”താമര മലര്‍ന്തേ തീരു
താമര മലര്‍ന്തേ തീരു”
ബി.ജെ.പിയുടെ തമിഴ്നാട് സംസ്ഥാന അധ്യക്ഷ തമിഴിസൈ സൗന്ദര്‍ രാജന്‍ ഏറെക്കാലമായി കൊണ്ടു നടക്കുന്ന മുദ്രാവാക്യമാണിത്. അതേ തമിഴിസൈയെ മൂന്നര ലക്ഷം വോട്ടിന് തോല്‍പ്പിച്ച് തൂത്തുക്കുടിയിലെ ജനങ്ങള്‍ മറുപടി നല്‍കി, തമിഴന്റെ മണ്ണില്‍ താമര വിരിയണ്ട. കഴിഞ്ഞ തവണ അണ്ണാ ഡി.എ.ംകെ സ്ഥാനാര്‍ത്ഥി ഒന്നേകാല്‍ ലക്ഷം വോട്ടിന് വിജയിച്ചിടത്താണ് അതേ അണ്ണാ ഡി.എം.കെയുടെ പിന്തുണയോടെ മത്സരിച്ച ബി.ജെ.പി മൂന്നര ലക്ഷം വോട്ടിന് നാണംകെട്ടത്.
ബി.ജെ.പിയുടെ പ്രിയപ്പെട്ട വേദാന്ത കമ്പനിയോട് ജനത്തിനുള്ള മറുപടി കൂടിയാണ് തമിഴിസൈയുടെ ‘പകരംവെക്കാനില്ലാത്ത’ പരാജയം. 18 കാരി സ്നോലിനുള്‍പ്പെടെ 13 പേരെ സര്‍ക്കാര്‍ കൊന്നത് വേദാന്ത കമ്പനിയ്ക്ക് വേണ്ടിയാണ്. അതിനു ശേഷം സര്‍ക്കാരിനെ സംരക്ഷിച്ചതും വേദാന്തയ്ക്ക് സഹായങ്ങള്‍ ചെയ്തതും ബി.ജെ.പിയും കേന്ദ്ര സര്‍ക്കാരുമാണ്. തെറ്റാവര്‍ത്തിക്കില്ലെന്ന ശപഥം ചെയ്ത് തിരഞ്ഞെടുപ്പിനെ കാത്തുനിന്ന തൂത്തുക്കുടിയിലെ പാവപ്പെട്ട മനുഷ്യരുടെ മുന്നിലേക്ക് വോട്ട് ചോദിച്ചെത്തിയത് ബിജെപിയുടെ സംസ്ഥാന പ്രസിഡണ്ടും. തൂത്തുക്കുടിക്കാര്‍ക്ക മറ്റെന്ത് ആലോചിക്കാനാണ്, തമിഴിസൈയുടെ എതിരാളി കനിമൊഴിക്ക് വോട്ട് ചെയ്യാനായി ജനം ഒഴുകിയെത്തി പോളിങ്ങ് ബൂത്തിലേക്ക്.
ഇതേ അവസ്ഥയാണ് തമിഴ്നാട്ടില്‍ ബി.ജെ.പി മത്സരിച്ച മറ്റ് നാല് മണ്ഡലങ്ങളിലും. ഓങ്ങിനിന്ന പോലെ ജനങ്ങള്‍ താമര പിഴുതെറിഞ്ഞു അഞ്ചിടത്തും. അന്യമത വിദ്വേഷവും വര്‍ഗീയതയും പ്രചരിപ്പിക്കുന്നതില്‍ മുന്നിലാണ് ബി.ജെ.പിയുടെ ദേശീയ സെക്രട്ടറി എച്ച് രാജ. രാജയുടെ എതിരാളി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം. കോണ്‍ഗ്രസ് രാജ്യത്ത് തന്നെ മത്സരിപ്പിച്ചതില്‍ മോശം പ്രൊഫൈലുള്ള സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍. അഴിമതിക്കേസുകള്‍ കൊണ്ട് പൊറുതിമുട്ടുന്ന നേതാവ്. പക്ഷേ അഴിമതിയും വര്‍ഗീയതയും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ശിവഗംഗയില്‍ ജനം ‘തമ്മില്‍ ഭേദം തൊമ്മനെ’ന്ന പട്ടം നല്‍കിയത് കാര്‍ത്തി ചിദംബരത്തിനാണ്. മൂന്ന് ലക്ഷത്തി മുപ്പത്തിരണ്ടായിരം വോട്ടിന് കാര്‍ത്തി വിജയിച്ചു.
ഇനി രാമനാഥപുരത്ത് ബി.ജെ.പിയും മുസ്‌ലിം ലീഗും ഏറ്റുമുട്ടി. ഒരുലക്ഷത്തി ഇരുപത്തി ആറായിരം വോട്ടിന് ലീഗ് സ്ഥാനാര്‍ത്ഥി കെ.നവാസ് കനി തിരഞ്ഞെടുക്കപ്പെട്ടു. നാഗേന്ദ്രന്‍ എന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥിയെയും ജനം അപ്പാടെ തള്ളി.
കോയമ്പത്തൂരില്‍ കമ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥിയോടായിരുന്നു മത്സരം. കനത്ത പരാജയം. കോയമ്പത്തൂര്‍ എന്ന തൊഴിലാളി കേന്ദ്രം ബി.ജെ.പിയുടെ നയങ്ങള്‍ കൊണ്ട് പൊറുതിമുട്ടിയ ജനതയുടെ നഗരം കൂടിയാണ്. ജി.എസ്.ടിയും നോട്ട് നിരോധനവുമെല്ലാം തകര്‍ത്തു കളഞ്ഞു ഇവിടുത്തെ ചെറുകിട വ്യവസായത്തെ. പത്ത് ലക്ഷത്തോളം പേര്‍ തൊഴിലെടുക്കുന്നയിടത്ത്, ജനങ്ങള്‍ ഒരുലക്ഷത്തി എഴുപത്താറായിരം വോട്ടിന്റെ ഭൂരിപക്ഷമാണ് സി.പി.ഐ.എമ്മിലെ പി.ആര്‍ നടരാജന് നല്‍കിയത്. സി.പി രാധാകൃഷ്ണനെന്ന ബി.ജെ.പിയുടെ പ്രധാനിയോടുള്ള ഏറ്റുമുട്ടലില്‍ സി.പിഐ.എം പോലും ഇത്ര വലിയ വിജയം സ്വപ്നം കണ്ടിരുന്നില്ല. പക്ഷേ ജനം കരുതിവെച്ചിരുന്നു.
അടുത്തത് കന്യാകുമാരി. തമിഴ്നാട്ടില്‍ ബി.ജെ.പിയുടെ ഏക സിറ്റിംഗ് സീറ്റ്. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷണന്‍ തന്നെ വീണ്ടും മത്സര രംഗത്ത്. ഓഖി വന്നപ്പോള്‍ തിരിഞ്ഞു നോക്കാത്ത, സഹോദരങ്ങള്‍ക്ക് കാവേരിയിലെ വെള്ളം കിട്ടാന്‍ ഇടപെടലൊന്നും നടത്താത്ത, തൂത്തുക്കുടിയില്‍ വേദാന്തയെ സഹായിച്ച പാര്‍ട്ടിയുടെ നേതാവായ, നീറ്റില്‍ തിരിഞ്ഞു നോക്കാത്ത, ജി.എസ്.ടിയും നോട്ട് നിരോധനവും ഉള്‍പ്പെടെ എണ്ണിയാലൊടുങ്ങാത്ത ദുരിതം സമ്മാനിച്ച ഇതെല്ലാം കഴിഞ്ഞ് അവസാനം ദേശീയതയും പറഞ്ഞ് വോട്ട് ചോദിച്ച പൊന്‍ രാധാകൃഷ്ണനെ രണ്ട് ലക്ഷത്തി അന്‍പത്തി ഒന്‍പതിനായിരം വോട്ടിന് തോല്‍പ്പിച്ചു കന്യാകുമാരി. കോണ്‍ഗ്രസിലെ ജനകീയനായ, എച്ച് വസന്തകുമാറിനെ ഏല്‍പ്പിച്ചു അവര്‍ കന്യാകുമാരിയുടെ നായകത്വം. ഓഖി വന്നപ്പോള്‍ കടലോരം വരെ പോയി നോക്കാത്ത മന്ത്രി കെട്ടും നിറച്ച് കേരളത്തില്‍ ‘സുവര്‍ണാവസരം’ മുതലാക്കാന്‍ പോയതും പെറിയാറിന്റെ പിന്‍മുറക്കാര്‍ ഓര്‍ത്തുവെച്ചിട്ടുണ്ടാവണം. നാണം കെട്ട തോല്‍വി ഏറ്റുവാങ്ങി പൊന്‍ രാധകൃഷ്ണന്‍.
ഉള്ള ഒരു സീറ്റ് പോയി എന്ന് മാത്രമല്ല ആകെയുണ്ടായിരുന്ന 5.5 ശതമാനം വോട്ടില്‍ ഏതാണ്ട് പാതിയോളം കുറഞ്ഞു. 3.6 ആണ് ബി.ജെ.പിയുടെ ഇത്തവണത്തെ വോട്ട് ശതമാനം. അക്ഷരാര്‍ത്ഥത്തില്‍ തമിഴര്‍ തൂത്തെറിഞ്ഞു ബി.ജെ.പിയെ. ബി.ജെ.പിയെ തൂത്തെറെഞ്ഞപ്പോള്‍ ഏറെ നൊന്തത് അണ്ണാ ഡി.എം.കെയ്ക്കാണ്. 44 ശതമാനത്തില്‍ നിന്ന് 18 ശതമാനത്തിലേക്കാണ് അണ്ണാ ഡി.എം.കെയുടെ വോട്ട് നിലംപതിച്ചത്. ബി.ജെ.പിയെക്കൂട്ടാതെ മത്സരിച്ചിരുന്നെങ്കില്‍ അണ്ണാഡിഎംകെയുടെ നില ഇത്ര കഷ്ടമാകുമായിരുന്നില്ല. ഇത് കേന്ദ്ര സര്‍ക്കാരിനോടും ബി.ജെ.പിയോടുമെല്ലാമുള്ള ദേഷ്യം ജനങ്ങള്‍ എന്‍.ഡി.എ സഖ്യകക്ഷികളോടെല്ലാം തീര്‍ത്തു.
2014ലും ബി.ജെ.പി വരാതിരാക്കാനാണ് തമിഴര്‍ വോട്ട് ചെയ്തത്. ‘അന്ത മോദിയാ?, ഇന്ത ലേഡിയാ?’ എന്നും ചോദിച്ച് ജയലളിത വോട്ട് ചോദിച്ചപ്പോള്‍ മോദി വേണ്ട ലേഡി മതി എന്നും പറഞ്ഞ് തമിഴര്‍ രണ്ടിലയില്‍ വോട്ടു കുത്തി. (കന്യാകുമാരിക്ക് മാത്രമാണ് അന്ന് തെറ്റിയത് ആ തെറ്റ് അവരിത്തവണ തിരുത്തുകയും ചെയ്തു). ജയലളിതയുടെ മരണശേഷം ബി..െജപി അണ്ണാ ഡിഎംകെയെയും സര്‍ക്കാരിനെയും വരുതിയില്‍ നിര്‍ത്തുന്നത് തമിഴര്‍ വെറുപ്പോടെ നോക്കി നിന്നു. ആ വെറുപ്പ് വെട്ടിലൂടെ തുറന്നു കാട്ടി. ബി.ജെ.പിയ്ക്ക ഇത്രയേറെ തിരിച്ചടിയേറ്റ സംസ്ഥാനം ഇന്ത്യയില്‍ വേറെയുണ്ടോ? കേരളത്തില്‍ പോലും വോട്ട് കൂടിയതാണ്. അപ്പോഴാണ് തമിഴരുടെ രാഷ്ട്രീയ ബോധത്തെ, വിലയിരുത്തലുകളെ നാം മനസ്സിലാക്കേണ്ടത്.
പെരിയാറും അണ്ണാ ദുരെയും മാനവികതയുടെ രാഷ്ട്രീയം പറഞ്ഞ മണ്ണാണിത്. ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയെ സധൈര്യം നേരിട്ട കരുണാനിധിയുടെ മണ്ണ്. അന്ന് അടിയന്തരാവസ്ഥാ വിരുദ്ധ സമരത്തിനിടെ അറസ്റ്റിലായി ജയിലില്‍ ക്രൂര മര്‍ദ്ദനമേറ്റ് പോരാടിയ സ്റ്റാലിനാണ് ഇപ്പോള്‍ തമിഴന്റെ നേതാവ്. ഇന്ത്യയില്‍ ഹിന്ദു ദേശീയത സ്ഥാപിക്കാനുള്ള സംഘപരിവാര്‍ ശ്രമത്തെ അവസാന ശ്വാസം വരെ പോരാടി ചെറുക്കുക തമിഴ്നാടായിരിക്കും.