എന്തൊരു ക്ഷീണമാണ് ഈ ലോകകപ്പ്
ലോകകപ്പെന്നാല്‍ ആ പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ ലോകത്തെല്ലാ ടീമുകളെയും വച്ചു മികച്ചവരാരെന്ന് കണ്ടെത്താന്‍ ഉള്ള ടൂര്‍ണമെന്റാണ് അത്. ലോകത്തേറ്റവും കൂടുതല്‍ ആരാധകരുള്ള കാല്‍പ്പന്ത് കളിയുടെ ലോക മാമാങ്കത്തിന് സാധാരണയായി 32 ടീമുകളാണ് പങ്കെടുക്കുന്നത്. ഇപ്പോഴത്തെ ഫിഫ പ്രസിഡന്റ് ഇന്ഫന്റിനോ തുടരുകയാണെങ്കില്‍ 2026 ലോകകപ്പ് ആവുമ്പോഴേക്കും അത് 48 ആയി വര്‍ദ്ധിക്കാനും സാധ്യതയുണ്ട്. ഇന്ത്യ ഇതു വരെ ലോകകപ്പിന്റെ വലിയ വേദിയില്‍ ബൂട്ട് കെട്ടിയിട്ടില്ലെങ്കിലും ഫുട്‌ബോള്‍ ലോകകപ്പ് ഇന്ത്യയില്‍ ഉണ്ടാക്കുന്ന ഓളം ചെറുതൊന്നുമല്ല.
വിവിധ രാജ്യങ്ങളുടെ ആരാധകര്‍ അവരുടെ കളിക്കാരെ ഉള്‍പ്പെടുത്തിക്കൊണ്ട്,അവരെ വീര പുരുഷന്മാരായി വര്‍ണ്ണിച്ചും മറ്റുള്ളവരെ വെല്ലുവിളിച്ചും തയ്യാറാക്കുന്ന ഫ്‌ലെക്‌സുകളും ബാനറുകളും കവലകള്‍ തോറും നിറഞ്ഞു നില്‍ക്കുന്ന കാഴ്ച പതിവാണ്. പ്രത്യേകിച്ചും മലബാറില്‍ ബ്രസീലിന്റെയും അര്ജന്റീനയുടെയും ജര്മനിയുടേയുമെല്ലാം ആരാധകര്‍ നടത്തുന്ന പോര്‍വിളികളും വമ്പു പറയലുകളുമായി രംഗം കൊഴുക്കും. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ഫുട്‌ബോള്‍ ആരാധകര്‍ ഉള്ളത് കേരളത്തില്‍ ആണെന്ന് വേണമെങ്കില്‍ പറയാം. മാധ്യമങ്ങളിലെല്ലാം ലോകകപ്പ് തന്നെയായിരിക്കും പ്രധാന ചര്‍ച്ചാ വിഷയം. തീരെ സാധാരണക്കാര്‍ക്കിടയില്‍ പോലും ലോകകപ്പിനെ പറ്റി ആകും സംസാരം. സാധാരണ ഗതിയില്‍ കളി കാണാന്‍ ഉറക്കമിളക്കുന്നവരെ വീട്ടിലുള്ളവര്‍ ചീത്ത പറയുകയാണ് പതിവെങ്കില്‍ ലോകകപ്പ് വന്നെത്തിയാല്‍ വീട്ടുകാരും കൂടെയിരുന്നു കളി ആസ്വദിക്കാന്‍ തുടങ്ങും.
എന്നാല്‍ തികച്ചും വ്യത്യസ്തമാണ് ക്രിക്കറ്റ് വേള്‍ഡ് കപ്പിന്റെ കാര്യം. ഇന്ത്യ ക്രിക്കറ്റില്‍ വലിയ ശക്തിയാണ്, കിരീടം നേടാന്‍ ഏറ്റവും സാധ്യതയുള്ള ടീമാണ്. എങ്കില്‍ പോലും ആര്‍ക്കും ഒരാവേശം കാണാനില്ല. ബ്രസീലിനും അര്ജന്റീനക്കും വേണ്ടി നാടുകള്‍ തോറും കൊടി തോരണങ്ങളും നെയ്മറിന്റെയും മെസ്സിയുടെയും റൊണാള്‍ഡോയുടെയുമെല്ലാം കൂറ്റന്‍ കട്ട് ഔട്ടുകളും നിരത്തുന്ന അതേ രാജ്യത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പിന്തുണക്കുന്ന ഫ്‌ളക്‌സുകള്‍ നാമ മാത്രമാണ്. സാധാരണ ഇന്ത്യ ഏതെങ്കിലും സീരീസ് കളിക്കുന്ന അതേ താല്പര്യമേ ലോകകപ്പിനോടും ആരാധകര്‍ക്കുള്ളൂ. ‘പാസ്സീവ് ‘ ആയി ഒഴിവു സമയം കിട്ടുമ്പോള്‍ അവിടെയും ഇവിടെയും കളി കാണാന്‍ ശ്രമിക്കുന്നവരാണ് അധികവും. കളിക്ക് വേണ്ടി സ്വന്തം ജോലികള്‍ മാറ്റി വയ്ക്കുന്ന കാഴ്ച ക്രിക്കറ്റ് ലോകകപ്പില്‍ നമുക്ക് കാണാന്‍ സാധിക്കുന്നില്ല. കളി ദൈര്‍ഘ്യം തന്നെയാണ് പ്രധാന കാരണമെങ്കിലും അതല്ലാതെയും ഒരുപാട് കാരണങ്ങളുണ്ട്.
അതിലൊന്നാമത്തെ കാരണമാണ് കേവലം 10 ടീമുകളാണ് ലോകകപ്പ് കളിക്കുന്നതെന്നത്. ഐ സി സി ക്കു കീഴില്‍ 100 ലധികം രാജ്യങ്ങളുടെ ക്രിക്കറ്റ് ടീമുകള്‍ ഉള്‍പ്പെടുന്നുണ്ടെങ്കിലും അവര്‍ക്കൊന്നും മുന്‍നിര ടീമുകളോട് കളിക്കാനുള്ള നിലവാരമില്ല എന്ന കാരണം പറഞ്ഞു അവരെയെല്ലാം ലോകകപ്പില്‍ നിന്നു മാറ്റി നിര്‍ത്തുകയാണ്. എന്തിന്, വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടാനുള്ള മത്സരം കളിക്കാന്‍ സമ്മതിക്കുന്നത് പോലും കേവലം കുറച്ചു ടീമുകളെയാണ്. അതു കൊണ്ടു തന്നെ ലോകം മുഴുവന്‍ ലഭിക്കേണ്ട സ്വീകാര്യത ലോകകപ്പിന് നഷ്ടമാകുന്നു.
ഈ വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ മുഖാമുഖം വന്നത് രണ്ടു ഇംഗ്ലീഷ് ടീമുകളായിരുന്നു. അതോടെ ലോകകപ്പ് നടക്കുന്ന ഇംഗ്ലണ്ടില്‍ പോലും ക്രിക്കറ്റിനേക്കാള്‍ കൂടുതല്‍ കാണികള്‍ കണ്ടത് യൂ സി എല്‍ ഫൈനലാണ് എന്ന വസ്തുത മനസ്സിലാക്കുമ്പോള്‍ തന്നെ നമുക്ക് ഊഹിക്കാവുന്നതാണ് എത്രത്തോളം ജനപ്രിയമല്ല ക്രിക്കറ്റ് എന്ന്.
ഇതിനെല്ലാം പുറമെ ഈ ലോകകപ്പിനെ മഴ അലങ്കോലപ്പെടുത്തുക കൂടെ ചെയ്തതോടെ എക്കാലത്തെയും വിരസമായ ലോകകപ്പുകളില്‍ ഒന്നായി മാറി ഈ തവണത്തേത്. ഇതു വരെ നാലു കളികളാണ് മഴ മൂലം ഉപേക്ഷിക്കേണ്ടതായി വന്നത്. ഇത്രയും കാലത്തെ ലോകകപ്പ് ചരിത്രത്തില്‍ ഇതിനു മുന്‍പ് കേവലം 2 കളികള്‍ മാത്രമാണ് മഴ മൂലം മുടങ്ങിയിട്ടുള്ളത്. കാലം തെറ്റി മഴ പെയ്തതു കൊണ്ടാണ് ഒന്നും ചെയ്യാനാകാതെ പോകുന്നതെന്ന് ഐ സി സി വിശദീകരണം തരുന്നുണ്ടെങ്കിലും ഇംഗ്ലണ്ടില്‍ ജൂണ്‍ മാസങ്ങളില്‍ മഴ പെയ്യുമെന്ന കാര്യം നേരത്തെ മനസ്സിലാക്കിയിട്ടും ആ സമയത്ത് തന്നെ അവിടെ ലോകകപ്പ് നടത്താന്‍ അവര്‍ തയ്യാറായി. ഒരു രാജ്യത്ത് വച്ചു ഇത്തരത്തിലുള്ള പ്രധാന ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുമ്പോള്‍ കളി നടക്കാന്‍ പര്യാപ്തമായ സാഹചര്യം അവിടെയുണ്ടോ എന്ന് ഉറപ്പ് വരുത്തേണ്ടത് ഐ സി സി യുടെ ബാധ്യതയാണ്. അത് അവര്‍ ചെയ്തില്ല എന്നു മാത്രമല്ല, ഈ മഴക്കാലത്തു എല്ലാ കളികള്‍ക്കും ഒരു കരുതല്‍ ദിനം മാറ്റി വക്കാന്‍ ഐ സി സി തയ്യാറായതുമില്ല.
ഇന്നലെ മഴ മുടക്കിയ ഇന്ത്യ ന്യൂസിലാന്‍ഡ് മത്സരം തുല്യശക്തികളുടെ പോരാട്ടമെന്നു വിശേഷിപ്പിച്ച ഒന്നായിരുന്നു.ഇതു വരെ അജയ്യരായിമുന്നേറിക്കൊണ്ടിരുന്ന ഇരു ടീമുകളില്‍ ആര് വാഴും, ആര് വീഴും എന്ന ആകാംക്ഷയോടെ കളി ആരാധകര്‍ ഏറെ കാത്തിരുന്ന ഇത്തരത്തിലുള്ള മത്സരങ്ങള്‍ മഴ കൊണ്ടു മുടങ്ങി പോകുന്നത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ്. ഇനിയും മഴ തുടരും എന്നതാണ് ഇംഗ്ലണ്ടിലെ കാലാവസ്ഥ പ്രവചനം എന്നിരിക്കേ ഇനിയും എത്ര കളികള്‍ മഴയെടുക്കുമെന്ന് ആര്‍ക്കും വലിയ നിശ്ചയമൊന്നുമില്ല. ഈ രീതിയിലാണ് മഴയുടെ പോക്കെങ്കില്‍ ഫൈനല്‍ പോലും മഴയില്‍ മുങ്ങി രണ്ടു ഫൈനലിസ്റ്റുകളെയും സംയുക്ത ജേതാക്കളാക്കേണ്ട സ്ഥിതി വരെ സംജാതമായേക്കാം.
ചുരുക്കി പറഞ്ഞാല്‍ ക്രിക്കറ്റിനെ ജനപ്രിയമാക്കാന്‍ മുന്‍കയ്യെടുക്കേണ്ടത് ഐ.സി.സി തന്നെയാണ്. അതിനു ആദ്യം വേണ്ടത് അത് ലോകത്തിന്റെ വിവിധ കോണുകളില്‍ എത്തിക്കുക എന്നതാണ്. അതിനു കടുംപിടുത്തം വിട്ടു കൂടുതല്‍ ടീമുകളെ ലോകകപ്പില്‍ ഉള്‍ക്കൊള്ളിക്കാന്‍ തയ്യാറാവണം. കൂടാതെ ഒരു രാജ്യത്തിനു ലോകകപ്പിന് ആതിഥമരുളാനുള്ള അനുമതി കൊടുക്കുമ്പോള്‍ അവിടുത്തെ മികച്ച കാലാവസ്ഥ എപ്പോഴാണോ അപ്പോള്‍ മാത്രം ടൂര്‍ണമെന്റ് സംഘടിപ്പിക്കണം. അതിനോടൊപ്പം എന്തെങ്കിലും കാരണവശാല്‍ കളി മുടങ്ങിയാല്‍ കരുതല്‍ ദിനങ്ങള്‍ പോലുള്ള മറ്റു വഴികള്‍ അവലംബിക്കാനുള്ള സാഹചര്യവും ഒരുക്കേണ്ടതായുണ്ട്. ഫുട്‌ബോള്‍ കഴിഞ്ഞാല്‍ ലോകത്തേറ്റവും കൂടുതല്‍ ആരാധകരുള്ള ക്രിക്കറ്റിന് കൂടുതല്‍ ജനപ്രീതി സ്വായത്തമാക്കാന്‍ ഇനിയുമൊരുപാട് വളരേണ്ടതായുണ്ട്.