| Sunday, 5th June 2016, 8:21 am

കാന്തപുരം കേരളത്തിലെ മുസ്‌ലിം സമുദായത്തെ വഞ്ചിച്ചു: കെ.പി.എ മജീദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കേരള മുസ്‌ലിം ജമാഅത്ത് നേതാവ് കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിന്റെ ലേഖനം ചന്ദ്രിക ദിനപത്രത്തില്‍. മഞ്ചേശ്വരത്തടക്കം നിയമസഭാ തെരഞ്ഞെടുപ്പില്‍ കാന്തപുരം ബി.ജെ.പിക്ക് വോട്ടുമറിച്ച് നല്‍കി സമുദായത്തെ വഞ്ചിച്ചുവെന്നും സമുദായത്തിലെ ഭിന്നതകള്‍ ഊതിവീര്‍പ്പിച്ച് സംഘപരിവാര്‍ പാളയത്തിലേക്ക് ആളെക്കൂട്ടുന്ന കള്ളക്കൗശലക്കാരനാണ് കാന്തപുരമെന്നും ലേഖനത്തില്‍ ആരോപിക്കുന്നു.

സംഘപരിവാറിനുവേണ്ടി ഒരു മുസ്ലിം പണ്ഡിതന്‍ ഇത്രയും തരംതാഴ്ന്ന കാഴ്ച ഇന്ത്യയില്‍ ആദ്യമായിരിക്കും. കാന്തപുരത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് മഞ്ചേശ്വരത്ത് തമ്പടിച്ച് തങ്ങളുടെ സര്‍വ കേഡര്‍ വോട്ടുകളും ബി.ജെ.പിക്ക് പോള്‍ ചെയ്യിപ്പിക്കുന്ന ദൃശ്യം കാന്തപുരത്തോട് ചെറിയ അനുഭാവമുള്ളവര്‍ നേരില്‍കണ്ട് അത്ഭുതപ്പെടുകയായിരുന്നു. അതേസമയം ഇടതു സ്ഥാനാര്‍ത്ഥിയെ വിളിച്ച് തങ്ങളുടെ പിന്തുണ താങ്കള്‍ക്കാണെന്ന്  കാന്തപുരം പറഞ്ഞിരിക്കുമെന്നും കെ.പി.എ മജീദ് പറയുന്നു.

മഞ്ചേശ്വരത്ത് 89 വോട്ടുകള്‍ക്ക് ബി.ജെ.പിയെ തോല്‍പ്പിച്ച് അത്ഭുത വിജയം നേടാനായത്. കാന്തപുരം ഒഴികെയുള്ള സര്‍വ മുസ്‌ലിം സംഘടനകളും മതേതര സമൂഹവും ഒന്നിച്ച് നടത്തിയ കഠിന പ്രയത്‌നം കൊണ്ടുമാത്രമാണ്. നരേന്ദ്ര മോദിയെ അംഗീകരിച്ച ഇന്ത്യയിലെ ആദ്യ മുസ്‌ലിം പണ്ഡിതന്‍ കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാര്‍ ആണെന്നായിരുന്നു ഒരു ബി.ജെ.പി നേതാവിന്റെ വാഴ്ത്തല്‍. ആ വാക്കുകള്‍ കൈയടിയോടെ ആസ്വദിക്കുകയായിരുന്നു മുസ്‌ല്യാരും അനുയായികളും. പരലോകത്ത് സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റ് മുറിച്ചുകൊടുക്കുന്ന പണി കാന്തപുരത്തെയാണ് ഏല്‍പ്പിച്ചതെന്ന് അനുയായികളെ വിശ്വസിപ്പിച്ചവര്‍ക്ക് നരേന്ദ്രമോദിയുടെ പേര് കേട്ടാല്‍ തക്ബീര്‍ ചൊല്ലിച്ചാല്‍ അതില്‍ അത്ഭുതപ്പെടേണ്ടതില്ലെന്നും ചന്ദ്രികയിലെ ലേഖനത്തില്‍ പറയുന്നു.

മണ്ണാര്‍ക്കാട്ട് ലീഗിനെ തോല്‍പ്പിക്കാനായി മതചിഹ്നങ്ങള്‍ മുഴുവന്‍ പുറത്തെടുടുക്കുകയും തങ്ങളുടെ മുഴുവന്‍ സഖാഫിമാരെയും വീടുകള്‍തോറും കയറിയിറങ്ങാന്‍ നിയോഗിച്ചിട്ടും ഉത്ബുദ്ധരായ അവിടത്തെ ഇടതുപക്ഷമടക്കമുള്ള മതനിരപേക്ഷ വോട്ടര്‍മാര്‍ ലീഗ് സ്ഥാനാര്‍ത്ഥിക്ക് നല്‍കിയ മഹാഭൂരിപക്ഷം കാന്തപുരത്തിന്റെ അഹങ്കാരത്തിന് ശിക്ഷ നല്‍കിയെന്നും ഫാഷിസ്റ്റുകളുമായുള്ള വഴിവിട്ട ബന്ധം സമൂഹം തിരിച്ചറിഞ്ഞെന്ന് കാന്തപുരവും താമരസുന്നികളും മനസ്സിലാക്കണമെന്നും ലേഖനത്തില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more