| Tuesday, 29th October 2013, 4:47 pm

തീണ്ടപ്പെടാത്തവന്റെ സംഗീതം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇത് തീണ്ടപ്പെടാത്തവന്റെ ജീവിതം, അവരുടെ സംഗീതം. എക്കാലവും ഇവര്‍ നമുക്കിടയിലുണ്ടായിരുന്നു. ജാതി വ്യവസ്ഥയാല്‍ അടിച്ചമര്‍ത്തപ്പെട്ട് സ്വന്തം അസ്ഥിത്വവും വ്യക്തിത്വവും നിര്‍ബന്ധപൂര്‍വം മാറ്റിവെച്ച് തീണ്ടാപാടകലെയായി ജീവിക്കേണ്ടി വന്നവര്‍.


തിയേറ്റര്‍ / നസീബ ഹംസ


വിശപ്പിന്റെ തീനാളങ്ങള്‍ വയറ്റില്‍ കത്തിയമരുന്നു
വിശന്നുവലഞ്ഞ അവളുടെ മകന്‍
തെരുവിലൂടെ അലഞ്ഞു തിരിയുന്നു
അപ്പോഴും അവന്റെ അമ്മ പറയുന്നത് പഠിക്കാനാണ്
പഠിച്ച് മഹാനായ ബാബാസാഹിബ് അംബ്ദേകറെ പോലെ ആവാന്‍..
അന്നബാഹു സാതെയെ പോലെയാവന്‍…”

ഇത് വിശപ്പിനെ കുറിച്ചുള്ള ഒരു കവിയുടെ ഭാവനാ കല്‍പ്പനകളല്ല. വിശപ്പെന്തന്നറിഞ്ഞവന്റെ ഉള്ളില്‍ നിന്നുള്ള ആഹ്വാനമാണ്.. കയ്‌പേറിയ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ അവരില്‍ കവിതകളായി ഒഴുകുന്നു.

ഈ ഗാനങ്ങള്‍ക്ക് സാഹിത്യത്തിന് വേണ്ടുന്ന നിയതമായ നിയമങ്ങളും മറ്റും ഉണ്ടാകണമെന്നില്ല. എന്നാല്‍  അനുഭവങ്ങളുടെ വറുതിയിലും വല്ലായ്മയിലും നിന്ന് അവര്‍ പാടുമ്പോള്‍ ലോകം നിശബ്ദം അതു കേള്‍ക്കും.

ഇത് തീണ്ടപ്പെടാത്തവന്റെ ജീവിതം, അവരുടെ സംഗീതം. എക്കാലവും ഇവര്‍ നമുക്കിടയിലുണ്ടായിരുന്നു. ജാതി വ്യവസ്ഥയാല്‍ അടിച്ചമര്‍ത്തപ്പെട്ട് സ്വന്തം അസ്ഥിത്വവും വ്യക്തിത്വവും നിര്‍ബന്ധപൂര്‍വം മാറ്റിവെച്ച് തീണ്ടാപാടകലെയായി ജീവിക്കേണ്ടി വന്നവര്‍.

അവര്‍ക്കൊപ്പം പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും സംഗീതം എല്ലാ കാലത്തുമുണ്ടായിരുന്നു.

കബീര്‍ കലാ മഞ്ച് (കെ.കെ.എം)

ഇനി മഹാരാഷ്ട്രയിലെ ഒരു സാംസ്‌കാരിക കൂട്ടായ്മയെ കുറിച്ച് പറയാം, 2002 ലെ ഗുജറാത്ത് കൂട്ടക്കൊലയ്ക്ക് ശേഷം പൂനെയില്‍  ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് ഒരു സാംസ്‌കാരിക കൂട്ടായ്മ രൂപീകരിച്ചു.

നൂറ്റാണ്ടുകളായി പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരുടെ വേദനയും രൗദ്രവും ആര്‍ദ്രതയും അവര്‍ ഈ കൂട്ടായ്മയിലൂടെ പാടിപ്പറഞ്ഞു. കബീര്‍ കലാ മഞ്ച് (കെ.കെ.എം) എന്ന് പേരിട്ട ആ സംഘം ദേശവും ഭാഷയും താണ്ടി തങ്ങളുടെ കവിതകള്‍ ഈണത്തില്‍ ചൊല്ലി.

അവരുടെ കവിതകളില്‍ ഭാവനകളേക്കാള്‍ ജീവിത യാഥാര്‍ത്ഥ്യങ്ങളായിരുന്നു പ്രതിഫലിച്ചു നിന്നത്. പച്ചയായ ജീവിതങ്ങള്‍ മനോഹരമായ സംഗീതത്തില്‍ അവര്‍ പാടി.

കല ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാവണമെന്നത് ഇത്തരം കൂട്ടായ്മകളിലൂടെയാണ് അന്വര്‍ത്ഥമാകുന്നത്. സംഗീതമില്ലാത്ത ജീവിതം അവര്‍ക്ക് സങ്കല്‍പ്പിക്കാന്‍പോലുമാവില്ലായിരുന്നു.

ദീപക് ഡാങ്കളേ, സിദ്ദാര്‍ത്ഥ് ബോഷ്‌ലെ, ശീതള്‍ സാതെ, സച്ചിന്‍ മാലി എന്നിവരാണ് സംഘത്തിലെ പ്രധാന അംഗങ്ങള്‍. ദളിതുകള്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് സംഘം പ്രധാനമായും ഉയര്‍ത്തുന്നതെങ്കിലും നിരവധി സാമൂഹിക വിഷയങ്ങളില്‍ കബീര്‍ കലാമഞ്ച് ഇടപെട്ടിട്ടുണ്ട്. രാജ്യത്തെ ആണവ നിലയങ്ങള്‍ക്കെതിരെ കെ.കെ.എം പാടിയ ജെയ്താപൂര്‍ എന്ന് തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.

അടുത്തപേജില്‍ തുടരുന്നു

. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ ചടങ്ങിലാണ് കബീര്‍ കലാ മഞ്ച് പൊതുവേദിയില്‍ പരിപാടി അവതരിപ്പിക്കുന്നത്.സാമൂഹ്യ പ്രവര്‍ത്തകന്‍ നരേന്ദ്ര ദബോല്‍ക്കറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച പരിപാടിയായിരുന്നു അത്

കര്‍ഷക ആത്മഹത്യകളും ദളിത് കൊലപാതകങ്ങളും ദളിത്‌സ്ത്രീ പീഡനങ്ങളും സാമൂഹിക അസമത്വങ്ങളും അഴിമതിയും അവരുടെ പാട്ടുകളില്‍ നിറഞ്ഞു നിന്നു.

നാടന്‍ പാട്ടുകളുടെ ഈണത്തില്‍ അവര്‍ പാടിയത് രോദനങ്ങളോ പരാതികളോ ആയിരുന്നില്ല. സ്വയം തിരിച്ചറിഞ്ഞ ഒരു ജനതയുടെ ഉറച്ച ശബ്ദമായിരുന്നു അത്.

അടിച്ചമര്‍ത്തപ്പെട്ടവന്റെ കഥകള്‍ അവര്‍ സംഗീതത്തിലൂടെ പാടിയാടിയപ്പോള്‍ അത് അടിച്ചമര്‍ത്തിയവര്‍ക്ക് സ്വന്തം കാലിനടിയിലെ മണ്ണൊലിച്ച് പോകുന്നതിന് സമാനമായി.

അതിനാല്‍ തീണ്ടപ്പെടാതവന്റെ ശബ്ദം പുറംലോകം കേള്‍ക്കേണ്ടെന്ന് അധികാരി വര്‍ഗം തീരുമാനിച്ചു. നേരനുഭവങ്ങള്‍ പാടി സ്വന്തം വര്‍ഗത്തെ ഉയര്‍ത്തെഴുനേല്‍പ്പിക്കാന്‍ ശ്രമിച്ച ഈ സംഘത്തെ പല രീതിയില്‍ അധികാരികള്‍ വേട്ടയാടാന്‍ തുടങ്ങുകയായിരുന്നു.

എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്താനും അവഗണിക്കാനും സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന നിലപാടാണ് മാവോയിസ്റ്റരോപണം.

ഭൂമിക്കും ജലത്തിനും വനത്തിനും വേണ്ടി ആദിവാസികളും ദലിതുകളും മറ്റു പിന്നാക്ക വിഭാഗങ്ങളും നടത്തുന്ന സമരങ്ങളെയും ന്യൂനപക്ഷങ്ങളെയും നേരിടാന്‍ വേണ്ടി മാത്രം സര്‍ക്കാര്‍ സൃഷ്ടിച്ച ആയുധമാണ് നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (യു.എ.പി.എ.).

കെ.കെ.എമ്മിനും നേരിടേണ്ടി വന്നത് മറ്റൊന്നല്ല. മാവോവാദി ആരോപണവും യു.എ.പി.എയുമായി സര്‍ക്കാര്‍ അവരുടെ സംഗീതത്തെ നിശബ്ദമാക്കാന്‍ ശ്രമിക്കുകയായിരുന്നു.

മാവോവാദി ആശയങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നുവെന്നായിരുന്നു സര്‍ക്കാര്‍ കബീര്‍ കലാ മഞ്ചിനുമേല്‍ ചുമത്തിയ ആരോപണം. മാവോവാദി അനുഭാവം പുലര്‍ത്തുന്നത് ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിരിക്കേയാണ് സര്‍ക്കാര്‍ ഒരു കൂട്ടം കലാകാരന്മാരെ മാവോവാദി ബന്ധം ആരോപിച്ച് വേട്ടയാടുന്നത്.

ഗായക സംഘത്തിലെ മിക്കവരേയും യു.എ.പി.എ  ചുമത്തി ജയിലിലടച്ചു. സമൂഹത്തില്‍ ഒറ്റപ്പെട്ടുപോയപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ പലരും ഒളിവില്‍ പോയി.

സംഘത്തിലെ പ്രമുഖ ഗായികയും സംഘാംഗമായ സച്ചിന്‍ സാതെയുടെ ജീവിത പങ്കാളിയുമായ ശീതള്‍ സാതെയെ പോലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ അവര്‍ ഗര്‍ഭിണിയായിരുന്നു.

സ്ത്രീകള്‍ നേരിടുന്ന അനീതിയെ കുറിച്ച് ശീതള്‍ സാതെ പറയുന്നുണ്ട്, “എല്ലാവരും സ്ത്രീ വിമോചനത്തെ കുറിച്ച് വലിയ വായില്‍ പറയും, പക്ഷേ, സ്വന്തം ഭാര്യയെ മാറ്റി നിര്‍ത്തിയാവും ഈ പറച്ചിലൊക്കെ!!”

ശീതള്‍ പാടുന്നു,

” ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ ഗ്രാമത്തില്‍ വരള്‍ച്ചയുണ്ടായി
വരള്‍ച്ചയില്‍ എന്റെ അമ്മയുടെ മുലപ്പാല്‍ വരെ വറ്റിപ്പോയിരുന്നു….”

പൂനെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സ്വര്‍ണ മെഡലോടെ ബിരുദാനന്തര ബിരുദം നേടിയ ശീതള്‍ കെ.കെ.എമ്മിലേക്ക് എത്തിയത് സ്വന്തം സമുദായം നേരിടുന്ന അനീതികള്‍ക്കെതിരെ പോരാടാനുറച്ച് തന്നെയാണ്.

സര്‍ക്കാറിന്റെ വേട്ടയാടലിനെതിരെ ശീതളും സച്ചിനും 2012 ഏപ്രില്‍ രണ്ടിന് മഹാരാഷ്ട്ര നിയമസഭയ്ക്ക് മുന്നില്‍ സത്യാഗ്രഹം അനുഷ്ടിച്ചിരുന്നു. തുടര്‍ന്ന് പോലീസ് ഇരുവരേയും അറസ്റ്റ് ചെയ്തു.
അടുത്തപേജില്‍ തുടരുന്നു

അതിജീവനത്തിന്റെ ഒരു ചെറു കവിത പോലും സഹിക്കാന്‍ കഴിയാത്തവിധം ഫാസിസവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ “ഇന്ത്യ”.

മുംബൈ ഭീകര വിരുദ്ധ സേന (എ.ടി.എസ്) കബീര്‍ കലാ മഞ്ചിന് നേരെ മാവോവാദി ബന്ധം ആരോപിച്ചപ്പോള്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ പാതയില്‍ പ്രതിരോധിക്കാനായിരുന്നു അവര്‍ തീരുമാനിച്ചത്.

എന്നാല്‍ കണ്ണ് മൂടിക്കെട്ടിയ നീതി ദേവത തീണ്ടപ്പെടാതവന്റെ സത്യം കണ്ടില്ല. ഗര്‍ഭിണിയായ ശീതളിന്റെ ജാമ്യാപേക്ഷ നിരവധി തവണയാണ് കോടതി തള്ളിയത്. ഒടുവില്‍ ഗര്‍ഭിണിയെന്ന പരിഗണന  നല്‍കി കോടതി ശീതളിന് ജാമ്യം നല്‍കി. ഇന്ന് അവര്‍ ഒരു കുഞ്ഞിന്റെ അമ്മ കൂടിയാണ്.

സംഘത്തിലെ പലരും ഇന്നും  വിചാരണ കാത്ത് ജയിലറകളില്‍ കഴിയുന്നു. അനീതിക്കും അസമത്വത്തിനുമെതിരെ സംഗീതം കൊണ്ട് പോരാടിയതിനാണ് ഇവര്‍ പീഡിപ്പിക്കപ്പെട്ടത് എന്നോര്‍ക്കുമ്പോഴാണ് സംഗീതത്തെ പോലും ഭരണകൂടം എന്തുമാത്രം ഭയപ്പെടുന്നു എന്ന് മനസ്സിലാവുക.

സമൂഹത്തില്‍ തങ്ങള്‍ നേരിടുന്ന അസമത്വത്തിനെതിരേയും അനീതിക്കെതിരെയും സ്വയം എഴുതി ചിട്ടപ്പെടുത്തിയ വരികളിലൂടെ ശീതള്‍ പാടുന്നു,

“തൊട്ടുകൂടായ്മയുടെ നിന്ദ  പാത്രത്തില്‍ വിളമ്പിയിരിക്കുന്നു,
തൊട്ടുകൂടായ്മയുടെ മനംപുരട്ടല്‍ വയറ്റില്‍ നിന്ന് ഉയര്‍ന്നുവരുന്നു
ഇപ്പോഴുമിവിടെ പൂമൊട്ടുകളും മാധുര്യമൂരുന്ന ഗാനങ്ങളുമുണ്ടോ?
ആ മനുഷ്യന്‍ സ്വന്തം സഹോദരന്റെ ചോര കുടിക്കുകയാണ്
എവിടെയാണ് ഇതൊക്കെ നടക്കുക
ഈ വൃത്തികെട്ട നാട് ഏതാണ് സുഹൃത്തേ,
നിനക്കൊരു കഥ പറഞ്ഞു താരം,
ഞങ്ങളുടെ നാട്ടിലെ പീഡിപ്പിക്കപ്പെടുന്ന മനുഷ്യരുടെ കഥ
ഈ മനുഷ്യരും മറ്റുള്ളവരെ പോലെ തന്നെയാണ്
അവരും സൃഷ്ടിക്കപ്പെട്ടത് അതേ മജ്ജയും മാംസവും കൊണ്ടാണ്
പിന്നെ എവിടെയാണ് വ്യത്യാസം വന്നത്?
എങ്ങനെയാണ് അവരും മറ്റുള്ളവരും തമ്മില്‍ വ്യത്യാസമുണ്ടായത്?
ജാതിയിലാണ് ഇവര്‍ വിഭജിക്കപ്പെട്ടവരായത്
ജാതിയുടെ പേരിലാണ് ഒരേപോലുള്ള ഈ മനുഷ്യര്‍ വിഭജിക്കപ്പെട്ടത്”

കഴിഞ്ഞ രണ്ട് വര്‍ഷമായി കബീര്‍ കലാ മഞ്ച് പൊതു വേദികളില്‍ എത്താറുണ്ടായിരുന്നില്ല. സംഘത്തിലെ പലരേയും പോലീസ് വേട്ടയാടിയതും ഒറ്റപ്പെടലും അവരെ പൊതു വേദികളില്‍ നിന്ന് അകറ്റി.

[]പ്രശ്‌സത സംവിധായകന്‍ ആനന്ദ് പട്‌വര്‍ധന്‍ സംവിധാനം ചെയ്ത “”ജെയ് ഭീം കോമ്രേഡില്‍”” കബീര്‍ കലാ മഞ്ചിനെ സ്പര്‍ശിച്ച് പോകുന്നുണ്ട്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ ചടങ്ങിലാണ് കബീര്‍ കലാ മഞ്ച് പൊതുവേദിയില്‍ പരിപാടി അവതരിപ്പിക്കുന്നത്.

സാമൂഹ്യ പ്രവര്‍ത്തകന്‍ നരേന്ദ്ര ദബോല്‍ക്കറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച പരിപാടിയായിരുന്നു അത്. ആനന്ദ് പട്‌വര്‍ധന്റെ ജയ് ഭീം കോംമ്രേഡിന്റെ പ്രദര്‍ശനവും നടന്നിരുന്നു.

കബീര്‍ കലാ മഞ്ചിനെ പരിപാടിക്ക് ക്ഷണിച്ചതിന്റെ പേരില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ മലയാളികളടക്കമുള്ള വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചത് പലരും മറന്നു കാണില്ല. മാവോവാദികളെ പരിപാടിക്ക് ക്ഷണിച്ചെന്നാരോപിച്ചായിരുന്നു എ.ബി.വി.പി പ്രവര്‍ത്തകരുടെ ആക്രമണം.

ഇത് കബീര്‍ കലാ മഞ്ചിന്റെ മാത്രം ഒറ്റപ്പെട്ട സംഭവമല്ല. വാക്കുകളെ ഭയപ്പെടുകയും ഇല്ലാതാക്കുകയും ചെയ്യുന്നവര്‍ക്കിടയില്‍ ചെറുത്തു നില്‍പ്പുമായി ഇവരെ പോലെ പലരും ഇന്നുണ്ട്.

അതിജീവനത്തിന്റെ ഒരു ചെറു കവിത പോലും സഹിക്കാന്‍ കഴിയാത്തവിധം ഫാസിസവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ “ഇന്ത്യ”.

അടിച്ചമര്‍ത്തലുകളെ നേരിടല്‍ ചരിത്രപരമായ കടമയാണെന്ന് കരുതുന്നവര്‍ ഇവിടെയുണ്ടെന്ന് കാണിച്ചുകൊണ്ട് കബീര്‍ കലാ മഞ്ച് പോലുള്ള കൂട്ടായ്മകളും വ്യക്തികളും വളര്‍ന്നുകൊണ്ടേയിരിക്കട്ടെ.

We use cookies to give you the best possible experience. Learn more