1960കളില്‍ പൊന്നാനിയിലെ ഒരു ഗ്രാമത്തില്‍ നിന്നും ഒരു പെണ്‍കുട്ടിയെ ചിത്രകല പഠിപ്പിക്കാന്‍ മദ്രാസ് നഗരത്തിലേയ്ക്ക് അവളുടെ അമ്മാവന്‍ പറഞ്ഞു വിടുമ്പോള്‍ അത് പ്രഥമവും പ്രധാനവുമായി ഒരു (പുരുഷ)ഔദാര്യമായിരുന്നു.
ചിത്രകലയുടെ പ്രതിസന്ധികള്‍ അസ്ഥിത്വപ്രതിസന്ധി തന്നെയായി അനുഭവപ്പെട്ട ഒരു സമൂഹത്തില്‍ കലാപ്രവര്‍ത്തനം കൊണ്ടു സാമൂഹികമായ ഒരു പദവിയും ആവിഷ്‌കാര മേഖലയും നിര്‍മ്മിക്കുക എന്നത് കല കൊണ്ടു പ്രചോദിതയാകുന്ന ഒരു സ്ത്രീക്ക് മേല്‍ ഇരട്ട നിയന്ത്രണമാണ് ഏല്‍പ്പിച്ചത്. ചരിത്രപരമായ അഭിജ്ഞാനത പ്രതിസന്ധിക്ക് പരിഹാരമായി നാട് വിടാനുള്ള തീരുമാനം യഥാര്‍ഥത്തില്‍ പുരുഷന്റെതായിരുന്നു.
സ്ത്രീയുടെ സഞ്ചാര സ്വാതന്ത്ര്യത്തിന്റെ നിയന്ത്രണങ്ങളും ഉത്തരവാദിത്തങ്ങളും പുരുഷലോകം സ്വയം ഏറ്റെടുത്തു ചമച്ചിരുന്നത് മാത്രമാണ്. മദ്രാസില്‍ പോയി ചിത്രകലാ പഠനം നടത്തുന്നത്
“എന്റെ പ്രിയപ്പെട്ട മരുമകള്‍ ഒരു കപ്പു ചായയുമായി വരും. ഞാന്‍ അവളുടെ മുഖത്തേയ്ക്ക് ഒന്ന് നോക്കും. ചായ പോലെ തന്നെ അവളുടെ മുഖവും വിളറിയിരിക്കും. കൊച്ചുകുപ്പായവും ഒരു കെട്ട് പുസ്തകവും ചോറ്റുപാത്രവുമായി ആറ് നാഴിക നടന്നു സ്‌കൂളില്‍ പഠിച്ചിരുന്നപ്പോഴത്തെ ചിത്രം ഞാനോര്‍ത്തു. അന്നത്തെ ചുറുചുറുക്ക് ഇന്ന് പദ്മിനിക്കില്ല. “ഞാനൊരു കലാകാരിയാണ്. എന്നെ നിങ്ങള്‍ വളര്‍ത്തണെ” എന്ന ഒരഭ്യര്‍ത്ഥന മാത്രം ആ കണ്ണുകളില്‍ നിഴലിച്ചിരുന്നു.
എന്റെ മനസ്സും മൂകമായി. ഞാന്‍ ആലോചിച്ചു. ഒടുവില്‍ തീരുമാനിക്കുകയും ചെയ്തു ആ തീരുമാനം ഒരു ഗൃഹനാഥന്റേതായിരുന്നു. അതിനു എല്ലാവരും വഴങ്ങി. മദ്രാസ് കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റില്‍ ചേര്‍ത്തു പഠിപ്പിക്കാന്‍ തീരുമാനിച്ചതായി പറഞ്ഞപ്പോള്‍ പദ്മിനിയുടെ കണ്ണുകള്‍ തിളങ്ങി. “ഭാഗികമായി പുരുഷലോകത്തിന്റെ പുരോഗമനബോധം കൊണ്ടു ഇങ്ങനെ നിര്‍ണ്ണയിക്കപ്പെട്ട ഒരു ജീവിതാവസ്ഥയില്‍ കലയുടെ മാനദണ്ഡങ്ങള്‍ സ്ത്രീക്കും പുരുഷനും വെവ്വേറെ അനുഭവപ്പെട്ടിരുന്നു.
കേരളത്തില്‍നിന്നും ഇരുപതാം നൂറ്റാണ്ടില്‍ വിരലിലെണ്ണാവുന്ന ചിത്രകാരികളെ ഉണ്ടായിട്ടുള്ളൂ. ഒരു ഗൃഹാന്തര്‍ഭാഗ കൗതുകം എന്ന നിലയില്‍ കുറേ പ്രൗഢകള്‍ കേരളത്തില്‍ എക്കാലത്തും ചിത്രകല അഭ്യസിച്ച്ചിട്ടുണ്ടാകാം. പക്ഷെ ആധുനികമായ ഒരു പൊതുമണ്ഡലത്തിലെ, ആര്‍ട്ട് ഗാലറിയിലെ, സവിശേഷ പ്രവര്‍ത്തനമെന്ന നിലയ്‌ക്കെടുത്താല്‍ കല നിത്യജീവിതത്തിലെ സുകുമാര അഭ്യാസപഠനവും കൌതുകവുമല്ല, മറിച്ച് ഒരു ധൈഷണികപ്രവര്‍ത്തനം തന്നെയാകേണ്ടതുണ്ട്. അതിന് നാഗരികമായ അനുശീലനങ്ങള്‍ വേണ്ടിവരും. ഏറ്റവും പുതിയ കാലത്തിന്റെ മാനവികതയുമായി ഇടപെടെണ്ടി വരും.
ചിത്രകാരനും ഭിഷഗ്വരനുമായിരുന്ന ഡോ.ഏ.ആര്‍ പൊതുവാളിന്റെ മകള്‍ കമലയാണ് ഒരുപക്ഷെ ആദ്യം ചിത്രകല പഠിക്കാന്‍ വേണ്ടി കേരളത്തിന് പുറത്ത് (ടാഗോറിന്റെ ശാന്തിനികേതനില്‍) പോയ, ഭേദപ്പെട്ട നിലയില്‍ അറിയപ്പെടുന്ന ഒരു കലാകാരി. പ്രദോഷ് ദാസ് ഗുപ്ത എന്ന ശില്പിയെ വിവാഹം കഴിച്ച് ബംഗാളില്‍ തന്നെ താമസവുമാക്കി അവര്‍ ബംഗാള്‍ സ്‌കൂളിന്റെ ശില്പ വൈദഗ്ധ്യം സ്വായത്തമാക്കി.
പിന്നീട് അറുപതുകളിലാണ് ഒരു സ്ത്
വരയ്ക്കുന്ന പുരുഷലോകം തന്നെ ആധുനികതയോടെ തങ്ങളുടെ കലാകാര സ്വത്വപ്രതിഷ്ഠാപനത്തിനായി “മുരടിച്ച പ്രാദേശികത” പിറകിലുപേക്ഷിച്ച് കേരളം വിട്ടുപോയിക്കൊണ്ടിരുന്നവരുടെ ഒരു ലോകമാകുകയായിരുന്നു. എഴുത്തുകാര്‍ ആകട്ടെ മിക്കവാറും ഇതേ ദേശത്ത് വേരോടെയും വീറോടെയും ജീവിച്ച് താരതമ്യേന ശക്തമായി സാംസ്‌കാരിക മുന്നണികള്‍ നിര്‍മ്മിക്കുകയായിരുന്നു. അവര്‍ക്കിടയില്‍ “എഴുതുന്ന സ്ത്രീ” മലയാള സമൂഹത്തിന് വലിയ സദാചാരതലവേദന ഉണ്ടാക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായിരുന്നു താനും.
പക്ഷെ പാരമ്പര്യത്തില്‍ നിന്നും കഠിനവിഛേദം വേണ്ടിവരുന്ന കലയെന്ന പ്രവൃത്തി ഒരിക്കലും സ്ത്രീസഹജമായ ഒരു പ്രവൃത്തിയായി അംഗീകരിക്കാതിരിക്കുന്ന ഒരു ലോകത്ത്, “വരയ്ക്കുന്ന സ്ത്രീ” എഴുതുന്ന സ്ത്രീയേക്കാള്‍ രണ്ട് തവണ ഒറ്റപ്പെട്ടവളായിരുന്നു. സ്ഥലം വിട്ട ആണുങ്ങളെപ്പോലെ തങ്ങള്‍ “ആ പോകുന്ന പോക്ക് പോകുന്നു” എന്ന് കരുതുകയല്ല, താന്‍ പഠിക്കാന്‍ പോകുകയും പഠിപ്പ് കഴിഞ്ഞു തിരികെവരികയും ചെയ്യേണ്ടതാണ് എന്ന്! കരുതിയ സ്ത്രീ തന്നെയായിരുന്നിട്ടുണ്ടാകണം പദ്മിനി.
കലയെന്നത് വേരുകളുടെ ജൈവികതയെ നിഷേധിച്ച് മറ്റെങ്ങോ പോകുന്നതിനുള്ള പരിശീലനമായി കാണാന്‍ തയ്യാറില്ലാത്ത എല്ലാ മനുഷ്യര്‍ക്കുമൊപ്പം തന്നെയാണ് പദ്മിനിയുടെ പെണ്‍ബോധവും പ്രവര്‍ത്തിച്ചിരിക്കുക. അങ്ങനെയുള്ളവര്‍ക്ക് ദേശം വിട്ടു പോകുമ്പോളും ദേശത്തിന്റെ മൂര്‍ത്തതയുമായി സന്ധികള്‍ ഉണ്ടാക്കാതെ വയ്യായിരുന്നു. അത് എകാന്തതയുമായുള്ള സന്ധിയും ആയിരുന്നു.
അടുത്തപേജില്‍ തുടരുന്നു
പദ്മിനി കേരളത്തില്‍ നിന്നും പോയ മദ്രാസ് സ്‌കൂള്‍ ആധുനികരുടെ തലമുറയില്‍ പെടുന്നു. ആധുനിക നാഗരികതയ്ക്കു മുന്‍പില്‍ പെട്ടെന്ന് പെട്ടുപോകുന്ന മനുഷ്യസമൂഹങ്ങളുടെ പരസ്പരമുള്ള ജൈവബന്ധത്തിന്റെ നൂലുകള്‍ ഇഴവിടാതെ പിരിച്ചെടുക്കുന്ന, ശ്രമകരമായ ദൌത്യമേറ്റെടുത്ത കലാകാരന്മാരുടെ തലമുറയില്‍പെട്ടവളാണു പദ്മിനി.
താരതമ്യേന എകാന്തരും കലാകാരസ്വത്വത്തെ മുഴുവനായും പൊതുമണ്ഡല പ്രവര്‍ത്തനമായി കാണാന്‍ വിസമ്മതിച്ചവരുമായ ആളുകള്‍ക്കിടയിലാണ് അന്ന് പദ്മിനി സ്വയം കണ്ടെത്തിയിരിക്കുക. പെണ്ണെന്ന നിലയില്‍ മാത്രമല്ല, മനുഷ്യനും പ്രകൃതിയുമൊത്ത് സമരസത്തിലുള്ള ജീവിതം ഭാവന ചെയ്തയാളെന്ന നിലയിലുമായിരിക്കണം പദ്മിനി ഒരു ചിത്രകാരിയായിത്തീര്‍ന്നത്. പക്ഷെ ഒരു കാര്യമുണ്ട്. അത്തരത്തില്‍ ആദരിക്കപ്പെടുന്ന ഒരു ചുറ്റുപാടില്‍ നടത്തിയ തികവുറ്റ സ്വതന്ത്രമായ ഒരു തെരഞ്ഞെടുപ്പായിരുന്നില്ല ആ “ആയിത്തീരല്‍”.
അവരുടെ സമപ്രായക്കാരായ ഒപ്പമുള്ള മറ്റു പല സഹപാഠികള്‍ക്കും “ചിത്രകല പഠിക്കാന്‍ പോക്ക്” ആധുനികതയുടെ ഉപോല്‍പ്പന്നമായ ദാര്‍ശനികതയായിട്ടോ, ബൗദ്ധിക മാത്സര്യമായിട്ടോ സൈദ്ധാന്തിക പ്രവര്‍ത്തനമായിട്ടോ സംഘടനാ പ്രവര്‍ത്തനമായിട്ടോ തൊഴിലായിട്ടോ കൂടുതല്‍ ഗരിമയോടെ അനുഭവത്തിലായിട്ടുണ്ടാകും. ഒപ്പമുള്ളവരില്‍നിന്നും പ്രശസ്തരായിത്തീര്‍ന്ന പലരും പ്രകടമായ സ്വത്വബോധത്തോടെ ചിത്രശില്പകലയിലേര്‍പ്പെടുന്നത് ഒരു വിദ്യാര്‍ഥിനിയെന്ന നിലയില്‍ പദ്മിനി കാണാതിരുന്നിട്ടുണ്ടാവില്ല.
പക്ഷെ കലാകാരിയെന്ന നിലയ്ക്ക് ജീവിച്ചിരുന്ന പരിമിതകാലം കൊണ്ട് സ്വത്വബോധത്തിന്റെ പ്രകടമായ അനുഭവങ്ങളിലേയ്ക്ക് ഭാഗികമായി മാത്രമാണ് അവര്‍ സ്വയം വിട്ടുകൊടുത്തതെന്ന് അവരുടെ ചിത്രങ്ങള്‍ തന്നെ തെളിയിക്കുന്നു. മനുഷ്യരൂപാവിഷ്ടതയുടെ ധാരാളിത്തത്തില്‍ തന്റെ ദേശത്തിന്റെ മൂര്‍ത്തതയും, വൈകാരികമായ ബോധത്തിന്റെ സ്വച്ഛന്ദതയും ഒട്ടും നഷ്ടപ്പെടുത്താതെയാണ് പദ്മിനി ഒരു ദശകം മാത്രം നീണ്ടുനിന്ന തന്റെ രചനാജീവിതം തെളിയിച്ചത്.
മനുഷ്യബന്ധങ്ങളുടെയും ഉടലുകളുടെയും പ്രവചനാതീതമായ സര്‍ഗ്ഗാത്മകതയെ അംഗീകരിക്കാത്ത ഏതു സമൂഹവ്യവസ്ഥയിലും ആളുകള്‍ പരസ്പരം അന്യരായിപ്പോകുന്നു. അവര്‍ നിശ്ചിന്തരായി ഒഴുകിനീങ്ങിക്കൊണ്ടിരിക്കും. ഇങ്ങനെ ഒഴുകിനീങ്ങുന്ന ആളുകളുടെ രൂപാവിഷ്ടതയാണ് ടി.കെ.പദ്മിനിയുടെ ചിത്രങ്ങളില്‍ കാണുന്നത്.
കലാകാരക്കൂട്ടായ്മകളില്‍ ചേര്‍ന്ന് ഗ്രൂപ്പ്-ഏകാംഗ പ്രദര്‍ശനങ്ങളില്‍ പങ്കെടുക്കുമ്പോഴും ഏറെയും സ്വാത്മനിഷ്ടമായ പഠനമായിരുന്നു പദ്മിനിയുടെത് എന്നതിന് ആ ചിത്രങ്ങളും അവയുടെ ദേശ-ഉടല്‍-രചനാ പ്രതിപത്തികളും തന്നെ സാക്ഷി. പ്രഖ്യാപിത ആധുനികര്‍ പലരും രൂപത്തെ കൃത്രിമമായി ഒടിച്ചു മടക്കുമ്പോള്‍ പദ്മിനി രൂപത്തെ കടുത്ത രേഖാചമാല്‍ക്കാരത്തില്‍ക്കൂടി തെളിഞ്ഞു വരുന്ന ഉടല്‍ സമൃദ്ധി തന്നെയാക്കി നിലനിര്‍ത്തി, ഭാവാത്മകത ചോര്‍ന്നു പോകാതെ.
തൃശ്ശൂരിലുള്ള കേരള ലളിത കലാ അക്കാദമി ആസ്ഥാനത്തെ ആര്‍ക്കൈവ്‌സില്‍ പദ്മിനിയുടെ പഠനകാലത്തെ മൂന്ന് സ്‌കെച്ച് പുസ്തകങ്ങളുണ്ട്. ആദ്യമൊക്കെ കലാകാരിയാകാനുള്ള അദമ്യമായ മോഹംകൊണ്ട് അവര്‍ അക്കാലത്തെ ആഴ്ച്ചപ്പതിപ്പുകളിലെ ചിത്രങ്ങളിലെ ചിത്രീകരണാത്മകത നോക്കി സ്വയം പരിശീലിപ്പിച്ച്ചിരുന്നതായി കാണാം. എന്നാല്‍ ചിത്രീകരണത്തിലേയ്ക്ക് യാന്ത്രികമായി വഴുതാതെ, വൈകാരിക ശരീരങ്ങളുടെ സഞ്ചയങ്ങള്‍ തീര്‍ക്കുന്ന തെളിഞ്ഞ ബോധം ഉടനെത്തന്നെ പദ്മിനി സ്വരൂപിച്ചു.
എങ്കിലും ജീവിച്ചിരുന്നെങ്കില്‍ പദ്മിനി അതിവര്‍ത്തിക്കുമായിരുന്ന, ഒരു വേള “സ്ത്രീ സഹജ”മെന്നു തോന്നിക്കുന്ന ഒരു അന്യതാബോധത്തെക്കുറിച്ചാണ് ഈ കുറിപ്പില്‍ ഞാന്‍ ആലോചിക്കുന്നത്. സ്ത്രീയായിരുന്നത് കൊണ്ടല്ല, അറുപതുകളില്‍ കേരളത്തില്‍ ഉണ്ടായിവന്ന ഒരു ചിത്രകാരിയെന്ന നിലയ്ക്കാണ് പദ്മിനിയില്‍ കലയെന്ന നാഗരികപ്രവര്‍ത്തനത്തിന് ചേരാത്ത ഒരു ഉള്‍വലിഞ്ഞ പ്രാദേശികന്റെ ജീവിതം ഉണ്ടായിരുന്നതായി തോന്നുന്നത്. പക്ഷെ അതിലും മാനവികമായ പങ്കാളിത്തത്തിന്റെ ധാരണ വ്യക്തമായി ആവിഷ്‌കരിക്കാന്‍ ശേഷിയുണ്ടായിരുന്നതുകൊണ്ടു തന്നെ “ആധുനിക കലാകാരി”യെന്ന ഉറച്ച ഒരു സ്വത്വബോധത്തിലേയ്ക്ക് കടക്കാന്‍ ജീവന്‍ അനുവദിച്ചെങ്കില്‍ പദ്മിനി സര്‍വ്വഥാ തയ്യാറായിരുന്നുവെന്നു തോന്നുന്നു.
“പെണ്ണെന്ന നിലയ്ക്കുള്ള” ആത്മാവിഷ്‌കാരത്തേക്കാള്‍ പുരുഷന്റെയും പ്രകൃതിയുടെയും വ്യത്യസ്തതകള്‍ ആത്മബോധത്തോടെ അനുഭവിക്കാനുള്ള സ്ത്രീയുടെ അര്‍ഹതയാണ് ലിംഗവിവേചനം സ്ത്രീക്ക് യഥാര്‍ഥത്തില്‍ നിഷേധിക്കുന്നത്. ഇത് പദ്മിനി തിരിച്ചറിഞ്ഞതുകൊണ്ടാണ് അവരുടെ ചിത്രങ്ങളില്‍ ആളുകള്‍ സംസ്‌കാരത്തിന്റെ അടവുകളിലും അടക്കങ്ങളിലുമെന്നതിനേക്കാള്‍ പ്രകൃതിയുടെ തുറസ്സുകളില്‍ കാണപ്പെടുന്നത്. ശൈശവമെന്നത് മണി കെട്ടിയ മൃദുത്വമെന്നതെക്കാള്‍ കുത്തിമറിയുന്ന രൂപം തന്നെയാകുന്നതും അനന്തതയില്‍ പട്ടം പറത്തുന്ന കൊച്ചു ചായത്തേപ്പാകുന്നതും അതുകൊണ്ടാണ്.
ആലോചിച്ചുനോക്കൂ, രവിവര്‍മ്മ ഏറിയകൂറും ഗൃഹാന്തര്‍ഭാഗങ്ങളിലെ മനുഷ്യരെയാണ് വരയ്ക്കാനിഷ്ടപ്പെട്ടത്. അര നൂറ്റാണ്ടിനു ശേഷം പദ്മിനിയാണ് എങ്ങനെ വേണമെങ്കിലും കാഴ്ചക്കാര്‍ക്ക് വൈകാരികമായി പരസ്പരം ബന്ധപ്പെടുത്താവുന്ന തരത്തിലുള്ള മനുഷ്യരൂപങ്ങളെ, കണ്ണുകൊണ്ടും വയറുകൊണ്ടും നില്‍പ്പ്‌കൊണ്ടും മുല കൊണ്ടും ഇരുട്ട് കൊണ്ടും വെളിച്ചം കൊണ്ടും നക്ഷത്രം കൊണ്ടും വൃക്ഷത്തലപ്പു കൊണ്ടും പോലും നിലനില്‍ക്കുന്നവരെ, പ്രകൃതിയില്‍ തുറന്നിട്ടത്.
കവിതാ ബാലകൃഷ്ണന്‍