| Sunday, 26th September 2021, 1:14 pm

'കേരളം ഭീകരരുടെ സുരക്ഷിത താവളം, ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ ഒന്നാകെ വെട്ടി വിഴുങ്ങും'; ആര്‍.എസ്.എസ് മുഖവാരികയില്‍ കത്തോലിക്ക സഭയുടെ ലേഖനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കേരളം ഭീകരരുടെ സുരക്ഷിത താവളമാണെന്ന് ആര്‍.എസ്.എസ് മുഖവാരികയായ കേസരിയില്‍ കത്തോലിക്ക സഭയുടെ ലേഖനം. ഭാരത കത്തോലിക മെത്രാന്‍ സഭ അല്‍മേയ കമ്മിറ്റി സെക്രട്ടറി വി.സി. സെബാസ്റ്റ്യനാണ് കേസരിയില്‍ ലേഖനം എഴുതിയത്.

സ്വര്‍ണ്ണക്കടത്ത് സംഘങ്ങളും-ലഹരി മാഫിയ സംഘങ്ങളും ഭീകര പ്രസ്ഥാനങ്ങളുടെ കണ്ണികളെന്നാണ് ലേഖനത്തിലെ പ്രധാന ആരോപണം. കേരളത്തില്‍ സ്ത്രീകളെ ഉപയോഗിച്ച് ഭീകരവാദ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ടെന്നും ലേഖനത്തില്‍ പറയുന്നു.

രണ്ട് പതിറ്റാണ്ടായി ഭീകരവാദ പ്രവര്‍ത്തനത്തിന് കേരളത്തിലേക്ക് എത്തിയ സമ്പത്തിനെ കുറിച്ച് അന്വേഷിക്കണം. ന്യൂനപക്ഷക്ഷേമപദ്ധതികള്‍ ഒന്നാകെ വെട്ടി വിഴുങ്ങിയവര്‍ അധികാരം കൈപ്പിടിയില്‍ ഒതുക്കി തീവ്രവാദത്തിന് ആക്കം കൂട്ടുന്നുവെന്നും ലേഖനത്തില്‍ പറയുന്നു.

ഭീകരവാദ പ്രസ്ഥാനങ്ങളിലും ലഹരി സ്വര്‍ണ്ണകടത്തുകളിലും യുവതികള്‍ക്ക് പങ്കുണ്ടെന്നും മലയാളി മനസിലെ സ്ത്രി സങ്കല്‍പ്പങ്ങളൊക്കെ കടപുഴകി വീണെന്നും ഇയാള്‍ ലേഖനത്തില്‍ പറഞ്ഞു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിശാ പാര്‍ട്ടികളിലേയും റേവ് പാര്‍ട്ടികളിലേയും പെണ്‍സാന്നിധ്യം ഈ നാടിന്റെ മുഖം വികൃതമാക്കുന്നുവെന്നും സെബാസ്റ്റ്യന്‍ ആരോപിച്ചു.

സ്വര്‍ണക്കടത്തിന് പിന്നാലെ രാജ്യാന്തര ബന്ധങ്ങളേയും മാഫിയ ബന്ധങ്ങളേയും കുറിച്ചുള്ള കുടൂതല്‍ വിവരങ്ങള്‍ അറിയുമ്പോള്‍ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരില്‍ മലയാളികളുണ്ടെന്നറിയുമ്പോഴാണ് ഞെട്ടുന്നത്. ആഫ്രിക്കയിലെ സിയാറ ലിയോണിലെ സ്വര്‍ണഖനിയെക്കുറിച്ച് നമ്മളറിഞ്ഞിട്ട് അധികനാളായിട്ടില്ലെന്നും വി.സി. സെബാസ്റ്റ്യന്‍ ആരോപിച്ചു.

‘ആഫ്രിക്കന്‍ ഖനികളില്‍ നിന്നും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്ക് നിയന്ത്രണങ്ങളോ നിയമങ്ങളോ ബാധകമില്ലാതെ എത്തുന്ന അസംസ്‌കൃത സ്വര്‍ണം സംസ്‌കരിച്ച് ഇന്ത്യയിലേക്ക് കടത്തുന്നു. ഈ രാജ്യാന്തര കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി കേരളം മാറിയിരിക്കുന്നുവെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.

കള്ളക്കടത്തിലൂടെ ലഭ്യമാകുന്ന ലാഭ വിഹിതം ഭീകര പ്രസ്ഥാനങ്ങളുടെ വളര്‍ച്ചക്കും ഇവരുടെ ബിനാമികളിലൂടെ രാഷ്ട്രീയ, വിദ്യാഭ്യാസ, വ്യവസായ, ബിസിനസ് മേഖലകളിലെ മുമ്പൊരിക്കലുമില്ലാത്ത കടന്നുകയറ്റത്തിനും മതതീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും ചെലവഴിക്കുന്നുവെന്നാണ് പുറത്ത് വരുന്ന വിവരങ്ങളെന്നും ഇയാള്‍ ആരോപിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Article by the Catholic Church in the RSS Weekly

We use cookies to give you the best possible experience. Learn more