| Friday, 17th February 2023, 8:34 am

വ്യാജ വാര്‍ത്തകള്‍ തുറന്നുകാണിക്കുന്നവര്‍ കൂടുതലുണ്ടായിരുന്നെങ്കിലെന്ന് ഗൗരി പറഞ്ഞു; ഇസ്രഈല്‍ സംഘത്തിനെതിരായ കണ്ടെത്തലില്‍ വഴികാട്ടിയത് ഗൗരി ലങ്കേഷിന്റെ റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ലോകത്ത് നടന്ന മുപ്പതിലധികം തെരഞ്ഞെടുപ്പുകളില്‍ ഇസ്രഈലി കമ്പനിയുടെ അവിശുദ്ധ ഇടപെടുലുണ്ടായെന്ന മാധ്യമ കൂട്ടായ്മയുടെ കണ്ടെത്തലില്‍, ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന തെളിവുകള്‍ ലഭിച്ചത് ബെംഗളൂരുവില്‍ വെടിയേറ്റ് മരിച്ച മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ റിപ്പോര്‍ട്ടില്‍ നിന്ന്.

മാധ്യമപ്രവര്‍ത്തനത്തിനിടെ കൊല്ലപ്പെടുകയും ജയിലിലടക്കുകയും ചെയ്യപ്പെടുന്നവരെ പിന്തുടര്‍ന്ന് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്ന ഫോര്‍ബിഡന്‍ സ്‌റ്റോറീസിന്റെ പഠനത്തിലാണ് ഗൗരി ലങ്കേഷും കടന്നുവന്നത്.

കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് ‘വ്യാജ വാര്‍ത്തകളുടെ കാലത്ത്'(in the age of false news) എന്ന തലക്കെട്ടില്‍ ഗൗരി ലങ്കേഷ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഇന്ത്യയില്‍ ‘ഓണ്‍ലൈന്‍ ഫാക്ടറികള്‍’ തെറ്റായ വിവരങ്ങളും വിദ്വേഷവും പ്രചരപ്പിക്കുന്നതിനെപ്പറ്റി വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഈ സംഭവം തങ്ങളുടെ അന്വേഷണത്തിന് വഴിമരുന്നിട്ടതായി ഫോര്‍ബിഡന്‍ സ്‌റ്റോറീസ് വ്യക്തമാക്കുന്നു.

രാജ്യത്ത് ഓണ്‍ലൈനിലൂടെ നടക്കുന്ന വ്യാജ പ്രചരത്തിന്റെ വഴികളും അതിന്റ വിശകലനവും ഗൗരി ലങ്കേഷ് തന്റെ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്. ‘വ്യാജ വാര്‍ത്തകള്‍ തുറന്നുകാണിക്കുന്ന മുഴുവന്‍ ആളുകളേയും എനിക്ക് സെല്യൂട്ട് ചെയ്യണം. അങ്ങനെയുള്ളവര്‍ ഒരുപാടുണ്ടായിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിക്കുന്നു,’ എന്ന് എഴുതിയാണ് ഈ റിപ്പോര്‍ട്ട്
ഗൗരി ലങ്കേഷ് അവസാനിപ്പിക്കുന്നതെന്നും ഫോര്‍ബിഡന്‍ സ്‌റ്റോറീസ് പറയുന്നു.

2017 സെപ്റ്റംബറിലാണ് ഗൗരി ലങ്കേഷ് വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഘപരിവാര്‍ സംഘടനകളെ രൂക്ഷമായി എതിര്‍ത്തിരുന്ന ഗൗരി ലങ്കേഷിന് ഭീഷണിയുണ്ടായിരുന്നു.
സനാതന്‍ സന്‍സ്ത, ശ്രീരാമസേന, ഹിന്ദു ജനജാഗൃതി സമിതി, ഹിന്ദു യുവ സേന തുടങ്ങിയവയുമായി ബന്ധമുള്ളവരാണ് കേസില്‍ അറസ്റ്റിലായവരില്‍ ഭൂരിഭാഗവും.

അതേസമയം, ഇന്ത്യയിലടക്കം ലോകത്ത് നടന്ന 30ല്‍ അധികം തെരഞ്ഞെടുപ്പുകളില്‍ ഇസ്രഈലി കമ്പനിയുടെ ഇടപെടലുണ്ടായതായി വെളിപ്പെടുത്തുന്നതാണ് ഫോര്‍ബിഡന്‍ സ്‌റ്റോറീസിന്റെ റിപ്പോര്‍ട്ട്.

ഇന്ത്യയെ കൂടാതെ അമേരിക്ക, ബ്രിട്ടണ്‍, ജര്‍മനി, സ്വിറ്റ്സര്‍ലാന്‍ഡ്, മെക്സിക്കോ, സെനഗല്‍, യു.എ.ഇ എന്നിവിടങ്ങളിലും ഇസ്രഈല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ടീം ഹോര്‍ഹെ’ എന്ന ഗ്രൂപ്പ് ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നാണ് ഇവരുടെ കണ്ടെത്തല്‍. പണം വാങ്ങിയാണ് വന്‍കിട കമ്പനികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വേണ്ടി ഇത്തരം ഗ്രൂപ്പുകള്‍ പ്രര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlight: Article by Gauri Lankesh and discovery of Forbidden Stories

We use cookies to give you the best possible experience. Learn more