എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം എയ്ഡഡ് മേഖലകളില്‍ ഉണ്ടാവേണ്ടതുണ്ട്. സ്‌കൂള്‍, കോളേജ് മേഖലകളില്‍ എല്ലാ വിഭാഗങ്ങള്‍ക്കുമുള്ള പ്രാതിനിധ്യം ഉറപ്പാക്കുന്നതിലൂടെ ഗോത്ര ജനവിഭാഗങ്ങളുടെ നിശ്ചിത ശതമാനം പ്രാതിനിധ്യം ഉറപ്പിക്കാനാവും
ഭരണഘടന മുന്നോട്ട് വെക്കുന്ന ജനാധിപത്യ മൂല്യങ്ങളുടെ വക്താക്കളാണ് ഓരോ സമൂഹവും. ഇത്തരത്തില്‍ പരിശോധിക്കുകയാണെങ്കിൽ കേരളത്തിന്റെ പൊതുമേഖല, സ്വകാര്യമേഖല സ്ഥാപനങ്ങള്‍ എന്നിവയും തൊഴില്‍പരമായ രീതിയിൽ ജനാധിപത്യവത്ക്കരിക്കേണ്ടതുണ്ട്. ഗോത്രസമൂഹങ്ങളുടെ തൊഴില്‍ സംബന്ധമായ പ്രാതിനിധ്യഘടന ഉന്നത വിദ്യാഭ്യാസരംഗങ്ങളിലേക്കെത്തുമ്പോള്‍ ചുരുങ്ങുന്നു. വിദ്യാഭ്യാസത്തിന്റെ പ്രാഥമികഘട്ടം പൂര്‍ത്തിയായവര്‍ക്കും ഉന്നത വിദ്യാഭ്യാസം നേടിയവര്‍ക്കും വേണ്ടത്ര തൊഴില്‍ പരിഗണന ഇക്കാലഘട്ടത്തിലും ലഭിക്കുന്നില്ല എന്നത് വസ്തുതാപരമാണ്.
ഒരു വ്യക്തി ഉൾപ്പെടുന്ന ഗോത്രത്തിന്റെ പേരിലാണ് ഈ അവസര നിഷേധങ്ങൾ നടക്കുന്നത് എന്ന സത്യം വേദനാജനകമായിട്ടുള്ള കാര്യമാണ്. ഉന്നത വിദ്യാഭ്യാസമേഖലകളിൽ ഗോത്രവിഭാഗങ്ങളിലെ യുവജനതക്ക് വേണ്ടത്ര പ്രാതിനിധ്യം ലഭിക്കാതെവരുന്നത് ഒരു സമൂഹഘടനെയെത്തന്നെ എക്കാലവും ശിഥിലമാക്കി നിര്‍ത്താൻ കാരണമാകുന്നുണ്ട്. ഇത്തരം അവകാശ നിഷേധങ്ങളുടെ അടിസ്ഥാനപരമായ കാരണങ്ങളെ ചോദ്യം ചെയ്തുകൊണ്ട് പല സംഘടനകളും വ്യക്തികളും കാലങ്ങളായി സംസാരിക്കുന്നുണ്ട്.
സമീപകാലത്ത് എസ്.എന്‍.ഡി.പി യോഗത്തിന്റെയും എസ്.എന്‍ ട്രസ്റ്റിന്റെയും കീഴിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പി.എസ്.സിക്കു വിടാന്‍ തയ്യാറാണെന്ന വെള്ളാപള്ളി നടേശന്റെ പരാമര്‍ശം വളരെ പ്രധാനപെട്ടതായി കാണേണ്ടതുണ്ട്. കാലങ്ങളായി ജാതിക്കോളനികളായി നിലനിന്നു പോരുന്ന എയ്‌ഡഡ് മേഖലയെ കുറിച്ച് പറയുന്നതിന് മുൻപ് നിലവിൽ ഗവണ്‍മെന്റ് സംവിധാനത്തിനകത്തുള്ള ഗോത്രജനതയുടെ പ്രാതിനിധ്യം പരിശോധിക്കപ്പെടേണ്ടതുണ്ട്. ഗവണ്‍മെന്റ് സര്‍വീസില്‍ കയറുന്നതിനായി എസ്.ടി വിഭാഗങ്ങള്‍ക്ക് നിലവിലുള്ള സംവരണക്രമം തൃപ്തികരമല്ലാത്തതാണെന്ന് നിമയമനങ്ങളുടെ റൊട്ടേഷന്‍ ക്രമത്തില്‍ നിന്നും വ്യക്തമാകുന്നുണ്ട്.
100 എന്ന ക്രമം എടുക്കുകയാണെങ്കില്‍ സംവരണ മാനദണ്ഡത്തില്‍ 2 മാത്രമാണ് എസ്.ടി വിഭാഗങ്ങള്‍ക്കുള്ളത്.അതായത് 100 ആളുകള്‍ക്ക് പി.എസ്.സി വഴി തൊഴില്‍ നൽകുമ്പോൾ അതില്‍ എസ്.ടി വിഭാഗങ്ങളെ ഉള്‍ക്കൊള്ളിക്കുന്നത് 44, 92 എന്ന കണക്കിലാണ്. മുപ്പതിന് താഴെമാത്രം വരുന്ന നിയമനങ്ങളില്‍ എസ്.ടി പ്രാതിനിധ്യം നടപ്പിലാകുന്നില്ല. നിലവിലുള്ള ഈ സാഹചര്യത്തില്‍ മാറ്റം വരുത്തിക്കൊണ്ടു 10 ല്‍ 1 എന്ന ക്രമത്തില്‍ ആദിവാസി ജനതയുടെ പ്രാതിനിധ്യം ഉറപ്പിക്കേണ്ടതുണ്ട്.
ഭരണഘടനയുടെ 16 ( 4 )അനുഛേദത്തിൽ ‘രാഷ്ട്രത്തിനു കീഴില്‍ മതിയായ പ്രാധിനിത്യം ലഭിച്ചിട്ടില്ലാത്ത ഏതെങ്കിലും പിന്നാക്ക വിഭാഗത്തില്‍പ്പെടുന്ന പൗരന്മാര്‍ക്ക് നിയമങ്ങളും തസ്തികകളും നീക്കിവെക്കുന്നത് ഏതെങ്കിലും നിയമനിര്‍മ്മാണത്തിന് തടസ്സമല്ല’ എന്ന് പറയുന്നുണ്ട്. എന്നാൽ ഇത്തരം നിയമസംഹിതക്ക് നേര്‍വിപരീതങ്ങളായ രണ്ടു സുപ്രധാന തീരുമാനങ്ങള്‍ ഗവൺമെന്റിന്റെ ഭാഗത്ത് നിന്നുണ്ടായി.
സാമ്പത്തിക സംവരണവും, സ്‌പെഷ്യല്‍ റിക്രൂട്‌മെന്റ് സെല്‍ എടുത്തുകളയുക എന്ന തീരുമാനവും. കൃത്യമായി ചോദ്യം ചെയ്യപ്പെടേണ്ട വസ്തുതകളാണ് ഇവ രണ്ടും.
2011 ലെ സെന്‍സസ് പ്രകാരം കേരളത്തിലെ ആകെ ജനസംഖ്യ 3,3387677 കണക്കിലും, ഗോത്ര ജനസംഖ്യ എന്ന് പറയുന്നത് 484839 കണക്കിലുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് കേരളത്തിന്റെ ആകെ ജനസംഖ്യയുടെ 1.45 ശതമാനം ഗോത്രജനത ഉണ്ടായിരിക്കെ 2010-2011 വര്‍ഷത്തെ കോളേജ് അധ്യാപനനിയമനപ്രകാരം 2335 അധ്യാപകരെ നിയമിച്ചതില്‍ എസ്.ടി വിഭാഗത്തില്‍ നിന്നും 14 ആളുകള്‍ക്ക് മാത്രമാണ് അവസരം ലഭിച്ചിരിക്കുന്നത്. കേരളത്തിലെ യൂണിവേഴ്‌സിറ്റികളില്‍ ഇതുവരെ നടന്നിട്ടുള്ള എസ്.ടി പ്രാതിനിധ്യം പരിശോധിച്ചാല്‍ 1 എന്ന കണക്കില്‍ തന്നെ നില്‍ക്കേണ്ടി വരുന്ന അവസ്ഥയും കാണാവുന്നതാണ്.
സംവരണ മാനദണ്ഡങ്ങള്‍ക്ക് അട്ടിമറിസ്വഭാവം കൈവരുന്നത് ഉന്നതവിദ്യാഭ്യാസ മേഖലയിലാണെന്ന് മനസിലാക്കാൻ സാധിക്കും. കൃത്യമായ ജാതിബോധവും ഗോത്രവിഭാഗത്തിലുള്ളവർ അക്കാദമികമായി അപരിഷ്‌കൃതരാണെന്ന ബോധവും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. അടിമകേരളത്തിന്റെ അദൃശ്യ ചരിത്രം രചിക്കാന്‍ വിനില്‍ പോളിന് ഈ നൂറ്റാണ്ടില്‍ കഴിഞ്ഞു എന്നതില്‍ നമുക്ക് അഭിമാനിക്കാം, എങ്കിലും അദൃശ്യതയുടെ ഭാരം പേറുന്ന ഗോത്ര സമൂഹത്തിന്റെ പ്രതിനിധികൾക്ക് സ്വപ്നം മാത്രമായി യൂണിവേഴ്‌സിറ്റികളിലെയും കോളേജുകളിലെയും അധ്യാപനമേഖല മാറുന്നു.
തൊഴിലവസരങ്ങള്‍ ധാരാളമുള്ള ഇടങ്ങളാണ് എയ്ഡഡ് മേഖലകള്‍. ലക്ഷങ്ങള്‍ മുതല്‍ കോടികള്‍ വരെ കൊടുത്ത് ആളുകള്‍ വിവിധ മേഖലകളില്‍ പ്രവേശിക്കുന്നു. ആദിവാസി സമൂഹങ്ങള്‍, ദളിത് മറ്റു പാര്‍ശ്വവത്കൃത സമൂഹങ്ങള്‍ തുടങ്ങിയവരെല്ലാം തന്നെ പണം കൊടുക്കാനുള്ള സാഹചര്യമില്ലാതെ ജാതിവാലുകള്‍ക്കു പിന്തിരിഞ്ഞു നിക്കേണ്ട അവസ്ഥ ഇക്കാലമത്രയും നേരിടേണ്ടി വന്നു. 2010-2011 ലെ കണക്ക് അനുസരിച്ച് എയ്ഡഡ് കോളേജിൽ 7199 അധ്യാപകരെ നിയമിച്ചതില്‍ ഒരു എസ്.ടി മാത്രമാണ് ആ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അതിന്റെ അര്‍ത്ഥം എയ്ഡഡ് മേഖലയില്‍ ജോലി കിട്ടണമെങ്കില്‍ പ്രിവിലേജ്ഡ് ജാതി, മത ശരീരങ്ങളാകുക എന്നുള്ളതാണ് മാനദണ്ഡം.
എന്‍.എസ്.എസ് പോലുള്ള ദേവസ്വം ബോര്‍ഡ് കോളേജുകളിലെ 90% നിയമനങ്ങളും കമ്മ്യൂണിറ്റി അടിസ്ഥാനത്തിലാണ് നടത്തുന്നത്. മറ്റു ഈഴവ, മുസ്ലിം, ക്രസ്ത്യന്‍ മാനേജ്മെന്റ്കളുടെ കമ്മ്യൂണിറ്റി ക്വാട്ടകൾ അവസരങ്ങള്‍ക്കനുസൃതമായി തുറന്നു കൊണ്ടിരിക്കും. മെറിറ്റ് ഇവിടെ മാനദണ്ഡമാകുന്നില്ല. സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ശമ്പളം കൈപ്പറ്റുന്ന ഇത്തരം മേഖലകളുടെ അധികാരശക്തിയുടെ കേന്ദ്രങ്ങളുടച്ച് തികച്ചും ജനാധിപത്യപരമായ രീതിയിലുള്ള സമീപനം കൈക്കൊള്ളേണ്ടത് അത്യന്താപേക്ഷിതമാണ്.
എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം എയ്ഡഡ് മേഖലകളില്‍ ഉണ്ടാവേണ്ടതുണ്ട്. സ്‌കൂള്‍, കോളേജ് മേഖലകളില്‍ എല്ലാ വിഭാഗങ്ങള്‍ക്കുമുള്ള പ്രാതിനിധ്യം ഉറപ്പാക്കുന്നതിലൂടെ ഗോത്ര ജനവിഭാഗങ്ങളുടെ നിശ്ചിത ശതമാനം പ്രാതിനിധ്യം ഉറപ്പിക്കാനാവും. ഇതിനെല്ലാം അർത്ഥം സ്വകാര്യപൊതുമേഖലകളിലെ തൊഴില്‍ സംരംഭങ്ങളില്‍ ആദിവാസി ജനതയുടെ പ്രാതിനിധ്യമില്ല. എന്നുള്ളതല്ല, ക്ലറിക്കല്‍ മേഖലകള്‍ തുടങ്ങി പോലീസ്, ഫോറസ്റ്റ്, സ്‌കൂള്‍ എന്നിവടങ്ങളിലെല്ലാം ഇക്കാലത്തിനുള്ളില്‍ പ്രാതിനിധ്യമുറപ്പിക്കാൻ ഗോത്ര വിഭാങ്ങള്‍ക്കായിട്ടുണ്ട്. ഇതില്‍ നിന്നും വിഭിന്നമായി പ്രവര്‍ത്തിക്കുന്ന ഉന്നത സാംസ്‌കാരിക മേഘലകളിലൊന്നായ യൂണിവേഴ്‌സിറ്റി, കോളേജ് തലങ്ങളിലേക്ക് ഗോത്ര ജനതയുടെ പ്രാതിനിധ്യം ഉറപ്പിക്കുക എന്നുള്ളത് ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണ്. എയ്ഡഡ് മേഖലകളിൽ പി.എസ്.സി നടപ്പിലാക്കിയാല്‍ ഇതിനൊരു പരിധിവരെ പരിഹാരമുണ്ടാകും എന്നുതന്നെയാണ് വിശ്വസിക്കുന്നത്.
CONTENT HIGHLIGHTS: Article of Ajith Shekharan, ‘Aided appointment to PSC, Kerala responds’