ലൂക്കാ മോഡ്രിച്ച്- ബാള്‍ക്കണ്‍ യുദ്ധത്തിന്റെ ബാക്കിപത്രം
2018 fifa world cup
ലൂക്കാ മോഡ്രിച്ച്- ബാള്‍ക്കണ്‍ യുദ്ധത്തിന്റെ ബാക്കിപത്രം
രാജീവ് രാമചന്ദ്രന്‍
Friday, 13th July 2018, 9:48 pm

ബോറിസ് സ്റ്റാര്‍ലിംഗ്/ രാജീവ് രാമചന്ദ്രന്‍

ലോകകപ്പ് ഫുട്ബോള്‍ ഫൈനലില്‍ മോസ്‌കോയിലെ ല്യൂഷ്നിക്കി സ്റ്റേഡിയത്തില്‍ ക്രൊയേഷ്യ, ഫ്രാന്‍സിനെ നേരിടുമ്പോള്‍ ലൂക്കോ മോഡ്രിച്ചിനും കൂട്ടുകാര്‍ക്കും അത് വെറുമൊരു മത്സരം മാത്രമല്ല. പതിറ്റാണ്ടുകളുടെ വംശീയ യുദ്ധം ഛിന്നഭിന്നമാക്കിയ രാജ്യത്തിന്റെ അഭിമാനപ്പോരാട്ടമാണ്. യുദ്ധവും ഫുട്ബോളും ചേര്‍ന്ന് സൃഷ്ടിച്ചിട്ടുള്ള ക്രൊയേഷ്യ എന്ന രാജ്യത്തെ ക്യാപ്റ്റന്‍ ലൂക്കാ മോഡ്രിച്ചിന്റെ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ വിലയിരുത്തുകയാണ് ബ്രിട്ടീഷ് നോവലിസ്റ്റ് ബോറിസ് സ്റ്റാര്‍ലിംഗ്.
******

1991 ഡിസംബറിലെ ഒരു പ്രഭാതം. ക്രൊയേഷ്യയിലെ സാഡാറിലെ ഒരു കുന്നിന്‍ചെരിവിലേക്ക് കാലികളെ മേക്കാന്‍ പോയതായിരുന്നു ലൂക്കാ മോഡ്രിച്ചെന്ന വൃദ്ധന്‍. എല്ലാ ദിവസവും അയാളുടെ പതിവാണത്. എന്നാല്‍ അന്ന് കാലികളുമായി വീട്ടില്‍ നിന്നു പോയ അയാള്‍ പിന്നീട് തിരിച്ചുവന്നില്ല. പൊലീസ് യൂണിഫോമിലെത്തിയ ഒരു സംഘമാളുകള്‍ അയാളെ പിടിച്ചുകൊണ്ടു പോവുകയായിരുന്നു. അവര്‍ യഥാര്‍ത്ഥ പൊലീസുകാരായിരുന്നോ അല്ലയോ എന്നതൊന്നും പ്രസക്തമല്ല, കാരണം അന്ന് ആ പ്രദേശങ്ങളില്‍ അധികാരം കുടികൊണ്ടിരുന്നത് തോക്കിന്‍ കുഴലിലാണ്, കടലാസു കഷണങ്ങളിലല്ല. “അവരിലൊരാള”ല്ല എന്നത് മാത്രമായിരുന്നു അയാളുടെ കുറ്റം, അയാള്‍ ക്രൊയേഷ്യക്കാരനായിരുന്നു, അവര്‍ സെര്‍ബുകളും.

അതു മതിയായിരുന്നു അയാള്‍ക്ക് കൊല്ലപ്പെടാന്‍. അടുത്തുള്ള ജെസിനിസ് ഗ്രാമത്തില്‍ നിന്നും അവര്‍ പിടിച്ചുകൊണ്ടു പോയിരുന്ന മറ്റു ചിലരും വധിക്കപ്പെട്ടു. ലൂക്കാ മോഡ്രിച്ചിന്റെ കുടുംബം അയാളെ കാത്തിരുന്നു, ഏറെനാള്‍, പ്രത്യേകിച്ചും അയാളുടെ അതേ പേരുകാരനായ ആറു വയസ്സുള്ള കൊച്ചുമകന്‍. അവന്റെ എല്ലാമായിരുന്നു മുത്തച്ഛന്‍. ആ കുട്ടിക്കിപ്പോള്‍ വയസ്സ് മുപ്പത്തിരണ്ട്. വരുന്ന ഞായറാഴ്ച മോസ്‌കോയില്‍ ലോകകപ്പ് ഫുട്ബോള്‍ ഫൈനലില്‍ അവന്‍ ഫ്രാന്‍സിനെതിരെ കളിക്കാനിറങ്ങും. തന്റെ രാജ്യത്തിന്റെ നായകനായി.

ഫുട്ബോളിനും യുദ്ധത്തിനും ഒരേ ഭാഷയാണ്, ആക്രമണവും പ്രതിരോധവും ഷോട്ടുകളും സ്ട്രൈക്കുകളുമെല്ലാമായി കളിക്കളത്തിലെ യുദ്ധം പുനരാവിഷ്‌കരിക്കപ്പെടുകയാണെന്ന് തോന്നും. ഇവ രണ്ടും ഒന്നല്ലെന്ന് മറ്റേതൊരു ക്രൊയേഷ്യക്കാരനേയും പോലെ ലൂക്കാ മോഡ്രിച്ചിനുമറിയാം. കാരണം കളിയും പിന്നെ വംശീയ യുദ്ധവുമാണ് ആ രാജ്യത്തെ തന്നെ സൃഷ്ടിച്ചിരിക്കുന്നത്. യുദ്ധത്തിന്റേയും ഫുട്‌ബോളിന്റേയും ചരിത്രമാണ് അവരുടേത്.

മുത്തച്ഛനെ കൊലപ്പെടുത്തിയവര്‍തന്നെ മോഡ്രിച്ചിന്റെ വീടിന് തീവെക്കുകയും ചെയ്തിരുന്നു. പിന്നീട് വര്‍ഷങ്ങളോളം ചെറിയൊരു ഹോട്ടല്‍ മുറിയിലായിരുന്നു ആ കുടുംബം താമസിച്ചിരുന്നത്. ഹോട്ടലെന്നു പറഞ്ഞാല്‍ സഡാറിലെ പൊളിയാറായ ഒരു ലോഡ്ജ്. നിരന്തരമായ ഷെല്ലാക്രമണം നടക്കുമ്പോഴെല്ലാം അവര്‍ ആ കുടുസ്സുമുറിക്കകത്തു തന്നെ ചുരുണ്ടു കൂടി. വെടിയൊച്ച നിലക്കുമ്പോള്‍ മാത്രം പുറത്തിറങ്ങി. ഹോട്ടലിന്റെ കാര്‍ പാര്‍ക്കിംഗിലാണ് അവന്‍ ഫുട്ബോള്‍ കളിച്ചു തുടങ്ങിയത്. ചിലപ്പോള്‍ മറ്റുകുട്ടികള്‍ക്കൊപ്പം, പലപ്പോഴും തനിച്ച്. രാപ്പകല്‍ നീളുന്ന കലാപാന്തരീക്ഷത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അവനു മുന്നില്‍ മറ്റ് വഴികളൊന്നുമില്ലായിരുന്നു.

അവന്‍ തീരെ ചെറുതായിരുന്നു, അവന്റെ പ്രായക്കാരേക്കാള്‍ ചെറുത്, അതുകൊണ്ടു തന്നെ ഹാദ്യുക് സ്പ്ലിറ്റ് പോലുള്ള പ്രാദേശിക ഫുട്ബോള്‍ ക്ലബ്ബുകള്‍ക്ക് അവനെ വേണ്ടായിരുന്നു. പതിനെട്ടാം വയസ്സില്‍ ബോസ്നിയന്‍ ലീഗിലെ സ്രിനിസ്‌കി മോസ്റ്ററിലെത്തിയപ്പോഴാണ് ലൂക്കാ ശ്രദ്ധിക്കപ്പെടുന്നത്. അതില്‍ പിന്നെ സ്വന്തം ടീമംഗങ്ങളും എതിരാളികളും അവനെ ഒരു പോലെ നോട്ടമിട്ടു. ഒരു കളിക്കാരനു വേണ്ടുന്ന എല്ലാ സിദ്ധികളും അവനുണ്ടായിരുന്നു. അതിലുമുപരിയായി അവനെ നോക്കാന്‍ അവന്‍ തന്നെ ധാരാളം മതിയായിരുന്നു.

Image result for luka modric

പതിനഞ്ചു വര്‍ഷത്തിനിപ്പുറം ആ യുവാവ് സാഗ്രെബ് ഡൈനാമോസില്‍ നിന്ന് ടോട്ടനം ഹോട്സ്പര്‍ വഴി റയല്‍ മാഡ്രിഡിലെത്തി നില്‍ക്കുന്നു. ഗാര്‍ഡിയനിലെ ബാര്‍നെ റോണേയുടെ വാക്കുകളില്‍ “കൊച്ചുകുഞ്ഞിനെ പോലിരിക്കുന്ന കൂടോത്രക്കാര”നാണ് മോഡ്രിച്ച്. ലോകത്തിലെ ഏറ്റവും മികച്ച മധ്യനിരക്കാരിലൊരാള്‍. മൈതാനത്തിന്റെ സ്ഥലകാലങ്ങളെ തനിക്കനുകൂലമാക്കി വളച്ചെടുക്കാനുള്ള അതിശയകരമായ പ്രതിഭയുള്ളവന്‍. മറ്റുള്ളവരെ കൊണ്ട് കളിപ്പിക്കാനുള്ള കഴിവാണ് ലൂക്കാ മോഡ്രിച്ചിനെ വ്യത്യസ്തനാക്കുന്നത്.

പന്ത് മറ്റൊരാള്‍ക്ക് മറിച്ചുകൊടുക്കുകയാണ് ആ നിമിഷത്തില്‍ വേണ്ടതെങ്കില്‍ അതായിരിക്കും അയാള്‍ ചെയ്യുന്നത്. ഒരു ഞൊടി പന്ത് അധികം കാത്തുവയക്കണമെങ്കില്‍ അങ്ങനെയായിരിക്കും അയാളുടെ നീക്കം. അന്നേരം മറ്റുള്ളവര്‍ക്ക് അവരവരുടെ സ്ഥാനങ്ങള്‍ കണ്ടെത്താനാവും. ആരുടെയെങ്കിലും പിഴവിനാല്‍ പന്ത് നഷ്ടപ്പെട്ടാല്‍ അത് തിരിച്ചുപിടിക്കാനും മോഡ്രിച്ച് ഓടിയെത്തും. വ്യക്തിപ്രഭാവത്താല്‍ കളി മുഴുവന്‍ തന്നില്‍ കേന്ദ്രീകരിക്കുന്ന, മറ്റ് പത്തുപേരും തനിക്കു ചുറ്റുമാവണമെന്ന് കരുതുന്ന സൂപ്പര്‍ സ്റ്റാറല്ല അയാള്‍. താനാണെല്ലാം എന്ന് വരുത്താതെ ടീമിനായി നിലകൊള്ളുന്നതിനാലാണ് മോഡ്രിച്ച് യഥാര്‍ത്ഥ നായകനാവുന്നത്.

കുഴിബോംബില്‍ ചവിട്ടി വീണതുപോലെ നിലത്തു കിടന്നുരുളുന്ന നെയ്മറേയോ, ഗോളടിക്കുമ്പോള്‍ ഉടുപ്പൂരി താന്‍പോരിമ കാട്ടുന്ന റൊണാള്‍ഡോയേയോ, കളി കൈവിട്ടു പോയാല്‍ എല്ലാം കൈവിടുന്ന മെസ്സിയേയോ നിങ്ങള്‍ക്ക് ലൂക്കാ മോഡ്രിച്ചില്‍ കാണാനാവില്ല. അവരെല്ലാം തിരിച്ചു പോയിട്ടും മോഡ്രിച്ചും ക്രൊയേഷ്യയും അവിടെത്തന്നെ നില്‍ക്കുന്നതും അതുകൊണ്ടാണ്. ആ ടീം അത്രമാത്രം അയാളെ സ്നേഹിക്കുന്നുണ്ട്.

ഡെന്‍മാര്‍ക്കുമായുള്ള ക്വാര്‍ട്ടര്‍ഫൈനല്‍ മത്സരം. കളിയുടെ അന്ത്യനിമിഷങ്ങളില്‍ ലൂക്കാ മോഡ്രിച്ച് എടുത്ത പെനാല്‍റ്റി കിക്ക് ഗോള്‍ക്കീപ്പര്‍ കാസ്പര്‍ ഷ്മൈക്കേല്‍ തടഞ്ഞതോടെയാണ് കളി ടൈബ്രേക്കറിലേക്ക് നീങ്ങിയത്.

ഷൂട്ടൗട്ടിനുമുമ്പ് ഒരുമിച്ചു കൂടി ടീം അംഗങ്ങളോട് നിരാശനായി അല്‍പം മാറി നിന്ന മോഡ്രിച്ചിനെ നോക്കി, ഇവാന്‍ റാക്കിടിച്ച് പറഞ്ഞു. “ഇതുപോലുള്ള അവസ്ഥയില്‍ നിന്ന് എത്രയോ തവണ ലൂക്കാ നമ്മളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇത്തവണ അവനു വേണ്ടി ജയിക്കേണ്ടത് നമ്മുടെ ചുമതലയാണ്.” ലൂക്കായുടെ ടീം അവനു വേണ്ടി അതു ചെയ്തു. ഒടുവിലത്തെ കിക്ക് വലയിലെത്തിച്ച് റാക്കിടിച്ച് അവരെ സെമിയിലേക്ക് നയിച്ചു. ഈ കളിയില്‍ മോഡ്രിച്ചിന്റെ മനക്കട്ടിയും നമ്മള്‍ അറിഞ്ഞു. എക്സട്രാ ടൈമില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തി അധികം വൈകാതെത്തന്നെ ഷൂട്ടൗട്ടിലും കിക്കെടുക്കോണ്ടി വന്നു അയാള്‍ക്ക്. നേരത്തെ കിക്ക് തടഞ്ഞതിന്റെ ആത്മവിശ്വാസത്തില്‍ വര്‍ദ്ധിതവീര്യനായി കാസ്പര്‍ ഷ്മൈക്കേല്‍ മുന്നില്‍ നില്‍ക്കെ ഒട്ടും പിഴക്കാതെ മോഡ്രിച്ച് ഗോളടിച്ചു.


ആ രാജ്യത്തിന് ഈ ടീം എന്താണെന്ന് മനസ്സിലാക്കാന്‍ നമുക്കൊരു പക്ഷെ പറ്റിയെന്നാവില്ല. എന്നാല്‍ അവരെ കാണുമ്പോള്‍ അത് നമുക്കനുഭവിക്കാനാവും. 1966 ല്‍ ലോകകപ്പുയര്‍ത്തുന്ന ബോബി മൂറിന്റെ ദൃശ്യമാവും ഇംഗ്ലീഷ് ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മഹത്തായ നിമിഷം. എന്നാല്‍ വായുവിലുയര്‍ന്നു ചാടി റയട്ട് പൊലീസിനെ ചവിട്ടി വീഴ്ത്തുന്ന സ്വാനിമിര്‍ ബോബന്റെ ചിത്രമാണ് ക്രൊയേഷ്യേക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ ഫുട്ബോള്‍ നിമിഷം.

1990ല്‍ സാഗ്രെബ് ഡൈനാമോസും റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. യുഗോസ്ലാവിയയില്‍ നിന്നും പിരിഞ്ഞു പോകുന്നതിനനുകൂലനായ തീരുമാനം ക്രൊയോഷ്യ എടുത്ത കാലമാണ്. സ്വാതന്ത്യവാദികളായ പാര്‍ട്ടികള്‍ക്കായിരുന്നു പാര്‍ലമെന്റിലും ഭൂരിപക്ഷം.

കളിക്കിടെയുണ്ടായ അക്രമത്തില്‍ ഒരു ഡൈനാമോ ആരാധകനെ പൊലീസുകാരന്‍ കൈകാര്യം ചെയ്യുന്നതു കണ്ടപ്പോഴായിരുന്നു ബോബന്റെ ഇടപെടല്‍. “എന്റെ രാജ്യത്തിനു വേണ്ടി, ക്രൊയേഷ്യക്കുവേണ്ടിയാണ് അന്നു ഞാന്‍ നട്ടെല്ലു നിവര്‍ത്തി നിന്നത്. കരിയറും പ്രശസ്തിയും എന്തിന് ജീവന്‍ തന്നെയും പണയപ്പെടുത്തി അന്ന് നിലപാടെടുത്തത് ആ വികാരത്തിനു വേണ്ടിയാണ്”-ബോബന്‍ പിന്നീട് പറഞ്ഞു.

ആ വര്‍ഷത്തെ ലോകകപ്പിനുള്ള യൂഗോസ്ലാവ്യന്‍ ടീമില്‍ നിന്ന് ബോബന്‍ ഒഴിവാക്കപ്പെട്ടു. അയാള്‍ക്കതൊരു പ്രശ്നമായിരുന്നില്ല, കാരണം അയാള്‍ യൂഗോസ്ലാവ്യക്കാരനായിരുന്നില്ല, ക്രൊയേഷ്യക്കാരനായിരുന്നു. എട്ടുവര്‍ഷത്തിനു ശേഷം ബോബന്‍ നയിച്ച ക്രൊയേഷ്യ ലോകകപ്പിലെ മൂന്നാം സ്ഥാനവുമായാണ് മടങ്ങിയത്. സ്ലേവന്‍ ബില്ലിച്ച്, റോബര്‍ട്ട് പ്രോസിനെസ്‌കി, ഡെവര്‍സൂക്കര്‍ തുടങ്ങിയവരുടെ തലമുറയുടെ നായകനായിരുന്നു സ്വോനിമിര്‍ ബോബന്‍.

ഇത്തവണ ഫൈനലിലെത്തിയതു വഴി ബോബന്റെ ആ ടീമിനേക്കാള്‍ ഒരു പടി ഉയരെ എത്തിയിരിക്കുകയാണ് മോഡ്രിച്ചും സംഘവും. അവര്‍ക്കൊത്ത എതിരാളികള്‍ തന്നെയാണ് ഫ്രാന്‍സ്. ഗ്രൂപ്പ് മത്സരങ്ങളില്‍ ക്രൊയേഷ്യ ഗംഭീരമായി കളിച്ചപ്പോള്‍ നോക്കൗട്ടില്‍ മുന്‍തൂക്കം നേടിയ ടീം ഫ്രാന്‍സാണ്. പന്തയക്കാരെല്ലാം ഫ്രാന്‍സിനോടൊപ്പമാകും. അവര്‍ തന്നെയാണ് മെച്ചപ്പെട്ട ടീമും. നോക്കൗട്ടിലെ എല്ലാ കളിയും നിശ്ചിത സമയത്തു തന്നെ ജയിച്ചാണ് അവര്‍ ഫൈനലിലെത്തിയിരിക്കുന്നത്. ക്രൊയേഷ്യയാകട്ടെ മൂന്ന് മത്സരങ്ങളിലും അധിക സമയം കളിച്ചു. അതായത് ഒരു മാച്ച് തന്നെ അവര്‍ അധികം കളിച്ചതായി കരുതാം.

എന്റെ ബുദ്ധി പറയുന്നത് ഫ്രാന്‍സ് ജയിക്കുമെന്നാണ്, ചിലപ്പോള്‍ വലിയ പ്രയാസമൊന്നും കൂടാതെത്തന്നെ. എന്നാലെന്റെ ഹൃദയം ക്രൊയേഷ്യക്കൊപ്പമാണ്. അസാമാന്യമായ ജീവിതത്തിനുടമയായ അവരുടെ ക്യാപ്റ്റന്‍ ലൂക്കാ മോഡ്രിച്ചും, അയാളുടെ മുത്തച്ഛന്റെ ഓര്‍മ്മകളും വിനാശകരമായ യുദ്ധത്തെ അതിജീവിച്ച ക്രൊയേഷ്യന്‍ ജനത ഒന്നാകെയും ഈ ലോകകപ്പ് അര്‍ഹിക്കുന്നുണ്ട്.

ബോറിസ് സ്റ്റാര്‍ലിംഗ്

ബ്രിട്ടീഷ് നോവലിസ്റ്റും പത്രപ്രവര്‍ത്തകനും കോളമിസ്റ്റുമാണ് ബോറിസ് സ്റ്റാര്‍ലിംഗ്. അഞ്ചു ഭാഗങ്ങളുള്ള ബി.ബി.സി പരമ്പരയായി മാറിയ മിശ്ശിഹാ, സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയുടെ പശ്ചാത്തലത്തിലുള്ള വോഡ്ക ,വൈറ്റ് ഡെത്ത്, അണ്‍കോണ്‍ക്വറബ്ള്‍ എന്നിവ ഉള്‍പ്പെടെ ആറ് നോവലുകള്‍ സ്റ്റാര്‍ലിംഗ് എഴുതിയിട്ടുണ്ട്.