| Thursday, 28th December 2017, 6:11 am

മതം വിറ്റ് കാശാക്കുന്ന ചികില്‍സാ തട്ടിപ്പുകാര്‍ !

നാസിറുദ്ദീന്‍

ലോകത്ത് മതത്തോളം ചൂഷണത്തിനും തട്ടിപ്പിനും ഉപയോഗിക്കപ്പെട്ട അധികം സ്ഥാപനങ്ങള്‍ ഉണ്ടാവുമോ എന്ന് സംശയമാണ്. തങ്ങളുടെ ഗൂഢ താല്‍പര്യങ്ങള്‍ക്കനുസരിച്ച് പ്രമാണങ്ങള്‍ വ്യാഖ്യാനിക്കുക വഴി പരമ്പരാഗത മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിലൂടെ സ്വപ്നം കാണാന്‍ പോലും പറ്റാത്ത സാധ്യതകളാണ് തുറക്കുന്നത്. ഐസിസ് തൊട്ട് ലോക്കല്‍ തട്ടിപ്പുകാര്‍ വരെ ഉപയോഗപ്പെടുത്തുന്നത് ഈ സാധ്യതയാണ്.

പി.എ കരീം

പ്രകൃതി ചികില്‍സകന്‍ എന്നവകാശപ്പെടുന്ന പി.എ കരീം തന്ത്രപരമായി ഉപയോഗപ്പെടുത്തുന്നതും മറ്റൊന്നല്ല. വാക്‌സിനേഷന്‍ ശിര്‍ക്കാണെന്ന് പറയുക വഴി ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഏറ്റവും അടിസ്ഥാനമായ രോഗ പ്രതിരോധ മാര്‍ഗം തന്നെ മത വിരുദ്ധമാണെന്ന് സ്ഥാപിക്കാനായിരുന്നു കരീം ശ്രമിച്ചിരുന്നത്. “ശിര്‍ക്ക് ” അഥവാ അല്ലാഹുവില്‍ പങ്കു ചേര്‍ക്കല്‍ ഇസ്‌ലാം മത വിശ്വാസ പ്രകാരം മറ്റെന്തിനേക്കാളും കൊടിയ പാപമാണ്. സ്വാഭാവികമായും ഈ പ്രചാരണം വാക്‌സിനേഷനേയും ആധുനിക വൈദ്യശാസ്ത്രത്തേയും ശത്രുതാ മനോഭാവത്തോടെ കാണാന്‍ വിശ്വാസികളെ പ്രേരിപ്പിക്കും. അഥവാ അതിന് ബദലെന്നവകാശപ്പെടുന്ന തന്റെ ചികില്‍സക്കുള്ള ഏറ്റവും വലിയ മാര്‍ക്കറ്റിംഗാണ് ഈ ശിര്‍ക്ക് ചാപ്പ.

ഇതിന്റെ തുടര്‍ച്ച മാത്രമായി കാണാവുന്നതാണ് രോഗപ്പകര്‍ച്ചയെ നിഷേധിക്കുന്ന കരീമിന്റെ ഏറ്റവും പുതിയ സിദ്ധാന്തം. പതിവ് പോലെ ഖുര്‍ആനെയും ഹദീസിനെയും കൂട്ട് പിടിക്കുന്നുമുണ്ട്. കരീമിന്റെ തന്നെ വാക്കുകളില്‍,

രോഗം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുകയില്ലായെന്ന് മുഹമ്മദ് നബി തീര്‍ത്ത് പറഞ്ഞിട്ടുണ്ട്. രോഗ പകര്‍ച്ചയെ നിഷേധിക്കുന്ന ഖുര്‍ആന്‍ വചനങ്ങളുണ്ട് താനും. ഹൈന്ദവ ക്രൈസ്തവ വേദ വചനങ്ങളുമുണ്ട് വേറെ.

പിന്നീട് ഏതാണ് ഇതിന് കാരണമായ ഖുര്‍ആന്‍, ഹദീസ് പരാമര്‍ശങ്ങളെന്ന് കരീം സൂചിപ്പിക്കുന്നുണ്ട്,

 ഖുര്‍ആനിലെ നൂര്‍ അദ്ധ്യായത്തിലെ 61ാമത്തെ വചനവും സുപ്രധാന ഹദീസ് ഗ്രന്ഥമായ ബുഖാരിയില്‍ “ലാ അദ്വ വലാ തൈറത്ത” എന്ന ഹദീസും രോഗപകര്‍ച്ചയെ നിഷേധിക്കുന്നതാണെന്ന് കരീം ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഇവിടെ പരാമര്‍ശവിധേയമായ ഖുര്‍ആന്‍ വചനവും ഹദീസും പരിശോധിക്കേണ്ടതുണ്ട്. നബിയുടെ മദീനാ ജീവിത കാലഘട്ടത്തിലെ 5-6 വര്‍ഷങ്ങളിലായി അവതീര്‍ണ്ണമായതായി കണക്കാക്കപ്പെടുന്ന ഖുര്‍ആനിലെ 24 മത്തെ അധ്യായമാണ് “സൂറത്ത് നൂര്‍”. ഇസ്‌ലാം ഒരാശയമായി അവതരിപ്പിച്ച മക്കാ കാലഘട്ടത്തിലെ അധ്യായങ്ങളില്‍ നിന്ന് വ്യത്യസ്തമായി ശൈശവാവസ്ഥയിലായിരുന്ന മുസ്‌ലിം സമൂഹത്തിന് സഹായകമായ പ്രായോഗിക നിര്‍ദേശങ്ങളും കല്‍പനകളുമാണ് മദീനാ കാലഘട്ടത്തിലെ അധ്യായങ്ങളിലുള്ളത്.

Image result for brainwash

സ്വാഭാവികമായും സൂറത്ത് നൂറിലും ഈയൊരു പാറ്റേണ്‍ കാണാം. ആണും പെണ്ണും തമ്മിലുള്ള ബന്ധത്തിന്റെ പരിധികള്‍, സാമൂഹിക ഇടപെടലുകളില്‍ പാലിക്കേണ്ട മര്യാദകള്‍, വ്യക്തിയുടെ സ്വകാര്യതക്കുള്ള അവകാശങ്ങള്‍, മനുഷ്യ സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും പ്രയോഗം തുടങ്ങിയ കാര്യങ്ങളാണ് ഈ അധ്യായത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. ആളുകളുടെ സ്വകാര്യത മാനിക്കാന്‍ പറയുന്ന രണ്ട് സൂക്തങ്ങളും (58,59) വസ്ത്രധാരണത്തില്‍ സ്ത്രീകള്‍ പാലിക്കേണ്ട മര്യാദയും (60) പറഞ്ഞ ശേഷമാണ് പരാമര്‍ശ വിധേയമായ 61 മത്തെ സൂക്തം വരുന്നത്. അതിങ്ങനെ,

“നിങ്ങളുടെയോ നിങ്ങളുടെ പിതാക്കള്‍, മാതാക്കള്‍, സഹോദരന്മാര്‍, സഹോദരിമാര്‍, പിതൃവ്യന്മാര്‍, അമ്മായിമാര്‍, അമ്മാവന്മാര്‍, മാതൃസഹോദരിമാര്‍ എന്നിവരുടെയോ വീടുകളില്‍നിന്ന് ഭക്ഷണം കഴിക്കുന്നതില്‍ കുരുടന്നും മുടന്തന്നും രോഗിക്കും നിങ്ങള്‍ക്കും കുറ്റമില്ല. ഏതു വീടിന്റെ താക്കോലുകള്‍ നിങ്ങളുടെ വശമാണോ ആ വീടുകളില്‍നിന്നും നിങ്ങളുടെ കൂട്ടുകാരന്റെ വീട്ടില്‍നിന്നും ആഹാരംകഴിക്കുന്നതിലും തെറ്റില്ല. നിങ്ങള്‍ക്ക് ഒറ്റക്കോ കൂട്ടായോ ആഹാരം കഴിക്കാവുന്നതാണ്. എന്നാല്‍ നിങ്ങള്‍ വീടുകളില്‍ കടന്നുചെല്ലുകയാണെങ്കില്‍ അല്ലാഹുവില്‍നിന്നുള്ള അനുഗൃഹീതവും പവിത്രവുമായ അഭിവാദ്യമെന്നനിലയില്‍ നിങ്ങളന്യോന്യം സലാം പറയണം. ഇവ്വിധം അല്ലാഹു നിങ്ങള്‍ക്ക് അവന്റെ വചനങ്ങള്‍ വിശദീകരിച്ചുതരുന്നു. നിങ്ങള്‍ ചിന്തിച്ചുമനസ്സിലാക്കാന്‍.” (24:61)

ഇവിടെ അടിസ്ഥാന വിഷയം ഭക്ഷണമാണ്, അഥവാ അതുമായി ബന്ധപ്പെട്ട് പുലര്‍ത്തേണ്ട മനുഷ്യ സമത്വമടക്കമുള്ള മര്യാദകളാണ്. ആ മര്യാദകള്‍ക്കടിസ്ഥാനമായ ചില തത്വങ്ങള്‍ക്ക് ഊന്നല്‍ നല്‍കാനാണ് ഈ സൂക്തമെന്ന് പ്രധാന ഖുര്‍ആന്‍ വ്യാഖ്യാതാക്കളെല്ലാം അടിവരയിടുന്നുണ്ട്. വിശ്വാസികളുടെ ജീവിത കര്‍മ്മങ്ങളിലെ അനുവദനീയവും അല്ലാത്തതുമായ (ഹലാല്‍-ഹറാം) വിഷയങ്ങളില്‍ സൂക്ഷ്മതയും കാര്‍ക്കശ്യവും മൂത്ത് മറ്റുള്ളവരുടെ വീടുകളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നത് പോലും നിഷിദ്ധമായി കരുതിയ ഒരു വിഭാഗം വളര്‍ന്നു വന്നിരുന്ന സാഹചര്യത്തേയും അഡ്രസ് ചെയ്യുന്നതാണ് ഈ വാചകങ്ങളെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു. മുഹമ്മദ് അസദ് ഈ സൂക്തത്തെ ചുരുങ്ങിയ വാക്കില്‍ മനോഹരമായി വിശദീകരിക്കുന്നു,

ഈയൊരു സൂക്തം ഏറെ elliptic രൂപത്തിലായതിനാല്‍ അതിന്റെ സാരത്തെ സംബന്ധിച്ച് അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമായിരുന്നു. എന്നിരുന്നാലും ആദ്യകാല വ്യാഖ്യാതാക്കള്‍ നല്‍കിയ വിശദീകരണം പരിഗണിക്കുമ്പോള്‍ കാണാന്‍ പറ്റുന്ന ഒരു പൊതുവായ അഭിപ്രായമുണ്ട്. അത് ഈ സൂക്തത്തിന്റെ അകക്കാമ്പ് വിശ്വാസികള്‍ക്കിടയില്‍ ഉണ്ടാവേണ്ട സാഹോദര്യത്തിന് നല്‍കുന്ന ഊന്നലാണെന്നതാണ്,. ഇക്കാര്യം പരസ്പരം സഹാനുഭൂതിയും അനുകമ്പയും സഹവര്‍തിത്വവും കാണിക്കാനാവശ്യപ്പെടുന്നതിലൂടെ വ്യക്തമാക്കി. മാത്രമല്ല, അവര്‍ക്കിടയിലെ ബന്ധത്തില്‍ അനാവശ്യമായ ഔപചാരികത്വം ഒഴിവാക്കാനും ആവശ്യപ്പെടുന്നു.

ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങള്‍ (തഫ്‌സീറുകള്‍) നോക്കുമ്പോള്‍ അസദ് പറയുന്ന കാര്യം വിശദമായി തന്നെ കാണാനാവും. രണ്ട് ഉദാഹരണങ്ങള്‍ പരിഗണിക്കാം. ഒന്നാമത്തേത് പതിമൂന്നാം നൂറ്റാണ്ടിലെ പ്രഭല്‍ഗ പണ്ഡിതനും ഖുര്‍ആന്‍ വ്യാഖ്യാതാവുമായ ഇമാം ഖുര്‍തുബി. രണ്ടാമത്തേത് പന്ത്രണ്ടാം നൂറ്റാണ്ടിലെ ഉജ്ജ്വല പണ്ഡിതനായിരുന്ന ഇമാം ഫക്രുദ്ദീന്‍ അല്‍ റാസി. ഇമാം ഖുര്‍തുബി മാലിക്കി ആശയധാര (മദ്ഹബ്) പിന്‍പറ്റുന്ന ആളാണെങ്കില്‍ ഇമാം റാസി ശാഫീ വിഭാഗക്കാരനായിരുന്നു. മാത്രമല്ല റാസി വൈദ്യശാസ്ത്രത്തില്‍ കനപ്പെട്ട പുസ്തകങ്ങള്‍ രചിക്കാന്‍ മാത്രം അതില്‍ നല്ല അവഗാഹമുള്ളയാളും കൂടിയായിരുന്നു. രണ്ട് പേരും മുസ്ലിം ലോകത്ത് ഏറെ സ്വീകാര്യരും ആദരണീയരുമായ പണ്ഡിത ശ്രേഷ്ഠരാണ്.

ആദ്യം ഖുര്‍തുബി തന്റെ തഫ്‌സീറില്‍ ഈ സൂക്തത്തിന് നല്‍കുന്ന വിശദീകരണം നോക്കാം. ഈ ആയത്തിന്റെ വിശദീകരണത്തില്‍ അദ്ദേഹം പരാമര്‍ശിക്കുന്ന കാര്യങ്ങള്‍ ചുരുക്കത്തില്‍,

ഭക്ഷണമാണ് ഇതിലെ പ്രധാന വിഷയം.

2 സൂക്ഷ്മത കൂടിയപ്പോള്‍ അനുവദനീയവും അല്ലാത്തതുമായ കാര്യങ്ങളെപ്പറ്റി വിശ്വാസികള്‍ക്ക് കൂടുതല്‍ സംശയങ്ങളുണ്ടായി. ഇവര്‍ക്കിടയില്‍ യുദ്ധത്തിന് പോവുമ്പോള്‍ വീട് മറ്റുള്ളവരെ ഏല്‍പ്പിക്കുന്ന പതിവുമുണ്ടായിരുന്നു. വാടക പോലും നല്‍കാതെ താമസിക്കുന്ന ഇങ്ങനെയുള്ളവര്‍ ആ വീടുകളില്‍ നിന്ന് ഭക്ഷിക്കുന്നത് നിഷിദ്ധമാണോ എന്ന് ഭയന്നു. അങ്ങനെ ചെയ്യുന്നതില്‍ പാപമില്ലെന്ന് ഈ സൂക്തം സൂചിപ്പിക്കുന്നു.

3അന്ധന്‍മാര്‍ക്ക് പ്രത്യേക ഇളവ്. അന്ധന്‍മാര്‍ക്ക് മറ്റുള്ളവരെ പോലെ ഭക്ഷണം ലഭിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ അവര്‍ക്ക് പ്രത്യേക ഇളവ് നല്‍കണം.

4 ചില ആളുകള്‍ക്ക് മുടന്തുള്ളവര്‍, രോഗികള്‍ തുടങ്ങിയവരോടൊത്ത് ഭക്ഷണം കഴിക്കാന്‍ വൈമനസ്യമായിരുന്നു. ഇതൊരു അനിസ്ലാമിക സംസ്‌കാരത്തിന്റെ ഭാഗമായ അഹന്തയാണ്. ഇതിന് കാരണമായി പറയുന്നത് പൂര്‍ണ ആരോഗ്യവാനെക്കാള്‍ നടേ പറഞ്ഞവര്‍ക്കുള്ള ബലഹീനതകളാണ്. അന്ധന് കാഴ്ചയില്ല, മുടന്തന് ധൃതി കൂട്ടാനുള്ള ശേഷിയില്ല, രോഗിയുടെ ബലഹീനത (“ളുഅഫ്” ) തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് അവരോടൊപ്പം ഭക്ഷണം കഴിക്കാന്‍ മറ്റുള്ളവര്‍ മടിച്ചു. അവരൊന്നിച്ചുള്ള ഭക്ഷണത്തെ പ്രോല്‍സാഹിപ്പിക്കുന്ന സൂക്തമാണിത്.

5സാമൂഹിക വിവേചനങ്ങളെ പൊളിച്ചു, മറ്റുള്ളവരുടെ വീടുകളില്‍ പ്രവേശിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദ പാലിക്കണമെന്ന് പഠിപ്പിച്ചു. സമ്മതം/തൃപ്തി അനിവാര്യമാണ്.

ഇനി റാസി ഈ ആയത്തിനെ വിശദീകരിക്കുന്ന ഭാഗം ചുരുക്കത്തില്‍,

സമൂഹം ഈ മൂന്ന് കൂട്ടരുടെയും കൂടെ ഭക്ഷണം കഴിക്കുന്നത് വിലക്കിയിരുന്നു. ആ വിലക്ക് നീക്കാനാണ് ഈ ആയത്ത്. അന്ധന് ഭക്ഷണം കണ്ട് തേടിപ്പിടിക്കാന്‍ കഴിയില്ല, മുടന്തന് മറ്റുള്ളവരെ പോലെ ഇരുന്ന് കഴിക്കാന്‍ സാധിക്കില്ല, രോഗിക്ക് ആരോഗ്യവാനെപ്പോലെ എളുപ്പം കഴിക്കാനാവില്ല. ഈ കാരണങ്ങളാല്‍ ഇവരൊന്നിച്ച് മറ്റുള്ളവര്‍ ഭക്ഷണം കഴിക്കാറില്ലായിരുന്നു. രോഗിക്ക് ആര്‍ത്തിയും മറ്റുള്ളവരുടെ ഭക്ഷണത്തിലേക്കുള്ള നോട്ടവും ഉണ്ടാവും. ഇത് മറ്റുള്ളവര്‍ വെറുക്കുന്നത് കൊണ്ട് കൂടെ ഭക്ഷണം കഴിക്കുന്നത് അവര്‍ വിലക്കി. അങ്ങനെ രോഗികളുടെ കൂടെ ഭക്ഷണം കഴിക്കാതിരിക്കാന്‍ മറ്റുള്ളവര്‍ കരുതിയിരുന്നു.

(കൂടാതെ ഖുര്‍ത്തുബി പരിഗണിച്ച സൂക്ഷ്മതയുമായും സാമൂഹിക വശങ്ങളുമായും ബന്ധപ്പെട്ട വീക്ഷണങ്ങള്‍ റാസിയും പരാമര്‍ശിക്കുന്നുണ്ട്. )

ഇവിടെ ശ്രദ്ധേയമായ കാര്യം “രോഗപ്പകര്‍ച്ച നിഷേധിക്കുന്ന” രീതിയിലുള്ള എന്തെങ്കിലും വ്യാഖ്യാനമോ പരാമര്‍ശമോ ഇവര്‍ രണ്ട് പേരും നടത്തുന്നേയില്ലെന്നതാണ്. ഇവരുടെയെല്ലാം ഖുര്‍ആന്‍ വ്യാഖ്യാനങ്ങളുടെ എടുത്തു പറയേണ്ട പ്രത്യേകത അതിലെ വൈവിധ്യവും ബഹുസ്വരതയുമാണ്. തീര്‍ത്തും വ്യത്യസ്തവും ചിലപ്പോഴെങ്കിലും പരസ്പര വിരുദ്ധവുമായ വീക്ഷണങ്ങള്‍ അവര്‍ ഓരോ സൂക്തങ്ങള്‍ക്കും നല്‍കാറുണ്ട്. വ്യക്തിപരമായി അവര്‍ യോജിക്കാത്ത വീക്ഷണവും തുല്യ പ്രാധാന്യത്തോടെ നല്‍കുന്നത് കാണാം. പക്ഷേ രണ്ട് പേരും രോഗപ്പകര്‍ച്ചയെ നിഷേധിക്കുന്നതായ ഒരു വ്യാഖ്യാനം ഈ സൂക്തത്തിന് ആരെങ്കിലും നല്‍കിയതായി പറയുന്നില്ല. മറ്റ് പ്രമുഖ വ്യാഖ്യാന ഗ്രന്ഥങ്ങളിലും രോഗപ്പ കര്‍ച്ചയെ നിഷേധത്തുന്ന പരാമര്‍ശങ്ങളില്ല.

അടുത്തതായി കരീം തന്റെ വാദത്തിനടിസ്ഥാനമായി ഉദ്ധരിക്കുന്നത് ഹദീസുകളാണ്. “ലാ അദ് വാ” അഥവാ “രോഗം പകരില്ല” എന്ന് പറയുന്ന ഹദീസുകള്‍ ഉണ്ടെന്നാണദ്ദേഹം പറയുന്നത്. വളരെ തന്ത്രപരമായി ഇതിലൊരു ഹദീസും മുഴുവനായി ഉദ്ധരിക്കാനോ വ്യാഖ്യാനങ്ങളിലേക്ക് കടക്കാനോ അദ്ദേഹം തയ്യാറാവുന്നുമില്ല. “ലാ അദ് വാ” എന്ന് പറയുന്ന ഹദീസുകള്‍ ഉണ്ടെന്നത് വാസ്തവമാണ്. പക്ഷേ ആ ഹദീസുകളില്‍ ഒന്ന് പോലും അത് മാത്രമായി പറയുന്നതല്ല. ഒന്നിലധികം വാക്യങ്ങളുള്ള ഹദീസുകളിലെ ഒരു വാക്യത്തിലെ തുടക്കം മാത്രമായി അടര്‍ത്തിയെടുത്തതാണ് ഇപ്പറയുന്ന വാചകം.

പ്രമുഖ ഹദീസ് ശേഖരങ്ങളായ ബുഖാരി, മുസ്ലിം എന്നിവയിലെല്ലാം വ്യത്യാസങ്ങളോടെ “ലാ അദ് വാ” എന്ന പരാമര്‍ശം ഉള്‍ക്കൊള്ളുന്ന നിരവധി ഹദീസുകള്‍ കാണാം. ഈ ഹദീസുകളൊന്നും രോഗം പകരുകയില്ലെന്ന് മാത്രമായി പറയുകയല്ല ചെയ്യുന്നത്, അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ പകരുകയില്ലെന്നാണ് പറയുന്നത്. അതും സമ്പര്‍ക്കത്തിലൂടെ പകരുന്ന കാര്യം നിഷേധിക്കുകയല്ല ചെയ്യുന്നത്. അറബികള്‍ക്കിടയില്‍ വ്യാപകമായ അന്ധവിശ്വാസമായിരുന്നു കൊല്ലപ്പെട്ടവര്‍ക്ക് പകരം ചോദിച്ചില്ലെങ്കില്‍ അവരുടെ ആത്മാവ് പക്ഷികളുടെ രൂപത്തില്‍ വന്ന് മരണം വരെ വിതക്കുമെന്ന്.

അശുഭ ലക്ഷണങ്ങളെ പറ്റി വേറെയും പല അന്ധവിശ്വാസങ്ങള്‍ അവര്‍ക്കിടയില്‍ വ്യാപകമായിരുന്നു. ഇവയെക്കുറിച്ചു പറയുന്ന കൂട്ടത്തിലാണ് അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ രോഗം പകരില്ലെന്നും ഈ അന്ധവിശ്വാസങ്ങളില്‍ കാര്യമില്ലെന്നും പറഞ്ഞത്. മാത്രമല്ല, രോഗം പകരുന്നത് ഒഴിവാക്കാന്‍ രോഗമുള്ള ഒട്ടകത്തെ മറ്റുള്ളവയില്‍ നിന്ന് മാറ്റണമെന്ന് നിര്‍ദേശിക്കുന്ന ഹദീസും കാണാം.

ഈ ലോകക്രമം കാര്യകാരണ ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ് നിലകൊള്ളുന്നതെന്ന് ഖുര്‍ആനിലുടനീളം പറയുന്ന ഒരിസ്ലാമിക സങ്കല്‍പമാണ്. നബിയും കാര്യകാരണ ബന്ധത്തെ ഒരിക്കലും നിഷേധിച്ചിട്ടില്ല. അതേ സമയം കാരണങ്ങള്‍ക്ക് ദൈവത്തിന്റെ സ്ഥാനം കല്‍പിക്കുന്നതിനെയാണ് നിരോധിച്ചത്. രോഗങ്ങള്‍ പടരുന്നത് തടയാന്‍ രോഗിയില്‍ നിന്ന് വിട്ടു നില്‍ക്കാനും രോഗമുള്ള ജീവികളെ / മാറ്റി നിര്‍ത്താനും പറയുന്ന ഹദീസുകള്‍ ഈ കാരണങ്ങളെ അംഗീകരിക്കുന്നത് കൊണ്ടാണ്. അതേ സമയം ഈ കാര്യ കാരണ ക്രമം പരിപാലിക്കുന്നതില്‍ അല്ലാഹുവിന്റെ പങ്ക് ഊന്നി പറയുന്നു. അതാണ് അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ രോഗം പകരില്ലെന്ന് പറയുന്ന ഹദീസുകളും കാണാം.

ബുഖാരി ഹദീസ് ശേഖരങ്ങളുടെ ഏറ്റവും ആധികാരിക വ്യാഖ്യാനമായ ഇമാം ഇബ്‌നു ഹജര്‍ അല്‍ അസ്ഖലാനിയുടെ “ഫതഹുല്‍ ബാരി” യില്‍ “ലാ അദ് വാ”” എന്ന പരാമര്‍ശത്തിന്റെ വിശദമായ വ്യാഖ്യാനം കാണാം. ഫതഹുല്‍ ബാരിയില്‍ നിന്ന്,

അല്ലാഹു അല്ലാത്തവരില്‍ നിന്നാണ് രോഗങ്ങളും ദുരിതങ്ങളും എന്ന വിശ്വാസത്തെയാണ് ഈ ഹദീസ് കൈകാര്യം ചെയ്യുന്നത്. നബി “ലാ അദ് വാ” എന്ന് പറഞ്ഞത് സംബന്ധിച്ച് ഒരു വീക്ഷണം ഇപ്രകാരമാണ് – കര്‍മങ്ങളെ അല്ലാഹു അല്ലാത്തവരിലേക്ക് ചേര്‍ത്തു കൊണ്ടാണ് ജാഹിലിയ്യാ കാലത്ത് അവര്‍ വിശ്വസിച്ചിരുന്നത്. ന്യൂനതയുള്ളവയും ആരോഗ്യമുള്ളവയും കൂടിക്കലരുന്നത് മൂലം രോഗം സംഭവിക്കാന്‍ കാരണമാവുന്നത് അല്ലാഹുവിന്റെ ഉദ്ദേശം കൊണ്ടാണ്. ഇക്കാരണത്താലാണ് നബി “സിംഹത്തില്‍ നിന്ന് ഓടിയൊളിക്കും പോലെ കുഷ്ഠ രോഗിയില്‍ നിന്നും നിങ്ങള്‍ ഓടിയൊളിക്കണം” എന്ന് പറഞ്ഞത്.

(മറ്റൊരിക്കല്‍) നബി പറഞ്ഞു,

“ആരോഗ്യമുള്ള (ഒട്ടകങ്ങളുടെ ) കൂടെ രോഗമുള്ളവയെ വെള്ളം കുടിക്കാന്‍ കൊണ്ടുവരരുത്”

” പ്ലേഗ് ബാധിത പ്രദേശത്ത് ചെല്ലരുത് ” എന്നും നബി പറഞ്ഞത് ഇക്കാരണത്താലാണ്.

ഇക്കാര്യങ്ങളെല്ലാം പറഞ്ഞ ശേഷം ഇമാം ത്വബ്രിയെ ( 839923) അസ്ഖലാനി ഉദ്ധരിക്കുന്നു. ചരിത്രകാരന്‍, ഖുര്‍ആന്‍ വ്യാഖ്യാതാവ്, ഹദീസ് പണ്ഡിതന്‍ എന്നീ നിലയിലെല്ലാം അറിയപ്പെടുന്ന മഹാനാണ് ത്വബ്രി.

 നമ്മുടെ അടുത്തുള്ളതില്‍ ഏറ്റവും ശരിയായ കാര്യം ലാ അദ് വാ എന്ന് വെച്ചാല്‍ ഒരാളെയും അല്ലാഹു വിധിച്ചതല്ലാതെ ബാധിക്കുകയില്ല എന്നാണ്. ആരോഗ്യമുള്ളതും രോഗിയും അടുക്കുന്നത് വഴി രോഗം ആരോഗ്യമുള്ളതിനെ ബാധിക്കണമെന്ന് നിര്‍ബന്ധമില്ല. ആരോഗ്യമുള്ളയാള്‍ രോഗിയോടടുക്കുന്നത് ആളുകള്‍ വെറുക്കുന്നു. അത് നിഷിദ്ധമായത് കൊണ്ടല്ല ; ആ രോഗം തന്നെ ബാധിക്കുമോ എന്ന് ആരോഗ്യമുള്ളവന്‍ ഭയപ്പെടുന്നത് കൊണ്ടാണ്. രോഗിയോട് ആരോഗ്യവാന്‍ അടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയമാണിത്. ഇവിടെയാണ് നബി നിഷേധിച്ച രീതിയിലുള്ള “രോഗപ്പകര്‍ച്ച”. കുഷ്ഠ രോഗിയില്‍ നിന്ന് ഓടിയൊളിക്കാന്‍ പറഞ്ഞതും അവന്റെ തന്നെ കൂടെ ആഹാരം കഴിക്കാന്‍ പറഞ്ഞതുമായി വൈരുധ്യം വരുന്നില്ല. കാരണം അധിക കല്‍പനകളും നിര്‍ബന്ധത്തെ സൂചിപ്പിക്കുന്നതാണെങ്കിലും ഇവിടെ കല്‍പന നിര്‍ദ്ദേശം എന്ന നിലയിലോ അനുവാദം എന്ന നിലയിലോ ആണ്. നിഷിദ്ധമല്ലെന്ന് വ്യക്തമായതിനാലാണ് ചിലപ്പോള്‍ വിലക്കിയത് ചെയ്യുന്നത്.

അതായത് ചില സാഹചര്യത്തിലും കാരണങ്ങള്‍ കൊണ്ടും അത് (കുഷ്ഠ രോഗിയുമായുള്ള സമ്പര്‍ക്കം ) അഭിലഷണീയമല്ല. ഇവിടെ ആ സാഹചര്യം രോഗം പടരുമെന്നതാണെന്ന് ത്വബ് രി സൂചിപ്പിക്കുന്നു.

ചുരുക്കത്തില്‍ “ലാ അദ് വാ” അഥവാ “രോഗം പകരില്ല”” എന്ന അടര്‍ത്തിയെടുത്ത വാക്ക് രോഗപ്പകര്‍ച്ചയെ നിഷേധിക്കുകയല്ല യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത് ; മറിച്ച് ചില സാഹചര്യങ്ങളിലെ രോഗപ്പകര്‍ച്ചയെ ശരി വെക്കുകയാണ് ചെയ്യുന്നതെന്ന് കൂടി ഫതഹുല്‍ ബാരിയില്‍ നിന്ന് തന്നെ വ്യക്തം.

ഇസ്ലാമിക പ്രമാണങ്ങള്‍ക്ക് നിരവധി വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ സാധ്യമാണ്. മുകളില്‍ ഉദ്ധരിച്ച പോലുള്ള ഖുര്‍ആന്‍, ഹദീസ് വ്യാഖ്യാന ഗ്രന്ഥങ്ങള്‍ അതിന്റെ സാക്ഷി പത്രങ്ങളുമാണ്. ഇനിയും പുതിയ വ്യാഖ്യാനങ്ങള്‍ വന്നെന്നിരിക്കും. അതിലൊന്നും ഒരു കുഴപ്പവുമില്ല. ഇസ്ലാമിന്റെ ബഹുസ്വരതയേയും സഹിഷ്ണുതയേയുമാണതെല്ലാം സൂചിപ്പിക്കുന്നത്. പക്ഷേ ബോധപൂര്‍വ്വം തങ്ങളുടെ തട്ടിപ്പിനായി പ്രമാണങ്ങളുടെ പേരില്‍ നുണ പ്രചാരണം നടത്തുന്നത് വേറിട്ട് തന്നെ കാണണം.

അവര്‍ പ്രമാണങ്ങളെ വിറ്റ് കാശാക്കുകയാണ് ; കൂട്ടത്തില്‍ ഒറ്റുന്നത് ഇസ്ലാമിനേയും മുസ്ലിങ്ങളേയും ഒരു പോലെയാണ്. അടിസ്ഥാന ശാസ്ത്ര തത്വങ്ങേേളയും സിദ്ധാന്തങ്ങളേയും ശിര്‍ക്കും ഖുര്‍ആന്‍ വിരുദ്ധവുമെല്ലാം ആക്കേണ്ടത് തട്ടിപ്പിന്റെ മാര്‍ക്കറ്റിംഗിന് അനിവാര്യമാണ്. ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സമുദായത്തില്‍ ഇതുണ്ടാക്കുന്നത്. ഏറെക്കാലത്തെ പിന്നോക്കാവസ്ഥയെ അതിജീവിച്ച് സമുദായം ഇന്ന് വിദ്യാഭ്യാസ,, വൈദ്യശാസ്ത്ര മേഖലകളില്‍ മുന്നേറുകയാണ്. ഈ മുന്നേറ്റം തടയാനും അന്ധവിശ്വാസങ്ങള്‍ക്കും തട്ടിപ്പുകള്‍ക്കും ഇരയാവാനും ദുരിതക്കയത്തിലേക്ക് തള്ളിയിടാനും മാത്രമേ ഈ ശാസ്ത്ര വിരുദ്ധ പ്രചാരണങ്ങള്‍ സഹായിക്കൂ. മുസ്ലിം സമുദായത്തില്‍ വ്യാപക പ്രചാരണം നടത്തുന്ന ചികില്‍സാ തട്ടിപ്പുകാര്‍ ലക്ഷ്യമിടുന്നതും മറ്റൊന്നല്ല. അത് കൊണ്ട് തന്നെ ഇതിനെ പ്രതിരോധിക്കാനും തട്ടിപ്പുകാരെ തുറന്നു കാട്ടാനും മുസ്‌ലിങ്ങള്‍ തന്നെ മുന്നിട്ടിറങ്ങേണ്ടതുണ്ട്.

(റഫറൻസിന് ഒരു പാട് സഹായിച്ച കൂട്ടുകാരൻ ഇ എൻ റസാഖിന് പ്രത്യേക നന്ദി !)

നാസിറുദ്ദീന്‍

We use cookies to give you the best possible experience. Learn more