തിരുവനന്തപുരം: അതിരപ്പള്ളി ജലവൈദ്യുത പദ്ധതിക്ക് അനുമതി നല്‍കരുതെന്ന് പിണറായിയോട് അപേക്ഷിച്ച് സി.പി.ഐ മുഖപത്രമായ ജനയുഗത്തില്‍ ലേഖനം. “ആളു കൂടിയാല്‍ പാമ്പു ചാകില്ല” എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിലാണ് പദ്ധതി നടപ്പിലാക്കരുതെന്ന് ആവശ്യപ്പെടുന്നത്.പരിസ്ഥിതിനാശം വരുത്തുന്ന ഒരു പദ്ധതിക്ക് പോലും പിണറായി സര്‍ക്കാര്‍ അനുമതി നല്‍കരുതെന്നും ലേഖനം ആവശ്യപ്പെടുന്നു.
ജൈവ സമ്പന്നമായ അതിരപ്പിള്ളി പരിസ്ഥിതി സമ്പത്തിന്റെ കലവറയാണ്. പദ്ധതി നടപ്പിലാക്കിയാല്‍ ഒരു പ്രദേശം മുഴുവന്‍ വെള്ളത്തിനടിയിലാകും.സംസ്ഥാന പക്ഷിയായ മലമുഴക്കി വേഴാമ്പലിന്റെ ആവാസവ്യവസ്ഥ തകര്‍ന്ന് വംശനാശ ഭീഷണിയുണ്ടാകുമെന്നും ചാലക്കുടി പുഴ നശിക്കുമെന്നും ലേഖനം ഓര്‍മിപ്പിക്കുന്നു.
അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കിയാല്‍ അത് ഭീകരമായ ഒരു പരിസ്ഥിതി ദുരന്തമായിരിക്കുമെന്നും സൈലന്റ് വാലിയെയും മതികെട്ടാന്‍ ചോലയെയും ദേശീയ ഉദ്യാനങ്ങളാക്കിയ നമ്മുടെ നല്ല മനസ് അതിരപ്പിള്ളിയേയും ഒരു ദേശീയ പരിസ്ഥിതി പൈതൃക സ്വത്തായി നിലനിര്‍ത്തണമെന്ന് അപേക്ഷിച്ചുകൊണ്ടാണ് ലേഖനത്തില്‍ പദ്ധതിയെക്കുറിച്ചുള്ള ഭാഗം അവസാനിക്കുന്നത്.
അതിരപ്പിള്ളി വിഷയത്തില്‍ കടകംപള്ളി സുരേന്ദ്രന്‍ നടത്തിയ പ്രസ്താവനയോട് സി.പി.ഐ പരസ്യമായി വിയോജിച്ചിരുന്നു.അതിരപ്പിള്ളി വിഷയവുമായി ബന്ധപ്പെട്ട് പ്രകടനപത്രികക്ക് പുറത്തുള്ള കാര്യങ്ങളില്‍ മന്ത്രിമാര്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്ന് സി.പി.ഐ നേതാവ് കാനം രാജേന്ദ്രന്‍ പ്രതികരിച്ചിരുന്നു.