| Tuesday, 12th March 2019, 6:08 pm

പി.ജയരാജന്‍ വിമര്‍ശിക്കപ്പെടുമ്പോള്‍ കെ.സുധാകരന്‍ രക്ഷപ്പെടുന്നത് എന്തുകൊണ്ട്?

ഷാരോണ്‍ പ്രദീപ്‌

കണ്ണൂരില്‍ കെ.സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുമ്പോള്‍ മാധ്യമങ്ങള്‍ ഞെട്ടാത്തത് എന്തുകൊണ്ടായിരിക്കും? അത് സ്വാഭാവികതയാണ്. കെ.സുധാകരന്‍ ജനകീയ നേതാവായാണ് ചിത്രീകരിക്കപ്പെടുന്നത്. കഴിഞ്ഞ തവണ മത്സരിച്ചപ്പോഴും സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വം ജനാധിപത്യത്തോട് ഉള്ള വെല്ലുവിളിയായില്ല.

കോണ്‍ഗ്രസ് ഇപ്പോഴും അക്രമ രാഷ്ട്രീയത്തിനും, വര്‍ഗ്ഗീയതയ്ക്കും എതിരെയാണ് മത്സരിക്കുന്നത് എന്ന് അവകാശപ്പെടുന്നുമുണ്ട്. എന്നാല്‍ കേരള രാഷ്ട്രീയത്തിന്റെ യഥാര്‍ത്ഥ ചരിത്രം ഇത് സാധൂകരിക്കില്ല. എന്നിട്ടും എന്ത് കൊണ്ടാണ് അക്രമരാഷ്ട്രീയത്തിന്റെ വക്താവ് എന്ന ബാധ്യത ജയരാജന്‍ മാത്രം ചുമക്കേണ്ടി വരുന്നത്? എന്ത് കൊണ്ടാണ് അത് സുധാകരന്റെ ബാധ്യതയാവത്തത്? കോണ്‍ഗ്രസുകാര്‍ അക്രമം ചെയ്താല്‍ അത് കേരളത്തിലെ മാധ്യമങ്ങള്‍ അക്രമങ്ങളായി പരിഗണിക്കില്ലേ?

എന്നാല്‍ കെ. സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വം കേരളത്തില്‍ അങ്ങനെയങ്ങ് ചര്‍ച്ച ചെയ്യാതെ വിടാന്‍ പറ്റുന്ന ഒന്നല്ല. അയാള്‍ പ്രതിയാക്കപ്പെട്ട, അയാള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അത്രയെളുപ്പത്തില്‍ കോണ്‍ഗ്രസിന് കൈ കഴുകി രക്ഷപ്പെടാന്‍ പറ്റുന്നവയുമല്ല. ഓരോന്ന് ഓരോന്നായി പറഞ്ഞാല്‍ നിരവധിയുണ്ട്.

Read Also : കോട്ടയത്ത് ചാഴികാടന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഇറങ്ങില്ല; ബഹളത്തെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ യോഗം പിരിച്ചു വിട്ടു

ഇന്ത്യാ ടുഡേയുടെ റിപ്പോര്‍ട്ടിങ്ങിന്റെ ഭാഗമായി പണ്ട് കണ്ണൂരില്‍ ഒരു സന്ദര്‍ശനം നടത്തിയുരുന്നു. മാധ്യമ പ്രവര്‍ത്തകന്‍ ജേക്കബ് ജോര്‍ജ്ജ് ഒക്കെ ഉള്ള സമയത്താണ്. അന്ന് കെ.സുധാകരന്‍ ആണ് കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ്. ഇവര്‍ കണ്ണൂര്‍ ബോംബ് രാഷ്ട്രീയം തപ്പി ഒരു യാത്ര നടത്തി. ബോംബ് ഉണ്ടാക്കുന്നത് കാണണം. അങ്ങനെ കണ്ണൂര്‍ കവിത ഹോട്ടലില്‍ മുറിയെടുത്ത് അന്വേഷണമായി. ഒടുവില്‍ കണക്ഷനായി. ബോംബ് നിര്‍മാണശാലയില്‍ പോവാന്‍ ഒരു കാറും ഏര്‍പ്പാട് ചെയ്തു.

Image may contain: text

അങ്ങനെ പോകാന്‍ നില്‍ക്കുമ്പോള്‍ ജേക്കബ് ജോര്‍ജ്ജിന്റെ ഇന്‍ഫോര്‍മര്‍ പറയുകയാണ് “”സാറേ ടാക്സി ഒന്നും വേണ്ട””. നഗരമധ്യത്തില്‍ തന്നെ ഉള്ള ഒരു കേന്ദ്രത്തിലായിരുന്നു ബോംബ് നിര്‍മ്മാണം. ഇവര്‍ക്ക് നേതാക്കള്‍ മുഖം മൂടി ഇട്ട് ബോംബ് പിടിച്ച് നിക്കുന്ന ഫോട്ടോ എടുക്കാനും സാധിച്ചു. അത് നിയമസഭയില്‍ വലിയ ഒച്ചപ്പാടും ബഹളുവുമൊക്കെ ഉണ്ടാക്കി.

(ജേക്കബ് ജോര്‍ജ്ജ്, പീപ്പിള്‍ ടി.വി വട്ടമേശ പരിപാടിയില്‍ പറഞ്ഞത്).

പല റിപ്പോര്‍ട്ടുകളും പരിശോധിച്ചാല്‍ (ഇന്ത്യാ ടുഡേയുടെ ഒറിജനല്‍ റിപ്പോര്‍ട്ട് പരിശോധിക്കാന്‍ സാധിച്ചില്ല) ജേക്കബ് ജോര്‍ജ്ജിന്റെ ഇന്‍ഫോര്‍മര്‍, ബോംബ് നിര്‍മ്മാണ കേന്ദ്രം കാണണം എന്ന് പറഞ്ഞപ്പോല്‍ അറിയിച്ചത് സുധാകരേട്ടന്റെ അനുമതി വേണം എന്നാണ്. നമ്മുടെ ഫയര്‍ പവ്വര്‍ കോണ്‍ഗ്രസ് അറിയട്ടെ എന്നായി സുധാകരന്റെ മറുപടി. തളാപിലെ ഡി.സി.സി ഓഫീസ് ആയിരുന്നു കേന്ദ്രം. പിന്നീട് ഈ ബോംബ് നിര്‍മ്മാണം സത്യമാണെന്ന് ഡി.സി.സി സെക്രട്ടറി തന്നെ ഏറ്റുപറഞ്ഞു.

കേരള രാഷ്ട്രീയത്തിലെ ഒരു പ്രധാന രാഷ്ട്രീയ കൊലപാതകമാണ് നാല്‍പാടി വാസു വധക്കേസ്. സുധാകരന്റെ ഗണ്മാന്റെ തോക്കില്‍ നിന്നും പോയ വെടിയുണ്ട ജീവനെടുത്ത ഒരു സി.പി.ഐ.എമ്മുകാരന്‍. കേസില്‍ ഒന്നാം പ്രതി കെ.സുധാകരന്‍. കെ. സുധാകരന്‍ തോക്ക് പിടിച്ച് വാങ്ങി സ്വയം വെടി വെച്ചതാണെന്നും ഒരു ഭാഷ്യമുണ്ട്. വെടി വെച്ചു എന്ന് മാത്രമല്ല, അത് കഴിഞ്ഞ് നേരെ മട്ടന്നൂര്‍ അങ്ങാടിയില്‍ ചെന്ന് കെ.സുധാകരന്റെ ഒരു പ്രസംഗവും ഉണ്ടായിരുന്നു.

Image may contain: text

“”ഒരു സി.പി.ഐ.എമ്മുകാരനെ കൊന്നിട്ടാണ് ഞാന്‍ വരുന്നത്, നിങ്ങള്‍ ഓരോരുത്തരും സി.പി.ഐ.എമ്മുകാരുടെ കുടല്‍ മാല എടുത്ത് കൊണ്ട് വന്നാല്‍ നിങ്ങളെ ഞാന്‍ പൂമാലയിട്ട് സ്വീകരിക്കാം”” ഇതായിരുന്നു സുധാകരന്റെ വാക്കുകള്‍. 1993ല്‍ സുധാകരന്‍ ഒന്നാം പ്രതി ആയിരുന്നെങ്കില്‍ പിന്നീട് പന്ത്രണ്ടാം പ്രതിയായി. ഗണ്മാന്‍ ജോണ്‍ ജോസഫായി ഒന്നാം പ്രതി.

അതിനെതിരെ അന്ന് നടത്തിയ മാര്‍ച്ചില്‍ പൊലീസ് തല്ലിയതും ടി.പി ചന്ദ്രശേഖരനൊപ്പം ജയിലില്‍ കിടന്നതും കഴിഞ്ഞ ദിവസം പി.ജയരാജന്‍ ഒരു അഭിമുഖത്തില്‍ അനുസ്മരിച്ചിരുന്നു. പിന്നീട് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം 2000 നവംബര്‍ 22ന് സുധാകരനെ കേസില്‍ കോടതി വെറുതെ വിട്ടു.

ഇന്നത്തെ മന്ത്രി ഇ.പി ജയരാജന്റെ തലയില്‍ ഒരു ബുള്ളറ്റുണ്ട്. കിടക്കുമ്പോള്‍ ഓക്സിജന്‍ മാസ്‌കിന്റെ സഹായം വേണം. ഒരു വധശ്രമത്തിന്റെ ബാക്കിയാണ് ആ ബുള്ളറ്റും മാസ്‌കും. ഇതാണ് സുധാകരന് എതിരെയുള്ള മറ്റൊരു ആരോപണം. സുധാകരന്റെ ഡ്രൈവര്‍ പ്രശാന്ത് ബാബു തന്നെയാണ് പിന്നീട് ഈ വധശ്രമത്തില്‍ സുധാകരനുള്ള പങ്ക് വെളിപ്പെടുത്തിയത്.

അന്ന് ബാബു കണ്ണൂര്‍ ബ്ളോക്ക് സെക്രട്ടറി കൂടെയായിരുന്നു. കെ. സുധാകരന്റെ വീട്ടില്‍ വെച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും, ഇ.പി ജയരാജനെ ആക്രമിക്കാനുള്ള ക്വട്ടേഷന്‍ സംഘത്തെ സുധാകരന്‍ നേരിട്ടാണ് നിയോഗിച്ചത് എന്നുമായിരുന്നു പ്രശാന്ത് ബാബുവിന്റെ മൊഴി. കെ. സുധാകരനാണ് ജയരാജനെ വധിക്കാന്‍ നിര്‍ദേശം നല്‍കിയതെന്നും ഇതിനായുള്ള ആയുധവും പണവും അദ്ദേഹം നല്‍കിയെന്നും ദിനേശനും സി.എം.പി നേതാവ് എം.വി രാഘവനും അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു.

സംഭവം നടന്നത് ആന്ധ്രയിലായതിനാല്‍ അവിടെയായിരുന്നു അന്വേഷണം നടന്നത്. ഈ സമയത്ത് കോണ്‍ഗ്രസിനായിരുന്നു ആന്ധ്രയിലെ ഭരണം. ആന്ധ്രയിലെ കോണ്‍ഗ്രസ് സര്‍ക്കാരില്‍ സ്വാധീനം ചെലുത്തി സുധാകരന്‍ തന്റെ പേര് കേസില്‍ നിന്നൊഴിവാക്കുകയാണുണ്ടായതെന്നും പ്രശാന്ത് അന്ന് പറഞ്ഞു.

Image may contain: text

കണ്ണൂരിലെ സേവര്‍ ഹോട്ടല്‍ ബോംബെറിഞ്ഞ് ആക്രമിച്ച കേസിലും, കണ്ണൂര്‍ കോ ഓപറേറ്റീവ് പ്രസ് ബോംബ് എറിഞ്ഞ് ആക്രമിച്ച കേസിലും കെ.സുധാകരനുള്ള പങ്ക് പ്രശാന്ത് ബാബു 2012ല്‍ വെളിപ്പെടുത്തിയിരുന്നു.

അന്ന് കൊല്ലപ്പെട്ടത് ഹോട്ടലിലെ ജീവനക്കാരനായ നാണുവാണ്.

സുധാകരന്റെ സഹായിയായ മാവിലായി വിജയന്‍ ആക്രമിക്കപ്പെട്ടതിലുള്ള പ്രതികാരമായാണ് തലശേരി സഹകരണ പ്രസ് ആക്രമിച്ച് പ്രസിഡന്റിന്റെ മകന്‍ പ്രശാന്തിനെ ആക്രമിച്ചത്. സുധാകരന്റെ നിര്‍ദേശപ്രകാരം ഏറണാകുളത്ത് നിന്ന് ക്വട്ടേഷന്‍ സംഘത്തെ കണ്ണൂര്‍ ഡി.സി.സിയുടെ വാഹനത്തില്‍ എത്തിച്ചത് താനാണ്. ഏറണാകുളത്തെ മദ്യവ്യവസായിയാണ് ക്വട്ടേഷന്‍ സംഘത്തെ സംഘടിപ്പിച്ചു നല്‍കിയത്. കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷത്തില്‍ തിരിച്ചടിക്കാന്‍ തനിക്കൊപ്പമുള്ളവര്‍ക്ക് കഴിയുന്നില്ലെന്ന് സുധാകരന് ബോധ്യപ്പെട്ടതോടെയാണ് ക്വട്ടേഷന്‍ സംഘത്തെ ആശ്രയിച്ചത്. ചാലാട് തന്റെ അനുയായി ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ആക്രമിച്ചതിനുള്ള പ്രതികാരമായിരുന്നു ഹോട്ടല്‍ ആക്രമണം. എന്നാല്‍ ബാബുവിന്റെ വെളിപ്പെടുത്തല്‍ വന്നിട്ടും അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ കെ.സുധാകരനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഒരു മാധ്യമങ്ങളും ഇത് വേണ്ടത്ര പ്രാധാന്യത്തോടെ അവതരിപ്പിച്ചതുമില്ല. സുധാകരനും അനുയായികള്‍ക്കുമെതിരെയുള്ള കേസുകള്‍ ഇതിലൊന്നും ഒതുങ്ങുന്നതല്ല.

Image result for k sudhakaran

ഡി.സി.സി പ്രവര്‍ത്തകരുടെ ആക്രമണം ചോദ്യം ചെയ്യാന്‍ എത്തിയ ഡി.വൈ.എസ്.പി ഹബീബ് റഹ്മാനും സംഘത്തിനും നേരെ ഡി.സി.സി ഓഫീസില്‍ നിന്ന് ബോംബ് എറിഞ്ഞതും. തുടര്‍ന്ന് ഓഫീസില്‍ നിന്ന് ഇറങ്ങി വന്ന സുധാകരന്‍ ഹബീബ് റഹ്മാനെ തെറിയഭിഷേകം ചെയ്തതും ആരും മറക്കാന്‍ ഇടയില്ല.

Image may contain: text

മണല്‍ക്കടത്ത് കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് രാജേഷിനെ വളപ്പട്ടണം പൊലീസ് സ്റ്റേഷനില്‍ എത്തി ബലമായി ഇറക്കി കൊണ്ട് വന്നതും ഇതേ സുധാകരനാണ?. അന്ന് കൂട്ടിന് കെ.എം ഷാജി എം.എല്‍.എയുമുണ്ടായിരുന്നു. നീയാരാടാ സുരേഷ് ഗോപിയോ എന്ന് എസ്.ഐയോട് ആക്രോശിക്കുന്ന സുധാകരന്റെ വീഡിയോ ഇപ്പോഴും യൂട്യൂബിലുണ്ട്.

സൂര്യനെല്ലി പീഡനത്തിന് ഇരയായ പെണ്‍കുട്ടി നാട് നീളെ നടന്ന് വ്യഭിചരിച്ചു എന്ന് പറഞ്ഞ ചരിത്രവുമുണ്ട് കെ.സുധാകരന്. മസ്‌ക്കറ്റില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വേശ്യാവൃത്തി നടത്തി പണം വാങ്ങിയിട്ട് പീഡിപ്പിച്ചു എന്ന് ചാനലുകളില്‍ പറയുന്നത് ശരിയല്ല എന്നായിരുന്നു പ്രസ്താവന. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മേലാണ് സുധാകരന്‍ വേശ്യാവൃത്തി ആരോപിച്ചത് എന്നാലോചിക്കണം. ആര്‍ത്തവം അശുദ്ധിയാണെന്ന് പൊതുവേദിയില്‍ സമീപകാലത്ത് പ്രസംഗിച്ചതൊക്കെ സുധാകരന്റെ രാഷ്ട്രീയ ജീവിതത്തിലെ ഒരു ചെറിയ നാഴികകല്ല് മാത്രമാണ്.

പണ്ട് ഉദുമ തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും, അണികളോട് കള്ളവോട്ട് ചെയ്യാന്‍ അഹ്വാനം ചെയ്തതും ആരും മറന്നിരിക്കില്ല. വീഡിയോ പുറത്ത് വന്നിരുന്നു. അവര്‍ മരിച്ചവരെ കൊണ്ട് വന്നാല്‍ നമ്മള്‍ പടച്ചവനെ അയച്ചവരെ കൊണ്ട് വരും, നാട്ടിലില്ലാത്തവര്‍ അവിടെ വോട്ട് ചെയ്താല്‍ ഇവിടേയും ചെയ്യണം. നിങ്ങളിത് പുറത്ത് പറയണ്ടാ എന്നാണ് കോണ്‍ഗ്രസ് അണികള്‍ക്ക് സുധാകരന്‍ കൊടുത്ത നിര്‍ദ്ദേശം.

ഇതിങ്ങനെ പറയാന്‍ തുടങ്ങിയാല്‍ ഒരു അന്ത്യമുണ്ടാകില്ല. അനുയായി കള്ളത്തോക്ക് ഒളിപ്പിക്കുന്നതിനിടെ മരിച്ചത്, ഗണ്‍മാന്‍ ആളെ അടിച്ച് കൊന്നത്, അത് സുധാകരന്‍ ന്യായീകരിച്ചത് തുടങ്ങി ഏറ്റവും ഒടുവില്‍ ശബരിമലയില്‍ പൊലീസുകാരോട് തട്ടി കയറിയതും, ആര്‍ത്തവം അശുദ്ധിയാണെന്ന് പൊതുവേദിയില്‍ പ്രസ്താവിച്ചതും വരെ സുധാകരന്റെ രാഷ്ട്രീയ ചരിത്രമാണ്.

കെ.സുധാകരന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ ഞെട്ടാന്‍ മറന്ന കേരളം പക്ഷേ

വടകരയിലെ പി. ജയരാജന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ അടിമുടി ഞെട്ടിയിരുന്നു. കേരളത്തിലെ സകല രാഷ്ട്രീയ കൊലപാതകങ്ങളുടേയും തലച്ചോറായി ആരോപിക്കപ്പെടുന്ന പി.ജയരാജനെ സ്ഥാനാര്‍ത്ഥി ആക്കിയത് ജനാധിപത്യത്തോട് ഉള്ള വെല്ലുവിളി ആണെന്നൊക്കെ വിശകലനങ്ങള്‍ ഉണ്ടായി. കേരളത്തിലെ എല്ലാ പ്രമുഖ മാധ്യമങ്ങളും വിഷയം ചര്‍ച്ചയ്ക്കെടുത്തു. ജയരാജന്‍ സ്ഥാനാര്‍ത്ഥി ആവുന്നത് ധാര്‍മ്മികമായി ശരിയോ തെറ്റോ എന്നത് ഇഴകീറി പരിശോധിച്ചു. വി.ടി ബല്‍റാം എം.എല്‍.എ ജയരാജന്റെ കേസുകള്‍ പ്രസിദ്ധീകരിച്ചാല്‍ പിന്നെ പത്രത്തില്‍ സ്ഥലം തികയില്ല എന്നാണ് പരിഹസിച്ചത്.

കതിരൂര്‍ മനോജ് വധക്കേസിലെ അവസാന പ്രതി, അരിയില്‍ ശുക്കൂര്‍ വധക്കേസിലെ മുപ്പത്തിയഞ്ചാം പ്രതി. ഇത് രണ്ടുമാണ് നിലവില്‍ ജയരാജന്‍ അന്വേഷണം നേരിടുന്ന കേസുകള്‍ ഇതില്‍ ജയരാജന്‍ എപ്പോള്‍ പ്രതിയായി, ഏത് വകുപ്പ് പ്രകാരം പ്രതിയായി, എന്താണ് തെളിവുകള്‍ എന്നൊക്കെ ഉള്ള വിശകലനങ്ങളിലേക്ക് ഞാന്‍ പോവുന്നില്ല. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ അത് കോടതി തന്നെ പരിശോധിച്ച് തീര്‍പ്പ് കല്പിക്കട്ടെ.

അക്രമ രാഷ്ട്രീയ ചരിത്രത്തില്‍ പി.ജയരാജന്റെ രാഷ്ട്രീയ ജീവിതം പരിശോധനയ്ക്ക് വിധേയമാക്കണം. താരതമ്യങ്ങളില്‍ അക്രമങ്ങള്‍ ന്യായീകരിക്കപ്പെടേണ്ടതല്ല. പക്ഷേ വസ്തുതകള്‍ പരിശോധിക്കുന്നവര്‍ക്ക് താരതമ്യങ്ങളിലെ അന്തരം പിടികിട്ടും.

ഇത്രയേറെ കേസുകളില്‍ പ്രതിയായ, കണ്ണൂര്‍ കൊലപാതക ബോംബ് രാഷ്ട്രീയം വളര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്കുള്ള സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വം എന്ത് കൊണ്ട് മനോരമയ്ക്കും, മാതൃഭൂമിയ്ക്കും ജനാധിപത്യത്തിന്് എതിരെയുള്ള വെല്ലുവിളി ആയി മാറുന്നില്ല? പി. ജയരാജന്‍ അക്രമിയും, കെ.സുധാകരന്‍ കരുത്തനായ സ്ഥാനാര്‍ത്ഥിയും ആവുന്നത് എന്ത് കൊണ്ടാണ്?

ഞാന്‍ വടകര മണ്ഡലത്തില്‍ നിന്നുള്ള വോട്ടറാണ്. ജയരാജന്റെ വോട്ടുകള്‍ അക്രമരാഷ്ട്രീയം എന്ന പ്രചരണത്തില്‍ ഗണ്യമായി കുറയുമോ എന്ന ആശങ്ക ഇവിടുത്തെ പാര്‍ട്ടി പ്രവര്‍ത്തകരിലുണ്ട്. അവരത് ഒളിഞ്ഞും തെളിഞ്ഞും വ്യക്തമാക്കുന്നുമുണ്ട്. എന്നാല്‍ സമാനമായ ഒരു ആശങ്ക കണ്ണൂരില്‍ സുധാകരന്‍ നേരിടുന്നില്ല എന്ന് ഉറപ്പുണ്ട്. അവിടെ ധീരനായ കോണ്‍ഗ്രസുകാരനാണ് സുധാകരന്‍. പകരം ആര് നിന്നാലും ഇത്ര വോട്ടുകള്‍ ലഭിക്കില്ല എന്നതാണ? മാധ്യമ ഭാഷ്യം.

നമ്മള്‍ ജീവിക്കുന്നത് എവിടെയാണ്? വസ്തുനിഷ്ഠമായ ഒരു പുറംലോകത്തോ, അതോ മാധ്യമങ്ങള്‍ സൃഷ്ടിച്ചെടുത്ത ഒരു മിഥ്യാലോകത്തോ?

ഷാരോണ്‍ പ്രദീപ്‌

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more