| Sunday, 1st July 2018, 12:09 pm

കേരളത്തിലേക്കും കടന്നുവരുന്ന പശുഭീകരത

രശ്മി

സംഘപരിവാറിന്റെ പശു ഭീകരവാദത്തെ സമാനതകള്‍ ഇല്ലാതെ അകറ്റി നിര്‍ത്തിയ ചരിത്രമാണ് കേരളത്തിനുള്ളത്. ഇരുപത്തിനാല് സംസ്ഥാനങ്ങളിലും ഗോവധ നിരോധനം നടപ്പിലാക്കിയ കോണ്‍ഗ്രസ്സിനു അങ്ങനെ ഒന്നിനെ കുറിച്ച് സ്വപ്നത്തില്‍ പോലും ചിന്തിക്കാന്‍ പോലും കഴിയാത്ത സംസ്ഥാനമാണ് കേരളം. നവോത്ഥാന പാരമ്പര്യവും ഇടതുപക്ഷം തീര്‍ക്കുന്ന പ്രതിരോധവും സവിശേഷ സാമൂഹിക സമവാക്യങ്ങളും അധികാര വര്‍ഗമായ ന്യൂനപക്ഷങ്ങളും സംഘടിത ദളിത് വിഭാഗങ്ങളും അങ്ങനെ ആ പ്രതിരോധത്തിന് അടിത്തറ പാകിയ നിരവധി കാരണങ്ങള്‍ ഉണ്ട്. അവയെ ഒക്കെ തരണം ചെയ്യുവാന്‍ കാലങ്ങളായി സംഘപരിവാര്‍ ആസൂത്രിത പദ്ധതികളും അണിയറയില്‍ ഉണ്ട്.

നിരവധി ഗോശാലകള്‍ കേരളത്തില്‍ തന്നെ സ്ഥാപിക്കപ്പെട്ടു. ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഗോ പൂജ നടത്തിയതിന് ഒരു ജയില്‍ സൂപ്രണ്ടിനെ തന്നെ സസ്പന്റ് ചെയ്യേണ്ട സാഹചര്യം ഉണ്ടായത് ഈ അടുത്ത മാസങ്ങളില്‍ ആണ്. രാജ്യവ്യാപകമായി പശു തീവ്രവാദം മനുഷ്യജീവനുകള്‍ കവര്‍ന്നെടുത്തുകൊണ്ടിരിക്കുമ്പോഴും അങ്ങനെ ഒരു സാഹചര്യം കേരളത്തിലേക്ക് കടന്നു വരുന്നതിനെ കുറിച്ച് നമ്മള്‍ വിദൂരമായി പോലും ചിന്തിച്ചിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ഉത്തരേന്ത്യയില്‍ പശുവിന്റെ പേരില്‍ ആക്രമണങ്ങള്‍ അരങ്ങേറിയപ്പോഴെല്ലാം ബീഫ് ഫെസ്റ്റ് പോലെയുള്ള പ്രതിഷേധ പരിപാടികള്‍ കൊണ്ട് നമ്മള്‍ ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. കേരള നിയമസഭ ഗോവധ നിരോധനത്തിനെതിരെ പ്രമയം പാസാക്കിയത് പോലും ചരിത്രത്തില്‍ സമാനതകള്‍ ഇല്ലാത്ത സംഭവമാണ്. ഇത്തരം കെട്ടുറപ്പുള്ള പ്രതിരോധം ആണ് ദല്‍ഹിയില്‍ കേരളാ ഹൗസിനുള്ളില്‍ പോലും കടന്നു ആക്രമണം ബീഫിന്റെ നടത്തുവാന്‍ സംഘപരിവാറിനെ പ്രേരിപ്പിച്ചത്.

ALSO READ: ഫോര്‍മലിന്‍ കലര്‍ത്തിയ വാര്‍ത്തകളില്‍ ജീവിതം വഴിമുട്ടുന്നവര്‍

ഒരു ഭാഗത്ത് ബീഫ് ഫെസ്റ്റുകളില്‍ കൂടി ഭക്ഷണ സ്വാതന്ത്ര്യത്തിനു മുകളില്‍ ഉള്ള കടന്നു കയറ്റത്തെ പ്രതിരോധിക്കുമ്പോള്‍ CITUന്റെ കീഴില്‍ മീറ്റ് മര്‍ച്ചന്റ് അസോസിയേഷന്‍ എന്ന സംഘടന രൂപീകരിച്ചു അതിനു വര്‍ഗ സമര രൂപം കൂടി നല്‍കിയാണ് കേരളത്തില്‍ ഇടതുപക്ഷം പശു തീവ്രവാദത്തെ നേരിട്ടത്. പശുവിനെ കശാപ്പു ചെയ്ത യൂത്ത്‌കോണ്‍ഗ്രസ് നേതാവിനെ സംഘടനയില്‍ നിന്ന് തന്നെ സസ്‌പെന്റ് ചെയ്തു കോണ്‍ഗ്രസ്സും.

ബീഫ് ഫെസ്റ്റ്കള്‍ വ്യാപകമായി നടക്കുമ്പോള്‍ വ്യാജ ഫോട്ടോ പ്രചരിപ്പിച്ചു അതില്‍ നിന്നും ഒരു കലാപത്തിനു സ്‌കോപ് ഉണ്ടോ എന്ന് നോക്കിയത് കേരള ബി.ജെ.പിയുടെ സമുന്നത നേതാവ് കെ സുരേന്ദ്രന്‍ ആണ്. ഹനുമാന്‍ സേന ഹിന്ദു സേനാ തുടങ്ങിയ ഫ്രിഞ്ച് ഗ്രൂപ്പുകളില്‍ കൂടി മുസ്‌ലീം ഭൂരിപക്ഷ മേഖലകളില്‍ പോലും പോര്‍ക്ക് ഫെസ്റ്റ് നടത്തിയും പ്രകോപനം ഉണ്ടാക്കിയും ക്ഷേത്രങ്ങള്‍ക്കുള്ളില്‍ കശാപ്പു മാലിന്യം നിക്ഷേപിച്ചും സംഘപരിവാര്‍ അതിനെ ഒരു കലാപമാക്കാന്‍ ശ്രമിച്ചത്. അത്തരം കേസുകളില്‍ ബി.ജെ.പിയുടെ പ്രാദേശിക നതാക്കള്‍ അറസ്റ്റില്‍ ആകുന്നതു ഒരു സാധാരണ സംഭവമായി മാറി കഴിഞ്ഞിരിക്കുന്നു. പശുവിനെ മഹത്വവല്‍ക്കരിക്കുക എന്ന ഉദ്ദേശത്തോടെ നടത്തപ്പെട്ട എ.ബി.വി.പിയുടെ മില്‍ക്ക് ഫെസ്റ്റ്കളെയും സുരേഷ്‌ഗോപി അടക്കമുള്ള ബി.ജെ.പി നേതാക്കളുടെ ഗോശാലാ സന്ദര്‍ശനങ്ങളെയും കേരളം പരിഹസിച്ചു തള്ളിക്കളഞ്ഞു.

എന്നാല്‍ അപ്പോഴൊന്നും ഒരു ഗോ രക്ഷാ സേന രൂപീകരിക്കാനോ തെരുവില്‍ ആക്രമണം അഴിച്ചു വിടാനോ കേരളത്തില്‍ സംഘപരിവാര്‍ ശ്രമിച്ചിരുന്നില്ല. അതിനുള്ള മിഷനറി സംവിധാനവും പണവും ഇല്ലാത്തതു കൊണ്ടല്ല. ബീഫ് വിഷയത്തില്‍ കേരള പൊതുബോധം അസാധാരണമാം വിധം യോജിക്കുന്നു എന്നും അത് തങ്ങളുടെ പാര്‍ലമെന്ററി മോഹങ്ങള്‍ക്ക് തിരിച്ചടി ആയേക്കാം എന്ന തിരിച്ചറിവില്‍ നിന്നാണ് അത്തരം ഒരു നിലപാടിലേക്ക് പരിവാര്‍ പോയിട്ടുണ്ടാകുക.

പൊലീസ് ക്യാമ്പുകളില്‍ അടക്കം തങ്ങള്‍ക്കു സ്വാധീനമുള്ള എല്ലാ സ്ഥലങ്ങളില്‍ നിന്നും ഇക്കാലയളവില്‍ ബീഫിനെ പുറത്തു ചാടിക്കാന്‍ അവര്‍ നിരന്തരം ശ്രമിച്ചു കൊണ്ടേയിരുന്നു. കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ ബീഫ് കട്‌ലറ്റ് വിതരണം ചെയ്തു എന്നതടക്കം കേരളത്തില്‍ പശുക്കളെ കൊന്നു തള്ളുന്നു, ഹിന്ദുക്കളെ നിര്‍ബന്ധിച്ചു ഗോ മാംസം കഴിപ്പിക്കുന്നു തുടങ്ങിയ പ്രചാരണങ്ങള്‍ എല്ലാ കാലത്തും സംഘപരിവാരിന്റെ നാവായ ദേശീയ മാധ്യമങ്ങള്‍ ശ്രമിച്ചുകൊണ്ടേയിരുന്നു.

ALSO READ: നിപ്പയൊഴിഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളേജ്; ദൈനംദിന പ്രതിസന്ധികള്‍ക്കു മാത്രം അറുതിയില്ല

എന്നാല്‍ പരസ്യമായ ഒരു ആക്രമണത്തിലേക്ക് നീങ്ങാന്‍ ഇപ്പോള്‍ അവരെ പ്രേരിപ്പിച്ച ഘടകം എന്താകും? കേരള ബി.ജെ.പി അതിന്റെ ചരിത്രത്തില്‍ കണ്ട ഏറ്റവും ഹീനനായ വര്‍ഗീയവാദിയായ അധ്യക്ഷന്‍ സ്ഥാനം ഒഴിഞ്ഞിട്ട് ഒരു മാസക്കാലം ആകുന്നു. നിരവധി കലാപ ശ്രമങ്ങളുടെയും നുണ പ്രചാരനങ്ങളുടെയും ആകെ തുകയായിരുന്നു ബി.ജെ.പിയുടെ കുമ്മന കാലം. കേരള നിയമസഭയില്‍ ആദ്യമായി ഒരു അംഗത്തെ എത്തിക്കാന്‍ സംഘപരിവാറിനു കഴിഞ്ഞതും ഈ കാലഘട്ടത്തില്‍ ആണ്.

എന്നാല്‍ ആ ഗ്രാഫ് അങ്ങനെ മുന്‍പോട്ടു കൊണ്ട് പോകാന്‍ കഴിഞ്ഞില്ല എന്ന് ബി.ജെ.പി രാഷ്ട്രീയം നിരീക്ഷിക്കുന്ന ആര്‍ക്കും മനസിലാകും. ഭീകരനായ കുമ്മനത്തെ, സംഘപരിവാറുകാര്‍ സാത്വികന്‍ ആയി കാണുന്ന കുമ്മനത്തെ പ്രധാനമന്ത്രി തനിക്കൊപ്പം പോന്നവനായി ഒപ്പമിരുത്തി കേരളത്തെ കാട്ടിയ കുമ്മനത്തെ കേരളം ഒരു കോമാളിയാക്കി എഴുതി തള്ളുകയായിരുന്നു. വ്യാജ വീഡിയോ പ്രചാരണവും നാടകങ്ങളും അടക്കം പലതും ഇക്കാലയളവില്‍ കുമ്മനം ശ്രമിച്ചു എങ്കിലും കേരളം പരിഹസിച്ചു വിട്ടു. പുതിയ സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ ആരാകും എന്ന ചോദ്യങ്ങള്‍ ഇങ്ങനെ അന്തരീക്ഷത്തില്‍ ഊഹങ്ങളായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആണ് സംഘപരിവാര്‍ ഗോ രക്ഷാസേന മോഡല്‍ ആക്രമണങ്ങളിലേക്ക് കടക്കുന്നത് എന്നത് ഗൗരവപൂര്‍വ്വം കാണേണ്ട വിഷയമാണ്.

മുന്‍പൊരിക്കലും ഇല്ലാത്ത പോലെ കഴിഞ്ഞ ആറു മാസക്കാലം കേരളത്തില്‍ അരങ്ങേറിയ ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ സംഘപരിവാര്‍ IT സെല്ലുകള്‍ നടത്തിയ ഇടപെടലുകളെ കുറിച്ച് ഒരു അന്വേഷണം നടത്തിയാല്‍ വെളിവാകുന്ന വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നവ ആയിരിക്കും. ഫാമിലി whatsapp ഗ്രൂപ്പുകളില്‍ കൂടി നടത്തപ്പെടുന്ന പരോക്ഷ സംഘപരിവാര്‍ അനുകൂല ഹിന്ദു തീവ്രവാദ പ്രചാരണത്തെ കുറിച്ച് ഇതിനോടകം പലരും ഗൗരവമായി തന്നെ എഴുതിയിട്ടുണ്ട്. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നു വീടുകളില്‍ സ്റ്റിക്കര്‍ പതിക്കുന്നു തുടങ്ങിയ വ്യാജ പ്രചരണങ്ങളില്‍ കൂടി ഇതര സംസ്ഥാന തൊഴിലാളികളെയും യാചകരെയും കൂട്ടം ചേര്‍ന്ന് ആക്രമിക്കുക എന്നത് ഒരു സാധാരണ സംഭവമായി കേരളത്തില്‍ കഴിഞ്ഞ ആറു മാസം കൊണ്ട് മാറിയിട്ടുണ്ട്.

ALSO READ: മൃതദേഹത്തോട് പോലും ക്രൂരത കാണിക്കുന്ന ജാതീയത ആവര്‍ത്തിക്കുന്നു; ബെള്ളൂരില്‍ ദളിതര്‍ സഞ്ചരിക്കുന്ന വഴിയടച്ച് സവര്‍ണര്‍

വാക്‌സിനേഷന്‍ നല്‍കാന്‍ പോയ ആരോഗ്യ പ്രവര്‍ത്തകര്‍ പോലും ഇത്തരം ആക്രമണങ്ങള്‍ക്ക് വിധേയരായി. ഇവയൊക്കെയും വ്യാജ പ്രചാരണങ്ങള്‍ ആണ് എന്ന് ബോധവല്‍ക്കരിക്കാന്‍ സര്‍ക്കാരും പൊലീസും നടത്തിയ ശ്രമങ്ങള്‍ ഒക്കെയും പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്. ഇതൊക്കെയും സ്വാഭാവികമായി സംഭവിച്ചതാണ് എന്ന് കരുതുക വയ്യ. ആള്‍ക്കൂട്ട ആക്രമണങ്ങളെ നോര്‍മലൈസ് ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഒരു ഗൂഢപദ്ധതി ആയി വേണം ഇവയെ കാണാന്‍.

അതേ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മധു എന്ന ആദിവാസി ചെറുപ്പക്കാരന്റെ കൊലപാതകം പോലും പ്രതികളിലെ മുസ്‌ലീം നാമധാരികളെ എണ്ണി പറഞ്ഞു വര്‍ഗീയവല്‍ക്കരിക്കാന്‍ ആണ് ദേശീയ തലത്തില്‍ സംഘപരിവാര്‍ അനുകൂല സെലിബ്രിറ്റി ട്വിട്ടര്‍ ഹാന്‍ഡിലുകള്‍ ശ്രമിച്ചത്. കുമ്മനം വക കരകാട്ടവും. ഇതൊക്കെയും വീണു കിട്ടിയ അവസരം വിനിയോഗിച്ചു എന്നതിനേക്കാള്‍ തങ്ങള്‍ക്കു അനുകൂലമായി തങ്ങള്‍ ദീര്‍ഘകാലമായി ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ഒരു സാഹചര്യം ഉണ്ടായപ്പോള്‍ മുന്‍പുണ്ടാക്കി വച്ച പദ്ധതി പ്രകാരം പ്രവര്‍ത്തിച്ചു എന്ന് മനസിലാക്കുന്നതാവും കൂടുതല്‍ ശരി.

കേരളത്തിലെ മറ്റൊരു സവിശേഷ സാഹചര്യമായ സംഘടിതമായ മുസ്‌ലീം സമുദായവും ഈ അടുത്ത വര്‍ഷങ്ങളില്‍ കേരളത്തിലെ മുസ്‌ലീം സമുദായത്തിന്റെ സെക്കുലര്‍ മനോഭാവത്തെ കുറച്ചുകൊണ്ട് വര്‍ഗീയമാക്കാന്‍ ശ്രമിക്കുന്ന സംഘടനകളുടെ സാന്നിധ്യവും ഈ കളിയില്‍ സംഘപരിവാറിന്റെ ഗോളുകള്‍ ആണ്. ഇടതുപക്ഷം തീര്‍ക്കുന്ന പ്രതിരോധത്തെ ഒരു വര്‍ഗീയ കലാപമാക്കി മാറ്റാന്‍ കഴിയില്ല. എന്നാല്‍ കേരള സാഹചര്യത്തില്‍ മുസ്‌ലീങ്ങളെ ആക്രമിച്ചാല്‍ തീവ്ര മുസ്‌ലീം സംഘടനകളില്‍ നിന്നും അതേ നാണയത്തില്‍ തിരിച്ചടികള്‍ ഉണ്ടാകുമെന്നും അവയെ തങ്ങള്‍ക്കു അനുകൂലമായ രീതിയില്‍ ഉപയോഗപ്പെടുത്തുവാന്‍ കഴിയുമെന്നും സംഘപരിവാര്‍ വിശ്വസിക്കുന്നുണ്ട്.

ഇപ്പോള്‍ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ചു എസ്.ഡി.പി.ഐ പോലെയുള്ള സംഘടനകള്‍ നടത്തുന്ന പ്രതിഷേധ റാലികള്‍ക്ക് നേരെയും യോഗങ്ങള്‍ക്ക് നേരെയും പ്രകോപനപരമായ സംഘപരിവാര്‍ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ട്. സ്വാഭാവികമായി രൂപപ്പെടുന്ന പ്രതിരോധത്തെ ഒരു ഹിന്ദു-മുസ്‌ലീം പ്രശ്‌നമാക്കി മാറ്റുക എന്ന അജണ്ട അവിടെയുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ ഈ ആക്രമണം ഒരു ഒറ്റപ്പെട്ട സംഭവമായോ രണ്ടു വ്യക്തികള്‍ സ്വയം നടത്തിയ ആക്രമണമായോ കാണുന്നത് വിഡ്ഢിത്തമാകും.

വീണ്ടും തുടര്‍ച്ചയായി ഇത്തരം ആക്രമണങ്ങള്‍ പരിവാറിന്റെ ഭാഗത്തുനിന്നും ഉണ്ടാകും എന്ന് വേണം കരുതാന്‍. അതിനെതിരെ കേരള സമൂഹം കൂടുതല്‍ ജാഗ്രതയോടെ ഇരിക്കേണ്ട നാളുകളാണ് കടന്നു വരുന്നത്. പ്രതിഷേധങ്ങള്‍ക്കും പ്രതിരോധങ്ങള്‍ക്കും കൂടുതല്‍ മതേതര സ്വഭാവം നിലനിര്‍ത്തുക എന്നത് പരമപ്രധാനമായ ഒന്നാണ്. അതിന്റെ പ്രാഥമിക ഉത്തരവാദിത്വം ഇടതുപക്ഷത്തിനാണ്. കേരളത്തിലെ ന്യൂനപക്ഷ മത വിഭാഗങ്ങളുടെ സംരക്ഷണം ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കേണ്ട ഒരു രാഷ്ട്രീയ കാര്യപരിപാടി ആണ്.

പുതിയ അധ്യക്ഷന്റെ വരവോടു കൂടി സംഘപരിവാര്‍ കേരളത്തില്‍ ഇതുവരെ നടപ്പാക്കിയ പദ്ധതികള്‍ ഒക്കെയും ഉപേക്ഷിച്ചു കൂടുതല്‍ തീവ്ര സ്വഭാവമുള്ള ഭീകര പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങും എന്ന് വേണം മനസിലാക്കാന്‍.

WATCH THIS VIDEO:

രശ്മി

Latest Stories

We use cookies to give you the best possible experience. Learn more