1998 ല്‍ മലേഷ്യയിലും തുടര്‍ന്ന് സിംഗപ്പൂരിലുമാണ് നിപ വൈറസ് രോഗം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. എല്‍ നിനോ പ്രതിഭാസം മലേഷ്യന്‍ കാടുകളെ നശിപ്പിച്ചതിനെ തുടര്‍ന്നാണ് പ്രധാനമായും കാട്ടിലെ കായ് കനികള്‍ ഭക്ഷിച്ച് ജിവിച്ചിരുന്ന നരിച്ചീറ്, വവ്വാല്‍ പോലുള്ള പക്ഷികളില്‍ നിന്നും നിപ്പാ വൈറസ് പന്നി തുടങ്ങിയ നാട്ട് മൃഗങ്ങളിലേക്ക് വ്യാപിച്ചത്. പിന്നീട് ജനിതക മാറ്റം വന്ന വൈറസ് മനുഷ്യരിലേക്കും പടര്‍ന്നു.
മലേഷ്യയിലെ നിപ (Kampung Baru Sungai Nipah) എന്ന സ്ഥലത്ത് ആദ്യമായി കണ്ടെത്തിയത് കൊണ്ടാണ് നിപ (Nipah) എന്ന പേരില്‍ വൈറസ് അറിയപ്പെട്ടത്. മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് മാത്രം പകര്‍ന്നിരുന്ന നിപ്പ വൈറസ് ജനിതക മാറ്റം സംഭവിച്ചത് കൊണ്ടാവണം മനുഷ്യരിലേക്കും പിന്നീട് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും പടരുന്നത്. ഇങ്ങനെയുള്ള മൃഗജന്യ രോഗങ്ങളെ സൂണോസിസ് (Zoonosis). എന്നാണ് വിളിക്കുന്നത്.
കാലാവസ്ഥ വ്യതിയാനവും വനനശീകരണവുമാണ് മറ്റ് പലരോഗങ്ങളുടെ കാര്യത്തിലുമെന്ന പോലെ നിപ വൈറസ് രോഗത്തിനുമുള്ള അടിസ്ഥാന കാരണം. വന നശീകരണത്തെത്തുടര്‍ന്ന പ്രകൃതി ദത്ത ആവാസ വ്യവസ്ഥ നഷ്ടപ്പെട്ട് ഭക്ഷണം കിട്ടാതെ വിശന്ന് വലഞ്ഞ വവ്വാലുകളുടെ ശരീരത്തിലെ വൈറസ് സാന്ദ്രത വര്‍ധിക്കയും മൂത്രം, ഉമിനീര് തുടങ്ങിയ സ്രവങ്ങളിലൂടെ വന്‍ തോതില്‍ വൈറസ് പുറത്തേക്ക് വിസര്‍ജ്ജിക്കപ്പെടുകയും ചെയ്തു. അങ്ങിനെ മറ്റ് മൃഗങ്ങളും തുടര്‍ന്ന് മനുഷ്യരും രോഗബാധക്ക് വിധേയമായി.
വ്യാപനം ഇങ്ങനെ
ഹെന്‍ഡ്രാ വൈറസുകളുമായി അടുത്ത ബന്ധമുള്ള ഹെനിപാവൈറസ് ജനുസിലെ പാരമിക്‌സോ വിറിഡേ വിഭാഗത്തില്‍ പെട്ട ആര്‍.എന്‍.എ വെറസുകളാണ് നിപ വൈറസുകള്‍. പ്രധാനമായും പഴവര്‍ഗ്ഗങ്ങള്‍ ഭക്ഷിച്ച് ജീവിക്കുന്ന റ്റെറോപസ് (Pteropus) ജനുസ്സി പെട്ട നാലുതരം വവ്വാലുകളാണ് നിപ വൈറസിന്റെ പ്രകൃതി ദത്ത വാഹകര്‍.,. വവ്വലിന്റെ കാഷ്ഠം, മൂത്രം, ഉമിനീര്, ശുക്ലം എന്നീ സ്രവങ്ങളിലൂടെയാണ് വൈറസ് പുറത്തേക്ക് വ്യാപിക്കുന്നത്.
മലേഷ്യയില്‍ വവ്വാലുകളില്‍ നിന്നും പന്നികളിലേക്കും തുടര്‍ന്ന് മനുഷ്യരിലേക്കും രോഗം പകരുകയാണുണ്ടായത്. പന്നികള്‍ക്ക് പുറമെ പട്ടി, കുതിര, പൂച്ച, ആട് തുടങ്ങിയ വളര്‍ത്ത് മൃഗങ്ങളിലേക്ക് രോഗം പകരാവുന്നതാണ്. ഇവയില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം വ്യാപിക്കാന്‍ സാധ്യതയുണ്ടോയെന്ന് വ്യക്തമല്ല.. വവ്വാലുകള്‍ ഭക്ഷിച്ച് ഉപേക്ഷിക്കുന്ന ഫലങ്ങളിലൂടെയും വവ്വാലുള്ള സ്ഥലങ്ങളില്‍ കലങ്ങളില്‍ ശേഖരിക്കുന്ന കള്ളിലൂടെയുമാണ് പ്രധാനമായും രോഗം പടരുന്നത്. മലേഷ്യയില്‍ മാത്രമാണ് പന്നികളില്‍ നിന്നും രോഗം മനുഷ്യരിലേക്ക് പകര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ബംഗ്ലാദേശിലും ഇന്ത്യയിലും
ലോകാരോഗ്യ സംഘടനയുടെ രേഖയനുസരിച്ച് മലേഷ്യക്കും സിംഗപ്പൂരിനും പുറമേ നിപ്പ വൈറസ് രോഗം ബംഗ്ലാദേശിലെ മെഹര്‍പൂര്‍ ജില്ലയില്‍ 2001 ല്‍ പ്രത്യക്ഷപ്പെട്ടു. തുടര്‍ന്ന് ബംഗ്ലാദേശിലെ നിരവധി ജില്ലകളിലേക്ക് രോഗം പടരുകയുണ്ടായി. 2012 മാര്‍ച്ച് വരെ ബംഗ്ലാദേശില്‍ 263 പേരെയാണ് രോഗം ബാധിച്ചത്. ഇവരില്‍ 196 (74.5%) പേരും മരിച്ചു 2001 ല്‍ ഇന്ത്യയില്‍ പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ 71 പേരെ നീപ്പാ വൈറസ് രോഗം ബാധിക്കയും 50 പേര്‍ മരണമടയുകയും ചെയ്തു. 2007 ല്‍ നാദിയായില്‍ 30 പേര്‍ക്ക് രോഗബാധയുണ്ടായി 5 പേര്‍ മരണമടഞ്ഞു..
വവ്വാല്‍ ഭക്ഷിച്ച് ഉപേക്ഷിച്ച ഈന്തപഴത്തില്‍ നിന്നാണ് രോഗം പടര്‍ന്നതെന്നാണ് കരുതുന്നത്. പന്നികള്‍ രോഗം പരത്തിയതായി തെളിവില്ല. ബംഗ്ലാദേശിലും പശ്ചിമബംഗാളിലെ നാദിയയിലും മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് രോഗം പരന്നിട്ടുണ്ട്. ഡിസംബര്‍ – മെയ് മാസങ്ങളിലായാണ് രോഗം വ്യാപിച്ചത്. 1998 നു ശേഷം ഇതുവരെ നിപ വൈറസ് രോഗം വിവിധ രാജ്യങ്ങളിലായി 477 പേരെ ബാധിച്ചിട്ടുണ്ട്. ഇവരില്‍ 252 പേര്‍ മരണമടഞ്ഞു. മരണ നിരക്ക് 9 മുതല്‍ 75 ശതമാനം വരെയാണെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്.
രോഗനിര്‍ണയ പരിശോധന
വൈറസ് ഘടകങ്ങള്‍ വേര്‍തിരിച്ചെടുക്കാനുള്ള പി സി ആര്‍ ടെസ്റ്റാണ് (Polymerase Chain Reaction) രോഗനിര്‍ണ്ണയം നടത്തുന്നതിനായി രോഗബാധയുടെ ആദ്യഘട്ടത്തില്‍ പ്രധാനമായും ഉപയോഗിക്കുന്നത്. വൈറസ് പ്രതിവസ്തുക്കളായ (Anti bodies) ഐജിജിയും (IgG) ഐജി എമ്മും (IgM) എലിസടെസ്റ്റു (ELISA) വഴി പിന്നീട് കണ്ടെത്തുന്നതും രോഗനിര്‍ണ്ണയത്തിന് സഹായകരമാണ്. മരണമടയുന്ന രോഗികളുടെ അവയവ കോശങ്ങള്‍ ഇമ്യൂണോ ഹിസ്റ്റോകെമിസ്ട്രി (Immunohistochemistry) പരിശോധനക്ക് വിധേയമാക്കി രോഗം കൃത്യമായി നിര്‍ണ്ണയിക്കാന്‍ കഴിയും. രോഗം ഗുരുതരാവസ്ഥയിലായി ബോധക്ഷയവും മറ്റുമുണ്ടായാല്‍ എം.ആര്‍.ഐ സ്‌കാന്‍ നടത്തി നോക്കിയാല്‍ തലച്ചോറിനെ ബാധിച്ചിട്ടുണ്ടോ എന്ന് അറിയാന്‍ കഴിയും.
രോഗലക്ഷണങ്ങള്‍
രോഗലക്ഷണങ്ങള്‍ പലതും സാധാരണ മറ്റ് വൈറസ് പകര്‍വ്യാധികളുടേത് പോലെ തന്നെയാണ് കാണപ്പെടുന്നത്. നിപ്പാ രോഗാണു ശരീരത്തില്‍ കടന്നാല്‍ രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങാന്‍ നാലുമുതല്‍ എട്ട് ദിവസം വരെയെടുക്കാം.. പനി, തലവേദന, പേശി വേദന, ചുമ, ശ്വാസം മുട്ടല്‍, ബോധക്ഷയം, വയറുവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. നിപ്പാ വൈറസ് രോഗത്തിന് പ്രത്യേക മരുന്നുകളോ വാക്‌സിനോ കണ്ടെത്തിയിട്ടില്ല.
വൈറസുകളെ നശിപ്പിക്കുന്ന റിബാവിറിന്‍ (Ribavirin) എന്നമരുന്ന് പരീക്ഷണ ഘട്ടത്തിലാണ്. മനുഷ്യരില്‍ പ്രയോഗിച്ച് തുടങ്ങിയിട്ടില്ല. നിപ ജി ഗ്ലൈക്കോപ്രോട്ടിനെ ലക്ഷ്യമാക്കി മോണോ ക്ലോണല്‍ ആന്റിബോഡി ഉപയോഗിച്ചുകൊണ്ടുള്ള വാക്‌സിന്‍ വികസിപ്പിച്ചെടുക്കാനുള്ള ശ്രമം നടന്നു വരുന്നുണ്ട്. എന്നാല്‍ മരുന്നൊന്നും ഇപ്പോള്‍ ലഭ്യമല്ല എന്നത് കൊണ്ട് ആശങ്ക പെടേണ്ടതില്ല.
ചികിത്സാരീതി
മറ്റേത് വൈറസ് രോഗത്തേയും നിപ വൈറസ് രോഗവും സ്വയം നിയന്ത്രിത (Self limiting) രോഗമാണെന്ന് മനസ്സിലാക്കിയിരിക്കണം. കാലേകൂട്ടീ കണ്ടെത്തി പൊതു പരിചരണം നല്‍കിയാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ തീര്‍ച്ചയായും ഒഴിവാക്കാന്‍ കഴിയും. പനികുറക്കാനുള്ള മരുന്ന്, അവശ്യാനുസരണം ലായനികള്‍, ശ്വാസതടസ്സം ഒഴിവാക്കാന്‍ അവശ്യമെങ്കില്‍ വെന്റിലേഷന്‍, മസ്തിഷ്‌കവീക്കം തടയാനുള്ള മരുന്നുകള്‍, ഇതര രോഗാണു ബാധയുണ്ടെങ്കില്‍ അതിനായുള്ള ആന്റി ബയോട്ടിക്കുകള്‍ തുടങ്ങിയ ചികിത്സകളാണ് വേണ്ടി വരിക. ഇവയെല്ലാം ലഭ്യമാക്കാന്‍ കേരളത്തിലെ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വേണ്ടുവോളമുണ്ട്.
ശ്രദ്ധിക്കേണ്ടവ
രോഗപ്രതിരോധത്തിലും രോഗ വ്യാപന നിരീക്ഷണത്തിനുമാണ് ഇപ്പോള്‍ ഊന്നല്‍ നല്‍കേണ്ടത്. വവ്വാലുകള്‍ ഭക്ഷിച്ച് ഉപേക്ഷിച്ച പഴവര്‍ഗ്ഗങ്ങള്‍ കഴിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയാല്‍ വൈകാതെ വൈദ്യ സഹായം തേടേണ്ടതാണ്. മറ്റ് വൈറസ് രോഗങ്ങളുടെ കാര്യത്തിലെന്ന പോലെ രോഗികളുമായി അടുത്ത് ഇടപെടുന്നവര്‍ മാസ്‌ക്, കൈയുറ എന്നിവ ധരിക്കുക, കൈകളും മറ്റും വൃത്തിയാക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണം..
നിപ്പാ വൈറസ് ബാധിച്ചെന്ന് സംശയിക്കുന്നവരെ പ്രത്യേക വാര്‍ഡില്‍ അഡ്മിറ്റ് ചെയ്യുന്നതാണ് നല്ലത്. രോഗ പരിചാരകര്‍ സാംക്രമിക രോഗമുള്ളവരെ ചികിത്സിക്കുമ്പോള്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങള്‍ (Barrier Nursing) കര്‍ശനമായി പാലിച്ചിരിക്കണം. ഇത്തരം രോഗികളെ പരിചരിക്കുമ്പോള്‍ പാലിക്കേണ്ട മുന്‍ കരുതലുകളെ സംബന്ധിച്ച് ലോകാരോഗ്യ സംഘന വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സഹകരിക്കുക
ആരോഗ്യ വകുപ്പ് രോഗ പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി അടിയന്തിര നടപടികള്‍ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ടെന്നത് ആശ്വാസകരമാണ്. രോഗം കണ്ട് തുടങ്ങിയ ആദ്യ ഘട്ടത്തില്‍ തന്നെ നിപ വൈറസ് രോഗമാണെന്ന് സംശയിച്ച് കൂടുതല്‍ പരിശോധനക്കായുള്ള തീരുമാനമെടുത്തത് തികച്ചും ഉചിതമായി. അനാവശ്യമായ ഊഹാപോഹങ്ങള്‍ വ്യാപിക്കുന്നത് തടയാന്‍ തന്മൂലം കഴിഞ്ഞിട്ടുണ്ട്. ജനങ്ങള്‍ അമിത ഭീതി ഒഴിവാക്കി ശാന്തരായി രോഗ പ്രതിരോധ നടപടികള്‍ സ്വയം സ്വീകരിക്കയും ആരോഗ്യവകുപ്പിന്റെ രോഗനിയന്ത്രണ നടപടികളോട് സഹകരിക്കയുമാണ് വേണ്ടത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം