എസ്സേയ്‌സ് / ഹൈറുന്നീസ
ഇതു സംബന്ധിച്ച് തദ്ദേശ്ശസ്വയംഭരണവകുപ്പ് ഉത്തരവും പുറപ്പെടുവിച്ചിരിയ്ക്കുന്നു. മതസ്ഥാപനത്തിന്റെ സാക്ഷ്യപത്രമുണ്ടെങ്കില്‍ കൗമാരിക്ക് മഹര്‍ റെഡി. 18 തികയാത്ത മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹം നടത്തുന്നത് ക്രിമിനല്‍ കുറ്റമായിരിക്കെ ആ ക്രിമിനല്‍ കുറ്റത്തെ കുളിപ്പിച്ച് പൗഡര്‍ പൂശി സ്വീകാര്യമായ ഒന്നാക്കി മാറ്റുകയാണ് സര്‍ക്കാര്‍.[]
[]പകുതി തുറന്ന വാതിലിന് പിന്നില്‍ സുറുമയിട്ട കണ്ണുകള്‍, വളകിലുക്കം, കുയില്‍നാദം പോലെ ശബ്ദം ഒരു കാലഘട്ടത്തില്‍ ഇതായിരുന്നു മുസ്‌ലിം സ്ത്രീകളുടെ ചിന്ത.
പിന്നീട് സമസ്തമേലകളിലും വന്ന മാറ്റം അവള്‍ക്ക് മുമ്പില്‍ വാതിലുകള്‍ തുറന്നുകൊടുത്തു, അവള്‍ ലോകം കണ്ടു. എന്നാല്‍ ലോകം അവളെ കണ്ടുവോ എന്ന ചോദ്യം ഇപ്പോഴും സംശയത്തിനുള്ളിലാണ്.
അവളെ കണ്ടിരുന്നെങ്കില്‍ അവളെ കേട്ടിരുന്നെങ്കില്‍ അവളുടെ അവകാശങ്ങള്‍ കേവലം വ്യക്തിനിയമങ്ങളുടെ ഇട്ടാവട്ടപരിധിയില്‍ ചവിട്ടിത്താഴ്ത്തുന്നത് നോക്കി നില്‍ക്കുവാന്‍ ലോകത്തിനാവുമായിരുന്നില്ല.
1929 ലെ നിയമപ്രകാരം പുരുഷന്മാര്‍ക്ക് 21ഉം സ്ത്രീകള്‍ക്ക് 18ഉം വയസാണ് വിവാഹപ്രായം. പിന്നീട് ഇത് തുടരുകയുണ്ടായി. എന്നാല്‍ 2006 ലെ ശൈശവ വിവാഹ നിരോധന നിയമത്തില്‍ കുറഞ്ഞ പ്രായത്തിലെ വിവാഹം(ക്രിമിനല്‍ കുറ്റമാണെങ്കിലും) അസാധുവായി നിഷ്‌കര്‍ഷിച്ചിട്ടില്ലെന്നും 57ലെ മുസ്‌ലിം വിവാഹനിയമപ്രകാരം പ്രായം കൃത്യമായി നിഷ്‌കര്‍ഷിച്ചിട്ടില്ല എന്നതിന്റേയും പഴുതിലാണ് സര്‍ക്കാരിന്റെ പുതിയ ഉത്തരവ്.
ജീവിതത്തിലെ സുപ്രധാന തീരുമാനമായ വിവാഹം പോലും സ്വയം നിശ്ചയിക്കുവാന്‍ കഴിയില്ല
പൗരന് സര്‍വ്വ സംരക്ഷണവും നല്‍കുന്ന ഭരണഘടന അവന്റെ അവകാശങ്ങള്‍ മുഴുവന്‍ ഭദ്രമായി മതങ്ങളെ ഏല്‍പ്പിച്ചിരിക്കുകയാണ്. ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവിനേയും ആ മതനിയമങ്ങള്‍ക്കുള്ളില്‍ കെട്ടിപൂട്ടാനാണ് മതസംഘടനകള്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുന്നത്. എന്നാല്‍ ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് മുമ്പില്‍ വ്യക്തിനിയമങ്ങളുടെ ആനുകൂല്യമില്ല. അത് പൗരന്മാര്‍ക്കെല്ലാം ഒരുപോലെ ബാധകമാണ്.
കേരളത്തിലെ ഒരു പഞ്ചായത്തില്‍ കഴിഞ്ഞ ആറുമാസങ്ങള്‍ക്കുള്ളില്‍ ആകെ രജിസ്റ്റര്‍ ചെയ്തത് 32 മുസ്‌ലീം വിവാഹങ്ങളാണ്. ഇത് ഒരുദാഹരണം മാത്രം. ആകെ 100 വിവാഹങ്ങള്‍ നടന്നുവെങ്കില്‍ അതില്‍ പത്തോ പന്ത്രണ്ടോ എണ്ണമാണ് രജിസ്റ്റര്‍ ചെയ്ത് മുസ്‌ലീം വിവാഹങ്ങളെന്നും ബാക്കി വരുന്നതു മുഴുവന്‍ മറ്റ് മതങ്ങളിലെയാണെന്നും പഞ്ചായത്തിലെ രജിസ്റ്റര്‍ പറയുന്നു.
രജിസ്റ്റര്‍ ചെയ്യാത്ത മുസ്‌ലിം വിവാഹങ്ങള്‍ പിന്നീട് പിഴയോടുകൂടി വര്‍ഷങ്ങള്‍ കഴിഞ്ഞ് രജിസ്റ്റര്‍ ചെയ്യുമ്പോഴും രേകളെല്ലാം പക്കയായിരിക്കും. ഇതെന്തിങ്ങനെ സംഭവിക്കുന്നു എന്ന ചോദ്യത്തിന് ഔദ്യോഗിക ഉത്തരം ലഭ്യമല്ല! സര്‍ക്കാര്‍ ഉത്തരവിന് മുമ്പ് തന്നെ 16 കാരികള്‍ 18 കാരികളാവുന്നുണ്ടെന്ന അഭ്യൂഹവും അനാഥമായി തന്നെ കിടക്കുന്നു.[]
വിദ്യാഭ്യാസം നേടേണ്ട, തൊഴില്‍ നേടേണ്ട പ്രായത്തില്‍ വിവാഹത്തിന്റെ പേരില്‍ കടുത്ത ഉത്തരവാദിത്തങ്ങള്‍ ചുമലിലേല്‍ക്കേണ്ടി വന്ന എത്രയോ മുസ്‌ലീം പെണ്‍കുട്ടികള്‍ നമുക്കിടയില്‍ നിശബ്ദരായി കഴിയുന്നു. ഇവര്‍ക്കു വേണ്ടി ശബ്ദിക്കേണ്ടവര്‍ പോലും ഈ വിവേചനത്തിനെ ശക്തമായി പിന്തുണക്കുകയാണ്.
വോട്ടു രാഷ്ട്രീയവും സ്വത്വരാഷ്ട്രീയവും കടന്ന് ഇവര്‍ക്കു വേണ്ടിയൊരു കൊടി ഉയരണം. “ഞാന്‍ സ്വതന്ത്രയല്ലെന്നും മതവും അതിന്റെ ചുവടുപിടിച്ച് ഭരണകൂടവും എന്നെ മാറ്റിനിര്‍ത്തുന്നുവെന്നും” ചിന്തിക്കുവാനുള്ള ബോധം ഇന്നും ഭൂരിഭാഗംവരുന്ന മുസ്‌ലീം പെണ്‍കുട്ടികള്‍ക്കില്ലാത്തതും ഈ കൊടിയുടെ കുറവുമൂലമാണ്.
ജീവിതത്തിലെ സുപ്രധാന തീരുമാനമായ വിവാഹം പോലും സ്വയം നിശ്ചയിക്കുവാന്‍ കഴിയില്ല. അങ്ങനെ ചെയ്യുന്നത് ഭീകരമായ കുറ്റമാണ്. തൊഴില്‍ നേടുന്നതിലൂടെ സ്വതന്ത്രയാവണമെന്നില്ല. അത് നിഷേധവുമാണ് – ഇതാണ് ഇന്നു ലഭ്യമായ വിദ്യാഭ്യാസം മുസ്‌ലീം പെണ്‍കുട്ടിക്ക് നല്‍കുന്ന സാമൂഹിക ബോധം.
ഋതുമതിയാവുക എന്നതാണ് സ്ത്രീക്ക് വിവാഹിതയാവാനുള്ള ജീവശാസ്ത്രമായ അടിസ്ഥാനയോഗ്യതയെങ്കില്‍ സാമൂഹികമായി എന്ത് യോഗ്യതയാണ് അവര്‍ക്കു വേണ്ടതെന്ന് ഇതുവരെ ഏകീകൃതമായി, കൃത്യമായി നിര്‍ണയിക്കുവാന്‍ ആര്‍ക്കും കഴിയാത്തതെന്തേ? അവിടെ മതം ഇടപെടുന്നു. വിദ്യാസമ്പന്നരായ മുസ്‌ലീം യുവതികള്‍ പോലും മതത്തിലൂടെ മാത്രം പ്രതികരിക്കുന്നു.
പീഡനങ്ങള്‍ നടക്കുന്നു. പീഡനങ്ങള്‍ നടക്കാതിരിക്കാന്‍ പെണ്‍കുട്ടികളെ സംരക്ഷിക്കാം. അങ്ങനെ സംരക്ഷിക്കപ്പെടേണ്ട ഒരു കൂട്ടമാണ് തങ്ങളെന്ന് അവരെ ധരിപ്പിക്കുന്നു.
വോട്ടു രാഷ്ട്രീയവും സ്വത്വരാഷ്ട്രീയവും കടന്ന് ഇവര്‍ക്കു വേണ്ടിയൊരു കൊടി ഉയരണം.
അലമാരയ്ക്കകത്തും നിന്നും തല പുറത്തേക്കിട്ട് “Are We Safe” എന്നു ചോദിക്കുന്ന പെണ്‍തലമുറയെ മതവും സമൂഹവും ചേര്‍ന്ന് വാര്‍ത്തെടുക്കുന്നു. പീഡന പരിഹാര പരിപാടിയായി പഠനമവസാനിപ്പിച്ച് മുസ്‌ലീം പെണ്‍കുട്ടികളെ നേരത്തെ വിവാഹം കഴിച്ചയക്കാം, ഉടലാകെ മൂടി അവളെ ഒരു ചിഹ്‌നമാക്കി അവതരിപ്പിയ്ക്കാം. ഇതിനകത്തൊന്നും കൃത്യമായി മറ്റൊരജണ്ടയുമില്ലെന്ന് നിഷ്‌കളങ്കമായി ചെണ്ടകൊട്ടി പാടാം.
വിവാഹത്തിന് പ്രായപരിധി 18 വയസ്സായിരിക്കെ 16 വയസ്സില്‍ വിവാഹിതരായ മുസ്‌ലീം പെണ്‍കുട്ടികളേറെയാണ്. ഇനിയത് നിയമപ്രകാരം 16 ആക്കുമ്പോള്‍ കുറഞ്ഞത് 14 വയസിലെങ്കിലും പെണ്‍കുട്ടികള്‍ വിവാഹിതരാവും.
നിയമത്തിന്റെ നേരിയ വിടവുകളിലൂടെ നമ്മുടെ പെണ്‍കുട്ടികള്‍ ശബ്ദങ്ങളില്ലാത്ത വലിയ സമതലങ്ങളിലേക്കെടുത്തെറിയപ്പെടുകയാണ്. മതസ്വാതന്ത്രത്തിനുള്ള അവകാശത്തിനും മുമ്പേ സമത്വത്തിനുള്ള അവകാശം പൗരന് ചാര്‍ത്തിക്കൊടുത്ത ഭരണഘടനയെ ഉദ്ധരിച്ച് പ്രക്ഷോഭം നടത്തുവാന്‍ അവിടെ അവര്‍ക്ക് അവര്‍ തന്നെ ഉണ്ടാവട്ടെ.