കോഴിക്കോട്: മുനമ്പത്തേത് വഖഫ് ഭൂമി എന്നുറപ്പിച്ച് സമസ്ത മുഖപത്രത്തിന്റെ ലേഖനം. സുപ്രഭാതത്തിന്റെ സി.ഇ.ഒയും എസ്.വൈ.എസിന്റെ സെക്രട്ടറിയുമായ മുസ്തഫ മുണ്ടുപാറ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
വഖഫ് ഭൂമി അഡ്ജസ്റ്റ്‌മെന്റല്ലെന്നും ആര്‍ക്കെങ്കിലും സമാധാന സംസ്ഥാപനത്തിന് ബലി നല്‍കാനാവില്ലെന്നുമാണ് ലേഖനത്തില്‍ പറയുന്നത്.
മുനമ്പത്തേത് വഖഫ് ഭൂമി കയ്യേറിയതാണെന്നും ആ ഭൂമിയെ ചൊല്ലിയുള്ള തര്‍ക്കം പലര്‍ക്കും സ്വന്തം താത്പര്യം സംരക്ഷിക്കാന്‍ കൂടിയാണെന്നും, രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടാക്കാന്‍ തന്ത്രങ്ങള്‍ മെനയുകയാണെന്നും ലേഖനത്തില്‍ പറയുന്നു.
രാഷ്ട്രീയ പാര്‍ട്ടികള്‍ വിഷയത്തെ നിസാരവത്ക്കരിക്കുന്നുവെന്നും മുനമ്പത്തെ ഭൂമിയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം ഫറൂഖ് കോളേജ് അധികൃതരും മാറി മാറി വന്ന സര്‍ക്കാരുകളുമാണെന്നും ലേഖനത്തില്‍ പറയുന്നു.
മുനമ്പം വിഷയത്തെ സംബന്ധിച്ചുള്ള ഫാറൂഖ് കോളേജിന്റെ മൗനം അത്ഭുതപ്പെടുത്തുന്നുവെന്നും ലേഖനത്തില്‍ പറയുന്നു.
കൂടാതെ കഴിഞ്ഞ ദിവസം മുസ്‌ലിം സംഘടനകള്‍ കോഴിക്കോട് ചേര്‍ന്ന യോഗത്തില്‍ മുനമ്പം വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം സര്‍ക്കാരിന് നല്‍കിയ തീരുമാനത്തില്‍ ആശങ്കയുണ്ടെന്നും സര്‍ക്കാരിന് വഖഫിനെ കുറിച്ച് വ്യക്തമായ ധാരണയില്ലെന്നും ലേഖനത്തില്‍ പറയുന്നു.
ചില രാഷ്ട്രീയ നേതാക്കള്‍ എന്തടിസ്ഥാനത്തിലാണ് വഖഫ് ഭൂമിയല്ലെന്ന് പ്രഖ്യാപിക്കുന്നതെന്ന് പറയുന്ന ലേഖനം മുനമ്പത്തെ കുടികിടപ്പുകാര്‍ നിരപരാധികളാണെന്നും അവര്‍ക്ക് നീതി ലഭിക്കണമെന്നും പറയുമ്പോള്‍ തന്നെ റിസോര്‍ട്ട് ഉമകളും വമ്പന്‍ മാഫിയയകളും ഭൂമി പിടിച്ചെടുക്കാന്‍ രംഗത്തുള്ളതെന്നും പറയുന്നുണ്ട്.
സര്‍ക്കാരിന് തെറ്റ് പറ്റിയെങ്കില്‍ തിരുത്തണമെന്നും എന്നാല്‍ അത് വഖഫ് ഭൂമി ഏറ്റെടുത്തുകൊണ്ടാകരുതെന്നും ലേഖനത്തില്‍ പറയുന്നു.
അതേസമയം എസ്.വൈ.എസ് സെക്രട്ടറിയെഴുതിയ ലേഖനത്തെ തള്ളി സമസ്തയും ലീഗും രംഗത്തെത്തുകയായിരുന്നു.
മുനമ്പത്തേത് വഖഫ് ഭൂമിയെന്ന മുഖപത്രത്തിലെ ലേഖനത്തെ ജിഫ്രി മുത്തുക്കോയ തങ്ങള്‍ തള്ളുകയായിരുന്നു. മുനമ്പം ഭൂമി വിഷയം സമസ്ത പഠിക്കുന്നതേയുള്ളൂ എന്നും സമസ്ത അധ്യക്ഷന്‍ ജിഫ്രി തങ്ങള്‍ പറഞ്ഞു.
മുനമ്പത്തെ വിഷയം പഠിച്ചുകൊണ്ടിരിക്കുകയാണെന്നും മുനമ്പം വഖഫ് ഭൂമിയാണെന്ന് മുഖപത്രത്തില്‍ വന്നിരിക്കുന്നത് സമസ്തയുടെ നിലപാടല്ലെന്നും ജിഫ്രി തങ്ങള്‍ പറയുകയുണ്ടായി.
മുനമ്പം വിഷയത്തില്‍ വേണ്ടത് രമ്യമായ പരിഹാരമെന്നാണ് പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞത്.
മുസ്‌ലിം സംഘടനകള്‍ ചേര്‍ന്ന യോഗത്തിലെടുത്ത തീരുമാനത്തില്‍ എല്ലാ വിഭാഗങ്ങള്‍ക്കും ഒരേ നിലപാടാണെന്നും ഇതില്‍ അനാവശ്യമായ പ്രശ്‌നങ്ങള്‍ മാധ്യമങ്ങളടക്കം ആരും സ്വീകരിക്കരുതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Content Highlight: article in suprabhatham confirming that the munambam is waqf land and samstha opposite