെ.എസ്.ഐ.ഡി.സി ക്ക് കിനാലൂരിലിന്ന് അവശേഷിക്കുന്നത് 150 ഏക്കറില്‍ താഴെ ഭൂമി മാത്രമാണ്. ബാക്കിയുള്ള ഭൂമി ചെരിപ്പു നിര്‍മ്മാണക്കാര്‍ക്കും ഭക്ഷ്യസംസ്‌ക്കരണക്കാര്‍ക്കും കൊടുത്തതായി പ്രഖ്യാപനം നടന്നുകഴിഞ്ഞു. 150 ഏക്കറിലേക്ക് യു.എ.ഇ ക്കാരന്‍ വമ്പന്‍ പ്രോജക്ടുമായി വന്നിട്ടുണ്ടെന്ന പുതിയ കഥയാണ് മലേഷ്യക്കാരന്റെ കഥ മാറ്റി മന്ത്രി പന്നീട് പറഞ്ഞത്(ആദ്യ പ്രൊജക്ടില്‍ നിന്ന് മലേഷ്യന്‍ കമ്പനി പിന്‍വാങ്ങി). ഇതിനുവേണ്ടി കിനാലൂര്‍ എസ്റ്റേറ്റിലെ കര്‍ഷകരുടെ കൈവശമുള്ള മുഴുവന്‍ ഭൂമിയും ഏറ്റെടുക്കാന്‍ പദ്ധതിയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 150 ഏക്കറിനുവേണ്ടി 600ല്‍ അധികം ഏക്കര്‍ നശിപ്പിക്കേണ്ടതുണ്ടോ എന്നു ചോദിച്ചാല്‍ കരീമും കൂട്ടരും ഇപ്പോള്‍ പറയുന്നത് കിനാലൂര്‍ എസ്റ്റേറ്റിലെ കര്‍ഷകരുടെ കൈവശമുള്ള മുഴുവന്‍ ഭൂമിയും ഏറ്റെടുക്കുമെന്നാണ്. മലേഷ്യന്‍ കമ്പനിയും പദ്ധതിയും പിന്‍വാങ്ങിയിട്ടും അവര്‍ ആദ്യം നിര്‍ദ്ദേശിച്ച നാലുവരി റോഡിന്റെ കാര്യത്തില്‍ നിന്ന് സംസ്ഥാനസര്‍ക്കാരും ജില്ലാഭരണകൂടവും കെ എസ് ഐ ഡി സി യും പിന്‍വാങ്ങിയില്ല. വ്യവസായകേന്ദ്രത്തില്‍ എന്തുണ്ടാകും ഏതൊക്കെ തരം പദ്ധതികള്‍ നടപ്പാക്കും, അതിന്റെ പ്രത്യേകതകള്‍ എന്തൊക്കെ എന്നതിനേക്കാള്‍ പ്രാധാന്യം നാലുവരി റോഡിന്റെ കാര്യത്തിലാണെന്ന് വ്യക്തമായി അവസാനഘട്ടമെത്തിയപ്പോള്‍.
പ്ലാച്ചിമടയുടേയും, ചാലിയാറിന്റെയും അനുഭവങ്ങളില്‍ നിന്ന് മണ്ണും വെള്ളവും ആവാസവും തകര്‍ക്കുന്ന ഒരു പ്രകൃതി വിരുദ്ധ വ്യവസായശാലക്കെതിരെയുള്ള സമരമായിക്കൂടി കിനാലൂര്‍ സമരം വികസിപ്പിക്കേണ്ടിവരുമോ എന്ന ആശങ്കകൂടി നാട്ടുകാര്‍ക്ക് ഇപ്പോള്‍ ഉണ്ട്. ചെരുപ്പു കമ്പനികളും മറ്റും ലോകം മുഴുവനുണ്ടാക്കിയ പരിസ്ഥിതി പ്രശ്‌നങ്ങളില്‍ നിന്ന് പഠിക്കുന്ന പാഠം അതാണ്.
കേരളത്തിലെ ജനകീയ സമര ചരിത്രത്തിലേക്ക് കയറിവന്ന കിനാലൂര്‍ സമര മുഖത്ത് ജനജാഗ്രതാ സമിതിയുടെയും, ജനകീയ ഐക്യവേദിയുടെയും കീഴില്‍ കുടിയിറക്കപ്പെടുന്ന ജനത ഒറ്റക്കെട്ടായി തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്. പുരുഷന്‍മാരെക്കാള്‍ ഒരു പടി കൂടി മുമ്പില്‍ നിന്നുകൊണ്ട് സ്ത്രീകള്‍ പറയുന്നത് ഞങ്ങള്‍ സമരത്തിന്റെ മുമ്പിലുണ്ടാവും, നിങ്ങള്‍ പിന്നിലുണ്ടാവണമെന്നാണ്. 2010 മെയ് 6-ന്റെ സമരത്തില്‍ പങ്കെടുത്തതിന് വധശ്രമ കേസ് അടക്കം നിരവധി കേസുകളില്‍ ഉള്‍പ്പെട്ട ഇന്ദു, കച്ചേരി സുലൈഖ, ആമിന, റഹ്മത്തുള്ള മാസ്റ്റര്‍, നിജേഷ് അരവിന്ദ്, ദേവദാസ് മോരിക്കര, രവി നരിക്കുനി, ഷംസുദ്ദീന്‍, സി.കെ. ബാലകൃഷ്ണന്‍, ബഷീര്‍ എഴികണ്ടി, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, അബ്ദുള്ള മാസ്റ്റര്‍ അടക്കം അറുപതോളം പേര്‍ അറസ്റ്റ് വരിച്ച് ജാമ്യത്തിലിറങ്ങി. അതിനിടയില്‍തന്നെ കേസുമായി ബന്ധപ്പെട്ട് പൊലീസിന്റെ ഭാഗത്തുനിന്ന് നിരവധി പീഡനങ്ങള്‍ ഏറ്റുവാങ്ങി ഈ ജനത. ഇപ്പോള്‍ യു.ഡി. എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിനുശേഷം കിനാലൂര്‍ പദ്ധതിയുടെ യാതൊരു തുടര്‍പ്രവര്‍ത്തനവും നടത്തിയിട്ടില്ല.
സമരനാളില്‍ കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ അടക്കമുള്ള നിരവധിപേര്‍ സമരത്തെ പിന്തുണച്ച് രംഗത്തുവന്നിരുന്നു. തങ്ങളുടെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ കിനാലൂര്‍ വിഷയത്തില്‍ എടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കുമെന്ന് അന്നത്തെ പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി പ്രഖ്യാപനം നടത്തിയിരുന്നു. എന്നാലിപ്പോള്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിട്ടും കേസ് പിന്‍വലിക്കാനുള്ള നപടികളൊന്നും ഇതുവരെ എടുത്തിട്ടില്ല. ഇക്കാര്യം ഉന്നയിച്ച് ജനകീയ ഐക്യവേദി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. അനുകൂലസമീപനമുണ്ടാകുമെന്ന കാത്തിരിപ്പിലാണിവര്‍. കിനാലൂര്‍ ഇപ്പോള്‍ ശാന്തമാണെങ്കിലും പഴയതുപോലെ അശാസ്ത്രീയവും ഏകപക്ഷീയവുമായ നടപടികളുമായി സര്‍ക്കാര്‍ വീണ്ടും വികനസബുള്‍ഡോസറുമായി വന്നാല്‍ പഴയ അതേ സമരവീര്യത്തോടെ അതിനെ ചെറുക്കാനുള്ള മനോധൈര്യത്തില്‍തന്നെയാണ് ഇവിടുത്തെ നാട്ടുകാര്‍, അത്തരമൊരു ദുരവസ്ഥ ഇനിയുണ്ടാകരുതെന്ന് ആഗ്രഹിക്കുമ്പോഴും.
കടപ്പാട്: സമകാലിക മലയാളം വാരിക വാര്‍ഷികപ്പതിപ്പ്