ഓര്‍മ്മയുടെ വേനലും മഴയും
Lenin Rajendran
ഓര്‍മ്മയുടെ വേനലും മഴയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th January 2019, 11:46 pm

കെ.പി ജയകുമാര്‍/ലെനിന്‍ രാജേന്ദ്രന്‍

ഊരൂട്ടമ്പലം മറ്റെല്ലാ നാട്ടിന്‍ പുറങ്ങളേയും പോലെ സാധാരണമായിരുന്നു. എല്ലാ സമുദായത്തിലും ജാതിയിലും പെട്ടവര്‍ അവിടെ ഇടകലര്‍ന്ന് ജീവിച്ചു. നായര്‍, ഈഴവര്‍, നാടാര്‍ എന്നിവര്‍ക്കുപുറമേ ആശാരി, മൂശാരി, കൊല്ലന്‍, വണ്ണാന്‍, സ്വര്‍ണ്ണ പണിക്കാര്‍, പണ്ടാരങ്ങള്‍, പിന്നെ ദളിതരും… ഒന്നിനും ഒരു കുറവുണ്ടായിരുന്നില്ല. സ്‌കൂള്‍ തുറക്കും കാലം യാത്രക്ക് തൊട്ടുമുമ്പ് പുത്തനുടുപ്പുകളും പുതിയ പുസ്തകങ്ങളും നനച്ചുകൊണ്ട് അവിടെയും മഴയെത്തിയിരുന്നു.

എനിക്ക് കുട വാഴില്ല. എന്നോടൊപ്പം പുറത്തേക്കു പോകുന്ന കുട ഇന്നും മടങ്ങിയെത്താറില്ല. ഒരു പാഠപുസ്തകവും കൊല്ലപ്പരീക്ഷവരെ എന്നോടൊപ്പം ഉണ്ടായിരുന്നില്ല. മഴ നനഞ്ഞും വെള്ളത്തില്‍ വീണും എങ്ങനെയെങ്കിലും പുസ്തകങ്ങള്‍ നഷ്ടപ്പെട്ടുകൊണ്ടിരുന്നു. ഇത് മനസ്സിലാക്കി അച്ഛന്‍ രണ്ടോ മൂന്നോ പുസ്തകങ്ങള്‍ കൂടുതല്‍ വാങ്ങിെവച്ചു. കുട ഇല്ലാതായാല്‍ പിന്നെ വാഴയിലയാണ്. വലിയ വാഴയില ചൂടിക്കൊണ്ട് മഴയിലൂടെ നടക്കാന്‍ ഞങ്ങള്‍ക്കിഷ്ടമായിരുന്നു. കാറ്റടിച്ചും കൂട്ടുകാര്‍ തമ്മില്‍ വാള്‍ പയറ്റുനടത്തിയും ഇലക്കുട വേഗം കീറിപ്പോകും. മഴ നനയുക എന്നുള്ളതായിരുന്നു അതിന്റെ ഉദ്ദേശം.

മഴ നനഞ്ഞാല്‍ എല്ലാക്കാലത്തും എനിക്ക് അസുഖം വരും. കടുത്ത ശ്വാസം മുട്ടല്‍. വലിവ്. പിന്നെ ഏറെ നാള്‍ മഴയും കാറ്റും കൊള്ളാതെ കിടക്കണം. മുറതെറ്റാതെ ഓരോ സീസണിലും എനിക്ക് അസുഖങ്ങള്‍ വന്നുകൊണ്ടിരുന്നു. ഒരു സീസണും പൂര്‍ണമായി ആസ്വദിക്കാന്‍ എനിക്ക് പറ്റിയിരുന്നില്ല.

മഴയുടെ നാനാര്‍ത്ഥങ്ങള്‍

എന്താണ് നിങ്ങളുടെ സിനിമയില്‍ മഴ ആവര്‍ത്തിച്ച് വരുന്നത് എന്ന് എന്നോട് പലരും നിരന്തരം ചോദിക്കാറുണ്ട്. മഴ എനിക്ക് ജീവിത്തിലെ വ്യത്യസ്ത ഭാവങ്ങളെ ഉദ്ദീപിപ്പിക്കുന്ന ഒന്നായിട്ടാണ് അനുഭവപ്പെടുന്നത്. മഴയുടെ വൈവിധ്യങ്ങളോരോന്നും ജീവിതത്തിന്റെ താളവുമായി ബന്ധപ്പെട്ടാണ് മനസ്സിലേക്ക് വരുന്നത്. പ്രണയവും രതിയും ഭയവുമെല്ലാം മഴയുടെ വ്യത്യസ്ത ഭാവങ്ങളായി തോന്നാറുണ്ട്. തനിച്ചിരുന്ന് മഴ കാണുമ്പോള്‍ ജീവിതത്തിന്റെ എല്ലാ ഋതുക്കളിലൂടെയുമാണ് ഞാന്‍ കടന്നുപോകാറുണ്ട്.

ബാല്യകാലത്തെ മഴ ഭയവും ദൈന്യതയും കൊണ്ടുവന്നിരുന്നു. എനിക്ക് മഴയെ പേടിച്ചേ പറ്റു. പക്ഷെ, എനിക്ക് മഴ നനഞ്ഞേ പറ്റു. ഈ അനുഭവങ്ങള്‍ എന്റെ സിനിമയുടെ ഒരു ഘട്ടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നു ചോദിച്ചാല്‍ ഉത്തരമില്ല. ഒരുപക്ഷെ, സംഭവിക്കുന്നുണ്ടാവം എന്നുമാത്രമേ പറയാനാവു.

എന്റെ ആദ്യ ചിത്രം മുതല്‍ ഇങ്ങോട്ട് മഴയെ ഞാന്‍ സര്‍ഗ്ഗാത്മകമായി ഉപയോഗിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. വചനം എന്ന ചിത്രത്തിലെ മൂന്നോ നാലോ മിനുറ്റ് ദൈര്‍ഘ്യമുള്ള ആദ്യ സീന്‍ ഷൂട്ടുചെയ്യാന്‍ ഒന്‍പതു ദിവസമെടുത്തു. മഴയത്തുള്ള സീനായിരുന്നു അത്. സാധാരണ ഷൂട്ടിങ്ങിന് വകകൊള്ളിച്ചതിന്റെ മൂന്നിരട്ടി പണം ഒരോ ദിവസം ചെലവാകുകയും ചെയ്തു. നിര്‍മ്മാതാവൊക്കെ പകച്ചുപോയി.

രണ്ടുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സിനിമയുടെ ആദ്യത്തെ നാലോ അഞ്ച് മിനിറ്റുകള്‍ക്ക് ഒമ്പതുദിവസം! ബാക്കിയുള്ള ഒരുമണിക്കൂര്‍ അമ്പത്തിയഞ്ച് മിനിറ്റ് സിനിമ ഷൂട്ടുചെയ്യാന്‍ പക്ഷെ ഇരുപതു ദിവസമേ വേണ്ടിവന്നുള്ളു. ഇരുപത്തിയെട്ടു ദിവസം കൊണ്ടാണ് വചനം പൂര്‍ത്തിയാക്കുന്നത്.

മഴയുടെ സാന്നിധ്യം ഏറ്റവും തീവ്രമായി ഞാന്‍ ഉപയോഗപ്പെടുത്തിയ ചിത്രമാണ് സ്വാതി തിരുനാള്‍.

അതിലെ വൈകാരികമായ ഒട്ടേറെ മുഹുര്‍ത്തങ്ങളുടെ പശ്ചാത്തലത്തില്‍ മഴ തിമര്‍ത്തു പെയ്തുകൊണ്ടിരുന്നു. സ്വാതി തുരുനാളിന്റെ പ്രണയത്തിനും നിരാശയ്ക്കും സംഘര്‍ഷങ്ങള്‍ക്കുമെല്ലാം മഴയായിരുന്നു പശ്ചാത്തലം. സ്വാതി തിരുനാളിന്റെ അന്ത്യരംഗങ്ങളില്‍ കൊട്ടാരത്തിന്റെ അങ്ങേയറ്റത്ത് നിന്നും ഇളയമ്മ പാടുന്ന ഓമനതിങ്കള്‍ കിടാവോ എന്ന താരാട്ട് കേള്‍ക്കാം.


അന്തരീക്ഷം വളരെ സാന്ദ്രമായിരുന്നു. പശ്ചാത്തലത്തിലപ്പോള്‍ ചെറുതായി കാറ്റുവീശുന്നു. പാറിവീഴുന്ന ചാറ്റല്‍ മഴ. അതുപിന്നെ മെല്ലെമെല്ലെ ശക്തിയായി പെയ്തു തുടങ്ങുന്നു. അപ്പോഴേക്കും വിളക്കുകള്‍ ഓരോന്നോരോന്നായി കെട്ടു തുടങ്ങി. ഓരോ തളങ്ങളിലേക്കും ഇരുട്ട് ഇറങ്ങിവന്നു. ഓരോ വിക്കുകളും കെട്ട് അവസാനം സ്വതി തിരുനാല്‍ കിടക്കുന്ന മുറിയില്‍ മാത്രം ദീപം തെളിഞ്ഞുനിന്നു. പിന്നെയും അതും അണയുന്നു. അപ്പോഴും മഴ തിമര്‍ത്ത് പെയ്യുന്നുണ്ടായിരുന്നു.

അങ്ങനെയാണ് അദ്ദേഹത്തിന്റെ മരണത്തെ ഞാന്‍ ആവിഷ്‌കരിച്ചത്. ആ അന്ത്യം വളരെ കാവ്യത്മകമായിരുന്നു എന്ന് ഒരുപാടാളുകള്‍ പറഞ്ഞിരുന്നു.

മഴയുടെ വ്യത്യസ്ത വേഗങ്ങളില്‍ പെയ്ത മറ്റൊരു ചിത്രം കുലമാണ്. ഏറ്റവും സംഘര്‍ഷഭരിതമായ രംഗങ്ങളുടെ പശ്ചാത്തലത്തില്‍ മഴയുണ്ടായിരുന്നു. എട്ടുവീട്ടില്‍ പിള്ളമാര്‍ അവരുടെ ജീവനെ ഭയക്കുമ്പോഴും മാര്‍ത്താണ്ഡവര്‍മ്മയുടെ ആക്രമണത്തില്‍നിന്നും രക്ഷനേടാനായി സ്വന്തം മാളങ്ങളിലേക്കു വലിയുമ്പോഴും അവര്‍ക്കിടയില്‍ തന്നെയുള്ള സംഘര്‍ഷങ്ങള്‍ രൂപപ്പെടുമ്പോഴുമൊക്കെ പശ്ചാത്തലത്തില്‍ കാറ്റും മഴയുമുണ്ടായിരുന്നു. അവരുടെ മനസ്സിലെ ഭീതിയെയും പരാജയങ്ങളെയുമൊക്കെ നനക്കുന്നത് മഴകൊണ്ടുകൂടിയാണ്. സുഭദ്രയുടെ കുളിരുള്ള മനസ്സ് വെളിവാകുമ്പോഴെല്ലാം സുഖകരമായൊരു പകല്‍മഴ പെയ്യുന്നുണ്ടായിരുന്നു.

മഴയും രാത്രിമഴയും അതിന്റെ ശീര്‍ഷകങ്ങളില്‍തന്നെ മഴ വഹിക്കുന്നു. എന്റെ സിനിമകള്‍ അന്തര്‍മുഖത്വത്തിന്റെയും വൈകാരികതയുടെയും സ്പര്‍ശം അനുഭവിപ്പിക്കുന്നത് മഴയിലൂടെയാണ്. ഇതില്‍ ഒരുപക്ഷെ, കുട്ടിക്കാലത്തെ എന്റെ അനുഭവത്തിന്റെകൂടി കലരല്‍ നടന്നിട്ടുണ്ടാവാം.

ബാല്യത്തിന്റെ നടവഴി

ഞാനും എന്റെ ചേച്ചിയും വലിവുകാരായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത്. ഏതാണ്ട് എട്ടാം ക്ലാസുവരെ ഞാന്‍ ക്രിസ്മസ് പരീക്ഷ എഴുതിയതായിട്ട് ഓര്‍മ്മയേയില്ല. മഞ്ഞുകാലത്തിന്റെ ആരംഭത്തില്‍ തന്നെ എനിക്ക് വലിവ് വരും. പരീക്ഷയുടെ സമയത്ത് മിക്കവാറും ആശുപത്രിയിലായിലായിരിക്കും. പരീക്ഷ എഴുതാതിരുന്നതുകൊണ്ട് ആ ക്ലാസില്‍ നിന്ന് ജയിക്കാതെയൊന്നും ഇരുന്നിട്ടില്ല. പഠിച്ചിരുന്ന എല്ലാ ക്ലാസുകളിലും നന്നായി പഠിക്കുന്ന രണ്ടോ മൂന്നോ കുട്ടികളില്‍ ഒരാളായിരുന്നു ഞാനും. ഞങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ കളിച്ചു. കറങ്ങി നടന്നു. ഇഷ്ടമുള്ളപ്പോള്‍ മാത്രം ഇരുന്ന് പഠിച്ചു. വെയിലും മഴയും കൊണ്ട് ഞങ്ങള്‍ തന്നെ തീര്‍ത്ത സ്വാതന്ത്ര്യത്തിന്റെ വഴികളിലൂടെയായിരുന്നു ബാല്യം നടന്നു കയറിയത്.

“മഴയത്തു നടക്കരുത്, വെയില്‍ കൊള്ളരുത്, വിയര്‍ക്കരുത്” എന്നൊക്കെ അച്ഛനും അമ്മയും നിരന്തരം പറഞ്ഞുകൊണ്ടേയിരുന്നു. അപ്പോഴും മഴവെള്ളം തെറ്റിച്ച്, കീറിയ വാഴയിലയിലൂടെ മഴകൊണ്ട്, വെയിലില്‍ കുത്തിമറിഞ്ഞുവിയര്‍ത്ത് ഞങ്ങളങ്ങ് വളര്‍ന്നു. ഇടയ്ക്ക് പനിവരുമ്പോള്‍ അതിനെച്ചൊല്ലി ശകാരിക്കുമെങ്കിലും അതിലപ്പുറം ഞങ്ങളുടെ സ്വാതന്ത്ര്യത്തിലൊന്നും ആരും ഇടപെട്ടിരുന്നില്ല.

അസുഖക്കാരന്‍ എന്നൊരു നോട്ടം പലരില്‍ നിന്നും എനിക്കുണ്ടായിരുന്നു. ആ സഹതാപത്തെ മറികടക്കാനായിരിക്കണം എല്ലാ കളികളിലും ഞാന്‍ പങ്കെടുത്തു. ഓട്ടം, തലപ്പന്ത്, കിളിത്തട്ട്, ഫുട്‌ബോള്‍… എല്ലാത്തിലും ഞാനുണ്ടായിരുന്നു. ഓരോ കളിക്കുശേഷവും ഉടലിലാകെ മുറിവുമായി വീട്ടില്‍ വന്നുകയറും. എങ്കിലും ഒന്നില്‍നിന്നും മാറിനില്‍ക്കാനായില്ല. അന്നൊക്കെ മുറിവുകള്‍ എത്രവേഗമാണ് കരിയുന്നത്. ഒരുമുറിവും ആഴത്തിലേക്ക് പോയിരുന്നില്ല. ഒന്ന് ഉറങ്ങിയുണരുമ്പോഴേക്കും കളിയുടെ ആരവങ്ങള്‍ നമ്മളെ വീണ്ടും വിളിച്ചുകൊണ്ട് പോകും. തിരിഞ്ഞുനോക്കുമ്പോള്‍ അന്ന് അനുഭവിച്ചതിന്റെ നൂറിലൊരംശം സ്വാതന്ത്ര്യം എന്റെ കുട്ടികള്‍ക്ക് ഞാനിന്ന് കൊടുക്കുന്നില്ലെന്ന് തോന്നിപ്പോകുന്നു.

വേലുക്കുട്ടിസാറിന്റെ മകന്‍

ഞാന്‍ ജനിച്ച് കുറേ നാള് കഴിഞ്ഞ് എനിക്കൊരു അനുജനുണ്ടായി. ഒന്നോരണ്ടോ വയസ്സുള്ളപ്പോള്‍ അവന്‍ മരിച്ചു. അതുകഴിഞ്ഞ് കുറേ നാള്‍ കഴിഞ്ഞിട്ടാണ് ഒരനുജത്തി പിറക്കുന്നത്. ഇതിനിടയില്‍ ലഭിച്ച സാമാന്യം നീണ്ട ഇടവേളയിലാണ് ഞാന്‍ സര്‍വ്വതന്ത്ര സ്വതന്ത്രനായി വാഴുന്നത്. അച്ഛനെ എല്ലാവരും വേലുക്കുട്ടി സാറ് എന്നാണ് വിളിച്ചിരുന്നത്. കാഴ്ചയില്‍ ഞാന്‍ അച്ഛന്റെ തനിപ്പകര്‍പ്പായിരുന്നു. വഴിയിലൂടെ നടന്നുപോകുമ്പോള്‍ “ദാ വേലുക്കുട്ടിസാറിന്റെ മകന്‍ പോകുന്നു…” എന്ന് ആളുകള്‍ പറഞ്ഞു. അതെന്നില്‍ ഒരു സ്വകാര്യമായ ആനന്ദം നിറച്ചു. വളര്‍ന്നപ്പോഴും സിനിമാ സംവിധായകനായപ്പോഴും ചില ഓര്‍മ്മപ്പെടുത്തലുകളില്‍ വേലുക്കുട്ടി സാറിന്റെ മകന്‍ എന്നുതന്നെ ഞാന്‍ അറിയപ്പെട്ടു.

ആദ്യമായി തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സമയം. ഒറ്റപ്പാലത്ത് നോമിനേഷന്‍ കൊടുക്കാനായി ഒരു രാത്രിവണ്ടിക്ക് പാലക്കാട്ടേക്ക് പോകുന്നു. അന്ന് ആ വണ്ടിയില്‍ കെ.കരുണാകരനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സന്തത സഹചാരിയായിരുന്ന രാമചന്ദ്രന്‍ നായര്‍ എന്നെ കണ്ടു. കരുണാകരന്‍ വണ്ടിയിലുണ്ട്, വന്ന് ഒന്നു പരിചയപ്പെടു. എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. രാമചന്ദ്രന്‍ നായര്‍ എന്നെയും കൂട്ടി കരുണാകരന്റെ അടുത്തുചെന്നു. “ഇത് ലെനിന്‍ രാജേന്ദ്രന്‍, ഒറ്റപ്പാലത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാണ്.” എന്ന് പരിചയപ്പെടുത്തി. “എന്നെ പരിചയപ്പെടുത്തുകയൊന്നും വേണ്ട. വേലുക്കുട്ടിസാറിന്റെ മകനല്ലെ…? എനിക്കറിയാം…” എന്നായിരുന്നു കരുണാകരന്റെ മറുപടി.

Image result for lenin rajendran

പല രാഷ്ട്രീയ നേതാക്കളുമായും അച്ഛന് അടുത്ത ബന്ധമുണ്ടായിരുന്നു. അച്ഛന്‍ പട്ടാളത്തിലായിരുന്നു. അവിടെ നിന്നും പിരിഞ്ഞതിനുശേഷമാണ് ട്രാന്‍സ്‌പോര്‍ട്ടില്‍ ജോലികിട്ടുന്നത്. അക്കാലത്ത് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയ്‌സ് യൂണിയനില്‍ സജീവമായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുമായുണ്ടായിരുന്ന ബന്ധങ്ങള്‍ എല്ലാം തന്നെ വ്യക്തിനിഷ്ഠങ്ങളായിരുന്നു. സൗഹൃദത്തിന്റെ തുടര്‍ച്ച. പിന്നീട് കോണ്‍ഗ്രസിനോടും അച്ഛന്‍ അനുഭാവം കാണിച്ചിരുന്നതായി അറിയാം. കോണ്‍ഗ്രസ് യൂണിയനായ ഐ.എന്‍.ടി.യു.സിയില്‍ ചേര്‍ന്നിരുന്നോ എന്നൊന്നും എനിക്കറിയില്ല. സജീവ ഇടതുരാഷ്ട്രീയത്തില്‍നിന്നും അച്ഛന്‍ പിന്‍മാറിയതായി ഞാന്‍ മനസ്സിലാക്കിയിരുന്നു.

ഇതിനിടക്ക് ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ ഇടവിട്ട് അമ്മ തുടര്‍ച്ചയായി പ്രസവിച്ചുകൊണ്ടുമിരുന്നു. ഞങ്ങള്‍ എട്ടുമക്കള്‍. അതില്‍ മൂന്നാമനായിരുന്നു ഞാന്‍. ചേട്ടന്‍ ലെനിന്‍ രാജശേഖരന്‍. മരിച്ചുപോയ അനുജന്‍ ലെനിന്‍ രാജഗോപാല്‍. 1950- 52 കാലത്ത് മിക്ക കുട്ടികള്‍ക്കും മഹാന്‍മാരുടെ പേര് നല്‍കിയിരുന്നതായി കാണാം. അച്ഛനമ്മമാരുടെ രാഷ്ട്രീയ വിശ്വാസവും സാമൂഹ്യ ബോധവുമൊക്കെ പേരിടലിനെ സ്വാധീനിച്ചിരിക്കണം.

വീട്ടില്‍ പക്ഷെ, അനിയന്‍ മരിച്ചതോടെ പേരിടലിന്റെ ഈ തുടര്‍ച്ച മുറിഞ്ഞുപോയി. പിന്നീടുള്ള അനുജന്‍മാര്‍ക്ക് ഗംഗപ്രസാദ്, സജീവ് പ്രസാദ് എന്നിങ്ങനെ പേരുകള്‍ മാറിവന്നു. അച്ഛനില്‍ രാഷ്ട്രീയപരമായൊരു മാറ്റം ഇതിനിടയില്‍ നടന്നിരിക്കാനും സാധ്യതയുണ്ട്.
ഞാന്‍ പ്രീഡിഗ്രിക്ക് ചേരുന്നതും അച്ഛന്‍ പെന്‍ഷന്‍ പറ്റുന്നതും അമ്മ എന്റെ ഏറ്റവും ഇളയ അനുജത്തിക്ക് ജന്‍മം നല്‍കുന്നതും ഒരേകാലത്താണ്. ഇക്കാലം അച്ഛന്‍ വലിയ സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ പെടുകയും ചെയ്തു.

ജോലിയില്‍ നിന്നുകിട്ടുന്ന വരുമാനം എന്നതിലപ്പുറം പൈതൃകമായി ഒന്നും ലഭിച്ചിരുന്നില്ല. സര്‍വ്വീസിലുണ്ടായിരുന്ന കാലത്തുണ്ടായിരുന്ന പ്രമാണിത്തം പെന്‍ഷനായതിനുശേഷം നഷ്ടപ്പെട്ടു. പിന്നീട് അച്ഛനും കടമ തീര്‍ക്കും പോലെയാണ് ജീവിച്ചുപോയത്. ജോലിയിലിരുന്ന കാലത്ത് അച്ഛന്‍ കുറച്ച് നിലം വാങ്ങി കൃഷിചെയ്തിരുന്നു. സ്വന്തമായി നിലം വാങ്ങുക, അവിടെ കൃഷിയിറക്കുക ഇതൊന്നും ഞങ്ങളുടെ സമുദായത്തിലുള്ളവരാരും അന്ന് ചെയ്തിരുന്നില്ല. അതിനൊക്കെ സാധിക്കുമായിരുന്നുമില്ല. എല്ലാം അച്ഛന്‍ സ്വയം സമ്പാദിച്ചവയായിരുന്നു.

അച്ഛന്റെ കാലത്തുതന്നെ അതെല്ലാം ഇല്ലാതാവുകയും ചെയ്തു. എപ്പോഴാണ് അതൊക്കെ കൈവിട്ടുപോയതെന്ന് ഞങ്ങള്‍ക്കാര്‍ക്കും അറിയില്ല. അമ്മയാകട്ടെ ഈവക കാര്യങ്ങളൊന്നും അന്വേഷിച്ചിരുന്നുമില്ല. വല്ലപ്പോഴുമൊക്കെ അമ്മയും അച്ഛനും തമ്മിലുണ്ടായ വഴക്കുകള്‍ക്കിടയിലാണ് ഈ കഥകളൊക്കെ ആവലാതികളായും കുറ്റപ്പെടുത്തലും പരിഭവവുമൊക്കെയായി പുറത്തുവരുന്നത്.
ഇത്രയും കുട്ടികള്‍. അവരുടെ പഠിപ്പ്, ജീവിതം. കരുതലൊന്നും ഉണ്ടായിരുന്നില്ല. ചെലവൊട്ട് കുറയ്ക്കാനുമായില്ല. അങ്ങനെവന്നപ്പോള്‍ കരുതിവച്ചതെല്ലാം കൈവിട്ടു പോയതാവണം.

എന്റെ കുട്ടിക്കാലത്ത് ഞാന്‍ അനുഭവിച്ച സൗഭാഗ്യങ്ങള്‍ എന്റെ താഴെയുള്ളവര്‍ക്ക് കിട്ടിയില്ല. അച്ഛന്‍ അതില്‍ ഏറെ ദുഃഖിതനുമായിരുന്നു. അദ്ദേഹമത് പുറത്ത് കാണിച്ചിരുന്നില്ലെങ്കിലും. ഞാനും അവരുടെയൊന്നും കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധിച്ചിരുന്നില്ല എന്നതാണ് ശരി. ആ കുറ്റബോധം എനിക്കിന്നുമുണ്ട്.

കാഴ്ചകളുടെ ലോകം

എന്റെ സിനിമാ കാഴ്ച തുടങ്ങുന്നതും കുട്ടിക്കാലത്തു തന്നെയാണ്. വളരെ കൊച്ചുന്നാളില്‍ തന്നെ അച്ഛന്‍ ഞങ്ങളെ എല്ലാവരേയുംകൊണ്ട് സിനിമയ്ക്ക് പോകും. പ്രത്യേകിച്ചും എല്ലാ മാസവും ഒന്നാം തീതി. സിനിമ കാണാനുള്ള പോക്ക് നഗരത്തിലേക്കുള്ള യാത്രകൂടിയാണ്. ശ്രീകൂമാര്‍ തിയേറ്ററിലോ സെന്‍ട്രല്‍ തിയേറ്ററിലോ ഫസ്റ്റ് ഷോ കാണും. മടക്കത്തില്‍ തമ്പാന്നൂരിലെ ഉടുപ്പി ഹോട്ടലില്‍ നിന്നും മസാലദോശയും ചായയും കഴിക്കും. ഒരിക്കല്‍ സിനിമ കാണാന്‍ ചെല്ലുമ്പോള്‍ ഫസ്റ്റ് ഷോക്ക് ടിക്കറ്റ് കിട്ടിയില്ല. കാത്തിരുന്ന് സെക്കന്റ് ഷോ കണ്ടു. സിനിമ കഴിയുമ്പോഴേക്കും നേരം വൈകി. ഊരൂട്ടമ്പലത്തിലേക്കുള്ള അവസാന വണ്ടിയും പോയിക്കഴിഞ്ഞിരുന്നു. ഉടുപ്പി ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ച് പിറ്റേന്നാണ് ഞങ്ങള്‍ വീട്ടില്‍ പോയത്. ഭാര്യ, കടലമ്മ, പാശമലര്‍, പാലും പഴവും, കണ്ടംബെച്ച കോട്ട്, നായരുപിടിച്ച പുലിവാല്‍… അങ്ങനെ മുടക്കം കൂടാതെ ഞങ്ങളുടെ സിനിമ കാഴ്ച നടന്നുകൊണ്ടേയിരുന്നു.

കാഴ്ചയുടെ മറ്റൊരു ലോകം ഉല്‍സവങ്ങളായിരുന്നു. ആദ്യമാദ്യം അച്ഛന്റെയും അമ്മയുടെയും കൈപിടിച്ച് അടുത്തുള്ള അമ്പലപ്പറമ്പുകളിലേക്ക് പോയി. പിന്നെ വിരലുകളുടെ പിടിവിട്ടു. ഉല്‍സവങ്ങളിലൂടെ പുതിയോരു ലോകം പരിചയപ്പെട്ടുതുടങ്ങുന്നു. അമ്പലങ്ങളായ അമ്പലങ്ങളെല്ലാം കയറിയിറങ്ങി. പുതിയ പുതിയ ആളുകള്‍ പുതിയ ദേശങ്ങള്‍… സാംബശിവന്റെ കഥാപ്രസംഗങ്ങളായിരുന്നു എക്കാലത്തെയും ഏറ്റവും വലിയ അനുഭവം. സാംബശിവന്‍ എവിടെ കഥ പറഞ്ഞാലും അവിടെയെല്ലാം പോയി നേരം വെളുക്കുന്നതുവരെ കഴിച്ചുകൂട്ടി. ആയിഷ, ഇരുപതാം നൂറ്റാണ്ട്, ഒഥല്ലോ, കുമാരനാശാന്‍, അന്നാ കരീനീന… സാംബശിവന്‍ കഥപറയുമ്പോള്‍ കഥ കേള്‍ക്കുകയായിരുന്നില്ല, കാണുകയായിരുന്നു, ഉല്‍സവ പറമ്പുമുഴുവന്‍ അത് അനുഭവിക്കുകയായിരുന്നു. കെ.പി.എ.സിയുടെ നാടകങ്ങളായിരുന്നു മറ്റൊരു മറ്റൊരു വിസ്മയം.

പോങ്ങുംമൂട്ടില്‍ സൈക്കിള്‍ യജ്ഞക്കാര്‍ സ്ഥിരമായി വരാറുണ്ട്. പകല്‍മുഴുവന്‍ സൈക്കിളില്‍ ഉറങ്ങുന്ന യജ്ഞക്കാരന്‍ നാലുമണിയാകുമ്പോള്‍ സജീവമാകുന്നു. സിനിമാറ്റിക് ഡാന്‍സിന്റെ ആദ്യരൂപമായ റിക്കാഡ് ഡാന്‍സുമായി വഴിയോര സര്‍ക്കസുകാര്‍ എല്ലാക്കൊല്ലവും ഊരൂട്ടമ്പലത്തിലും പോങ്ങുംമൂട്ടിലുമൊക്കെ വന്നുപോയി. ആണുങ്ങള്‍ പെണ്‍വേഷം കെട്ടിയാടുന്നത് സ്‌കൂള്‍ വിട്ടുവരുന്ന വഴിയില്‍ ഏറെ നേരം ഞങ്ങള്‍ നോക്കി നിന്നിട്ടുണ്ട്.

കുട്ടിക്കാലത്തെ ഏറ്റവും ത്രസിപ്പിക്കുന്ന കാഴ്ച ദാസനായിരുന്നു. ഞങ്ങളുടെ നാട്ടിലെ ആദ്യത്തെ സര്‍ക്കസുകാരന്‍. മരണക്കിണറിലൂടെ മോട്ടോര്‍ സൈക്കിളോടിക്കുന്ന ദാസന്റെ പ്രകടനം പ്രാണന്‍ അടക്കിപ്പിടിച്ച് കണ്ടുനിന്നിട്ടുണ്ട്.

മാരനെല്ലൂര്‍ സ്‌കൂളിന് അടുത്തായിരുന്നു ദാസന്റെ വീട്. അയാള്‍ക്ക് രണ്ടു ഭാര്യമാരാണ്. ഒരിക്കല്‍ ഏതോ ഒരുല്‍സവപ്പറമ്പില്‍ മരണക്കിണറുമായിപ്പോയ ദാസനോട് ആ സ്ത്രീക്ക് ആരാധന തോന്നിയെത്രെ. അപ്പോള്‍ അവള്‍ വളരെ ചെറുപ്പമായിരുന്നു. ഉല്‍സവം കഴിഞ്ഞ് പോരുമ്പോള്‍ ദാസന്‍ അവളെയുംകൂടെക്കൂട്ടി. പിന്നീട് ദാസനും അയാളുടെ രണ്ടു ഭാര്യമാരും ഒരു സഹായിയും ചേര്‍ന്നാണ് മരണക്കിണറിലൂടെ മോട്ടോര്‍സൈക്കിള്‍ പായിച്ചത്.
വര്‍ഷത്തിലൊരിക്കല്‍ തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്രാ എക്‌സിബിഷന്‍ കാണാന്‍ അച്ഛന്‍ ഞങ്ങളെ കൊണ്ടുപോയിരുന്നു. ആ കാര്‍ണിവലില്‍ ദാസന്റെ മരണക്കിണറുണ്ടാവും. ഞങ്ങളെ കണ്ടാല്‍ ദാസന്‍ വന്ന് കൂട്ടിക്കൊണ്ടുപോയി ഏറ്റവും മുമ്പില്‍ നല്ല സ്ഥലത്തുനോക്കി ഇരുത്തും. എക്‌സിബിഷനിലെ ഹീറോ ദാസന്റെ നാട്ടുകാര്‍ എന്നറിയപ്പെടുന്നതില്‍ തെല്ലൊരഭിമാനം തോന്നിയിരുന്നു.

മാരനെല്ലൂര്‍ സ്‌കൂളിനടുത്ത് ഒരിക്കല്‍ മരണക്കിണറിലെ അഭ്യാസ പ്രകടനങ്ങള്‍ നടക്കുന്നു. ഇന്നത്തെ മാതിരിയല്ല, മണ്ണില്‍ ഒരു വലിയ കിണര്‍ കുഴിച്ച് അതിനുള്ളിലായിരുന്നു അഭ്യാസം. സൈക്കിളിലും മോട്ടോര്‍ സൈക്കിളിലുമായി ത്രസിപ്പിക്കുന്ന പ്രകടനം. ദാസന്റെ രണ്ടാം ഭാര്യ കൈവിട്ട് മോട്ടോര്‍ സൈക്കിള്‍ ഓടിച്ചുകൊണ്ടിരിക്കെ എങ്ങനെയോ ബാലന്‍സ് തെറ്റി കുഴിയില്‍ വീണു. ജനമാകെ അമ്പരന്നു നില്‍ക്കെ ദാസന്‍ ബൈക്കുമായി മരണ കിണറിലേക്ക് കറങ്ങിക്കറങ്ങി ഇറങ്ങിച്ചെല്ലുന്നു. എന്നിട്ട് അവളെ പിടിച്ചെഴുന്നേല്‍പ്പിച്ച് ഒറ്റ അടി! ഞങ്ങള്‍ നോക്കി നില്‍ക്കെ അവര്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് ഓടിച്ചു പോയി.

മരണക്കിണറുകള്‍ നാട്ടിന്‍ പുറത്തുനിന്നും മാഞ്ഞുപോവുകയും സര്‍ക്കസ് കൂടാരങ്ങളിലേക്ക് ചേക്കേറുകയും ചെയ്തു. അവസാനം വരെ ദാസന്‍ ഒരു സര്‍ക്കസ്സു കമ്പനിയിലും ചേര്‍ന്നിരുന്നില്ല. ഉല്‍സപ്പറമ്പില്‍ നിന്നും ഉല്‍സവപ്പറമ്പിലേക്ക് അയാള്‍ ഒറ്റക്ക് കങ്ങിക്കൊണ്ടിരുന്നു.

പ്രേമിക്കാന്‍ ഒരാളുവേണം

അച്ഛനും അദ്ദേഹത്തിന്റെ അനിയന്‍മാരും പട്ടാളത്തിലായിരുന്നു. മുംബൈയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും അവര്‍ ജോലിചെയ്തു. അവധിക്ക് വീട്ടില്‍ വരുമ്പോള്‍ അവരോടൊപ്പം പാട്ടുപെട്ടിയും വന്നു. തലത്ത് മുഹമ്മദിന്റെയും സൈഗാളിന്റെയുമൊക്കെ പാട്ടുകള്‍ ഈ അവധിക്കാലത്തെ സാന്ദ്രമാക്കിക്കൊണ്ട് വീട്ടില്‍ മുഴങ്ങി. അങ്ങനെ കുട്ടിക്കാലം മുതലേ ഞാന്‍ പാട്ടുകള്‍ കേട്ടുതുടങ്ങുന്നു. കേട്ടപാട്ടുകള്‍ പാടിത്തുടങ്ങുന്നു. പാട്ട് എന്നും എന്നോടൊപ്പം ഉണ്ട്.

അക്കാലത്ത് നാട്ടില്‍ ചില അമേച്വര്‍ നാടക സമിതികള്‍ രൂപം കൊണ്ടുവരുന്നുണ്ടായിരുന്നു. അവരുടെ റിഹേഴ്‌സല്‍ സ്ഥലങ്ങളില്‍ പോയി ഒരുപാട് സമയം ചെലവിടും. ഏറെ നാളത്തെ ഈ കാഴ്ചയിലൂടെയാണ് നാടകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചാലെന്ത് എന്ന തോന്നല്‍ എന്നില്‍ ഉണ്ടാവുന്നത്. അപ്പോള്‍ ഞാന്‍ എട്ടാംക്ലാസിലെത്തിയിരുന്നു. ഹൈസ്‌കൂളിലെത്തുമ്പോഴാണ് ഞാന്‍ തങ്കപ്പനെ കണ്ടുമുട്ടുന്നത്. ഞങ്ങള്‍ വേഗം സുഹൃത്തുക്കളായി. തങ്കപ്പന്‍ ഹാര്‍മോണിയം വായിക്കും. ഞാന്‍ പാട്ടുപാടും. ഹാര്‍മോണിയവും തബലയുമൊക്കെ വാടകക്കെടുത്ത് ഞങ്ങള്‍ ഞങ്ങള്‍ ഒരു ട്രൂപ്പുണ്ടാക്കി. തങ്കപ്പന്‍ കാഥികന്‍ കൂടിയാണ്. അവന്റെ കഥക്ക് പാട്ടെഴുതിയിരുന്നത് ഞാനാണ്. അതായിരുന്നു എന്റെ ആദ്യ കവിതകള്‍. ഏകാന്തമായ ഒരുപാട് രാത്രികളില്‍ ഞാന്‍ എഴുതിക്കൂട്ടിയ കവിതകള്‍ പത്രങ്ങള്‍ക്കും ആഴ്ചപ്പതിപ്പുകള്‍ക്കും അയച്ചുകൊണ്ടിരുന്നു. പോയതിലും വേഗത്തില്‍ അവയെല്ലാം മടങ്ങിയെത്തി.

ഞങ്ങള്‍ ട്രൂപ്പ് വിപുലപ്പെടുത്തി. പാട്ടില്‍ നിന്നും മെല്ലെ നാടകത്തിലേക്കു കടന്നു. ഞങ്ങള്‍ സ്‌കൂളില്‍ ഒരു നാടകം കളിക്കുന്നു. പ്രേമിക്കാന്‍ ഒരാളുവേണം അതായിരുന്നു നാടകം. നാടകം വന്‍വിജയമായി. ആ നാടകം കൂവളശേരി അമ്പലത്തില്‍ ഉല്‍സവത്തിന് കളിക്കണമെന്ന് ഉല്‍സവനടത്തിപ്പുകാര്‍ ആവശ്യപ്പെട്ടു. ഞങ്ങളുടെ നാടകത്തിന് ആദ്യമായി ഒരു ബുക്കിങ് കിട്ടിയിരിക്കുന്നു. അതുമാത്രമല്ല സ്‌കൂളിന് പുറത്ത് ആദ്യമായി നാടകം കളിക്കാന്‍ പോകുന്നു. എല്ലാവരും വലിയ ആവേശത്തോടെ റിഹേഴസല്‍ ചെയ്ത് പഠിച്ചതൊക്കെ കൂടുതല്‍ ഉറപ്പിച്ചു. പക്ഷെ, എന്തോ കാരണവശാല്‍ ഉല്‍സവത്തിന്റെ തീയതി മാറ്റിനിശ്ചയിക്കപ്പെട്ടു. അത് വന്നുചേര്‍ന്നതാകട്ടെ കൃത്യം എന്റെ എസ്.എസ്.എല്‍.സി പരീക്ഷയുടെ തലേന്നും.

പിറ്റേന്ന് മലയാളം പരീക്ഷയാണ്. വീട്ടില്‍ പറയാന്‍ പറ്റില്ല. ആകെ വിഷമത്തിലായി. വീട്ടിലെ എന്റെ മുറി പുറത്തുനിന്നു പൂട്ടാവുന്ന രീതിയിലുള്ളതാണ്. രാത്രി എട്ടൊമ്പതുമണിയായപ്പോള്‍ ഭക്ഷണമൊക്കെ കഴിച്ച് ഞാന്‍ പഠിക്കാനായി മുറിയില്‍ കയറി. വീട്ടിലുള്ളവരെല്ലാം കിടന്നു. അവര്‍ ഉറങ്ങിയെന്ന് ഉറപ്പ് വരുത്തി ഞാന്‍ പതിയെ മുറിയില്‍ നിന്നും പുറത്തുകടന്നു. ശബ്ദമുണ്ടാക്കാതെ മുറി പൂട്ടി. റോഡില്‍ചാടി. കൂട്ടുകാര്‍ സൈക്കിളുമായി കാത്തുനിന്നിരുന്നു. സൈക്കിള്‍ ആഞ്ഞു ചവിട്ടി കൂവളശ്ശേരി അമ്പലത്തിലേക്ക്. അവിടെയെത്തുമ്പോള്‍ ബാക്കിയെല്ലാവരും തയ്യാറായികഴിഞ്ഞിരുന്നു. “വേഗം മേക്കപ്പിട്” എല്ലാവരും തിരക്കുകൂട്ടി. മേക്കപ്പ് ചെയ്യാന്‍ വന്ന ആളെ കണ്ട് ഞാന്‍ ഞെട്ടി. എന്റെ മലയാളം അധ്യാപകന്‍! സാറ് അറിയപ്പെടുന്ന നാടകക്കാരനും മേക്കപ്പ് ആര്‍ട്ടിസ്റ്റുമാണ്. “കൊള്ളാം” എന്നുമാത്രമാണ് അദ്ദേഹം പറഞ്ഞത്.

അടുത്ത ദിവസം പരീക്ഷാ ഹാളില്‍ സാറ് അധികനേരവും എന്റെ പിന്നില്‍ തന്നെയുണ്ടായിരുന്നു. പിന്നീടത് വീട്ടില്‍ അറിയുകയും കുറേ വഴക്കൊക്കെ പറയുകയും ചെയ്തു. “റിസല്‍ട്ട് വരട്ടെ കാണാം” എന്ന ഭീഷണിയും.

ഓര്‍മ്മകള്‍ തിരികെ വിളിക്കുമ്പോള്‍

നാലാം ക്ലാസുവരെ ഞാന്‍ പഠിച്ചത് ഊരൂട്ടമ്പലത്തെ എല്‍.പി സ്‌കൂളിലാണ്. മാരനെല്ലൂര്‍ സ്‌കൂളിലായിരുന്നു ഹൈസ്‌കൂള്‍ വിദ്യാഭ്യാസം. അത് വീട്ടില്‍ നിന്നും മൂന്നു കിലോമീറ്റര്‍ അകലെയാണ്. നടന്നിട്ടാണ് പോകുന്നത്. അച്ഛന്‍ ട്രാന്‍സ്‌പോര്‍ട്ടിലെ ഉദ്യോഗസ്ഥനായതുകൊണ്ട് എനിക്ക് കണ്‍സഷന്‍ പാസ് എടുത്തു തന്നിരുന്നു. പക്ഷെ, അതൊന്നും മിക്കപ്പോഴും ഞാന്‍ ഉപയോഗിച്ചിട്ടില്ല. നടക്കാനായിരുന്നു ഇഷ്ടം. മുന്‍പിലും പിറകിലുമായി ഒരുപാട് കുട്ടികളുണ്ടാവും. ആ കൂട്ടത്തില്‍ ചേര്‍ന്ന് നടക്കുക. അത് രസമുള്ള ഒരനുഭവമായിരുന്നു. ഊരൂട്ടമ്പലത്തെ കുട്ടിക്കാലം സമൃദ്ധമായയൊരോര്‍മ്മയാണ്. വളര്‍ന്നതിനുശേഷം കാര്യമായി ഞാനങ്ങോട്ട് പോകാറില്ല. എങ്കിലും ആ നാടിന്റെ സ്‌നേഹം എന്നെ പിന്തുടരുന്നുണ്ട്. ഏത് ആള്‍കൂട്ടത്തിലും അതെന്നെ തിരിച്ചറിയുന്നുണ്ട്. തിരിച്ചുവിളിക്കുന്നുമുണ്ട്.

ഒരിക്കല്‍ സിനിമയുടെ ലൊക്കേഷന്‍ നോക്കാന്‍ അടുത്തൊരു സ്ഥലത്തുപോയി. അവിടെ പുരാതനമായൊരു നാലുകെട്ട് ഉണ്ടെന്ന് അറിഞ്ഞാണ് പോയത്. ലൊക്കേഷനൊക്കെ കണ്ട് തിരിച്ചുവരുമ്പോള്‍ ഞങ്ങള്‍ കടന്നുപോയ വീടിന്റെ മുന്നില്‍ ഒരു സ്ത്രീ നില്‍ക്കുന്നു. അവര്‍ എന്നെ കണ്ടതും ഓടിവന്ന് എന്റെ കൈയ്യില്‍ പിടിച്ചു. വലിച്ചുകൊണ്ട് അവരുടെ വീട്ടിലേക്കുപോയി. ആ വീട്ടിലുള്ളവര്‍ക്കും എന്റെ കൂടെ വന്നവര്‍ക്കും ഒന്നും മനസ്സിലായില്ല. ആ വീട്ടുകാര്‍ക്ക് എന്നെ അറിയില്ല. ഒരു സിനിമാ സംവിധായകന്‍, അയാള്‍ ഷൂട്ടിങ്ങിന്റെ ലൊക്കേഷന്‍ കാണാന്‍ വന്നിരിക്കുന്നു. എന്നുമാത്രമാണ് അറിയാവുന്നത്. അങ്ങനെ വന്ന ആളിന്റെ കൈയ്യും പിടിച്ചുകൊണ്ടാണ് ഈ സ്ത്രീ അകത്തേക്ക് വരുന്നത്. മറ്റുള്ളവരുടെ മുഖത്ത് ഒരുതരം അമ്പരപ്പ്. അവര്‍ എന്നെ എല്ലാവരേയും പരിചയപ്പെടുത്തി. “”ഇത് രാജു…”” എന്നെ നാട്ടിലെല്ലാവരും വിളിക്കുന്നത് രാജു എന്നാണ്.

എന്റെ വീടിനടുത്തായിരുന്നു ഇപ്പോള്‍ ഞാന്‍ സ്ത്രീയെന്ന് വിശേഷിപ്പിച്ച ആ പെണ്‍കുട്ടിയുടെ വീട്. അവളുടെ സഹോദരന്‍ എന്റെ അടുത്ത കൂട്ടുകാരനായിരുന്നു. കുട്ടിക്കാലത്ത് സ്‌കൂള്‍ വിട്ടുകഴിഞ്ഞാല്‍ അധികസമയവും ഞാന്‍ അവരുടെ വീട്ടിലായിരിക്കും. അവിടെ നിന്നും ഒരുപാട് ഭക്ഷണം കഴിച്ചിട്ടുണ്ട്. ആ വീട് എന്റെയും വീടായിരുന്നു. അവരെന്നെ സ്വന്തം മകനേപ്പോലെ, സഹോദരനെപ്പോലെ സ്‌നേഹിച്ചു. ഞാന്‍ നാടുവിട്ടതിനുശേഷമായിരുന്നു അവളുടെ വിവാഹം. അതില്‍ പങ്കെടുക്കാന്‍ എനിക്കെന്തുകൊണ്ടോ കഴിഞ്ഞില്ല. വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ വീണ്ടും ആ പെണ്‍കുട്ടിയെ കാണുകയാണ്. അപ്പോഴും അവളുടെ ചേട്ടനെപ്പോലെ എന്നെയവള്‍ തിരിച്ചറിയുന്നു, സ്‌നേഹിക്കുന്നു.

ഇതിനിടയില്‍ വര്‍ഷങ്ങളെത്രയോ കഴിഞ്ഞുപോയി. ആ പെണ്‍കുട്ടി ഇപ്പോള്‍ മുതിര്‍ന്ന സ്ത്രീയാണ്. ഞാനിന്ന് ഊരുട്ടമ്പലത്തിലെ അതിഥിപോലും അല്ലാതായി.

ഒരിക്കല്‍ ഒരിടത്ത് ഒരു കല്യാണത്തിന് ചെല്ലുമ്പോഴും ഇതുപോലെ ഒരനുഭവമുണ്ടായി. എന്നെ കണ്ടയുടനെ ഒരു സ്ത്രീ ഓടിവന്ന് എന്റെ കൈക്കുപിടിച്ച് ഒരുമുറിയിലേക്ക് കൊണ്ടുപോയി. അവരുടെ അനുജത്തിയുടെ വിവാഹമായിരുന്നു. ഒരുങ്ങിക്കൊണ്ടിരിക്കുന്ന വധുവിന്റെ മുന്നില്‍ എന്നെ കൊണ്ടുചെന്നു നിര്‍ത്തി. അവള്‍ക്കെന്ന പരിചയപ്പെടുത്തി. എന്നെ അറിയുന്നവര്‍ക്കും അറിയാത്തവര്‍ക്കും ഒരുപോലെ അറിയേണ്ടത് എന്താണ് ഈ വീടുമായിട്ടുള്ള എന്റെ ബന്ധം എന്നായിരുന്നു. എന്തായിരുന്നു ആ വീടുമായി എനിക്കുള്ള ബന്ധം? ഊരൂട്ടമ്പലത്തെ എന്റെ മറ്റൊരു വീടായിരുന്നു അവരുടേത്. ഞങ്ങള്‍ ഓടിക്കളിച്ച് വളര്‍ന്ന വീട്. കാലങ്ങള്‍ എത്ര കഴിഞ്ഞുപോയിട്ടും. അതിന് ഉടവൊന്നും സംഭവിക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ ഊരൂട്ടമ്പലത്തെ എന്റെ കുട്ടിക്കാലമല്ല. ഞാനാണ് ആകെ മാറിപ്പോയിരിക്കുന്നത്.

ഒരു പഴയ കമ്യൂണിസ്റ്റിന്റെ കഥ

ഊരുട്ടമ്പലത്തിലെ കമ്യൂണിസ്റ്റ് നേതാവായിരുന്നു ഗോവിന്ദന്‍. ഒരുപാട് സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി ഒരുപാട് മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങിയ സഖാവ്. ഒരിക്കല്‍ പൊലീസുകാര്‍ ഗോവിന്ദനെ കവലയിലൂടെ പരസ്യമായി വലിച്ചിഴച്ച് കൊണ്ടുപോയത് ഊരൂട്ടമ്പലത്തിലെ പഴമക്കാര്‍ക്ക് മറക്കാനാവില്ല. ഏറ്റവും പാവപ്പെട്ടവരുടെ സമരങ്ങള്‍ക്ക് ഗോവിന്ദന്‍ നേതൃത്വം കൊടുത്തു. പ്രത്യേകിച്ചും ആ നാട്ടിലെ ഹരിജനങ്ങളെ സംഘടിപ്പിക്കുന്നതിലും അവര്‍ക്കായി പൊരുതുന്നതിലും ഗോവിന്ദന് വല്ലാത്തൊരു ആനന്ദമുണ്ടായിരുന്നു. വീടില്ലാത്ത ദലിതരെ പുറംപോക്കു ഭൂമി പിടിച്ചെടുത്ത് അവിടെ കുടിലുകെട്ടി താമസിപ്പിക്കാന്‍ ഗോവിന്ദന്‍ മുന്നില്‍നിന്നു.

ഊരൂട്ടമ്പലം കവലയിലെ വലിയ ചട്ടമ്പിയും നായര്‍ പ്രമാണിയുമായിരുന്നു ശശിപിള്ള. പലപ്പോഴും സന്ധ്യക്ക് ശശിപിള്ള ആരെയെങ്കിലും കവലയില്‍ കുത്തിവീഴ്ത്തി എന്ന വാര്‍ത്ത ഭീതിയോടെ വീടുകളിലേക്ക് പടരും. കുത്തുകൊള്ളുന്നത് പലപ്പോഴും പാവങ്ങളായിരുന്നു. ഗോവിന്ദന്റെ നേതൃത്വത്തില്‍ നടക്കുന്ന തയ്യാറെടുപ്പുകളിലൂടെ പുറത്തുനിന്നും ആരെങ്കിലും വന്ന് ശശിപിള്ളയെ തിരിച്ചു തല്ലുകയും ചെയ്യും. രണ്ടോ മൂന്നോ മാസങ്ങള്‍ കൂടുമ്പോള്‍ ഈ വാര്‍ത്തകള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു.

ഒടുവില്‍ കവലയിലിട്ട് ശശിപ്പിള്ളയെ ആരൊക്കെയോ ചേര്‍ന്ന് കൊലപ്പെടുത്തി.

ഒരു ദളിതനെ ഏതെങ്കിലും പ്രമാണി തല്ലിയാല്‍ അയാളെ തിരിച്ചു തല്ലാന്‍ ഗോവിന്ദനും കമ്യൂണിസ്റ്റുകാരും നേതൃത്വം കൊടുത്തു. മണിയന്‍ എന്ന ദലിത് യുവാവിനെ ഒരിക്കല്‍ അവിടുത്തെ നായര്‍ പ്രമാണിമാര്‍ ചേര്‍ന്നുതല്ലി. നിവൃത്തിയില്ലാതെ വന്നപ്പോള്‍ മണിയനും കൂട്ടുകാരും ചേര്‍ന്ന് അവരെ തിരിച്ചു തല്ലി. “പുലയന്‍ നായരെ തല്ലി.” നാടാകെ ഇളകിമറിയാന്‍ അതു ധാരാളമായിരുന്നു. മണിയനെ ഇനി വെച്ചോണ്ടിരിക്കില്ലെന്ന് പ്രമാണിമാര്‍ പ്രഖ്യാപിച്ചു. ഒരു സംഘര്‍ഷത്തിലേക്ക് ഏതുനിമിഷവും പൊട്ടാവുന്ന തരത്തില്‍ വലിഞ്ഞമുറുകിയ അന്തരീക്ഷം.

മണിയന്‍ ഒളിവില്‍ പോയി. പ്രശ്‌നം ഗോവിന്ദന്റെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റുകാര്‍ ഏറ്റെടുത്തു. “ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിക്ക് മണിയന്‍ ഊരൂട്ടമ്പലം കവലയില്‍ വരും തല്ലേണ്ടവര്‍ക്കു തല്ലാം.” ഗോവിന്ദന്‍ കവലയില്‍ പറഞ്ഞു. വിവരം നാട്ടിലാകെ പടര്‍ന്നു. പറഞ്ഞ ദിവസം കൃത്യം പന്ത്രണ്ടുമണിക്ക് മണിയന്‍ കവലയില്‍ വന്നിറങ്ങി. രണ്ടുഫര്‍ലോങ്ങ് ദൂരം വരുന്ന ഊരുട്ടമ്പലം കവലയിലൂടെ അയാള്‍ ആരുടേയും അകമ്പടിയില്ലാതെ ഒറ്റക്ക് നടന്നു. ആരും ഒന്നും ചെയ്തില്ല.

ഇന്ന് ഊരുട്ടമ്പലത്തിലെ ദളിതരിലേറെയും കമ്യൂണിസ്റ്റുകാരല്ല. ദളിത് പാന്തേഴ്‌സ് പാര്‍ട്ടിക്ക് ഏറ്റവും ശക്തിയുള്ള സ്ഥലമാണ് ഇന്ന് ഊരൂട്ടമ്പലം.
എന്റെ ജേഷ്ഠനെപ്പോലെയോ ബന്ധുവിനെപ്പോലെയോ ആയിരുന്നു ഗോവിന്ദന്‍. ഞാന്‍ തിരുവനന്തപുരത്ത് പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ എസ്.എഫ്.ഐയില്‍ പ്രവര്‍ത്തിച്ചിരുന്നു. അതൊന്നും നാട്ടില്‍ ആര്‍ക്കും അറിയുമായിരുന്നില്ല. എന്നാല്‍ ഗോവിന്ദന്‍ ഈ വിവരം അറിഞ്ഞു. അദ്ദേഹം എന്നെ പിടികൂടി. ആഴ്ചയിലൊരിക്കക്കല്‍ ഗോവിന്ദന്‍ തിരുവനന്തപുരത്ത് വരും.

അന്നത്തെ കമ്യൂണിസ്റ്റ് നേതാക്കളായിരുന്ന അവണാവൂര്‍ സദാശിവന്‍, വള്ളിക്കോട് സദാശിവന്‍, ദീര്‍ഘകാലം സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന കാട്ടായിക്കോണം ശ്രീധരന്‍ തുടങ്ങിയവര്‍ ഗോവിന്ദന്റെ സുഹൃത്തുക്കളായിരുന്നു. അവരെ കാണാനാണ് ഗോവിന്ദന്‍ വരുന്നത്. അപ്പോഴെല്ലാം ഗോവിന്ദന്‍ എന്നെയും വന്നുകാണും. എന്നെയും കൂട്ടി നേതാക്കന്‍മാരുടെ അടുത്തുപോകും. അവരെ പരിചയപ്പെടുത്തും. “ഇത് എന്റെ അനന്തിരവനാണ്” എന്നാണ് ഗോവിന്ദന്‍ എല്ലാവരോടും പറയുക. പ്രീഡിഗ്രിക്ക് ട്യൂഷന് തിരുവനന്തപുരത്തെ ഔവ്വര്‍ ട്യൂട്ടോറിയലില്‍ എന്നെ ചേര്‍ക്കാന്‍ കൊണ്ടുപോകുന്നതും ഗോവിന്ദനായിരുന്നു. ട്യൂട്ടോറിയല്‍ ഉടമ ബാലകൃഷ്ണന്‍ നായര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സഹയാത്രികനാണ്. “ഇതെന്റെ അനന്തിരവനാണ്..” എന്ന് ബാലകൃഷ്ണന്‍ നായര്‍ക്ക് എന്നെ പരിചയപ്പെടുത്തി. അവിടെ എനിക്ക് ഫീസ് ഇളവുകിട്ടി. കമ്യൂണിസ്റ്റ് ബന്ധമുള്ളവര്‍ക്ക് ചെറിയൊരു പൈസ മാത്രമേ അവിടെ ഫീസ് വാങ്ങിയിരുന്നുള്ളു.

ഗോവിന്ദന്റെ അവസാന നാളുകള്‍ വേദന നിറഞ്ഞതായിരുന്നു. ഗോവിന്ദന്‍ കമ്യൂണിസ്റ്റ്കാര്‍ക്ക് അനഭിമതനായി. പാര്‍ട്ടിയില്‍നിന്നും തെറ്റിപ്പിരിഞ്ഞ് അദ്ദേഹത്തിന് കോണ്‍ഗ്രസ്സില്‍ ചേരേണ്ടിവന്നു. പിന്നീട് അധികകാലം ഗോവിന്ദന്‍ ജീവിച്ചിരുന്നില്ല. ക്യാന്‍സര്‍ വന്നു മരിച്ചു.
ഇക്കാലമായപ്പോഴേക്കും നാടുമായുള്ള എന്റെ ബന്ധം കുറഞ്ഞുകുറഞ്ഞുവന്നു. വല്ലപ്പോഴുമാത്രം നാട്ടില്‍പോയി മടങ്ങുന്ന എനിക്ക് ഗോവിന്ദനെ കാണാനായില്ല. മരിക്കുന്നതിന് ഏതാനും നാളുകള്‍ക്ക് മുമ്പ് എന്നെ കാണണം എന്നുപറഞ്ഞ് ഗോവിന്ദന്‍ ആളയച്ചു. ഞാന്‍ വീട്ടില്‍ പോയി അദ്ദേഹത്തെ കണ്ടു. മരണം അരിച്ചരിച്ചെത്തുമ്പോഴും ആ കണ്ണുകളിലെ സ്‌നേഹത്തിന്റെ തിളക്കം കെട്ടുപോയിരുന്നില്ല. ഒരുപാട് സമയം ഞങ്ങള്‍ സംസാരിച്ചിരുന്നു. സാഹസികനായിരുന്നു ഗോവിന്ദന്‍, ഒരു പഴയകാല കമ്യൂണിസ്റ്റ്… ഊരൂട്ടമ്പലത്തിലെ ഒരുപാടാളുകള്‍ ഗോവിന്ദനെ സ്‌നേഹിച്ചു.

തിരക്കുകള്‍ക്കിടയില്‍ സ്വന്തം കാര്യം മറന്നുപോയ ആ പഴയ കമ്യൂണിസ്റ്റ് വളരെ വൈകിയാണ് കല്യാണം കഴിച്ചത്. വൈകിയാണ് കുട്ടികളുണ്ടായത്. അവരെയൊന്നും എവിടെയും എത്തിക്കാനാവാതെയാണ് ഗോവിന്ദന്‍ യാത്രയായത്.

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം

ഞാന്‍ ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ വളരെ വിചിത്രമായ മറ്റൊരു കഥാപാത്രമുണ്ടായിരുന്നു പീര്‍ മുഹമ്മദ്. പോങ്ങുംമൂടിനും മൂലക്കോണത്തിനും ഇടയിലാണ് പീര്‍മുഹമ്മദിന്റെ വീട്. അയാളും നാട്ടിലെ ചട്ടമ്പിയായിരുന്നു. അരയില്‍ എപ്പോഴും കത്തിയുമായി നടക്കുന്ന ഭീകരന്‍. സ്ത്രീകളെല്ലാം അയാളെ വല്ലാതെ ഭയപ്പെട്ടു. എന്നാല്‍ ഏതെങ്കിലും ഒരു സ്ത്രീയെ അയാള്‍ ഉപദ്രവിച്ചതായി ആര്‍ക്കും നേരിട്ട് അറിവില്ല.
പീര്‍ മുഹമ്മദിന്റെ മകന്‍ സലാഹുദ്ദീന്‍ എന്റെ ക്ലാസിലാണ് പഠിച്ചിരുന്നത്. ഞങ്ങള്‍ സ്‌കൂളിലേക്ക് പോകുന്ന വഴിക്കായിരുന്നു അയാളുടെ വീട്. ഉച്ചക്ക് സ്‌കൂള്‍ വിടുന്ന നേരത്ത് സലാഹുദ്ദീനൊപ്പം ഞങ്ങള്‍ ആ വീട്ടില്‍ പോയിട്ടുണ്ട്. അപ്പോഴെല്ലാം ഉറക്കമെണീറ്റ് അയാള്‍ ഉമ്മറത്ത് ഇരിക്കുന്നുണ്ടാവും. വളരെ സ്‌നേഹത്തോടെ വര്‍ത്തമാനമൊക്കെ പറയും. അയാളൊരു ഭീകരനാണെന്ന് ഒരിക്കലും എനിക്ക് തോന്നിയിട്ടില്ല. എന്നാല്‍ ആളുകള്‍ക്ക് മുഴുവന്‍ അയാളെ ഭയമാണ്. പീര്‍മുഹമ്മദിനെക്കുറിച്ച് ഒരുപാട് കഥകള്‍ നാട്ടില്‍ പ്രചരിച്ചു. കേട്ട കഥകളിലെല്ലാം അയാള്‍ അക്രമിയും കൊലപാതകിയും ബലാല്‍സംഗിയുമായിരുന്നു.

ഞങ്ങള്‍ സ്‌കൂളിലേക്ക് പോകുമ്പോള്‍ മിക്കവാറും പീര്‍ മുഹമ്മദ് വഴിയില്‍ നില്‍ക്കുന്നുണ്ടാവും. അതുവരെ കലപില കൂട്ടി നടന്നുപോയിരുന്ന പെണ്‍കുട്ടികള്‍ അയാളെ കാണുന്നതോടെ നിശബ്ദരാകും. ഭയചകിതമായ നിശബ്ദതയോടെ അവര്‍ അയാളെ കടന്നുപോകും. ഏറെ ദൂരം ചെന്ന് ഒന്നു തിരിഞ്ഞുനോക്കും. ആരും പിന്നാലെ വരുന്നില്ലെന്ന് ഉറപ്പുവരുത്താന്‍. അപ്പോഴും ഒരു ഭാവവ്യത്യാസവുമില്ലാതെ പീര്‍മുഹമ്മദ് അവിടെത്തന്നെയുണ്ടാവും.

പീര്‍മുഹമ്മദ് കമ്യൂണിസ്റ്റായിരുന്നു. ഇ.എം.എസ് മുഖ്യമന്ത്രിയായിന്ന കാലം. ഊരുട്ടമ്പലത്ത് ഇ.എം.എസ് എത്തുന്നു. സ്വീകരണത്തിനുള്ള വിപുലമായ ഒരുക്കങ്ങളാണ് നടന്നത്. കോണ്‍ഗ്രസ്സുകാര്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. ഊരൂട്ടമ്പലത്ത് അടുത്തകാലം വരെ കോണ്‍ഗ്രസിനായിരുന്നു മുന്‍തൂക്കം. കോണ്‍ഗ്രസുകാര്‍ എല്ലാ പോസ്റ്റിലും കരിങ്കൊടി നാട്ടി.

ഉച്ച നേരമായിരുന്നു. അന്ന് സ്‌കൂളില്ല. ഞാന്‍ ഇ.എം.എസിനെ കാണാന്‍ കവലയിലെത്തി. അന്തരീക്ഷം സംഘര്‍ഷം നിറഞ്ഞതായിരുന്നു. ഗോവിന്ദന്റെ ചേട്ടന്റെ തയ്യല്‍ കടയില്‍ ഞാന്‍ സുരക്ഷിതമായി സ്ഥാനം പിടിച്ചു. “ഏതാനും നിമിഷങ്ങള്‍ക്കകം സഖാവ് ഇ.എം.എസ് വരുന്നു….” എന്നുള്ള അനൗണ്‍സ്‌മെന്റ് വണ്ടി കടന്നുവന്നു. റോഡിന്റെ ഒരുഭാഗത്ത് കരിങ്കൊടിയുമായി കോണ്‍ഗ്രസുകാരും മറുവശത്ത് ചെങ്കൊടിയുമായി കമ്യൂണിസ്റ്റുകാരും അണിനിരന്നിട്ടുണ്ട്. എല്ലാ പോസ്റ്റിലും കരിങ്കൊടിയും ചെങ്കൊടിയുമുണ്ടായിരുന്നു.

അപ്പോഴതാ റോഡിന്റെ അങ്ങേയറ്റത്ത് പീര്‍മുഹമ്മദ് പ്രത്യക്ഷപ്പെടുന്നു. പത്തുവാര പിറകിലായി ഗോവിന്ദനും ഒരു ചെറിയ സംഘവും നിലയുറപ്പിച്ചു. പീര്‍ മുഹമ്മദിന്റെ കൈയ്യില്‍ ഒരു കൊടുവാളുണ്ട്. അയാള്‍ നടന്നു വരുന്നു. അയാളുടെ ഏതാനും അടി പിറകിലായി ഗോവിന്ദന്റെ നേതൃത്വത്തിലുള്ള സംഘവും നടക്കുന്നുണ്ട്. ഓരോ പോസ്റ്റിലെയും കരിങ്കൊടിക്കിട്ട് കൊടുവാളുയര്‍ത്തി ഒരു കൊത്ത്. അത് അടര്‍ന്ന് താഴേക്കു വീഴുന്നു. ഇത് കെട്ടിയ കോണ്‍ഗ്രസുകാര്‍ ആക്രമിക്കും എന്നൊക്കെയാണ് അപ്പോള്‍ വിചാരിക്കുക. പക്ഷെ, അവര്‍ ഒരക്ഷരം പോലും മിണ്ടിയില്ല. പീര്‍മുഹമ്മദ് അങ്ങേയറ്റം വരെയുള്ള എല്ലാ കരിങ്കൊടികളും വെട്ടിവീഴ്ത്തി.

ഏറെക്കാലം കഴിയും മുമ്പ് ഒരു വാര്‍ത്ത നടുക്കത്തോടെ നാട്ടുകാര്‍ കേട്ടു. ഒരു കടത്തിണ്ണയില്‍ രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന പീര്‍ മുഹമ്മദിനെ ആരൊക്കെയോ ചേര്‍ന്ന് കമ്പിപ്പാരക്ക് തലക്കടിച്ച് കൊലപ്പെടുത്തി. തെളിവുകളും സാക്ഷികളും ഇല്ലാത്തതിനാല്‍ ആരും ശിക്ഷിക്കപ്പെട്ടില്ല. പീര്‍മുഹമ്മദിന്റെ മകന്‍ സലാഹുദ്ദീന്‍ നന്നായി പഠിക്കുമായിരുന്നു. അവന്‍ പഠിച്ച് ട്രാന്‍സ്‌പോര്‍ട്ട് കണ്ടക്ടറായി. സിനിമയൊന്നും അല്ലാത്തതുകൊണ്ട് പ്രതികാരത്തിനൊന്നും അവന്‍ പോയില്ല. അടുത്തകാലത്തും ഞാനവനെ കണ്ടിരുന്നു.

ടി.വി ചന്ദ്രന്റെ ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം എന്ന സിനിമയില്‍ ഏറെക്കുറേ പീര്‍ മുഹമ്മദിനെപ്പോലെ ഒരു കഥാപാത്രം ഉണ്ട്. സിനിമയുടെ വര്‍ക്ക് നടക്കുന്ന സമയത്ത് ഞാന്‍ ചന്ദ്രനെ കണ്ടു. “എന്റെ നാട്ടില്‍ ഇങ്ങനെ ഒരാളുണ്ടായിരുന്നു.” എന്ന് പീര്‍ മുഹമ്മദിന്റെ കഥ ഞാന്‍ ചന്ദ്രനോട് പറഞ്ഞു. ഷൂട്ടിങ്ങൊക്കെ ഏതാണ്ട് കഴിഞ്ഞ ഘട്ടമായിരുന്നു അത്. “നിനക്കിത് പടം എടുക്കുന്നതിനുമുമ്പ് പറഞ്ഞുകൂടായിരുന്നോ” എന്നാണ് ചന്ദ്രന്‍ ചോദിച്ചത്.

മാഞ്ഞുപോകുന്ന “മറുക്”

പില്‍ക്കാലത്ത് ഞാന്‍ നോക്കി പഠിക്കാന്‍ ശ്രമിച്ചിട്ടുള്ള കൗതുകകരങ്ങളായ കുറേ സംഭവങ്ങളുണ്ട്. കുട്ടിക്കാലത്ത് എനിക്കൊരു സാമ്രാജ്യവും പിന്നീട് വിസ്മയവും സമ്മാനിച്ച അനുഭവങ്ങളില്‍ പ്രധാനമാണ് എന്റെ മൂന്ന് അമ്മൂമ്മമാര്‍. അവര്‍ക്ക് മൂന്നാള്‍ക്കും കൂടി ഒറ്റ മകളാണ്. എന്റെ അമ്മ. ഏറ്റവും മൂത്ത അമ്മൂമ്മ കല്യാണം കഴിച്ചിട്ടില്ല. ബാക്കി രണ്ടു പേരുടേയും ഭര്‍ത്താക്കന്‍മാര്‍ ജീവിച്ചിരുപ്പില്ല. യൗവ്വന കാലത്തുതന്നെ അവര്‍ വിധവകളായി. അവര്‍ മൂന്നുപേരും ഒരുമിച്ചുനിന്നുകൊണ്ട് പിന്നീടുള്ള കാലം ജീവിച്ചു. ഏതാണ്ടൊരു ടെററിസ്റ്റുകളെപ്പോലെയായിരുന്നു അവര്‍ ജീവിച്ചത്. അവര്‍ അവരുടെ ശരികളില്‍മാത്രം ജീവിച്ചു. ഒരിക്കലും ആര്‍ക്കു മുന്നിലും തോറ്റുകൊടുത്തില്ല. നാട്ടിലുള്ളവര്‍ക്കൊക്കെ അവരെ ഭയവും എന്നാല്‍ ഇഷ്ടവുമായിരുന്നു.

ഒറ്റപ്പെടലിനെയും ഏകാന്തതകളെയും അധ്വാനംകൊണ്ടാണ് അവര്‍ മറികടന്നത്. അവര്‍ക്ക് കുറച്ച് ഭൂമിയുണ്ടായിരുന്നു. അന്നൊന്നും ഞങ്ങളുടെ സമുദായത്തിലുള്ള ആളുകള്‍ക്കൊന്നും സ്വന്തമായി ഭൂമിയൊന്നും ഉണ്ടാവാറില്ല. എന്നാല്‍ ആ നാട്ടില്‍ ഭൂസ്വത്തുള്ളവരില്‍ ഒരു കുടുംബമായിരുന്നു അമ്മൂമ്മമാരുടേത്. അവര്‍ കഠിനമായി അധ്വാനിച്ചു. കൃഷിചെയ്തു. വിളവെടുത്ത് ചന്തയില്‍കൊണ്ടുപോയി വിലപേശി വിറ്റു. അതില്‍നിന്നു കിട്ടിയ പണം കൂട്ടിവച്ചു. അവര്‍ക്ക് ചെലവുകള്‍ ഉണ്ടായിരുന്നില്ല. ആവശ്യങ്ങളും പരിമിതമായിരുന്നു. അതുകൊണ്ട് അവരുടെ അധ്വാനത്തിന്റെ ഫലം ഞങ്ങള്‍ക്കുള്ളതായി. വേറെ ആര്‍ക്കും കൊടുക്കാനില്ലായിരുന്നു.

അമ്മൂമ്മമാര്‍ക്ക് എന്നോട് പ്രത്യേകമൊരു സ്‌നേഹമുണ്ടായിരുന്നു. എന്റെ അച്ഛന്‍ ആദ്യം കല്യാണം കഴിച്ചതിലുള്ളതാണ് ചേട്ടന്‍. ചേട്ടന്‍ കുട്ടിയായിരിക്കുമ്പോള്‍തന്നെ അമ്മ മരിച്ചു. അതിനുശേഷമാണ് അച്ഛന്‍ എന്റെ അമ്മയെ കല്യാണം കഴിക്കുന്നത്. അതുകൊണ്ട് അമ്മമാരെ സംബന്ധിച്ചിടത്തോളം അവരുടെ ആദ്യത്തെ ആണ്‍തരി ഞാനാണ്. രണ്ടമ്മ മക്കളാണെന്ന രീതിയില്‍ ഞാനും ചേട്ടനും ഒരിക്കലും പെരുമാറിയിട്ടില്ല. അങ്ങനെ എന്തെങ്കിലും അകലം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നുമില്ല. അതുകൊണ്ടുതന്നെ ഇന്നോളം ഞാനാരോടും ഇക്കാര്യം പറയാറില്ല. ചേട്ടന്‍ ഹൃദയസ്തംഭനം വന്ന് മരിച്ചു. അകാലത്തില്‍ പിരിഞ്ഞുപോയ മറ്റൊരു സ്‌നേഹം….

ഊരുട്ടമ്പലത്തിന് അടുത്ത് മറുകിലാണ് അമ്മൂമ്മമാരുടെ സാമ്രാജ്യം. എല്ലാ വെള്ളിയാഴ്ചയും സ്‌കൂളുവിട്ടാല്‍ ഞാന്‍ അങ്ങോട്ട് വെച്ചുപിടിക്കും. അവിടെ എനിക്ക് മറ്റ് കൂട്ടുകാര്‍ ആരുമില്ല. എനിക്ക് കൂട്ട് അമ്മൂമ്മമാരാണ്. മറ്റാരുമായിട്ടെങ്കിലും കൂട്ടുകൂടാന്‍ ഒരിക്കലുമവര്‍ സമ്മതിച്ചിരുന്നുമില്ല. ശരിക്കും ആ സാമ്രാജ്യത്തില്‍ മറ്റാര്‍ക്കും പ്രവേശനമുണ്ടായിരുന്നില്ല. ചക്കയും മാങ്ങയും പേരക്കയും നിറഞ്ഞ പറമ്പിലൂടെ ഞാന്‍ അവര്‍ക്കൊപ്പം നടക്കും. എനിക്കിഷ്ടപ്പെട്ടത് ഉണ്ടാക്കി തരാനും എന്നെ ഊട്ടാനും അവര്‍ പരസ്പരം മല്‍സരിച്ചുകൊണ്ടിരുന്നു. ഈ ഒരാനന്ദത്തില്‍ മതിമറന്ന് ഞാന്‍ രണ്ടുദിവസം അവിടെകഴിയും.

തിങ്കളാഴ്ച രാവിലെ സ്‌കൂളിലേക്ക് പുറപ്പെടും മുമ്പ് എന്നെ ഏറ്റവും ആകര്‍ഷിച്ചിരുന്ന മറ്റൊരുകാര്യം കൂടി സംഭവിക്കും. പോക്കറ്റ് മണി. അവരെനിക്ക് അമ്പത് പൈസ തരും. അപ്പോള്‍ ഞാന്‍ എന്റേതായ ചില കണക്കുകള്‍ അങ്ങോട്ടു പറയും.

“”ഞാന്‍ ഈ അമ്പതുപൈസ അങ്ങോട്ടുതരാം. നിങ്ങള്‍ ആ ഒരുരൂപ ഇങ്ങോട്ടുതാ. നിങ്ങള്‍ക്ക് അമ്പത് പൈസയല്ലെ നഷ്ടമുള്ളു.””
അപ്പോള്‍ അവര് പറയും “”അതെങ്ങനാ ഞങ്ങളുടെ ഒരു രൂപ പോയില്ലെ?”” ഒരു രൂപ കൈയ്യില്‍ കിട്ടുന്നതുവരെ ആ തര്‍ക്കം നീളും. അടുത്ത വെള്ളിയാഴ്ച വീണ്ടും കാണാനായി ഞങ്ങള്‍ പിരിയും.

സ്‌കൂളിന്റെ മതിലിന് പുറത്തെത്തുന്ന കച്ചവടക്കാരുടെ കൈകളിലേക്കാണ് ഈ പൈസ ചെന്നുചേരുക. പല വര്‍ണ്ണങ്ങളിലുള്ള മിഠായികള്‍ വാങ്ങി കൂട്ടുകാര്‍ക്കൊപ്പം പങ്കുവയ്ക്കും. ഐസ് സ്റ്റിക്ക് വാങ്ങിക്കഴിച്ച് പിന്നെയും അസുഖം വരുത്തും. സ്‌കൂളിന്റെ ഗെയിറ്റിനിപ്പുറം ഞങ്ങളും അപ്പുറത്ത് കച്ചവടക്കാരും അണിനിരക്കുന്ന ഈ ആഘോഷത്തിന്റെ ഇടവേളകള്‍ക്ക് അടുത്ത ബെല്ലടിക്കുന്നതുവരെയേ ആയുസ്സുള്ളു.
അനാവശ്യമായി പൈസകൊടുത്ത് നിങ്ങള്‍ അവനെ വഷളാക്കുകയാണെന്ന് അച്ഛന്‍ ചിലപ്പോള്‍ അമ്മൂമ്മമാരോട് പരിഭവിച്ചിട്ടുണ്ട്. “ഞങ്ങള്‍ക്ക് പിന്നെ ആരുണ്ട്..?” എന്നായിരുന്നു അവരുടെ മറുചോദ്യം. ആ നിസഹായമായ സ്‌നേഹത്തിനുമുന്നില്‍ എന്റെ താന്തോന്നിത്തങ്ങള്‍ക്ക് ലൈസന്‍സ് ലഭിച്ചു.

ഈ അമ്മൂമ്മമാര്‍ വളരെ കര്‍ക്കശക്കാരായിരുന്നു. ആരോടും വഴക്കിടും. ഒരിക്കല്‍ അവര്‍ അവിടെ താമസിച്ചുകൊണ്ടിരുന്ന സ്ഥലത്തിന്റെ കുറച്ചുഭാഗം ഒരു പള്ളിക്കായി വിട്ടുകൊടുത്തു. പള്ളിക്കാര്‍ അവിടെ റോഡ് വെട്ടിയപ്പോള്‍ അവരോട് ചോദിക്കാതെ കുറച്ചു കൂടുതല്‍ സ്ഥലം വഴിക്കായി എടുത്തു. ഇതറിഞ്ഞ അമ്മൂമ്മമാര്‍ പാഞ്ഞെത്തി. അവര്‍ മൂന്നുപേരും കൂടി പള്ളിയിലേക്കുവരുന്ന വണ്ടിയെല്ലാം വഴിയില്‍ തടഞ്ഞിട്ടു. പിന്നീട് അവരുടെ അനുവാദത്തോടുകൂടി മാത്രമേ പള്ളിക്കാര്‍ക്ക് അവരുടെ സ്ഥലത്ത് പ്രവേശിക്കാനായുള്ളു.
ഞങ്ങളുടെ വീടുവെയ്ക്കുന്ന സമയത്ത് അതിനാവശ്യമായ മരമൊക്കെ തന്നത് അമ്മൂമ്മമാരാണ്.

മുറിച്ച് പാകപ്പെടുത്തിയിട്ട തടി കയറ്റിക്കൊണ്ടുപോവാന്‍ ഒരു ദിവസം അച്ഛന്‍ വണ്ടിയും പണിക്കാരുമായെത്തി. മരമൊക്കെ വണ്ടിയില്‍ കയറ്റിക്കഴിഞ്ഞപ്പോഴാണ് അമ്മൂമ്മമാരുടെ വരവ്. ഏതോ ഒരു മരം അവരുടെ അനുവാദമില്ലാതെ മുറിച്ചതിന് അവര്‍ വണ്ടി തടഞ്ഞിട്ടു. അച്ഛന്‍ ദേഷ്യപ്പെട്ട് മരമെല്ലാം ഉപേക്ഷിച്ച് മടങ്ങിപ്പോയി. വിവരമറിഞ്ഞ് രാത്രിയില്‍ അമ്മ നിലവിളിച്ചുകൊണ്ട് അവിടേക്കുവന്നു. ഈ സമയത്തെല്ലാം ഞാന്‍ അവിടെ ഉണ്ടായിരുന്നു. അമ്മയുടെ കരച്ചിലില്‍ അമ്മൂമ്മമാരുടെ മനസ്സലിഞ്ഞു. പിറ്റേന്നു രാവിലെ അവരുതന്നെ വണ്ടിപിടിച്ച് തടിയെല്ലാം വീട്ടില്‍ കൊണ്ടുകൊടുത്തു.

പ്രീഡിഗ്രിക്ക് നഗരത്തിലേക്കുപോന്നപ്പോള്‍ ഞാനും അവരുമായി അകന്നുതുടങ്ങി. പിന്നീട് ആഴ്ചയവസാനങ്ങളില്‍ ഞാനവിടേക്കു പോയില്ല. അവര്‍ എന്നെ കാത്തിരുന്നുവോ എന്നും എനിക്കറിയില്ല. പിന്നീടവര്‍ ഓരോരുത്തരായി മരിക്കുകയും ചെയ്തു. ഓരോ മരണത്തിനും ഇടവേളകള്‍ കുറവായിരുന്നു.

സ്വാഭാവികമായും വസ്തുവെല്ലാം എന്റെയും അമ്മയുടെ പേര്‍ക്കായി. എന്റെ അനുജത്തിയുടെ വിവാഹം ഒരു ഡോക്ടറുമായിട്ടായതിനാല്‍ കെങ്കേമമാക്കണമെന്ന് അച്ഛന് നിര്‍ബന്ധമുണ്ടായിരുന്നു. അതിനുള്ള എളുപ്പവഴി ആ വസ്തുവകകള്‍ വില്‍ക്കുകയായിരുന്നു. അമ്മൂമ്മമാര്‍ ഭൂതം നിധി കാക്കുംപോലെ സൂക്ഷിച്ച ആ മണ്ണിന്റെ കൈമാറ്റ പ്രമാണത്തില്‍ ഞാനും അമ്മയും കൈയ്യൊപ്പുവെച്ചതോടെ ഞങ്ങളുടെ കുടുംബ ചരിത്രത്തില്‍ നിന്നും “മറുക്” മാഞ്ഞുപോയി. കുട്ടിക്കാലത്തേക്കുറിച്ചുള്ള എന്റെ ഓര്‍മ്മകളില്‍ മാത്രം ആ വീടും പറമ്പും പച്ചപ്പും ബാക്കിയായി.

ഓര്‍മ്മയില്‍ കൊത്തിവെച്ച ഒരു ദിവസം

അന്ന് ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുകയാണ്. ഉച്ചസമയത്ത് ഞങ്ങള്‍ റോഡിലൂടെ നടക്കുമ്പോള്‍ ഒരു നാരങ്ങകിട്ടി. അത് കാലുകൊണ്ട് തട്ടികളിച്ചുകൊണ്ട് പോകുമ്പോള്‍ നാരങ്ങ ഉരുണ്ട് മുമ്പേ നടന്നുപോയ ഒരു കുട്ടിയുടെ അടുത്തുചെന്നു. അവന്‍ അത് എടുത്തുകൊണ്ടുപോയി. ഞങ്ങള്‍ എത്ര ചോദിച്ചിട്ടും മടക്കി തന്നില്ല.

“”മര്യാദക്ക് നാരങ്ങ താടാ..”” എന്നുപറഞ്ഞ് പിടുത്തവും വഴക്കുമായി. അവന്‍ എന്റെ അച്ഛനും ജാതിക്കും പറഞ്ഞ് ചീത്തവിളിച്ചു. ദേഷ്യകൊണ്ട് എന്റെ കണ്ണില്‍ ഇരുട്ടുകേറി. ഞാന്‍ ഒറ്റ അടികൊടുത്തു. അടികൊണ്ട അവന്‍ ചുരുണ്ടുകൂടി നിലത്തുവീണു. ഇതെല്ലാം കണ്ടുകൊണ്ട് ആ വഴി ഒരു സൈക്കിള്‍ യാത്രക്കാരന്‍ വന്നിരുന്നു. അയാള്‍ ചാടിയിറങ്ങി അവനെ വിളിച്ചെഴുന്നേല്‍പ്പിക്കാന്‍ നോക്കി. അനക്കമില്ല. പെട്ടെന്ന് അവിടെ നാലഞ്ചാളുകള്‍ കൂടി. എവിടെ നിന്നോ വെള്ളം കൊണ്ടുവന്ന് അവന്റെ മുഖത്ത് തളിച്ചു. അവന്‍ കണ്ണുതുറന്നു. അപ്പോഴാണ് എനിക്ക് ശ്വാസം നേരേ വീണത്.

വിവരമറിഞ്ഞ് സ്‌കൂളിലെ പ്യൂണ്‍ എത്തി. അയാള്‍ ഞങ്ങളെയെല്ലാം പിടിച്ചുകൊണ്ട് ഹെഡ്മാസ്റ്ററുടെ മുന്നില്‍ ചെന്നു. റൂള്‍ തടിയുടെ വലിപ്പമുള്ള തടിയന്‍ ചൂരല്‍കൊണ്ട് ഹെഡ്മാസ്റ്റര്‍ എന്നെ അടിച്ചു. കണ്ണില്‍കൂടി പൊന്നീച്ച പറക്കുന്ന അടി. നാലഞ്ചെണ്ണം വരെ ഞാന്‍ സഹിച്ചു. പിന്നെ വടിയില്‍ കയറിപ്പിടിച്ചു. “”എന്റെ അച്ഛനേം ജാതിയേം വിളിച്ച് ചീത്തവിളിച്ചാല്‍ ആരായാലും ഞാന്‍ തല്ലും.”” എവിടെനിന്നാണ് ധൈര്യം വന്നതെന്നൊന്നും എനിക്കിയില്ല. ഹെഡ്മാസ്റ്റര്‍ പിന്നീടെന്നെ തല്ലിയില്ല.

വിവരം എന്തായാലും വീട്ടില്‍ അറിയുമെന്ന് ഉറപ്പുള്ളതിനാല്‍ സ്‌കൂളില്‍ നിന്നും വന്ന ഉടനെ ഞാന്‍ അച്ഛനോട് ഉണ്ടായ സംഭവങ്ങള്‍ പറഞ്ഞു. അന്ന് വൈകുന്നേരം തല്ലുകൊണ്ട ആ പയ്യനും അവന്റെ അച്ഛനും കൂടി വീട്ടില്‍ വന്നു. അയാള്‍ ആ നാട്ടിലെ അറിയപ്പെടുന്ന അരിവെപ്പുകാരനായിരുന്നു. നാട്ടിലെ എല്ലാ കല്യാണങ്ങള്‍ക്കും സദ്യ ഒരുക്കുന്ന പാചകക്കാരന്‍ നായര്‍. “”നിങ്ങളുടെ മകന്‍ ഒരു കാര്യവുമില്ലാതെ എന്റെ മകനെ തല്ലി.”” അയാള്‍ അച്ഛനോട് പരാതി പറഞ്ഞു.

“”എന്നെയും എന്റെ ജാതിയേയും പറഞ്ഞാല്‍ ചിലപ്പോള്‍ എന്റെ മകന്‍ അടിക്കും. അത് ഇവിടെ വന്ന് ചോദിക്കാന്‍ നീയാരാ?”” അച്ഛന്റെ ഇങ്ങനെ പെരുമാറുമെന്ന് ഞാനും മറ്റുള്ളവരും തീരെ പ്രതീക്ഷിച്ചിരുന്നില്ല. എല്ലാവരും അന്തംവിട്ടു നില്‍ക്കേ അയാള്‍ മകനേയും കൂട്ടി പോയി.
പിന്നീടാണ് ഞാനത് അറിയുന്നത്. ഞാന്‍ തല്ലിയതുകൊണ്ടായിരുന്നില്ല അവന്‍ ബോധം കെട്ട് വീണത്. കഴിഞ്ഞ പകലും രാത്രിയും ഈ ദിവസവും അവന്‍ ഒന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല. പട്ടിണി. നാട്ടില്‍ എല്ലാവര്‍ക്കും സദ്യയൊരുക്കുന്ന പാചകക്കാരന്റെ വീട്ടില്‍ എന്നും സുഭിക്ഷമാണെന്നായിരുന്നു എന്റെ വിചാരം. അവന്റെ ദൈന്യമായ മുഖം എന്നെ പിന്തുടര്‍ന്നു. ആ രാത്രി എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. ആ ദിവസത്തിന്റെ ഓര്‍മ്മ എല്ലാക്കാലത്തും എന്നെ പിന്തുടര്‍ന്നു കൊണ്ടിരുന്നു.

വര്‍ഷങ്ങള്‍ക്കുശേഷം മാധവിക്കുട്ടിയുടെ ബാല്യകാല സ്മരണ ചെയ്യുന്നു. അതില്‍ ഒരെപ്പിസോഡില്‍ സ്വര്‍ണ്ണപ്പണിക്കാരന്‍ സ്വന്തം മകളുടെ കല്യാണത്തിന് വീടുകളില്‍ ചെന്ന് സ്വര്‍ണ്ണം ഇരക്കുന്നുണ്ട്. അതിന്റെ അവസാനം “”പെണ്ണുങ്ങളുടെ കാതിലും കഴുത്തിലും പണ്ടങ്ങള്‍ പണിയുന്ന തട്ടാന് ഒരു തരി പൊന്നില്ലെന്നോ? ദൈവമേ ഇതെങ്ങനെ സംഭവിച്ചു..?”” എന്ന് കമലയുടെ ഒരു മോണോലോഗുണ്ട്.

ഇത് കഥയിലുള്ളതല്ല. എനിക്ക് മറക്കാനാവാത്ത ആ ദിവസത്തില്‍നിന്നും ഞാന്‍ പകര്‍ത്തിയതാണ്. നാട്ടിലെ അറിയപ്പെടുന്ന അരിവെപ്പുകാരന്റെ വീട്ടില്‍ പട്ടിണിയായിരുന്നുവെന്ന അറിവ് എന്നില്‍ ദഹിക്കാതെ കിടന്നു. അവന്റെ ദൈന്യമായ മുഖം എനിക്ക് മറക്കാനായില്ല. പിന്നീട് ഞാനും അവനും അടുപ്പത്തിലായി. എന്റെ സ്‌കൂള്‍ ജീവിതത്തിലും ശേഷവും അയാള്‍ എന്റെ അടുത്ത സുഹൃത്തായിരുന്നു.

ആത്മകഥയുടെ ഒരു അധ്യായം
(ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച ആ ചുവന്ന കാലത്തിന്റെ ഓര്‍മ്മയ്ക്ക് എന്ന പുസ്തകത്തില്‍ നിന്ന്-2009)