| Friday, 8th April 2022, 5:38 pm

മുങ്ങിമരണങ്ങള്‍ തൊണ്ണൂറു ശതമാനവും ഒഴിവാക്കാവുന്നതാണ്; ഇതിന് വ്യാപക ബോധവല്‍ക്കരണം വേണം

മുരളി തുമ്മാരുകുടി

പാമ്പാടി കോളേജില്‍ നിന്നും ഉഡുപ്പിയിലേക്ക് വിനോദ/വിദ്യാഭ്യാസ യാത്രക്ക് പോയ മൂന്നു കുട്ടികള്‍ മുങ്ങി മരിച്ച വാര്‍ത്തവരുന്നു. മൂന്ന് കുടുംബങ്ങള്‍, ബന്ധുക്കുക്കള്‍, സഹപാഠികള്‍, സുഹൃത്തുക്കള്‍, എന്നിങ്ങനെ എത്രയോ പേരെയാണ് ആ വാര്‍ത്ത സങ്കടത്തില്‍ ആക്കുന്നത്. നേരിട്ടറിയാത്തവര്‍ക്കു പോലും ഇത്തരം വാര്‍ത്തകള്‍ വിഷമമുണ്ടാക്കുന്നു.

മുങ്ങി മരണത്തെ പറ്റി ഞാന്‍ എത്ര പ്രാവശ്യം എഴുതിയിട്ടുണ്ടെന്ന് എനിക്കോര്‍മയില്ല. രണ്ടായിരത്തി എട്ടില്‍ ഞാന്‍ മലയാളത്തില്‍ ആദ്യമായി സുരക്ഷയെ പറ്റി എഴുതുന്നത് തട്ടേക്കാട് ജലാശയത്തില്‍ ഇളവൂര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും മുങ്ങിമരിച്ച സംഭവത്തിന് ശേഷമാണ്. അതിന് ശേഷം എത്രയോ പ്രാവശ്യം എഴുതിയിരിക്കുന്നു.

പക്ഷെ രണ്ടായിരത്തി എട്ടിന് ശേഷം എത്രയോ ആയിരം ആളുകള്‍ കേരളത്തില്‍ തന്നെ മുങ്ങി മരിച്ചിരിക്കുന്നു. ഒരു വര്‍ഷം ആയിരത്തി എണ്ണൂറ് ആളുകള്‍ വരെ മുങ്ങി മരിച്ച വര്‍ഷങ്ങള്‍ ഉണ്ട്. ഇതില്‍ പകുതിയില്‍ ഏറെയും യുവാക്കളാണ്. അതില്‍ ഏറെ വിദ്യാര്‍ത്ഥികളും.
മുങ്ങി മരണത്തില്‍ മാത്രമല്ല വിദ്യാര്‍ഥികള്‍ മുന്നിട്ട് നില്‍ക്കുന്നത്
കൊവിഡിന് മുമ്പ് ഒരു വര്‍ഷം ശരാശരി നാലായിരത്തിന് മുകളില്‍ ആളുകളാണ് കേരളത്തില്‍ റോഡപകടങ്ങളില്‍ മരിച്ചിരുന്നത്. അതില്‍ പകുതിയിലേറെ ബൈക്ക് യാത്രികരാണ്, അതിലും ഏറെ വിദ്യാര്‍ത്ഥികള്‍ ഉണ്ട്.

കണക്കെടുത്താല്‍ ഒരു വര്‍ഷത്തില്‍ ആയിരത്തിനും രണ്ടായിരത്തിനും ഇടക്ക് വിദ്യാര്‍ത്ഥികള്‍ കേരളത്തില്‍ അപകടത്തില്‍ മരിക്കുന്നുണ്ടാകും. പക്ഷെ ആരും കണക്കെടുക്കാറില്ല
ഒരാള്‍ മരിക്കുന്ന അപകടങ്ങള്‍ ലോക്കല്‍ വാര്‍ത്താക്കപ്പുറം പോകാറില്ല.
അത് ആ കുടുംബത്തിന്റെ നഷ്ടവും ദുഖവുമായി തീരുന്നു.
ഇതിന് ഒരു അവസാനം വേണ്ടേ?
നമുക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ?
തീര്‍ച്ചയായും.

ശരിയായ സുരക്ഷാബോധം ഉണ്ടെങ്കില്‍ അപകടങ്ങള്‍ ഏറെ കുറക്കാം. മുങ്ങിമരണങ്ങള്‍ ഒക്കെ തൊണ്ണൂറു ശതമാനവും ഒഴിവാക്കാവുന്നതാണ്. പക്ഷെ ഇതിന് വ്യാപകമായ ഒരു ബോധവല്‍ക്കരണം വേണം.
കേരളത്തിലെ കാമ്പസുകളില്‍ ഉള്‍പ്പടെ നടക്കുന്ന അപകട മരണങ്ങളുടെ സാഹചര്യത്തില്‍ രണ്ടായിരത്തി പന്ത്രണ്ട് മുതല്‍ ക്യാമ്പസുകളെ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ ഞാന്‍ പറവൂര്‍ ആസ്തമായിട്ടുള്ള ഹെല്പ് ഫോര്‍ ഹെല്‍പ്ലെസ്സ് എന്ന സ്ഥാപനവുമായി ചേര്‍ന്ന് സേഫ് ക്യാമ്പസ് എന്നൊരു ട്രെയിനിങ്ങ് പ്രോഗ്രാം ഡിസൈന്‍ ചെയ്തു നടപ്പിലാക്കാന്‍ ശ്രമിച്ചു.

വിദ്യാര്‍ത്ഥികളില്‍ സുരക്ഷാ ബോധം ഉണ്ടാക്കുക, ക്യമ്പസുകള്‍ സുരക്ഷിതമാക്കുക, വിനോദ യാത്രകളും സ്‌പോര്‍ട്‌സ് മത്സരങ്ങളും സുരക്ഷിതമായി സംഘടിപ്പിക്കാന്‍ പരിശീലിപ്പിക്കുക, അപകടം ഉണ്ടായാല്‍ പ്രഥമ സുരക്ഷ നല്‍കാന്‍ പഠിപ്പിക്കുക ഇതൊക്കെയായിരുന്നു ലക്ഷ്യം.

കേരളത്തിലെ പ്രധാന യൂണിവേഴ്‌സിറ്റി ക്യാമ്പസുകളില്‍ ഒക്കെ ഞങ്ങള്‍ സൗജന്യമായി ഈ പദ്ധതി നടത്തിയിട്ടുണ്ട്. കേരളത്തിലെ എല്ലാ എഞ്ചിനീയറിങ്ങ് കോളേജിലും ആര്‍ട്‌സ് കോളേജിലും ഈ പദ്ധതി നടപ്പിലാക്കാന്‍ ഞങ്ങള്‍ അക്കാലത്ത് പ്രിന്‍സിപ്പല്‍ മാര്‍ക്ക് എഴുത്തയക്കുകയും ചെയ്തു. തൊണ്ണൂറു ശതമാനവും മറുപടി പോലും തന്നില്ല. മറുപടി തന്നവര്‍ പോലും ഇത്തരം ഒരു പരിപാടി നടത്താന്‍ ഒരു താല്പര്യവും എടുത്തില്ല. പിന്നെ ഇടക്കിടക്ക് ഏതെങ്കിലും കോളേജില്‍ ഒന്നില്‍ കൂടുതല്‍ മരണങ്ങള്‍ നടക്കുന്ന അപകടങ്ങള്‍ ഉണ്ടാകും ഉടന്‍ തന്നെ ആ കോളേജുകാര്‍ക്ക് താല്‍പര്യമാകും.

പക്ഷെ അപകടം മറ്റുള്ളവര്‍ക്ക് മാത്രം സംഭവിക്കുന്നതാണെന്ന വിശ്വാസത്തില്‍ മറ്റുള്ളവര്‍ അപ്പോഴും പഴയത് പോലെ തന്നെ വിദ്യാഭ്യാസവും വിനോദവും സ്‌പോര്‍ട്‌സും നടത്തും.
ഇത് മാറണം. ചുറ്റും നടക്കുന്ന അപകടങ്ങളില്‍ നിന്നും പാഠം പഠിക്കണം.
സ്‌കൂള്‍ തലത്തില്‍ മുതല്‍ സുരക്ഷാ പാഠങ്ങള്‍ ഉണ്ടാകണം. നമ്മുടെ വിദ്യാര്‍ത്ഥികള്‍ സുരക്ഷാ ബോധത്തോടെ വളരണം. ഇനിയും ഇത്തരം മരണങ്ങള്‍ ഉണ്ടാകരുത്.


CONTENT HIGHLIGHTS: Article from Muralee Thummarukudy- Ninety percent of drowning deaths can be eliminated

മുരളി തുമ്മാരുകുടി

We use cookies to give you the best possible experience. Learn more